നീലിമലക്കാവ്... (നോവൽ)
നീതുവിൻ്റെ വിളി കേട്ടപ്പോൾ അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. അവളെ ഒന്നൊറ്റയ്ക്ക് കൂട്ടുകാരൊന്നുമില്ലാതെ കിട്ടാൻ അവൻ കുറച്ചുകാലമായി കാത്തിരിക്കുന്നു.. അവളോടുള്ള ഇഷ്ടം ഇനിയെങ്കിലും പറഞ്ഞില്ലെങ്കിൽ ഇനിയൊരിക്കലും കഴിയില്ലല്ലോ.. ആകെയിനി ഒരു സെമസ്റ്റർ കൂടിയേയുള്ളൂ... അതുകൂടെ കഴിഞ്ഞാൽ പിന്നെ രണ്ടാളും രണ്ടുവഴിക്കാവും..
കഴിഞ്ഞ രണ്ടുവർഷമായി ഒരേ ക്ലാസിലാണ് നീതുവും അഭിലാഷും... എറണാകുളത്തെ തിരക്കുപിടിച്ച ജീവിതത്തിൽനിന്ന് ഒരു മോക്ഷം കിട്ടാനാണ് അഭി പാലക്കാട് ചെമ്പൈ മെമ്മോറിയൽ സംഗീതകോളേജിൽ തന്നെ കഷ്ടപ്പെട്ട് അഡ്മിഷൻ വാങ്ങിയത്.. B.A വയലിൻ ഡിപ്പാർട്ട്മെൻ്റിൽ ആകെയുള്ള ചുരുക്കം ചില പെൺകുട്ടികളിൽ ഒരാളായിരുന്നു നീതു.. പാലക്കാട് തന്നെയാണ് വീടെങ്കിലും ഹോസ്റ്റൽ ലൈഫ് എങ്ങനെയാണെന്ന് നോക്കാൻവേണ്ടി കുറ്റിയുംപറിച്ച് വന്നതായിരുന്നു അവൾ... ആദ്യമൊന്നും വലിയ കൂട്ടില്ലായിരുന്നെങ്കിലും ഒന്നാം സെമസ്റ്റർ എക്സാം കഴിഞ്ഞതോടെയാണ് അവർ കൂടുതൽ കൂട്ടായിത്തുടങ്ങിയത്.. പൊതുവേ വായാടിയായ അവൾക്ക് ഏതുനേരവും തൻ്റെ പ്രകൃതിരമണീയമായ നാടിനേയും അവിടുത്തെ അമ്പലക്കുളങ്ങളെയും നാട്ടുമൺപാതകളുടെ ചാരത്തെ തണൽ വീശുന്ന അപ്പൂപ്പൻആലിനേയും നാഗക്കാവിനേയും പൂമലക്കാടിനേയും പറ്റിയയൊക്കെയേ എപ്പോഴും പറയാനുള്ളൂ... യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ ഏറെ കൊതിച്ചിരുന്ന അഭിയ്ക്ക് ആ കഥകളെല്ലാം എന്നും കൗതുകമുണർത്തുന്നവയായിരുന്നു...
"" ഡാ പൊട്ടാ നിനക്ക് ചെവികേട്ടൂടേ??? നീയെൻ്റെ കൂടെ വരുന്നുണ്ടോ ന്നാ ചോദിച്ചേ"" നീതു അവൻ്റെ മുതുകത്ത് കുത്തിക്കൊണ്ട് ചോദിച്ചു...
"" ആഹ്!!! കുരിപ്പേ വേദനിക്കുന്നു!!! നിന്നോട് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് നിൻ്റെ ഈ ചുള്ളിക്കമ്പ് കയ്യുംകൊണ്ട് പുറത്ത് തല്ലരുതെന്ന്.. എല്ല് കുത്തിക്കേറി ചോരവരും പെണ്ണേ... ഞാൻ വരുന്നുണ്ട്... എനിക്കൊന്ന് കാണണം നീ വളവളാന്ന് പറയുന്ന നിൻ്റെ നാട്.."" ഇതും പറഞ്ഞ് അവൻ അവളുടെ കൈ പിടിച്ച് തിരിച്ചു..
"" ആആആ!! ഡാ പൊട്ടാ വേദനിക്കുന്നു!! എൻ്റെ കൈ... വിടെടാ...."" അവൾ കരഞ്ഞു... പാവം തോന്നി അവൻ കൈ വിട്ടു..
"ആ അങ്ങനെ വഴിക്ക് വാ ... നീയെപ്പൊഴാ ഇറങ്ങുന്നേ? 3 ദിവസത്തെ ലീവല്ലേ ഉള്ളൂ... ഞാനൊന്ന് പായ്ക്ക് ചെയ്ത് വേഗം വരാം.."" അവൻ വേഗം ഹോസ്റ്റലിലേക്ക് ഓടി.
"" അഞ്ചരയ്ക്കാണ് ബസ്സ്.. വേഗം വന്നാ ഒന്നിച്ച് പോവാം ഇല്ലേൽ ഞാനെൻ്റെ പാട്ടിനുപോവും" നീതു കറുവിച്ചു..
""ഞാനില്ലാതെ നീ എവിടേം പോവില്ല വണ്ടീടെ കാറ്റ് ഞാൻ അഴിച്ച് വിടും.. നിക്ക് പെണ്ണേ ഞാൻ ദാ വന്നു.."" അവൻ നേരെ ഹോസ്റ്റലിലെത്തി അത്യാവശ്യം വേണ്ട ഡ്രസ്സൈല്ലാം എടുത്ത് ബാഗിലാക്കി.. അവൻ്റെ സന്തതസഹചാരിയായ ക്യാമറയും എടുത്ത് അവൻ വേഗം ബസ്റ്റോപ്പിലേക്ക് ഓടി...
രാവിലെത്തൊട്ട് കാണുന്നതാണെങ്കിലും അപ്പോൾ ആ ബസ്റ്റോപ്പിലിരുന്ന് ഒരരപ്പിരി ലൂസിൻ്റെ മട്ടിൽ ചുമ്മാ കാലാട്ടിക്കൊണ്ടിരിക്കുന്ന അവളെ കണ്ടപ്പോൾ പതിവിൽ കവിഞ്ഞ ഒരു ഭംഗിയും ക്യൂട്ട്നെസ്സും ഒക്കെ അവനുതോന്നി.. അവളോടവന് ഇഷ്ടം തോന്നാൻ എന്താണ് കാരണമെന്ന് പലരും ചോദിച്ചിട്ടും അവനതിനൊരു മറുപടി ഉണ്ടായിരുന്നില്ല... ചിലപ്പോൾ ഈ ഒരു കുട്ടിത്തം തന്നെയാവാം എന്നവന് ആ നിമിഷം തോന്നിപ്പോയി... പതിയെ നടന്ന് അവളുടെ അടുത്തെത്താറായപ്പോൾ അവൾ ആകെ അസ്വസ്ഥയാണെന്നവനുതോന്നി... ഇടയ്ക്കിടക്ക് വാച്ച് നോക്കി അപ്പുറത്ത് നിൽക്കുന്ന ബസ്സും നോക്കുന്നുണ്ടായിരുന്നു അവൾ... അഭിയെ കണ്ടതും വേഗം എഴുന്നേറ്റ് അവൾ ബാഗെല്ലാം എടുന്ന് റെഡിയായി നിന്നു..
"" വേഗം വാടാ ബസ്സെടുക്കാറായി വേഗം കേറ്..."" അവൾ ദൃതിവച്ചു..
""ഹ! നീയെന്തിനാടീ ഇങ്ങനെ ദൃതിവയ്ക്കുന്നേ!!! ബസ്സല്ലേ.. ഒന്ന് പോയാ വേറൊന്നു വരും... ലാസ്റ്റ് ബസ്സൊന്നുമല്ലല്ലോ ഇത്.. അടങ്ങ് നീ.."" അവൻ പറഞ്ഞു...
""ആ അത് നിനക്ക് ഞങ്ങളുടെ നാടിനെപ്പറ്റി അറിയാത്തതുകൊണ്ടാ... അവിടെ കാവിൽ ഉത്സവം തുടങ്ങുകയാണ് ഇന്ന് രാത്രി തൊട്ട്... 7 മണി കഴിഞ്ഞാൽ പിന്നെ നാട്ടുകാരല്ലാത്ത ആർക്കും ഈ മൂന്നുദിവസത്തേക്ക് അങ്ങോട്ട് പ്രവേശനമില്ല... എല്ലാവരും കാപ്പ് കെട്ടിയിട്ടുണ്ടാവും, ആർക്കും പുറത്തേക്കും പോകാൻ അനുവാദമില്ല... നിന്നെ അകത്ത് കയറ്റണമെങ്കിൽ ഈ ബസ്സ് പിടിച്ചേപറ്റൂ.. നീ നോക്കി നിൽക്കാതെ വേഗം കയറാൻ നോക്ക്..."" അവൾ അവനെ ഉന്തിത്തള്ളി അകത്തുകയറ്റി..
""അയ്യേ!! ഇതെന്താ പത്തൊൻപതാം നൂറ്റാണ്ടാണോ ഇപ്പോഴും ഈ വക ആചാരങ്ങളും വച്ച് നടക്കാൻ!! 7 മണി കഴിഞ്ഞ് ഞാൻ അങ്ങോട്ട് വന്നാൽ എന്താ ആകാശം ഇടിഞ്ഞുവീഴുമോ!!! നിൻ്റെ ഈ അരവട്ട് നിനക്ക് മാത്രേ ഉള്ളൂ എന്നാ വിചാരിച്ചിരുന്നേ... ഇപ്പഴാ മനസ്സിലായേ ഇത് നാടിൻ്റെ കുഴപ്പമാണെന്ന്!! ഓരോരോ മന്തബുദ്ധികൾ പണ്ടോരോന്ന് പറഞ്ഞുവച്ചത് ഇപ്പോഴും അതേപോലെ കാത്തുസൂക്ഷിക്കുന്ന കുറേപേർ... നല്ല ബെസ്റ്റ് നാട്!!"" ഇതും പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചു.. ഇത് കേട്ട് നീതുവിന് അത്രയ്ക്ക് പിടിച്ചില്ല.. അവൾ അവനിട്ട് ഒരു കുത്തുവച്ചുകൊടുത്തു..
""ദേ!! ചുമ്മാ കാര്യങ്ങളറിയാതെ ഓരോന്ന് പറയല്ലേ... ഈ ആചാരങ്ങളൊക്കെ ഉള്ളതുകൊണ്ടാ ഞങ്ങടെ നാട് ഇപ്പോഴും നല്ലനിലയ്ക്ക് നിലകൊണ്ട് പോകുന്നത്.. നിനക്ക് അവിടുത്തെ അവസ്ഥകൾ അറിയാത്തതുകൊണ്ടാ.. അവിടെ ചെന്നിട്ട് പറഞ്ഞുതരാം ഞാൻ. ഇപ്പൊ മോൻ മിണ്ടാതെ അവിടെ അടങ്ങിയിരിക്ക്.."" അവൾ പറഞ്ഞു...
അവൻ അവളെ വീണ്ടും കളിയാക്കിച്ചിരിച്ചു.. അത് കണ്ട് ദേഷ്യം വന്ന് അവൾ അവൻ്റെയടുത്തുനിന്ന് എഴുന്നേറ്റ് വേറെ സീറ്റിൽ പോയിരുന്നു...
അവനാകെ അയ്യത്തടാ എന്നായിപ്പോയി.. നാട്ടിലെത്തുന്നതിനിടയിൽ പതിയെ അവൻ്റെ ഇഷ്ടം തുറന്നുപറയാം എന്ന് വിചാരിച്ചിരുന്നതായിരുന്നു അവൻ... പക്ഷേ അവളെ വെറുതെ ദേഷ്യം പിടിപ്പിച്ചില്ലേ!! ദേഷ്യം വന്നാൽ പിന്നെ അവളെ മയപ്പെടുത്താൻ കുറച്ച് പാടാണ് എന്നുള്ളത് അവന് നന്നായി അറിയാം.. കൂളായാൽ അവൾ താനെ ചക്കയിൽ ഈച്ച ഒട്ടുന്നപോലെ തിരിച്ചുവരും, അതുവരെ നമ്മളെന്തുചെയ്തിട്ടും കാര്യമില്ല... ഇനിയിപ്പൊ നാട്ടിൽ ചെന്നിട്ട് നോക്കാം എന്നും വിചാരിച്ച് അവൻ പുറം കാഴ്ച്ചകളിൽ മുഴുകി... സാധാരണ യാത്രചെയ്യുമ്പോൾ ഉറക്കം പതിവില്ലാത്ത അവൻ ഇന്നെന്തോ പതിയെ മയക്കത്തിലേക്ക് വഴുതിവീണു...
"" ഡാ പൊട്ടാ നീക്കെടാ സ്ഥലമെത്തി..."" നീതു അവനെ തട്ടിവിളിച്ചു... അവൻ പെട്ടെന്ന് ഞെട്ടി എഴുനേറ്റ് ചുറ്റും നോക്കി... നീതുവിൽ എന്തോ മാറ്റങ്ങൾ അവൻ ശ്രദ്ധിച്ചു... മുടി പറത്തിയിട്ട് ഭദ്രകാളിയെപ്പോലെ നടക്കാറുള്ള അവൾ മുടി വളരെ ഭംഗിയായി കെട്ടിവച്ചിരിക്കുന്നു... കയ്യിലൊരു വളയോ കഴുത്തിലൊരു മാലയോ അണിയാറില്ലാത്ത അവളുടെ രണ്ടു കൈയ്യിലും സ്വർണ്ണത്തിൻ്റെ വളകളും കഴുത്തിൽ നല്ല കനത്തിൽ ഒരു മാലയും അതിൻ്റെ ലോക്കറ്റായി വലിയൊരു ദേവിയുടെ ചിത്രവും.. ഷാൾ ഇടാൻ പറഞ്ഞാൽ കേൾക്കാത്ത അവളിതാ ഷാൾ ഇട്ട് അത് വൃത്തിയായി പിൻ ചെയ്ത് വച്ചിരിക്കുന്നു!! ഇതെല്ലാം കണ്ടിട്ട് സ്വപ്നമാണോ എന്ന് തോന്നിപ്പോയി അവന്... രണ്ടുവട്ടം കണ്ണുരണ്ടും തിരുമ്മി നോക്കിയിട്ടും കാഴ്ച്ച അതുതന്നെ... അവൾ ഇതുകണ്ട് ചിരിച്ചു.. മിണ്ടാതെ ഇറങ്ങാൻ അവൾ ആംഗ്യം കാണിച്ചു... ബാഗെല്ലാം എടുത്ത് ബസ്സിൽ നിന്ന് ഇറങ്ങി അവൻ ചുറ്റിലും നോക്കി... അവൾ പറയാറുള്ളതുപോലെതന്നെ നല്ല പച്ചപ്പുനിറഞ്ഞ തണൽ മരങ്ങളുള്ള സ്ഥലം... ബെല്ലടിച്ച് ബസ്സ് നീങ്ങിയപ്പോൾ നേരെ എതിർവശത്ത് ഒരുകൂട്ടം അളുകൾ പന്തമെല്ലാം കത്തിച്ച് കുറേ താലങ്ങളും വിളക്കുകളും പൂക്കളുമെല്ലാമായി നിരന്നുനിൽക്കുന്നു!!! പെട്ടെന്ന് ബസ്സ് നീങ്ങി അവരെകണ്ടപ്പോൾ തല്ലാൻ വേണ്ടി വന്ന ഗുണ്ടകളാണെന്ന് കരുതി അഭി ഒന്ന് ഞെട്ടി.. ബാഗെല്ലാം എടുത്ത് നീതു നേരെ അവരുടെ അടുത്തേക്ക് നടന്നു... കൂട്ടത്തിൽ പ്രമുഖനെന്ന് തോന്നിപ്പിക്കുന്ന ഒരു വെള്ളവസ്ത്രദാരി താലമെടുത്ത് അവളെ മൂന്നുവട്ടം ഉഴിഞ്ഞ് നെറ്റിയിൽ കുങ്കുമം തൊടുവിച്ച് അകത്തേക്ക് വിളിച്ചു...
""അച്ഛാ ഒരാൾ കൂടിയുണ്ട്.. ഇത് അഭി, അഭിലാഷ്... ഞാൻ പറയാറില്ലേ... ഇവൻ നമ്മുടെ നാടൊക്കെ കാണണമെന്ന് കുറേയായി പറയുന്നു... ലീവായതുകൊണ്ട് കൂടെ വന്നതാ..."" നീതു ഇതും പറഞ്ഞ് അഭിയെ അടുത്തേക്ക് വിളിച്ചു... അഭി അടുത്തുവന്ന് നിന്നപ്പോൾ അദ്ദേഹം ചെറുതായൊന്ന് മന്ദഹസിച്ചിട്ട് അവനെയും താലം കൊണ്ട് ഉഴിഞ്ഞ് കുങ്കുമം തൊടുവിച്ചു...
""ഞാൻ ശ്രീധരൻ... നീതുവിൻ്റെ അച്ഛനാണ്... എടാ ദാസാ കുട്ടികളുടെ ബാഗെല്ലാം വീട്ടിലേക്കെടുത്തേക്ക്... വരൂ.. സമയമായി, നാഗക്കാവിൽ ചെന്ന് തൊഴുത് വീട്ടിലേക്ക് പോകാം.. എന്നിട്ട് വിശദമായി സംസാരിക്കാം... "" നീതുവിൻ്റെ അച്ഛൻ പറഞ്ഞു..
നീതു അഭിയെ ഒന്ന് ഇടംകണ്ണിട്ട് നോക്കി.. അവൻ ആകെ അന്തംവിട്ട് നിൽക്കുകയാണ്... ഇതൊക്കെ വെറും പ്രഹസനങ്ങളാണെന്നമട്ടിൽ അവൻ അവളെ നോക്കി കൊഞ്ഞനംകുത്തി... റോഡിൽ നിന്നും അവരുടെ നാട്ടിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് വലിയൊരു കരിങ്കൽ കവാടമുണ്ട്.. വളരെ പഴക്കമുള്ളതാണെന്ന് അവന് കണ്ടപ്പോൾ തന്നെ തോന്നി.. ഒറ്റക്കല്ലിൽ തീർത്ത ഒരുപാട് കൊത്തുപണികളുള്ള പൊടി പിടിച്ചിരിക്കുന്ന ഒരു ഭീമാകാരമായ കവാടം... എല്ലാവരും തിരിഞ്ഞ് അകത്തേക്ക് കടക്കുന്ന കൂട്ടത്തിൽ അഭിയും നടന്നു... അഭിയുടെ വലതുകാൽ കവാടം കടന്നുവച്ചതും പൊടുന്നനെ വലിയ ശബ്ദത്തിൽ ആകാശത്ത് മിന്നലടിച്ച് ഇടിവെട്ടി... അതുവരെ ശാന്തമായിരുന്ന പ്രകൃതിയുടെ ഭാവം തന്നെ മാറി... ശക്തമായി കാറ്റുവീശി മരങ്ങളെല്ലാം ആടിയുലയാൻ തുടങ്ങി.... വഴിവക്കിലെ പൊടിയെല്ലാം പറന്നുപൊങ്ങി... ആകെമൊത്തം ഒരു ഭീകരാന്തരീക്ഷം!!! എല്ലാവരും നേരെ തിരിഞ്ഞ് അഭിയെനോക്കി.. എല്ലാകണ്ണുകളും അഭിയുടെ നേർക്കായിരുന്നു... ചിലരുടെയെല്ലാം നോട്ടം കണ്ടാൽതന്നെ പേടിച്ചുപോകും... ചിലരെല്ലാം പേടിയോടെയാണ് നോക്കുന്നതും... ഇതെല്ലാം കണ്ടപ്പോൾ അഭിയും ആകെ ഭയന്നുപോയി വച്ചകാൽ പുറകോട്ടെടുത്തു... നീതുവിൻ്റെ അച്ഛൻ തൻ്റെ വാച്ച് നോക്കി.. സമയം 7 മണി ആവാൻ ഏതാനും നിമിഷങ്ങളേയുള്ളൂ.. അദ്ദേഹം അവിടെയുണ്ടായിരുന്ന വയസ്സായ ഒരു പൂജാരിയെപ്പോലെ തോന്നിക്കുന്ന ഒരാളെ രൂക്ഷമായി നോക്കി... അയാൾ പെട്ടെന്നുതന്നെ താലത്തിൽനിന്ന് ഒരു കറുത്ത ചരടെടുത്ത് നഞ്ചോട് ചേർത്തുപിടിച്ച് എന്തൊക്കെയോ മന്ത്രം മനസ്സിൽ ചൊല്ലിക്കൊണ്ട് അഭിയുടെ അടുത്ത് വന്ന് വലതുകൈ നീട്ടാൻ പറഞ്ഞു... ""ഒരുകാരണവശാലും ഇവിടുന്ന് പോകുന്നതുവരെ ഇത് അഴിക്കരുത്... വലതുകാൽ വച്ച് വരൂ..."" അയാൾ പറഞ്ഞു...
അവൻ വീണ്ടും കവാടം കടന്ന് അകത്തേക്ക് നിന്നു... പതിയെ അന്തരീക്ഷം ശാന്തമായി... കാറ്റുനിലച്ചു.. പൊടിയടങ്ങി.. ഇടിയും മിന്നലും പിന്നെയുണ്ടായില്ല... അഭി ആകെ അന്തംവിട്ടു!! ഇതെന്ത്മായ എന്ന കണക്കേ അവൻ നീതുവിനെ നോക്കി.. അവളുടെ മുഖം വിളറിയിരുന്നു.. ഭയത്താൽ നെറ്റിയിൽ നിന്നും വിയർപ്പ് പൊടിഞ്ഞിരുന്നു...
""ഇതൊന്നും കാര്യമാക്കേണ്ട, ഇവിടെ ചിലപ്പോഴൊക്കെ ഇങ്ങനെയാണ്... വരൂ, യാത്രാക്ഷീണം കാണും, വേഗം വീട്ടിലേക്ക് പോകാം.."" നീതുവിൻ്റെ അച്ഛൻ പറഞ്ഞു...
എല്ലാവരും മുന്നോട്ട് നടന്നു..
പിറകിൽ ചങ്ങലയുടെ കിലുക്കം കേട്ടാണ് അഭി തിരിഞ്ഞുനോക്കിയത്... ഒരാൾ ആ കവാടത്തിനു കുറുകെ ചങ്ങലയിട്ട് അതിൽ ഒരു ബോർഡ് തൂക്കിയിടുകയായിരുന്നു.. അതിൽ "പ്രവേശനമില്ല" എന്ന് ഇരുവശത്തും എഴുതിവച്ചിരിക്കുന്നു... നടക്കുന്നതിനിടയിൽ അവൻ പഴയകാലത്തെ ഒരു നാട്ടികയും അതിലെ മരത്തിൽ കൊത്തിവച്ച ബോർഡും ശ്രദ്ധിച്ചു...
""നീലിമലക്കാവ് .... സ്വാഗതം""
അധ്യായം 2
നാടിൻ്റെ പേരെഴുതിയ നാട്ടികയുടെ താഴെ ഒരു കരിമ്പൂച്ച അഭിയെ തുറിച്ചുനോക്കി നിൽപ്പുണ്ടായിരുന്നു...അവൻ കാലുകൊണ്ട് നിലത്തുകിടന്നിരുന്ന ഒരു കല്ല് പൂച്ചയ്ക്കുനേരെ തട്ടിനീക്കി.. പൂച്ച അവനെത്തന്നെ നോക്കിക്കൊണ്ട് മുരണ്ടുകൊണ്ട് അവിടെനിന്നും നടന്നുപോയി... മുന്നിൽ നടക്കുന്നവർക്കൊപ്പം നടന്നുനടന്ന് അഭി നേരെയെത്തിയത് നാഗക്കാവിനുമുൻപിലാണ്... നീതു പറയാറുള്ളതുവച്ച് ചെറിയൊരു രൂപം അഭിയുടെ മനസ്സിലുണ്ടായിരുന്നു.. പക്ഷേ അവൾ പറഞ്ഞുവച്ചതിനേക്കാൾ ഒരുപാട് പഴക്കംചെന്ന സ്ഥലം പോലെയാണ് അവന് തോന്നിയത്... നടുവിൽ ഒരു തറയിൽ ഒരുപാട് നാഗവിഗ്രഹങ്ങളും അതിനു താഴെയും അങ്ങിങ്ങായി കല്ലിൽ കൊത്തിയ നാഗഭിംഭങ്ങളും എല്ലാം ഉണ്ടായിരുന്നു അവിടെ.. എല്ലാ വിഗ്രഹങ്ങൾക്കുമുകളിലും മഞ്ഞളിൻ്റെ കറ പറ്റിയിരിപ്പുണ്ട്.. തറയ്ക്കുചേർന്ന് നാഗങ്ങളുടെ പുറ്റ് വളർന്നുവലുതായി മണ്ണിടിഞ്ഞ് തറയിൽ അങ്ങിങ്ങായി വീണുകിടക്കുന്നു... തറയ്ക്കുചുറ്റും ഒരുപാട് മരങ്ങളും അവയിലെല്ലാം ഒരുപാട് വള്ളികളും പടർന്നുപന്തലിച്ച് നിൽപ്പുണ്ടായിരുന്നു.. നിലത്ത് അങ്ങിങ്ങായി മുൻപ് കടപുഴകിവീണ ഒരരയാലിൻ്റെ ജീർണ്ണിച്ച അവശിഷ്ടങ്ങളും കാണാമിയിരുന്നു.. തറയ്ക്കുമുകളിൽ ഒരു ചെറിയ വിളക്ക് കത്തിനിൽപ്പുണ്ടായിരുന്നു... നീതു നേരെ അവിടെ പോയി നിന്ന് തൊഴുതു.. പിന്നാലെ വന്ന അഭിയും അവിടെ എത്തി തൊഴുതുനിന്നു...
പെട്ടെന്നാണ് വലിയ ശീൽക്കാരത്തോടെ വലിയൊരു സർപ്പം പുറ്റിൽനിന്നും പുറത്തുവന്നത്... അത് പതിയെ തറയിൽ അങ്ങിങ്ങായി ഇഴഞ്ഞ് നടുവിലെ വിഗ്രഹത്തിനുപുറകിൽ തലയുയർത്തിനിന്നു!! എല്ലാവരും ആശ്ചര്യപ്പെട്ടുപോയി!!! കാരണം ഇന്നേവരെ ഇത്രയും വലിയൊരു സർപ്പത്തെ ആ നാട്ടിലാരും കണ്ടിട്ടേയില്ലായിരുന്നു... ദിവസേന വിളക്കുവയ്ക്കുന്ന പൂജാരി പോലും ഭയന്നുപോയി!! എല്ലാവരും രണ്ടടി പുറകോട്ട് നിന്ന് ഭക്തിയോടെ തലതാഴ്ത്തി കൈകൂപ്പി നിന്നു... പെട്ടെന്ന് കണ്ടപ്പോൾ അഭിയും ഞെട്ടിത്തരിച്ചുനിന്നുപോയി.. എല്ലാവരും കൈകൂപ്പി നിന്നിട്ടും അഭി അന്തംവിട്ട് ആ സർപ്പത്തെ നോക്കിനിൽക്കുകയായിരുന്നു... ആ സർപ്പം അവനെത്തന്നെ തുറിച്ച് നോക്കുന്നതുപോലെ അവന് തോന്നി... ഇതുകണ്ട് നീതു തൊഴുകൈയ്യോടെ തന്നെ അവനെ ഒരു കൈമുണ്ടുകൊണ്ട് തട്ടി തൊഴുതുനിൽക്കുവാൻ ആംഗ്യം കാണിച്ചു... പെട്ടെന്ന് ബോധം വന്നപോലെ അവൻ ചുറ്റിലും നോക്കി എല്ലാവരും ചെയ്യുന്നതുപോലെ തൊഴുതു തലകുനിച്ച് നിന്നു.. അൽപ്പനിമിഷത്തിനുശേഷം തലയുയർത്തി നോക്കിയപ്പോൾ ആ സർപ്പത്തെ അവിടെ കാണാനുമില്ലായിരുന്നു.. മണ്ണിൽ സർപ്പം ഇഴഞ്ഞുപോയ പാടുകൾ മാത്രം കാണാമായിരുന്നു...
