വൈഖരി...

പതിവുപോലെ റീൽസും കണ്ട് മടുത്ത് ഫോണെടുത്തുവച്ച് കിടന്നേക്കാം എന്നു വിചാരിച്ചതായിരുന്നു അവൻ.. ഇപ്പോൾ കിടന്നാൽ ഒരു നാലഞ്ച് മണിക്കൂർ കഴിഞ്ഞാലെങ്കിലും ഉറക്കം കിട്ടിയേക്കുമല്ലോ.. രാവിലെ തൊട്ട് ഈ ഫോണും മീമ്സും റീൽസുമല്ലാതെ വേറൊന്നും തന്നെയില്ലല്ലോ... ഒന്നു റെസ്റ്റെടുക്കാൻ ഫോണിനുവരെ കൊതിയായിക്കാണും.. ഓഫാക്കാൻ നേരത്താണ് ഒരു നോട്ടിഫിക്കേഷൻ വന്നത്... എതോ ഒരാളതാ ലൈവ് പോകുന്നു... എന്നാ പിന്നെ കണ്ടിട്ടും നോക്കാതെ പോവുന്നത് ശരിയല്ലല്ലോ എന്നുവച്ച് തുറന്നുനോക്കിയതാണയാൾ...

പച്ചക്കറി മാർക്കറ്റിൽ കയറിപോലെ ആകെപ്പാടെ കലപില ശബ്ദം... ശബ്ദം മാത്രമേയുള്ളൂ ക്യാമറ ഓഫ് ആണ് എല്ലാർടേം.. ആരൊക്കെയാ പറയുന്നേ എന്തൊക്കെയാ പറയുന്നേ ഏതു ഭാഷയാ പറയുന്നേ എന്നറിയാതെ ആദ്യത്തെ കുറച്ചുനിമിഷങ്ങൾ അയാൾ അന്തം വിട്ട് നിന്നു!! പിന്നെ ഒന്ന് ട്രാക്കിൽ കയറിയപ്പോഴാണ് മനസ്സിലായത് കുറച്ച് പെൺപിള്ളേരാണ്, അവരുടെ പതിവ് സംസാരമാണെന്ന്... അവരെയാരെയും പരിചയമില്ലാത്തതുകൊണ്ടും പൊതുവേ പെൺപിള്ളാരുടെ കൂട്ടത്തിൽ തലയിടാൻ പോകാത്തതുകൊണ്ടും ബായ്ക്കടിച്ചുപോകാൻ നിന്നപ്പോഴാണ് അയാൾ അത് കേട്ടത്...

പതിഞ്ഞ ശബ്ദത്തിൽ ഒരു പാട്ട്.. നല്ല മധുരമാർന്ന സ്വരം... ആ സംസാരങ്ങൾക്കിടയിലൂടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് പോലെ കാതിലേക്കൊഴുകി വന്ന ആ പാട്ട് അയാളെ അവിടെ പിടിച്ചിരുത്തി... 
"ആരുടെ ശബ്ദമാണത്?" ആകാംഷകൊണ്ടയാൾ കമൻ്റിട്ടു... അതുവായിച്ചിട്ട് അതിനു മറുപടി വന്നത് ഞാനാണത് എന്നൊരു ശബ്ദമായിരുന്നു... " അതു ചോദിക്കാൻ താനാരെടോ" എന്ന മറുപടിയായിരുന്നു അയാൾ പ്രതീക്ഷിച്ചിരുന്നത്... കൂടുതൽ സംസാരിച്ച് വഷളാക്കേണ്ട എന്നു ചിന്തിച്ച് അയാൾ ഒരു പാട്ടുകൂടെ പാടാൻ കമൻ്റിട്ടു.. പാട്ടുകളെ ഒരുപാട് ഇഷ്ടപ്പെടുന്നതുകൊണ്ടും സ്വയം പാടാൻ കഴിവില്ലാത്തതുകൊണ്ടും അയാൾ പാട്ട് എവിടെ കേട്ടാലും ഒന്ന് നിൽക്കുമായിരുന്നു... പാടുന്നവരോട് എന്നും ആരാധനയും.. 

