മനസ്സ്... (നോവൽ)
കേട്ടുമറന്ന കഥയും കണ്ടുമറന്ന കാഴ്ച്ചകളും തന്നെയാണ്.. തലയിൽ തോന്നിയത് കോറിയിടുന്നെന്നുമാത്രം...
മനസ്സ്... അധ്യായം 1
""ഉണ്ണീ... എണീക്കെടാ... ദേ ബസ് വരാറായി.. ഈ ചെറുക്കനോട് ഇതെത്ര പറഞ്ഞിട്ടും കാര്യല്ല...""
ഇതുപറയലും അവൻ്റെ തലയിലൂടെ ഒരു പാത്രം വെള്ളം കമഴ്ന്നതും ഒന്നിച്ചായിരുന്നു...
""എൻ്റമ്മച്ചീ..... നല്ലോരു സ്വപനത്തിൻ്റെ ക്ലൈമാക്സ് കാണാൻ സമ്മതിച്ചില്ലല്ലോ പൊന്നു ത്രേസ്യാമ്മേ....""
തലയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം വകഞ്ഞുമാറ്റി അവൻ പരാതിപ്പെട്ടു... പാതിയുറക്കപ്പിച്ചിലെ അവൻ്റെ കൊണിച്ചിൽ കണ്ട് തുടയിൽ ഒരു നുള്ളൂകൂടെ വച്ചുകൊടുത്തു ത്രേസ്യാമ്മ...
""നേരം വെളുക്കുന്നതുവരെ ഫോണിൽ കളിച്ചിരുന്നിട്ട്... എന്നെക്കൊണ്ട് പറയിപ്പിക്കല്ലെ നീ.. നിൻ്റപ്പൻ വന്നിരുന്നേൽ പൊന്നുമോന് നല്ല ചട്ടുകം പഴുപ്പിച്ചത് കിട്ടുവാർന്നു... എണീറ്റ് പോയി പല്ലുതേച്ച് കുളിച്ചേച്ചും വാടാ... ലാസ്റ്റ് ദിവസമായിട്ട് ഇന്നെങ്കിലും നേരത്തിനു സ്ക്കൂളിൽ പോവാൻ നോക്കെടാ..."" അടുക്കളയിലേക്ക് നടന്നുകൊണ്ട് അമ്മച്ചി പറഞ്ഞു..
മുറ്റത്തേക്കിറങ്ങിയ അവൻ്റെ കണ്ണിലേക്കുതന്നെ സൂര്യൻ ലൈറ്റടിച്ചു... കണ്ണും തിരുമ്മിക്കൊണ്ട് കോട്ടുവായും ഇട്ട് അവൻ തിരിഞ്ഞതും മുന്നിലതാ അപ്പച്ചൻ!!
""മ്ം? എന്താ ഇന്ന് സ്ക്കൂളിൽ പോണില്ലേ? എന്തൊക്കെയോ പരിപാടികളൊക്കെയുണ്ടെന്ന് പറഞ്ഞാർന്നല്ലോ...?"" റിട്ടയർഡ് കേണലിൻ്റെ ആ ഘനശബ്ദത്തിനൊന്നും ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല... ""ആഹ്.. അത്.. പിന്നെ... ലാസ്റ്റ് ഡേയാ... ഫെയർവെൽ പ്രോഗ്രാംസ് ഒക്കെയാ അതോണ്ട് കുറച്ച് വൈകിയാലും കുഴപ്പമില്ല.."" പാതി വിട്ട കോട്ടുവാ കടിച്ചമർത്തിക്കൊണ്ട് പറഞ്ഞൊപ്പിച്ച് അവൻ വേഗം കുളിമുറിയിലേക്കോടി... ശ്ശടേന്ന് പല്ലും തേച്ച് കുളിയും കഴിച്ച് അമ്മച്ചീടെ നല്ല ചൂടു പാലപ്പവും മുട്ടക്കറിയും തട്ടി അമ്മച്ചീടെ ബിസ്ക്കറ്റ് പാത്രത്തിലെ സേവിങ്സ് അക്കൗണ്ടീന്ന് നൂറുരൂപയും ബാഗും എടുത്ത് അവൻ ബസ്സുകേറാൻ ഓടി...
""മിസ്റ്റർ ഡേവിഡ് സൺ ഓഫ് കേണൽ കുര്യാക്കോസ്!! എങ്ങോട്ടാണ് മൂട്ടിൽ തീ പിടിച്ചപോലെ ഓടുന്നേ? നമ്മളും അങ്ങോട്ടുതന്നെയാ... നിക്കട അവടെ.."" പിറകീന്നുള്ള ശ്രീജിത്തിൻ്റെ വിളികേട്ടാണ് അവൻ നിന്നത്... ചെറുപ്പം തൊട്ടേയുള്ള അവൻ്റെ കൂട്ടുകാരനും അയൽവാസിയുമാണ് ടൗണിൽ പലചരക്കുകട നടത്തുന്ന സന്തോഷേട്ടൻ്റെയും എൽ.പി സ്ക്കൂളിലെ രാധടീച്ചറുടെയും മകനായ ശ്രീമാൻ ശ്രീജിത്ത്... പേരിലെ ശ്രീ ഒന്നും പ്രവർത്തിയിൽ ഇല്ലാത്തതുകൊണ്ട് വീട്ടുകാർക്കും നാട്ടുകാർക്കും ഉപകാരമില്ലാത്തവൻ എന്ന സൽപ്പേരും കക്ഷിക്ക് സ്വന്തമായുണ്ട്!
""എടാ ഓടി വാടാ ശ്രീയേ... മേരീ മാത പോയാ പിന്നെ നടക്കേണ്ടി വരും... അല്ലേലേ ലേറ്റായി..."" തിരിഞ്ഞുനിന്ന് അരയ്ക്ക് കയ്യും കൊടുത്തുകൊണ്ട് ഉണ്ണി പറഞ്ഞു..
നിൽപ്പുകണ്ടാൽ ഒരു സിൽമാനടൻ്റെ ലുക്ക് ഒക്കെയുള്ള അവനാണ് നമ്മുടെ കഥയിലെ നായകൻ... ഡേവിഡ് കുര്യാക്കോസ്... കേണലായിരുന്ന അപ്പൻ്റെയും ഇടിവെട്ട് കുക്ക് ആയ അമ്മച്ചിയുടെയും ഏറെ നാളത്തെ പ്രാർത്ഥനകൾക്കൊടുവിൽ മാതാവ് കനിഞ്ഞു നൽകിയ അവരുടെ പ്രിയപ്പെട്ട ഉണ്ണി... +2 വിനു പഠിക്കുന്ന ഉണ്ണിയെപറ്റി എല്ലാവർക്കും നല്ല അഭിപ്രായമേ ഉള്ളൂ... അപ്പൻ്റെ പട്ടാളച്ചിട്ട കൊണ്ടാണോ എന്തോ പെരുമാറ്റം കൊണ്ടും എല്ലാം എല്ലാവർക്കും വല്യ കാര്യമാണ് അവനെ... എപ്പോഴും ഒരു പുഞ്ചിരി കൊണ്ട് നടക്കുന്ന എല്ലാവർക്കും അത് പകർന്ന് കൊടുക്കുന്ന പഠിക്കാനും മിടുക്കനായ ഒരു ക്ലാസിക്ക് പാവം നാട്ടിൻപുറത്തുകാരൻ പയ്യൻസ്...
""ആഹ് ബെസ്സ്!! മേരി മാതയൊക്കെ എപ്പളേ വിട്ടടിച്ച് പോയിക്കാണും ഫ്ലൈറ്റ് ഓടിക്കുന്ന പോലെയാ അഭിലാഷേട്ടൻ അതും കൊണ്ട് പോവുന്നേ... നിയ്യൊന്ന് പയ്യെ പോയെൻ്റെ ഉണ്ണീ..."" കിതച്ചുകൊണ്ട് ശ്രീജിത്ത് പറഞ്ഞു...
""എടാ നീ ഇനിയെങ്കിലും ഈ ഉണ്ണീന്നുള്ള വിളി ഒന്ന് നിർത്താവോ! കോളേജിൽ പോവേണ്ട പ്രായമായി... നീ കാരണവാ സ്ക്കൂളിൽ മൊത്തം പാട്ടായേ.. ഇനി കോളേജിലും കൂടെ ആ പേരു പാട്ടാക്കരുത് പ്ലീസ്... "" അവൻ കറുവിച്ചുകൊണ്ട് പറഞ്ഞു....
""അതിനു ഇന്നൂടെ കഴിഞ്ഞാ പിന്നെ നമ്മൾ രണ്ടും രണ്ടുവഴിക്കല്ലേ.. നീയൊക്കെ വലിയ പഠിപ്പിയല്ലേ മോനേ... എഞ്ചിനീരാവാൻ നടക്കുവല്ലേ.. നമ്മക്കൊക്കെ വല്ല ഡിഗ്രിക്കും പോക്കേ പറഞ്ഞിട്ടുള്ളൂ... നിൻ്റെയീ നാണം കുണുങ്ങി നാടൻ സെറ്റപ്പുംകൊണ്ട് എഞ്ചിനീറിങിനു പോയിട്ട് എന്താക്കാനാണോ എന്തോ... ഒരു പെണ്ണിനോട് പോലും നേരാം വണ്ണം വർത്താനം പറയാനറിയാത്ത നിന്നെയൊക്കെ ഉണ്ണീന്നല്ലാണ്ട് വേറെന്താ വിളിയ്ക്കാ ൻ്റെ ഉണ്ണ്യേ... ഹൈ! ഇങ്ങ്ട് വര്യ ഉണ്ണ്യേ! അങ്ങ്ട് നടക്ക്ക!"" തമാശയും പറഞ്ഞ് തോളത്ത് കയ്യും ഇട്ട് ശ്രീ കൂടെനടന്നു... പക്ഷേ അവൻ്റെ വാക്കുകൾ ഉണ്ണിയുടെ ചങ്കിലാണ് തറച്ചത്... ശെരിയാണ്... എഞ്ചിനീയറിങിനു പോകാനാണ് അമ്മച്ചിയ്ക്കു താൽപര്യം.. അവനും അങ്ങനെതന്നെ... പക്ഷേ അധികമാരോടും ഒരു കട്ട ചങ്ക് ഫ്രണ്ട്ഷിപ്പ് കൊണ്ടുനടക്കാത്ത ആളാണ് അവൻ... പ്രത്യേകിച്ച് പെൺകുട്ടികളോട്.. എല്ലാവരും നാളെ അവരവരുടെ തിരക്കുകളിൽ മുഴുകേണ്ടവർ... കല്യാണം കഴിഞ്ഞാൽ പിന്നെ കാണാനേ കിട്ടാത്തവർ.. അടുത്തുപോയാൽ പിന്നെ അവരുടെ ചെറിയ അവഗണനപോലും ഒരുപാടു വിഷമമാവുന്ന പ്രകൃതം കൊണ്ട് എല്ലാവരെയും ഒരു പരിതിയിൽ കൂടുതൽ അടുപ്പിക്കാറില്ല അവൻ.. ശ്രീയെ പോലുള്ള ചുരുക്കം ചിലരെയുള്ളൂ നല്ല സുഹൃത്തുക്കളായിട്ട്.. അവനത് മതി താനും..പുതിയ കൂട്ടൊന്നുമില്ല... പത്താം ക്ലാസു കഴിഞ്ഞ് സ്ക്കൂളു മാറി ഹയർസെക്കണ്ടറിൽ വന്നപ്പോഴേ അവൻ ഉറപ്പിച്ചതായിരുന്നു പുതിയ ഫ്രണ്ട്സിൽ പെൺപിള്ളാരൊന്നും വേണ്ട, ആരെയും വല്ലാതെ അടുപ്പിയ്ക്കണ്ട എന്ന് അതിനെയാണ് ശ്രീ നാണംകുണുങ്ങിയെന്ന് വിശേഷിപ്പിച്ചത്... ഇത്തരത്തിൽ ഒരു അന്തർമുഖനായ ഉണ്ണിയുടെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് ഇനിയങ്ങോട്ട് കൂടെയില്ലാതാവുന്നത്... ഉള്ളിൽ ഒരു കടൽ ഇരമ്പുന്നത് ഉണ്ണിയ്ക്ക് മാത്രം കേൾക്കാമായിരുന്നു... അന്നുതൊട്ടേ ചിന്തകളുടെ ചിറകുകളേറി ഒരുപാടു സഞ്ചരിയ്ക്കാൻ തുടങ്ങിരുന്നു അവൻ... ഒരോന്നാലോചിച്ച് നിന്നപ്പോഴേയ്ക്കും അടുത്ത ബസ് വന്നു... സ്ക്കൂൾ എത്തിയതും പരിപാടികൾ കഴിഞ്ഞതും എല്ലാം ഒരു സ്വപ്നം പോലെ അവൻ്റെ കണ്ണുകളിലുടെ കടന്നുപോയി....
അധ്യായം 2
""എന്താടാ നീ ഞങ്ങളെയൊന്നും മൈൻ്റാക്കാത്തേ? ജാഡയാണോ... ഞങ്ങളു പിടിച്ച് തിന്നുവൊന്നൂല്ല ട്ടോ..""
പുറത്ത് വീണ അടിയുടെ തരിപ്പിലാണവൻ ചിന്തകളിൽനിന്നുണർന്നത്.. ക്ലാസിലെ പവർപഫ് ഗേൾസാണ്... സ്വയം പ്രഖ്യാപിത നാലംഗസംഘം... ഏതുനേരവും വളവളാന്ന് സംസാരിച്ച് ഓടിപ്പാഞ്ഞ് നടക്കുന്ന ഒരു തട്ടുപൊളിപ്പൻ ആക്ടീവ് ഗാങ്... ക്ലാസിലെ എല്ലാവരുടേയും ഫേവറേറ്റ്സ്.. പക്ഷേ ഉണ്ണിയധികം അവരോട് കൂട്ടൊന്നുമില്ല... എല്ലാം വെറും ഷോ കാണിച്ച് നടക്കുന്ന ടീമ്സാണെന്നാണ് അവൻ്റെ പക്ഷം..
""അയ്യോ ജാഡയൊന്നുമല്ലെന്നേ.. ഞാൻ ഒന്ന് ഒതുങ്ങി നടന്നെന്നേയുള്ളൂ... ക്ലാസുകഴിഞ്ഞതിൻ്റെ ഒരു ഇത്..."" അവൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.. സത്യത്തിൽ അവൻ്റെ പെൺകുട്ടികളോടിടപെഴകാനുള്ള താൽപര്യക്കുറവ് കൊണ്ടാണ്...പോരാത്തതിന് ഇതുപോലുള്ള അടിച്ചുപൊളി ടീമുകളോട് പൊതുവേ ഒരു ഗ്യാപ്പ് കാണിക്കുന്നവനാണ് ഉണ്ണി.. കൊറച്ചൊക്കെ അടങ്ങിയൊതുങ്ങി നടക്കണം എല്ലാവരും എന്നാണ് അവൻ്റെ പക്ഷം..
"" രണ്ടുവർഷത്തിനിടക്ക് എത്രവട്ടം നമ്മൾ സംസാരിച്ചിട്ടുണ്ടാവുമെടാ...കണ്ടാലൊരു ചിരിയല്ലാതെ ഒന്നും നീ പറയാറില്ല... അത്യാവശ്യത്തിനെന്തെങ്കിലും മിണ്ടിയാലായി.. ഞങ്ങളോടെന്തെങ്കിലും വിരോധമുണ്ടോ നിനക്ക്?"" ഗാങ്ങ് ലീഡർ വർഷയാണ്... അവനെ ചുറ്റിവളഞ്ഞിരിക്കുകയാണ് എല്ലാവരുംകൂടെ..
"" അതോ ഞങ്ങളു വലിയ സംഭവമാണ് നിനക്കൊന്നും കൂടാൻ പറ്റിയ കൂട്ടം അല്ലെന്ന് വിചാരിച്ചിട്ടോ?"" ഒരു ചെറുചിരിയോടെ തട്ടംഒതുക്കിക്കൊണ്ട് ഫൈസയാണ് പറഞ്ഞത്..
""ഏയ്.. അങ്ങനൊന്നും വിചാരിച്ചിട്ടില്ല... ഞാൻ പൊതുവേ അങ്ങനെ ഒരുപാട് സംസാരിക്കാറൊന്നുമില്ലല്ലോ, നിങ്ങളൊക്കെ കാണുന്നതുതന്നെയല്ലേ എന്നെ... പിന്നെ നിങ്ങളെല്ലാരോടും നല്ല വൈബല്ലേ... നിങ്ങടെ ഒച്ചകേൾക്കാത്ത നേരമില്ലല്ലോ ക്ലാസിൽ... അതിൻ്റിടയ്ക്ക് ഞാൻ ഫിറ്റാവില്ലെന്നു വിചാരിച്ചിട്ടാ.."" ചിരിച്ചുകൊണ്ടൊരു തമാശപോലെയാണവൻ പറഞ്ഞത്..
""എടാ ക്ലാസുകഴിയുമ്പോ ഓരോരോ വഴിക്ക് പിരിയുന്നവരല്ലേ നമ്മളെല്ലാം... എല്ലാർടേം മനസ്സിൽ അറ്റ്ലീസ്റ്റ് ഒരു അലമ്പ് ടീമെന്ന നിലയിലെങ്കിലും കൊറെക്കാലം കഴിഞ്ഞാലും ഓർമയായിട്ട് ഉണ്ടാവട്ടേന്ന് വിചാരിച്ചിട്ടാടാ ഞങ്ങളൊക്കെ ഇങ്ങനെ പൊട്ടിത്തെറിച്ച് നടക്കുന്നത്... അല്ലാണ്ട് ഞങ്ങളൊക്കെ വെറും പാവങ്ങളല്ലേ... നിന്നെപ്പോലെ പഠിപ്പിയൊന്നുമല്ലല്ലോ ഞങ്ങളെയൊക്കെ ഓർത്തിരിക്കാൻ.."" ആ പറഞ്ഞത് മായ..
"" അതുമാത്രവല്ല, നീയിങ്ങനെ കൂട്ടത്തിൽകൂടാതെ എപ്പോഴും ഒഴിഞ്ഞ് മാറി നടക്കുന്നതുകൊണ്ടാ ഇന്നെങ്കിലും നിന്നെപ്പിടിച്ചിരുത്തി നാലു പറയാമെന്നുവച്ചെ.. ഇവിടുന്നു പോയാലും ഇടയ്ക്കൊക്കെ കോണ്ടാക്ട് ചെയ്യതേക്കണം.. ഞങ്ങൾക്കൊരാവശ്യത്തിന് നീയൊക്കെയല്ലെയുള്ളു... ഇന്നെങ്കിലും എന്തെങ്കിലുമൊക്കെ മിണ്ടീം പറഞ്ഞും ഹാപ്പിയായിട്ട് പിരിയാമെന്നേ.." അത് മേരിയായിരുന്നു.. കൂട്ടത്തിലെ തൻ്റേടി..
അവനാകെ എന്തോപോലെയായി.. നമ്മൾ വിചാരിക്കുന്നപോലെയൊന്നുമല്ല മനുഷ്യരെന്നും അടുത്തറിയാത്തവരെപ്പറ്റി മനസ്സിൽ സ്വയം വിലയിരുത്തരുതെന്നും അന്നാണവന് തിരിച്ചറിവുണ്ടായത്...
""അതിനു നിങ്ങളൊക്കെ അലമ്പാണെന്ന് ആരും പറയുന്നൊന്നുമില്ലെന്നേ.. എല്ലാവർക്കും നിങ്ങളെ നല്ല കാര്യമാ.. ഞാൻ എൻ്റെ ഭാഗം പറഞ്ഞെന്നേയുള്ളൂ..പൊതുവേ കമ്പനിയായാൽ പിന്നെ എന്നെക്കൊണ്ട് പൊറുതിമുട്ടുന്ന തരത്തിൽ വെറുപ്പിക്കലാവും ഞാൻ.. എപ്പഴും കൂടെയുണ്ടാവണം എല്ലാവരും എന്നൊക്കെയാ.. അതാ പിന്നെ ഒരുപാടങ്ങു ക്ലോസാവാതിരുന്നെ.. അല്ലാതെ വിരോധമുണ്ടായിട്ടൊന്നുമല്ല.."" ചെറിയൊരു ജാള്യതയുണ്ടായിരുന്നു അവൻ്റെ വാക്കുകളിൽ..