""ഇവൻ വന്നിറങ്ങിയപ്പോൾ മുതൽ നല്ല ശകുനങ്ങളല്ലല്ലോ ദാസാ.."" കൂട്ടത്തിൽ നിന്നാരോ അടക്കം പറയുന്നത് അഭി കേട്ടു.. നീതുവും അത് കേട്ടിരുന്നു.. രണ്ടുപേരും പരസ്പരം നോക്കി... അഭിയുടെ കണ്ണുകളിൽ ഒരു നിസ്സഹായത അവൾകണ്ടു.. ഇതൊന്നും കാര്യമാക്കേണ്ട എന്നമട്ടിൽ നീതു കണ്ണടച്ച് കാണിച്ചുകൊടുത്തു.. പിന്നെ അവിടെ കൂടി നിന്നവരിൽ പലരും പലവഴിയ്ക്ക് പിരിഞ്ഞു.. നീതും അവളുടെ അച്ഛനും അഭിയും പിന്നെ രണ്ടുമൂന്നുപേരും മാത്രമായി ബാക്കി...
""വണ്ടിയിൽ പോകാനാണെങ്കിൽ കുറച്ചുദൂരം ചുറ്റിക്കറങ്ങേണ്ടിവരും.. ഈ പാടത്തൂടെ നടന്നാൽ 5 മിനുട്ടിൽ എത്താം... നടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ? "" നീതുവിൻ്റെ അച്ഛൻ ചോദിച്ചു.. "" അവന് കുഴപ്പമൊന്നുമില്ല, ഇനിയിപ്പൊ ഉണ്ടെങ്കിലും അവൻ നടന്നോളും.. അവനീ പ്രകൃതിഭംഗി ആസ്വദിക്കാൻ വേണ്ടിയാ വന്നതുതന്നെ.."" നീതു അവനെ കളിയാക്കി... അഭി തിരിച്ചൊന്നും പറഞ്ഞില്ല... വഴിയോരത്തുനിന്നും അവർ നേരെ വിളഞ്ഞുനിൽക്കുന്ന പുഞ്ചപ്പാടത്തേയ്ക്കിറങ്ങി... അഭി പതിയെ തൻ്റെ ക്യാമറയെടുത്ത് ഓരോരോ ചിത്രങ്ങൾ പകർത്തിയെടുക്കാൻ തുടങ്ങി...
ഇരുവശത്തേക്കും കിലോമീറ്റർ കണക്കിന് നീണ്ടുകിടക്കുന്ന വിളഞ്ഞ പാടങ്ങളും പാടത്തിൻ്റെ ഒരറ്റത്ത് അസ്തമയസൂര്യൻ്റെ ചുവപ്പ് പടർന്നിരുന്നതും ആ ശോഭയിൽ ഇളംകാറ്റിൽ ആടിയുലയുന്ന നെൽകതിരുകളും തണൽമരങ്ങളിൽ ചേക്കേറുന്ന തത്തകളെയും കൊറ്റികളെയുമെല്ലാം അവൻ ക്യാമറക്കണ്ണുകളിൽ പകർത്തിയെടുത്തു.. തലങ്ങും വിലങ്ങും ഇരുന്നും കുനിഞ്ഞും അവൻ്റെ ഫോട്ടോയെടുപ്പ് കണ്ട് കൂടെയുള്ളവർ അടക്കിച്ചിരിച്ചു... അത് കേട്ടതുകൊണ്ടുതന്നെ അവൻ എടുത്ത ചിത്രങ്ങളെല്ലാം അവൻ അവരെ കാണിച്ചുകൊടുത്തു... അവരെല്ലാം തന്നെ ആശ്ചര്യപ്പെട്ടുപോയി!! കാരണം അത്രയും മനോഹരമായിരുന്നു ഓരോ ചിത്രങ്ങളും.. അവരുടെ കണ്ണുകളാൽ അവർക്ക് കാണാൻ കഴിയാതിരുന്ന തങ്ങളുടെ നാടിൻ്റെ ഭംഗി അഭിയവർക്ക് കാണിച്ചുകൊടുത്തു... സൂപ്പറായിട്ടുണ്ടെന്ന് അവരെല്ലാം ആംഗ്യം കാണിച്ചു... മുന്നിൽ അച്ഛനോടൊപ്പം നടന്നിരുന്ന നീതു ഒരുപാട് പിറകിലായി നിന്ന്ചിരിക്കുന്ന അവരെ തിരിഞ്ഞുനോക്കി ഇടുപ്പിൽ കൈകൊടുത്ത് നിൽപ്പുണ്ടായിരുന്നു... ""ഇന്നെങ്ങാനും എഴുന്നള്ളുവോ"" എന്നും ചോദിച്ച് ഒരേ നിൽപ്പാണ്... അവളുടെ ആ നിൽപ്പും അഭി പെട്ടെന്നുതന്നെ ക്യാമറയിൽ പകർത്തി... അത് കണ്ടപ്പോൾ നീതു പെട്ടെന്ന് കൈകൊണ്ട് മുഖം മറച്ച് തിരിഞ്ഞുനടന്നു... പക്ഷേ അഭി ക്യാമറ മാറ്റാതെ ഫോക്കസ് ചെയ്തുകൊണ്ടുതന്നെ നിന്നു, അവൾ തിരിഞ്ഞുനോക്കുമെന്ന് എന്തോ അവനു തോന്നി... ആ തോന്നൽ സത്യമാക്കിക്കൊണ്ട് രണ്ടടി എടുത്തുവച്ച് നീതു മുടിയൊതുക്കിക്കൊണ്ട് തല മാത്രം തിരിച്ച് ചിരിച്ചുകൊണ്ടവനെ നോക്കി... ഫുൾ ഫ്രൈമിൽ ഒരുസൈഡിൽനിന്നുള്ള നാച്യുറൽ റെഡ് ഷേഡിൽ അവളുടെ ആ ചിത്രം അവനെടുത്ത ചിത്രങ്ങളിൽ വച്ച് ഏറ്റവും മനോഹരമാണെന്നവനുതോന്നി... ആ ദൃശ്യം ക്യാമറയിലെന്നപോലെ അവൻ്റെ മനസ്സിലും വ്യക്തമായി പതിഞ്ഞു...
"" നീതുവിൻ്റെ അച്ഛൻ ഇവിടുത്തെ വാർഡ് മെമ്പറോ മറ്റോ ആണോ?"" നടക്കുന്നതിനിടയിൽ അഭി ഒപ്പമുള്ള ഒരാളോട് ചോദിച്ചു..
""ഏഹ്! അതെന്തേ അങ്ങനെ ചോദിക്കാൻ"" അയാൾ തിരിച്ചുചോദിച്ചു..
""അല്ല, എല്ലാവരും വളരെ ബഹുമാനത്തോടെ പെരുമാറുന്നതു കണ്ടു, അതുകൊണ്ട് ചോദിച്ചതാ"" അവൻ പറഞ്ഞു..
""ബഹുമാനിയ്ക്കാൻ ഒരാൾ വലിയ പദവിയിലായിരിക്കണമെന്നൊന്നുമില്ല അനിയാ... അദ്ദേഹത്തിനു ഞങ്ങൾ കൊടുക്കുന്ന ബഹുമാനം അദ്ദേഹത്തിൻ്റെ കുടുംബത്തോടുള്ള കൂറാണ്... അവരുടെ ദയയിലാണ് ഇവിടുള്ളവരെല്ലാം ജീവിച്ചുപോകുന്നത്..."" ഒരാൾ പറഞ്ഞു...
""എനിക്ക്... ശരിക്കും മനസ്സിലായില്ല.."" അഭി തെല്ലു സംശയത്തോടെ പറഞ്ഞു..
""ശ്രീധരേട്ടൻ്റെ മുതുമുത്തച്ഛൻ്റെ ചെറുപ്പകാലത്ത് അവരായിരുന്നു ഈ നാട്ടിലെ നാടുവാഴികൾ... ഈ കാണുന്ന പാടങ്ങളും സ്ഥലങ്ങളും, എന്തിനേറെ, ഈ നാട് മുഴുവൻ അവരുടെ കുടുംബത്തിൻ്റെയായിരുന്നു... അന്നുതൊട്ട് ഇന്നോളം അവരാരും തന്നെ ഇന്നാട്ടുകാരെ വളരെ നല്ലരീതിയിലാണ് സഹായിച്ചുകൊണ്ടിരിക്കുന്നത്... ഇവിടെയുള്ള എല്ലാ കൃഷിയ്ക്കും വേണ്ട സൗകര്യങ്ങളെല്ലാം ലാഭേച്ഛയില്ലാതെ കാലങ്ങളായി അവരാണ് ചെയ്തുവരുന്നത്.. വേനലിൽ വെള്ളമെത്തിക്കാനും പ്രളയകാലത്ത് സുരക്ഷുറപ്പാക്കാനും എന്നുതുടങ്ങി നാട്ടുകാരുടെ എല്ലാ ആവശ്യങ്ങളും ഏതു പാതിരാത്രിയ്ക്കും നടത്തിത്തരാൻ ആ കുടുംബമാണ് ഇന്നാട്ടുകാരുടെ ആശ്രയം.. ഈനാട്ടിൽ ഇത്രയും ഐശ്വര്യവും സമൃദ്ധിയും ഒത്തൊരുമയുമായിട്ടിരിക്കുന്നത് അവരുടെ കൃപകൊണ്ടാണ്... ഇത്രയുമൊക്കെ പോരേ അദ്ദേഹത്തിനെ ബഹുമാനിയ്ക്കാൻ?"" മറ്റൊരാൾ പറഞ്ഞു...
കേട്ടിട്ട് ഒരു ഫ്യൂഡൽ മാടമ്പി ലെവൽ ആണെന്ന് തോന്നിയെങ്കിലും അവരുടെ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ അദ്ദേഹത്തോടുള്ള അവരുടെ ആദരവ് എത്രത്തോളമാണെന്ന് അവന് മനസ്സിലായി...
""ഇതൊന്നുമല്ലാത്ത ഒരു ഭൂതകാലം ഉണ്ടായിരുന്നു ഈ നാടിന്... പണ്ട് ഒരു നീലി......."" കൂട്ടത്തിലൊരാൾ എന്തോ പറയാൻ തുടങ്ങിയതും മറ്റൊരാൾ കണ്ണുരുട്ടിക്കാണിച്ചു... അയാൾ പറയാൻ വന്നത് പാതിയിൽ വിഴുങ്ങി...
""നിങ്ങളെന്താ പറയാൻ വന്നത്? "" അഭി ആകാംഷയോടെ ചോദിച്ചു.. അതിന് മറുപടി ആരും പറഞ്ഞില്ല... അപ്പോഴേക്കും അവർ നീതുവിൻ്റെ വീടിനുമുൻപിൽ എത്തിയിരുന്നു...
കൂടെവന്നവർ ശ്രീധരേട്ടനോട് എന്തൊക്കെയോ സംസാരിച്ചിട്ട് തിരിച്ചുപോയി.. നീതുവും അഭിയും പടിപ്പുര കടന്ന് അകത്തുകടന്നു...
വളരെവലിയൊരു നാലുകെട്ടായിരുന്നു അത്... അഭി സത്യത്തിൽ ആശ്ചര്യത്തോടെയാണ് വീടിനെ നോക്കിയത്.. ഈ കാലത്തും ഇത്രയും പഴക്കംചെന്ന നാലുകെട്ടിനെ വലിയ കേടുപാടുകളൊന്നുമില്ലാതെ കാത്തുസൂക്ഷിച്ചിരിക്കുന്നതിൽ അവനുവല്ലാത്ത സന്തോഷം തോന്നി... വളരെ വിശാലമായ വീട്ടുവളപ്പിൽ വലിയ മാവുകളും പ്ലാവുകളും പുളികളും തുടങ്ങി എല്ലാവിധ വൃക്ഷങ്ങളും തിങ്ങിനിറഞ്ഞ് നിൽപ്പുണ്ടായിരുന്നു.. വീട്ടിലേക്ക് കാലുകഴുകി കയറാൻ കിണ്ടിയും വെള്ളവും വച്ചിട്ടുണ്ടായിരുന്നു.. രണ്ടുപേരും കാലുകഴുകി അകത്തുകടന്നപ്പോഴേക്കും നീതുവിൻ്റെ അമ്മയും മേമമാരുമെല്ലാം ഉമ്മറത്തേക്കു വന്നു... "" എന്തേ ഇത്ര വൈകിയേ! നേരത്തെ വരാർന്നില്ലേ... വേഗം കുളിച്ചിട്ട് വായോ ഭക്ഷണം കഴിക്കാം ക്ഷീണം കാണും... അഭീടെ ബാഗെല്ലാം വടക്കേമുറിയിൽ വച്ചിട്ടുണ്ട്, അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.. കുഞ്ഞീ നീ മുറി കാണിച്ച് കൊടുത്തേ "" അമ്മ പറഞ്ഞു... അമ്മയുമായി ഇടയ്ക്കെല്ലാം സംസാരിക്കാറുള്ളതാണ് അഭി.. അതുകൊണ്ടുതന്നെ ഒരു പരിചയക്കേടൊന്നും അവർക്ക് തോന്നിയില്ല.. കുഞ്ഞീ എന്ന് വിളിച്ചത് നീതുവിനെയാണ്... അത് വിളിച്ചതും നീതു അമ്മയെ കണ്ണുരുട്ടിക്കാണിച്ച് ദേഷ്യപ്പെട്ടു... ഇങ്ങനൊരു വിളിപ്പേരുള്ളത് അഭിയ്ക്കറിയില്ലായിരുന്നു... ഇനി അതുമതി അവനു കളിയാക്കാൻ എന്നമട്ടിൽ അവൾ അവനെ നോക്കി... കിട്ടിപ്പോയി മോളേ എന്ന മട്ടിൽ അവൻ പല്ലിളിച്ചുകാണിച്ചു... നാറ്റിക്കരുത് എന്നമട്ടിൽ അവൾ ദയനീയമായി നോക്കി... നടപ്പില്ല മോളേ ഇത് ഞാൻ പാട്ടാക്കും എന്ന് അവൻ തലയാട്ടി... ദേഷ്യപ്പെട്ട് അവൾ വാ എന്നും പറഞ്ഞ് അവനെ വിളിച്ച് മുൻപിൽ നടന്നു...
പുറമേ പഴഞ്ചനാണെങ്കിലും അകത്തെല്ലാം ഒരു ട്രഡീഷണൽ സ്റ്റൈലിലുള്ള പുതിയ മോഡൽ ഇൻ്റീരിയറുകളായിരുന്നു... നടുത്തളത്തിൽ വെള്ളം നിർത്തി പായലും മീനുകളുമെല്ലാമുണ്ടായിരുന്നു.. ഒറ്റ തേക്കിൽ തീർത്ത തൂളുകളെല്ലാം പോളീഷ് ചെയ്ത് മിനുക്കി വച്ചിട്ടുണ്ട്... വരാന്തകളിൽ എല്ലാം ഫ്ലവർവെയ്സുകളും ചെടികളും എല്ലാമുണ്ട്, ചുമരുകളിൽ പഴയ പ്രതാപം വിളിച്ചോതുന്ന ഫോട്ടോകളും കാളത്തലയും ഇരട്ടക്കുഴൽ തോക്കുകളും ആനക്കൊമ്പ് ഫ്രെയ്മുള്ള കണ്ണാടികളുമെല്ലാമുണ്ടായിരുന്നു... പണ്ടൊരാനയുണ്ടായിരുന്ന വീടാണെന്ന് പറഞ്ഞിരുന്നു, അതിൻ്റെ കൊമ്പായിരിക്കും... "" ഇതാ നിൻ്റെ റൂം. വേഗം കുളിച്ചിട്ട് വന്നാൽ തിന്നാൻ വല്ലതും കിട്ടും"" അവന് മുറി കാണിച്ചുകൊടുത്തിട്ട് നീതു തെല്ലു ദേഷ്യത്തോടെ പറഞ്ഞു..
""ഓ ശരി കുഞ്ഞിപ്പെണ്ണേ"" അഭി തിരിച്ച് കളിയാക്കിക്കൊണ്ട് പറഞ്ഞു... ഇതുകേണ്ട് ദേഷ്യത്തിൽ അവനെ ഇടിക്കാൻ വേണ്ടി അവൾ കൈ ചുരുട്ടി വന്നപ്പോഴേക്കും അവൻ മുറിയ്ക്കകത്തുകയറി വാതിലടച്ചു.. ചുറ്റും നോക്കിയ അവൻ കണ്ണുതള്ളിപ്പോയി! അത് സീലിങ്ങെല്ലാമിട്ട് ഏസിയൊക്കെയുള്ള മുറിയായിരുന്നു... അറ്റാച്ച്ഡ് ബാത്റൂമും അതിൽ ഹീറ്ററും ഷവറും ഫോറിൻ ഷാംബൂവുമെല്ലാം ഉണ്ടായിരുന്നു.. ഗസ്റ്റുകൾക്കുവേണ്ടി തയ്യാറാക്കിയതായിരിക്കുമെന്നവൻ കരുതി... നല്ലൊരു കുളി പാസ്സാക്കി അവൻ വേഗം ഡ്രസ്സുമാറി പുറത്തുവന്നു.. വീടെല്ലാം ചുറ്റിക്കണ്ട് പതിയെ അടുക്കളഭാഗത്തെത്തിയപ്പോഴേക്കും അവിടെ ഡൈനിങ് ടേബിളിൽ വിഭവസമൃദ്ദമായ സദ്യ ഇലയിട്ട് വിളമ്പിവച്ചിരുന്നു... നീതു നേരത്തെതന്നെയെത്തി അടുക്കളയിൽ കിടന്ന് പരതുന്നുണ്ട്...
""അഹ് എത്തിയോ! എങ്ങനുണ്ട് വീടൊക്കെ ഇഷ്ടപ്പെട്ടോ? കുറച്ചു പഴഞ്ചനാണ് എങ്കിലും സൗകര്യങ്ങൾക്ക് കുറവൊന്നുമില്ലെന്ന് വിചാരിക്കുന്നു..."" അഭിയെകണ്ടതും നീതുവിൻ്റെ ഒരു ചെറിയമ്മ പറഞ്ഞു..
"" അയ്യോ! സൗകര്യങ്ങൾ കുറച്ച് കൂടുതലാണെങ്കിലേ ഉള്ളൂ!! എനിക്കിങ്ങനത്തെ പഴയവീടുകളെല്ലാം വലിയ ഇഷ്ടമാ..."" അഭി ചിരിച്ചുകൊണ്ടുപറഞ്ഞു...
""ആഹ് എന്നാൽ കൈ കഴുകി ഇരുന്നോളൂ.. ഭക്ഷണം കഴിക്കാം... കുഞ്ഞീ... അല്ല, നീതൂ.. അച്ഛനെയും പാപ്പൻമാരെയും വിളിച്ചിട്ടുവാ"" അമ്മ പറഞ്ഞു...
"" കുഞ്ഞീ ന്ന് തന്നെ വിളിച്ചോളൂ ഞാൻ എന്തായാലും കേട്ടു"" എന്ന് അഭി തമാശപറഞ്ഞു...
നീതുവിൻ്റെ അച്ഛന് രണ്ട് അനിയൻമാരാണ്.. അവരുടെ ഭാര്യമാരും മക്കളും എല്ലാം ആ തറവാട്ടിൽ തന്നെയാണ് താമസം.. അവൻ ഓരോരുത്തരെയായി പരിചയപ്പെട്ടു, പല കാര്യങ്ങളും സംസാരിച്ചുകൊണ്ടിരുന്നു.. അതിനിടയ്ക്ക് അമ്പലത്തിൽ പോയ കുട്ടിപ്പട്ടാളങ്ങളെല്ലാം തിരിച്ചുവന്നു..
നീതുവിനെ കണ്ടതും എല്ലാവരും വലിയ സന്തോഷത്തിലായി.. കുടുംബത്തിലെ ഏറ്റവും മൂത്തകുട്ടിയും എല്ലാവരുടേയും ഓപ്പോളും ആണ് നീതു.. കുട്ടികളുടെ കൂടെ കൂടിയതും നീതുവും ഒരു കൊച്ചുകുട്ടിയായിമാറി... ഭക്ഷണം കഴിച്ച് കൈ കഴുകി അഭിയും നീതുവിൻ്റെ പാപ്പൻമാരുമെല്ലാം നാട്ടുകാര്യങ്ങൾ ഓരോന്ന് സംസാരിച്ച് പുറത്ത് വരാന്തയിൽ ഇരുന്നു.. അമ്മമാരും നീതുവും കുട്ടികളുമെല്ലാം അടുത്ത ട്രിപ്പ് ഭക്ഷണത്തിനിരുന്നു...
ഇടയ്ക്കെപ്പോഴോ ചെറിയച്ഛൻമാരെല്ലാം അങ്ങിങ്ങായി മാറിയപ്പോൾ അഭി പതിയെ മുറ്റത്തേക്കിറങ്ങി നിലാവെളിച്ചത്തിൽ ചന്ദ്രനെയും നോക്കി അങ്ങിനെ നിന്നു...
അധ്യായം 3
""എന്താ മോനേ നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ തേരാപ്പാരാ നടക്കുന്നേ!!""
ഭക്ഷണം കഴിക്കലൊക്കെ കഴിഞ്ഞ് നീതു വന്ന് ചോദിച്ചു..
""ഏയ്.. ഞാൻ ചുമ്മാ ഈ കാറ്റൊക്കെ കൊണ്ട് ഇങ്ങനെ... നല്ല ഒരു വൈബ് സ്ഥലം ആണ് ട്ടോ.."" അഭി പറഞ്ഞു..
""ആഹ് അങ്ങനെ വഴിക്ക് വാ.. ഞാൻ പറയുമ്പോ നിനക്കൊക്കെ പുച്ഛമായിരുന്നല്ലോ... ഇതൊന്നുമല്ല മോനേ നാളെ രാവിലെ ഇവിടം മൊത്തം നിനക്ക് കാണിച്ച് തരാം.. ചുമ്മാ വാചകമടിയല്ല ശരിക്കും ഉള്ളഭംഗിയാണെന്ന് നേരിട്ട് കണ്ട് കണ്ണുതള്ളിക്കോ"" നീതു അഭിമാനത്തോടെ പറഞ്ഞു..
""മ്ം.. പക്ഷേ നമ്മൾ വന്നപ്പോ ആകെമൊത്തം ഒരു ഭീകരാന്തരീക്ഷമായിരുന്നല്ലോ!! അതിൻ്റെ ഇടയിൽ കൂടെ അഴിക്കരുതെന്ന് പറഞ്ഞ് ഈ ചരടും... നാട് നല്ലതാണേലും നാട്ടുകാരിപ്പോഴും പതിനെട്ടാം നൂറ്റാണ്ടീന്ന് ബസ്സ് കയറിയിട്ടില്ലല്ലോ..."" ഇതും പറഞ്ഞ് ചിരിച്ചുകൊണ്ട് അഭി ആ ചരട് അഴിക്കാൻ നോക്കി...
""അരുത്!!! അതഴിക്കരുത്!!!"" നീതു പെട്ടെന്ന് അവൻ്റെ കൈ തട്ടിമാറ്റി... വല്ലാത്തൊരു ഭയം അവളുടെ മുഖത്തുണ്ടായിരുന്നു...ഇതിനുമുൻപ് ഇത്രയും ആവലാതിപിടിച്ചപോലെ അവളെ കണ്ടിട്ടില്ല അഭി... അവൻ അതിശയിച്ചുപോയി...
"" അത് ശരി! നീയും ഈ അന്ധവിശ്വാസങ്ങൾക്കെല്ലാം കൂട്ടുനിൽക്കുകയാണോ!! നിനക്ക് വട്ടാണ്... ഇതിലൊന്നും ഒരു കാര്യവുമില്ല..."" അഭി അവളെ കളിയാക്കിച്ചിരിച്ചു...
""കാര്യമൊക്കെയുണ്ട്... നിനക്ക് ഈ നാടിൻ്റെ ഭൂതകാലം അറിയാത്തതുകൊണ്ടാ... ഈ കണ്ട പൂജകളും ആചാരാനുഷ്ഠാനങ്ങളും എല്ലാം ഇപ്പോഴും തുടർന്നുകൊണ്ടുപോകുന്നതുകൊണ്ടാണ് ഇപ്പോഴും ഇവിടെ ആളുകൾ ജീവനോടെ ഇരിക്കുന്നത്.. അതുകൊണ്ട് ഇവിടെ നിന്ന് പോകുന്നതുവരെ ഇവിടുത്തെ ചിട്ടവട്ടങ്ങൾക്കനുസരിച്ച് നടന്നോണം.. വെറുതേ ഓരോ പ്രശ്നങ്ങൾ വരുത്തിവയ്ക്കരുത്.."" അവൾ കണിശമായിത്തന്നെ പറഞ്ഞു... അവളുടെ വാക്കുകളിൽ തെല്ലുഭയവും അതോടൊപ്പം തന്നെ ശാസനയുടെ സ്വരവുമുണ്ടായിരുന്നു... അഭിയ്ക്കും ഈ പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നി...
"" ഇതിനും മാത്രം എന്താ ഇത്രവലിയ പാസ്റ്റ്?? ഇങ്ങോട്ടുവരുമ്പോൾ കൂടെവന്നവരിൽ ഒരാളും എന്തോ പറഞ്ഞുതുടങ്ങിയതാ, പക്ഷേ മുഴുമിപ്പിച്ചില്ല... നീ പറ, നാട് കാണാൻ വരുന്നവർ നാടിനെക്കുറിച്ചറിയണം എന്നാണല്ലോ പ്രമാണം.. നീ പറ കുഞ്ഞീ...."" അഭി അവളെ ചൊടിപ്പിച്ചു.. ആ വിളിയ്ക്ക് നല്ലൊരു വീക്കും കിട്ടി അവൻ്റെ തലയ്ക്ക്... നീതു പതിയെ നീലിമലക്കാവിൻ്റെ ഭൂതകാലത്തിൻ്റെ ചുരുളഴിച്ചു...
""പണ്ട് ഒരുപാട് വർഷങ്ങൾക്കുമുൻപ് ഈ നാടിൻ്റെ പേര് മണിമലക്കാവ് എന്നായിരുന്നു... വളരെ നല്ലരീതിയിൽ കഴിഞ്ഞുപോയിരുന്ന നാടും നാട്ടുകാരുമായിരുന്നു എന്നാണ് പറഞ്ഞുകേട്ടിരുന്നത്.. അന്നത്തെ നാടുവാഴി ആയിരുന്നത് ഇവിടുത്തെ മുത്തച്ഛൻ്റെ മുത്തച്ചനോ മറ്റോ ആയിരുന്നു... സ്വാതന്ത്ര്യം ഒക്കെ കിട്ടുന്ന സമയത്താണത്രേ.. അന്ന് ഇവിടത്തെ കാരണവർ ഒരു വലിയ കോപക്കാരനും തന്നിഷ്ടക്കാരനും ഒക്കെയായിരുന്നു... അന്ന് ഞങ്ങളുടെ തറവാട്ടമ്പലത്തിലെ നീലി എന്നുപേരുള്ള വാല്യക്കാരിപെൺകൊച്ചിനോട് ഈ കാരണവരുടെ മകന് മുടിഞ്ഞ പ്രേമം.. കാണാൻ നല്ല സുന്ദരിയായിരുന്നു എന്നൊക്കെയാണ് പറഞ്ഞുകേട്ടത്... ഏതുനേരവും അമ്പലവാസിയായി നടന്നിരുന്ന ആ കൊച്ചിന് പറയത്തക്ക ബന്ധുക്കാരൊന്നും ഇല്ലാത്തതുകൊണ്ടുതന്നെ ഈ മകൻ പുള്ളി അവൾക്കൊരു ജീവിതം കൊടുക്കാമെന്നുറപ്പിച്ചുകൊണ്ടുള്ള ഒരു റിലേഷൻ ആയിരുന്നത്രേ.. ഇതിനിടക്ക് ആ കൊച്ച് പ്രഗ്നൻ്റായെന്നോ, അതറിഞ്ഞ കാരണവർ നീലിയെ ജീവനോടെ തീവച്ചുകൊന്നെന്നോ ഒക്കെയാണ് പറഞ്ഞുകേട്ടേ..."" നീതു ഇങ്ങനെ കാര്യായിട്ട് പറഞ്ഞുകൊണ്ടിരിക്കുന്നമ്പോൾ അഭി ഇടയ്ക്കുകയറി...
