ഓർമ്മപ്പൂക്കൾ
വീട്ടിലിരുന്ന് ചുമ്മാ ഇൻസ്റ്റഗ്രാം റീൽസും നോക്കിയിരുന്നപ്പോഴാണ് അവൾക്ക് പഴയ ക്ലാസ്മേറ്റ് ശ്രീയുടെ മെസ്സേജ് വന്നത്..
തൻ്റെ പുതിയ ഡ്രസ്സിട്ട് എടുത്ത ഫോട്ടോ സ്റ്റാറ്റസ് ഇട്ടത് കണ്ടിട്ടാണ് അവൻ മെസ്സേജയച്ചിരിക്കുന്നേ.. പതിവില്ലാതെ ഓക്കെയാണോ എന്ന് ചോദിക്കാൻ മാത്രം ഒന്നും തന്നെ അതിൽ ഇല്ല താനും.. പിന്നെയിപ്പൊ എന്താ പെട്ടെന്നൊരു ചോദ്യമെന്ന ചിന്തയിൽ അവൾ തിരിച്ച് മെസ്സേജയച്ചു...
"" ഞാനോക്കെയാണെടാ.. എന്തേ അങ്ങനെ ചോദിക്കാൻ?""
""നീ പണ്ടത്തേക്കാൾ മെലിഞ്ഞുപോയല്ലോ!! നിൻ്റെ മുഖത്ത് ചിരിയുണ്ടെന്നേ ഉള്ളൂ, അതിൽ പഴയ തെളിച്ചം കാണാൻ ഇല്ല.. അതുകൊണ്ട് ചോദിച്ചതാ.. എന്തെങ്കിലും ടെൻഷൻ ഉണ്ടോ നിനക്ക്?""
അവൾ വല്ലാതെ ആശ്ചര്യപ്പെട്ടു..! തമ്മിൽ കണ്ടിട്ട് വർഷങ്ങൾ ഒരുപാടായിക്കാണും, ദിവസേനെയുള്ള കോണ്ടാക്ടുമില്ല ശ്രീയുമായിട്ട്.. എന്നിട്ടും പെട്ടെന്ന് കണ്ട ഒരു ഫോട്ടോയിൽ നിന്ന് ഇത്രയൊക്കെ ഊഹിച്ചെടുക്കാനാവുമോ!
"" അത് കൊള്ളാവല്ലോ!! നീ ഇപ്പൊ മുഖം നോക്കി കാര്യങ്ങൾ പറയാനും പഠിച്ചോ!! "" അവൾ ചിരിച്ചുകൊണ്ട് ഒരു വോയിസ് അയച്ചു..
""നീ ചിരിക്കാതെ കാര്യം പറ പെണ്ണേ.. പണ്ടത്തേനെക്കാൾ ഇപ്പൊ ഭയങ്കര ആക്ടീവ് ആണല്ലോ സോഷ്യൽമീഡിയയിലൊക്കെ! ദിവസേനെ ഫോട്ടോയും റീൽസും ഒക്കെയായിട്ട്!! കെട്യോൻ നാട്ടിലില്ലേ!!"" അവനും ചിരിച്ചുകൊണ്ടാണ് മറുപടി അയച്ചത്..
""കെട്യോൻ നാട്ടിലും ഇല്ല, വീട്ടിലും ഇല്ല, ലൈഫിലും ഇല്ല.. അതോണ്ടല്ലേ ഇങ്ങനെ ഫ്രീയായി നടക്കുന്നേ!!""
അവളുടെ മറുപടി വളരെ സ്റ്റ്രയിറ്റ് ആയതുകൊണ്ട് ശ്രീ പെട്ടെന്ന് ഞെട്ടിപ്പോയെന്ന് അവൾക്ക് മനസ്സിലായി... കാരണം ആ മെസ്സേജ് കണ്ടിട്ടും ഒന്നുരണ്ടു മിനുറ്റിന് അവൻ്റെ റിപ്ലെ ഒന്നും വന്നില്ല..
പതിയെ ഫോൺ മാറ്റിവച്ച് അടുക്കളയിൽ കയറി ഉച്ചത്തേക്കുള്ള കറിയെല്ലാം ഉണ്ടാക്കുന്ന തിരക്കിലായി അവൾ..