""എല്ലാവരും എപ്പോഴും കൂടെത്തന്നെയുണ്ടാവുമെടാ.. അതല്ലേ ഫ്രണ്ട്സ്! ദിവസവും കാണാനും മിണ്ടാനുമൊന്നും ഇനി പറ്റിയെന്നുവരില്ല.. ഒരുപക്ഷേ സ്വന്തം തിരക്കുകൾക്കിടയിൽ മറന്നുപോയെന്നും വരാം.. പക്ഷേ ഒരു വിളിയ്ക്കപ്പുറം ഏതുനേരത്തും ഈ ക്ലാസിലിരുന്ന അതേ വൈബിൽ ഉണ്ടാവുന്നവരല്ലേ യഥാർത്ഥ കൂട്ടുകാർ.. ഞങ്ങൾമാത്രമല്ല, എല്ലാവരും എപ്പഴും നല്ലരീതിയിൽ തന്നെ കൂടെയുണ്ടാവും.. നീ ഈ ഒതുങ്ങിക്കൂടിയുള്ള സ്വഭാവമൊക്കെയൊന്ന് മാറ്റിയെടുക്കെടാ.. രാവിലെതൊട്ട് മൂഡോഫാണെന്നും പറഞ്ഞ് ശ്രീജിത്താണ് ഞങ്ങളെ പറഞ്ഞുവിട്ടേ ഇങ്ങോട്ട്.. അവനെന്നല്ല ആരും നിന്നെ ഒറ്റക്കാക്കിയിട്ട് പോവില്ല.. അതൊക്കെ പതുക്കെ മനസ്സിലാവും നിനക്ക്.."" കൂട്ടത്തിലെ കാര്യവിവരമുള്ള കാരണവർ വർഷതന്നെയാണത് പറഞ്ഞത്.. വരാന്തയിൽ ഒളിഞ്ഞ് നിന്ന് എല്ലാം ശ്രദ്ധിച്ചിരുന്ന ശ്രീ ഞാനൊന്നുമറിഞ്ഞില്ലേ എന്നമട്ടിൽ അവിടെനിന്നും പതിയെ വലിഞ്ഞു...
സത്യത്തിൽ അവനതൊരു വലിയ ആശ്വാസമായിരുന്നു.. തന്നെ മനസ്സിലാക്കാനും ചേർത്തുപിടിക്കാനും ഒരുപിടി നല്ല സുഹൃത്തുക്കൾ ഉണ്ടെന്നത്.. ഒരിക്കലും ഒറ്റപ്പെട്ടുപോകില്ല എവിടെയാണെങ്കിലും എന്നുള്ളത്... ചെറുതാണെങ്കിലും വലുതാണെങ്കിലും സൗഹൃദങ്ങൾക്ക് എന്നും ഒരേ മധുരണമാണെന്നുള്ളത്... ഒരുപാടുനേരം അവരോടെല്ലാം സംസാരിച്ച് മനസ്സിൻ്റെ വാതിൽ എല്ലാവർക്കുമായി തുറന്നിട്ടുകൊണ്ടാണ് അവനന്നാ സ്ക്കൂളിൻ്റെ പടിയിറങ്ങിയത്..
അധ്യായം 3
"ട്രിങ് ട്രിങ്..."
മുഖത്ത് ഉച്ചവെയിലടിക്കാൻ നേരത്താണ് ഉണ്ണി എണീക്കുന്നത്... തലേന്ന് രാത്രിയിലെ തിരക്കെല്ലാം കഴിഞ്ഞ് വന്നു കിടന്നപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു... അവൻ എഴുന്നേറ്റിരുന്ന് ഹോസ്റ്റൽ ജനലിലൂടെ പുറത്തേക്ക് നോക്കി... ഇന്നത്തെ ആനുവൽ ഡേയുടെ തയ്യാറെടുപ്പുകൾക്കുവേണ്ടി രണ്ടുദിവസമായി രാപ്പകലില്ലാതെ ഓടുകയായിരുന്നു അവൻ... വർഷം മൂന്ന് കഴിഞ്ഞിരിക്കുന്നു... മെക്കാനിക്കൽ എഞ്ചിനീയറിങ്ങിന് തൃശ്ശൂർ ഗവർൺമൻ്റ് കോളേജിലെ മൂന്നാം വർഷം... പഴയ ആളൊന്നുമല്ല നമ്മുടെ ഉണ്ണിയിപ്പോൾ.. ഇക്കാലം കൊണ്ട് അവൻ്റേതായ ഒരു സ്ഥാനം ആ കോളേജിൽ ഉണ്ടായിയെടുത്തിട്ടുണ്ട് അവൻ... കോളേജ് യൂണിയൻ പ്രവർത്തനങ്ങളിലും എൻ എസ് എസ്സിലും എല്ലാം മുന്നിൽ അവൻ്റെ കൈകളുണ്ടാവും.. പുതിയ കൂട്ടുകാർ... ഒരുപാട് അനുഭവങ്ങൾ.. ഒരുപാടു മാറ്റങ്ങൾ.. നാണം കുണുങ്ങി പ്രകൃതമൊന്നുമല്ല ഇപ്പോൾ., പക്ഷേ പെണ്ണിനുപകരം ഇരുമ്പിനെ പ്രണയിച്ച തനി റോയൽ മെക്കൻ തന്നെയാണ് ഇപ്പോഴുമവൻ..
"ട്രിങ് ട്രിങ്"... ഫോണതാ വീണ്ടും ബെല്ലടിക്കുന്നു.. അവൻ കണ്ണും തിരുമ്മി എടുത്തു നോക്കി... ശ്രീയാണ്...
"" എവിടെ പോയി ചത്തുകെടക്കുവാർന്നെടാ! എത്ര നേരവായി വിളിക്കുവാ... ഇന്നലെ കഞ്ചാവടിച്ചിട്ടാണോടാ കെടന്നേ മലരേ....."" സബാഷ്! എടുത്ത് ചെവിയിൽ വച്ചതും പതിവ് തെറിയോടെ തന്നെ ഇന്നത്തെ ദിവസത്തിൻ്റെ തുടക്കം...
""കഞ്ചാവ് കിട്ടിയില്ലെടാ... ഇപ്പോ ഡ്രഗ്സ് ആണ്.. അതല്ലേ ഇപ്പോ ട്രെൻ്റ്! നിൻ്റെ കൂട്ടുകാരണെന്ന് പറയുമ്പോ തന്നെ നാട്ടിലിപ്പോ എല്ലാവരും സംശയത്തോടെയാ നോക്കുന്നേ... കുടിയും വലിയും ഒന്നുമില്ലാത്ത ഇത്രേം സൽസ്വഭാവിയായ എന്നെ ഇനി കഞ്ചാവെന്നുകൂടേ പറയാനുള്ളൂ.. നീയിനി ആ പേരുകൂടെ തലയ്ക്കുവച്ച് തരല്ലേ.. അല്ല, എന്നതാ കാര്യം? കൊറേ മിസ്സ്കാൾ ഉണ്ടല്ലോ?" അവൻ എണീറ്റ് മുഖം കഴുകിക്കൊണ്ട് പറഞ്ഞു...
""എടാ നിമ്മീടെ അമ്മ വിളിച്ചിരുന്നു... നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല തിരിച്ച് വിളിക്കാൻ പറഞ്ഞു... എന്തോ കാര്യമായ കാര്യമാണെന്ന് തോന്നുന്നു.. എന്നോടൊന്നും പറഞ്ഞില്ല.. അല്ലേലും എന്നെ അവർക്ക് കണ്ണിൽപിടിക്കില്ലല്ലോ... നീ വിളിച്ച് നോക്ക്... ഞാൻ ക്ലാസിൽ കേറുവാ... വൈകീട്ട് വിളിക്ക്.. ബൈ""
ചെറുപ്പം തൊട്ടുള്ള ചുരുക്കം ചില ഫ്രണ്ട്സിൽ പെടുന്ന ആളാണ് നിമ്മി.. നല്ല ആക്ടീവ് ആയ എല്ലാരോടും അടുത്തിടപെഴകുന്ന ഒരു പൊട്ടിത്തെറി പെണ്ണ്... അടുത്തയാഴ്ച്ച മിന്നുകെട്ട് ആണ് അവളുടെ... അവൻ അവളുടെ അമ്മച്ചിയെ വിളിച്ചു... "" മോനെ നീ എവിടെയാ... ഒന്നിത്രേടം വരെ വരാവോ... ഇവളിതാ ഏതാണ്ടൊക്കെയോ പറയുന്നു... ഈ കല്യാണം ഇപ്പോ വേണ്ട എന്നൊക്കെ.. എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല.. എന്തൊക്കെയാ അവളീ പറയുന്നേ.. നീയൊന്ന് വന്ന് സംസാരിക്ക്..."" പാതിയിടറുന്ന ശബ്ദവുമായാണ് അമ്മ സംസാരിക്കുന്നത്... പെട്ടെന്ന് കേട്ടപ്പോ എന്താ പറയേണ്ടേ എന്ന് അവനും ഒരു പിടിത്തവുമില്ലാതായി..
"" അമ്മച്ചീ ഞാൻ വരാം, അവളെ ഒന്ന് വിളിക്കട്ടെ... അവളോടും കൂടെ ആലോചിച്ചിട്ടാണല്ലോ നമ്മൾ കെട്ടൊറപ്പിച്ചേ.. എന്താ ഏതാ എന്ന് ഞാനൊന്ന് ചോദിക്കട്ടെ.. അമ്മച്ചി ടെൻഷൻ അടിക്കാതെയിരിക്ക്... നമുക്ക് വഴിയുണ്ടാക്കാം.."
അവൻ ഫോൺ കട്ടാക്കി... എന്നാലും എന്തായിരിക്കും അവളിപ്പോ കല്യാണം വേണ്ട എന്ന് പറയുന്നേ? അന്ന് അവളോടും കൂടെ ചോദിച്ചതുമാണല്ലോ വല്ല പ്രേമമോ റിലേഷനോ ഉണ്ടോ എന്നൊക്കെ... കാണാൻ കൊള്ളാവുന്നതുകൊണ്ട് കൊറേയെണ്ണം പിന്നാലെ നടന്നിട്ടൊക്കെയുണ്ടെങ്കിലും എൻ്റെ അറിവിൽ അങ്ങനൊന്നും ഉണ്ടായിട്ടില്ല.. അല്ലെങ്കിൽ തന്നെ ഉറ്റ ചങ്ങാതിയാമാരായ ഞങ്ങളോടൊക്കെ പറയാത്ത ഒന്നും തന്നെ ഉണ്ടാവില്ലല്ലോ ... കോഴ്സ് കഴിഞ്ഞിട്ടു മതി എന്നു പറഞ്ഞപ്പോ കെട്ടുകഴിഞ്ഞാലും പഠിപ്പിക്കാമെന്ന് ചെറുക്കനും പറഞ്ഞതല്ലേ.. പിന്നെയിപ്പോ ഇതെന്തായിരിക്കും? പല്ലുതേച്ചുകൊണ്ട് അവനിങ്ങനെ കാടുകയറി ചിന്തിച്ചു മുന്നേറുകയാണ്... അല്ലേലും ഓവർതിങ്കിങ് പണ്ടേ അവൻ്റെ കൂടെപ്പിറപ്പാണല്ലോ.... അവൻ നേരെ നിമ്മിയെ വിളിച്ച് കാര്യം തിരക്കി...
"" എടാ ഞാൻ.. എനിക്ക്... ഞാനാകെ ഡിസ്റ്റർബ്ഡ് ആണ്... എനിക്ക് എന്താ പറയണ്ടേന്ന് അറിയുന്നില്ല... കല്ല്യാണത്തിൻ്റെ ദിവസം അടുക്കുന്തോറും ഉള്ളിൽ എന്തൊക്കെയോ തോന്നുവാ... എനിക്ക്... എനിക്ക് സാമിനെ മറക്കാൻ കഴിയുന്നില്ല.... ഞാൻ എന്താ ചെയ്യണ്ടേ എന്ന് ഒരെത്തും പിടിയുമില്ല....""
സാം... അവളുടെ പിന്നാലെ അസ്ഥിക്കുപിടിച്ച പ്രേമവുമായിട്ട് കുറെക്കാലമായി നടക്കുന്നവനാണ്... ഇവളുമായിട്ട് ചാറ്റിങ് ഒക്കെയുണ്ടെന്നറിഞ്ഞപ്പോ അന്ന് ചോദിച്ചതുമാണ് എന്താണ് എടപാട് വല്ല പിടിത്തവും വീണോ എന്നൊക്കെ.. അന്നുപക്ഷേ ഏയ്! അങ്ങനൊന്നൂല്ല ജസ്റ്റ് നോർമൽ സംസാരവാണെന്നു പറഞ്ഞപ്പോൾ തന്നെ എന്നാ അത് വേണ്ട വെറുതെ മനസ്സിൽ ഇഷ്ടം കൊണ്ട് അടുത്തുകൂടുന്നവരെ ഇതേപോലെ ആക്ടീവ് ആയിട്ട് നിർത്തുന്നത് ശെരിയല്ല ചാറ്റിങ്ങൊക്കെ നിർത്തിക്കോ എന്ന് പറഞ്ഞതുമാണ്.... അന്നതൊക്കെ അവൾ സമ്മതിച്ചതുമാണ്, "ശെരിയെടാ നീ പറഞ്ഞാൽ പിന്നെ അപ്പീലീല്ല" എന്നൊക്കെപ്പറഞ്ഞ് ആ ചാപ്റ്റർ അന്നേ ക്ലോസ് ചെയ്തതാണ്.. എന്നിട്ടിപ്പോ....
"" അന്നവൻ്റെ കാര്യം ചോദിച്ചപ്പോ ഒന്നുമില്ലാന്ന് പറഞ്ഞ് അന്നേ ആ വിട്ട കാര്യമല്ലേ അത്? പിന്നിപ്പോ അവൻ എവിടുന്നു വന്നു? നീ അവനുമായിട്ട് ഇപ്പോഴും കോണ്ടാക്റ്റ് ഉണ്ടോ?"" കുറച്ച് കനപ്പിച്ച സ്വരത്തിൽ തന്നെയാണ് അവൻ ചോദിച്ചത്...
"" അത്.. ഉണ്ടായിരുന്നു.. നല്ല കമ്പനി ആയിരുന്നു.. ഒരുപാട് സംസാരിക്കുമായിരുന്നു... ഒരുപിട് ഹാപ്പിയായിരുന്നു അവനോട് സംസാരിക്കുമ്പോഴൊക്കെ... എനിക്കെന്തോ... ഇടയ്ക്കെപ്പോഴോ ഇഷ്ടം തോന്നിപ്പോയി... നിന്നോട് പറഞ്ഞാൽ ചീത്തപറഞ്ഞാലോ എന്ന് കരുതിയാ... അവനോട് പോലും ഞാൻ ഓക്കേ എന്ന് പറഞ്ഞിട്ടില്ല... പക്ഷേ ഇപ്പോ എന്തോ വേറൊരാളെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല... എനിക്കറിയില്ലെടാ എന്തു ചെയ്യണമെന്ന്..."" അവൾ തേങ്ങിക്കൊണ്ടാണ് പറഞ്ഞത്... ഉണ്ണിയാണേൽ ഇതൊക്കെ കേട്ട് ദേഷ്യം പിടിച്ചുപോയി...
""പിന്നെ വീട്ടുകാരൊക്കെ കൂടെ ചോദിച്ചപ്പോ ഇതൊന്നും എന്തെ പറയാഞ്ഞേ?? ഇതിപ്പൊ ഇത്രേടം വരെ കൊണ്ടെത്തിച്ചിട്ട് ഇനി ചെറുക്കൻ്റെ വീട്ടുകാരോട് അമ്മച്ചി എന്തു സമാധാനം പറയും?? തന്തയില്ലാണ്ട് ഇത്രേം കാലം നിന്നെ എങ്ങനേ അവരു നോക്കിയിരുന്നേന്ന് വല്ല ചിന്തയും ഉണ്ടോ നിനക്ക്... അമ്മച്ചിയോട് പോട്ടെ, ക്ലോസ് ഫ്രണ്ട്സ് ആണെന്നും പറഞ്ഞ് കൂടെ നടന്നിരുന്ന ഞങ്ങളോടെങ്കിലും നിനക്ക് മുന്നേ പറയാമായിരുന്നു... ഇത് ഞങ്ങൾക്കൊക്കെ എന്ത് വിലയാണ് തന്നേക്കുന്നേ നീ?? ലൈഫിലെ എല്ലാ കാര്യങ്ങളും ഡേ ബൈ ഡേ നിന്നോടൊക്കെത്തന്നെയല്ലേ ഷെയർ ചെയ്യാറുള്ളത്... തിരിച്ച് ആ ഒരു ട്രാൻസ്പരസി കാണിക്കാൻ പറ്റില്ലെങ്കി എന്തിനാ പിന്നെ ഫ്രണ്ടാണെന്നും പറഞ്ഞ് കൂടെ നടക്കുന്നേ... ഞാൻ കാണിക്കുന്ന ആത്മാർത്ഥതയും സത്യസന്ധതയും തിരിച്ച് കിട്ടാത്തിടത്ത് ഞാനെന്തിനാ ഇനീം നിക്കുന്നേ... തോന്നിയപോലെ ഓരോന്ന് കാണിച്ച് കൂട്ടാൻ കഴിഞ്ഞില്ലേ ഇനിയിപ്പോ ഇതിനൊരു പരിഹാരം നീ തന്നെ കണ്ടോ... ഈ കാര്യത്തിൽ നിന്നെ സപ്പോർട്ട് ചെയ്യാൻ ഞാൻ നിക്കില്ല... എന്തിനും ഏതിനും നിനക്ക് സപ്പോർട്ടായിട്ട് എല്ലാ ഫ്രീഡോം തന്നിരുന്ന അമ്മച്ചീടെ കണ്ണുനനയിപ്പിച്ചിട്ട് എങ്ങനെ നിന്നെക്കൊണ്ട്.... എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കണ്ട നീ... അവനെ വിളിച്ച് എന്താ ഏതാന്ന് തീരുമാനമാക്കിക്കോണം എത്രേം പെട്ടെന്ന്... അമ്മച്ചിയോട് ഇതെല്ലാം പറയുന്നതിനു മുന്നേ നല്ലോണം ആലോചിച്ച് തീരുമാനമെടുക്ക്... ഇതീക്കൂടുതൽ എന്തെങ്കിലും ഞാൻ പറഞ്ഞാൽ കൂടിപ്പോവും....""
അവൻ ഫോൺ വച്ചു... എന്തൊക്കെയാ ഇത്... ഇത്രേം കാലം കൂടെയുണ്ടായിട്ട്.. മനസ്സാക്ഷി സൂക്ഷിപ്പുകാരാണെന്നൊക്കെ പറഞ്ഞ് നടന്നിട്ട് ഇത്രേം വലിയൊരു കാര്യം പറയാതിരിക്കാൻ എങ്ങനെ തോന്നി അവൾക്ക്!! നമ്മളങ്ങോട്ട് കാണിക്കുന്ന പരിഗണനയൊന്നും അതേപോലെ തിരിച്ചുതരാൻ എന്തേ ആർക്കും കഴിയാത്തേ... ഉള്ളതുപറഞ്ഞാൽ എന്താ ആകാശം ഇടിഞ്ഞ് വീഴുമോ!!! എന്നോട് പറഞ്ഞിരുന്നേൽ ഞാൻ തന്നെ മുൻകൈയെടുക്കുമാർന്നല്ലോ... എല്ലാം ഉള്ളിലൊളിപ്പിക്കാൻ പെണ്ണുങ്ങളുടെ അത്രേം കഴിവ് വേറെ ആർക്കും ഇല്ലെന്നറിയാം... എന്നാലും പെണ്ണുങ്ങളുടെ മനസ്സ് മനസ്സിലാക്കാൻ ഇത്രക്ക് പാടാണോ.... നമ്മളോടെങ്ങനെയാണോ അങ്ങനെ മതി ഇനി എല്ലാവരോടും.. ഹല്ല പിന്നെ..
മനസ്സിലൊരുപാട് ചോദ്യങ്ങൾ അവൻ അവനോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു...
""എടാ പരിപാടി തുടങ്ങാറായി... നീ വേഗം വന്നേ""
അരുൺ വന്ന് വിളിച്ചപ്പോഴാണവൻ ചിന്തയിൽ നിന്നുണർന്നത്... വൈകീട്ടത്തെ പരിപാടികളും അവൻ്റെ തലയിലാണ്... തോർത്തെടുത്തുകൊണ്ടവൻ കുളിക്കാൻ നടന്നു...
അധ്യായം 4
"" എടാ അന്നെയെല്ലാരും തിരക്കുന്നുണ്ടവിടെ... ഇയ്യിതെന്തെടുക്കുവാ.. വേഗം വാടാ... ഗസ്റ്റെല്ലാം വന്നു... അൻ്റെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ലേ.. പെണ്ണുകാണാൻ പോവൊന്നുമല്ലല്ലോ അത്രയൊക്കെ മതി.. "" കണ്ണാടിയിൽ നോക്കി മുടി ചീകിക്കൊണ്ടിരുന്നപ്പോൾ ഓടിക്കിതച്ചുവന്ന അബ്ദു പറഞ്ഞു...
""ദാ വരുവാടാ... നീ പോയി എല്ലാർക്കുമുള്ള ചായയും കടിയുമെല്ലാം എത്തിയോ എന്ന് നോക്ക്, സ്റ്റേജിൻ്റെ പിറകിലേക്ക് എടുത്തിട്ട് സെറ്റാക്ക് എല്ലാം ഞാൻ അപ്പോഴേക്കും എത്താം"" തിടുക്കത്തിൽ പേഴ്സും ഫോണുമെല്ലാമെടുത്ത് അവൻ നടന്നു..