"" നിക്ക് നിക്ക്! ഇത് മറ്റേ ആകാശഗംഗ സിനിമയല്ലേ! ഇത് ആരോ സിനിമാക്കഥ പറഞ്ഞ് ചുമ്മാ ആൾക്കാരെ പറ്റിക്കുന്നതാ..."" അഭിയുടെ മൂഡ് പോയി...
""ഹ! ഞാൻ പറഞ്ഞില്ലേ ഇങ്ങനെയൊക്കെയാണ് പണ്ടത്തെ ആൾക്കാർ പറഞ്ഞുവച്ചേക്കുന്നേ... ഇനിയിപ്പോ ഈ കഥയാണോ സിനിമയാക്കിയതെന്നും അറിഞ്ഞൂടാ..."" നീതു മുഖം ചുളിച്ചു...
""ആ... എന്നാപ്പിന്നെ ഇനി ബാക്കി കഥ ഞാൻ പറയാം.. ഈ നീലി പ്രേതമായി വന്ന് കുടുംബത്തിലുള്ളവരെ മൊത്തം കൊല്ലാൻ നോക്കിക്കാണും, വല്ല മന്ത്രവാദിയും വന്ന് പ്രേതത്തെ ബന്ധിച്ചിട്ടുണ്ടാവും.. ഇതല്ലേ കഥ"" അഭി ഒരു പുച്ഛഭാവത്തിൽ പറഞ്ഞു..
""തോക്കിൽ കേറി വെടിവയ്ക്കാതെടാ!! അങ്ങനൊന്നുമല്ല... ഈ നീലിയെ കൊന്നതിൽ മനംനൊന്ത് ആ മകൻ പുള്ളി ഈ കാരണവരെ ശപിച്ചിട്ട് സൂയിസൈഡ് ചെയ്യതു.. പുള്ളി ഈ വച്ചാരാധന എന്നൊക്കെ പറയുന്ന സംഭവത്തിൻ്റെ ആളായിരുന്നത്രേ... പുള്ളി ഏതൊക്കെയോ ദൈവങ്ങളെ സേവിച്ച് വരുതിയിലാക്കി വച്ചിരുന്നതായിരുന്നു... പുള്ളി ഈ കടുംകൈ ചെയ്തപ്പോൾ ഈ ദൈവങ്ങൾക്കൊക്കെ ആകെ കലിപ്പായിട്ട് മൊത്തം കുടുംബത്തിലും ഓരോരോ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി... അതായത് ഈ തളർവാതം, വിട്ടുമാറാത്ത തലവേദന , കാലുവേദന അങ്ങനെ ഇങ്ങനെ പലർക്കും പലവിധ ആരോഗ്യപ്രശ്നങ്ങൾ... വൈദ്യൻമാരൊക്കെ വന്ന് നോക്കിയിട്ടും നോ രക്ഷ... ഇത് പിന്നെപ്പിന്നെ നാട്ടുകാരെ മൊത്തം ബാധിക്കാൻ തുടങ്ങി... ഓരോ പകർച്ചവ്യാധികളും, കൂട്ടത്തിൽ വിളവെടുപ്പിൻ്റെ സമയത്ത് വയലെല്ലാം ഇടിവെട്ടി കത്തിപ്പോകുന്നതും വിത്തിറക്കാൻ നേരം മഴയില്ലാത്ത ബുദ്ധിമുട്ടും അങ്ങനെ നാട്ടുകാർക്കും ജീവിക്കാൻ വയ്യാണ്ടായി.. ആരോ പറഞ്ഞതുകേട്ട് ഇങ്ങനെ താംബൂലപ്രശ്നം വച്ച് നോക്കിയപ്പോഴാണ് ഈ പറഞ്ഞ കാരണം കൊണ്ടാണെന്ന് മനസ്സിലായത്... ദൈവങ്ങൾക്ക് കിട്ടേണ്ട പൂജ മുടങ്ങിയതുകൊണ്ടാണെന്ന് പറഞ്ഞതുകൊണ്ട് നല്ല ഗംഭീരമായിട്ട് തന്നെ എല്ലാ ദൈവങ്ങളെയും തറവാട്ടമ്പലത്തിനടുത്തുതന്നെ പ്രതിഷ്ഠിച്ച് വർഷാവർഷം ഭേഷായിട്ട് ഉത്സവം നടത്തിപ്പോരുന്നുണ്ട്... അന്നുതൊട്ട് ഇന്നുവരെ ഈ ഉത്സവം നടത്തിക്കൊണ്ടിരിക്കുന്ന കൊല്ലങ്ങളിൽ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല... കുറച്ചുവർഷങ്ങൾക്കുമുൻപ് , ഞാൻ കുട്ടിയായിരുന്ന സമയത്ത് ഒരിക്കൽ ഒരു പ്രാവശ്യം മുടങ്ങിയിട്ടുണ്ട്... ആ സമയത്ത് നീ ഇപ്പൊ നമ്മൾ വന്നപ്പൊ കണ്ടില്ലേ, അതിൻ്റെ ഒരു പത്തുമടങ്ങ് എഫക്ടിൽ പലപല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.. അന്ന് ആ ഓടിപ്പോയ ചേച്ചി തിരിച്ചുവന്ന് തെറ്റേറ്റുപറഞ്ഞ് തെറ്റുപണം വച്ചതിനുശേഷമാണ് എല്ലാം ശാന്തമായത്... ഈ പറഞ്ഞത് ഞാൻ കണ്ട കാര്യമാണ് അതുകൊണ്ടുതന്നെയാണ് എനിക്കിതിലൊക്കെ ഇത്ര വിശ്വാസവും..."" നീതു പറഞ്ഞവസാനിപ്പിച്ചു...
ഇതെല്ലാം ഒരു കെട്ടുകഥ എന്നമട്ടിൽ കേട്ടുകൊണ്ടിരുന്ന അഭി ഈ അവസാനം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഒന്ന് ശ്രദ്ധിച്ചു...
""ഈ അവസാനം പറഞ്ഞതെന്താ? ആരോടിപ്പോയി എന്നാ??"" അഭി സംശയത്തോടെ ചോദിച്ചു...
""ആഹ്! അത് പറഞ്ഞില്ല ല്ലേ.. അതന്ന് താംബൂലപ്രശ്നം ഒക്കെ നോക്കിയ സമയത്ത് പണിക്കർ പറഞ്ഞത് ഈ രോഗങ്ങളും മറ്റുംദൈവകോപമാണെന്നാണ്.. പക്ഷേ ആ സൂയിസൈഡ് ചെയ്ത പുള്ളിക്കാരൻ ശപിച്ചത് മംഗല്യയോഗം ഇല്ലാതെ കുടുംബം അന്യംനിന്ന് പോകട്ടേ എന്നായിരുന്നത്രേ...പുള്ളിയല്ലാതെ വേറെ രണ്ടുമക്കളും ഉണ്ടായിരുന്നു ആ കാരണവർക്ക്.. അവർക്കൊക്കെ കല്യാണം നടന്നത് വളരെ വൈകിയായിരുന്നു.. കല്യാണം ശരിയാവാതെയും ശരിയായത് പലകാരണങ്ങൾകൊണ്ട് മുടങ്ങിയും ഒക്കെ ഒരുപാട് കാലം നടന്നത്രേ... അതിനു പ്രതിവിധിയായി പണിക്കർ പറഞ്ഞത് ഓരോ തലമുറയിലേയും ആദ്യത്തെ പെൺകുട്ടിയെ തറവാട്ടമ്പലത്തിലെ ദാസിപ്പണികൾക്കായി മാറ്റി നിർത്തണമെന്നും വിവാഹം കഴിപ്പിക്കരുതെന്നുമാണ്.. പക്ഷേ അന്ന് ഒരു ഉത്സവസമയത്ത് ഇവിടുത്തെ വല്യേച്ചി ഒരു പയ്യനെ സ്നേഹിച്ച് അയാൾടെകൂടെ ഓടിപ്പോയി ആ ഉത്സവം മുടങ്ങി.. ഉത്സവത്തിന് താലമെടുക്കുന്നത് മൂത്ത പെൺകുട്ടിയാണ്, അന്ന് ഓടിപ്പോയ ചേച്ചിയ്ക്ക് ഈ നാട് കടന്ന് ഒരു കിലോമീറ്റർ പോലും പോകാൻ കഴിഞ്ഞില്ല!! കലശലായ വയറുവേദനയും ഒരുഭാഗം തളർന്നുപോകുന്നതുപോലെയും എല്ലാം ആയിട്ട് പോയ പോക്കിൽ ഹോസ്പിറ്റലിൽ കയറ്റിയിട്ടും യാതൊരു മാറ്റവും ഉണ്ടായില്ല.. പിന്നെ തിരിച്ചുവന്ന് ഇവിടെ അമ്പലത്തിൽ വന്ന് കരഞ്ഞുപ്രാർത്ഥിച്ചിട്ടാണ് നേരെനിൽക്കാനായത്... അതിൽപിന്നെ ഉത്സവം മുടങ്ങിയിട്ടില്ല.. എവിടെയൊക്കെ പോയാലും ഉത്സവത്തിൻ്റെ സമയത്ത് ഞാൻ വന്ന് താലമെടുക്കും..."" നീതു വലിയ അഭിമാനത്തോടെ പറഞ്ഞു...
അഭി ആകെ തരിച്ചുപോയി!!! നീതുവാണ് ഇപ്പോൾ അവിടുത്തെ മൂത്ത കുട്ടി! അങ്ങനെ വരുമ്പോൾ അവളാണ് ദാസിപ്പെണ്ണ്!! അഭിയുടെ മനസ്സിൽ പണിതുകൂട്ടിയ മോഹക്കൊട്ടാരം ഒരുതലയ്ക്കൽനിന്ന് പൊളിഞ്ഞുവീഴാൻ തുടങ്ങി...
അധ്യായം 4
കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ അഭിയ്ക്ക് തോന്നി... അത്രമേൽ ഇഷ്ടപ്പെട്ടിരുന്നവളെ സ്വന്തമാക്കാൻ കഴിയില്ല എന്ന ചിന്ത അവനെ പ്രാന്തുപിടിപ്പിച്ചു... എന്നിരുന്നാലും വികാരങ്ങളെല്ലാം അടക്കിവച്ച് അവൻ അവളുടെ മനസ്സറിയാൻ ശ്രമിച്ചു.
""അതായത്... നീയാണോ ഇപ്പോഴത്തെ ദാസിപ്പെണ്ണ്... അതോകൊണ്ടാണോ നിനക്ക് ഇത്ര വലിയ വരവേൽപ്പ്.."" അവൻ്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു...
""അതേ.. ഞാനാണ് ഇപ്പോ ഈ നാടിൻ്റെ മാലാഖ... എല്ലാവർക്കും അതിൻ്റേതായ ഒരു ബഹുമാനമൊക്കെ ഉണ്ടേ... ഞാൻ കോപിച്ചാൽ ദേവി കോപിച്ചപോലെയെന്നാണ് ദാസേട്ടനൊക്കെ പറയാറ്"" നീതു തെല്ലു ഗർവ്വോടെ പറഞ്ഞുചിരിച്ചു..
""അതിനർത്ഥം... നീ കല്യാണമൊന്നും കഴിക്കില്ലെന്നാണോ??"" അഭിയുടെ മുഖം വാടിയിരുന്നു...
""കല്യാണമെന്ന് പറഞ്ഞാൽ... ഇവിടെ തറവാട്ടമ്പലത്തിൽ കൃഷ്ണൻ്റെ പ്രതിഷ്ഠയാണേ.. ഗുരുവായൂരിലെ കണ്ണൻ്റെ ചൈതന്യമാണത്രേ.. ആ കണ്ണൻ്റെ രാധയായിട്ട് കഴിയുന്നതിൽപ്പരം സന്തോഷം വേറെയുണ്ടോ!! അതല്ലാതെ വേറൊരു മാംഗല്യഭാഗ്യം വരാനുണ്ടോ... കണ്ണനെ സേവിച്ച് ഇവിടെ ഈ നാട്ടുകാരുടെ കൂടെ ജീവിക്കുന്നതാണ് എൻ്റെ സന്തോഷം..."" നീതു സംതൃപ്തിയോടെ കണ്ണുകളടച്ചു...
""അപ്പോൾ പിന്നെ നീ പഠിക്കാൻ വേണ്ടി കോളേജിൽ വരുന്നതോ? ഇവിടെത്തന്നെ നിന്നാൽ പോരായിരുന്നോ..."" അഭിയ്ക്ക് ദേഷ്യം വന്നു...
""അത് പിന്നെ ഇപ്പൊ എൻ്റെ അമ്മായി ജീവനോടെ ഉണ്ടല്ലോ... അതായത് എൻ്റെ തൊട്ടു മുന്നത്തെ ജനറേഷൻ... പുള്ളിക്കാരി ഉള്ളതുകൊണ്ട് ഉത്സവത്തിനു താലമെടുക്കാൻ മാത്രം ഞാൻ എത്തിയാൽ മതി... ഇവിടെ ചടഞ്ഞുകൂടി ഇരിക്കാതെ അൽപ്പം ലോകം കാണാല്ലോ ന്ന് വച്ചാ വെറുതെ ഒരു ഡിഗ്രി എടുക്കാമെന്ന് വച്ചത്... ഇതൊന്നും കോളേജിൽ ആരോടും പറയല്ലേ ട്ടോ.. ഇമേജ് ഡാമേജാവും"" നീതു പറഞ്ഞു ചിരിച്ചു... അവളുടെ ചിരി കൂടെ കണ്ടപ്പോൾ അഭിയ്ക്ക് ദേഷ്യം കനച്ചു...
""ഇവിടെ അമ്പലവാസിയായിട്ട് കഴിയാനാണ് താൽപര്യമെങ്കിൽ പിന്നെന്തിനാണ് വെറുതെ എൻ്റടുത്ത് വന്നേ... മനുഷ്യനെ മോഹിപ്പിച്ചിട്ട് കടന്നുകളയാനോ!!"" അഭി പെട്ടെന്ന് പൊട്ടിത്തെറിച്ചു... വായീന്ന് വീണ വാക്കുകളുടെ അർത്ഥം പിന്നീടാണവൻ ഓർത്തത്.. നീതു ഇതെല്ലാം കേട്ട് കണ്ണും തള്ളി അന്താളിച്ച് നിൽക്കുവായിരുന്നു... പറഞ്ഞത് തിരിച്ചെടുക്കാൻ കഴിയാതെ അവളുടെ മുഖത്ത് നോക്കാൻ കഴിയാതെ അഭി തിരിച്ചുനടക്കാൻ ഭാവിച്ചു..
""നിക്ക്.. നീയെന്തൊക്കെയാ പറഞ്ഞേ? ആര് ആരെ മോഹിപ്പിച്ചൂ ന്ന്? തെളിച്ച് പറ"" നീതു ചോദിച്ചു..
തിരിഞ്ഞു നടക്കാൻ തുടങ്ങിയ അഭി അവിടെ നിന്നു.. ഇനിയും കാര്യങ്ങൾ മറച്ചുവയ്ക്കേണ്ടതില്ല എന്ന് മനസ്സിലുറപ്പിച്ച് ഒരു ദീർഘനിശ്വാസമെടുത്ത് അവൻ തിരിഞ്ഞു നിന്നു.. അവളുടെ അടുത്തേക്ക് നീങ്ങിനിന്നുകൊണ്ട് അവൻ തൻ്റെ മനസ്സുതുറന്നു..
""നിന്നെ കണ്ടപ്പോൾ തൊട്ടൊന്നുമല്ല നീതു.. അടുത്തിടപഴകി എന്നോ എപ്പോഴോ ഒരു സൗഹൃദത്തിനപ്പുറം എന്തോ ഒരിഷ്ടം നിന്നോട് തോന്നിത്തുടങ്ങിയതാണ്.. മറ്റാരോടും തോന്നാത്തതരത്തിലുള്ള ഒരിഷ്ടമാണ്, അത് ഉള്ളിൽകിടന്നിങ്ങനെ പെരുകിപ്പെരുകി നീയില്ലാത്തൊരു ലൈഫില്ലാ എന്ന ലെവലിൽ ആയിക്കഴിഞ്ഞു.. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ എനിക്കിപ്പോഴും അറിയില്ല... നിൻ്റെ പൊട്ടത്തരങ്ങളാണോ കുട്ടിത്തമാണോ നിഷ്കളങ്കതയാണോ കണ്ണുകളോ മൂക്കോ ചിരിയോ ഇനി ഇതെല്ലാം കൊണ്ടാണോ... അറിയില്ല... പക്ഷേ നിന്നോടൊത്തുള്ള ഒരു ജീവിതമാണ് ഞാനാഗ്രഹിക്കുന്നത്... നിൻ്റെയീ തമ്പുരാട്ടി ലെവൽ ലൈഫൊന്നും തരാൻ പറ്റിയെന്ന് വരില്ല, പൊന്നുകൊണ്ട് മൂടാനോ പട്ടുമെത്തയിൽ ഉറക്കാനോ കഴിഞ്ഞെന്നും വരില്ല... പക്ഷേ ഒരു നിമിഷം പോലും നിനക്ക് ഞാനെന്ന തീരുമാനം തെറ്റായിപ്പോയെന്ന് തോന്നാത്തവിധം നിന്നെ ഞാൻ പ്രണയിച്ചുകൊണ്ടിരിക്കും മരണം വരെ... ഇഷ്ടമാണ് ഒരുപാട്... അതുകൊണ്ട് തന്നെയാണ് നിൻ്റെ പിന്നാലെ മാത്രം ചുറ്റിക്കറങ്ങി ഒരു ചന്ദ്രനെപ്പോലെ ഞാൻ എന്നും ഇങ്ങനെ നടക്കുന്നേ... ഇതിൽക്കൂടുതൽ എങ്ങനെ പറയാനാണ്... പുല്ല്... നിനക്കീ കാട്ടുമുക്കിലെങ്ങാനും കെടന്നാ പോരാർന്നോ..."" അഭിയുടെ വാക്കുകൾ കേട്ട് നീതു പിന്നെയും തരിച്ചങ്ങിനെ നിൽക്കുകയാണ്... പറയാനുള്ളത് പറഞ്ഞുകഴിഞ്ഞപ്പോൾ അഭിയും അൽപ്പം ശാന്തനായി... അവൾ അനങ്ങാതെ സ്തംഭിച്ചങ്ങനെ നിൽക്കുവാണ്...
""എനിക്കറിയാം നീയെന്നെ അങ്ങനെയല്ല കണ്ടേക്കുന്നതെന്ന്... നിൻ്റെ ഭാഗത്തുനിന്ന് ഇഷ്ടമാണെന്ന തരത്തിൽ ഒരു പെരുമാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല... എല്ലാം എൻ്റെ മനസ്സിൻ്റെ തോന്നലുകളാണ്... അതിപ്പോ എൻ്റെ ഉറക്കം കെടുത്തുന്ന അവസ്ഥയിലായി... നിനക്ക് നിൻ്റേതായ തീരുമാനങ്ങളുണ്ട്.. പ്രയോരിറ്റീസ് ഉണ്ട്... നിൻ്റെ ജീവിതം ഇങ്ങനെ കൃഷ്ണനേം പൂജിച്ച് തൊലയ്ക്കാനാണെങ്കി ആയിക്കോ... അല്ലേലും നിൻ്റെ ഭാവി നീയല്ലല്ലോ നിൻ്റെ വീട്ടുകാരല്ലേ തീരുമാനിക്കുന്നേ... കൊറേ അന്ധവിശ്വാസങ്ങളും അതിനൊത്ത് തുള്ളാൻ കൊറേ ആൾക്കാരും.. എന്താന്ന് വച്ചാ ആയിക്കോ.. പഠിപ്പും വിവരോം മാത്രം ഉണ്ടായിട്ട് കാര്യമില്ല ലേശം വകതിരിവുകൂടെ വേണം... നിങ്ങളൊക്കെക്കൂടെ എന്താന്ന് വച്ചാൽ കാണിക്ക്... "" ഇതും പറഞ്ഞ് അഭി റൂമിലേക്ക് നടന്നു... നീതു അപ്പോഴും തിരിച്ചെന്തുപറയണമെന്നറിയാതെ എല്ലാം കേട്ടുകൊണ്ട് നിൽക്കുകയായിരുന്നു..
റൂമിലെത്തിയ അഭിയ്ക്ക് ഇരിക്കപ്പൊറുതിയില്ലായിരുന്നു.. അവൻ ഓരോന്നാലോചിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കുറേ നടന്നു... എന്തായാലും പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞല്ലോ... ഇനി വരുന്നിടത്തുവച്ചുകാണാം എന്നുറപ്പിച്ച് അവൻ ഉറങ്ങാൻ കിടന്നു... ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവന് ഉറക്കം വന്നില്ല...ചിന്തകളുടെ കാടും മലയും കയറി അവൻ മുന്നോട്ടുകുതിച്ചു... നീതു തനിക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു എന്നുള്ള ചിന്ത അവനെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു...
ഇത്രയൊക്കെ പറഞ്ഞിട്ടും നീതു തിരിച്ചൊന്നും പറഞ്ഞില്ലല്ലോ എന്നുകൂടെ ചിന്തിച്ചുതുടങ്ങിയപ്പോൾ അവൻ്റെ സകലനിയന്ത്രണവും തെറ്റി.. ടെൻഷൻ കയറി തലചൊറിയാൻ കൈ പൊക്കിയപ്പോഴാണ് രക്ഷയ്ക്കുവേണ്ടി കെട്ടിയ ചരട് അവൻ്റെ ശ്രദ്ധയിൽ പെട്ടത്.. അതുകൂടെ കണ്ടപ്പോൾ കൂടുതൽ രോക്ഷാകുലനായി അവൻ ആ ചരട് വലിച്ചഴിച്ച് മുറിയിൽ വലിച്ചെറിഞ്ഞു.. ചാടിയെഴുന്നേറ്റ് അവൻ ബാഗെല്ലാം പായ്ക്ക് ചെയ്ത് റുമിനുപുറത്തിറങ്ങി.. ഒരുവിധം എല്ലാവരും ഉറക്കം പിടിച്ചിരുന്നു.. അവൻ വലിയ ശബ്ദമൊന്നുമുണ്ടാക്കാതെ വാതിൽ തുറന്ന് വീടിനുപുറത്തിറങ്ങി.. പടിപ്പുര കടന്ന് പാടവരമ്പത്തുകൂടെ നടക്കാൻ തുടങ്ങി... നിലാവെളിച്ചത്തിൽ പരന്നുകിടക്കുന്ന പാടത്തിൻ്റെ ഭംഗിയാസ്വദിക്കാൻ അവനുതോന്നിയില്ല.. റോഡിലെത്തി വല്ല വണ്ടിക്കും കൈ കാണിച്ചാണെങ്കിലും തിരിച്ച് പോകണമെന്നേ അവനുണ്ടായിരുന്നുള്ളൂ... ഇനിയും ഇവിടെ നിന്നാൽ ചിലപ്പോൾ അവളെ സ്വന്തമാക്കാൻ വേണ്ടി കരഞ്ഞ് അവളുടെ കാലുവരെ പിടിച്ചുപോകുമെന്ന തോന്നലാണ് പെട്ടെന്നുള്ള ഈ പോക്കിൻ്റെ കാരണം... ഓരോന്നാലോചിച്ച് നടന്നുനടന്ന് അവൻ മെയ്ൻറോഡിനടുത്തുള്ള കവാടത്തിനടുത്തെത്തി... അതിശയമെന്നുപറയട്ടേ ആ കമാനത്തിനു കുറുകെ കെട്ടിയ കയറിനു മുകളിൽ വൈകീട്ടുകണ്ട ആ വലിയ സർപ്പം ചുറ്റുപിണഞ്ഞ് കിടക്കുന്നു!!! അഭിയെ കണ്ടതും അത് തൻ്റെ പത്തിവിടർത്തി പാതിശരീരം വളച്ച് എഴുന്നേറ്റുനിന്നു!!!.. അതിൻ്റെ കണ്ണുകൾ തീക്കനൽ പോലെ ജ്വലിക്കുന്നതായി അവനുതോന്നി... അവനേക്കാൾ പൊക്കത്തിൽ നിന്ന് നാവുനീട്ടി അവനെത്തന്നെ നോക്കി നിൽക്കുന്ന ആ സർപ്പത്തെ കണ്ട് വിറങ്ങലിച്ച് നിന്നുപോയി അവൻ!!!
""നിൻ്റെ ജന്മനിയോഗം പൂർത്തീകരിക്കാതെ നിനക്കിവിടെനിന്ന് വിടവാങ്ങാൻ അനുവാദമില്ല...."" ഇടിമുഴക്കം പോലുള്ള ഒരശരീരി കേട്ട് അവൻ ഞെട്ടിപ്പോയി... ചുറ്റിലും നോക്കിയപ്പോൾ കമാനത്തിനടുത്തായി കരിമ്പടം പുതച്ച് വലിയൊരു സർപ്പാകൃതിയിലുള്ള വടിയും പിടിച്ച് ഒരു വൃദ്ധൻ നിൽക്കുന്നത് അവൻ്റെ ശ്രദ്ധയിൽപ്പെട്ടു... മൂക്കുകയർ പോലെ ഒരു മോതിരവും കാതിൽ ഒരു കടുക്കനും കഴുത്തിൽ രുദ്രാക്ഷമാലകളും മേലാകെ ഭസ്മവും പൂശിയ ആ വൃദ്ധൻ്റെ ഒരു കണ്ണ് തിമിരം വന്നതുപോലെ വെള്ളക്കളറായിരുന്നു... ഒരു മന്ത്രവാദി ലുക്കിലുള്ള അയാളുടേതായിരിക്കാം ആ ശബ്ദമെന്ന് അവൻ ഊഹിച്ചു..
""അല്ല, ഞാൻ ഈ നാട്ടുകാരനല്ല... എനിക്ക് ഇപ്പോൾ പോകണം... എനിയ്ക്ക് ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ല..."" അവൻ തെല്ലു ഭയത്തോടെ പറഞ്ഞു...
ഇതുകേട്ട് അയാൾ ആർത്തട്ടഹസിച്ച് ചിരിക്കുകയാണ് ചെയ്തത്... നാലുദിക്കും കിടുങ്ങുമാറ് ഗാംഭീര്യമുള്ള ശബ്ദമായിരുന്നു അത്... അടുത്തുള്ള മരത്തിൽ ഉറങ്ങിക്കിടന്ന പക്ഷികളിൽ ചിലത് ആ ചിരി കേട്ട് ചിറകടിച്ച് പറന്നുപോയി..
""ഈ പ്രപഞ്ചത്തിൽ നിൻ്റെ കണ്ണിന് കാണാൻ കഴിയാത്തതും മനസ്സിന് മനസ്സിലാക്കാൻ കഴിയാത്തതും ചിന്തകൾക്കതീതവുമായ ഒരുപാട് സത്യങ്ങളുണ്ട്... എവിടെയോ കിടന്നിരുന്ന നീ ഇപ്പോൾ ഇവിടെ നിൽക്കുന്നത് നിൻ്റെ തീരുമാനങ്ങൾ കൊണ്ടല്ല... കൃഷ്ണപക്ഷത്തിലെ പൗർണമി നാളിൽ ജനിച്ച ആയില്യനക്ഷത്രക്കാരന് ഇവിടെ ചെയ്തുതീർക്കേണ്ട കർമ്മങ്ങൾ ഏറെയാണ്.. അത് പ്രകൃതി നിശ്ചയമാണ്.. വിധിയെ തടുക്കാൻ നിനക്കെന്നല്ല ആർക്കും കഴിയില്ല..."" ഇതും പറഞ്ഞ് അയാൾ തൻ്റെ ഇടതുകൈ നീട്ടിപ്പിടിച്ച് ആകാശത്തേക്കുനോക്കി കണ്ണുകളടച്ച് പ്രാർത്ഥിച്ചു...