മണിക്കൂറുകൾക്കുശേഷം മുറ്റത്തൊരു ബൈക്കിൻ്റെ ഹോണടി കേട്ട് വന്നുനോക്കിയപ്പോൾ ദേ നിക്കുന്നു ഉമ്മറത്ത് കയ്യിൽ ഒരു മിഠായിപ്പൊതിയുമായിട്ട് ശ്രീ!!
കറി ഇളക്കിയിരുന്ന തവിയും പിടിച്ച് അന്തംവിട്ട് നിൽക്കുന്ന അവളുടെ തലയ്ക്ക് ഒരു കൊട്ടും കൊടുത്തിട്ട് അവൻ സിറ്റൗട്ടിൽ വന്നിരുന്നു...
""വാ പൊളിച്ച് നിക്കാതെ പോയി ഒരു ഗ്ലാസ് വെള്ളം എടുത്തോണ്ട് വാ പെണ്ണേ!! പൊരി വെയിലത്ത് വന്ന് ആകെ കരിഞ്ഞുപോയി!!""
"" എടാ!! നീയിതെങ്ങനെ!! ഞാൻ ഇവിടെ ആണെന്ന് എങ്ങനെ അറിഞ്ഞു!! വല്ലാത്ത സർപ്രയ്സായിപ്പോയല്ലോ!! "" ആശ്ചര്യത്തോടെ അവൾ അവൻ്റടുത്തേക്ക് വന്നു..
"" ഓ പിന്നേ!! നിയ്യ് എവിടെയാണെന്നറിയാൻ ഇക്ക് കവടി വച്ച് നോക്കിയിട്ട് വേണല്ലോ!! നാട്ടിലില്ലെന്നേയുള്ളൂ, എല്ലാരുമായിട്ടും ഇപ്പൊഴും നല്ല കോണ്ടാക്ട് ഉണ്ട് ഇക്ക്.. മൃദുലയാണ് പറഞ്ഞേ നീ ഇവിടെ വീട്ടിൽ ഉണ്ടെന്ന്..""
"" ആണോ!! നീ നാട്ടിലെത്തിയിട്ട് കുറച്ചായല്ലേ!! ഞാൻ സ്റ്റോറി കണ്ടിരുന്നു..ചെക്കൻ്റെ കോലം നോക്ക് ! താടീം മീശേം മുടീം ഒക്കെ വളർത്തീട്ട്!! "" അവൾ ഒരുപാട് സന്തോഷത്തോടെ അവൻ്റെ മുടി പിടിച്ച് വലിച്ചു..
""ആആ!! എടി പോത്തേ പിടിച്ച് വലിച്ച് പറച്ചെടുക്കല്ലേ!! ആകെ ഒരു ലേശമേയുള്ളൂ! ഒരഡ്ജസ്റ്റ്മെൻ്റിൽ കൊണ്ടുനടക്കുവാ!! കിന്നരിക്കാൻ നിക്കാണ്ട് നീ പോയി വെള്ളം എടുത്തോണ്ട് വന്നേ!! "" മുടിയിൽ പിടിച്ച അവളുടെ കൈ തട്ടിമാറ്റിക്കൊണ്ട് അവൻ പറഞ്ഞു..
"" ഓ!! പറഞ്ഞ് പോരുവാണേൽ അങ്ങ് പോരട്ടേ.. മധുരപ്പതിനാറൊന്നുമല്ലല്ലോ! വയസ്സെത്ര ആയെന്നാ! ഞങ്ങളൊക്കെ മൂത്ത് നരയ്ക്കാൻ തൊടങ്ങി, നീയിപ്പൊഴും ചുള്ളനായിട്ടങ്ങനെ നടക്കുവാ!""
""കണ്ണുവയ്ക്കല്ലേ ചേച്ചിപ്പെണ്ണേ! ആകെപ്പാടെ ഈ ലുക്കിലാണ് 2K കിഡ്സിൻ്റെ ഇടയിൽ പിടിച്ച് നിക്കുന്നേ! ഇയ്യ് കുറച്ച് വെള്ളം എടുത്തോണ്ട് വായോ ആദ്യം.. എന്നിട്ട് സംസാരിക്കാം..""