നിമ്മിയുടെ കാര്യവും കുഴഞ്ഞുമറിഞ്ഞ ചിന്തകളും എല്ലാം എപ്പോഴേ അവൻ്റെ ഉള്ളിൽ നിന്നും മാഞ്ഞിരുന്നു.. അവനങ്ങനെയാണ്, വെട്ടൊന്ന് മുറി രണ്ട് എന്ന പ്രകൃതമാണ് ഇപ്പോൾ... തനിക്കിനി ഒരാളെ കൂട്ടത്തിൽ വേണ്ട എന്ന് തീരുമാനിച്ചാൽ പിന്നെ അവരെപറ്റി ഓർക്കുക പോലുമില്ല... താൻ കൊടുക്കുന്ന പരിഗണന തിരിച്ച് കിട്ടാതിരിക്കുക എന്നതിനേക്കാൾ വലിയ വാശിയും ദേഷ്യവുമുള്ള കാര്യം വേറെയില്ല അവന്, പക്ഷേ ഇപ്പോളാകട്ടേ എല്ലാവരുടേയും പ്രൈവസിയും കാര്യങ്ങളും മനസ്സിലാക്കാനും അവരുടേതായ സ്പേസ് കൊടുക്കാനും എല്ലാവരും അവനെപ്പോലെ നൂറുശതമാനം ഓപ്പണായിരിക്കില്ലെന്നുമൊക്കെ മനസ്സിലാക്കുന്നുണ്ട് താനും... പുതിയ തിരക്കുകളിലേക്ക് അവൻ വേഗം നടന്നുകയറി...
പതിവ് പ്രസംഗങ്ങൾ കഴിഞ്ഞ് ഉദ്ഘാടനം തുടങ്ങിയപ്പോഴാണ് ഉണ്ണി ഓഡിറ്റോറിയത്തിൽ എത്തിയത്.. അവനെ കണ്ടപാടെ "എന്തുവാടെ നേരത്തിനു വന്നൂടെ" എന്നമട്ടിൽ പ്രിൻസി കണ്ണുകാണിച്ചു.. സ്വാഗതപ്രസംഗം പറയേണ്ട ആളായിരുന്നു അവൻ.. പിന്നെ അവൻ്റെ കൃത്യനിഷ്ഠത അറിയാവുന്നതുകൊണ്ട് ആ കർത്തവ്യം ആതിര ഏറ്റെടുത്തിരുന്നു.. "എല്ലാം ഓക്കെയാണ് ഒരു കൊഴപ്പോം ഇല്ല" എന്ന് ഉണ്ണി തിരിച്ച് ആംഗ്യം കാണിച്ചു.. അവസാനം നന്ദിപറയാൻ വേണ്ടി അവൻ്റെ പേരാണ് ആതിര അനൗൺസ് ചെയ്തത്... തനിക്കുകിട്ടിയ പണി തിരിച്ച് കൊടുത്തതിൻ്റെ കള്ളച്ചിരി ചിരിച്ച് അവൾ മൈക്ക് കൈമാറി.. പതിഞ്ഞ നമസ്കാരം പറഞ്ഞുതുടങ്ങി മെല്ലെ അവൻ കത്തിക്കയറാൻ തുടങ്ങി... കലാപരിപാടികൾക്കുവേണ്ടിയുള്ള വേദിയായിരുന്നിട്ടുപോലും അവിടെ എല്ലാതരം കാര്യങ്ങളും കോളേജിലെ പ്രശ്നങ്ങളെ പറ്റിയും എല്ലാം വളരെ ചുരുങ്ങിയ വാക്കുകളിൽ തന്ത്രപൂർവ്വം സൂചിപ്പിച്ചു അവൻ.. അവൻ്റെ വാക്കുകളിലെ വ്യക്തതയും ഗാംഭീര്യവും താളവും തമാശകളും എല്ലാം കൊണ്ട് പ്രസംഗം അതിഗംഭീരമായി.. ഓഡിറ്റോറിയത്തിൽ കരഘോഷങ്ങൾ മുഴങ്ങി.. നിറഞ്ഞ സദസ്സായിരുന്നു.. സ്റ്റേജിൽ നിന്നിറങ്ങി അവൻ പതിവുപോലെ തിരക്കുകളിൽ മുഴുകി.. കലാപരിപാടികൾ ആരംഭിച്ചു... തിരക്കൊക്കെയൊന്ന് ഒഴിഞ്ഞപ്പോൾ അവൻ വാതിലിനരികിൽ ചാരിനിന്നുകൊണ്ട് പ്രോഗ്രാം കമ്മിറ്റിക്കാരോട് സംസാരിക്കുകയായിരുന്നു... ഇടയ്ക്കെപ്പോഴോ കണ്ണുതെറ്റി സ്റ്റേജിലേക്ക് നോക്കിയപ്പോഴാണ് അവൻ്റെ കണ്ണുകളിൽ അതു പതിഞ്ഞത്...
സിൽവർ കളറിൽ മുത്തുകളുടെ തൂങ്ങലുള്ള വലിയ ജിമിക്കി ഇളകിയാടുന്ന ചെവികൾ... അവയ്ക്കുമുകളിലൂടെ അലസമായി കിടക്കുന്ന മുടിയിഴകൾ കാറ്റിൽ പാറിക്കളിക്കുന്നു... നെറ്റിയിൽ വളരെ ചെറിയ ചുവന്ന വട്ടപ്പൊട്ട്... നേർത്ത വാലിട്ടെഴുതിയ നീണ്ട കരിമിഴികൾ... അഭംഗി തോന്നാത്തവിധം ലിപ്സ്റ്റിക്കിട്ട തുടുത്ത ചുണ്ടുകൾ...
ഇളം നീല ചുരിദാരിൽ ഷോൾഡറിലൂടെ ഷോൾഎടുത്ത് അരയിൽ ചുറ്റി "മേരേ ഡോൽനാ സുൻ" പാട്ടിൽ ലയിച്ച് ചുവടുവയ്ക്കുന്ന മാലാഖയെപ്പോലൊരു പെൺകുട്ടി!...
അടിവയറ്റിൽ പൂമ്പാറ്റ പറക്കുന്ന മാതിരിയെന്ന് പണ്ടാരാണ്ടോ പറഞ്ഞതുപോലെയൊരനുഭൂതിയായിരുന്നു അവൻ്റെയുള്ളിൽ.. ആ ഒരു നിമിഷത്തിൽ കണ്ണുകളുടക്കി നിന്നുപോയി അവൻ... നേരം പതിയെ ഇഴയുന്നതുപോലെ അവളുടെ നൃത്തം അവൻ്റെ കണ്ണിൻ്റെ മുന്നിൽ സ്ലോമോഷനിൽ ഇങ്ങനെ മിന്നിമറയുകയാണ്... കോടമഞ്ഞുതൂവുന്ന പുലർകാലത്ത് ഒരു ചാറ്റൽമഴ നനഞ്ഞു നിൽക്കുന്നപോലെ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു കുളിരു മെല്ലെ അവൻ്റെ കാൽത്തുമ്പിലൂടെ ഇരച്ചുകയറി... എന്താണവനു സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്നതിനുമുൻപേതന്നെ അവനാ കാഴ്ച്ചയിൽ മയങ്ങിപ്പോയി... ഒരുപെൺകുട്ടിയെപ്പോലും മുഖത്തേക്ക് നേരെ നോക്കാത്ത അവനാണ് ഇപ്പോ ഒരുത്തിയെ കണ്ട് കണ്ണെടുക്കാതെ മതിമറന്ന് നിൽക്കുന്നത്!! കുറച്ചുമുന്നെ പോലും പെണ്ണുങ്ങളൊക്കെ കണക്കാണെന്നു പറഞ്ഞ ആളാണ്!! ദൈവത്തിൻ്റെ ഓരോ കളികളേ!!! വിശ്വാമിത്രൻ്റെ തപസ്സിളക്കാൻ വന്ന മേനകയാണോ എന്തോ!
കയ്യിലിരുന്ന ഫോൺ താഴെ വീണുപോയതുപോലും അവനറിഞ്ഞില്ല... പ്രേതത്തിനെക്കണ്ടു സ്തംബിച്ചുപോയപോലെ വായും പൊളിച്ച് നിൽക്കുകയാണ് അവൻ.. ഏതോ മായാലോകത്ത് ചെന്നുപെട്ടപോലെ യാന്ത്രികമായി അവൻ പതുക്കെ ഹാളിനകത്തേക്ക് കടന്നു... ആരോ അവനെ വലിച്ചുകൊണ്ട് പോകുന്നപോലെയാണ് അവനു തോന്നിയത്.. കാറ്റിലലയുന്ന തൂവൽ പോലെ സ്റ്റേജിൽ സ്വയം മറന്ന് ഒഴുകിയാടുന്ന ആ കുട്ടിയെതന്നെ കണ്ണെടുക്കാതെ നോക്കിക്കൊണ്ട് അവൻ ഹാളിൻ്റെ നടുവിലേക്കായി നടന്നു... അവളെമാത്രം നോക്കി നടന്ന അവനു തട്ടത്തിൻ മറയത്തിലെ നിവിൻപോളി പറയുന്നപോലെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.. അതുകൊണ്ടുതന്നെ നടന്നുനടന്ന് നേരെചെന്ന് അവിടെയുണ്ടായിരുന്ന ഡെസ്കിലാണ് അവൻ ചെന്നുമുട്ടിയത്.. ഡെസ്ക്കിൽ കാലുതട്ടിത്തടഞ്ഞ് നിലതെറ്റി വീഴാൻ ഭാവിച്ചു അവൻ...
""ക്ടിക്ക്...!!!""
അധ്യായം 5
"ക്ടിക്ക്"!!!
പൊടുന്നനെ ഒരു നിശബ്ദത... കയ്യടിശബ്ദങ്ങളും ആരവങ്ങളും നിലച്ചു... കൂട്ടത്തിൽ പാട്ടും!!.. കാൽ തെറ്റി വീഴാൻ പോയ ഉണ്ണി പെട്ടെന്നുള്ള വെപ്രാളത്തിൽ താങ്ങിനുവേണ്ടി കേറിപ്പിടിച്ചത് ഡെസ്ക്കിനുമുകളിൽ വച്ചിരുന്ന സൗണ്ട് സിസ്റ്റത്തിൻ്റെ മീതെയായിരുന്നു.. അതും കൃത്യമായി സ്വിച്ചിൻ്റെ മുകളിൽ... സ്വിച്ച് ഓഫ് ആയി, പാട്ടു നിന്നു.. കൂട്ടത്തിൽ ഡാൻസും!...
ബാലൻസ് കിട്ടി നിവർന്നു നിന്ന ഉണ്ണി തലയുയർത്തി നോക്കിയതും "ഏഏഏയ്......!!!!" എന്ന് ആക്രോശിച്ചുകൊണ്ട് കയ്യും നീട്ടിപ്പിടിച്ച് തല്ലാനോങ്ങി നിക്കുന്ന ആ കുട്ടിയെയാണ്... കോപം കൊണ്ട് ജ്വലിക്കുന്ന ആ മുഖം കണ്ടാൽ അടി പൊട്ടി എന്നുതന്നെ തോന്നും.. പക്ഷേ അടി കൊണ്ടില്ല... കരാട്ടെയ്ക്കു പഞ്ച് ബ്ലോക്ക് ചെയ്യുന്ന സ്റ്റൈലിൽ കൈ കൊണ്ട് ക്രോസ് വച്ച് അവൻ മുഖം തിരിച്ച് കണ്ണടച്ച് നിന്നു കുറച്ചുനേരം... ഒരു മിനിറ്റോളം ആ നിൽപ്പ് നിന്നുകാണും.. അരുൺ വന്ന് തട്ടിവിളിച്ചപ്പോഴാണ് അവൻ കണ്ണുതുറന്നത്... ചുറ്റും ഒന്ന് കണ്ണോടിച്ചുനോക്കി അവൻ.. പക്ഷേ ആ കുട്ടിയെ അവിടെയൊന്നും കണ്ടില്ല... പതിയെ ഹാളിൽ നിന്നും പുറത്തുകടന്ന അവനെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു എല്ലാവരും... ആകെ ചമ്മി നാണം കെട്ട അവസ്ഥയായി... പക്ഷേ അതിനേക്കാളൊക്കെ അവനെ വിഷമിപ്പിച്ചത് അവൻ കാരണം ആ ഡാൻസ് പാതിയിൽ നിന്നുപോയല്ലോ എന്നതാണ്... "അത്രയ്ക്ക് മനോഹരമായി കളിച്ചുകൊണ്ടിരുന്നതാണ്, അതു നശിപ്പിച്ചുകളഞ്ഞതിൽ ആ കുട്ടി തല്ലാൻ വന്നതിൽ യാതൊരു തെറ്റുമില്ല.. രണ്ടെണ്ണം കൊണ്ടാലും സാരമില്ലായിരുന്നു.. ഒരു സോറിപോലും പറയാൻ പറ്റിയില്ലല്ലോ.." ഓരോന്നാലോചിച്ച് അവൻ പതിയെ കാൻ്റീനിലേക്ക് നടന്നു...ആകെ അസ്വസ്ഥമായിരുന്നു അവൻ്റെ മനസ്സ്...
കാൻ്റീനിൽ കടന്നപ്പോൾ നല്ല തിരക്ക്.. ചിലരൊക്കെ അവനെത്തന്നെ നോക്കുന്നു... ഒരുതരം അടക്കിപ്പിടിച്ച ചിരി അവരുടെ മുഖത്ത്... അവനെ കണ്ടതും കാൻ്റീനിലെ ചേട്ടൻ പതിവ് ചായയും പഴംപൊരിയും എടുക്കാനൊരുങ്ങി.. "ഇതിനുംമാത്രം എന്താ ഇപ്പോ ഉണ്ടായത്!! എന്താ ആരും വീഴാൻ പോവാറില്ലേ!! എന്തോ തമാശകാണിച്ചപോലെ എല്ലാരും എന്നെത്തന്നെ നോക്കുന്നതെന്തിനാ!! ഞാനെന്താ തുണിയില്ലാതെ നിക്കുവാണോ!!" മനസ്സിൽ പിറുപിറുത്തുകൊണ്ട് ചായ മാത്രം എടുത്ത് പഴംപൊരി തിരിച്ചുവച്ചു അവൻ.. "" ചായ മാത്രം മതി"" അവൻ പറഞ്ഞു... "" ആഹ്, അല്ലേലും അൻ്റെ വയറും മനസ്സുമൊക്കെ നിറഞ്ഞിരിക്കുവല്ലേ.. ഇനിയൊന്നും എറങ്ങൂല... അതു ഞാൻ തിന്നോളാ..."" പിറകീന്നു വന്ന അബ്ദു അതും പറഞ്ഞ് ആ പഴംപൊരിയുമെടുത്ത് അവൻ്റെയൊപ്പം തോളത്തും കയ്യിട്ട് നടന്നു.. ഒഴിഞ്ഞ ഒരു മൂലയിലെ ടേബിളിൽ ഇരുന്നുകൊണ്ട് അബ്ദു പഴംപൊരി കഴിക്കാൻ തുടങ്ങി... ഉണ്ണിയപ്പോഴും ഏതോ ലോകത്തായിരുന്നു... അബ്ദുവിൻ്റെ മുഖത്തുപോലും ഈനേരത്തിനിടക്ക് അവൻ നോക്കിയിട്ടില്ല...
"" ഔൻ്റെടാ ഇയ്യത് വിട്ടില്ലേ ഇനീം!! ഇതിനൊക്കെ ഇങ്ങനെ ഫ്യൂസ് പോയപോലെ കുത്തിയിരിക്കണ്ടകാര്യമുണ്ടോ!! ഇയ്യ് വേണം ന്ന് വച്ച് ചെയ്തതൊന്നുമല്ലല്ലോ.. പറ്റിപ്പോയതല്ലേ... അത് വിട്ടുകള.. അവറ്റകള് നോക്കണതും കളിയാക്കണതും ഇയ്യ് കാര്യാക്കണ്ട, അതൊക്കെ കൊറച്ച് കൈഞ്ഞാ തീരും.."" അബ്ദു പഴംപൊരി കടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു.. "" എടാ അതുകൊണ്ടല്ല... ഞാൻകാരണം ആ ഡാൻസ് പാതിയ്ക്കു നിന്നീല്ലേ.. ഒരു സോറി പോലും പറയാൻ പറ്റിയില്ല.. ആ ഒരു കുറ്റബോധം..."" ഉണ്ണി ചായക്കപ്പ് കൈകൾക്കിടയിൽ വച്ച് തിരിച്ചുകൊണ്ട് പറഞ്ഞു..
"" അനക്കിപ്പോ എന്താ വേണ്ടേ? സോറി പറയണം അത്രേല്ലേ ഉള്ളൂ? ഇയ്യത് വേം കുടിച്ചിട്ട് വാ, അവളവടെ എവടേലും തന്നെ കാണും.. നമ്മക്ക് സെറ്റാക്കാം... "" അബ്ദു അവനെ ഉഷാറാക്കി... ചായ കുടിച്ച് രണ്ടുപേരും കാൻ്റീനിൽ നിന്നിറങ്ങി.. ചായക്കാശ് പിന്നെ ഉണ്ണിയുടെ പറ്റിലായതുകൊണ്ട് കാശൊന്നും കൊടുക്കേണ്ടിവന്നില്ല...അവർ നേരെ ഓഡിറ്റോറിയത്തിലേക്ക് വച്ചുപിടിച്ചു.. അബ്ദു നേരെ ഹാളിനകത്തുകയറി നടുവിലൂടെ നടന്ന് രണ്ടു ഭാഗത്തും ഇരിക്കുന്നവർക്കിടയിൽ അവളെ തിരഞ്ഞു.. ഉണ്ണി പക്ഷേ അകത്തു കയറാതെ വാതിലിനടുത്തുനിന്ന് ഓരോ മുഖങ്ങളും പരതി... പക്ഷേ കുറേ നേരം നോക്കിയിട്ടും അവിടെയൊന്നും അവളെ കണ്ടില്ല... പെട്ടെന്ന് ആരോ അവൻ്റെ പുറത്തുവന്ന് തട്ടി!! തിരിഞ്ഞുനോക്കിയ അവൻ്റെ കണ്ണുവിടർന്നു..!
അതവൾ തന്നെയായിരുന്നു... ഇത്രയും നേരം അവൻ തിരഞ്ഞുകൊണ്ടിരുന്ന അതേ മാലാഖ!! കൂടെ ഒരു കൂട്ടുകാരിയെയും കൂട്ടി അവനെ തിരഞ്ഞുവന്നതാണ് അവൾ... പെട്ടെന്നു കണ്ടപ്പോൾ അവൻ്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി... "" അതേയ്.. സോറി ട്ടോ... ഞാൻ പെട്ടെന്ന്.. ഇയാളുകാരണം പാട്ടു നിന്നപ്പോ പെട്ടെന്ന് ദേഷ്യം വന്നുപോയി.. ഡാൻസ് എൻ്റെ ജീവനാണ്.. അപ്പോ അത് കുളമായപ്പോ സഹിച്ചില്ല.. തല്ലാൻ വന്നതൊന്നുമല്ല കേട്ടോ... എന്താ താനീ കാട്ടിയേ എന്നരീതിയ്ക്ക് കയ്യുയർത്തിയതാണ്.. പക്ഷേ അത് തെറ്റാണ്.. പെട്ടെന്ന് ഓർക്കാതെ ചെയ്തുപോയതാണ്.. അതിനു സോറി..."" നല്ല മധുരമായ ശബ്ദത്തിൽ അവൾ പറഞ്ഞു.. ഉണ്ണിയാണെങ്കിലോ! പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തം വിട്ട് കുന്തം വിഴുങ്ങി നിൽക്കുവാണ്... അബ്ദുവന്ന് ചന്തിയ്ക്കു നുള്ളിയപ്പോഴാണവന് സ്ഥലകാലബോധം വന്നത്...
"" ഏ? ആഹ്.. അത്.. പിന്നെ.. അത് സാരമില്ലെന്നേ.. എന്റെ ശ്രദ്ധക്കുറവുകൊണ്ടല്ലേ.. താനപ്പോ ഒന്ന് പൊട്ടിച്ചിരുന്നേലും കൊഴപ്പമില്ലാർന്നു.. ഞാനും തന്നെ കാണാനിരിക്കുവാർന്നു ഒരു സോറി പറയാൻ.. ഞാനും ഈ പാട്ടും ഡാൻസുമൊക്കെ ആസ്വദിക്കുന്ന കൂട്ടത്തിലാണ്.. ഡാൻസ് അടിപൊളിയായിരുന്നു... ഞാൻ കാരണം അത് പാതിക്ക് നിന്നുപോയതിൽ എനിക്കും വിഷമമുണ്ട്... ഐ ആം സോ സോറി..""
ഉണ്ണി ഒരുവിധം പറഞ്ഞൊപ്പിച്ചു.. അപ്പോഴേക്കും അവൻ്റെ തൊണ്ട വരണ്ടിരുന്നു... ആകെ വിറളി വെളുത്ത് ഉള്ളം കാലു വിയർത്തുപോയി അവൻ്റെ...