പെട്ടെന്ന് എവിടെനിന്നോ ഒരു വെള്ളിമൂങ്ങ പറന്നുവന്ന് അയാളുടെ കൈത്തണ്ടയിൽ ഇരുന്നു.. അതിൻ്റെ ചുണ്ടിൽ അഭി റൂമിൽ അഴിച്ചുകളഞ്ഞ മന്ത്രിച്ച ചരട്!! അത് അയാളുടെ കൈയിൽ ഇട്ടിട്ട് ആ മൂങ്ങ പറന്നുചെന്ന് അപ്പുറത്തെ മരക്കൊമ്പിൽ അഭിയെത്തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരുപ്പായി...
"" നീയീ രക്ഷ അഴിക്കരുതായിരുന്നു... ദൈവകൃപ ഒന്നുകൊണ്ടുമാത്രമാണ് നീ ഇപ്പോഴും ജീവിച്ചിരിക്കുന്നത്... ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കരുത്.. വേഗം തിരിച്ചുപോകൂ..."" അ രക്ഷ കെട്ടിക്കൊടുത്തുകൊണ്ട് വൃദ്ധൻ പറഞ്ഞു...
ഇതെല്ലാം കണ്ട് അതിശയിച്ച് നിൽക്കുകയായിരുന്നു അഭി...
""ഞാൻ! ഞാനെന്തുചെയ്യണമെന്നാണ്... എനിക്ക്... ഒന്നും മനസ്സിലാകുന്നില്ല... എൻ്റെ നാൾ ആയില്യം തന്നെയാണ്... എന്നുവച്ച് ഞാനിവിടെ എന്ത് കർമ്മങ്ങൾ ചെയ്യാനാണ്!!! "" അഭി തെല്ലന്താളിപ്പോടെ ചോദിച്ചു...
"" അതെല്ലാം വഴിയേ നിൻ്റെ മനസ്സിൽ തെളിഞ്ഞുവരും... ഭഗവതി അതിനുള്ള വഴി കാണിച്ചുതരും.. ഇപ്പോൾ സമാധാനത്തോടെ തിരിച്ചുപോകൂ... തിരിഞ്ഞുനോക്കരുത്, എന്തുശബ്ദം കേട്ടാലും തിരിഞ്ഞുനോക്കാതെ നടക്കുക... നാളെ നമ്മൾ വീണ്ടും കാണും..."" എന്നുപറഞ്ഞ് ആ വൃദ്ധൻ ഇരുട്ടിലേക്ക് മറഞ്ഞു... അതുവരെ ഉണ്ടായിരുന്ന നിലാവെളിച്ചം പൊടുന്നനെ മേഘം കൊണ്ടുമറഞ്ഞു... കാലൻകോഴിയുടെ കൂവലും നായ്ക്കളുടെ ഓരിയിടലുമെല്ലാം കേൾക്കാൻ തുടങ്ങി... അഭിയുടെ കാലിലൂടെ തണുപ്പിനോടൊപ്പം ഭയവും ഇരച്ചുകയറാൻ തുടങ്ങി... എല്ലാ ധൈര്യവും സംഭരിച്ച് ഫോണിൻ്റെ ലൈറ്റ് ഓണാക്കി അവൻ വേഗം തിരിച്ചുനടന്നു...
ശക്തമായ കാറ്റിൽ മരങ്ങൾ ആടിയുലഞ്ഞു...പലതരം വിചിത്രശബ്ദങ്ങളും അതിനിടയിൽ ചിലങ്കയുടെ ശബ്ദവും ഒരു സ്ത്രീയുടെ തേങ്ങലും എല്ലാം അവന് കേട്ടതുപോലെ തോന്നി... പലതവണ തിരിഞ്ഞുനോക്കാൻ തോന്നിയെങ്കിലും പേടികാരണം അവൻ നേരെനോക്കി വേഗത്തിൽ നടന്നു...
വീടിൻ്റെ പടിപ്പുര കടന്നതും കാറ്റ് നിലച്ചു... ശബ്ദങ്ങളും... അന്തരീക്ഷം പെട്ടെന്ന് സ്വിച്ചിട്ടപോലെ നിശബ്ദമായി... അഭി വേഗം അകത്തുകടന്ന് റൂമിലെത്തി വാതിലടച്ച് കിടക്കയിൽ കിടന്ന് പുതപ്പെടുത്തുമൂടി... ജനലിലൂടെ പുറത്തേക്കുനോക്കിയപ്പോൾ മുൻപുകണ്ട അതേ വെള്ളിമൂങ്ങ മാവിൻ്റെ കൊമ്പിലിരുന്ന് അവനെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു....
അധ്യായം 5
""ചേട്ടാ... എഴുനേൽക്ക്!! അമ്പലത്തിൽ പോവാൻ നേരായി"" ഉറക്കത്തിൽ ആണ്ടുപോയിരുന്ന അഭിയെ അവിടുത്തെ കുട്ടികളിൽ ഒരാളാണ് വിളിച്ചുണർത്തിയത്... കണ്ണുതിരുമ്മി അവൻ ഉറക്കച്ചടവോടെ ഫോൺ തപ്പി സമയം നോക്കി... 8 മണി കഴിഞ്ഞിരുന്നു... ഇന്നലെ രാത്രി നടന്ന കാര്യങ്ങളെല്ലാം അവൻ്റെ മനസ്സിൽ ഓടിയെത്തി...
'ആ വൃദ്ധൻ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയായിരിക്കുമോ? ഇവിടെ വരാനും ഇതൊക്കെ അനുഭവിക്കാനും ശരിക്കും ഞാൻ തിരഞ്ഞെടുക്കപ്പെട്ടതാണോ? എന്തായിരിക്കും എൻ്റെ നിയോഗം?' തുടങ്ങി ഒരുപാടുചോദ്യങ്ങൾ അവൻ്റെ മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു... പല്ലുതേപ്പും കുളിയുമെല്ലാം കഴിഞ്ഞ് പുറത്തേക്കിറങ്ങിയതും നേരെ ചെന്ന് ചാടിയത് നീതുവിൻ്റെയും കുട്ടികളുടെയും മുൻപിലായിരുന്നു.. അവന് അവളുടെ മുഖത്തുനോക്കാൻതന്നെ ചമ്മലായിപ്പോയി... ഇന്നലെ എന്തോ ഒരു ധൈര്യത്തിൻ്റെ പുറത്ത് എടുത്തുചാടി പറഞ്ഞുപോയ കാര്യങ്ങൾ അവളെയും ശരിയ്ക്ക് പിടിച്ചുലച്ചിട്ടുണ്ടെന്ന് അവളുടെ മുഖഭാവത്തിൽ നിന്നും അവനുമനസ്സിലായി... തമ്മിൽ കണ്ടിട്ടും പഴയ ഒരു ഇടപെഴകൽ അവളുടെ ഭാഗത്തുനിന്നുണ്ടായില്ല.. പൂക്കളും താലങ്ങളുമായി നടക്കുന്ന കുട്ടികളുടെ കൂടെ അവളും അവനെ മറികടന്നുപോയി...
""9 മണിയോടെ പൂജകൾ തുടങ്ങും, ഇവിടെ ആരും ഉണ്ടാവില്ല, താൽപര്യമുള്ളവർക്ക് അമ്പലത്തിലേക്ക് വരാം.."" മുൻപിൽചെന്ന് അഭിയ്ക്കു കേൾക്കാവുന്ന തരത്തിൽ കുട്ടികളോടെന്നപോലെ നീതു പറഞ്ഞു...രാത്രിയിലെ ഓട്ടപ്പാച്ചിലുകാരണം അഭിയ്ക്കു നന്നേ വിശക്കുന്നുണ്ടായിരുന്നു.. അടുക്കളഭാഗത്ത് ചെന്നപ്പോൾ നീതുവിൻ്റെ അമ്മയും മേമമാരുമെല്ലാം നല്ല തിരക്കുപിടിച്ച പണികളിൽ ഓടിനടക്കുകയാണ്.. അവരെ ശല്യം ചെയ്യാതെ തന്നെ അവൻ ടേബിളിലുണ്ടായിരുന്ന ഉപ്പുമാവും പഴവും എടുത്ത് കഴിക്കാൻ തുടങ്ങി... "" മോനേ ഒന്നും തോന്നല്ലേ ട്ടോ.. ലേശം തിരക്കിലാണ്.. എന്താ വേണ്ടേന്നുവച്ചാ എടുത്ത് കഴിച്ചോളൂ.. സ്വന്തം വീടായി കണ്ടാ മതി... രേവൂ ഒരു ചായ എടുത്തേ ഇങ്ങോട്ട്.."" നടത്തത്തിനിടയിൽ നീതുവിൻ്റെ അമ്മ പറഞ്ഞു... അതുവഴി പോയവരെല്ലാവരെയും നോക്കി ചിരിച്ചെന്നുവരുത്തി അവൻ വേഗം കഴിച്ചെഴുന്നേറ്റു കൈ കഴുകി...
മുറ്റത്തേക്കിറങ്ങിയപ്പോൾ അച്ഛനും പാപ്പൻമാരുമെല്ലാം എന്തൊക്കെയോ സീരിയസ്സായി സംസാരിച്ചുകൊണ്ടുനിൽക്കുകയായിരുന്നു.. അഭി അവരുടെ അടുത്തേക്ക് നീങ്ങി...
""തൽക്കാലം ഇതാരോടും പറയേണ്ട, ആപത്തൊന്നും ഉണ്ടാവില്ലെന്ന് വിശ്വസിക്കാം.. ചടങ്ങുകൾ നടക്കട്ടെ.. മേളൂര് തിരുമേനിയെ വിളിച്ച് കാര്യം പറയണം... പണ്ടത്തെ ക്രിയകളെല്ലാം വീണ്ടും ചെയ്യേണ്ടിവരുമെന്ന് തോന്നുന്നു... എന്തായാലും ഉത്സവം നടക്കട്ടെ.. "" അവരുടെ അടുത്തെത്താറായപ്പോൾ അഭി അവരെല്ലാം തമ്മിൽ അവസാനമായി പറഞ്ഞ വാക്കുകൾ മാത്രമാണ് കേട്ടത്...
""എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ?"" അഭി ചോദിച്ചു..
""ഏയ്.. ഒന്നുമില്ല..നീ ഭക്ഷണം കഴിച്ചില്ലേ.. വാ അമ്പലത്തിലേക്ക് പോകാം.."" ചെറിയച്ഛൻമാരിലൊരാൾ പെട്ടെന്ന് വിഷയം മാറ്റി.. എല്ലാവരും പെട്ടെന്ന് നിശബ്ദമായി... എല്ലാവരുടേയും മുഖത്ത് വല്ലാത്തൊരു ഉത്കണ്ഠ നിഴലിച്ചിരുന്നു.. കൂടുതലൊന്നും ചോദിക്കാതെ അഭി അവരോടൊപ്പം അമ്പലത്തിലേക്ക് നടന്നു... വീട്ടിൽ നിന്നിറങ്ങി റോഡിലൂടെ കുറച്ച് നടക്കാനേയുള്ളൂ തറവാട്ടമ്പലത്തിലേക്ക്.. റോഡെന്നു പറയുമ്പോൾ എല്ലാം നാട്ടിൻപുറത്തെ മൺപാതകളാണ്... ഇരുവശത്തും കള്ളിമുൾച്ചെടികളും കമ്യൂണിസ്റ്റ് പച്ചകളും കുറ്റിച്ചെടികളും എല്ലാമായി നല്ല ഭംഗിയുള്ള വഴികളാണ്... വൈകീട്ട് വന്നവഴികളും അങ്ങനെത്തന്നെ... റോഡ് ടാറിടാൻ ആരും കോൺട്രാക്ട് എടുക്കാത്തതോ അതോ ഗ്രാമീണത നിലനിർത്താൻ നോക്കിയതാണോ... അഭി ആലോചിച്ചു.. ഇപ്പോഴും ഒരു നാടുവാഴി ലൈൻ പിടിച്ചിരിക്കുന്ന നാടായതുകൊണ്ട് ഇതൊക്കെത്തന്നെ പ്രതീക്ഷിച്ചാൽ മതിയെന്നവനു തോന്നി... എന്തൊക്കെപ്പറഞ്ഞാലും പഴമയുടെ സൗന്ദര്യം ഒന്നുവേറെതന്നെയാണല്ലോ...
കുറച്ചുനടന്നപ്പോഴേക്കും ചെണ്ടമേളത്തിൻ്റെയെല്ലാം ശബ്ദം കേൾക്കാൻ തുടങ്ങി... ഇരുവശത്തും കുരുത്തോല തോരണമെല്ലാം കെട്ടിയിട്ടുള്ള ഇടുങ്ങിയ വഴിയാണ്... ആ വഴി കഴിയാറാവുമ്പാൾ നേരെ നോക്കിയാൽ അമ്പലം കാണാം.. പക്ഷേ ഇടുങ്ങിയവഴി തീരാറാകുമ്പാൾ കുത്തനെ ചെറിയ ഒരിറക്കമാണ്.. ആ ഇറക്കമിറങ്ങുമ്പോൾ നേരെ കാണുന്നത് വലിയൊരു അമ്പലക്കുളമാണ്.. ഇറക്കമിറങ്ങുന്നതുവരെ അങ്ങനൊരു കുളം അവിടെയുള്ളതായി തോന്നുകയേയില്ല!.നിറയെ ആമ്പലുകൾ നിറഞ്ഞുനിൽക്കുന്ന ആ കുളത്തിനെ ചുറ്റിയാണ് വഴിയുള്ളത്.. സ്ഥലപരിചയമില്ലാത്തവരാരെങ്കിലും രാത്രി വണ്ടിയോടിച്ച് വന്നാൽ നേരെ കുളത്തിലായിരിക്കും ചെന്ന് ചാടുക... കുളത്തെ മറികടന്ന് കുറച്ചു പടികൾ കടന്നുചെന്നാലാണ് അമ്പലം കാണുക.. വളരെ ചെറിയൊരമ്പലമാണ്.. ഒരു ശ്രീകോവിലും ഇരുവശത്തും മറ്റുരണ്ടു പ്രതിഷ്ഠകളും ഒരു ചുറ്റുമതിലുമൊക്കെയേ ഉള്ളൂ.. പുറമേ വിശാലമായ അമ്പലപ്പറമ്പാണ്.. അമ്പലത്തിനു നേരെ മുൻപിലായി വലിയൊരാലും... ആലിൻ്റെയും മുൻപിലാണ് നേരത്തേ പറഞ്ഞ അമ്പലക്കുളം.. പടിഞ്ഞാറുദർശനമായിട്ടാണ് അമ്പലമെന്നതുകൊണ്ടുതന്നെ സൂര്യൻ ശ്രീകോവിലിനു നേർമുകളിൽ ഉദിച്ചുനിൽപ്പുണ്ടായിരുന്നു... സൂര്യരശ്മികൾ ആൽമരത്തിൻ്റെ ചില്ലകൾക്കിടയിലൂടെ ഇരച്ചിറങ്ങി നേരെ കുളത്തിലെ വെള്ളത്തിനു തിളക്കം നൽകുന്നത് കണ്ണിനുകുളിർമ്മയേകുന്ന കാഴ്ച്ചതന്നെയായിരുന്നു... ഇതൊക്കെ കണ്ട് കഴുത്തിലെ ക്യാമറ തപ്പിയപ്പോഴാണ് ധൃതിയിൽ ക്യാമറയെടുക്കാൻ മറന്ന കാര്യം അഭി ഓർത്തത്.. വല്ലാത്തൊരു നഷ്ടബോധം അവനെ പിടികൂടി.. ഇനി തിരിച്ചുപോയി ക്യാമറയെടുത്തുവരാൻ സമയവുമില്ല... വാടിയമുഖവുമായി അവൻ അമ്പലത്തിനകത്തുകടന്നു...
അവിടെ ഒരുവശത്ത് പഞ്ചവാദ്യം തകർത്തുകൊണ്ടിരിക്കുകയായിരുന്നു.. എതിർവശത്തായി കുട്ടികളെല്ലാം ഓരോ താലം പിടിച്ച് നിൽപ്പുണ്ട്.. നടുവിൽ നീതുവും.. നീതുവിൻ്റെ കയ്യിലെ താലത്തിൽ പട്ടിൽ പൊതിഞ്ഞ് ഒരു ചെറിയ വിഗ്രഹവുമുണ്ട്.. ചുറ്റമ്പലത്തിനകത്തും പുറത്തുമായി ഒരുപാട്പേർ കൂടിയിരുന്നു.. അമ്പലപ്പറമ്പിൽ അങ്ങിങ്ങായി ചെറിയ ചെറിയ കടകളെല്ലാമുണ്ടായിരുന്നു.. അൽപ്പസമയത്തിനുള്ളിൽ ശ്രീകോവിലിനകത്തുനിന്ന് പൂജാരി ഇറങ്ങിവന്നു.. അദ്ദേഹത്തിൻ്റെ കയ്യിലെ കുത്തുവിളക്കിൽ നിന്ന് അയാൾ നീതുവിൻ്റെ താലത്തിലെ തിരി കത്തിച്ചു.. കൂടെ കുട്ടികളുടെ താലത്തിലേക്കും.. മന്ത്രോച്ചാരണങ്ങൾക്കൊപ്പം മേളത്തിൻ്റെ അകമ്പടിയോടെ അവരെല്ലാവരും അമ്പലത്തെ മൂന്നുവട്ടം വലംവച്ചു.. ശേഷം നീതു മാത്രം ചുറ്റമ്പലത്തിനുപുറത്തുവന്ന് ആലിൻചുവട്ടിലെ തിരിയും തെളിയിച്ചു.. പിന്നെയവൾ നേരെ അമ്പലത്തിനു പുറകിലെ കാടിനെ ലക്ഷ്യംവച്ചാണ് നീങ്ങിയത്...
"" അവൾ ഇതെങ്ങോട്ടാ ഒറ്റയ്ക്ക് പോകുന്നേ?"" അഭി അവിടെ നിന്ന കുട്ടികളോട് സംശയത്തോടെ ചോദിച്ചു..
""അത് നീലിത്തറയിൽ വിളക്ക് വെക്കാൻ പോകുവാ.. പൂമലക്കാട്ടിലെ പാലയുടെ ചുവട്ടിൽ... അവിടേക്ക് ഓപ്പോളല്ലാതെ ആരും പൊയ്ക്കൂടാ..."" ഒരുകുട്ടി പറഞ്ഞു...
ഇടതൂർന്നുനിൽക്കുന്ന വലിയ മരങ്ങൾക്കിടയിലൂടെ നീതു പൂമലക്കാട്ടിനുള്ളിലേക്ക് നടന്നുകയറുന്നത് എല്ലാവരേയും പോലെ അഭിയും നോക്കിനിന്നു... സമയം ഒൻപതര ആവുന്നതേയുള്ളൂവെങ്കിലും ആ കാടിനകത്തേയ്ക്ക് തീരെ വെളിച്ചം ഇല്ലാതെ ഇരുണ്ടുകിടക്കുകയാണെന്ന് തോന്നിപ്പോവും...
എല്ലാവരും ഓരോരോ വർത്തമാനങ്ങളിൽ മുഴുകി ഓരോ ഭാഗത്ത് കൂട്ടംകുടി നിൽപ്പാണ്.. അഭി പതിയെ അമ്പലപ്പറമ്പിലെല്ലാം ഒന്ന് ചുറ്റിനടന്നു.. "ശ്രീധരേട്ടൻ്റെ വീട്ടിലെ അതിഥിയാ" എന്ന പരിഗണനയിൽ ഒരുകടയിൽ നിന്നും അലുവയും പൊരിയും മുറുക്കുമെല്ലാം ടേസ്റ്റ് നോക്കാൻ കിട്ടി അഭിയ്ക്ക്.. മായം ചേർക്കാത്ത അവയുടെ സ്വാദ് അവന് നന്നേ പിടിച്ചു.. തിരിച്ചുപോകുമ്പാൾ കുറച്ച് കൊണ്ടുപോകാൻ വേണമെന്ന് അവൻ കടക്കാരനെ പറഞ്ഞേൽപ്പിച്ചിട്ട് പതിയെ അവൻ പടികളിറങ്ങി അമ്പലക്കുളത്തിനടുത്തേക്ക് നടന്നു...
രണ്ടുമൂന്ന് പടവുകളിറങ്ങി അഭി കൈക്കുമ്പിളിൽ അൽപ്പം വെള്ളമെടുത്ത് മുഖം കഴുകി.. നല്ല തണുത്ത വെള്ളമായിരുന്നു കുളത്തിലേത്... മൊട്ടിട്ടതും വിടർന്നതുമായ താമരകളും ആമ്പലുകളും ഒരുപാടുണ്ടായിരുന്നു അവിടെ... രണ്ടെണ്ണം പറിയ്ക്കാൻ തുനിഞ്ഞപ്പോഴാണ് ചുമരിലെഴുതിയത് അവൻ ശ്രദ്ധിച്ചത് - "പൂ പറിയ്ക്കരുത്, ദേവൻ്റെ പൂജയ്ക്കുള്ളവയാണ്.."
ഇനി ഇത് പറിച്ചിട്ട് അതൊരു കുറ്റമാവേണ്ടെന്നുവച്ച് അവൻ തൻ്റെ ഉദ്യമത്തിൽനിന്ന് പിൻതിരിഞ്ഞു.. കുറച്ചുനേരം കാറ്റുകൊണ്ട് അവിടെ കുളപ്പടവിൽ കുറച്ചതികം നേരം അവൻ പ്രകൃതിഭംഗിയാസ്വദിച്ചിരുന്നു... ഇടയ്ക്കൊന്ന് സമയം നോക്കിയപ്പോൾ പത്തര കഴിഞ്ഞിരുന്നു.. പതിയെ അവിടെ നിന്നെഴുന്നേറ്റ് അമ്പലമുറ്റത്തേക്ക് കയറിയപ്പോൾ അവിടെ എല്ലാവരും ആദിപിടിച്ച് തലങ്ങും വിലങ്ങും ഓടുകയാണ്... നീതുവിൻ്റെ അമ്മയും മേമമാരും കൂട്ടക്കരച്ചിലിലാണ്.. അച്ഛനും ചെറിയച്ഛൻമാരും ആരെയൊക്കെയോ ഫോണിൽ വിളിച്ച് കാര്യമായ സംസാരത്തിലാണ്.. എല്ലാവരുടെയും മുഖത്ത് ആധികയറിയിരിപ്പുണ്ട്...
""എന്താ അമ്മേ കരയുന്നത്! എന്തുപറ്റീ?? എന്താ പ്രശ്നം?"" അഭി നീതുവിൻ്റെ അമ്മയോട് ചോദിച്ചു.. അമ്മ ആകെ കരഞ്ഞുതളർന്നിരിക്കുകയാണ്.. മേമമാരിൽ ഒരാളാണ് അവനോട് മറുപടിപറഞ്ഞത് -
""വിളക്കുവച്ച് 15-20 മിനിറ്റിനുള്ളിൽ തിരിച്ചുവരാറുള്ളതാണ് ... നീതു.. അവൾ.. അവളിതുവരെയും തിരിച്ചെത്തിയിട്ടില്ല...""
അധ്യായം 6
"" എന്നിട്ടെന്താ എല്ലാവരും ഇവിടെത്തന്നെ നിൽക്കുന്നത്? തിരഞ്ഞുപോയില്ലേ ആരും? പോലീസിനെ അറിയിച്ചില്ലേ?? വന്യമൃഗങ്ങളൊക്കെയുള്ള കാടല്ലേ... എന്തെങ്കിലും സംഭവിക്കുന്നതിനുമുന്നേ ആരെങ്കിലും ഒന്ന് പോയി നോക്കിക്കൂടേ.."" അവൻ്റെ മനസ്സിലെ ആധി വാക്കുകളിലൂടെ അവൻ പ്രകടമാക്കി...
"" പോലീസൊന്നും വേണ്ട.. അവൾ തിരിച്ചുവന്നോളും, ഇന്നും ഇന്നലെയും പോകാൻ തുടങ്ങിയതല്ലല്ലോ അവൾ ആ കാട്ടിൽ.. കുറച്ചുനേരം കൂടി നോക്കാം.. മോൻ ടെൻഷനടിക്കേണ്ട.. അവിടെ എങ്ങാനും പോയിരിക്ക്.."" അവളുടെ അച്ഛൻ വലിയ കൂസലില്ലാതെ പറഞ്ഞു.. ഇത് കേട്ടപ്പോൾ അഭിയ്ക്ക് കലികയറി..
""നിങ്ങളെന്തൊക്കെയാ ഈ പറയുന്നേ! ഒറ്റയ്ക്ക് ഒരാൾ, അതും നിങ്ങടെ മകൾ തന്നെ കാട്ടിനകത്തുപോയിട്ട് ഇത്രേം നേരമായിട്ടും തിരിച്ചുവരാഞ്ഞിട്ടും നിങ്ങളൊക്കെ കയ്യും കെട്ടി നോക്കി നിൽക്കുവാണോ!! നിങ്ങളുടെയൊക്കെ സ്വബോധം നശിച്ചുപോയോ!!"" അവൻ കയർത്തു..
"" ഞങ്ങൾക്ക് ആധിയില്ലാഞ്ഞിട്ടല്ല അഭി.. ഇവിടെ കർമ്മങ്ങൾ നടക്കുമ്പോൾ ഇവിടുത്തുകാരാരും നീലിത്തറയിലേക്ക് പോകരുതെന്നാണ് ചിട്ട.. ആചാരങ്ങൾ ഇവിടാരും തെറ്റിക്കില്ല..... പുറത്തുനിന്ന് പോലീസല്ല പട്ടാളം വന്നാലും ഉത്സവദിവസങ്ങളിൽ ഈ നാട്ടിൽ കയറത്തുമില്ല.. അവൾക്കൊന്നും സംഭവിക്കില്ല.. ഭഗവാൻ കാത്തുകൊള്ളും.."" ഇതുകേട്ട് അവനെ സമാധാനിപ്പിക്കാനെന്നോണം അവളുടെ ചെറിയച്ഛൻമാരിലൊരാൾ പറഞ്ഞു..
""നിങ്ങളും നിങ്ങളുടെ കുറേ ആചാരങ്ങളും!! അവളവിടെ ഏതവസ്ഥയിലാണെന്ന് പോലും അറിയാതെ... നിങ്ങളിവിടെ അന്ധവിശ്വാസങ്ങളും കെട്ടിപ്പിടിച്ചിരുന്നോ... ആരും വന്നില്ലെങ്കിലും ഞാൻ പോയി നോക്കാൻ പോകുവാ.. എനിക്കിങ്ങനെ സമാധാനമായിട്ടിരിക്കാൻ കഴിയില്ല..."" അഭി ഇതും പറഞ്ഞ് വാശിയോടെ കാടിനെ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി... നീതുവിൻ്റെ അച്ഛൻ അവനെ തടയാനൊരുങ്ങി...
""അവനെ തടയേണ്ട.. അവൻ പോയി വരട്ടെ.. അതവൻ്റെ നിയോഗമാണ്.."" പിറകിൽ നിന്ന് ഒരു ശബ്ദം കേട്ട് അച്ഛൻ നിന്നു.. തിരിഞ്ഞുനോക്കിയപ്പോൾ ഇന്നലെ അഭി കണ്ട അതേ വൃദ്ധൻ... അദ്ദേഹത്തിൻ്റെ വാക്കുകൾ വളരെ ഭയഭക്തിബഹുമാനത്തോടെ അവിടെയുള്ളവർ അനുസരിച്ചു.. ഒരാളുടേയും കൂട്ടില്ലാതെ അഭി നേരെ കാട്ടിലേക്കുള്ള നടവഴിയിലൂടെ നടന്നു..