പാടാനറിയുന്നവർക്ക് പൊതുവേയുണ്ടാവാറുള്ള ജാട തെല്ലുമില്ലാതെ അവൾ വീണ്ടും പാടി... പിന്നെയും പിന്നെയും ഇടതടവില്ലാതെ പാട്ടുകൾ വന്നുകൊണ്ടേയിരുന്നു... പാടുന്നത് കേട്ടാലേ അറിയാം പാട്ട് പഠിച്ചിട്ടുണ്ടെന്ന്.. പക്ഷേ പാടുന്നതിൽ അയാൾക്കേറ്റവും ഇഷ്ടപ്പെടത് അത് സ്വയം ആസ്വദിച്ച് പാടുന്നതായിരുന്നു എന്നാണ്... അത്രമേൽ പാട്ടിനെ പ്രണയിക്കുന്നൊരാൾക്ക് മാത്രം കഴിയുന്ന കാര്യം.. അയാൾ ആ ലൈവ് തീരുന്നതുവരെ അവിടെ നിന്നു.. അവളുടെ പ്രൊഫൈലും തിരഞ്ഞുപോയി റിക്വസ്റ്റും അയച്ച് പോസ്റ്റുകളും നോക്കി അയാൾ... പക്ഷേ പോസ്റ്റുകളിലൊന്നും അവൾ പാടിയ പാട്ടുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല... ഇത്രയും മനോഹരമായി പാടുന്നയാൾ അതൊന്നും പ്രകടമാക്കാത്തതെന്തേ എന്നയാൾ ചിന്തിച്ചു... പിന്നെയാണ് ഓർത്തത് സാഹിത്യം മാത്രം പങ്കിവയ്ക്കാനുള്ള തൻ്റെയീ അക്കൗണ്ട് പോലെത്തന്നെ ഒരു ഫാൻ പേജ് മാത്രമായിക്കാം അതും... 

കുറച്ചുകഴിഞ്ഞപ്പോഴാണ് ആ അക്കൗണ്ടിൽ നിന്നും ഒരു മെസ്സേജ് വന്നത്... "" തൻ്റെ പാട്ടും കൊള്ളാമല്ലോ! സൂപ്പറായിട്ടുണ്ട്!!""  പതിവില്ലാതെ തന്നെ തേടിയെത്തിയ ആ മെസ്സേജിനെ കണ്ടില്ലെന്ന് നടിയ്ക്കാൻ അയാൾക്കായില്ല..
""പാട്ടുകാരനൊല്ലുമല്ല കേട്ടോ.. തന്നെപ്പോലെ പാട്ട് പഠിച്ചിട്ടുമില്ല.. പാട്ട് ഇഷ്ടമാണ്.. പറ്റുന്നപോലെ പാടുന്നു എന്നേയുള്ളൂ... ഇവിടെയാകുമ്പോൾ ആരെയും അറിയാത്തതുകൊണ്ട് തെറി വിളി കേൾക്കില്ലല്ലോ"" അയാൾ ചിരിച്ചു...
""എന്നാലും കൊള്ളാം.. നന്നായിട്ടുണ്ട്.. എഴുത്തുകാരനാണല്ലേ... കഥയെഴുതാറുണ്ടോ?"" വീണ്ടും ചോദ്യശരങ്ങൾ വന്നുകൊണ്ടിരുന്നു... 
"" ചെറുതായിട്ട് നോവലും കഥകളും കവിതകളുമെല്ലാം എഴുതാറുണ്ടെന്നേയുള്ളൂ.. വലിയ സംഭവമൊന്നുമല്ലെന്നേ!""  അയാൾ പറഞ്ഞു...
"" ഞാനും എഴുതാറൊക്കെയുണ്ട്, പക്ഷെ മടിയാ... സോറീ ട്ടോ, ഞാൻ എഴുത്തുകാരോടൊക്കെ പെട്ടെന്ന് കമ്പനിയാവും... ഞാൻ വൈഖരി"" അവൾ പറഞ്ഞു...

വൈഖരി... അറിഞ്ഞിട്ട പേരാണ്... ശബ്ദം എന്നർത്ഥം... ആ ശബ്ദം പോലെ തന്നെ അവളുടെ വാക്കുകളും അയാളിൽ വന്നു നിറഞ്ഞുകൊണ്ടിരുന്നു... സംസാരം നീണ്ടു... ഒരുപാട് നീണ്ടു... അയാൾ അയാളുടെ പേരുപോലും പറഞ്ഞില്ല, എന്നിരുന്നാൽ പോലും ആ രാത്രി മുഴുവൻ അവർ തമ്മിലൊരുപാട് കാര്യങ്ങൾ പറഞ്ഞു... ഇന്നുവരെ നേരിൽ കാണാത്ത രണ്ടുപേർ... പരസ്പരം പരിചയം പോലുമില്ലാത്ത രണ്ടുപേർ... ഇടതടവില്ലാതെ സംസാരിച്ചുകൊണ്ട് ഒരൊറ്റ രാത്രികൊണ്ടവർ ഒരുപാട് കഥകൾ കൈമാറി... ശബ്ദം കൊണ്ടയാൾക്ക് അന്നൊരനിയത്തിയെ കൂടി കിട്ടി...

വൈഖരി...

Comments

Popular posts from this blog

പായ്ക്കപ്പൽ (നോവൽ)

ഓർമ്മപ്പൂക്കൾ