"" അതു കുഴപ്പമില്ലെന്നേ.. ഇയാളു വീഴാൻ പോയപ്പോ കയ് തട്ടിയതാണ് മനപ്പൂർവ്വമൊന്നുമല്ലെന്ന് ഇവരെല്ലാം പറഞ്ഞപ്പോഴാ അറിഞ്ഞേ.. അബദ്ധത്തിൽ പറ്റിയതല്ലേ.. കാര്യമാക്കണ്ട.. ഞാനും അങ്ങനെയൊന്നും അത്രപേരുടെ മുന്നിൽവച്ച് ചെയ്യാൻ പാടില്ലാർന്നു... അതെല്ലാം വിട്ടേക്കാം, ല്ലേ... അപ്പൊ ശെരിയെന്നാ.. കാണാം.. ബൈ.." ഇതും പറഞ്ഞുകൊണ്ട് അവൾ കൈ നീട്ടി... അവെനന്താ ചെയ്യേണ്ടേ എന്ന് ആശയക്കുഴപ്പത്തിലായി.. ഇന്നേവരെ സുഹൃത്തുക്കളായിട്ടുള്ള പെൺകുട്ടികൾക്കുപോലും നേരെ കൈ കൊടുത്തിട്ടില്ല അവൻ... അപ്പോഴാ!!! അവൻ്റെ ഹൃദയമിടിപ്പ് കൂടിയതിൻ്റെ ശബ്ദം ആ പരിസരത്തുള്ളവർക്കെല്ലാം കേൾക്കാമായിരുന്നു.. പരുങ്ങി നിന്ന അവനെ അബ്ദു വീണ്ടും നുള്ളി... അവൻ ധൃതിയിൽ കൈ കൊടുത്തു.. പൂ പോലെ മൃദുലമായ കൈ.. ആ ഒരു സ്പർശത്തിൽ അലിഞ്ഞുപോയി അവൻ... അവൾ തിരിഞ്ഞ് നടന്നപ്പോഴും അവൻ്റെ കൈയിലെ ആ കോരിത്തരിപ്പ് മാറിയിട്ടുണ്ടായിരുന്നില്ല.. നിന്നിടത്തുനിന്നും മാറാതെ അവൻ്റെ കൈയിലേക്കും നോക്കി കുറേ നേരം പ്രതിമപോലെ നിന്നു അവൻ.. അവൻ്റെയുള്ളിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അവനുതന്നെ അറിയുന്നുണ്ടായിരുന്നില്ല.. അവൾ കൺവെട്ടത്തുനിന്ന് മറയുന്നതുവരെ അവളെ തന്നെ നോക്കി നിന്നു അവൻ... അന്നാധ്യമായി അവൻ്റെ ഉള്ളിൽ കവിതകളുണർന്നു...
"മധുവൂറും പൂവിൻ്റെ മണമേറുമഴകോ നീ...
മലർവാടിയിൽ പൂത്ത മധുചന്ദ്രികേ..
മനധാരിലിന്നെൻ്റെ മണവാട്ടിയാകുമോ
മണിവാക പൂക്കുന്നൊരീസന്ധ്യയിൽ"
അധ്യായം 6
""പേര് നിത്യ.. കമ്പ്യൂട്ടർ സയൻസ് ഫസ്റ്റ് ഇയർ.. അങ്ങു കോട്ടയം അയർകുന്നത്ത് ആണ് വീട്, വീട്ടിൽ അച്ഛൻ അമ്മ ഒരനിയൻ ഒരനിയത്തി... അച്ഛൻ ഗവർൺമെൻ്റ് സ്ക്കൂൾ മാഷാണ്, അമ്മ ഹൗസ് വൈഫ്, താഴെയുള്ളതൊക്കെ പഠിക്കുന്നു, തല്ലു കിട്ടാൻ പാകത്തിനു ആങ്ങളമാരില്ലെന്നു സാരം.., ഇവിടെ ഹോസ്റ്റലിൽ നിക്കുന്നു, റൂം നമ്പർ 233..""
അവളുപോയിട്ട് അവളുടെ മണം പോലും അലിഞ്ഞുപോയിട്ടും പോയവഴിയിൽ നിന്ന് കണ്ണെടുക്കാതെ നിക്കുന്ന ഉണ്ണിയുടെ തോളത്ത് കയ്യിട്ട് ചേർന്നുനിന്ന് അതേ നിൽപ്പ് ഏറ്റുപിടിച്ചുകൊണ്ട് അരുൺ പതിയെ പറഞ്ഞു... കോളേജിലെ ആസ്ഥാന കോഴിയൊന്നുമല്ല കേട്ടോ! ഉണ്ണിയുടെ ഉറ്റ ചങ്ങാതിയാണ്.. ക്ലാസിലെ ശ്രീയുടെ സ്ഥാനക്കാരൻ..
""ഏഹ്!.. എന്ത്!?? ആര്!?? ആർടെ കാര്യവാ നീയീ പറയുന്നേ!!"" ആകെപ്പാടെ ചമ്മി നാറി ജാള്യതയോടെ അവൻ രക്ഷപ്പെടാൻ ശ്രമിച്ചു...
"" കിടന്നുരുളണ്ട മോനേ... നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തൊടങ്ങിയതല്ലല്ലോ? ഇന്നിതേവരെ ഒരുപെണ്ണിനെ മൊഖത്തുപോലും നോക്കാത്ത നീ കഴിഞ്ഞ 15 മിനിറ്റായിട്ട് വായീന്ന് ഒലിപ്പിച്ച വെള്ളം ദാ ഞാനീ കുപ്പിയിൽ പിടിച്ച് വച്ചിട്ടുണ്ട്... ഇതെന്തോന്നളിയാ ഒരുമാതിരി പെണ്ണുങ്ങളെ കാണാത്തപോലെ!!!"" അവനെ ചുമ്മാ കളിയാക്കാനായി ഒരു കുപ്പി വെള്ളം പൊക്കിക്കാണിച്ച് അരുൺ ചിരിച്ചുകൊണ്ട് പറഞ്ഞു...
"" ഏയ് ഒന്നൂല്ലെടാ... ഞാൻ ചുമ്മാ... കാണാനൊരു ചന്തമൊക്കെയുണ്ട്... പിന്നെ ആദ്യായിട്ടാ ഒരുത്തി വന്ന് കയ്യൊക്കെ തരുന്നേ.. ഫ്രണ്ട്സിൽ പെടാത്ത പൊറത്തൂന്നൊരാൾ... അതിൻ്റെയൊരു ഇതിലങ്ങനെ നിന്നതാ..."" ഉണ്ണി തപ്പിത്തടഞ്ഞു...
"" ശെരിയെന്നാ!!! ഷോക്കടിച്ചപോലെ നിക്കണ നിൽപ്പ് കണ്ടാൽ കണ്ണുപൊട്ടൻ പോലും പറയും നിൻ്റെ ചങ്കും പറിച്ചെടുത്തോണ്ടാ അവളുപോയേ ന്ന്... എടാ കെടന്ന് വിയർക്കാതെ വേണൽ പോയി സംസാരിക്കാൻ നോക്ക്, അവൾ ആ ലൈബ്രറിയുടെ ഭാഗത്തേക്ക് പോണകണ്ടു.. ആ വായേന്നൊലിച്ച വെള്ളമൊക്കെ തുടച്ച് കളഞ്ഞിട്ട് പോ.. ഞാനേയ് നിമിഷേടെ കൂടെ കാൻ്റീനിൽ കാണും.."" അരുൺ തിരിഞ്ഞ് നടന്നു... അവൻ്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം പൊട്ടിവിരിഞ്ഞു... നിത്യ...
" നിത്യവസന്തത്തിൻ നിർവൃതിയേകുവാൻ
നീലനിലാവിൻ്റെ നിത്യമാം ശോഭപോൽ
നിന്നിലെ ആത്മാവിലലിയുവാനായി ഞാൻ
നിൽക്കുന്നിതാ മുന്നിൽ നിത്യം..."
അവനറിയാതെ തന്നെ അവൻ്റെയുള്ളിൽ ഈണം മുഴങ്ങി... ഇന്നോളമില്ലാത്തൊരനുഭൂതി അവൻ്റെയുള്ളിൽ അലയടിച്ചു...
പെട്ടെന്നാണവൻ്റെയുള്ളിൽ ചോദ്യമുയർന്നത്..
""അതേയ് , എടാ നിക്കെടാ.. നിനക്കെങ്ങനെ ഈ പേരും നാളും ജാതകോം ഒക്കെ കിട്ടിയേ? വല്ലവൻമാരും നോട്ടമിട്ടിരിക്കുന്നതാണോ? അല്ല, അങ്ങനെയുള്ളോർടെ ഡീറ്റൈൽസ് ഒക്കെയല്ലേ നിനക്ക് പെട്ടെന്ന് കിട്ടാറുള്ളേ.."" അവൻ ചെറിയ നാണത്തോടെ പറഞ്ഞു...
""എന്തോ?? എങ്ങനെ??? നീയ്യേയ് അപ്പം തിന്നാമതി കുഴിയെണ്ണണ്ട ട്ടോ... നിൻ്റെ ഭാവവ്യത്യാസങ്ങൾ കണ്ട് കാര്യം മനസ്സിലാക്കി പ്രോഗ്രാം ലിസ്റ്റ് തപ്പി പേരും ക്ലാസും കണ്ടുപിടിച്ച് തന്നപ്പോ അവനില്ലാത്ത സംശയങ്ങളില്ല!!.. അവൾ കമിറ്റഡൊന്നുമല്ല വേണേൽ പോയി സെറ്റാക്കാൻ നോക്ക്"" അരുൺ അവനെ ചൊടിപ്പിച്ചു...
"" അല്ലെടാ, അപ്പോ? ഈ... ശ്ശെ.. അല്ല ഈ വീട്ടുകാര്യങ്ങളൊക്കെ എങ്ങനേ കിട്ട്യേ നിനക്ക്?? "" ഉണ്ണിയുടെ സംശയങ്ങൾ തീരുന്നുണ്ടായിരുന്നില്ല...
"" എൻ്റെ പൊന്നളിയാ അവൾ എൻ്റെ നിമിഷേടെ റൂമിലാ... അവളുടെ വകയിലെ ഏതോ ആമ്മാവൻ്റെ ശുപാർശയിൽ അവളുടെ റൂമിൽ കൂടിയതാ... ഞാനും നിമിഷേം കൂടെ കാൻ്റീനിൽ പോകുന്നവഴിയാണ് നിയ്യിവടെ അവളുടെ കൈയ്യും പിടിച്ച് ദേവലോകത്തുനിക്കണ പോലെ കാലു നിലത്തുറക്കാതെ നിക്കുന്ന കണ്ടത്... അവളാണ് ഫുൾ ഡീറ്റൈൽസ് തന്നത്.. ഇനി ജാതകം വേണേൽ അതും ഞാൻ സങ്കടിപ്പിച്ച് തരാം, ഇപ്പൊ എന്നെ ഒന്ന് വിട്, അവളവടെ കാൻ്റീനിൽ കൊറേ നേരമായി ഇരിക്കുവാ... വൈകി ചെന്നാൽ ചായക്കാശ് ഞാൻ കൊടുക്കേണ്ടിവരും... നീ ഒന്നു പോയിത്തര്വോ?? അല്ലേൽ വേണ്ട മാനത്തും നോക്കി ഇവിടെ തന്നെ നിന്നോ ഞാൻ പോവ്വാ..."" അരുൺ വേഗം അവിടെ നിന്ന് വലിഞ്ഞു... അതികനേരം നിന്നാൽ ഉണ്ണിയ്ക്ക് തുണയ്ക്ക് പോവാനും അവൻതന്നെ വേണ്ടിവരും എന്നവനു നല്ലപോലെ അറിയാം... ഉണ്ണിയാവട്ടെ ചിരിച്ചുകൊണ്ട് ലൈബ്രറി ലക്ഷ്യമാക്കി നടന്നു...
ലൈബ്രറിയിൽ ചെന്നു കേറിയപാടെ അവൻ്റെ കണ്ണുകൾ നിത്യയെ തിരഞ്ഞു... ഗൂഗിളിനേക്കാൾ സ്പീഡിൽ അവൻ്റെ കണ്ണുകളിൽ അവൾ പതിഞ്ഞു... ജനലിനരികിലെ ടേബിളിൽ കൂട്ടുകാരികളുടെയൊപ്പം എന്തോ പുസ്തകങ്ങൾ നോക്കിയിരിക്കുന്നു... ജനലഴികളിലൂടെ വീശുന്ന ഇളം കാറ്റിൽ അവളുടെ കമ്മൽ പതിയെ ആടുന്നതവൻ ശ്രദ്ധിച്ചു... വളരെ ചെറിയതോതിൽ ചെമ്പിച്ച കുറച്ചുമുടിയിഴകൾ ചെവിയുടെ മുകളിലൂടെ അലസമായി അലയുന്നു... എന്തോ ഒരു പ്രത്യേക ഭംഗി അവനുതോന്നി... അവിടെയിരിക്കുന്ന മറ്റാരെക്കാളും എടുത്തുകാണിക്കുന്നത് അവളെ തന്നെയാണ്... അതോ ഇനിയതവൻ്റെ തോന്നൽ മാത്രമാണോ...? അവൻ പതിയെ അങ്ങോട്ടും ഇങ്ങോട്ടും അവളുടെ മുന്നിലൂടെ വളരെ ഗൗരവത്തോടെ അവളെ കാണിക്കാനായി നടന്നു... പക്ഷേ അവളവിടെ ഉള്ളത് അവൻ ശ്രദ്ധിച്ചിട്ടേയില്ല എന്നപോലെ... എന്നാൽ അവൾ കാണാൻ വേണ്ടിയും... ഒരുതരം ഷോ കാണിക്കൽ!! മൊത്തത്തിൽ എന്തോ തകരാറു പറ്റിയിട്ടുണ്ടവന്!! ഇങ്ങനെയൊന്നുമല്ലല്ലോ അവൻ... ഇതിപ്പോ എത്രപെട്ടെന്നാണ് അവൻ്റെ മനസ്സിളകിയത്!! അന്നുമുഴുവൻ അവൻ അവളുടെ പിറകേയായിരുന്നു... അവൾ കാണാതെ ഒരുപാടുനേരം അവളുടെ പിന്നാലെ വായ്നോക്കി നടക്കുകയായിരുന്നു അവൻ്റെ പരിപാടി.. തിരികെ റൂമിൽ വന്ന അവൻ അവളെയാലോജിച്ച് ഏതോ മായികലോകത്തെന്നപോലെ തലയ്ക്കുമീതെ കറങ്ങുന്ന ഫാനും നോക്കി കിടന്നു...
അധ്യായം 7
""ഹായ്.. മനസ്സിലായോ? ഞാൻ ഇന്നലെ കണ്ടപ്പോ നേരെ ചൊവ്വേ ഒന്ന് സോറി പറയാൻ കൂടെ പറ്റിയില്ല.. അതുകൊണ്ടാ മെസ്സേജ് അയച്ചേ.. ശരിക്കും സോറി ട്ടോ.. അറിയാതെ പറ്റിപ്പോയതാ... കാലുതെന്നി വീഴാൻ പോയപ്പോ പിടിച്ചതാ സിസ്റ്റത്തിൽ.. ഓഫായിപ്പോയി.. സോറി..."" ഫേസ്ബുക്കിൽ മെസ്സേജ് അയച്ചിട്ട് അവൻ റിപ്ലേക്കുവേണ്ടി കാത്തിരുന്നു.. ഇന്നലെ രാത്രി നേരാം വണ്ണം ഉറങ്ങിയിട്ടുപോലുമില്ല ഉണ്ണി.. 'അവളോട് മിണ്ടണോ? എന്നേക്കാൾ ചെറുതാണ്.. കണ്ടാൽ ഒരു മോഡേർൺ കൊച്ചാണ്.. നല്ല ആക്ടീവ്... എല്ലാരോടും അങ്ങോട്ടുകേറി ഇടപെഴകുന്ന സ്വഭാവം... ഒരു അരപ്പിരി ലൂസ് ഉള്ള ചെറിയ കുട്ടികളെപ്പോലെ.. ആൺകുട്ടികളോടൊക്കെ നല്ലോണം അടുത്തുപെരുമാറുന്നുണ്ട്.. പക്ഷേ അതിലൊന്നും ഒരു അപാകത തോന്നുന്നില്ല.. ഇപ്പോഴത്തെ പിള്ളേരൊക്കെ അങ്ങനെയല്ലെ... എൻ്റെ നേരെ വിപരീതമാണ് സ്വഭാവവുമെല്ലാം... ഒത്തുപോകുമോ? അല്ല, എന്നെയെങ്ങാനും ഇഷ്ടപ്പെടുമോ ഇനി!! ഞാനെവിടെ കിടക്കുന്നു അവളെവിടെ കിടക്കുന്നു!!! വലിയ ഐശ്വര്യാ റായ് ഒന്നുമല്ലേലും അത്യാവശ്യം ഗ്ളാമറൊക്കെയുണ്ട്.. നല്ല കലാകാരിയും... ഞാനോ!! ഒരു തേങ്ങയും അറിയത്തുമില്ല കാണാനും കൊള്ളില്ല... അതുമാത്രമല്ല വേറെ ജാതിയുമാണ്... അപ്പനെങ്ങനെ റിയാക്ട് ചെയ്യുമെന്നുപോലും അറിയില്ല... അമ്മച്ചിയ്ക്ക് പിടിയ്ക്കും, നല്ല ചിരിയല്ലേ അവളുടെ... അമ്മച്ചിയതിൽ വീണോളും... അല്ലേലും ഞാൻ കട്ടക്ക് നിന്നാൽ വീട്ടിലൊക്കെ സമ്മതിപ്പിക്കാവുന്നതേയുള്ളൂ... കല്യാണം അതിന് നാളെത്തന്നെയൊന്നുമല്ലല്ലോ.. ഇനീം സമയമില്ലേ...' ഇങ്ങനെ കാടും മലയും പർവ്വതവും കയറി അവൻ ചിന്തിച്ചുകൊണ്ടിരുന്നപ്പോഴാണ് ഇന്നലെ ശ്രീ വിളിച്ചത്... അവനാണ് ഉണ്ണിയ്ക്ക് അവൾക്ക് മെസ്സേജ് അയയ്ക്ക്, വരുന്നിടത്തുവച്ച് കാണാം എന്നുപറഞ്ഞ് ധൈര്യം കൊടുത്തത്... രാവിലെ വരെയും വേണോ വേണ്ടേ എന്നുള്ള ആശയക്കുഴപ്പത്തിലായിരുന്നു അവൻ.. എന്ത് എങ്ങനെ സംസാരിക്കണമെന്നറിയാതെ രണ്ടും കൽപ്പിച്ചാണവൻ അരുണിൻ്റെ അക്കൗണ്ട് തപ്പി, അതിൽനിന്ന് നിമിഷേടെ അക്കൗണ്ട് തപ്പി, അതിൽ കിടന്നു തിരഞ്ഞ് അവസാനം നിത്യയുടെ അക്കൗണ്ട് കണ്ടുപിടിച്ച് അതിലേക്ക് റിക്വസ്റ്റ് അയച്ചതും മെസ്സേജ് അയച്ചതും...
""ക്ടിങ്""
മെസ്സേജിൻ്റെ സൗണ്ട് കേട്ടതും ചാടിയെഴുന്നേറ്റ് അവൻ തുറന്നുനോക്കി... അതവളായിരുന്നു...
""അതൊന്നും സാരമില്ലെന്നേ.. ഇയാളിങ്ങനെ ഫോർമൽ ആവേണ്ട കാര്യമൊന്നുമില്ല.. ഇറ്റ്സ് ഓക്കേ..""
'കോപ്പ്!! ഇത് ശരിയാവുമെന്ന് തോന്നുന്നില്ല... അവളു നല്ല ബോൾഡ് ആണ്... ഇതുപോലെ എത്ര ചെറുക്കൻമാരെ കണ്ടിട്ടുണ്ടാവും! വേണ്ട... നമുക്കുപറ്റിയ ടൈപ്പ് അല്ല ഇത്... വിട്ടേക്കാം... വെറുതെ കടിച്ച് തൂങ്ങി വിലകളയണ്ട...' അവൻ സ്വയം പറഞ്ഞു.. ""ശരി ബൈ"" എന്നു റിപ്ലേ അയച്ചിട്ടവൻ ഫ്രണ്ട്സ് ലിസ്റ്റിൽ നിന്ന് റിമൂവ് ചെയ്തു അവളെ... ഇനി കാണേണ്ട മിണ്ടണ്ട എന്നൊക്കെ മനസ്സിലുറപ്പിച്ച് അവൻ പതിവു പരിപാടികളിലേക്ക് തിരിഞ്ഞു... ക്ലാസും തിരക്കുകളുമായി അങ്ങനെ കടന്നുപോയി... രണ്ടുദിവസം കഴിഞ്ഞ് അവൻ അടുത്തുള്ള ഒരു ഫാൻസി കടയിൽ കോളേജ് ആവശ്യങ്ങൾക്കായി കുറച്ചു സാധനങ്ങൾ വാങ്ങാൻ വന്നപ്പോഴാണ് പിറകിൽ ഒരു തട്ടൽ...