നീതു പറയാറുള്ളതുപോലെ വളരെ ഭംഗിയുള്ള കാടുതന്നെയാണ് പൂമലക്കാട്.. അധികമാരും ഉപയോഗിക്കാത്ത നടവഴിയാണ്.. ഇരുവശങ്ങളിലും വലിയ മരങ്ങളും അവയിൽ നിന്ന് നിലത്തുമുട്ടിനിൽക്കുന്ന മരവാഴകളും... നിലത്ത് പണ്ടുകടപുഴകിയ ജീർണ്ണിച്ച മരങ്ങളുടെ അവശിഷ്ടങ്ങളും അതിൽ നിന്നെല്ലാം പുതിയതായി വളർന്നുനിൽക്കുന്ന ചെടികളും പൂക്കളും എല്ലാമുണ്ട്.. നടക്കുന്നതിനിടയിൽ പലതരം ശബ്ദങ്ങളും അവൻ കേൾക്കാൻ തുടങ്ങി.. പക്ഷികളുടെ ചിലയ്ക്കലും മുളകൾ തമ്മിൽ ഉരസുന്ന ശബ്ദവും അങ്ങനെ എന്തെല്ലാമോ.. കുറച്ച് നേരം മുന്നോട്ടു നടന്നപ്പോൾ കുറച്ചകലെയായി ഒരുവെട്ടം അഭി കണ്ടു.. വേഗം ഓടി അങ്ങോട്ടുചെന്നപ്പോൾ കണ്ടത് ഒരു മൺതറയ്ക്കുമുകളിൽ നീതുവിൻ്റെ കയ്യിലുണ്ടായിരുന്ന താലം ഇരിയ്ക്കുന്നതാണ്.. അതിലെ തിരി കെട്ടിട്ടില്ലായിരുന്നു...
മൺതറയ്ക്കുമുകളിൽ ഒരു മരത്തിൻ്റെ സ്ത്രീ പ്രതിമയിരിപ്പുണ്ടായിരുന്നു... അതിനുമുൻപിലായി ഒരു വിളക്കും.. ആ വിളക്കിൽ എണ്ണയൊഴിച്ച് തിരിയിട്ടിട്ടുണ്ട്... നീതു കത്തിയ്ക്കാൻ തുടങ്ങിയതായിരിക്കണം.. എന്നിട്ട് ഇവൾ ഇതെവിടെപ്പോയി?? അവൻ ചുറ്റിലും നോക്കി...
""നീതു... നീതു.... നീയെവിടെയാ... നീതു.... കേൾക്കുന്നുണ്ടോ??"" അവൻ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു.. ആ മൺതറയ്ക്കുചുറ്റും ഒന്ന് നടന്നുനോക്കി.. അപ്പോഴാണ് ആ മൺതറയ്ക്ക് പിറകിലായി ഒരു പാലമരം കടപുഴകി വീണുകിടക്കുന്നത് അവൻ ശ്രദ്ധിച്ചത്... നിറയെ പൂക്കളുള്ള ആ മരം വീണിട്ട് ഒന്നോ രണ്ടോ ദിവസമേ ആയിട്ടുള്ളൂ എന്ന് അവന് തോന്നി.. കാരണം പൂക്കളൊന്നും വാടിയിട്ടുണ്ടായിരുന്നില്ല.. അവയുടെ മാദകഗന്ധം അവിടമാകെ പരന്നിരുന്നു... ആ പാലമരത്തിലാകെ ചുവപ്പും മഞ്ഞയും ചരടുകളും ഏലസ്സുകളും എല്ലാം വരിഞ്ഞുകെട്ടിയിട്ടുണ്ടായിരുന്നു..
പെട്ടെന്ന് അടുത്തുള്ള പൊന്തക്കാടിൽ ഒരനക്കം കേട്ടു.. ചെടികൾക്കിടയിലൂടെ എന്തോ നടക്കുന്ന ശബ്ദം.. അതി പതിയെ നീങ്ങി നീങ്ങി അവൻ്റെയടുത്തേക്ക് വരുന്നുണ്ടായിരുന്നു.. വല്ല പുലിയോ കടുവയോ ആണോ എന്ന് അവൻ ഒരുനിമിഷം പേടിച്ചുപോയി.. ഉള്ള ധൈര്യമെല്ലാം സംഭരിച്ച് അവൻ അടുത്തോകിടന്ന ഒരു വടിയെടുത്ത് മുറുകെ പിടിച്ചു.. പെട്ടെന്ന് ആ പൊന്തക്കാട്ടിൽ നിന്ന് ഒരു കുരങ്ങൻ അവൻ്റെ മുൻപിലേക്ക് ചാടി...
പെട്ടെന്ന് പേടിച്ച് ഒന്ന് പിറകിലേക്ക് മാറിയെങ്കിലും കുരങ്ങനാണെന്ന് കണ്ടപ്പോൾ കുറച്ചൊന്ന് ആശ്വാസമായി അവന്.. മാറിപ്പോകാൻ വേണ്ടി കൈകൊണ്ട് കാണിച്ചിട്ടും ആ കുരങ്ങൻ അവിടെ നിന്ന് അനങ്ങുന്ന ഭാവമില്ല.. എന്നാൽ അഭി എങ്ങോട്ടെങ്കിലും നീങ്ങിയാലോ, അതേപോലെ അവൻ്റെ എതിർവശത്ത് ആ കുരങ്ങനും അവനെ വിടാതെ നോക്കി നിൽക്കുന്നു.. ഇതെന്ത് കൂത്ത് എന്നറിയാതെ അവനും അൽപ്പനേരം നിന്നു.. ആ കുരങ്ങൻ എന്തോ തന്നോട് പറയാനാഗ്രഹിക്കുന്നതുപോലെ അവന് തോന്നി..
ആ കുരങ്ങൻ പതിയെ മൺതറയിലേക്ക് കയറി പ്രതിമയ്ക്ക് സമീപം ഇരുന്ന് ഒരു കൈ കൊണ്ട് വിളക്കിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നു... അഭി ആശ്ചര്യപ്പെട്ടുപോയി! ആ വിളക്ക് കൊളുത്താനാണ് കുരങ്ങൻ പറയുന്നതെന്ന് അവന് കൃത്യമായി മനസ്സിലായി.. അവൻ പതിയെ ചെന്ന് തിരി നീട്ടി വിളക്കുകൊളുത്തി... പെട്ടെന്ന് എവിടെനിന്നോ ശക്തിയായി കാറ്റുവീശി വിളക്കണഞ്ഞു... ആരുടേയോ അലർച്ചപോലെ കാറ്റുവീശിപ്പോയപ്പോൾ അഭി ഞെട്ടിപ്പോയി!! കുരങ്ങൻ എന്തൊക്കെയോ ശബ്ദങ്ങളുണ്ടാക്കിക്കൊണ്ട് ഒന്നുരണ്ടുവട്ടം തുള്ളിച്ചാടിക്കൊണ്ട് വീണ്ടും വിളക്കിലേക്ക് ചൂണ്ടിക്കാണിച്ചു.. ഇത്തവണ ഒന്ന് കണ്ണടച്ച് പ്രാർത്ഥിച്ചതിനുശേഷമാണ് അവൻ വിളക്കുകൊളുത്തിയത്... കാറ്റുവീശിയാൽ അണയാതിരിക്കാൻ അവൻ കൈകൾകൊണ്ട് തിരി മറച്ചുപിടിച്ചു..
ഇത്തവണയും കാറ്റുവീശിയെങ്കിലും തിരിയണഞ്ഞില്ല... കാറ്റുനിലച്ചപ്പോൾ ആ വിളക്ക് നല്ല ശോഭയോടെ നിന്ന് കത്തുവാൻ തുടങ്ങി.. കുരങ്ങൻ അവിടെ ഉണ്ടായിരുന്ന താലത്തിലെ ചന്ദനത്തിലേക്കും കുങ്കുമത്തിലേക്കും തുടർന്ന് പ്രതിമയിലേക്കും മാറിമാറി കൈകാണിച്ചുകൊണ്ട് തുള്ളിച്ചാടിക്കൊണ്ടിരുന്നു...
അത് മനസ്സിലാക്കിക്കൊണ്ട് അഭി ആ പ്രതിമയിൽ ആദ്യം ചന്ദനവും അതിനുമുകളിൽ കുങ്കുമവും തൊടുവിച്ചു.. കാടുവിറയ്ക്കുമാറ് വലിയൊരലർച്ചയാണ് പിന്നെ അവൻ കേട്ടത്!!! നീതുവിൻ്റെ ശബ്ദമാണതെന്ന് അവന് തോന്നി... ശബ്ദം കേട്ടതെവിടെനിന്നാണെന്ന് മനസ്സിലാകാത്തവിധം അത് നാനാഭാഗത്തുനിന്നും മുഴങ്ങുകയായിരുന്നു ആ അലർച്ച...
ചുറ്റും നോക്കി തിരിഞ്ഞുകൊണ്ടിരിക്കുന്ന അഭിയെ കുരങ്ങൻ ശബ്ദമുണ്ടാക്കി അവൻ്റെ ശ്രദ്ധ ക്ഷണിച്ചു.. അഭി നോക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ മൺതറയിൽ നിന്നിറങ്ങി അത് ഒരുഭാഗത്തേക്ക് ചാടിച്ചാടി പോയി.. രണ്ടുമൂന്നടിവച്ച് നിന്നതിനുശേഷം അത് അഭിയെ വീണ്ടും തിരിഞ്ഞ് നോക്കി.. തനിയ്ക്ക് വഴി കാണിച്ചുതരാനാണ് ആ കുരങ്ങൻ ശ്രമിക്കുന്നതെന്ന് അഭിയ്ക്ക് മനസ്സിലായി... അവൻ ആ കുരങ്ങൻ്റെ പിന്നാലെ കാട്ടിനുള്ളിലേക്ക് നടന്നു...
കുറച്ചു നടന്നപ്പോൾ നിറയെ പാറക്കെട്ടുകളുള്ള ഒരു ചെറിയ വെള്ളച്ചാട്ടത്തിനടുത്താണ് അവരെത്തിയത്... ചെറിയൊരു കുന്നിൻ്റെ മുകളിൽ നിന്ന് താഴേക്ക് ചാടുന്ന വളരെ തെളിനീരുള്ള ഒരു ഭംഗിയേറിയ വെള്ളച്ചാട്ടമായിരുന്നു അത്.. ചെറിയ ചെറിയ പാറകളും കല്ലുകളുമെല്ലാം വെള്ളച്ചാട്ടത്തിനുതാഴെയുണ്ട്..
വഴികാട്ടിയായ കുരങ്ങൻ നേരെ വെള്ളച്ചാട്ടത്തിൻ്റെ നടുവിലൂടെ അകത്തേക്ക് ചാടി! പിറകെ അഭിയും വെള്ളത്തിൻ്റെ തിരശീലയെ വകഞ്ഞുമാറ്റിക്കൊണ്ട് നേരെ നടന്നു... അതിനകത്തി വലിയൊരു ഗുഹയായിരുന്നു!! പുറമേ നിന്നും നോക്കിയാൽ അങ്ങനൊരു ഗുഹയുള്ളതായി തോന്നുകയേയില്ല... ഇരുട്ടുനിറഞ്ഞ ആ ഗുഹയ്ക്കകത്ത് കയറിയപ്പോൾ അഭി ഫോണിൻ്റെ ഫ്ലാഷ് ഓണാക്കി..
അതിനകത്ത് നിലത്ത് വീണുകിടക്കുന്ന നീതുവിനെ ഫ്ലാഷിൻ്റെ വെട്ടത്തിൽ അവൻ കണ്ടു....
അധ്യായം 7
വെള്ളച്ചാട്ടത്തിൽ നിന്നും ഒരു കുമ്പിൾ വെള്ളമെടുത്ത് അഭി നീതുവിൻ്റെ മുഖത്ത് തളിച്ചു... പക്ഷേ അവൾ കണ്ണുതുറന്നില്ല.. രണ്ടാമതൊന്ന് ആലോചിക്കാതെ അവൻ അവളെ കോരിയെടുത്ത് വേഗം തിരികെ നടന്നു... വഴുക്കുന്ന പാറക്കെട്ടുകളും ചരിവുള്ള കുന്നുമൊന്നും അവൻ്റെ യാത്രയ്ക്ക് തടസ്സമായില്ല... വലിയ ഭാരമൊന്നുമില്ലെങ്കിലും ബോധം കെട്ട് കുഴഞ്ഞുകിടക്കുന്ന നീതുവിനെ താങ്ങിപ്പിടിച്ച് കാടിനുവെളിയിൽ എത്തിയപ്പോഴേക്കും അവൻ നന്നേ ക്ഷീണീച്ചിരുന്നു...
അവൻ്റെ വരവും കാത്ത് ആ നാടുമുഴുവൻ അവിടെ കണ്ണുനട്ടിരിപ്പുണ്ടായിരുന്നു... അവളെയും താങ്ങിപ്പിടിച്ച് അവൻ കാട്ടുവഴിയിൽ നിന്ന് പുറത്തുവന്നതും ആരെല്ലാമോ ചേർന്ന് അവളെ ഏറ്റുവാങ്ങി അമ്പലത്തിൻ്റെ വരാന്തയിൽ കിടത്തി... അവളുടെ അമ്മയും മറ്റും അവളുടെ അടുത്തേക്ക് ഓടിച്ചെന്നു..എല്ലാവരും അവൾക്ക് ചുറ്റുംകൂടി.. അഭി ക്ഷീണത്തോടെ ചുറ്റുമതിലിൽ ചാരി നിന്നു.. ആ കൂട്ടത്തിൽ ഒരു ഡോക്ടറോ നഴ്സോ ഉണ്ടെന്ന് അഭിയ്ക്ക് തോന്നിയില്ല... പക്ഷേ അവളെ പരിചരിക്കാൻ വന്നത് ചുവപ്പ് പട്ടുചുറ്റിയ ഒരു സന്യാസിയായിരുന്നു... കഴുത്തിൽ നിറയെ രുദ്രാക്ഷമാലകളും കയ്യിൽ മന്ത്രവടിയുമെല്ലാമായി ഒരു മാന്ത്രികൻ.. അദ്ദേഹം എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് കുറച്ച് വെള്ളമെടുത്ത് നീതുവിൻ്റെ മുഖത്തുതളിച്ചതും അവൾ പതിയെ കണ്ണുതുറന്നു..!
ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആ മാന്ത്രികൻ നേരെ അഭിയുടെ അടുത്തേക്കാണ് ചെന്നത്.. ഒരു മൊന്തയിൽ വെള്ളം കുടിയ്ക്കാനായി അവൻ്റെ നേർക്ക് അദ്ദേഹം നീട്ടി.. ക്ഷീണത്തിൻ്റെ ആധിക്യത്താൽ ഒറ്റവലിക്ക് ആ വെള്ളം മുഴുവൻ അഭി കുടിച്ചുതീർത്തു... അവൻ്റെ അൽപ്പം ആശ്വാസമായി ശ്വാസോച്ഛ്വാസം സാധാരണ ഗതിയിലായപ്പോൾ ആ മാന്ത്രികൻ അവൻ്റെ തോളിൽ തട്ടിക്കൊണ്ട് അവനോട് സംസാരിക്കാൻ തുടങ്ങി...
"" ഇവിടെ നടക്കുന്ന സംഭവങ്ങളെല്ലാം തനിയ്ക്ക് അവിശ്വസനീയമായിരിക്കും അല്ലേ.. എൻ്റെ കൂടെ വരൂ.. തൻ്റെ മനസ്സിലെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഞാൻ തരാം.. എൻ്റെ കൂടെ വരൂ.."" എന്നും പറഞ്ഞ് അദ്ദേഹം പതിയെ ആൽമരച്ചോട്ടിലേക്ക് നടന്നു.. കൂടെ അഭിയും..
""ഞാൻ മേളൂർ ബ്രഹ്മദത്തൻ... മേളൂർ തിരുമേനി എന്ന് എല്ലാവരും വിളിക്കും... ഉച്ചാടനവും ആവാഹനവും എല്ലാം ചെയ്യുന്ന ഒരു മന്ത്രവാദി എന്ന് വേണമെങ്കിൽ തൻ്റെ ഭാഷയിൽ പറയാം..ഞാനിനി പറയാൻ പോകുന്ന കാര്യങ്ങൾ ചിലപ്പോൾ തൻ്റെ യുക്തിയ്ക്ക് നിരക്കാത്തതായിരിക്കാം.. പക്ഷേ പ്രകൃതി സത്യങ്ങളാണ് എല്ലാം.. തനിയ്ക്ക് എങ്ങനാ, ഈ ഭൂതപ്രേതങ്ങളിലെല്ലാം വിശ്വാസമുള്ള കൂട്ടത്തിലാണോ??"" അദ്ദേഹം അവനോട് ചോദിച്ചു.. അഭി അതിനുത്തരമൊന്നും പറഞ്ഞില്ല, പക്ഷേ അവൻ്റെ മുഖത്ത് അവനറിയാതെ തന്നെ ഒരു പുച്ഛം നിറഞ്ഞ ചിരി തനിയെ പൊട്ടിവിടർന്നു... അത് അദ്ദേഹം കാണുകയും ചെയ്തു...
""അന്ധവിശ്വാസങ്ങൾ എന്നായിരിക്കും തൻ്റെ മനസ്സിൽ.. അല്ലേ.. എന്നാൽ തനിയ്ക്ക് മനസ്സിലാവുന്ന സയൻസിൻ്റെ ഭാഷയിൽ പറയാം... ഈ ഭൂമി ഉണ്ടായകാലം മുതൽക്കേ ഇവിടെ പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും ഉണ്ട്.. അത് നമ്മുടെ കണ്ണുകൊണ്ട് കാണുന്നില്ലെങ്കിലും അതിൻ്റെ എഫക്ട് നമ്മളെല്ലാം നിത്യജീവിതത്തിൽ അനുഭവിക്കുന്നതാണ്... ഉറങ്ങി എണീറ്റാൽ ഉള്ള ഒരു ഉറക്കച്ചടവ് ഒന്ന് കുളിച്ചാൽ മാറുന്നില്ലേ... അതുപോലെ മൂഡോഫായി ഇരിക്കുമ്പോൾ ഒരു നല്ല പാട്ടുകേട്ടാൽ റിലാക്സ് ആവില്ലേ.. ഇതെല്ലാം ഒരുതരം പോസിറ്റീവ് എനർജിയാണ്.. അത്തരം എനർജിയെ ശരിയാംവണ്ണം ഡിസ്പേർസ് ചെയ്യാനാണ് ഈ അമ്പലങ്ങളും അതിൻ്റെ കിടപ്പുവശങ്ങളുമെല്ലാം... ഒന്നും വേണ്ട വെറുതേ ഈ ആലിൻ്റെ ചുവട്ടിൽ വന്നിരുന്നാൽ തന്നെ ശുദ്ധമായ ഓക്സിജൻ കിട്ടുന്നതുമൂലം മനസ്സിനും ശരീരത്തിനും ഒരുണർവ്വ് കിട്ടുന്നില്ലേ.. അത്രേ ഉള്ളൂ കാര്യം.. ഈ പോസിറ്റീവ് എനർജി ഉള്ളതുപോലെ തന്നെയാണ് നെഗറ്റീവ് എനർജിയുടേയും കാര്യം.. ഈ എലിയും പക്ഷികളുമെല്ലാം ചത്ത് ചീയുമ്പോൾ അതിൻ്റെ രൂക്ഷഗന്ധം മൂലം അതിനടുത്തുപോലും പോകാൻ കഴിയാറില്ലല്ലോ.. അതൊക്കെ ഈ നെഗറ്റീവ് എനർജിയിൽ പെടും.. മനുഷ്യർ മരിക്കുമ്പോഴും അങ്ങിനെത്തന്നെ.. ശവശരീരത്തിൽ നിന്നും വമിക്കുന്ന നെഗറ്റീവ് എനർജി നമ്മളെ ബാധിക്കാതിരിക്കാനാണ് കർമ്മങ്ങളും കാര്യങ്ങളുമെല്ലാം, അതുപോലെ മരണവീട്ടിൽ പോയിവന്നാൽ കുളിച്ചിട്ട് വീട്ടിൽ കയറമെന്നു പറയുന്നതുമെല്ലാം ഇതൊക്കെക്കൊണ്ടുതന്നെയാണ്.. "" അദ്ദേഹത്തിൻ്റെ ക്ലാസെടുക്കലിങ്ങനെ നീണ്ടുപോയ്ക്കൊണ്ടിരുന്നു.. അഭി എരല്ലാം ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിൽക്കൂടി കളഞ്ഞുകൊണ്ടിരുന്നു...
"" ഇതൊന്നും തൻ്റെ ബുദ്ധി സ്വീകരിക്കില്ലെന്നറിയാം.. തൻ്റെ ലോജിക്ക് വച്ച് താൻ തന്നെ പറയൂ, ഇവിടെ വരാൻ വേണ്ടി സ്വയം തീരുമാനമെടുത്ത തനിക്കെന്തേ സ്വയം തീരുമാനമെടുത്തിട്ടും ഇന്നലെ രാത്രി ഇവിടം വിട്ട് പോകാൻ കഴിഞ്ഞില്ല??"" അദ്ദേഹം അഭിയോട് ചോദിച്ചു.. അഭി അന്തംവിട്ടുപോയി!! ഇന്നലത്തെ കാര്യം താനായിട്ട് ആരോടും പറഞ്ഞിട്ടില്ല!! പിന്നെങ്ങനെ ഇയാളിതറിഞ്ഞു!!
""അക്കാര്യം ഞാനെങ്ങനെ അറിഞ്ഞു എന്നാണോ താൻ ചിന്തിക്കുന്നത്... ഞാൻ പറഞ്ഞില്ലേ ഇവിടെ ഈ അന്തരീക്ഷത്തിൽ നമ്മുടെയെല്ലാം ഭൂതകാലത്തെ ചെയ്തികൾ തളംകെട്ടിക്കിടപ്പുണ്ട്... അവയുടെ പൂർണതയെത്താതെ അതിനന്ത്യമില്ല... അതെൻ്റെ ജ്ഞാനദൃഷ്ടിയാണെന്ന് തന്നെ കരുതിക്കോളൂ.. താൻ മറുപടി പറഞ്ഞില്ല.."" അഭിയുടെ നിൽപ്പുകണ്ട് അദ്ദേഹം പറഞ്ഞു..
""അത്... തിരിച്ചുപോയതായിരുന്നു.. ഒരു സർപ്പത്തെ കണ്ട് പേടിച്ചതാ.. പിന്നെ സമയവും വൈകിയല്ലോ.. ഇന്ന് പോകാമെന്ന് വച്ചു.."" അഭി പറഞ്ഞൊപ്പിച്ചു..
""ശരി, അപ്പോൾ തിരിച്ചുവരുമ്പോൾ കേട്ട അപശബ്ദങ്ങളോ?? അതിനെപ്പറ്റി എന്താണ് പറയാനുള്ളത്?? "" അദ്ദേഹം വീണ്ടും ചോദിച്ചു.. അഭിയ്ക്ക് അതിന് മറുപടി ഒന്നും പറയാനുണ്ടായിരുന്നില്ല... അദ്ദേഹം പതിയെ ഒന്ന് നിവർന്നുനിന്നിട്ട് അഭിയ്ക്ക് മുൻപിൽ വന്ന് നിന്നു...
""നീയപ്പോൾ തിരിഞ്ഞുനോക്കിയിരുന്നെങ്കിലും നിനക്കൊന്നും കാണാൻ കഴിയില്ലായിരുന്നു.. നിൻ്റെ കാഴ്ച്ചക്കുമപ്പുറമുള്ള സത്യങ്ങളാണത്... അത് നീലിയായിരുന്നു.. നിന്നെ വകവരുത്തുക തന്നെയായിരുന്നു അവളുടെ ഉദ്ദേശം.."" അദ്ദേഹം കനത്ത ശബ്ദത്തിൽ പറഞ്ഞു...
""നീലി.!!! അവൾ... അവളുടെ പ്രേതത്തിൻ്റെ ശല്യങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണല്ലോ നീതു പറഞ്ഞത്!! എന്നിട്ടിപ്പോ!! "" അഭിയുടെ കണ്ണുകൾ വിടർന്നു...
""അത് നീയറിഞ്ഞ കെട്ടുകഥയിലെ കാര്യങ്ങളല്ലേ... സത്യത്തിൽ അന്ന് മരിച്ചുപോയ നീലിയുടെ ആത്മാവിൻ്റെ ശല്യം കാരണമാണ് അന്നത്തെ കാരണവർ മരിച്ചതും കുടുംബത്തിലുള്ളവർക്കെല്ലാം ഓരോ ദുരനുഭവങ്ങൾ ഉണ്ടായതുമെല്ലാം... അന്നത്തെ ഉഗ്രരൂപിണിയായ നീലിയുടെ ആത്മാവിനെ തളയ്ക്കാൻ കൂട്ടുനിന്നത് എൻ്റെ മുൻതലമുറയിലെ ആളുകളായിരുന്നു.. അന്ന് അവളെ ആവാഹിച്ച് ആണിയടിച്ച് തറച്ച പാലമരമാണ് ആ നീലിത്തറയുടെ പിറകിൽ കടപുഴകി വീണതായി നീ കണ്ടത്... ആ വീഴ്ച്ചയിൽ മരത്തിൽനിന്ന് ആണി ഇളകിയൂരിപ്പോയിട്ടുണ്ട്.. അന്നത്തേതിനേക്കാൾ ശക്തിയോടെ അവളുടെ ആത്മാവ് ഇപ്പോൾ നീതുവിൻ്റെ ദേഹത്ത് പ്രവേശിച്ചിട്ടുമുണ്ട്... "" അദ്ദേഹം പറഞ്ഞുനിർത്തി...
എന്തുപറയണമെന്നറിയാതെ തരിച്ചുനിന്നുപോയി അഭി!! നീതുവിൻ്റെ ദേഹത്ത് ബാധ കയറിയിട്ടുണ്ടെന്ന്!!
""ഇല്ല!! ഞാനിതൊന്നും വിശ്വസിക്കില്ല!! നിങ്ങൾക്കെല്ലാം ഭ്രാന്താണ്! അവളെ ഏതെങ്കിലും നല്ല ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കാതെ നിങ്ങൾ വെറുതേ ആപത്ത് വരുത്തിവയ്ക്കരുത്..."" അവൻ ദേഷ്യത്തോടെ പറഞ്ഞു...
""അവൾക്കൊന്നും സംഭവിക്കില്ല കുഞ്ഞേ.. നീ അടുത്തുള്ളിടത്തോളം അവൾ സുരക്ഷിതയാണ്... അവളല്ല, നീയാണ് നീലിയുടെ ലക്ഷ്യം..."" അദ്ദേഹം അഭിയ്ക്കുനേരെ വിരൽചൂണ്ടി...
""ഞാ.. ഞാനോ!! ഞാനെന്തുചെയ്തിട്ടാണ്! എനിക്ക് ഇവിടവുമായി യാതൊരു ബന്ധവുമില്ല.. ഇന്നലെത്തൊട്ട് കേൾക്കുന്നതാണ് ഞാനെന്തോ വലിയ കാര്യം ചെയ്യാൻ വന്നതാണെന്നൊക്കെ... ഞാൻ വെറുമൊരു സാധാരണക്കാരനാണ്... "" അഭി വീണ്ടും കയർത്തു..
""ഇന്നലെ നീയിവിടെ നിന്ന് പോകാൻ തുനിഞ്ഞപ്പോൾ അതിനു വഴിയൊരുക്കിയതും നീലിയാണ്, പോകുന്നില്ലെന്ന് തീരുമാനിച്ചപ്പോൾ നിന്നെ അപായപ്പെടുത്താൻ ശ്രമിച്ചതും നീലിയാണ്... കാരണം കൃഷ്ണപക്ഷത്തെ പൗർണമിയിൽ ജനിച്ച ആയില്യം നാളുകാരനായ നിൻ്റെ ജന്മനിയോഗം നീലിയുടെ ആത്മാവിനെ തളയ്ക്കാനാണ്... അതിനായി നിന്നെ ഇവിടെ എത്തിച്ചത് പ്രപഞ്ച ശക്തികളും..."" അദ്ദേഹത്തിൻ്റെ ശബ്ദം കനത്തു...