""ചേച്ചിപ്പെണ്ണ്!!. ഇയ്യൊന്നും മറന്നിട്ടില്ല ല്ലേ!.. എത്ര കാലായെടാ കുട്ടാ ആ വിളി കേട്ടിട്ട്... "" കയ്യിലിരുന്ന തവി വച്ച് പതിയെ അവൻ്റെ കയ്യിലടിച്ചപ്പോഴേക്കും അടുക്കളയിൽ നിന്ന് എന്തോ കരിയുന്ന മണം വന്നു..
'അയ്യോ എൻ്റെ മീൻ കറി!!' എന്നും പറഞ്ഞ് അവൾ അകത്തേക്കോടി.. വേഗം ഗ്യാസ് ഓഫാക്കി ഒരു ഗ്ലാസ് സ്ക്വാഷ് കലക്കിക്കൊണ്ട് വന്ന് അവൾ ശ്രീയ്ക്ക് കൊടുത്ത് ഓപ്പോസിറ്റ് കസേരയിൽ ഇരുന്നു..
""എത്ര നാളായെടാ കണ്ടിട്ട്!! പത്ത് കഴിഞ്ഞേൽ പിന്നെ ഇപ്പൊഴാ , അല്ലേ!"" അവൾ താടിക്ക് കയ്യും കൊടുത്ത് ഇരുന്ന് ഓർമ്മകൾ അയവറക്കാൻ തുടങ്ങി...
"" മ്ം.. പത്ത് കഴിഞ്ഞ് നീ സ്കൂൾ മാറിപ്പോയില്ലേ.. പിന്നെ +2 കഴിഞ്ഞതും നിൻ്റെ കെട്ടും കഴിഞ്ഞെന്ന് ആരോ പറഞ്ഞ് കേട്ടു.. പിന്നെ യാതൊരു വിവരോം ഉണ്ടായില്ല.. സോഷ്യൽ മീഡിയ ഒക്കെ വളർന്ന് പന്തലിച്ചപ്പോഴല്ലേ പിന്നെ കോണ്ടാക്ട് കിട്ടുന്നേ..""
"" ശരിയാ!! കെട്ട് കഴിഞ്ഞതോടെ പിന്നെ ആരേം അങ്ങനെ കോണ്ടാക്ട് ഉണ്ടായിരുന്നില്ല.. പിന്നെ കുട്ടിയായി, അതിൻ്റെ പിന്നാലെ അങ്ങനെ കുറച്ച് സമയം പോയി.. പിന്നെ പഠിത്തോം കണ്ടിന്യൂ ചെയ്ത് ഡിഗ്രീം കഴിഞ്ഞ് ഒന്ന് ലെവലായത് ഇപ്പൊഴല്ലേ..""
""അല്ല, പറഞ്ഞപോലെ മോൾ എന്തിയേ?""
""അവൾക്ക് സ്കൂൾ ഉണ്ടല്ലോ! ഉച്ച കഴിയും വരാൻ..""
""ഇപ്പൊ എത്രേലാ?""
"" മൂന്നിലായി..""
"" കുട്യോളൊക്കെ എത്ര പെട്ടെന്നാ വലുതാവുന്നേ ലേ!!""
""ആ, നീയിങ്ങനെ നടന്നോ!! നമ്മടെ കൂട്ടത്തിലുള്ള എല്ലാരും കെട്ടി കുട്യോളായി!! നീ മാത്രേ ഉള്ളൂ ഇനി കെട്ടാൻ ബാക്കി.. നിന്നെ പിടിച്ച് കെട്ടിക്കാൻ വീട്ടുകാർക്കൊന്നും ഒരു ധൃതീം ഇല്ലേ!!""
""വീട്ടുകാർക്ക് ധൃതി ഉണ്ട്, ഞാൻ എന്തായാലും ഇപ്പൊ കെട്ടുന്നില്ലാ എന്ന് വച്ചിട്ടാ.. കുറച്ച് കാലം കൂടെ ഇങ്ങനെ ഫ്രീ ബേർഡ് ആയിട്ട് പറന്ന് നടക്കട്ടേന്നേ!!""
"" ഹാ!! അതും ശരിയാ!! കെട്ട് കഴിഞ്ഞാ പിന്നെ തീർന്നു!! കെട്ടാണ്ടിരിക്കുന്നത് തന്നെയാ നല്ലത്...""