""ഹായ്!! എന്താ ഇവിടെ! അമ്മേ.. ആളെ മനസ്സിലായോ? ഇതാണ് ഞാൻ പറഞ്ഞ ആള്, അന്ന് ഡാൻസിൻ്റെ ഇടക്ക് സ്വിച്ച് ഓഫ് ആക്കിയ..."" നിത്യ തൻ്റെ അമ്മയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു ഉണ്ണിയെ...
"" ആഹ് മനസ്സിലായി... മോനതൊന്നും കാര്യമാക്കണ്ട കേട്ടോ.. അവൾക്ക് ഡാൻസ് ന്ന് പറഞ്ഞാ ജീവനാ... അതോണ്ടാ... അതിലെന്തെങ്കിലും പിഴവ് പറ്റിയാൽ ഭയങ്കര ദേഷ്യമാണ്... തല്ലുകിട്ടാഞ്ഞതു ഭാഗ്യം... "" അമ്മ തമാശകലർത്തി ചിരിച്ചുകൊണ്ട് പറഞ്ഞു... 'അടിപൊളി... അമ്മേം മോളും ഒരേപോലെത്തന്നെ... ചെറിയ അഹങ്കാരം ഇല്ലാന്നില്ലാതില്ല...' അവൻ മനസ്സിൽ പറഞ്ഞു.. "" ആഹ് അതു ഞങ്ങൾ സംസാരിച്ചിരുന്നു.. അറിയാതെ പറ്റിപ്പോയതാണ്... അമ്മയെന്താ ഇവിടെ??"" അവൻ പതിയെ വിഷയം മാറ്റി... അവളുടെ എന്തൊക്കെയോ പേപ്പറുകൾ ശരിയാക്കാനോ ഒപ്പിടാനോ മറ്റോ വന്നതാണ്... അവൻ അധികം അവിടെ നിന്നു തിരിയാതെ സാധനങ്ങൾ വാങ്ങിച്ച് രണ്ടാളോടും ഒന്ന് ചിരിച്ചുകൊണ്ട് വേഗം ബൈ പറഞ്ഞിറങ്ങി.. കാണേണ്ടെന്നു വിചാരിച്ച് അവളെപ്പറ്റി മറക്കാൻ തുടങ്ങിയപ്പോഴാണ് ഈ കൂടിക്കാഴ്ച്ച... അധികനേരം അവിടെ നിന്നിരുന്നേൽ ചിലപ്പോൾ ഉള്ളിൽ വീണ്ടും പൊങ്ങിവന്ന മോഹങ്ങൾ അവൻ്റെ മുഖത്തു പ്രകടമായേനേ!!! ബൈക്കിൽ കോളേജിലെത്തുന്നതുവരെയും അവൻ പാറിപ്പറക്കുകയായിരുന്നു...
അന്നു വൈകുന്നേരം വീണ്ടും ആകസ്മികമായി അവർ തമ്മിൽ കണ്ടു...കാൻ്റീനിൽ ഉണ്ണിയവൻ്റെ പതിവ് ചായയും പഴംപൊരിയും കഴിച്ചുകൊണ്ടിരുന്നപ്പോഴാണത്... അവൾ കൂട്ടുകാരുടെ കൂടെ കയറി വരുകയായിരുന്നു... അവനെ കണ്ടപ്പോൾ അവൾ 'ഹായ് ' എന്ന് ചിരിച്ച് കൈ കാണിച്ചു... അവൻ തിരിച്ചും... 'ഇതെന്താണിത് കർത്താവേ!!! വീണ്ടും വീണ്ടും ഇവളെയിങ്ങനെ എൻ്റെ മുന്നിൽ കൊണ്ടുവന്നു നിർത്തുന്നത്!!! ഇനി ഇവളെത്തന്നെയാണോ എൻ്റെ പെണ്ണായി നിശ്ചയിച്ചിരിക്കുന്നേ!!! അതുകൊണ്ടാണോ ഞാൻ വേണ്ടെന്നു വിചാരിച്ചിട്ടും അവിചാരിതമായ ഈ കൂടിക്കാഴ്ച്ചകൾ.... അങ്ങനെയാണെങ്കിൽ... ഇനി ഞാൻ പിന്മാറുന്ന പ്രശ്നമില്ല... ഇവളെനിക്കുള്ളതാണെങ്കിൽ അങ്ങനെ വിട്ടുകളയാൻ വിചാരിച്ചിട്ടില്ല ഇനി...' അവൻ ഉള്ളിൽ ചിന്തിച്ചുകൊണ്ടിരുന്നു...
രാത്രിയവൻ വീണ്ടും അവൾക്ക് റിക്വസ്റ്റ് അയച്ചു... അവൾ അത് കാണുകയും ചെയ്തു... പിന്നെ പിന്നെ പതിയെ സംസാരം തുടങ്ങി... ചോദിക്കുന്നതിനും പറയുന്നതിനുമെല്ലാം ഒരു ലോഡ് റിപ്ലേയാണ്.. വാതോരാതെ സംസാരിക്കുന്ന രീതി മെസ്സെജിലും കാണാം... അവനറിയാതെ തന്നെ പതിയെ അവൻ അവളിൽ വീണുപോവുകയായിരുന്നു...
ദിവസങ്ങൾ കടന്നുപോയി... ഇപ്പോൾ രാവിലെ എണീക്കുന്നത് അവളുടെ വാട്ട്സപ്പിലെ ഗുഡ്മോർണിങ്ങ് മെസ്സേജ് സൗണ്ട് കേട്ടിട്ടാണ്... വൈകീട്ട് ഉറങ്ങുന്നത് അവളോട് ഗുഡ് നൈറ്റ് പറഞ്ഞിട്ടും.. ഒരുപാട് ക്ലോസായി അവർ വളരെ പെട്ടെന്നുതന്നെ... കൂടിക്കാഴ്ച്ചകൾ കുറവാണ് രണ്ടുപേരുടെയും ക്ലാസിൻ്റെ സമയത്തിലെ ചില വ്യത്യാസങ്ങൾ കാരണം.. കൂടുതലും ചാറ്റിങ്ങ് ആണ്.. അവനാണെങ്കിൽ ഒരു മിനുട്ട് ഗ്യാപ്പ് കിട്ടിയാൽ അവൾക്കു മെസ്സേജ് അയക്കാനാണ് ഇപ്പോൾ നോക്കുന്നത്... അരുണടക്കം എല്ലാവരും ചെറുക്കൻ കയ്യീന്ന് പോയി എന്നാണ് ഇപ്പോൾ പറയുന്നേ.. അത്രത്തോളം അവൻ അവളിൽ അലിഞ്ഞുചേർന്നിരുന്നു... പക്ഷേ നാളിതുവരെ ഇഷ്ടമാണ് എന്ന കാര്യം അവൻ അവളോട് പറഞ്ഞിട്ടില്ല... അതും പറഞ്ഞ് എല്ലാവരും അവനെ വെറുപ്പിക്കാറുമുണ്ട്... ""ഇനിയും പറഞ്ഞില്ലേൽ അവളെ വേറെ വല്ലവനും കൊണ്ടുപോവും... നീ കാര്യം അവതരിപ്പിക്കാൻ നോക്ക്, അവസാനം പട്ടി മോങ്ങുന്നപോലെ കെടന്ന് മോങ്ങുന്നത് ഞങ്ങളുതന്നെ കാണേണ്ടിവരും...'" ശ്രീയടക്കം എല്ലാവരുടേയും ഉപദേശം ഇതുതന്നെയാണ്... പക്ഷേ അവനെന്തോ കഴിയുന്നില്ല... പേടിയായിട്ടല്ല, അവളെങ്ങനെ പ്രതികരിക്കും എന്ന് അവനു നല്ലപോലെ അറിയാം... വളരെ നല്ലൊരു സൗഹൃദം അവർക്കിടയിലുണ്ട് ഇപ്പോൾ.. ആ മൂന്നു വാക്കിൻ്റെ പുറത്ത് ഇപ്പോഴനുഭവിക്കുന്ന സന്തോഷമൊക്കെ ഇല്ലാതാക്കാൻ അവനു എന്തോ ഒരു വിമ്മിഷ്ഠം... സമയമായില്ല.. കുറച്ചുകൂടെ കഴിയട്ടെ എന്ന് വിചാരിച്ചിരിക്കുകയാണ് അവൻ...
മാസങ്ങൾ കടന്നുപോയി... ഓണേഘോഷത്തിനായി കോളേജുമുഴുവൻ ഒരുങ്ങുകയാണ്... എല്ലാത്തിൻ്റെയും തലപ്പത്ത് പതിവുപോലെ ഉണ്ണിയും കൂട്ടരും തന്നെയാണ്... കുറച്ചുതിരക്കുകളിലായതുകൊണ്ട് അവളോട് അന്നു മിണ്ടാൻ പറ്റിയിട്ടുണ്ടായിരുന്നില്ല... മാവേലിയെ എല്ലാം തയ്യാറാക്കി നല്ല ശിങ്കാരിമേളത്തിൻ്റെയൊപ്പം ഇങ്ങനെ ലയിച്ച് നിൽക്കുമ്പോഴാണ് അവൻ്റെ കണ്ണുകളിൽ ആ കാഴ്ച്ച പതിഞ്ഞത്!!!....
അധ്യായം 8
മയിൽപ്പീലിയുടെ പ്രിൻ്റുള്ള ഹാഫ്സാരി ചുറ്റി മുല്ലപ്പൂചൂടി വാൽക്കണ്ണെഴുതി പതിയെ വരാന്തയിലൂടെ നടന്നുവരുന്ന നിത്യ!! കാതിൽ വലിയ ജിമിക്കി തൂങ്ങിയാടുന്നുണ്ട് പതിവുപോലെ... എന്നത്തെയും പോലെ കാതിലേക്ക് വീണുകിടക്കുന്ന മുടിയിഴകൾ കാറ്റിൽ പറക്കുന്നു... മുടി വിരൽകൊണ്ടൊതുക്കി അവൾ പതിയെ നടന്നുവന്ന് ഉണ്ണിയുടെ മുന്നിൽ നിന്നു.. കണ്ടമാത്രയിൽ തന്നെ അവൻ ഫ്ലാറ്റായിരുന്നു... വായും പൊളിച്ച് കണ്ണുതള്ളി നിൽക്കുന്ന അവൻ കൈകൊട്ടിയവൾ രണ്ടാംവട്ടം വിളിച്ചപ്പോഴാണ് ഭൂമിയിലേക്കിറങ്ങിയത്!
""ഇതെന്തു നിൽപ്പാണ്! ചോദിച്ചതുകേട്ടില്ലേ! എങ്ങനെയുണ്ടെന്ന്!!"" അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു... "" ഏ?? എന്താ?? നിന്നെയാണോ ചോദിച്ചേ?? നീയെന്താ എന്നത്തേം പോലെത്തന്നെ നല്ല ബോറായിട്ടുണ്ട്!! നല്ലൊരോണമായിട്ട് നിനക്ക് സെറ്റുസാരിയുടുത്ത് വന്നൂടാർന്നില്ലേ! "" അവൻ വെറുതേ അവളെ ചൊടിപ്പിക്കാൻ വേണ്ടി പറഞ്ഞു...
""ഓ! എല്ലാർടേം ഇടയിൽ ഒന്ന് വെറൈറ്റിയ്ക്ക് പിടിച്ചതാ.. എൻ്റേൽ സാരിയൊന്നുമില്ല സാറേ.. ഉള്ളതുവെച്ച് അഡ്ജസ്റ്റ് ചെയ്ത് നമ്മളിങ്ങനൊക്കെ ജീവിച്ച് പൊക്കോട്ടേ... ഹും!!"" മൂക്കുകൊണ്ട് കൊഞ്ഞനം കുത്തിയിട്ട് അവൾ അവനെ കടന്നുപോയി... അവനപ്പോഴും അവളുടെ ആ വരവിലിങ്ങനെ മതിമറന്നു നിൽക്കുകയാണ്.. അന്നു മുഴുവനും അവൻ അവളുടെ പിറകെ തന്നെയായിരുന്നു, എന്നുപറഞ്ഞാൽ സ്ഥിരം പല്ലവിപോലെ മറഞ്ഞുനിന്ന് വായ്നോക്കുന്ന കലാപരിപാടി... സമയം കടന്നുപോയതറിഞ്ഞില്ല.. ആഘോഷങ്ങൾ കഴിഞ്ഞു.. സദ്യ കഴിഞ്ഞു... എല്ലാവരും അവരവരുടെ വീടുകളിലേക്ക് അവധിയാഘോഷിക്കാൻ യാത്രയായി...
വീട്ടിലെത്തി അമ്മച്ചിയെ കെട്ടിപ്പിടിച്ച് സന്തോഷപ്രകടനം ഒക്കെക്കഴിഞ്ഞ് നല്ല പത്തിരീം ബീഫും തട്ടിയിട്ട് രാത്രി കിടക്കാൻ നേരം അവൻ ഫോണെടുത്ത് നിത്യയെ വിളിച്ചു... "" വീടെത്തിയോ നീ? എനിക്ക്... എനിക്കൊരു കാര്യം പറയാനുണ്ട്... അല്ലേൽ വേണ്ട, മെസ്സേജ് അയക്കാം..."" അവൻ്റെ വാക്കുകൾ ഇടറി... തൊണ്ടവരണ്ടു... കൈ വിയർത്തു... ഹൃദയമിടിപ്പ് കൂടി... അതെ.. അവനവളോട് പറയാൻ പോവുകയാണ്... ഇനിയും ഇങ്ങനെ ഉള്ളിലൊതുക്കിക്കൊണ്ട് നടക്കാൻ കഴിയില്ല... രണ്ടും കൽപ്പിച്ച് അവൻ ടൈപ്പ് ചെയ്തു...
"" നിത്യ... എനിക്ക് നിന്നെ ഇഷ്ടമാണ്... I LOVE U... കല്യാണം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമുണ്ട്.. നിന്നെ കണ്ടനാൾതൊട്ട് എൻ്റെ നെഞ്ചിൽ കേറിയതാണ് നിൻ്റെ മുഖം.. ഇന്ന് നിന്നെ ഹാഫ് സാരിയിൽ കണ്ടപ്പോതന്നെ ഞാൻ ഇല്ലാണ്ടായി... ഇനിയും പറയാതിരിക്കാൻ പറ്റാത്തതുകൊണ്ടാണ് പറയുന്നത്... എന്താണ് നിൻ്റെ അഭിപ്രായം..."" അവൻ രണ്ടും കൽപ്പിച്ച് സെൻ്റ് ചെയ്തു... പൊട്ടാൻ പോവുന്ന ടൈം ബോംബിൻ്റെ കൗണ്ടൗൺ പോലെ അടുത്ത ഓരോ നിമിഷവും അവൻ്റെയുള്ളിൽ ഓരോ യുഗം പോലെയാണ് പ്രതിഫലിച്ചത്... നെഞ്ചിടിപ്പ് കൂടിക്കൂടിവന്നു... തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് അവൻ മറുപടിക്കുവണ്ടി...
""ക്ടിങ്ങ്""
അവൻ കർത്താവിനെ വിളിച്ച് ഫോണെടുത്തു...
""അയ്യോ... ഏട്ടാ ഞാൻ ഏട്ടനെ അങ്ങനെയൊന്നുമല്ല കണ്ടേക്കുന്നേ... നല്ലൊരു ഫ്രണ്ടെന്നരീതിയിലേ ഞാൻ വിചാരിച്ചിട്ടുള്ളൂ... എനിക്കീ ലവ് എന്നതിനെപ്പറ്റി ഒരു മതിപ്പ് ഒന്നുമില്ല... ഞാനെൻ്റെ അച്ഛൻ പറയുന്ന ആളെയേ കെട്ടൂ.. ലവ് എന്നൊക്കെ പറഞ്ഞാൽ ഒരുതരം സ്റ്റുപ്പിഡിറ്റിയല്ലേ...""
തേഞ്ഞ്!!! അവൻ വിചാരിച്ചപോലെത്തന്നെ... അടിപൊളി!!!
""എനിക്കറിയാർന്നു നിൻ്റെ പ്രതികരണം ഇതേപോലെയായിരിക്കുമെന്ന്... നീയും ഞാനും രണ്ടും രണ്ടു തരക്കാരാണ്, ഒരുപാട് വ്യത്യാസങ്ങളുണ്ട് എല്ലാ കാര്യത്തിലും.. പക്ഷേ എന്തോ എനിക്ക് ഇഷ്ടം തോന്നിപ്പോയി... സീ ലവ് എന്നുപറഞ്ഞ് കോപ്രായം കാണിച്ച് നടക്കാൻ എനിക്കും താൽപര്യമില്ല... ക്ലാസുകഴിഞ്ഞ് നല്ല ജോലിയൊക്കെയായി സെറ്റിലായിട്ട് എൻ്റെ വീട്ടുകാരെയും കൂട്ടി നേരിട്ട് നിൻ്റെ അച്ഛനെക്കണ്ട് പെണ്ണുചോദിക്കാൻ വരുന്നതിൽ എന്തെങ്കിലും എതിർപ്പുണ്ടോ? അച്ഛൻ പറയുന്ന ആ ആൾ ഞാൻ ആവുന്നതിൽ വിരോധമുണ്ടോ?? അതുവരെ ഞാൻ നിന്നെ മനസ്സിലിട്ട് കാത്തിരുന്നോട്ടേ?? അറ്റ്ലീസ്റ്റ് ആ ഒരു പ്രതീക്ഷയെങ്കിലും വച്ചോട്ടേ ഞാൻ?"" അവൻ ഉള്ളുനീറിക്കൊണ്ട് തിരിച്ചയച്ചു...
"" അത്.. എനിക്കറിയില്ല... എന്തിനാ എന്നെയിങ്ങനെ ധർമ്മസങ്കടത്തിലാക്കുന്നേ!!! നല്ലരീതിയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നില്ലേ നമ്മൾ... ഇനിയും അങ്ങനെതന്നെ പൊയ്ക്കൂടെ? കല്യാണത്തെപ്പറ്റിയൊന്നും ചിന്തിക്കാൻ കഴിയില്ല ഇപ്പോളെനിക്ക്.. അതിനായിട്ടില്ല.. ആവുമ്പോൾ പോരെ ഈ സംസാരം?? നല്ല ഫ്രണ്ട്സായിട്ടിരുന്നൂടെ നമുക്ക് അതുവരെ??"" അവളുടെ മറുപടി വായിച്ചപ്പോൾ അവനും വിഷമമായി.... എല്ലാം ഇവിടെ അവസാനിക്കാൻ പോവുകയാണ്...
"" നിത്യ നീ പറയുന്നതൊക്കെ ശരിയാണ്... പക്ഷേ എന്തു പ്രതീക്ഷയിലാണ് ഞാൻ ജീവിക്കേണ്ടത്? ഞാൻ വളരെ സ്ട്രൈറ്റ് ഫോർവേഡ് ആയിട്ടുള്ള ഒരാളാണ്.. നിനക്കറിയാല്ലോ... ഇത്രേം കാലം പറയാതിരുന്നതുപോലും ഇതിങ്ങനെയൊക്കെയാവും എന്ന് നല്ലപോലെ അറിയാവുന്നതുകൊണ്ട് തന്നെയാണ്... പക്ഷേ ഉള്ളിലുള്ള ഇഷ്ടം പറയാതെ നടക്കുന്നതിൽ അർത്ഥമില്ല... ഇനിയും എനിക്ക് നിന്നോട് ആ ഒരു ഫീലിങ്ങ്സ് വച്ച് വെറും ഫ്രണ്ടായിട്ട് പുറമെ നടക്കാനാവില്ല... അതുകൊണ്ടാണ് ഇതിപ്പോ പറഞ്ഞത്... ഞാൻ നിന്നോട് ഒരു യെസ് പറയാൻ ഒന്നുമല്ല പറയുന്നേ... നാളെ ഒരുനാൾ നിൻ്റെ വീട്ടിൽ വന്ന് അച്ഛനോട് പെണ്ണുചോദിച്ചോട്ടേ, അതുവരെ നീ എന്നൊരാളെ ഞാൻ മനസ്സിൽ കൊണ്ടുനടന്നോട്ടേ എന്നാണ്... അതല്ലാതെ ഫ്രണ്ടായിട്ട് കാണാൻ എന്നെക്കൊണ്ട് ഇനി പറ്റില്ല, ഒരാളോട് ഒരുതരത്തിലുള്ള ഫീലിങ്ങ്സേ പാടൂ, അതിൽ കള്ളത്തരം കാണിക്കുന്നതുശരിയല്ല.. എന്നെ ഒരു ഫ്രണ്ടായിട്ട് നീ കാണുകയും വേണ്ട.. ഗുഡ് ബൈ..."" നെഞ്ചുപൊട്ടിയിട്ടാണ് അവൻ ആ മെസ്സേജ് സെൻ്റ് ചെയ്തത്... അവൻ്റെ ആഗ്രഹങ്ങളും മോഹങ്ങളും അതോടുകൂടെ അസ്തമിക്കുകയായിരുന്നു... തിരിച്ച് വന്ന അവളുടെ ദേഷ്യത്തോടെയുള്ള ""അങ്ങനെയാണേൽ അങ്ങനെ... പറഞ്ഞാൽ മനസ്സിലാവില്ലെങ്കി എന്താ കാട്ടുക.. ബൈ"" എന്ന മെസ്സേജ് വായിച്ചതും തകർന്നുപോയി അവൻ... ഇല്ല... ഇനിയൊരു പ്രതീക്ഷയില്ല.... എല്ലാം തീർന്നു... പണ്ടാരമിടങ്ങാനായിട്ട് ഏതുനേരത്താണാവോ ഇതൊക്കെ മനസ്സിൽ തോന്നിയത്... കോപ്പ്!!! അവൻ ഫോൺ കിടക്കയിലേക്ക് വലിച്ചെറിഞ്ഞ് കമിഴ്ന്നുകിടന്നു...