""നിങ്ങളെന്തൊക്കെ വിഡ്ഢിത്തമാണ് പറയുന്നത്!! അമ്പലങ്ങളിൽ പോലും വല്ലപ്പോഴും പോകുന്ന ഞാൻ ആത്മാവിനെ തളയ്ക്കണമെന്നോ!! നല്ല കാര്യമായി... ഞാനേയ് ഇവിടുന്ന് പോകുവാ.. നിങ്ങളായി നിങ്ങളുടെ പാടായി..."" അഭി ദേഷ്യത്തോടെ തിരിഞ്ഞുനടക്കാൻ തുടങ്ങി...
""നിൻ്റെ സിരകളിൽ ഓടുന്നത് എൻ്റെ തറവാടിൻ്റെ ചോരെയായതുകൊണ്ട് അവളെ തളയ്ക്കാതെ നിനക്ക് ഇവിടെ നിന്നും എങ്ങോട്ടും പോകുവാൻ കഴിയില്ല... "" അദ്ദേഹത്തിൻ്റെ വാക്കുകൾ പ്രതിധ്വനിച്ചു!!തിരിഞ്ഞുനടക്കാൻ തുടങ്ങിയ അഭി ഒരു നിമിഷം നിന്നു...
""പണ്ടെങ്ങോ ഒരാളെ സ്നേഹിച്ചുപോയതിൻ്റെ പേരിൽ ഉദരത്തിൽ ഒരു കുഞ്ഞിനെയും ചുമന്ന് നിൻ്റെ അമ്മ വീടുവിട്ടിറങ്ങിയിയതല്ലേ.. ഇന്നേവരെ അച്ഛനാരാണെന്ന് പറയാതെ അതിൻ്റെ യാതൊരു വേദനയുമറിയിക്കാതെ ഒരല്ലലും കൂടാതെ നിന്നെ വളർത്തി വലുതാക്കിയ നിൻ്റെ അമ്മയോട് നീ ചോദിച്ചുനോക്ക് നിൻ്റച്ഛൻ മേളൂർ സദാനന്ദൻ എന്ന വ്യക്തിയാണോ എന്ന്... നീ സത്യങ്ങളെല്ലാം അറിയാൻ സമയമായിരിക്കുന്നു.. ""
ഇടിമുഴക്കത്തിനൊപ്പം ആകാശത്ത് മിന്നലടിച്ചു... ഇരുണ്ടുകൂടിയ ആകാശം അഭിയ്ക്കുമേലെ തിമർത്തുപെയ്യാൻ തുടങ്ങി...
അധ്യായം 8
തിമിർത്തുപെയ്യുന്ന മഴയിൽ മുഴുവനായും നനഞ്ഞുകുളിച്ച് നിൽക്കുന്ന അഭിയുടെ ഫോൺ ബെല്ലടിച്ചു.. അമ്മയെ വിളിക്കണമെന്ന് വിചാരിച്ചപ്പോഴേക്കും അമ്മ ഇങ്ങോട്ട് വിളിച്ചിരിക്കുന്നു...
""മോനേ എന്താടാ നീ രാവിലെ വിളിക്കാഞ്ഞേ? വല്ലതും കഴിച്ചോ നീ?"" അപ്പുറത്തുനിന്നും അമ്മയുടെ എപ്പോഴുമുള്ള സ്നേഹം നിറഞ്ഞ കുശലാന്വേഷണത്തിന് മറുപടിപറയാൻ അവന് ഒന്നുമുണ്ടായിരുന്നില്ല... തെല്ലുനേരത്തെ നിശബ്ദതക്കുശേഷം അവൻ തിരിച്ചുചോദിച്ചു ""എൻ്റെ അച്ഛനാരാണമ്മേ??""
നാളിതുവരെ അവൻ അച്ഛനെപ്പറ്റി ചോദിച്ചിട്ടില്ല.. കുഞ്ഞിലേ പലരും തന്തയില്ലാത്തവനെന്ന് വിളിച്ച് കളിയാക്കിയപ്പോഴും കരയാനോ അമ്മയോട് പറയാനോ ചോദിച്ച് വിഷമിപ്പിക്കാനോ നിന്നിട്ടില്ല അഭി.. ഇന്ന് അവനിൽ നിന്ന് ആ ചോദ്യമുയർന്നപ്പോൾ മറുതലയിലും നിശബ്ദതയായിരുന്നു മറുപടി...
""എൻ്റെ അച്ഛൻ്റെ പേര് മേളൂർ സദാനന്ദൻ എന്നാണോ??"" മറുപടി ഇല്ലാതായപ്പോൾ അവൻ വീണ്ടും ചോദിച്ചു.. അപ്പുറത്തുനിന്നും അമ്മയുടെ തേങ്ങൽ മാത്രം അവനു കേൾക്കുന്നുണ്ടായിരുന്നു... അതിൽ നിന്നുതന്നെ അവന് കാര്യം മനസ്സിലായി... അവൻ ആ മഴയത്തുനിന്നുകൊണ്ടുതന്നെ ബ്രഹ്മദത്തൻ തിരുമേനിയെ നോക്കി.. അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് അവന് ബോധ്യമായകാര്യം അദ്ദേഹത്തിനും മനസ്സിലായി...
ചെവിയിൽ വച്ചിരുന്ന ഫോണിൽ പതിയെ ശബ്ദമുയരാൻ തുടങ്ങി...
""മോനേ.. ഇന്നേവരെ നീ എന്നോട് ചോദിച്ചിട്ടില്ലാത്ത കാര്യമാണ്... നിന്നോട് ഇതുവരെ പറയണമെന്ന് എനിക്ക് തോന്നിയിട്ടുമില്ല... കാരണം നിൻ്റെ അച്ഛനും അമ്മയുമെല്ലാം ഞാൻ തന്നെ ആയിരുന്നില്ലേ... അങ്ങനെത്തന്നെയല്ലേ ഞാൻ വളർത്തിയത്... ഇനിയും നിന്നിൽനിന്നും മറച്ചുവച്ചിട്ട് കാര്യമില്ല... അതേ... മേളൂർ സദാനന്ദൻ അദ്ദേഹം തന്നെയാണ് നിൻ്റെയച്ഛൻ!! പഠിയ്ക്കുന്ന കാലത്തെ ചോരത്തിളപ്പിൻ്റെ പുറത്ത് വയറ്റിൽ ഒരു കൊച്ചിനെ സമ്മാനിച്ച് കടന്നുകളഞ്ഞതല്ല നിൻ്റച്ഛൻ... സ്വന്തം തറവാട് മുഴുവൻ എതിരുനിന്നിട്ടും എന്നെ വിളിച്ചിറക്കിക്കൊണ്ടുവന്നതായിരുന്നു അദ്ദേഹം.. ഒന്നിച്ചൊരു ജീവിതം സ്വപ്നംകണ്ട് അന്യനാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ഞങ്ങൾ.. യാത്രക്കിടയിൽ ഉണ്ടായ ഒരപകടത്തിൽ അദ്ദേഹം...."" അമ്മയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു... എല്ലാം ഒരു വെളിപാടുപോലെ അഭി കേട്ടുകൊണ്ടിരുന്നു...
""അദ്ദേഹത്തിൻ്റെ കണ്ണടയും മുൻപ് എൻ്റെ വയറ്റിൽ കൈ വച്ച് പറഞ്ഞതാണ്... നീയെല്ലാം അറിയുന്ന ഒരു നാൾ വരും... നിൻ്റെ ജനനം കൊണ്ട് ഒരു നാടുതന്നെ രക്ഷപ്പെടുമെന്ന്... നീ പോയിരിക്കുന്ന സ്ഥലമേതാണെന്ന് എനിക്കറിയില്ല.. പക്ഷേ അദ്ദേഹത്തിൻ്റെ ഉറക്കം കെടുത്തിയിരുന്ന ദുഃസ്വപ്നങ്ങൾക്കെല്ലാം കാരണം ഒരു നാടും അവിടുത്തെ ബന്ധനത്തിൽ കഴിയുന്ന ഒരു പ്രേതാത്മാവുമാണെന്ന് പഴപ്പോഴും അദ്ദേഹം പറയാറുണ്ടായിരുന്നു... നിന്നെ വളർത്തി വലുതാക്കി മന്ത്രതന്ത്രങ്ങൾ പഠിപ്പിച്ച് അദ്ദേഹത്തേക്കാൾ വലിയവനാക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹം.. ഇക്കണ്ട ദൈവങ്ങളെയെല്ലാം നിത്യവും പൂജകൾ ചെയ്തിട്ടും ജീവിതം തുടങ്ങും മുൻപേ മരിച്ചുപോകാൻ അദ്ദേഹം എന്ത് തെറ്റ് ചെയ്തിട്ടാ?? എവിടായിരുന്നു ഈ പറഞ്ഞ ദൈവങ്ങളെല്ലാം?? തോറ്റുകൊടുക്കാൻ മനസ്സില്ലാഞ്ഞിട്ടുതന്നെയാ.. നിന്നെയും കൊണ്ട് ഒറ്റയ്ക്ക് ജീവിച്ച് തളരില്ലെന്ന് കാണിച്ചുകൊടുക്കാൻ വേണ്ടി തന്നെയാ... നിന്നെയൊന്നും അറിയിക്കാതെ ദൈവങ്ങളെന്ന അന്ധവിശ്വാസം നിന്നെ പൊതിയാതെ ഇത്രയും കാലം നിന്നെ വളർത്തിയത്.. പക്ഷേ... അദ്ദേഹം പറഞ്ഞതുപോലെ വിധിയെ തടുക്കാൻ ആർക്കുമാവില്ലല്ലോ... നിന്നെക്കൊണ്ട് കുറേപേരുടെ ജീവിതം രക്ഷപ്പെടുമെങ്കിൽ നീ അതുതന്നെ ചെയ്യുക.. അദ്ദേഹം നിൻ്റെ കൂടെത്തന്നെയുണ്ടാകും..."" അമ്മ പറഞ്ഞുനിർത്തി...
എല്ലാം കേട്ടുകഴിഞ്ഞിട്ടും അഭിയ്ക്ക് തിരിച്ചെന്തുപറയണമെന്ന് അറിയുന്നുണ്ടായിരുന്നില്ല... അടുത്തേക്ക് നടന്നുവന്ന് ബ്രഹ്മദത്തൻ തിരുമേനി ഫോൺ വാങ്ങിച്ചു..
""മോളേ.. ഞാൻ ബ്രഹ്മദത്തനാണ്... സദാനന്ദൻ്റെ ചെറിയച്ഛൻ... യാതൊന്നും ഭയപ്പെടേണ്ട.. ഇവൻ എൻ്റെയുംകൂടെ മകനാണ്... ഇവന് യാതൊരാപത്തും കൂടാതെ ഞാൻ നോക്കിക്കോളാം.. ഇന്നേവരെ ഇവനെക്കൊണ്ട് സദുവിന് നീ ബലിയിടാത്തതുകൊണ്ട് അവൻ്റെ ആത്മാവ് തറവാട്ടിൽ വരാറുണ്ടെല്ലാകൊല്ലവും.. അവൻ്റെ ആത്മാവിന് നിത്യശാന്തി കൊടുക്കാൻ മകൻ്റെ കൈകൊണ്ടൊരുരുള ചോറ് തന്നെ വേണം.. സദുവിൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ടാകും.. ഇവൻ്റെ ജന്മനിയോഗം നടപ്പിലാക്കാൻ സദുവും കൂടെയുണ്ടാവും... ഒന്നുകൊണ്ടും വിഷമിയ്ക്കേണ്ട"" തിരുമേനി പറഞ്ഞു...
ഫോൺ കട്ടാക്കി അദ്ദേഹം അഭിയെ നോക്കി... അച്ഛനെക്കുറിച്ചറിഞ്ഞതിൻ്റെ ഞെട്ടലിൽ നിന്നും വിട്ടുമാറാതെ അവൻ അപ്പോഴും മഴയത്തുതന്നെ നിൽക്കുകയായിരുന്നു.. തിരുമേനി കൈക്കുമ്പിളിൽ അൽപ്പം മഴവെള്ളം പിടിച്ച് എന്തൊക്കെയോ മന്ത്രങ്ങൾ ജപിച്ച് അഭിയുടെ നെറുകിൽ തളിച്ചു.. ശേഷം തൻ്റെ മന്ത്രവടി ആകാശത്തേക്ക് ചൂണ്ടി ഉച്ചത്തിൽ ജപിച്ചുകൊണ്ട് മൂന്നുവട്ടം ചുഴറ്റി... സ്വിച്ചിട്ടതുപോലെ മഴ നിന്നു!!!
""തനിക്ക് മന്ത്രങ്ങളോ പൂജകളോ അറിയണമെന്നില്ല, ഞാൻ പറയുന്നതുപോലെ ചെയ്താൽ മാത്രം മതി.. തൻ്റെ അച്ഛൻ്റെ ആത്മാവ് കൂടെയുണ്ട്.. ആദ്യം വേണ്ടത് അച്ഛൻ്റെ ആത്മാവിന് വേണ്ടരീതിയിൽ ബലിയർപ്പിക്കുക എന്നതാണ്... എൻ്റെ കൂടെ പുഴക്കരയിലേക്ക് വരൂ..."" തിരുമേനി അഭിയോടായി പറഞ്ഞു.. കൂടെയുള്ള കാര്യക്കാരോടായി വേണ്ടതെല്ലാം എടുത്തുകൊണ്ടുവരാൻ പറഞ്ഞ് അദ്ദേഹം മുൻപിൽ നടന്നു... മഴ തോർന്നപ്പോൾ അമ്പലത്തിനകത്തു കയറിയവരെല്ലാം പുറത്തുവന്ന് ഇവരെ നോക്കി നിൽക്കുകയാണ്... അഭി നേരെ അമ്പലത്തിനകത്ത് കിടത്തിയിരിക്കുന്ന നീതുവിനെ നോക്കി..
""അതിനകത്തു നിൽക്കുന്നിടത്തോളം അവൾക്ക് കുഴപ്പമൊന്നുമുണ്ടാകില്ല.. നമുക്ക് സമയംകളയാനില്ല... വേഗം വരൂ.. സന്ധ്യയ്ക്കുമുൻപേ പൂജകൾ ആരംഭിക്കണം...അദ്ദേഹം അഭിയെ കൂട്ടി തൊട്ടടുത്തുള്ള പുഴയരികിലെത്തി... അവൻ ഷർട്ടൂരി പുഴയിൽ മുങ്ങി വന്നപ്പോഴേക്കും നാക്കിലയിൽ എള്ളും പൂവും സാമഗ്രഹികളും പടച്ചോറുമെല്ലാം തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു... ദർഭപ്പുല്ലുകൊണ്ട് മോതിരമുണ്ടാക്കി തിരുമേനി അവനെക്കൊണ്ടണിയിപ്പിച്ചു... ഇതുവരെ കാണാത്ത അച്ഛനെ മനസ്സിൽ സ്മരിച്ചുകൊണ്ട് പറഞ്ഞുകൊടുത്ത മന്ത്രങ്ങൾ അതേപടി ഉരുവിട്ട് അവൻ അച്ഛനുവേണ്ടി ബലിയിട്ടു... ബലിച്ചോറുതിന്നാൻ എവിടെനിന്നോ ഒരു കാക്കയും വന്നു!! ചോറ് കൊത്തിത്തിന്ന് കൃതക്ഞതയോടെ അഭിയെ നോക്കി ആ കാക്ക അടുത്തുള്ള മരക്കൊമ്പിൽ ഇരുപ്പുറപ്പിച്ചു...
""ഇനി തൻ്റെ ഉപനയനമാണ്... തൻ്റെ ജന്മം കൊണ്ട് താനൊരു ബ്രാഹ്മണനാണ്... കർമം കൊണ്ടും അതങ്ങനെയായിരിക്കണം... അതല്ലാതെ നീലിയെ തളയ്ക്കാനാവില്ല... ഒറ്റയ്ക്ക് എനിക്കതിനുള്ള ശക്തിയില്ല.. തനിക്ക്ക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും താൻ പൂണൂൽ അണിഞ്ഞേ പറ്റൂ.."" അദ്ദേഹം പറഞ്ഞു... മറുത്തൊന്നും പറയാതെ അദ്ദേഹം പറയുന്നതെല്ലാം അനുസരിക്കുന്ന കൊച്ചുകുട്ടിയെപ്പോലെയായിക്കഴിഞ്ഞിരുന്നു അഭി.. കാരണം ഇന്നുവരെ കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങളാണ് അവനുചുറ്റും നടന്നുകൊണ്ടിരിക്കുന്നത്.. വിശ്വസിക്കാതെ വഴിയില്ല...
തിരുമേനി പറഞ്ഞതുപോലെ തട്ടുടുത്ത് ദേഹമെല്ലാം ചന്ദനവും കുങ്കുമവും തൊട്ട് പലകയിൽ ഇരുന്ന് പറഞ്ഞുകൊടുത്ത മന്ത്രങ്ങളെല്ലാം ഉരുവിട്ടുകൊണ്ടിരുന്നു... പെട്ടെന്ന് എവിടെനിന്നോ കൊടുങ്കാറ്റുവീശാൻ തുടങ്ങി!! തമ്മിൽ കാണാൻ കഴിയാത്തവിധം അഭിയെയും തിരുമേനിയേയും ആ കാറ്റും പൊടിപടലങ്ങളും വിഴുങ്ങി... പെട്ടെന്നുതന്നെ അദ്ദേഹം തൻ്റെ മന്ത്രവടിയെടുത്ത് നിലത്തുകുത്തി നിർത്തി... പൊടുന്നനെ അവർക്കുചുറ്റും വട്ടത്തിൽ ഒരു ചുഴലിക്കാറ്റ് രൂപപ്പെട്ടു! അത് വലുതായി പൊടിപടലങ്ങളെ തുടച്ചുമാറ്റി അകന്നുപോയി!! അഭി അന്തം വിട്ടുനിന്നു!! മന്ത്രം നിറുത്തരുതെന്ന് ആജ്ഞാപിച്ച് അദ്ദേഹം നൂലെടുത്ത് മൂന്നായി മടക്കി അഭിയ്ക്കുകൊടുത്തു.. അദ്ദേഹം പറഞ്ഞുകൊടുക്കുന്നതുപോലെ അതിൽ പവിത്രക്കെട്ടുകെട്ടി അവൻ പൂണൂൽ ധരിച്ചു..
"ഓം യജ്ഞോപവീതം പരമം പവിത്രം
പ്രജാപതേര്യത്സഹജം പുരസ്താത്
ആയുഷ്യമാഷ്യം പ്രതിമുഞ്ച ശുഭ്രം
യജ്ഞോപവീതം ബലമസ്തു തേജഃ
യജ്ഞോപവീതമസി യജ്ഞസ്യ ത്വാ
യജ്ഞോപവീതാ തേനോപനഹ്യാമി”
പൂണൂൽ ധരിച്ച് അഭി നിവർന്നുനിന്നതും എങ്ങുനിന്നോ ഒരു കൃഷ്ണപ്പരുന്ത് അവൻ്റെ തലയ്ക്കുമുകളിൽ വട്ടമിട്ടുപറക്കാൻ തുടങ്ങി!!! ദേഹമാസകലം ഒരു കുളിരുകയറിയപോലെ അവനുതോന്നി... മരക്കൊമ്പിലിരുന്ന കാക്ക ചിറകടിച്ച് കരഞ്ഞു..
അധ്യായം 9
പൂണൂൽ ധരിച്ച് അഭി തിരുമേനിയുടെ കൂടെ അമ്പലത്തിനടുത്തേക്ക് നടന്നു... സമയം ഉച്ച കഴിഞ്ഞിരുന്നു.. വിശപ്പും ദാഹവുമൊന്നും അവനെ അലട്ടുന്നുണ്ടായിരുന്നില്ല.. എന്നിരുന്നാലും തിരുമേനിയുടെ നിർബന്ധത്തിനുവഴങ്ങി നീതുവിൻ്റെ വീട്ടുകാരോടൊപ്പം അവൻ അന്നധാന മണ്ഡപത്തിലേക്ക് നടന്നു.. അമ്പലത്തിനകത്ത് നീതു അപ്പോഴും പാതി മയക്കത്തോടെ ക്ഷീണിതയായി അമ്മയുടെ മടിയിൽ കിടക്കുകയാണ്... തിരുമേനി നടക്കുന്നതിനിടയിൽ കാര്യക്കാരോട് മന്ത്രവാദത്തിനുള്ള കളമൊരുക്കാൻ കൽപ്പിച്ചു..
നീതുവിൻ്റെ ചെറിയച്ചൻമാരും മേമമാരുമെല്ലാം അഭിയെ അതിശയത്തോടെയാണ് നോക്കിക്കൊണ്ടിരുന്നത്... അവർക്കെല്ലാം മേളൂർ ഇല്ലത്തെ ആളുകൾ അത്രമേൽ ഗുരുസ്ഥാനീയരാണ്.. അഭിയെ പൂണൂൽ ധരിപ്പിച്ചതിൻ്റെ സാരം മനസ്സിലാവാതെ അവർ തമ്മിൽ തമ്മിൽ ആശ്ചര്യം പങ്കുവയ്ക്കുകയായിരുന്നു...
""ഇതെൻ്റെ ഏട്ടൻ്റെ മകനാണ്... മേളൂർ തറവാട്ടിലെ ഇപ്പോഴത്തെ തലമുറയിലെ മുതിർന്നവൻ... നിങ്ങളുടെ കുട്ടിയുടെ ദേഹത്തെ ബാധയൊഴിപ്പിക്കാൻ ഇവനെക്കൊണ്ടുമാത്രമേ കഴിയൂ... നിങ്ങളാരെങ്കിലും പോയി വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ചിരിക്കുന്ന കാരണവരുടെ ആയുധങ്ങളും മുറ്റത്തെ ഒരുപിടി മണ്ണും എടുത്തുകൊണ്ടുവരൂ... കുടുംബത്തിലെ ബാക്കിയെല്ലാവരും ചുറ്റമ്പലത്തിനകത്ത് കയറി നിൽക്കണം... ഒരു കാരണവശാലും പൂജകൾ തുടങ്ങിയാൽ ആരും പുറത്തിറങ്ങരുത്... ആർക്കും ഒരാപത്തും വരാതെ ഭഗവാൻ നോക്കിക്കോളും.."" തിരുമേനി കൽപ്പിച്ചു... അതുകൂടെ കേട്ടപ്പോൾ കുടുബക്കാർക്ക് അഭിയോടുള്ള നോട്ടത്തിനൽ ഭയഭക്തി ബഹുമാനം കൂടെ കലർന്നു.. കുട്ടികളെല്ലാം പേടിച്ചുവിറച്ച് ഒരു മൂലയിൽ നിൽക്കുകയാണ്... അവരുടെ കണ്ണുകളിൽ ഒരു പ്രതീക്ഷയുടെ തിളക്കം വിടർന്നു..
വളരെ പെട്ടെന്നുതന്നെ തിരുമേനിയുടെ കൂടെ വന്നവർ വലിയൊരു മന്ത്രക്കളം അമ്പലത്തിനു പുറത്തുള്ള കൂത്തമ്പലത്തിൽ ഒരുക്കി.. ചുറ്റും പന്ത്രണ്ട് നിലവിളക്കുകളുള്ള വലിയൊരു കളമായിരുന്നു അത്.. നടുവിൽ കൊടുങ്ങല്ലൂരമ്മയുടെ ചിത്രം വരച്ച ചുവപ്പുകളത്തിൽ ഇരുവശങ്ങളിലായി രണ്ടു പീഠങ്ങൾ ഒരുക്കിയിരുന്നു.. ഒന്നിൽ കാരണവന്മാരുടെ ആയുധങ്ങൾ വച്ച് മറ്റൊന്നിൽ വിഘ്നേശ്വരൻ്റെ ചെറിയ വിഗ്രഹവും വച്ചിരുന്നു.. മുൻപിലായി തിരുമേനിയ്ക്കും അഭിയ്ക്കും ഇരിക്കാനായി രണ്ടുപലകകളും അതിനു മുൻപിൽ ഒരു ഹോമകുണ്ഠവും ഒരുക്കിയിരുന്നു... അധികം വൈകാതെ തന്നെ തിരുമേനിയുടെ ശിഷ്യന്മാർ പത്തുപേർ കൂടെ അവിടെ വന്നെത്തി... വളരെ വലിയൊരു കർമ്മമാണ് അവിടെ നടക്കാൻ പോകുന്നതെന്ന് ആ ഒരുക്കങ്ങൾ കണ്ടപ്പോൾ തന്നെ അഭിയ്ക്ക് മനസ്സിലായി...
നേരം ഇരുട്ടാൻ തുടങ്ങി... അമ്പലത്തിൽ നീതുവിൻ്റെ കുടുംബക്കാരും ചുരുക്കം ചില നാട്ടുകാരും മാത്രമായിരുന്നു ഉണ്ടായിരുന്നത്.. പലവിധം പൂജാദ്രവ്യങ്ങൾ മന്ത്രക്കളത്തിനുചുറ്റും ഒരുക്കിവച്ചിരുന്നു... ഒരോ നിലവിളക്കിനു മുൻപിലും ഓരോ പൂജാരിമാർ വന്നിരുന്നു.. അവർക്കെല്ലാം കർമ്മങ്ങൾചെയ്യാനുള്ള വകകൾ അവരുടെ വലതുവശത്തായി ഒരുക്കിവച്ചിരുന്നു.. അധികം വൈകാതെ തന്നെ തിരുമേനിയും കൂടെ അഭിയും വന്നിരുന്നു.. തിരുമേനി ഒരു മരത്തിൻ്റെ സ്ത്രീ പ്രതിമ എടുത്ത് ഹോമകുണ്ഠത്തിനടുത്തു വച്ചു.. ശേഷം ചില മന്ത്രങ്ങൾ അഭിയ്ക്ക് പറഞ്ഞുകൊടുത്ത് ഓരോ തവണ ജപിക്കുമ്പോഴും ഓരോ തുളസിയില പ്രതിമയ്ക്കുമേലെ ചാർത്താൻ പറഞ്ഞു.. കൂട്ടത്തിൽ അദ്ദേഹവും കഠിന മന്ത്രങ്ങൾ ജപിച്ച് പൂജകൾ ആരംഭിച്ചു...
ഹോമകുണ്ഠം കത്തിച്ചതും അമ്പലത്തിനകത്തിരുന്ന നീതു വിറച്ച് തുള്ളുവാൻ തുടങ്ങി!! ഹൂങ്കാരശബ്ദത്തോടെ ശക്തിയായി ശ്വാസമെടുക്കുന്ന അവളെ അമ്മയും അച്ഛനുമെല്ലാം കൂടെ പിടിച്ചിട്ടും നിൽക്കൂന്നുണ്ടായിരുന്നില്ല!! കുറച്ചുനേരത്തെ പൂജകൾക്കുശേഷം തിരുമേനി അനുയായികളോട് നീതുവിനെ കളത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞു.. രണ്ടുമൂന്നുപേർ ചെന്ന് അവളെ പിടിച്ചുകൊണ്ട് അമ്പലത്തിൻ്റെ പുറത്തേക്ക് കൊണ്ടുവന്നു..
നീതുവിൻ്റെ കാലെടുത്ത് ആ മതിൽക്കെട്ടിനുപുറത്ത് വച്ചതും വലിയൊരു ആൽമരം കടപുഴകി കരണ്ടുകമ്പികളുടെ മേലെ വീണു!! എങ്ങുനിന്നോ വീശിയ ശക്തമായ കാറ്റിൽ അമ്പലത്തിലെയും മന്ത്രക്കളത്തിലെയും എല്ലാ വിളക്കുകളും അണഞ്ഞു!! അൽപ്പനേരത്തേക്ക് എങ്ങും കൂരിരുട്ട് പരന്നു... തിരുമേനി പെട്ടെന്നുതന്നെ ചില മന്ത്രങ്ങൾ ജപിച്ച് ഒരു ചൂട്ട് കത്തിച്ചു.. കൂടെയുള്ളവരെല്ലാം ചേർന്ന് വിളക്കുകളെല്ലാം തെളിച്ചു.. തിരിഞ്ഞുനോക്കിയപ്പോൾ നീതുവിനെ കാണാനില്ല!!