അതുവരെ നല്ല ഹാപ്പിയായിട്ട് ഇരുന്ന അവളുടെ മുഖം പതുക്കെ മാറി.. അത് ശ്രദ്ധിച്ചിട്ടെന്നോണം അവൻ ഗഗ്ലാസിലെ ജ്യൂസ് മുഴുവൻ കുടിച്ച്തീർത്ത് അവൾക്ക് നേരെ ഒന്ന് നീങ്ങിയിരുന്നു..
"" എന്താടീ.. എന്താ പ്രശ്നം?""
"" പ്രശ്നങ്ങളേ ഉള്ളൂ ടാ.. പറയാനാണെങ്കിൽ കുറേ ഉണ്ട്.. ഇപ്പൊ ഡൈവോഴ്സിനായി അപ്ലൈ ചെയ്തിരിക്കുവാ.. അതാ ഇവിടെ വന്ന് വാപ്പാൻ്റെ കൂടെ നിൽക്കുന്നെ.. പെണ്ണിൻ്റെ പഠിത്തം മുടങ്ങണ്ടാ എന്നും വച്ച് ഇവിടെ ചേർക്കുവേം ചെയ്തു.. ഇപ്പൊ ഞാനും എൻ്റെ കരിയർ ഒന്ന് ബിൽഡ് ചെയ്യാൻ നോക്കുവാ.. ജോലിക്ക് നോക്കുന്നുണ്ട്, ഇൻ്റർവ്യൂ ഒക്കെ അറ്റൻ്റ് ചെയ്ത് വരുന്നു..."" അവളുടെ സംസാരം പതിയെ ഉൽസാഹമറ്റതായി..
"" എന്താ ശരിക്കും റീസൺ? നിനക്ക് പറയാൻ കുഴപ്പമില്ലേൽ പറ, ചെറിയ പ്രശ്നങ്ങളൊക്കെ എല്ലാ കുടുംബത്തിലും ഉള്ളതല്ലേ.. രണ്ടാളും കൂടെ ശരിക്കിരുന്ന് സംസാരിച്ചാൽ തന്നെ ഒരുവിധം പ്രശ്നങ്ങളൊക്കെ തീരും.. ""
""പറയാൻ കുഴപ്പമൊന്നുമില്ല.. പക്ഷേ പറയാനാണേൽ കൊറേ പറയാനുണ്ട്... കൊറേ ശ്രമിച്ചതാണെടാ.. കൊറേ സംസാരിച്ചുനോക്കി.. മോളെ വിചാരിച്ചോണ്ട് മാത്രം കൊറേ സഹിച്ചും ക്ഷമിച്ചും അഡ്ജസ്റ്റ് ചെയ്തും നോക്കി.. പക്ഷേ പറ്റണില്ല.. തീരെ പറ്റാണ്ടായപ്പൊഴാ ഇങ്ങനെ തീരുമാനം എടുത്തേ.. +2 കഴിഞ്ഞ് ഒരന്തോം കുന്തോം ഇല്ലാത്ത സമയത്ത് വാപ്പാൻ്റെ വാക്കുകേട്ട് നല്ല ആൾക്കാരാണെന്നും പറഞ്ഞ് കഴുത്ത് നീട്ടിക്കൊടുത്തതല്ലേ... ഉമ്മ ഇല്ലാതെ വളർത്തിയതോണ്ട് വാപ്പാൻ്റെ തീരുമാനത്തിന് എതിരുപറയാനും പറ്റയില്ല.. പറ്റണില്ലേൽ ഇറങ്ങപ്പോരേ എന്ന് വാപ്പ തന്നെയാ പറഞ്ഞേ.. ഇപ്പൊ ഇങ്ങനൊക്കെയായി... ഞാൻ ഓക്കെയായി വരുന്നുണ്ടെടാ കെട്ട്.. അതിൻ്റെ ഭാഗമായിട്ടാ ഈ ഫോട്ടോ ഇടലും റീൽ ഇടലും ഒക്കെ.. ഞാൻ ഓക്കെയാണെന്ന് ബാക്കി ഉള്ളവരൊക്കെ കരുതിക്കോട്ടെ എന്നും വച്ച്.. "" അവൾ അവന് മുഖം കൊടുക്കാതെ വേറെങ്ങോട്ടോ നോക്കിക്കൊണ്ട് പറഞ്ഞു...
എന്തുപറയണം എന്നറിയാതെ അവനും ഒരു നിമിഷം മൗനം പാലിച്ചു..