കരച്ചിൽ വരുന്നുണ്ടായിരുന്നു അവന്... കരയാതിരിക്കാൻ അവൻ ആവുന്നതും ശ്രമിച്ചു... അതല്ലെങ്കിലും അങ്ങനെതന്നെയാ.. അവൻ്റെ കാര്യത്തിൽ കർത്താവിനു കാഴ്ച്ചകുറയും.. അവനൊന്നും ആഗ്രഹിക്കാൻ പോവാറില്ല, മറ്റുള്ളവരെപ്പോലെ ഫോണുവേണം ബൈക്കുവേണം അതുവേണം ഇതുവേണം എന്നൊന്നും... അപ്പച്ചൻ്റെ പെൻഷൻ കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ തീർത്ത് ബാക്കിയുള്ളതുകൊണ്ട് കഴിഞ്ഞുകൂടുന്ന ഒരു സാധാരണ കുടുംബമാണെന്ന ബോധം നല്ലപോലെ ഉള്ളതുകൊണ്ടുതന്നെ ഒരു ബ്രാൻ്റെഡ് ഷൂവോ ഡ്രെസ്സോ പോലും ആഗ്രഹിച്ചിട്ടില്ല അവൻ... സ്വയം പരിമിതികൾ മനസ്സിലാക്കി അറിഞ്ഞു പെരുമാറുന്നതുകൊണ്ട് ആഗ്രഹിച്ചാലും അത് ഉള്ളിലൊതുക്കാറെയുള്ളൂ... ആ കൂട്ടത്തിൽ ഇനി ഇതും... ഇനിയൊരിക്കലും പുറത്തുവരാത്ത രീതിയിൽ കല്ലുകെട്ടി താഴ്ത്തണം ഈ മോഹം ഇനി മനസ്സിൻ്റെ അടിത്തട്ടിൽ... രാത്രിയുടെ കനം കൂടിയ ഏതോ യാമത്തിൽ ഉറക്കത്തിലേക്കവൻ അറിയാതെ വഴുതി വീണു...
അധ്യായം 9
ദിവസങ്ങൾ കടന്നുപോയി... മാസങ്ങൾ കടന്നുപോയി... അവർ തമ്മിലിപ്പോൾ സംസാരമൊന്നുമില്ല... കാണാറില്ല... മെസ്സേജ് അയക്കാറില്ല.. പക്ഷേ രണ്ടുപേരുടെയും സ്റ്റാറ്റസ്സുകളിലൂടെ അവർ കാര്യങ്ങൾ പങ്കുവെക്കാറുണ്ടായിരുന്നു... അവൻ്റെ തീരുമാനത്തിലുറച്ചുനിൽക്കുന്നതിനോട് സാമ്യമുള്ള വാചകങ്ങളും ഫോട്ടോകളും അവനിടുമ്പോൾ അതിനു മറുപടിയെന്നോണം അവളും സ്റ്റാറ്റസ്സ് ഇടും അവളുടെ നിലപാടുകൾ... ഇതൊന്നും കാണാൻ വയ്യെന്ന് ശ്രീ എപ്പോഴും പറയാറുണ്ട്, എന്തുതേങ്ങയ്ക്കാണ് ഇനിയും ഇങ്ങനെ കടിച്ചുതൂങ്ങുന്നതെന്ന്... പക്ഷേ ഉണ്ണിയുടെ ഉള്ളിലെ അവളോടുള്ള കരുതലും പരിഗണനയും കൂടുകയല്ലിതെ കുറയുന്നുണ്ടായിരുന്നില്ല.. അവളറിയാതെ അവളെപ്പറ്റി തിരക്കാറുണ്ടായിരുന്നു അവനെപ്പോഴും.. അങ്ങനെ ഒരുദിവസം ഉച്ചനേരത്ത് അവൾ ബാഗെല്ലാം എടുത്ത് ബസ്സുകയറാൻ നിൽക്കുന്നത് അവൻ ദൂരെ നിന്നുകണ്ടു... അവൻ ആകെ അന്ധാളിച്ചുപോയി.. 'എന്തുപറ്റിക്കാണും? വീട്ടിൽ ആർക്കെങ്കിലും സുഖമില്ലാതായിക്കാണുമോ? അതോ ഇനി ഞാൻ കാരണമാണോ??' അവൻ ഓരോന്ന് ചിന്തിച്ച് നടന്നടുത്തപ്പോഴേക്കും അവൾ ബസ്സുകയറിപോയിരുന്നു... അവൾക്ക് കൂട്ടിനു വന്നിരുന്ന നിമിഷയോട് അവൻ കാര്യം തിരക്കി... അവളുടെ അടുത്തവീട്ടിലെ ചെറുപ്പംതൊട്ടേയുള്ള കൂട്ടുകാരി അത്യാസനനിലയിൽ ആശുപത്രിയിലാണത്രേ.. എന്താ ഏതാണെന്നൊന്നും പറഞ്ഞില്ല.. നിത്യയാകെ അസ്വസ്ഥയായിരുന്നു.. അതവനു ദൂരെനിന്നുകണ്ടപ്പോഴേ മനസ്സിലായതുമാണ്... എന്താണോ എന്തോ...
വൈകുന്നേരം അവൻ പതിയെ ഫോണെടുത്ത് അവൾക്കു മെസ്സേജയച്ചു.. എന്താ ഏതാ എങ്ങനെയുണ്ടവൾക്കിപ്പോ എന്നൊന്നുമറിയാതെ അവനു സമാധാനമുണ്ടായിരുന്നില്ല...
""എന്താ പറ്റിയത്? കൂട്ടുകാരി ഹോസ്പിറ്റലിലാണെന്നുകേട്ടു.. കുഴപ്പമൊന്നുമില്ലല്ലോ അല്ലേ.."" എന്തെങ്കിലും ചോദിക്കണ്ടേ എന്നുവച്ച് ചോദിച്ചതാണ്... തിരിച്ച് മറുപടിയൊന്നും കണ്ടില്ല... അവനെന്തോപോലെയായി, മനപ്പൂർവ്വം നോക്കാതിരിക്കുന്നതാണോ ഇനി?.. തിരക്കിലായിരിക്കും അതുകൊണ്ടാകും.. അവൻ അവനെത്തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു...അവനും അവൻ്റേതായ തിരക്കുകളിലേക്കുതിരിഞ്ഞു...
പക്ഷേ അവളെ പിന്നീട് ഓൺലൈൻ കണ്ടില്ല അവൻ.. ശല്യപ്പെടുത്തേണ്ടെന്നുകരുതി അവനും ഒന്നും മിണ്ടിയില്ല... അവൻ ഇങ്ങനെ വെറുതേ ട്രോളുകളും വായിച്ചിരിക്കുകയായിരുന്നു.. രാത്രി ഒരു 12 മണി ആവാറായിക്കാണും, പെട്ടെന്ന് അവളുടെ മെസ്സേജ് വന്നു...
""ഏട്ടാ.. ഞാൻ ആകെ വല്ലാതായിരിക്കുകയാണ്... എനിക്ക് ശ്വാസം മുട്ടുന്നു... ഇപ്പോ.. ഇപ്പോ എൻ്റെ ഒരു ഫ്രണ്ട് വിളിച്ചിരുന്നു, എൻ്റെ ഒരു കൂട്ടുകാരി മരിച്ചു എന്ന്... എനിക്ക് ഒച്ച പൊന്തുന്നില്ല... എന്തുചെയ്യണമെന്നറിയുന്നില്ല.. കയ്യും കാലും വിറക്കുന്നു... ഇപ്പോ ഓൺലൈലിൽ ഏട്ടനെ മാത്രേ കണ്ടുള്ളൂ... അതുകൊണ്ടാ മെസ്സേജയച്ചേ... നെഞ്ചിങ്ങനെ പടപടാന്ന് ഇടിക്കുവാ.. ഞാനിപ്പൊ ചാവുമെന്നാ തോന്നുന്നേ.. "" അവളാകെ പരിഭ്രമിച്ചിരിക്കുകയാണ്... ഉണ്ണിയാണേൽ ഇതുകേട്ട് ആകെ വല്ലാതെയായി... ഒരു സുഹൃത്തിൻ്റെ മരണവാർത്തയറിഞ്ഞാൽ ആരായാലും തളർന്നുപോകും... എന്തുപറഞ്ഞാണ് അവളെയൊന്നു സമാധാനിപ്പിക്കുക..."" നീ ടെൻഷനടിക്കാതിരിക്ക്.. സമാധാനപ്പെട്.. ആദ്യം കുറച്ച് വെള്ളം കുടിക്ക്.. ശ്വാസം നല്ലപോലെ എടുത്തുവിട്... റിലാക്സ് ആവ് ഒന്ന്.. ഇത് നീ ഇന്ന് ഹോസ്പിറ്റലിൽ കാണാൻ പോയ കുട്ടിതന്നെയാണോ? എന്താ പറ്റിയത്?"" അവൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു...
""അതെ.. അവൾ തന്നെയാണ്... നീന... അവൾ.. അവൾ മരിച്ചു... കെട്ടിത്തൂങ്ങിയതാണ്... പരീക്ഷക്കു മാർക്ക് കുറവാണെന്നുപറഞ്ഞ് ടെൻഷൻ അടിച്ച്... ഹോസ്പിറ്റലിലായിരുന്നു... പക്ഷേ ഡോക്ടർമാർക്ക് കൂടുതൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല... എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു... ചെറുപ്പംതൊട്ടേ ഒന്നിച്ചായിരുന്നു..."" അവളുടെ ആ ഇടറിയ വാക്കുകളിൽ നിന്ന് അപ്പോഴത്തെ അവളുടെ മാനസികാവസ്ഥ അവനു മനസ്സിലാക്കാൻ കഴിയുമായിരുന്നു...
""മ്ം... സാരമില്ല... ജനനവും മരണവുമൊന്നും നമ്മുടെ കയ്യിലല്ലല്ലോ... നീയിനി അതോർത്ത് വിഷമിക്കണ്ട... വേറെ എന്തിലെങ്കിലും ശ്രദ്ധചെലുത്താൻ നോക്ക്.. കഴിയുന്നതും അവളെക്കുറിച്ച് ഓർക്കാതിരിക്കാൻ ശ്രമിക്ക്... പോയവരുപോയി.. എന്നുവച്ച് അതും വിചാരിച്ചിരുന്നിട്ട് കാര്യമില്ലല്ലോ.. ഒറ്റക്കാണ് ഇരിക്കുന്നതെങ്കിൽ നേരെ അമ്മയുടെ അടുത്ത് പോ.. കാര്യങ്ങളെല്ലാം പറയ്.. ഇന്നമ്മയുടെ കൂടെ കിടന്നോ.. എന്നിട്ട് നാളെ രാവിലെ പോയി ആ മരിച്ചകുട്ടിയുടെ മുഖം കണ്ടിട്ട് വാ... ഇതിപ്പോ ഇങ്ങനെ മനസ്സുകൈവിട്ടുപോകാൻ മാത്രമുള്ളതൊന്നുമില്ല... നീ എണീറ്റിരിക്ക്.. വെള്ളം കുടിക്ക് കുറച്ച്"" അവനെക്കൊണ്ടു പറ്റാവുന്നപോലെ അവനും അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു...
"" എനിക്ക് അനങ്ങാൻ പറ്റുന്നില്ല.. പേടിയാവുന്നു.. എന്തൊക്കെയോ പോലെ... അമ്മയെ വിളിക്കാൻ പോലും ഒച്ചപുറത്തുവരുന്നില്ല..."" അവൾ അടങ്ങുന്ന ലക്ഷണമില്ല...
""നീയിങ്ങനെ വെപ്രാളപ്പെടല്ലേ.. പറയുന്നത് കേൾക്ക് ഒന്ന് സമാധാനത്തിൽ.. അമ്മയുടെ അടുത്ത് പോ... അനിയത്തിയില്ലെ കൂടെ കിടക്കാൻ, അവളെ എണീപ്പിക്ക് ഒച്ചപൊന്തുന്നില്ലെങ്കിൽ.. എന്നിട്ട് അമ്മയോട് സംസാരിക്ക്, നാളെ രാവിലെ അവളെ അവസാനമായിട്ട് കണ്ടിട്ടുവാ, ഇതൊന്നും നമ്മുടെ കയ്യിലുള്ള കാര്യമല്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞില്ലേ... നീ സമാധാനപ്പെട്.. ചെല്ല്, പറഞ്ഞതു കേൾക്ക്..."" അവൻ വളരെ നല്ലരീതിയിൽ തന്നെ ഒരു കൗൺസിലെറിനെപ്പോലെ സംസാരിച്ചു.. കുറച്ച് അധികാരമെടുത്ത് തന്നെയായിരുന്നു അവൻ്റെ സംസാരം.. അതിനുള്ള അർഹത അവനുണ്ടെന്നു തോന്നി... അവൻ്റെ ശാസനയ്ക്കുവഴങ്ങിയെന്നോണം ശെരിയെന്നും പറഞ്ഞ് അവൾ ഓൺലൈനിൽ നിന്നും മറഞ്ഞു...
പിറ്റേന്ന് ഉച്ചയോടെ അവൻ വീണ്ടും അവൾക്കു മെസ്സേജയച്ചു, എന്താണ് അവസ്ഥ എന്നറിയാൻ...
"" കുഴപ്പമില്ല.. ഓക്കെയാണ്, ഇയാളുപറഞ്ഞപോലെ മരണവീട്ടിൽ പോയിരുന്നു... ഇപ്പോൾ കുറച്ചു റിലാക്സ്ഡ് ആയതുപോലെയുണ്ട്.. ആ സമയത്ത് സംസാരിക്കാൻ നിന്നുതന്നതിന് താങ്ക്സ്... അല്ലാർന്നേൽ ചിലപ്പോ ഞാൻ ശ്വാസംമുട്ടി ചത്തുപോയേനെ..."" അവൾ പറഞ്ഞു... അവനും സമാധാനമായി... പിന്നെ പതുക്കെ അവർ വീണ്ടും സംസാരിച്ചുതുടങ്ങി... ഇത്തവണ മുൻകൈയെടുത്തത് അവളായിരുന്നു, രാവിലെ എന്നും ഗുഡ്മോർണിങ്ങും സുഖാന്വേഷണങ്ങളും ഒക്കെയായി അവസരം കിട്ടുമ്പോളൊക്കെ മിണ്ടാൻ ശ്രമിച്ചു അവൾ.. അവനാകട്ടെ അതിനെല്ലാം നല്ലരീതിയിൽ മറുപടി കൊടുക്കുന്നുമുണ്ടായിരുന്നു, അവൾ ഒന്ന് പഴയപടി ആവാൻ കൂടെ നിക്കണമെന്ന് അവനും തോന്നി... പക്ഷേ ഒരുമാതിരി ഒലിപ്പിച്ച് നിക്കുകയല്ല, മറിച്ച് കുറച്ച് ഗൗരവമൊക്കെ കാണിച്ച് അവൻ്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നതുപോലെ ഒരു സൈക്കോളജിക്കൽ മൂവ്!! പക്ഷേ സത്യത്തിൽ ഉള്ളിലെ ഇഷ്ടം മറന്ന് സംസാരിക്കാൻ അവനു കഴിയുന്നുണ്ടായിരുന്നില്ല, അവളുടെ ചിരിയും കളിതമാശകളും അവനെ വീണ്ടും മോഹിപ്പിച്ചു...
കുറച്ചുനാളുകൾക്കുശേഷം അവൾ വീണ്ടും ചോദിച്ചു,
"" ഇപ്പോഴും ഉള്ളിൽ ഇഷ്ടം വച്ചാണോ എന്നോട് സംസാരിക്കുന്നേ? ഫ്രണ്ട്സായിട്ടിരുന്നൂടെ നമുക്ക്.. ഈ ലൗ ഒക്കെ ഒരുതരം സ്റ്റുപ്പിഡിറ്റിയല്ലെ..."" ആ വാക്കുകൾ അവനെ ദേഷ്യം പിടിപ്പിച്ചു..
"" നിത്യ.. ഞാനന്നുപറഞ്ഞതുതന്നെയാ എനിക്കിപ്പോഴും പറയാനുള്ളത്.. നിന്നോടു തോന്നിയ ഇഷ്ടം അത് ഉള്ളിൽ നിന്ന് പോവില്ല, അതുമറച്ചുവച്ച് ഫ്രണ്ടെന്നും പറഞ്ഞ് പെറുമാറാൻ എനിക്കറിയില്ല, കഴിയുകയുമില്ല, അത് വലിയ തെറ്റാണ്, ഞാൻ കഴിവതും എല്ലാവരോടും സത്യസന്ധമായിട്ടിരിക്കാനാണ് ആഗ്രഹിക്കുന്നത്..."" അവൻ കുറച്ചു കനത്തിൽ തന്നെയാണ് പറഞ്ഞത്...
"" ഓ.. ജാഡ... ആറ്റിറ്റ്യൂഡ് ഇറക്കുകയാണല്ലേ... ഹും.... എന്താന്നുവച്ചാ ചെയ്യ്..."" അവളു വീണ്ടും ദേഷ്യപ്പെട്ടുപോയി....
അടിപൊളി... ഇതെന്താ കഥ!! സംസാരിച്ചാലും കുഴപ്പം സംസാരിച്ചില്ലേലും കുഴപ്പം!! എൻ്റെ കർത്താവേ ഈ പെണ്ണുങ്ങളുടെ മനസ്സ് മനസ്സിലാക്കാൻ വയ്യല്ലോ!!! എങ്ങനെ ഇതിനെയൊന്ന് മെരുക്കിയെടുക്കും!! എൻ്റെ കയ്യിൽ നിൽക്കില്ലെന്നാ തോന്നുന്നേ... അവസാനം കിടന്ന് മോങ്ങേണ്ടിവരുമോ!!! അവൻ കർത്താവിനോട് പരാതി പറഞ്ഞു... പക്ഷേ അവളെ അങ്ങനെ വിട്ടുകൊടുക്കാൻ അവൻ തയ്യാറായിരുന്നില്ല... കിട്ടിയാൽകിട്ടി പോയാപോയി എന്ന മട്ടിലെങ്കിലും ഒരു തീരുമാനം ആവുന്നതുവരെ പിന്തിയാൻ അവൻ ഉദ്ദേശിച്ചിരുന്നില്ല...
കാരണം ഇന്നുവരെ അവൾ അവനെ ഇഷ്ടമല്ല, ഇത് നടക്കില്ല എന്ന് പറഞ്ഞിട്ടില്ല!!! അതുതന്നെയാവൻ്റെ പ്രതീക്ഷയും...
അധ്യായം 10
""ഗുഡ് മോർണിങ്ങ്""
രാവിലെ വീണ്ടും അതാ നിത്യയുടെ മെസ്സേജ്... ഇവളിതെന്തു ഭാവിച്ചാണ് കർത്താവേ!!! ഇന്നലെ ഒടക്കിയിട്ട് പോയ ആളിതാ ഇന്ന് വീണ്ടും പഴയപടി തിരിച്ചു മിണ്ടാൻ വരുന്നു... ഷോർട്ട് ടേം മെമ്മറി ലോസ് വല്ലതും ആണോ ഇനി!! തിരിച്ച് അതേപടി ഒരു ഗുഡ്മോർണിങ്ങ് മാത്രമിട്ട് അവൻ അൽപം ജാഡയിറക്കി... ചോദിക്കുന്നതിനെല്ലാം അളന്നുമുറിച്ച് ചെറിയ വാക്കുകളിൽ മറുപടി നൽകിക്കൊണ്ട് അവൻ കുറച്ചു നേരം ആറ്റിറ്റ്യൂഡിട്ട് നിന്നു.. പക്ഷേ അധികനേരമൊന്നും അവന് പിടിച്ചുനിൽക്കാനായില്ല... അവളുടെ തമാശനിറഞ്ഞ സംസാരത്തിൽ അവൻ പിന്നെയും വീണുപോയി... പതിയെ അവൾക്കുചുറ്റും ഒരു വണ്ട് പൂവിനെയെന്നപോലെ അവൻ കറങ്ങാൻ തുടങ്ങി...