കുറുക്കൻമാരുടെയും നായ്ക്കളുടെയും ഓരിയിടലുകളും കൂമൻ്റെ മൂളലും പലയിടങ്ങളിൽ നിന്നായി മുഴങ്ങിക്കേൾക്കാൻ തുടങ്ങി!! കാട്ടിനുള്ളിൽ നിന്ന് ഒരുവലിയ അലർച്ചയും കൂട്ടത്തിൽ ഇടിമുഴക്കം പോലുള്ള അട്ടഹാസവും ഉയർന്നുകേൾക്കാൻ തുടങ്ങി... അത് നീതുവിൻ്റെ ശബ്ദമായിരുന്നു... കുട്ടികളും സ്ത്രീകളുമെല്ലാം ഭയന്നുവിറയ്ക്കാൻ തുടങ്ങി... എന്തുചെയ്യണമെന്നറിയാതെ എല്ലാവരും പരസ്പരം നോക്കി നിൽക്കുകയായിരുന്നു... തിരുമേനി പതിയെ അഭിയുടെ അടുത്തേക്കുവന്നു..
""അവളുടെ ശക്തി ഞാൻ വിചാരിച്ചതിലും കൂടുതലാണ്.. എനിയ്ക്ക് കാട്ടിനകത്തേക്ക് പോകാൻ കഴിയില്ല.. അതവളുടെ താവളമാണ്.. നിന്നെ അവൾ ഒന്നും ചെയ്യില്ല, കാരണം നീലിയെ സ്നേഹിച്ച ആ കാരണവരുടെ പുനർജന്മമാണ് നീ.... ഇത് നിന്നോട് പറയേണ്ടെന്ന് കരുതിയതാണ്.. പക്ഷേ നിനക്കുമാത്രമേ അവളുടെ വലയം ഭേദിച്ച് കാട്ടിനകത്ത് കടക്കാൻ കഴിയൂ... അവളെ കണ്ടുകിട്ടിയാൽ ഉടൻ തന്നെ ഈ തീർത്ഥം അവൾക്കുമേൽ തളിക്കണം, ഈ ഭസ്മം തലയിൽ ഇട്ട് എത്രയും പെട്ടെന്ന് അവളെ തിരികെ കൊണ്ടുവരണം..."" ഇത്രയും പറഞ്ഞ് അരക്കെട്ടിൽ മന്ത്രിച്ച ഭസ്മവും തീർത്ഥത്തിൻ്റെ കുപ്പിയും നൽകി ചൂട്ട് കൈയ്യിൽ കൊടുത്ത് തിരുമേനിയെ അഭിയെ യാത്രയയക്കാനൊരുങ്ങി...
എല്ലാവരെയും പോലെ അഭിയ്ക്കും ഭയമുണ്ടായിരുന്നു.. പക്ഷേ നീതുവിനുവേണ്ടി എന്തുംചെയ്യാൻ തയ്യാറായിരുന്ന അവൻ രണ്ടും കൽപ്പിച്ച് കാടിനെ ലക്ഷ്യമാക്കി നടന്നു...കാട്ടിനുള്ളിലേക്ക് കടന്ന അവൻ പലയിടത്തുനിന്നുമുള്ള പൊട്ടിച്ചിരികൾക്കിടയിൽ ദിശ മനസ്സിലാവാൻ നന്നേ പാടുപെട്ടു.. പക്ഷേ അവനുവഴികാട്ടിയായി അന്നവനെ അനുഗമിച്ച വെള്ളിമൂങ്ങ എങ്ങുനിന്നോ പറന്നുവന്ന് അവൻ്റെ മുൻപേ താഴ്ന്നുപറക്കാൻ തുടങ്ങി... നടന്നുനടന്ന് അവൻ ചെന്നെത്തിയത് രാവിലെ നീതുവിനെ കണ്ടെത്തിയ ആ വെള്ളച്ചാട്ടത്തിനകത്തെ ഗുഹയിൽ തന്നെയായിരുന്നു...
ചൂട്ട് വെള്ളത്തിൽ കെടാതെ അകത്തുകയറാൻ കുറച്ചധികം സമയം വേണ്ടിവന്നെങ്കിലും അകത്തുകയറിയ അഭിയ്ക്ക് സമാധാനമെന്നോണം അവിടെ നിലത്ത് തലകുനിഞ്ഞ് മുട്ടുമടക്കി മുട്ടിൽ മുഖം മറച്ച് ഇരിക്കുന്ന നീതുവിനെ കാണാൻ കഴിഞ്ഞു... അവളെ കണ്ടപ്പോൾ അവന് തെല്ലാശ്വാസമായി.. അവൾ കരഞ്ഞ് തേങ്ങുകയായിരുന്നു.. ചെറിയ ഭയത്തോടെ അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ തോളത്ത് കൈവച്ചു...
പൊടുന്നനെ തലതിരിച്ച് അവൾ അഭിയെ നോക്കി അലറി!!! ഞെട്ടിത്തരിച്ച് അവൻ പിന്നിലേക്ക് തെറിച്ചുവീണു!! കയ്യിലെ ചൂട്ട് ദൂരേക്ക് തെറിച്ചുപോയി... അതിൻ്റെ ചെറിയ വെളിച്ചത്തിൽ അവൻ അവളുടെ മുഖം ശരിക്കും കണ്ടു!! ആകെ വിളറി വെളുത്ത് നിറയെ മുറിപ്പാടുകളുമായി ചോരയൊലിപ്പിച്ച് നിൽക്കുന്ന അവളുടെ കണ്ണുകൾ ചുവന്നുകലങ്ങിയിരുന്നു!! ഇരുകണ്ണുകളിൽ നിന്നും കണ്ണുനീരീനു പകരം ചോരയാണ് ഒലിച്ചുകൊണ്ടിരുന്നത്!!! ഇരുന്ന ഇരുപ്പിൽ അവളുടെ കൈകളും കാലുകളും എല്ലുകൾ ഒടിയുന്ന ശബ്ദത്തോടെ തിരിയാൻ തുടങ്ങി!!! അലറിവിളിച്ച് അവൾ ഒറ്റച്ചാട്ടത്തിന് അഭിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ഒറ്റ കൈകൊണ്ട് എടുത്തുപൊക്കി ഗുഹയുടെ ചുമരിലേക്ക് ചേർത്തുപിടിച്ചു!!! അവളുടെ വായിലെ കൂർത്ത ദംഷ്ട്രകൾ അവൻ്റെ നേർക്കടുത്തു!!
""നീ ഇവിടെ വരാൻ പാടില്ലായിരുന്നു!!! എന്നെ ജീവനോടെ ഈ ഗുഹയ്ക്കകത്ത് ചുട്ടെരിക്കുമ്പോൾ രക്ഷയ്ക്കായി ഞാനെത്ര കരഞ്ഞുവിളിച്ചതാണ് നിന്നെ!!! അന്ന് വരാത്ത നീ എന്നെത്തിരഞ്ഞ് ഇന്ന് വരാൻ പാടില്ലായിരുന്നു!! ഒന്നിച്ചൊരു ജീവിതം സ്വപ്നം കണ്ട ഞാൻ വെറും വിഡ്ഢിയായിരുന്നോ!!! ചതിയും വഞ്ചനയും തമ്പുരാൻമാർക്ക് ആരോടും ചെയ്യാമെന്നാണോ!!! നിൻ്റെ കുലം മുച്ചൂടും മുടിച്ചേ ഞാനീ ലോകം വിട്ട് പോകൂ..."" നീതുവിൻ്റെ ശബ്ദത്തിലൂടെ പുറത്തുവന്നത് നീലിയ്ക്ക് പറയാനുള്ള വാക്കുകളായിരുന്നു!! മറുത്ത് ഒന്നും ഉരിയാടാനാവാത്തവിധം അഭിയുടെ കഴുത്തിൽ അവളുടെ കൈകൾ മുറുകുകയായിരുന്നു... ശ്വാസം കിട്ടാതെ അവൻ കൈകാലിട്ടടിച്ചു!! കണ്ണുകൾ മറഞ്ഞ് ബോധക്ഷയം സംഭവിക്കാൻ പോകുന്നതുപോലെ അവനുതോന്നി...
ഒരുനിമിഷത്തേക്ക് എവിടുന്നോ കിട്ടിയ ഒരു ഊർജ്ജത്തിൻ്റെ പുറത്ത് അവൻ അരക്കെട്ടിലുണ്ടായിരുന്ന തീർത്ഥം എടുത്ത് അവൾക്കുമേലെ കുടഞ്ഞു!!! തീക്കനൽ വാരിയിട്ട് ദേഹമാസകലം പൊള്ളുന്നതുപോലെ അവൾ അഭിയുടെ കഴുത്തിലെ പിടിവിട്ട് അലറിക്കൊണ്ട് പുറകിലേക്ക് മാറി... കിട്ടിയ തക്കത്തിന് അഭി മന്ത്രിച്ച ഭസ്മം എടുത്ത് അവളുടെ തലയിലേക്കിട്ടു... കരഞ്ഞുവിളിച്ച് അവൾ പൊടുന്നനെ മോഹാലസ്യപ്പെട്ട് അവിടെ കുഴഞ്ഞുവീണു...
അധ്യായം 10
നേരം പാതിരാത്രിയോടടുത്തിരുന്നു... കാട്ടിനകത്തേക്ക് പോയ അഭിയെ കാണാതെ എല്ലാവരും പരിഭ്രമിച്ചിരിക്കുകയായിരുന്നു... തിരുമേനി കണ്ണുകളടച്ച് പൂജയിലും മന്ത്രോച്ചാരണങ്ങളിലും മുഴുകിയിരുന്നു... കറണ്ടില്ലാത്തതിനാൽ എങ്ങും കൂരിരുട്ടായിരുന്നു.. കത്തിച്ചുവച്ച പന്തങ്ങളുടെയും വിളക്കുകളുടേയും വെളിച്ചത്തിൽ എല്ലാവരും അഭി വരുന്നതും കാത്തിരുന്നു.. അധികം വൈകാതെ തന്നെ നീതുവിനെയും തോളത്തിട്ട് അഭി കാടുകടന്ന് വന്നു...
രണ്ടുപേരെയും കണ്ട ആശ്വാസത്തിൽ നീതുവിൻ്റെ അമ്മയും കുടുംബക്കാരുമെല്ലാം അവരുടെ അടുത്തേക്ക് ഓടി.. പെട്ടെന്ന് തിരുമേനി അവരെ കൈ കാണിച്ച് തടുത്തുനിർത്തി.. മന്ത്രോച്ചാരണം നിർത്താതെ തന്നെ അദ്ദേഹം അവളെ കളത്തിൽ കൊണ്ടിരുത്താനായി അഭിയോട് ആംഗ്യം കാണിച്ചു.. അവൻ വളരെ ശ്രദ്ധയോടെ അവളെ കളത്തിനു നടുവിൽ കിടത്തി തിരുമേനിക്കരികിൽ വന്നിരുന്നു..
നീതുവിൻ്റെ അമ്മയും അച്ഛനും കുടുംബക്കാരുമെല്ലാം കൂത്തമ്പലത്തിനു മുൻപിൽ നിരന്നു.. പന്ത്രണ്ട് വിളക്കുകൾക്കുമുൻപിലും ഓരോരുത്തരായി ഇരുന്ന് മന്ത്രോച്ചാരണങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു... കയ്യിൽ അൽപ്പം തീർത്ഥം എടുത്ത് തിരുമേനി ജപിച്ച് തളിച്ചപ്പോൾ അലറിവിളിച്ചുകൊണ്ട് നീതു പൊടുന്നനെ എഴുന്നേറ്റ് ചമ്രം പടിഞ്ഞിരുന്നു.. മുടിയെല്ലാം പരത്തി മുഖം മറയുന്ന തരത്തിൽ മുൻപിലേക്ക് വീണുകിടക്കുകയായിരുന്നു അവളുടെ.. രണ്ടു കാൽമുട്ടിലും കൈപിടിച്ച് അവൾ ആ കളത്തിൽ ഇരുന്ന് ഹൂങ്കാരശബ്ദത്തോടെ ആടാൻ തുടങ്ങി...
ഒരോ തവണ ഹോമകുണ്ഠത്തിൽ ദ്രവ്യങ്ങൾ ജപിച്ചിടുമ്പോഴും ആരോ ഉപദ്രവിക്കുന്നതുപോലെ അവൾ ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു... അതു കഴിഞ്ഞതും ഉച്ചത്തിൽ പൊട്ടിച്ചിരിക്കും... കണ്ടുനിൽക്കുന്ന അവളുടെ അമ്മയടക്കം എല്ലാവരും കരഞ്ഞ് ഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുകയായിരുന്നു... അഭിയാകട്ടെ അവളുടെ അവസ്ഥ കണ്ട് ആകെ തകർന്നിരിക്കുകയാണ്... എല്ലാം തട്ടിക്കളഞ്ഞ് അവളെ എടുത്തുകൊണ്ട് ഇവിടെ നിന്ന് പോയാലോ എന്നായിരുന്നു അവൻ്റെ മനസ്സിൽ.. പക്ഷേ തിരുമേനിയുടെ ആജ്ഞ നിരസിക്കാൻ അവനെ ആരോ തടയുന്നതുപോലെ അവനുതോന്നി... അദ്ദേഹം പറഞ്ഞുകൊടുത്ത മന്ത്രങ്ങളെല്ലാം അവൻ അതുപോലെതന്നെ ഉരുവിട്ടുകൊണ്ട് കർമ്മങ്ങൾ ചെയ്തുകൊണ്ടിരുന്നു...
കുറേ നേരത്തെ മന്ത്രോച്ചാരണം കഴിഞ്ഞ് തിരുമേനി ഒന്ന് നിർത്തി... പതിയെ എഴുന്നേറ്റ് ഗുരുക്കൻമാരുടെ ചൂരൽവടിയെടുത്ത് നീതുവിനടുത്തേക്ക് നടന്നു... കാരണവൻമാരുടെ അനുഗ്രഹത്താൽ അവളിലെ നീലിയുടെ ആത്മാവിനെ ശാന്തമാക്കാനായിരുന്നു ആ ശ്രമം..
""ഈ ലോകത്ത് നിനക്ക് സ്ഥാനമില്ല.. അതികഠിനമായി നിന്നെ ബന്ധനസ്ഥയാക്കി തളച്ചിടാൻ എനിക്കറിയാഞ്ഞിട്ടല്ല.. സ്വമേധയാ നീ ഒഴിഞ്ഞുപോയാൽ അത്രയും നല്ലത്.. ഇല്ലെങ്കിൽ എനിക്ക് കടുത്ത പ്രയോഗങ്ങൾ ചെയ്യേണ്ടിവരും.."" അദ്ദേഹം നീലിയോടെന്ന പോലെ ഉറച്ച സ്വരത്തിൽ പറഞ്ഞു.. പക്ഷേ അവൾ അദ്ദേഹത്തെ നോക്കി ആർത്തട്ടഹസിക്കുകയാണുണ്ടായത്...
""നിനക്കെന്നെ ഒന്നും ചെയ്യാൻ കഴിയില്ല... ഈ കുടുംബത്തെ മുച്ചൂടും മുടിച്ച് അവരുടെ ചോരയിൽ കുളിച്ചേ ഞാനീ ലോകം വിട്ടുപോകൂ.. നീ പഠിച്ച മന്ത്രങ്ങൾ തികയാതെ വരും ബ്രഹ്മദത്താ..""" പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.. അദ്ദേഹത്തെ തള്ളിമാറ്റി ചൂരൽ പിടിച്ചുവാങ്ങി അവൾ ഒടിച്ചുകളഞ്ഞു... വിളക്കുകളെല്ലാം തട്ടിമാറ്റി മന്ത്രക്കളത്തിൽ കൈകളിട്ടുരച്ച് അവിടെയാകെ കളത്തിലെ പൊടികൾ പറത്തി... പൊടുന്നനെ വലിയ ഇടിമുഴക്കത്തോടെ ശക്തമായ മഴപെയ്യാൻ തുടങ്ങി.. കൂട്ടത്തിൽ അതിശക്തമായ കാറ്റും... കൂടിനിന്നവർ എല്ലാവരും ഓടി അമ്പലത്തിനകത്തുകയറി... നീതു ഇരുന്ന ഇരുപ്പിൽ തന്നെ ചാടിയെഴുന്നേറ്റു..
അവളുടെ കണ്ണുകൾ മേൽമറിഞ്ഞിരുന്നു.. കൃഷ്മണികൾ കാണാതെ വെറും വെള്ളമാത്രമായിരുന്നു.. മുഖത്തെ മുറിപ്പാടുകൾ വീണ്ടും വലിഞ്ഞുപൊട്ടി ചോരയൊലിക്കാൻ തുടങ്ങി.. അവൾ അലറിവിളിച്ചുകൊണ്ട് ഓരോ പൂജാരിമാരുടെയും അടുത്ത് ഓടി നടന്ന് തുറിച്ചുനോക്കി അവരെ പേടിപ്പിച്ചുകൊണ്ടിരുന്നു...
പുറത്തെ ശക്തമായ മഴയിലും കാറ്റിലും അമ്പലത്തിൻ്റെ ഓടുകൾ വരെ പറന്നുപോകാൻ തുടങ്ങി!! പല വൻമരങ്ങളും കടപുഴകിവീണു.. മൃഗങ്ങളുടെ ഓരിയിടലും അപശബ്ദങ്ങളും കൂട്ടത്തിൽ നീതുവിൻ്റെ അട്ടഹാസവും എല്ലാംകൊണ്ട് ആകെ ഒരു ഭയാനകമായ അന്തരീക്ഷമായിരുന്നു...
ഇനിയും വൈകിയാൽ ചിലപ്പോൾ നീതുവിൻ്റെ ജീവൻ തന്നെ അപകടത്തിലായേക്കാം എന്ന് മനസ്സിലാക്കിക്കൊണ്ട് തിരുമേനി ആ മരപ്പാവ എടുത്ത് അഭിയുടെ കയ്യിൽ കൊടുത്തു..
""അവളുടെ അടുത്തുചെല്ലൂ.. എനിക്കവളെ പിടിച്ചുനിർത്താൻ കഴിയില്ല.. ഉപബോധമനസ്സിൽ ഇപ്പോഴും നീതുവിൻ്റെ ഓർമ്മകളുണ്ട്... അവളെ സ്വബോധത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കൂ.. നീലിയുടെ സാന്നിധ്യത്തിൽ അവളെ തളയ്ക്കാൻ കഴിയില്ല... ഈ പാവയിലേക്ക് അവളുടെ ആത്മാവിനെ ആവാഹിക്കണമെങ്കിൽ അവളുടെ ദേഹത്തുനിന്നും നീലിയെ ഒരുനിമിഷത്തേക്കെങ്കിലും മാറ്റിനിർത്തിയേ പറ്റൂ.. അവളുടെ സ്വബോധം തിരിച്ചുകിട്ടിയാൽ ശരീരമില്ലാത്ത നീലിയുടെ ആത്മാവിനെ എളുപ്പം ആവാഹിക്കാം.. അങ്ങനെ വന്നാൽ അവളുടെ രക്തം ഈ പ്രതിമയിൽ പതിപ്പിക്കണം... ഈ കുടുംബത്തിൻ്റെ ചോരകൊണ്ടല്ലാതെ നീലി അടങ്ങില്ല..."" ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു സിംഹത്തലയുടെ പിടിയുള്ള കത്തിയും അവൻ്റെ കയ്യിൽ കൊടുത്തു.. അഭി വിറച്ചുപോയി... തനിക്കെങ്ങനെ അവളെ മുറിപ്പെടുത്താനാവും!! ഒരു ജീവിയെയും അറിഞ്ഞുകൊണ്ട് ദ്രോഹിക്കാത്ത താൻ അത്രമേൽ സ്നേഹിക്കുന്ന അവളെ... അഭി ഒരു നിമിഷം സ്തംഭിച്ചുപോയി...
അഭിയുടെ പരിഭ്രമം കണ്ടപ്പോൾ തിരുമേനിയ്ക്ക് കാര്യം മനസ്സിലായി.."" അവളെ ജീവനോടെ തിരികെ കിട്ടാൻ ഇതല്ലാതെ മാർഗ്ഗമില്ല.. ചെറിയ മുറിവിണ്ടായാൽ തന്നെ മതി, സമയം വളരെ കുറവാണ്...മടിച്ചുനിൽക്കാതെ പറഞ്ഞതുചെയ്യൂ.."" അദ്ദേഹം പറഞ്ഞു.. മനസ്സില്ലാ മനസ്സോടെ അവൻ കളത്തിലേക്ക് നടന്നു... അവൻ അകത്തുകയറിയതും ഓടിനടന്നിരുന്ന നീതു ഒരു നിമിഷത്തേക്ക് നിന്നു.. പിന്നേ വളരെ പെട്ടെന്ന് അഭിയുടെ നേർക്കുനേരെ വന്നുനിന്നു.. അട്ടഹസിച്ചുകൊണ്ട് വീണ്ടും അവൻ്റെ കഴുത്തിൽ പിടിമുറുക്കാൻ തുനിയവെ അവൻ പെട്ടെന്ന് അവളുടെ കൈ തിരിച്ചുപിടിച്ച് അവളുടെ പുറകിൽ കെട്ടി ലോക്കിട്ടു.. ഒരുപാട് കുതറിമാറാൻ അവൾ ശ്രമിച്ചെങ്കിലും തൻ്റെ എല്ലാ ശക്തിയുമെടുത്ത് അവൻ അവളെ അടക്കി നിർത്താൻ ശ്രമിച്ചു...
""നീന്നോട് പണ്ടുള്ളവർ നെറികേട് കാണിച്ചതിന് ഒരുകുടുംബത്തെ മൊത്തം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്തിനാണ്... പണ്ടുള്ളവരെല്ലാം മരിച്ചുമണ്ണടിഞ്ഞുപോയി.. ഇനിയും ആരോടാണ് നിൻ്റെ പ്രതികാരം... ഇവളെ ഇനിയും ഉപദ്രവിക്കരുത്..."" പിടിവലിക്കിടയിലും അവൻ നീലിയോടെന്നപോലെ പറഞ്ഞു...
""നീതൂ... നീയിത് കേൾക്കുന്നുണ്ടെന്നെനിക്കറിയാം... നിന്നെ ഒരുകാലത്തും ഏത് അവസ്ഥയിലും ഞാൻ വിട്ടിട്ട് പോകില്ല.. നിൻ്റെ കൂടെയുണ്ടായിരുന്ന കഴിഞ്ഞ കുറേ വർഷങ്ങളെല്ലാം തന്നെ എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവയായിരുന്നു.. അതിനിയും എനിക്ക് വേണം.. ഒരു ശക്തിക്കും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല... കണ്ണ് തുറക്ക് നീതൂ..."" അവൻ അവളുടെ അവളോടായി പറഞ്ഞു...
തെല്ലൊരു നേരത്തേക്ക് അവളുടെ ശരീരം അയഞ്ഞു.. കണ്ണുകൾ പഴയപടിയായി... ആകെ വിയർത്തുകുളിച്ച് അവൾ അഭിയെ നോക്കി...
""അ... അഭീ..."" അവളുടെ ഇടറിയ ശബ്ദം അവൻ്റെ കാതിൽ പതിഞ്ഞു.. അവൻ്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു!!! പെട്ടെന്നുതന്നെ അവൻ പുറകിൽ മടക്കിപ്പിടിച്ച അവളുടെ കൈയ്യിൽ കത്തികൊണ്ട് വരഞ്ഞു!! ചുടുചോര അവളുടെ കൈകളിലൂടെ ഒഴുകി... മറുകൈയ്യിലെ പ്രതിമയെ ചോരയിൽ കൂട്ടിപ്പിടിച്ച് അവൻ അവളോടുകൂടെ കളത്തിൽ ഇരുന്നു... വേദനകൊണ്ട് അവൾ പുളയുകയായിരുന്നു.. എന്നിട്ടും അവൻ പിടി വിട്ടില്ല.. അവസാനം ബോധം കെട്ട് അവൾ കണ്ണുകൾ അടച്ചപ്പോൾ കൈയ്യിൽകിട്ടിയ തുണിയെടുത്ത് അഭി അവളുടെ കൈ വരിഞ്ഞുകെട്ടി ചോര തുടച്ചു... അതോടുകൂടെ മഴയും കാറ്റും നിന്ന് പ്രകൃതിയും ശാന്തമായി... അമ്പലത്തിൽ നിന്നും എല്ലാവരും പുറത്തിറങ്ങി വന്നു..
അവസാന ഭാഗം
ചോരയിൽ കുതിർന്ന ആ പ്രതിമയെ വച്ച് തിരുമേനി വീണ്ടും കുറേ പൂജകൾ ചെയ്തു.. ശേഷം അതിനെ കയറുകൊണ്ട് വലിഞ്ഞുമുറുക്കി പട്ടിൽ പൊതിഞ്ഞെടുത്ത് എഴുനേറ്റുനിന്നു... എല്ലാവരും മന്ത്രോച്ചാരണം നിർത്തി തൊഴുതെഴുന്നേറ്റു...
""ഈ പ്രതിമയിൽ ഉറങ്ങിക്കിടക്കുന്ന നീലിയുടെ ആത്മാവുണ്ട്.. നീതുവിൻ്റെ ചോരയിൽ കുളിച്ച് അവളുടെ പകയടങ്ങിയിരിക്കുന്നു... ഈ പ്രതിമയെ നീലിയുടെ മൃതദേഹമായി കണ്ട് നീലിത്തറയിൽ തന്നെ യഥാവിധി സംസ്കരിക്കണം.. എന്നും വൈകീട്ട് വിളക്കുവയ്ക്കുകയും വേണം.. ഇനിയൊരിക്കലും അവളുടെ ശാപം നിങ്ങളുടെ കുടുംബത്തിനുമേൽ ഉണ്ടാവുകയില്ല... എല്ലാം മംഗളകരമായി അവസാനിച്ചിരിക്കുന്നു..."" അദ്ദേഹം ഇത്രയും പറഞ്ഞുകൊണ്ട് പ്രതിമയെ നീതുവിൻ്റെ അച്ഛനുകൈമാറി.. അദ്ദേഹം അതിനെ സംസ്കരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യാൻ കൂടെയുള്ളവരോട് പറഞ്ഞു.. കുറച്ചുപേർ വേഗം തന്നെ എന്തൊക്കെയോ സാധനങ്ങൾ എടുക്കാനായി ഓടി... നീതുവിൻ്റെ അച്ഛനും മറ്റെല്ലാവരുടേയും കൂടെ തിരുമേനിയും കാട്ടിനകത്തേക്ക് കർമ്മങ്ങൾ വീക്ഷിക്കുവാനായി പോയി..
അഭി അപ്പോഴും കളത്തിനു നടുവിൽ നീതുവിനെ തൻ്റെ മടിയിൽ കിടത്തി ഇരിക്കുകയായിരുന്നു.. അവളുടെ അമ്മയും മറ്റും പരിഭ്രമിച്ച് ഓടി വന്ന് അവളുടെ മുഖത്ത് വെള്ളം തളിച്ചു.... അവൾ പതിയെ കണ്ണുതുറന്ന് ചുറ്റും നോക്കി.. അഭിയുടെ മടിയിലാണ് താൻ കിടക്കുന്നതെന്ന് കണ്ടപ്പോൾ അവൾ പെട്ടെന്ന് എഴുനേറ്റിരുന്നു.. കുടുംബക്കാരെല്ലാം ചേർന്ന് അവളെ വെള്ളമെല്ലാം കൊടുത്ത് പരിചരിക്കാൻ തുടങ്ങി.. തനിയ്ക്ക് ഇനിയവിടെ കാര്യമില്ലെന്ന് മനസ്സിലാക്കി അഭി പതിയെ കൂത്തമ്പലത്തിൽ നിന്നിറങ്ങി കുളത്തിലേക്ക് നടന്ന് കൈകാലുകൾ കഴുകി അൽപ്പനേരം അവിടെ ഇരുന്നു... നേരം വെളുക്കാൻ തുടങ്ങിയിരുന്നു... മരങ്ങളിൽ പക്ഷികളോടെ കലപില ശബ്ദം ഉയരാൻ തുടങ്ങി...