"" മ്ം.. ശരിയാ... നമുക്ക് പറ്റാത്തിടങ്ങളിൽ നിന്നും ഇറങ്ങിപ്പോരുന്നത് തന്നെയാ നല്ലത്.. നീയായിട്ട് ചിന്തിച്ച് ഒറപ്പിച്ച് എടുത്ത തീരുമാനമല്ലേ.. അപ്പൊ പിന്നെ അതിൽ നല്ല ബോൾഡായിട്ട് ഉറച്ചുനിന്നാൽ തീരുന്ന പ്രശ്നമേയുള്ളൂ.. അതിൻ്റെ പേരിൽ ഇനീം ടെൻഷനടിച്ച് വെറുതെ മെൻ്റലി ഡൗൺ ആയിട്ട് ബോഡി വീക്കാവാംന്നല്ലാണ്ട് വേറൊരു ഗുണോം ഇല്ല.. ഫോട്ടാ കണ്ടപ്പൊത്തന്നെ ഇക്കത് മനസ്സിലായി.. അതാ ചോദിച്ചേ.. ഈ ഫോട്ടോ ഒക്കെയിട്ട് നാട്ടുകാർടെ മുന്നിൽ ഇയ്യ് ഓക്കെയാണെന്ന് ബോധിപ്പിക്കാൻ നിക്കാതെ ഇയ്യ് സ്വയം പറഞ്ഞ് മനസ്സിലാക്ക് നീ ഓക്കെയാണെന്ന്.. അല്ലെങ്കിൽ മനസ്സ് കയ്യീന്ന് പോയി ആകെ പണ്ടാരെടങ്ങിപ്പോവും.. അനുഭവം ഉള്ളോണ്ട് പറയുവാ!!"" അവൻ അൽപ്പം ഉപദേശമെന്നോണം പറഞ്ഞു..
""ആ!! അത് പറഞ്ഞപ്പൊഴാ!! നിനക്ക് നല്ലൊരു തേപ്പ് കിട്ടിയതല്ലേ!! നീയെങ്ങനെയാ അതീന്ന് റിക്കവർ ആയേ! എങ്ങനേ ബാലൻസ് ചെയ്ത് പോണേ!! ടിപ്പ്സ് ഉണ്ടേൽ പറഞ്ഞ് താ!!"" അവൾ ചിരിച്ചു..
"" ആ! അത് പറയാൻ തന്നെയാ ഓടിപ്പെടച്ച് ഇങ്ങോട്ട് വന്നേ.. നമ്മൾ അത്രമേൽ സ്നേഹിച്ചവരേം വിശ്വസിച്ചവരേം ഒക്കെ മറക്കാനും അവരുടെ കൂടെ ഉണ്ടായിരുന്ന നല്ല നിമിഷങ്ങളും സന്തോഷങ്ങളും ഒക്കെ മറക്കാനും ഒന്നും ആർക്കും പറ്റില്ലെടോ.. സത്യത്തിൽ ഈ മറവി എന്ന് പറയുന്ന ഒരു സംഭവമേ ഇല്ല മനുഷ്യർക്ക്.. 'ഓർമിക്കാതിരിക്കൽ' മാത്രമേ ഉള്ളൂ.. തേപ്പ് കിട്ടിയിട്ട് വർഷം മൂന്നായി, അവള് വേറെ കെട്ടിപ്പോയി.. എന്നാലും ഇപ്പഴും ഒരു ദിവസം പോലും അവൾടെ ഓർമ്മകൾ മനസ്സിൽ വരാത്തതായിട്ടില്ല.. അത് ചിലപ്പോൾ ചെയ്ത തെണ്ടിത്തരത്തിനോടുള്ള ദേഷ്യമായിട്ടാവും, ചിലപ്പോൾ നഷ്ടബോധമായിട്ടാവും... അങ്ങനെ ഓർമ്മ വരുമ്പോ മൈൻ്റ് വേറെ എന്തിലേക്കെങ്കിലും മാറ്റി വിടുക എന്നുള്ളതാണ് ഏക വഴി..."" അവനും അൽപ്പം വികാരം കൊണ്ടു...
"" മറ്റേ കല്യാണരാമനിൽ പറയുന്ന പോലെ, ' വിഷമം വരുമ്പൊ ഞാൻ പായസം എളക്കും.. എന്നിട്ടും മാറിയില്ലെങ്കി രണ്ട് പപ്പടം അങ്ങ്ട് കാച്ചും.' അതേപോലെ അല്ലേ!!"" തമാശ പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു...