എന്നും അവരുടെ സംസാരമില്ലാതെ അവൻ ഉണർന്നിട്ടില്ല, ഉറങ്ങിയിട്ടുമില്ല... അത്രമേൽ പ്രിയപ്പെട്ട ഒരാളെന്ന നിലയ്ക്കുതന്നെയായിരുന്നു അവളുടെ പെരുമാറ്റവും.. രാവിലെ മുതൽ നടന്ന കൊച്ചുകൊച്ചു കാര്യങ്ങൾ പോലും ഒന്നുവിടാതെ അവൾ അവനോട് പറയുമായിരുന്നു... അവളുടെ വീട്ടിലെ പട്ടിക്കുട്ടി വരെ അവൻ്റെ സ്വന്തമെന്ന തരത്തിൽ അത്രയും അടുപ്പം... ശെരിക്കും ഒരു കൊച്ചുകുട്ടിയെപ്പോലെയായിരുന്നു അവൾ ... ഉണ്ണിയാകട്ടെ ആ കുട്ടിത്തവും കളിചിരിയുമെല്ലാം എന്നേ മനസ്സിൽ കൊത്തിവച്ചിരുന്നു... അധികമൊന്നും സംസാരിക്കാത്ത അവനിപ്പോൾ അവളോട് സംസാരിക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയായി... ദിവസങ്ങൾ കഴിയും തോറും അവർ കൂടുതൽ കൂടുതൽ അടുക്കുകയായിരുന്നു.. അന്നൊരു ദിവസം ഉച്ചയ്ക്ക് കോളേജിലെ വലിയ ആൽമരച്ചോട്ടിൽ ഇരുന്ന് സംസാരിക്കുന്നതിനിടയ്ക്ക് അവൻ അവളോട് ചോദിച്ചു,
"" നിത്യ... നീ എന്നോടിത്രയും അടുത്തിടപെഴകുന്നത് എന്നോടിഷ്ടമുള്ളതുകൊണ്ടുതന്നെയല്ലേ?? അല്ലാതെ ഒരു ഫ്രണ്ടായിട്ടിരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞിട്ടും എന്നോടിത്രയും അടുത്തിടപെഴകുന്നതിൽ അർത്ഥമില്ലല്ലോ...എനിക്ക് മനസ്സിലാവും എന്താണ് നിൻ്റെയുള്ളിലെന്ന്.. പക്ഷേ അത് സ്വയം സമ്മതിക്കാൻ എന്തേ നീ മടി കാണിക്കുന്നേ...?? ഇനി ഞാൻ പറഞ്ഞത് തെറ്റാണെന്നുണ്ടോ? ഒരു ഫ്രണ്ടെന്ന നിലയിലാണോ നീ എന്നോടിങ്ങനെ പെരുമാറുന്നേ??"" അവൻ്റെ ഉള്ളിലെ ചോദ്യങ്ങളെല്ലാം അവൻ തുറന്നുവിട്ടു...
""അത്... ഞാൻ... എനിക്കിഷ്ടമൊക്കെയാണ്... പക്ഷേ അതുപറഞ്ഞ് ഒവറായി കാണിച്ചുകൂട്ടാനും അതിൻ്റെ പിന്നാലെ നടക്കാനും ഒന്നും എനിക്ക് പറ്റില്ല.. അച്ഛനെങ്ങാനും അറിഞ്ഞാൽ... എനിക്ക് ആവശ്യത്തിലധികം സ്നേഹവും പരിഗണനയും ലാളനയും തരുന്നവരാണ് എൻ്റെ വീട്ടുകാർ.. അവരുടെയൊക്കെ മനസ്സുവിഷമിപ്പിക്കാൻ എനിക്ക് കഴിയില്ല..."" അവൾ പെട്ടെന്ന് മൂകയായി... എന്നാൽ ഇതുകേട്ട് വണ്ടറടിച്ച് നിൽക്കുകയാണ് നമ്മുടെ ഉണ്ണി!!! സന്തോഷത്തിൻ്റെ കൊടുമുടിയിൽ നിന്ന് ചിറകില്ലാതെതന്നെ മേലോട്ട് പറക്കുകയായിരുന്നു അവൻ.. ഉള്ളിൽ ഒരു പൂക്കാലം വിരിഞ്ഞ സുഖമുള്ളൊരനുഭൂതി... ഹാപ്പി ജാമിൻ്റെ പരസ്യത്തിൽ പറയുന്ന പോലെ ' സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ! 'എന്ന അവസ്ഥയായിരുന്നു അവൻ്റെ.. ആയിരം പൂർണചന്ദ്രൻമാർ കത്തിനിൽക്കുന്ന പോലെ തുടുത്തിരുന്നു അവൻ്റെ മുഖം... തെല്ലൊരുനേരത്തെ കിളിപോയ അവസ്ഥയിൽ നിന്നും തിരിച്ചുവന്നപ്പോൾ അവൻ പറഞ്ഞു..""എനിക്കും അങ്ങനെയൊക്കെത്തന്നെയാണെടോ... അല്ലേലും ഈ കൊഞ്ചിക്കുഴഞ്ഞ് നടക്കാനൊന്നും എന്നെ കിട്ടില്ല... ആളുകളെ കാണിച്ച് കൂട്ടി കറങ്ങിയടിച്ചു നടക്കാനൊന്നും താൽപര്യവുമില്ല... നീ നിൻ്റെ വീട്ടുകാരെ പരിഗണിച്ചതിനുശേഷം ബാക്കി സമയമുണ്ടെങ്കിൽ എന്നെ കൺസിഡർ ചെയ്താമതി, അത് എന്നും അങ്ങനെ തന്നെ ആയിരിക്കുകയും വേണം.. കാരണം ഫാമിലിയാണ് ഏറ്റവും വലുത്... ഞാൻ നിൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നെന്നുവച്ച് നിൻ്റെ രീതികൾക്കും ശീലങ്ങൾക്കുമൊന്നും ഒരു മാറ്റവും വേണ്ട.. വീട്ടുകാരെ ഒക്കെ വിളിച്ച് സമയമുള്ളപ്പോൾ വിളിച്ചാൽ മതി, ഇനിയിപ്പോൾ വിളിച്ചില്ലേലും കുഴപ്പമില്ല ഒരു മെസ്സേജ് ആയാലും മതി ഞാൻ ഓക്കെയാണ്.., കാരണം ഞാൻ ആദ്യമേ പറഞ്ഞില്ലേ നിന്നെ എനിക്കിഷ്ടമാണ്, ഭാവിയിൽ ഒന്ന് സെറ്റിൽ ആയതിനുശേഷം കല്യാണം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമുണ്ട് എന്നുള്ളതാണ് അടിസ്ഥാനപരമായി ഉള്ള കാര്യം. അതുകൊണ്ടുതന്നെയാണ് അച്ഛൻ പറയുന്ന ആളെ മാത്രമേ കെട്ടൂ എന്നുള്ള വാക്കിനുപോലും ഞാൻ വില കൽപ്പിക്കുന്നത്, ആ ആൾ ഞാനാവാൻ വേണ്ടി ശ്രമിക്കാൻ തയ്യാറായി നിൽക്കുന്നത്... നിനക്കും ഇഷ്ടമാണ് എങ്കിൽ അത് പ്രകടിപ്പിക്കുന്നതിൽ പേടിക്കേണ്ടകാര്യമില്ല, ആരെങ്കിലും കണ്ട് ഒരു പ്രശ്നമാകുന്ന തരത്തിൽ എക്സ്പ്രെസ്സുചെയ്ത് നടക്കാനും നമുക്ക് നിക്കേണ്ട.. അത് ഓക്കെയല്ലേ..."" അവൻ അവൻ്റെ മനസ്സിലുള്ളതെല്ലാം തുറന്നുപറഞ്ഞു... അവൾ ചെറുതായൊന്ന് മൂളി.. "" അതെന്താടീ ഒരു പതിഞ്ഞ മൂളൽ മാത്രം? എന്തേ ഇനിയും എന്തെങ്കിലും പറയാനുണ്ടോ??"" അവൻ കുറച്ചു കനത്തിൽ ചോദിച്ചു...
"" ദേ!! എന്നെ എടീ പോടീ എന്നൊന്നും വിളിക്കരുത് കേട്ടോ!! എനിക്കത് ഇഷ്ടമല്ല... എൻ്റെ അച്ഛൻ പോലും എന്നെ എടീ എന്ന് വിളിക്കാറില്ല... അച്ഛൻ അമ്മയെ പോലും വിളിക്കാറില്ല... അതൊരുമാതിരി അധികാരം സ്ഥാപിക്കുന്ന പരിപാടിയല്ലേ... ഞങ്ങൾ പെണ്ണുങ്ങളെന്താ അടിമകളാണോ!!!"" അവളുടെ മുഖം ചുവന്നു!! അവൻ അന്ധാളിച്ചുപോയി!!! നാഗവല്ലിയാണോ ഇത്!! മിനിറ്റിനു മിനിറ്റിനു സ്വഭാവം മാറുന്നു!!! "" അയ്യോ എൻ്റെ പൊന്നേ!! അറിയാതെ പറഞ്ഞുപോയതാണ്! ഇനി വിളിക്കില്ലാ ട്ടോ... ൻ്റെ മുത്തല്ലേ... സോറീ... അതു വിട് നീ ഇത് പറ.."" അവൻ അവളെ കൂളാക്കാൻ വേണ്ടി പറഞ്ഞു...
"" എന്തുപറയാൻ!"" പറയാനുള്ളതൊക്കെ പറഞ്ഞല്ലോ... പോയേ പോയേ"" അവൾ പെട്ടെന്നുതന്നെ നോർമലായി ചിരിച്ചുകൊണ്ട് പറഞ്ഞു... "" അതല്ലെന്നേ... ലാലേട്ടൻ പറയുന്ന പോലെ, എങ്കിലേ... എന്നോട് പറ... ഐ ലവ് യൂ ന്ന്"" ഉണ്ണിയുടെ മുഖമൊക്കെ ഇങ്ങനെ വിരിഞ്ഞ് ഇളിഞ്ഞ് ഇരിക്കുകയാണ്... വായിൽ നിന്ന് തേനൊഴുകുന്നു... എങ്ങനെയുണ്ടായിരുന്ന പയ്യനാണ്!!! ഇപ്പ എങ്ങനിരിക്കണ്!!!
"" ഒന്നു പൊയേ!! അതൊക്കെ പിന്നെ... ഞാൻ പോവ്വാ, ക്ലാസിൽ കേറാൻ സമയമായി..."" അവൾ ബാഗെടുത്ത് ആ ആൽമരച്ചോട്ടിൽ നിന്ന് നടക്കാൻ ഭാവിച്ചു... "" ഹാ നിക്കെടോ... ഒന്നു പറഞ്ഞിട്ടു പോ.. കേൾക്കാനുള്ള ആഗ്രഹം കൊണ്ടല്ലേ... ഉമ്മയൊന്നുമല്ലല്ലോ ചോദിച്ചേ!!"" അവൻ ചിണുങ്ങി.. "" അയ്യെടാ!! ഉമ്മയും ചോദിച്ച് ഇങ്ങുവാ, നല്ല പെട ഞാൻ തരും... പോയേ പോയേ,... ഐ... ലവ്... യൂ.... "" അവളുടെ മുഖത്ത് വശ്യമായ ഒരു പുഞ്ചിരി വിടർന്നു... നാണം കലർന്ന അവളുടെ ആ നോട്ടത്തിൽ അവൻ അലിഞ്ഞില്ലാതെയായി.... അവൾ തിരിഞ്ഞ് നടക്കുന്നതും നോക്കി മനസ്സ് നിറഞ്ഞ് അവൻ അവിടെത്തന്നെയിരുന്നു കുറേനേരം... പിന്നെ തുള്ളിച്ചാടി ക്ലാസിലേക്ക് നടന്നു... സൈമൺസിൻ്റെ വിക്കറ്റുകിട്ടിയ ശ്രീശാന്തിനെപ്പോലെ അവൻ്റെ മനസ്സിൽ ഒരാഘോഷം അലതല്ലുകയായിരുന്നു... അവൻ്റെ വരവുകണ്ട് അരുണും അബ്ദുവുമടക്കം എല്ലാവരും അന്തംവിട്ട് നോക്കിനിന്നു.. അരപ്പിരി ലൂസായവൻ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾ പോലെയാണ് അവൻ്റെ തുള്ളിച്ചാടൽ അവർക്കു തോന്നിയത്!!
ജീവിതത്തിൽ അങ്ങനെ ഒന്നും വേണമെന്ന് വാശിപിടിക്കാത്തവനാണ് ഉണ്ണി... ആഗ്രഹങ്ങളുടെ അളവ് നോക്കി വേണ്ടന്നുവയ്ക്കുന്ന അവൻ ആകെപ്പാടെ ആഗ്രഹിച്ചത് അവളെ ജീവിതപങ്കാളിയായി കിട്ടണമെന്നാണ്... അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്... ആർക്കും നിർവചിക്കാൻ കഴിയാത്തത്രയും സന്തോഷവാനായിരുന്നു അവൻ അന്ന്...
അധ്യായം 11
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞുപോയി... തമ്മിൽ പിണങ്ങിയും ഇണങ്ങിയും അവരുടെ നല്ല പ്രണയദിനങ്ങളായിരുന്നു അത്... കോളേജ് കഴിഞ്ഞ് ക്യാംപസ്സ് ഇൻ്റർവ്യുവിൽ ജോലികിട്ടി എറണാകുളം കൈരളി TMT കമ്പനിയിലാണ് ഉണ്ണിയിപ്പോൾ.. എന്നാലും സമയം കിട്ടുമ്പോഴെല്ലാം വൈകുന്നേരങ്ങളിൽ അവൻ ബൈക്കെടുത്ത് കോളേജിലേക്ക് നിത്യയെ കാണാൻ വരാരുണ്ട് ... ഇക്കാലം കൊണ്ടുതന്നെ കോളേജിൽ മുഴുവനും ഈ പ്രണയജോഡികളെപ്പറ്റി പാട്ടായിരുന്നു... കാരണം ഇവരോളം കെമിസ്ട്രിയുള്ള ഒരു കമിതാക്കളെ ആരും അവിടെയെങ്ങും കണ്ടിരുന്നില്ല എന്നുള്ളതുതന്നെയായിരുന്നു... എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും അതു പരിഹരിച്ച് മുന്നോട്ട് പോവാൻ ഉണ്ണിതന്നെ മുൻകൈയെടുക്കുമായിരുന്നു... ചെറിയകാര്യത്തിനുപോലും പിണങ്ങുന്ന നിത്യയുടെ പ്രകൃതം വച്ച് വഴക്കിനു പഞ്ഞമുണ്ടായിരുന്നില്ലെന്നു പറയേണ്ടല്ലോ!!.. അന്നൊരുനാൾ അവൻ കൂട്ടുകാരോടൊപ്പം പെട്ടെന്നു പുറത്തുപോയദിവസം ഫോൺ ചാർജ് തീർന്ന് ഒരു രണ്ടുമണിക്കൂർ അവളോടു പറയാതെ പോയതിനും മിണ്ടാതിരുന്നതിനും അവനെ കൊന്നില്ല എന്നേയുള്ളൂ!!! അന്നുതൊട്ട് അവൻ എവിടെ പോയാലും വന്നാലും അവളെ അറിയിക്കുന്നത് പതിവാക്കി... അങ്ങനെ അവൾക്കുവേണ്ടി മാറാൻ അവൻ ശ്രമിക്കുന്നതുതന്നെയായിരുന്നു അവർക്കിടയിലെ ബന്ധത്തിൻ്റെ കെട്ടുറപ്പ്.. കളിചിരിയും തമാശകളും തമ്മിൽ തമ്മിലുള്ള കളിയാക്കലുകളുമൊക്കെയായി അവരങ്ങനെ അടിച്ചുപൊളിച്ച് കഴിഞ്ഞിരുന്ന കാലം.. ഉണ്ണിയെ സംബന്ധിച്ചിടത്തോളം അവൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നാളുകൾ... അങ്ങനെ അവരുടെ രണ്ടാമത്തെ ആനിവേഴ്സറി വന്നെത്തി... തിരക്കിനിടയിൽ പെട്ട് ഉണ്ണി ആ ദിവസത്തിൻ്റെ പ്രത്യേകത ഓർക്കാതിരുന്നതിന് അന്നും പതിവുപോലെ മുട്ടൻ വഴക്കായി... അതു പരിഹരിക്കാൻ അവൻ അവളെയും കൂട്ടി തൃശ്ശൂർ റൗണ്ടിനടുത്തുള്ള രാമേട്ടൻ്റെ ചായക്കടയിലെത്തി... അവിടെയിരുന്നുകൊണ്ട് ഭാവിയെപ്പറ്റി സംസാരിക്കുകയായിരുന്നു അവർ...
""അഞ്ചൂസ്സേ... ഇനിയെന്താ നമ്മുടെ അടുത്ത പരിപാടി?"" ഉണ്ണിയവളെ സ്നേഹത്തോടെ അഞ്ചൂസ്സേ എന്നാണ് വിളിക്കാറ്... അവളവനെ കുഞ്ചൂസ്സെന്നും.. ഒരു അഞ്ചു-കുഞ്ചു ടീമായിരുന്നു അവരുടേത്...
"" ഇനിയോ? ഈ ചെറുകടിയിലൊന്നും ഒതുക്കാൻ നോക്കണ്ട... ഇന്നത്തെ ദിവസം മറന്നതിന് ഇന്നുമുഴുവൻ ഞാൻ ചിലവുചെയ്യിക്കും... ഇനിയൊരിക്കലും മറക്കാൻ പാടില്ല... ഹല്ലപിന്നെ..."" അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു...
""ഓ! അതല്ലെടീ മണ്ടീ!! നമ്മുടെ ഭാവി പരിപാടി എന്താണെന്ന്.."" അവൻ അവളുടെ തലയിൽ മേടിക്കൊണ്ട് പറഞ്ഞു...
"" എന്ത്, എന്ത്??!! എന്താ വിളിച്ചേ എടീന്നോ!!!"" അവളുടെ മുഖം കറുത്തു!! കർത്താവേ! ഭദ്രകാളി മോഡ് ഓണായോ! ഉണ്ണി വിയർത്തു...
"" അയ്യോ! സോറീ!!!! അത് ആ ഫ്ലോയിലങ്ങു വന്നുപോയതാന്നേ! ചോറീ... നീ ഭാവിയെപ്പറ്റി പറയെന്നേ..."" അവളുടെ മൂക്ക് പിടിച്ച് അവൻ തമാശയിറക്കി അവളെ കൂളാക്കാൻ നോക്കി...
"" ഹും.. കുറച്ച് കൂടുന്നുണ്ട് ഈയിടെയായിട്ട്... പണ്ടത്തെപ്പോലെയൊന്നുമല്ല നിങ്ങളിപ്പോ എന്നോട് ഒന്ന് റൊമാൻ്റിക്കായിട്ട് സംസാരിക്കുന്നതുപോലുമില്ല... വളച്ചെടുക്കാൻ കാണിച്ച മിടുക്കൊന്നും ഇപ്പൊ സ്വന്തമായിക്കഴിഞ്ഞപ്പോ കാണാനില്ല.. പണ്ടൊക്കെ ഏതുനേരവും സംസാരിക്കാനും കൊഞ്ചാനും ഒക്കെ നേരമുണ്ടായിരുന്നു... ഇപ്പോ മൊത്തത്തിൽ ഒരു ബോറനാവുന്നുണ്ട്.. ഇങ്ങനെ പോയാൽ ഭാവിയൊന്നും ഉണ്ടാവില്ല മിക്കവാറും നമ്മൾ ഡൈവേഴ്സ് ആവും..."" അവൾ ചായകുടിച്ചുകൊണ്ട് പരിഭവം പറഞ്ഞു...
"" അതെന്താടോ അങ്ങനെയൊക്കെപ്പറയുന്നേ... നിനക്കറിയാല്ലോ ഞാനിങ്ങനെയാണ് എനിക്കീ പൈങ്കിളിയടിച്ച് നടക്കാനൊന്നും അറിഞ്ഞൂടെന്നേ.. എല്ലാം ഞാൻ പറഞ്ഞിട്ടുള്ളതല്ലേ... പിന്നെയിപ്പോ ദാ, ജോലിക്കുകയറിയില്ലേ.... അവിടുത്തെ കമ്മിറ്റ്മെൻ്റ്സും പരിപാടികളുമായി തിരക്കിലായതോണ്ടല്ലേ... നമുക്കുശരിയാക്കാമെന്നേ... ഇവിടെന്ന് കിട്ടുന്ന പത്തും പതിനഞ്ചും കൊണ്ട് എന്താവാനാ... എഞ്ചിനീയർമാർടെയൊക്കെ അവസ്ഥ ഞാൻ പറഞ്ഞുതരണ്ടല്ലോ.. നല്ലൊരു പ്രമോഷനൊക്കെ കിട്ടി നല്ല സാലറിയൊക്കെ കിട്ടിയിട്ടുവേണ്ടേ നിൻ്റച്ഛൻ്റെടുത്ത് വന്ന് പെണ്ണുചോദിക്കാൻ... അല്ലാതെ വന്നാ കെട്ടിച്ച് തരില്ലല്ലോ!!"" അവൻ അവൻ്റെ അവസ്ഥ പറഞ്ഞു...