കാട്ടിലേക്ക് പോയവർ കർമ്മങ്ങൾ കഴിഞ്ഞ് തിരിച്ചുവന്നു...എല്ലാവരും തീരുമേനിയെ തൊഴുതുനിന്നു...
""ഞാനല്ല, അവനാണ് ഇതെല്ലാം സാധ്യമാക്കിയത്.. നന്ദിയെല്ലാം നിങ്ങൾ അവനോട് പറഞ്ഞോളൂ..."" കുളക്കടവിൽ നിന്ന് തിരികെ കയറിവന്നുകൊണ്ടിരുന്ന അഭിയെ ചൂണ്ടിക്കൊണ്ട് തിരുമേനി പറഞ്ഞു.. എല്ലാവരും അഭിയെ കൃതജ്ഞതയോടെ നോക്കി.. നീതുവും അപ്പോഴേക്കും എഴുന്നേറ്റി അമ്മയുടെ കൈപിടിച്ച് അമ്പലത്തിനുമുൻപിലേക്ക് വന്നു...
""കാരണവർമാരായി തുടർന്നുവന്നിരുന്ന എല്ലാ ആചാരങ്ങളും ശീലങ്ങളും ഇനി നിർത്തലാക്കാം.. നീലിയുടെ ശല്യം ഇനി ഈ നാട്ടിൽ ഉണ്ടാവില്ല.. അവൾ ഈ ലോകം വിട്ടുപോയിരിക്കുന്നു.. അവളുടെ ശാപത്തിൻ്റെ പേരിൽ നിങ്ങളെന്തൊക്കെ ചെയ്തിരുന്നോ അതൊന്നും ഇനി ചെയ്യേണ്ടതില്ല... എല്ലാവർക്കും ഇനി പേടികൂടാതെ ഈ നാട്ടിൽ കഴിയാം...ഉത്സവം അതിഗംഭീരമായിത്തന്നെ നടക്കട്ടെ, ഭഗവാൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും.."" തിരുമേനി പറഞ്ഞു.. ശേഷം അഭിയെ ചേർത്തുനിർത്തി..
""താൻ അമ്മയെയും കൂട്ടി തറവാട്ടിലേക്ക് വരണം.. അത് തൻ്റെ കൂടെ വീടാണ്... നിൻ്റെ അച്ഛൻ പോയതിൽ പിന്നെ എല്ലാവരും ഒരുപാട് മാറി.. അവിടെ എല്ലാവരും നിങ്ങളെ തിരഞ്ഞുനടക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി.. നിന്നെ കാണുന്ന ദിവസത്തെക്കുറിച്ച് സ്വപ്നത്തിൽ വെളിപാടുകളുണ്ടാവാറുണ്ടായിരുന്നു.. അത് ഇവിടെ വച്ചാണെന്ന് വിചാരിച്ചിരുന്നില്ല.. ഞാനിപ്പോൾ പോകുന്നു... അമ്മയോട് കാര്യങ്ങളെല്ലാം പറയണം.. അമ്മയെ കൂട്ടിക്കൊണ്ടുവരുകയും വേണം.."" അദ്ദഹം അഭിയോടായി പറഞ്ഞു..
നീതുവിൻ്റെ അച്ഛനും നാട്ടുകാരും അദ്ദേഹത്തെയും അനുയായികളെയും വേണ്ടവിധം സൽക്കരിച്ച് ആദരിച്ചാണ് പറഞ്ഞയച്ചത്.. മേളൂർ ഇല്ലത്തെ കുട്ടിയാണെന്ന പരിഗണന അവരോടൊപ്പം തന്നെ അഭിയ്ക്കും കിട്ടിയിരുന്നു.. നീതുവിൻ്റെ അമ്മയും അച്ഛനുമടക്കം എല്ലാവരും അവനെ ബഹുമാനത്തോടെയാണ് നോക്കിയത്.. തിരുമേനിയും കൂട്ടരും അവിടെ നിന്നും നടന്നുനീങ്ങി..
"" എന്നാൽ പിന്നെ എല്ലാവരും കുളിച്ച് ശുദ്ധിയായി വരൂ.. ഉത്സവം നടക്കാനുള്ള കാര്യങ്ങൾ എല്ലാം ഒരുക്കൂ.. ഇത് ഒരു ആഘോഷം തന്നെയാവട്ടേ.. എല്ലാവരും നടക്കൂ"" നീതുവിൻ്റെ അച്ഛൻ എല്ലാവരോടുമായി പറഞ്ഞു.. കൂടി നിന്ന ജനങ്ങളെല്ലാം ആർത്തുല്ലസിച്ച് അവരവരുടെ വീടുകളിലേക്ക് മടങ്ങി.. കൂട്ടത്തിൽ അഭിയെയും കൈപിടിച്ചുവലിച്ച് നീതുവിൻ്റെ വീട്ടിലെ കുട്ടികളും.. നടത്തത്തിനിടയിൽ അഭി നീതുവിനെ നോക്കിയെങ്കിലും അവൾ മുഖം കൊടുക്കുന്നുണ്ടിയിരുന്നില്ല.. അവളുടെ മുഖം വാടിയിരുന്നു... ക്ഷീണിച്ചവശയായിരുന്നതുകൊണ്ട് വീടെത്തിയതും നീതുവിനെ മുറിയിൽ കിടത്തി.. അവൾക്കുചുറ്റും മേമമാർ നിരന്നിരുന്നു വർത്തമാനം തുടങ്ങി.. കുട്ടികളുടെ കൂടെ ചിരിച്ചുകാണിച്ചുകൊണ്ട് അവരുടെ കളികളിൽ ഒപ്പം കൂടിയെങ്കിലും തൻ്റെ എടുത്തുചാട്ടം കൊണ്ട് തനിയ്ക്ക് നീതുവിൻ്റെ സൗഹൃദം നഷ്ടമായല്ലോ എന്ന ചിന്ത അവനെ അലട്ടിയിരുന്നു.. ബഹളത്തിനിടയിൽ നിന്ന് പതിയെ അവൻ റൂമിൽ ചെന്ന് കുളിയെല്ലാം കഴിഞ്ഞ് തൻ്റെ ബാഗെല്ലാം എടുത്തുവയ്ക്കാൻ തുടങ്ങി.. തിരിച്ചുപോകണമെന്ന ചിന്തയായിരുന്നു അവൻ്റെ മനസ്സുമുഴുവൻ..
""ചേട്ടൻ എന്തിനാ ബാഗൊക്കെ എടുത്തുവയ്ക്കുന്നേ!! ഉത്സവം കഴിയാതെ ചേട്ടൻ ഞങ്ങളെയൊക്കെ വിട്ട് പോവാൻ നോക്കുവാണോ!"" കുട്ടികളുടെ കൂട്ടത്തിലെ കുറുമ്പി കാർത്തു വാതിൽ കടന്നുവന്ന് ചോദിച്ചു...
കണ്ണിൽ ഒളുപ്പിച്ച കുസൃതിയുടെ കൂട്ടത്തിൽ "ചേട്ടൻ പോവണ്ടാ" എന്നൊരു തുള്ളി കണ്ണിർ ഉരുണ്ടുകൂടുന്നത് അഭി കണ്ടു...അപ്പോഴേക്കും കുട്ടിപ്പട്ടാളം മുഴുവൻ ഓടിവന്ന് അവനെ പൊതിഞ്ഞു.. അവരുടെ ഒക്കെ സന്തോഷം കണ്ടപ്പോൾ ഇനി എന്തായാലും ഉത്സവം കഴിഞ്ഞിട്ടുതന്നെ പോകാമെന്നുറപ്പിച്ച് അഭി പതിയെ കുട്ടികളുടെ കൂടെ കൂടി.. മനസ്സൊന്ന് തണുപ്പിക്കാൻ അവനും കുട്ടിയായി മാറാൻ ശ്രമിക്കുകയായിരുന്നു...
നാട് വീണ്ടും ഉത്സവലഹരിയിൽ മുങ്ങി... നാട്ടുകാരും വീട്ടുകാരും പതിവിൽ കവിഞ്ഞ സന്തോഷത്തോടെ കൊട്ടും കുരവയും ആട്ടവും പാട്ടുമെല്ലാമായി ആഘോഷിക്കാൻ തുടങ്ങി.. കുട്ടികൾ നിർബന്ധിച്ചപ്പോൾ അഭിയും അവരുടെ കൂടെ കൂടി ഉത്സവപ്പറമ്പ് മൊത്തം ചുറ്റിനടക്കുകയായിരുന്നു രാവിലെ തൊട്ട് രാത്രിവരെയും.... നീതുവിനെ പുറത്തെങ്ങും കണ്ടില്ല.. ക്ഷീണം കൊണ്ടായിരിക്കും.. ചോര കുറേ പോയതല്ലേ.. കുട്ടികളുടെ കൂടെകൂടി അവൻ്റെ അന്നത്തെ ദിവസവും അങ്ങനെ കടന്നുപോയി.. മൂന്നാം ദിനം ഉത്സവം അവസാനിക്കാൻ നേരത്തും നീതുവിനെ അവൻ കണ്ടില്ല.. വൈകീട്ട് തിരിച്ചുപോകാനായി അവൻ ബാഗെല്ലാമെടുത്ത് എല്ലാവരോടും യാത്രപറയാനായി ഇറങ്ങി.. രണ്ടുദിവസംകൊണ്ടുതന്നെ കുട്ടികൾക്കെല്ലാം പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞിരുന്നു അവൻ... അവരുടെയെല്ലാം മുഖം വാടിയിരുന്നു.. കാർത്തുവാണേൽ നിന്ന് കരയുവാണ്.. മൂന്നുവയസ്സേ ഉള്ളൂവെങ്കിലും വായാടിയായ അവളായിരുന്നു കൂട്ടത്തിൽ അഭിയോട് ഏറ്റവും കൂട്ട്.. അവളെ ഓരോന്ന് പറഞ്ഞ് സമാധാനിപ്പിച്ച് മറ്റു മേമമാരോടും പാപ്പൻമാരോടുമൊക്കെ യാത്രപറഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അവൻ നീതുവിനെ കാണുന്നത്..
കയ്യിൽ ചെറിയ കെട്ടുണ്ട്, മുഖത്തെ പാടുകളെല്ലാം കുറച്ച് മാഞ്ഞിരുന്നു... അവൾക്കവനെ അഭിമുഖീകരിക്കാൻ എന്തോ ബുദ്ധിമുട്ടുള്ളതുപോലെ അവനുതോന്നി.. എല്ലാവരോടും യാത്രപറയുന്ന കൂട്ടത്തിൽ അവൻ അവളെ നോക്കി.. അവൾ തിരിച്ചൊന്നും പറഞ്ഞില്ല.. പ്രിയപ്പെട്ട കൂട്ടുകാരിയെ തനിക്കെന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നവന് മനസ്സിലായി.. ആവശ്യമില്ലാതെ ഓരോ ആശകൾ മനസ്സിലിട്ട് പെരുപ്പിച്ചതുകൊണ്ട് നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെടുത്തിയത് അവൻ സ്വയം ശപിച്ചുകൊണ്ട് തിരിഞ്ഞുനിന്നു.. മുൻപിൽ അവളുടെ അമ്മയും അച്ഛനും നിൽപ്പുണ്ടായിരുന്നു..
""മോനേ.. നീതു ഞങ്ങളോട് എല്ലാ കാര്യങ്ങളും മറവില്ലാതെ പറയാറുണ്ട്.. നീ പറഞ്ഞ കാര്യവും അവൾ പറഞ്ഞു.. അതിനവൾക്കൊരു തീരുമാനവുമുണ്ട്.. ആ തീരുമാനത്തിനു കൂട്ടുനിൽക്കാനാണ് ഞങ്ങൾക്കിഷ്ടം.. ആണും പെണ്ണുമായിട്ട് ഞങ്ങൾക്കിവളൊന്നല്ലേ ഉള്ളൂ.."" നീതുവിൻ്റെ അമ്മ പറഞ്ഞു.. ഇതൂടെ കേട്ടപ്പോൾ നിന്ന നിൽപ്പിൽ ഭൂമി പിളർന്ന് താഴെ പോയാ മതിയെന്നായി അഭിയ്ക്ക്.. ഇതിൽപ്പരം ഒരു നാണക്കേട് ഇനി വരാനുണ്ടോ!! അവനുപിന്നെ അമ്മയുടെ മുഖത്തുതന്നെ നോക്കാൻ മടിയായി.. അവൻ തലകുനിച്ച് നിന്നു...
""ആ തീരുമാനം നിന്നോട് പറയാൻ തൽക്കാലം ഉദ്ദേശിച്ചിട്ടില്ല.. വീട്ടിൽ പോയി നീ അമ്മയെയും ബാക്കി കുടുംബക്കാരെയും വിളിച്ചുകൊണ്ട് വാ.. ഇതെല്ലാം കാരണവൻമാർ തീരുമാനിക്കേണ്ടതാ.. നേരം ഇരുട്ടിത്തുടങ്ങി.. നീ പോയിട്ട് എത്രയും പെട്ടെന്ന് തന്നെ തിരിച്ചുവാ.. ഇതൊന്നും അധികം വച്ചുതാമസിപ്പിക്കാൻ പാടില്ലെന്നേ"" ആ പറഞ്ഞത് അച്ഛനാണ്...
ഉപദേശമാണെന്ന് കരുതി തലതാഴ്ത്തി നിന്ന അഭിയ്ക്ക് അദ്ദേഹം പറഞ്ഞത് തലയ്ക്കകത്ത് കയറാൻ ഒലൽപ്പം സമയമെടുത്തു.. കാര്യം മനസ്സിലായപ്പോൾ അവൻ ആശ്ചര്യത്തോടെ തലയുയർത്തി അച്ഛനെയും അമ്മയേയും നോക്കി.. അവരൊക്കെ ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു.. അവൻ്റെ ട്രെയിനിനു പച്ചക്കൊടി വീശിയതാണെന്ന തിരിച്ചറിവ് അവനെ അങ്ങേയറ്റം സന്തോഷവാനാക്കി!! ഉള്ളിൽ നുരഞ്ഞുപൊങ്ങിയ വികാരങ്ങളെ അടക്കിനിർത്താൻ അവൻ നന്നേ പാടുപെട്ടു.. അവൻ നേരെ തിരിഞ്ഞ് നീതുവിനെ നോക്കി.. അവളവിടെ നിന്ന് അവനെ കളിയാക്കി അടക്കിച്ചിരിക്കുകയായിരുന്നു... ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ച് എടുത്തുപൊക്കി രണ്ടുകറക്കുകറക്കാനൊക്കെ അവൻ്റെ മനസ്സ് കൊതിച്ചു.. അത് മനസ്സിലാക്കിയെന്നോണം അവൾ വണ്ടി വിട്ടോ എന്ന് ചിരിച്ചുകൊണ്ട് ആംഗ്യം കാണിച്ചു.. പോകാൻ വേണ്ടി ഇറങ്ങിയതുകൊണ്ട് ഇനി തിരിച്ചുകയറേണ്ടെന്ന് അവനും വിചാരിച്ചു.. തുള്ളിച്ചാടിക്കൊണ്ട് അവൻ പാടം മുറിച്ചുകടന്ന് കവാടത്തിനടുത്തേക്ക് നടന്നു..
അവിടെച്ചെന്നപ്പോൾ ആ കവാടത്തിനടുത്ത് അന്നു കണ്ട ആ വൃദ്ധൻ വടിയും കുത്തിപ്പിടിച്ച് ഇരിയ്ക്കുന്നുണ്ടായിരുന്നു.. അവൻ നേരെ അദ്ദേഹത്തിനടുത്തുചെന്ന് കൈ കൂപ്പി...
""നന്മയുള്ള മനസ്സാണ് നിൻ്റെ.. അതങ്ങനെതന്നെയായിരിക്കുന്നിടത്തോളം ഈ ലോകം നിനക്കായി വഴിയൊരുക്കും.. സന്തോഷത്തോടെ പോയി വരൂ.."" അദ്ദേഹം അവൻ്റെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു..
""എടാ!! എന്തൊരൊറക്കം ആടാ!!! ക്ളാസിലിരുന്ന് ഉറങ്ങിയതൊന്നും പോരേ!!! എണീക്കെടാ ദേ സ്ഥലമെത്തി!!""" പെട്ടെന്നൊരു അശരീരി കേട്ടപ്പോഴാണ് അഭി ഞെട്ടി എഴുന്നേറ്റത്!!! അവൻ അന്തം വിട്ട് ചുറ്റും നോക്കി... അവൻ ഒരു ബസ്സിലിരിക്കുകയാണ്!! നീതുവതാ ബാഗൊക്കെപ്പിടിച്ച് തൊട്ടടുത്തു നിൽക്കുന്നു.. കോളേജിൽ നിന്ന് ഇറങ്ങിയപ്പോൾ ഇട്ടിരുന്ന ഡ്രസ്സാണ് അവൾ ഇട്ടിരിക്കുന്നത്.. സ്വന്തം ഡ്രസ്സ് നോക്കിയപ്പോൾ അതും മൂന്നുദിവസം മുന്നേ അവൻ നീതുവിൻ്റെ കൂടെ പോവാൻ വേണ്ടി ഇട്ട ഡ്രസ്സ്... അവൻ കണ്ണുതിരുമ്മി വീണ്ടും വീണ്ടും പരിസരമാകെ നോക്കി...!! നീതുവിൻ്റെ കയ്യിൽ കെട്ടില്ല.. മുറിവിൻ്റെ പാടുകൾ മുഖത്തില്ല..വേറേതോ ലോകത്തുവന്ന പോലെ അവൻ ആശ്ചര്യത്തോടെ ചുറ്റും നോക്കി...
""നിൻ്റെ.. നിൻ്റെ കയ്യിലെ മുറിവെങ്ങനെ ഇല്ലാണ്ടായി!! ആ വൃദ്ധൻ.. അങ്ങേരെവിടെ..! ഞാനിതെപ്പൊഴാ ബസ്സിൽ കയറിയേ!!! "" അഭി അന്താളിച്ച് നിന്നു..
"" അത്ശരി!! നീയെന്താ കഞ്ചാവടിച്ചിട്ടാണോ ബസ്സിൽ കയറിയേ!! കോളേജിന്ന് ഇവിടുന്ന് വരുന്ന ഗ്യാപ്പിൽ ഒന്നൊറങ്ങിയപ്പോഴേക്കും നിൻ്റെ ഫ്യൂസടിച്ചുപോയോ!! വേഗം ഇറങ്ങാൻ നോക്കെടാ ദേ നാടെത്തി"" നീതു കളിയാക്കിക്കൊണ്ട് ബസ്സിൽ നിന്നിറങ്ങി..
നീതുവിൽ എന്തോ മാറ്റങ്ങൾ അവൻ ശ്രദ്ധിച്ചു... മുടി പറത്തിയിട്ട് മുടി വളരെ ഭംഗിയായി കെട്ടിവച്ചിരിക്കുന്നു... രണ്ടു കൈയ്യിലും സ്വർണ്ണത്തിൻ്റെ വളകളും കഴുത്തിൽ നല്ല കനത്തിൽ ഒരു മാലയും അതിൻ്റെ ലോക്കറ്റായി വലിയൊരു ദേവിയുടെ ചിത്രവും.. ഷാൾ ഇട്ട് അത് വൃത്തിയായി പിൻ ചെയ്ത് വച്ചിരിക്കുന്നു!! ഇതെല്ലാം കണ്ടിട്ട് സ്വപ്നമാണോ എന്ന് തോന്നിപ്പോയി അവൾ അവനെ നോക്കി ചിരിച്ച് മിണ്ടാതെ ഇറങ്ങാൻ ആംഗ്യം കാണിച്ചു... ബാഗെല്ലാം എടുത്ത് ബസ്സിൽ നിന്ന് ഇറങ്ങി അവൻ ചുറ്റിലും നോക്കി.. പച്ചപ്പുനിറഞ്ഞ തണൽ മരങ്ങളുള്ള സ്ഥലം... ബെല്ലടിച്ച് ബസ്സ് നീങ്ങിയപ്പോൾ നേരെ എതിർവശത്ത് ഒരുകൂട്ടം അളുകൾ പന്തമെല്ലാം കത്തിച്ച് കുറേ താലങ്ങളും വിളക്കുകളും പൂക്കളുമെല്ലാമായി നിരന്നുനിൽക്കുന്നു!!! അഭി ഒന്ന് ഞെട്ടി.. ബാഗെല്ലാം എടുത്ത് നീതു നേരെ അവരുടെ അടുത്തേക്ക് നടന്നു... കൂട്ടത്തിൽ പ്രമുഖനെന്ന് തോന്നിപ്പിക്കുന്ന ഒരു വെള്ളവസ്ത്രദാരി താലമെടുത്ത് അവളെ മൂന്നുവട്ടം ഉഴിഞ്ഞ് നെറ്റിയിൽ കുങ്കുമം തൊടുവിച്ച് അകത്തേക്ക് വിളിച്ചു...
""അച്ഛാ ഒരാൾ കൂടിയുണ്ട്.. ഇത് അഭി, അഭിലാഷ്... ഞാൻ പറയാറില്ലേ... ഇവൻ നമ്മുടെ നാടൊക്കെ കാണണമെന്ന് കുറേയായി പറയുന്നു... ലീവായതുകൊണ്ട് കൂടെ വന്നതാ..."" നീതു ഇതും പറഞ്ഞ് അഭിയെ അടുത്തേക്ക് വിളിച്ചു... അഭി അന്തംവിട്ടുകൊണ്ട് അടുത്തുവന്ന് നിന്നപ്പോൾ അദ്ദേഹം ചെറുതായൊന്ന് മന്ദഹസിച്ചിട്ട് അവനെയും താലം കൊണ്ട് ഉഴിഞ്ഞ് കുങ്കുമം തൊടുവിച്ചു...
""ഞാൻ ശ്രീധരൻ... നീതുവിൻ്റെ അച്ഛനാണ്... എടാ ദാസാ കുട്ടികളുടെ ബാഗെല്ലാം വീട്ടിലേക്കെടുത്തേക്ക്... വരൂ.. സമയമായി, നാഗക്കാവിൽ ചെന്ന് തൊഴുത് വീട്ടിലേക്ക് പോകാം.. എന്നിട്ട് വിശദമായി സംസാരിക്കാം... "" നീതുവിൻ്റെ അച്ഛൻ പറഞ്ഞു..
നീതു അഭിയെ ഒന്ന് ഇടംകണ്ണിട്ട് നോക്കി.. അവൻ ആകെ അന്തംവിട്ട് നിൽക്കുകയാണ്.... റോഡിൽ നിന്നും അവരുടെ നാട്ടിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് വലിയൊരു കരിങ്കൽ കവാടം.. വളരെ പഴക്കമുള്ള ഒറ്റക്കല്ലിൽ തീർത്ത ഒരുപാട് കൊത്തുപണികളുള്ള പൊടി പിടിച്ചിരിക്കുന്ന ഒരു ഭീമാകാരമായ കവാടം... എല്ലാവരും തിരിഞ്ഞ് അകത്തേക്ക് കടക്കുന്ന കൂട്ടത്തിൽ അഭിയും വാ പൊളിച്ചുകൊണ്ട് നടന്നു... അഭിയുടെ വലതുകാൽ കവാടം കടന്നുവച്ചതും പൊടുന്നനെ വലിയ ശബ്ദത്തിൽ ആകാശത്ത് മിന്നലടിച്ച് ഇടിവെട്ടി... അതുവരെ ശാന്തമായിരുന്ന പ്രകൃതിയുടെ ഭാവം തന്നെ മാറി... ശക്തമായി കാറ്റുവീശി മരങ്ങളെല്ലാം ആടിയുലയാൻ തുടങ്ങി.... വഴിവക്കിലെ പൊടിയെല്ലാം പറന്നുപൊങ്ങി... ആകെമൊത്തം ഒരു ഭീകരാന്തരീക്ഷം!!!
എല്ലാവരും നേരെ തിരിഞ്ഞ് അഭിയെനോക്കി.. ചിലരുടെയെല്ലാം നോട്ടം കണ്ടാൽതന്നെ പേടിച്ചുപോകും... ചിലരെല്ലാം പേടിയോടെയാണ് നോക്കുന്നതും... നീതുവിൻ്റെ അച്ഛൻ തൻ്റെ വാച്ച് നോക്കി.. സമയം 7 മണി ആവാൻ ഏതാനും നിമിഷങ്ങളേയുള്ളൂ.. അദ്ദേഹം അവിടെയുണ്ടായിരുന്ന വയസ്സായ ഒരു പൂജാരിയെപ്പോലെ തോന്നിക്കുന്ന ഒരാളെ രൂക്ഷമായി നോക്കി... അയാൾ പെട്ടെന്നുതന്നെ താലത്തിൽനിന്ന് ഒരു കറുത്ത ചരടെടുത്ത് നഞ്ചോട് ചേർത്തുപിടിച്ച് എന്തൊക്കെയോ മന്ത്രം മനസ്സിൽ ചൊല്ലിക്കൊണ്ട് അഭിയുടെ അടുത്ത് വന്ന് വലതുകൈ നീട്ടാൻ പറഞ്ഞു... ""ഒരുകാരണവശാലും ഇവിടുന്ന് പോകുന്നതുവരെ ഇത് അഴിക്കരുത്... വലതുകാൽ വച്ച് വരൂ..."" അയാൾ പറഞ്ഞു...
അവൻ ഒരു സിനിമ രണ്ടാമതുകാണുന്നതുപോലെ എല്ലാം നോക്കി നിൽക്കുകയാണ്!! അവൻ വീണ്ടും കവാടം കടന്ന് അകത്തേക്ക് നിന്നു... പതിയെ അന്തരീക്ഷം ശാന്തമായി... കാറ്റുനിലച്ചു.. പൊടിയടങ്ങി.. ഇടിയും മിന്നലും പിന്നെയുണ്ടായില്ല... അവൻ നീതുവിനെ നോക്കി.. അവളുടെ മുഖം വിളറിയിരുന്നു.. ഭയത്താൽ നെറ്റിയിൽ നിന്നും വിയർപ്പ് പൊടിഞ്ഞിരുന്നു...
""ഇതൊന്നും കാര്യമാക്കേണ്ട, ഇവിടെ ചിലപ്പോഴൊക്കെ ഇങ്ങനെയാണ്... വരൂ, യാത്രാക്ഷീണം കാണും, വേഗം വീട്ടിലേക്ക് പോകാം.."" നീതുവിൻ്റെ അച്ഛൻ പറഞ്ഞു...
എല്ലാവരും മുന്നോട്ട് നടന്നു..
പിറകിൽ ചങ്ങലയുടെ കിലുക്കം കേട്ടാണ് അഭി തിരിഞ്ഞുനോക്കിയത്... ഒരാൾ ആ കവാടത്തിനു കുറുകെ ചങ്ങലയിട്ട് അതിൽ ഒരു ബോർഡ് തൂക്കിയിടുകയായിരുന്നു.. അതിൽ "പ്രവേശനമില്ല" എന്ന് ഇരുവശത്തും എഴുതിവച്ചിരിക്കുന്നു... നടക്കുന്നതിനിടയിൽ അവൻ പഴയകാലത്തെ ഒരു നാട്ടികയും അതിലെ മരത്തിൽ കൊത്തിവച്ച ബോർഡും ശ്രദ്ധിച്ചു...
""നീലിമലക്കാവ് .... സ്വാഗതം""
ശുഭം...
Comments
Post a Comment