"" ആ! അത് തന്നെ!! സിനിമയിൽ അത് കോമഡിയാണ്, പക്ഷേ അതും ആരെങ്കിലും അനുഭവിച്ച , ചെയ്ത കാര്യങ്ങളായിരിക്കും.. ഞാൻ എത്ര രാത്രികൾ ഒറക്കം കിട്ടാണ്ട് കിടന്നിട്ടുണ്ടെന്നറിയോ!! ഓർമ്മകൾ വന്ന് കുമിഞ്ഞുകൂടുമ്പോ മനസ്സ് ഫ്രീയാക്കാൻ ഞാൻ ചെയ്യാറുള്ളത് പാട്ട് കേൾക്കുക, സിനിമ കാണുക, ബുക്ക് വായിക്കുക, ക്രിക്കറ്റ് കളിക്കുക, എന്നൊക്കെയാ... എപ്പൊഴും എന്തിലെങ്കിലും എൻഗേജ്ഡ് ആയിട്ട് ഇരിക്കാൻ നോക്ക്യാമതി.. വേറെ ഒന്നും ചിന്തിക്കാനായിട്ട് വെറുതെയിരിക്കാൻ മനസ്സിന് സമയം കൊടുക്കരുത്.. മനസ്സ് നമ്മളെ കണ്ട്രോൾ ചെയ്യാൻ തുടങ്ങിയാ ഭയങ്കര പ്രശ്നാ!! ചിലപ്പൊ നമ്മൾ സൂയിസൈഡ് ചെയ്യും, അല്ലെങ്കി നമ്മൾ കൊലപാതകി ആയിപ്പോവും.. നമ്മൾ മനസ്സിനെ കൺട്രോൾ ചെയ്യാൻ പഠിച്ചാൻ പിന്നെ ഒരു കൊഴപ്പോം ഇല്ല, no tention, no stress, no worries.."" അവൻ പറഞ്ഞ് നിർത്തി..
""നീയ്യ് ഭയങ്കായിട്ട് സംസാരിക്കാൻ പഠിച്ചല്ലോ!! മോട്ടിവേഷൻ സ്പീക്കർ അവാൻ നോക്കിക്കോ!! ഭാവി ഇണ്ട്!!"" അവൾ ചിരിച്ചു..
"" ഈ മോട്ടിവേഷൻ ചെയ്യുന്നോരൊക്കെ ഭൂരിഭാഗവും ആ സിറ്റ്വേഷനിലൂടെ കടന്ന് പോയോർ ആയിരിക്കും.. അവർക്ക് അതിനെ കറക്ടായിട്ട് മറ്റുള്ളവരിലേക്ക് കണക്ട് ചെയ്യാൻ പറ്റും... സത്യം പറഞ്ഞാ നമ്മക്ക് പൊറത്തൂന്ന് ഒരു മോട്ടിവേഷൻ സ്പീക്കർടെ ആവശ്യം ഇല്ലെടോ... ഉള്ളിൻ്റെ ഉള്ളിൽ " NEVER GIVE UP "" എന്ന് ആണിയടിച്ച് തൂക്കിയാൽ പിന്നെ മുന്നിൽ നിക്കണ ഒരു പ്രശ്നോം ഒരു പ്രശ്നമേയല്ല എന്നാവും.. നിനക്കും പറ്റും, അതിന് നാട്ടാരെ കാണിക്കാനല്ലാതെ നീ നിന്നെ ബോധിപ്പിക്കാൻ വേണ്ടി കാര്യങ്ങൾ ചെയ്താൽ മതി.. നിനക്കെന്താണോ സന്തോഷം തരുന്നത്, അത് ചെയ്യുക, ട്രാവൽ ചെയ്യുക, ഒറ്റക്കിരിക്കുക, ഫ്രണ്ട്സുമായിട്ട് സൊറ പറഞ്ഞിരിക്കുക, നല്ലോണം ഫുഡ്ഡ് അടിക്കുക.. അങ്ങനെ അങ്ങനെ.. ഇക്ക് ഇതൊന്നും പറഞ്ഞ് തരാൻ ആരും ഉണ്ടാർന്നില്ല.. നിനക്കൊന്നും ആരേലും പറഞ്ഞ് തന്നില്ലേൽ തലേൽ കേറത്തുമില്ലല്ലോ!! അതോണ്ടാ പിടിച്ച പിടിയാലെ ഇങ്ങ് വന്നേ.."" അവൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു..
"" ഓ ഓ!! അതിൻ്റെ എടേൽക്കൂടെ നമ്മക്കിട്ട് താങ്ങിയല്ലേ!! ഹും..! അല്ലേലും നിൻ്റത്രേം ബുദ്ധി നമ്മക്ക് പണ്ടേ ഇല്ലാത്തോണ്ടാണല്ലോ ഞാൻ ഇങ്ങനെ കെട്ടി മുട്ടിപ്പോയതും നിയ്യ് പഠിച്ച് ജയിച്ച് കേറിപ്പോയതും... ഇയ്യ് പണ്ടേ പഠിപ്പി അല്ലേടാ... നമ്മള് പാവങ്ങൾ!!"" അവൾ നിന്ന് ചിണുങ്ങി..
""ആ ഇനിപ്പൊ അതിൽ പിടിച്ച് കേറണ്ട.. നിങ്ങളൊക്കെക്കൂടെ പഠിപ്പി ന്ന് പറഞ്ഞ് പറഞ്ഞ് ഒഴപ്പി നടന്നവൻമാരൊക്കെ എന്നേക്കാൾ വലിയ നെലേലെത്തി, ഞാനിപ്പഴും ഇഴഞ്ഞ് ഇഴഞ്ഞ്... എന്നെക്കൊണ്ട് പറയിപ്പിക്കല്ലേ!"" അവൻ കറുവിച്ചു..
പതിയെ പഴയകാര്യങ്ങളെല്ലാം പറഞ്ഞ് ചിരിച്ച് കളിച്ചിരുന്നപ്പോഴേക്കും പുറത്തുപോയ വാപ്പ തിരിച്ചുവന്നു.. കുറേകാലത്തിനുശേഷം നന്നായി ചിരിച്ചിരിക്കുന്ന അവളുടെ മുഖം കണ്ടപ്പോൾ വാപ്പയ്ക്കും വലിയ സന്തോഷമായി..
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് പഴയ കൂട്ടുകാരെയൊക്കെ വിളിച്ച് സംസാരിച്ച് പഴയ പത്താംക്ലാസുകാരായി മാറി രണ്ടുപേരും..
ഉച്ചകഴിഞ്ഞപ്പോൾ മകൾ വന്നു, അവളുടെ കൂടെ കളിച്ചും ചിരിച്ചും സമയം അങ്ങനെ കടന്നുപോയി...
തിരിച്ചുപോകാനായി ഇറങ്ങാൻ തുടങ്ങിയ ശ്രീയെ അവൾ നിറഞ്ഞ കണ്ണുകളോടെ നോക്കി.. വാപ്പയോടും മകളോടും യാത്രപറഞ്ഞ് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച് അവൻ പടികടന്നുപോയി..
തിരികെ വന്ന് ഹാളിൽ ഇരുന്ന് അവൾ നെടുവീർപ്പിട്ടു..
കഴിഞ്ഞ കുറച്ചുമണിക്കൂറുകൾ അവൾ ആരെയും ബോധിപ്പിക്കാനല്ലാതെ തന്നെ ഹാപ്പിയായിരുന്നെന്ന സത്യം അവൾ മനസ്സിലാക്കി... ഒരു നിമിഷം പോലും തന്നെ അലട്ടുന്ന പ്രശ്നങ്ങളെപ്പറ്റി അവൾ ചിന്തിച്ചിരുന്നില്ല.. മനസ്സുതുറന്ന് ചിരിച്ചതു തമാശപറഞ്ഞതും എല്ലാം അവൾ ഒന്നുകൂടെ ഓർത്തു..
നല്ല നിമിഷങ്ങൾ എപ്പോഴും അങ്ങനെയാണ്, പെട്ടെന്ന് തീർന്നുപോകും.. അവയുടെ ഓർമ്മകളാവട്ടെ ഉള്ളിലിരുന്ന് പൂക്കും... ഓർമ്മപ്പൂക്കളിൽ ഏതെല്ലാം പൂക്കുന്നുവെന്നതിലാണ് മനുഷ്യൻ്റെ മനസ്സമാധാനം..
ശുഭം.
Comments
Post a Comment