""ആ അതിപ്പോ ജോലിയായിട്ട് വന്നാലും കെട്ടിച്ചുതരുമെന്നൊന്നും തോന്നുന്നില്ല... മിക്കവാറും ഞാൻ ഇറങ്ങിവരേണ്ടിവരും.. അല്ലാതെ അച്ഛൻ കൈപിടിച്ച് തരുമെന്നൊന്നും മോൻ വ്യാമോഹിക്കണ്ട..."" അവൾ ചിരിച്ചു...
"" അടിപൊളി.. പിന്നെയിപ്പോ നമ്മളെന്തിനാ ഇങ്ങനെ കണ്ട്രോൾ ചെയ്ത് നടക്കുന്നേ! വീട്ടുകാരുടെ സമ്മതത്തോടെ നടക്കാൻ വേണ്ടിയല്ലേ.. അവരുടെ മനസ്സ് വിഷമിപ്പിച്ച് ഇറങ്ങിവന്നാൽ പിന്നെ നമുക്കൊരു സമാധാനമുണ്ടാകുമോ! എല്ലാം നല്ലരീതിക്ക് നടക്കുമോ എന്നു നോക്കാം ആദ്യം.. ഇറങ്ങിവരലെല്ലാം അവസാനത്തെ ഓപ്ഷനല്ലേ..."" അവൻ അസ്വസ്ഥനായി...
"" ഓ എൻ്റെ പൊന്നേ ഇനി അതും പറഞ്ഞ് സെൻ്റിയാവല്ലേ.. ഞാൻ ചുമ്മാ പറഞ്ഞതാ.. അച്ഛൻ്റെ പെറ്റല്ലേ ഞാൻ... എൻ്റെ ആഗ്രഹത്തിന് കൂട്ടുനിൽക്കുമായിരിക്കും... എല്ലാം ശരിയാവും.. അല്ലാതെ എവിടെ പോവാനാ!!.. നിങ്ങളിങ്ങനെ തൊട്ടതിനും പിടിച്ചതിനും ഡൗണാകാൻ നിന്നാ ശരിയാവില്ലകേട്ടോ.. പറഞ്ഞേക്കാം.."" അവളവനെ സപ്പോർട്ട് ചെയ്തു... എന്തിനും ഏതിനും അവർ തമ്മിൽ തമ്മിൽ മോട്ടിവേറ്റുചെയ്യുന്നതുകൊണ്ടുതന്നെ അവർക്കിടയിലെ വഴക്കുകൾക്കെല്ലാം അൽപ്പായുസ്സായിരുന്നു...
അവിടെയിരുന്ന് തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉണ്ണിയുടെ പുറത്ത് ആരോ തട്ടിയത്....
""ഡേവിഡേ..""
അധ്യായം 12
""ഡേവിഡേ..""
ഉണ്ണി തിരിഞ്ഞുനോക്കി... അത് നിമ്മിയായിരുന്നു... അന്നത്തെ അവൻ്റെ ദേഷ്യപ്പെടൽ കാരണം അവൾ പിന്നെ വല്ലാതെ അവനോട് മിണ്ടാൻ പോയിട്ടില്ല.. അവനും അങ്ങനെതന്നെ, ഇങ്ങോട്ടില്ലെങ്കിൽ അങ്ങോട്ടുമില്ലെന്ന മട്ടായിരുന്നല്ലോ അവനും.. പക്ഷേ അവൻ്റെ അന്നത്തെ സംസാരംകൊണ്ട് അവൾ വ്യക്തമായ ഒരു തീരുമാനത്തിലെത്തിയിരുന്നു... ഇതുവരെ പറയാത്ത അവളുടെ ഉള്ളിലെ ഇഷ്ടം അന്നവൾ അമ്മച്ചിക്കുവേണ്ടി എന്നെന്നേക്കുമായി കുഴിച്ചുമൂടി... പറഞ്ഞദിവസം തന്നെ മിന്നുകെട്ടുനടന്നു... കല്യാണം കൂടാൻ ശ്രീയും ഉണ്ണിയുമെല്ലാം പോയിരുന്നു... വളരെ സന്തോഷവതിയായിത്തന്നെയായിരുന്നു അവൾ പള്ളിയിൽ നിന്നിറങ്ങിയത്... അതിനുശേഷം പിന്നെ അവർ തമ്മിൽ കാണുന്നത് ഇന്നാണ്...
"" ഹ! ഇതാരിത് നിമ്മിയോ!! നീയെന്താ ഇവിടെ?! ഒറ്റക്കേയുള്ളോ?? കെട്ട്യോനൊക്കെ എന്തുപറയുന്നു? സുഖമല്ലേ നിനക്ക്..."" അവൻ ചോദിച്ചു...
"" ആഹ്, അതേ, ഒറ്റക്കാണ്.. ഒരാളെ കാണാൻ വന്നതാ, ഒരു ചായകുടിക്കാൻ കയറിയപ്പോഴാ നിന്നെയിവിടെ കണ്ടത്... നീ ഇപ്പോ എറണാകുളത്തല്ലേ ജോലി? മമ്മി പറഞ്ഞായിരുന്നു... "" അവളുടെ ശബ്ദത്തിലെ തെളിച്ചമില്ലായ്മ അവൻ ശ്രദ്ധിച്ചു... "" അതേ, ഇപ്പോ ഷിപ്യാഡിലാണ് , അല്ല, നീയെന്താ ഒറ്റക്കിവിടെ?? എന്താ മൊത്തത്തിൽ ഒരു ഉഷാറില്ലല്ലോ?? വയ്യേ നിനക്ക്??"" അവൻ ചോദിച്ചു...
"" വയ്യായ്കയൊക്കെ മനസ്സിനല്ലേ... അതു മുഖത്തുകാണുന്നതായിരിക്കും... ഞാൻ നിന്നോട് സംസാരിക്കണമെന്ന് ഒരുപാടായി വിചാരിക്കുന്നു... അന്ന് നീ പിണങ്ങിപ്പോയതിനുശേഷം പിന്നെ എനിക്കും ഒരു ബുദ്ധിമുട്ട്, നിന്നെ ഫേസ് ചെയ്യാൻ... നീ ഇപ്പോഴും ദേഷ്യത്തിലാണെങ്കിലോ എന്ന് വിചാരിച്ച്..."" അവൾ പതിയെ മുഴുമിപ്പിക്കാതെ നിർത്തി...
""ഏയ്! അങ്ങനെയൊന്നുമില്ലെടീ... അതൊക്കെ അപ്പോഴത്തെ ദേഷ്യത്തിൻ്റെ പുറത്ത് പറഞ്ഞുപോയതാ... നീ പിന്നെ ചിന്തിച്ച് നല്ല തീരുമാനം തന്നെയല്ലേ എടുത്തത്... അല്ല, എന്താ പ്രശ്നം? നീയിരിക്ക്""... അവൻ ഒരു കസേര വലിച്ചിട്ടുകൊണ്ട് പറഞ്ഞു... അവൾ പതിയെ അതിലിരുന്നു...
""തീരുമാനം... ആ തീരുമാനം തന്നെയാണ് പ്രശ്നം... ചിലപ്പോഴൊക്കെ നമ്മളെടുക്കുന്ന തീരുമാനങ്ങൾ മറ്റുള്ളവർക്കൊക്കെ എത്രത്തോളം ശരിയാണെങ്കിലും നമുക്ക് അതിൻ്റെ പരിണിതഫലങ്ങൾ ചിലപ്പോൾ സന്തോഷകരമായിരിക്കില്ല, അല്ലേ... അതു ചിലപ്പോൾ മുന്നോട്ടുള്ള ജീവിതം തന്നെ താറുമാറാക്കിയെന്നിരിക്കാം..."" അവൾ ടേബിളിലിരുന്ന വെള്ളമെടുത്ത് കുടിച്ചു...
"" നീയിതെന്തൊക്കെയാ പറയുന്നേ? തെളിച്ചുപറ.. എന്താ വീണ്ടും ആ മറ്റവൻ്റെ ചിന്തകൾ വന്ന് കുഴപ്പമായോ? അന്നേ ഞാൻ പറഞ്ഞതല്ലേ നിനക്ക് വേണ്ടതെന്താണോ അത് തിരഞ്ഞെടുക്കാൻ... ഇത് നീ"" അവൻ പറഞ്ഞുമുഴുമിപ്പിക്കുന്നതിനുമുന്നേ തന്നെ നിമ്മി അവനെ തടഞ്ഞു,
"" നിക്ക് നിക്ക്, നീ വെറുതേ കാടുകയറല്ലേ... ഇവിടെ ഞാനോ എൻ്റെ ചിന്തകളോ അല്ല വിഷയം... അന്നു മിന്നുകെട്ടിനു ഞാൻ കഴുത്തുനീട്ടിയത് എനിക്കുവേണ്ടത് മമ്മിയുടെ സന്തോഷവും സമാധാനവും ആണ് എന്ന് മനസ്സിലുറപ്പിച്ചിട്ടുതന്നെയാണ്... അതിനുവേണ്ടി ഞാൻ എൻ്റെ ആഗ്രഹങ്ങൾക്കു ചിതവച്ചതാണ് അന്നേ... പുതിയജീവിതവും ജീവിതപങ്കാളിയേയും മനസ്സറിഞ്ഞ് സ്നേഹിക്കുകതന്നെയായിരുന്നു ഞാൻ.. അതല്ലേലും പെണ്ണുങ്ങൾക്ക് അതിനൊരു പ്രത്യേക കഴിവാണല്ലോ... ഇവിടെ ഞാനല്ല അങ്ങേരാണ് പ്രശ്നം... പെണ്ണുകാണാൻ വന്നപ്പോഴും മിന്നുകെട്ടാൻ വന്നപ്പോഴും ഉള്ള ആളേയല്ല അയാൾ ഇപ്പോൾ... പതിയെ പതിയെ അയാളുടെ തനി സ്വഭാവം പുറത്തുവരാൻ തുടങ്ങി.. ദിവസവും വെള്ളമടി... ദേഹോപദ്രവം.. ഇപ്പോൾ ദാ, പരസ്ത്രീ ബന്ധവും... എന്നക്കൊണ്ടാവുന്നപോലെയൊക്കെ ഞാൻ സഹിച്ചും ക്ഷമിച്ചും നിന്നുനോക്കി, എന്നെങ്കിലും ശരിയാവുമെന്ന ചിന്തയിൽ... പക്ഷേ ഇനിയും എനിക്ക് വയ്യ... ഞാൻ ഡിവോഴ്സിൻ്റെ കാര്യത്തിന് വക്കീലിനെ കാണാൻ വന്നതാണ്... കൂട്ടത്തിൽ അബോർഷൻ്റെ കാര്യം ഡോക്ടറോട് സംസാരിക്കാനും... ഇതിലൊരു തീരുമാനമാക്കിയിട്ട് വേണം അയാളുടെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചിട്ട് മനസ്സമാധാനത്തോടെ വീട്ടിൽ വന്നിരിക്കാൻ...""
ഉണ്ണിയാകെ ആശ്ചര്യപ്പെട്ടിരിക്കുകയായിരുന്നു... ഇതൊക്കെ കേട്ട് തരിച്ചുപോയി അവൻ... "" ഞാൻ... നിമ്മീ... എനിക്കെന്താ പറയേണ്ടെന്നറിയുന്നില്ല... ഇതിനൊക്കെ ഞാൻകൂടെ കാരണമാണല്ലോ എന്നാലോചിക്കുമ്പോ... ആം സോറി..."" അവൻ്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു... കുറ്റബോധം കൊണ്ട് അവനവളുടെ മുഖത്തുപോലും നോക്കാൻ പറ്റുന്നുണ്ടായിരുന്നില്ല...
"" ഏയ് അതൊന്നുമില്ലെടാ.. നീ നല്ലകാര്യമല്ലേ പറഞ്ഞത്, ഇത് അയാളുടെ ഉള്ളിലെ മൃഗത്തിനെ നമ്മളാരും തിരിച്ചറിഞ്ഞിരുന്നില്ലല്ലോ... ഇതിപ്പോ ഇങ്ങനെയൊക്കെയാവണമെന്ന് കർത്താവ് വിചാരിച്ചുകാണും... എന്നുവച്ച് തോറ്റുകൊടുക്കാൻ എന്നെക്കിട്ടത്തില്ല... ഇനിയങ്ങോട്ട് എനിക്കുവേണ്ടി ജീവിക്കട്ടേ ഞാൻ കുറച്ച്... ഞാനേ ഇറങ്ങുവാ, ലേറ്റായി.. അല്ല, ചോദിക്കാൻ വിട്ടു... ഇതാരാ??"" ഇവരുടെ സംസാരമൊക്കെ കേട്ട് അന്തംവിട്ട് പരുങ്ങിയിരിക്കുന്ന നിത്യയെ കണ്ണുകാണിച്ചവൾ ചോദിച്ചു..
""ആഹ്! പരിചയപ്പെടുത്താൻ മറന്നു... ഇത് നിത്യ... ബാക്കി ഞാൻ പിന്നെപ്പറയാം.. നീ ചെല്ല് എന്തായാലും.. എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിക്ക് നീ.. ഞാനിറങ്ങാം ഒരിക്കൽ അങ്ങോട്ട്.."" അവൻ നിത്യയെ പരിചയപ്പെടുത്തി...
""മ്ം.. മ്ം... മനസ്സിലായി... നടക്കട്ടെ നടക്കട്ടെ.. നീയിത് വേഗം നിൻ്റപ്പച്ചൻ്റെ മുന്നിൽ അവതരിപ്പിക്കാൻ നോക്ക്.. അങ്ങേരു ടെററാണു മോനേ... ശരിയെന്നാ, ഞാൻ വിട്ടു.. ബൈ.."" നിമ്മി ചിരിച്ചുകൊണ്ടവൾ ഇറങ്ങി.. അവളെത്തന്നെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു ഉണ്ണി..
"" എന്താ ല്ലേ... ഓരോരോ അവസ്ഥകൾ.. നല്ലോരു ചേച്ചി... ഇങ്ങനെയൊക്കെ സംഭവിച്ചില്ലേ..."" നിത്യ സ്വയം പറഞ്ഞു...
""മ്ം.. ശരിയാ.. മനുഷ്യമ്മാർടെ മനസ്സ് മനസ്സിലാക്കാൻ ആർക്കും കഴിയില്ലെന്ന് പറയുന്നത് എത്ര ശരിയാ!! ഇനി നിനക്ക് ഇങ്ങനെ വല്ല ചിന്തയും ഉണ്ടേൽ മുൻകൂട്ടി പറഞ്ഞേക്കണം കേട്ടോ! മാന്യമായി ഒഴിഞ്ഞുതന്നേക്കാം.. ഇപ്പോഴത്തെ ഒരു വൈബൊന്നും എപ്പോഴും ഉണ്ടാവണമെന്നില്ലല്ലോ! മനുഷ്യരല്ലേ.. മാറും.. മടുക്കും.. മറക്കും..."" ഉണ്ണി വെറുതേ അവളെ ചൊറിയാൻ വേണ്ടി പറഞ്ഞു.. ഇതു കേട്ടതും നിത്യക്കു കലി കയറി..
"" തൊടങ്ങി വീണ്ടും... ശരിയാ ഞാൻ വേറൊരുത്തനെ സെറ്റാക്കി വച്ചിട്ടുണ്ട് ബാക്കപ്പായിട്ട്.. നിങ്ങളേക്കാൾ ഗ്ളാമറും തണ്ടും തടിയും ഉള്ള ഒരുത്തൻ.. എന്തേ വല്ല കൊഴപ്പോം ഉണ്ടോ?? "" അവൾ ചൊടിപ്പിച്ചു...
""ആഹാ! അങ്ങനെ വല്ല ചിന്തയും ഉണ്ടെങ്ങിലേ പൊന്നുമോളതങ്ങു വാങ്ങി വച്ചേരേ!! നിന്നേം കൊല്ലും അവനേം കൊല്ലും എന്നിട്ട് സെൻട്രൽ ജയിലിൽ പോയി റെസ്റ്റ് ചെയ്യും ഞാൻ.. ഹാ! അല്ലേലും നിന്നെ സഹിക്കുന്നേൻ്റെ പാട് എനിക്കേ അറിയൂ.. വേറാരേലും ആണേൽ എന്നേ ഇട്ടിട്ട് പോയേനേ!"" അവളുടെ തലയിൽ കിഴുക്കിക്കൊണ്ടവൻ പറഞ്ഞു...
""അയ്യ്യ്യെടാ!! അങ്ങനെ കഷ്ടപ്പെട്ട് എന്നെ ആരും സഹിക്കേണ്ടായേ! എന്നെയങ്ങ് ഡൈവേഴ്സ് ചെയ്തേക്ക്!! എൻ്റെയീ ഗ്ളാമറുവച്ച് നിങ്ങളുപോയാ നൂറെണ്ണം പിന്നാലെവരും.. എന്താ സംശയമുണ്ടോ? ഉണ്ടോന്ന്!!"" അവളുമുഖം കറുപ്പിച്ചു..
"" അയ്യോ വേണ്ടായേ!! ഞാനൊരു തമാശപറഞ്ഞതല്ലേ!! നിനക്ക് വേറെ നൂറാളെ കിട്ടും പക്ഷേ എനിക്ക് നീ മാത്രമല്ലേയുള്ളൂ!! ൻ്റെ മുത്തല്ലേ!! മൈ സ്വീറ്റ് കെട്ട്യോൾ!!"" അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു... പതിയെ കടയിൽ നിന്നിറങ്ങി ബൈക്കെടുത്തു അവർ..
രണ്ടുപേരും അങ്ങനെ സന്തോഷമായിട്ട് ബൈക്കിൽ പോയിക്കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് ഒരു ആൾട്ടോ കാർ അവരുടെ ബൈക്കിനെ ക്രോസ്സുവച്ച് സിനിമാ സ്റ്റൈലിൽ ഡ്രിഫ്റ്റുചെയ്ത് നിർത്തിയത്...
അധ്യായം 13
കേരളത്തിൽ ചിലയിടത്തുമാത്രം കാണാൻ സാധിക്കുന്ന കുണ്ടുംകുഴിയുമില്ലാത്ത ചുരുക്കം ചില റോഡുകളിൽ ഒന്നായിരുന്നതുകൊണ്ടുതന്നെ നൂറേനൂറ്റിപ്പത്തിൽ ഓവർട്ടേക്ക് ചെയ്ത് വന്ന ആ ആൾട്ടോകാറിന് നല്ല വെടിപ്പായി 180 ഡിഗ്രി ഡ്രിഫ്റ്റ് ചെയ്യാൻപറ്റി.. സഡ്ഡൻബ്രേക്കിട്ട് ഉണ്ണി വണ്ടി നിർത്തി... ആരുടേയോ ഭാഗ്യംകൊണ്ട് അവർ രണ്ടുപേരും ബൈക്കിൽ നിന്നും വീണില്ല... ഒരു നിമിഷത്തെ അന്ധാളിപ്പിനുശേഷം ശ്വാസം നേരെവീണപ്പോൾ അവൻ ബൈക്കിൽനിന്നും ചാടിയിറങ്ങി കാറിനടുത്തേക്ക് രോക്ഷാകുലനായി നീങ്ങി.. അപ്പോഴേക്കും കാറിൽ നിന്ന് ഒരുത്തൻ പുറത്തിറങ്ങിയിരുന്നു... നല്ല തണ്ടും തടിയുമുള്ള ഒരു 35 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ... ഒരു മുട്ടൻ വഴക്കിനെന്നോണം അയാളുടെയടുത്തേക്ക് ഉണ്ണി കാലെടുത്തുവച്ചപ്പോഴേക്കും അവൻ്റെ കൈ പിടിച്ചുവലിച്ച് നിർത്തി നിത്യ... പേടി കലർന്ന പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു..
"" നിൽക്ക്!!! അതെൻ്റെ മാമനാണ്.!!!""
ശുഭം! പിന്നെ അവിടെ നടന്നതും പറഞ്ഞതും കേട്ടതുമൊന്നും ഉണ്ണിയ്ക്ക് ഓർമ്മയില്ല!!! എന്തെങ്കിലും പറയാനൊരു ഗ്യാപ്പ് കിട്ടുന്നതിനുമുന്നേ അവൻ്റെ കരണത്ത് അടി വീണിരുന്നു... കണ്ണീന്ന് പൊന്നീച്ചയും പൂമ്പാറ്റയും എന്തിന്, വീമാനം വരെ പറന്നുപോയി!!! ജിം മാസ്റ്ററായ ഒരു മാമനെപ്പറ്റി നിത്യ പറഞ്ഞിട്ടുണ്ടായിരുന്നെങ്കിലും ഇത്രയ്ക്കങ്ങോട്ട് നിരീച്ചിരുന്നില്ല ഉണ്ണി!!! മങ്ങിയ കാഴ്ച്ചയും ചെവിയിലെ മൂളക്കവും എല്ലാം പഴയപടിയായപ്പോൾ അവൻ കണ്ടത് അവളെ മാമൻ കയ്യിൽപിടിച്ച് വലിച്ചിഴച്ച് കാറിൽ കയറ്റി കൊണ്ടുപോകുന്നതാണ്... ഒരു ഒന്നൊന്നര മണിക്കൂർ അവിടെത്തന്നെ നിന്നുകാണും അവൻ... എന്താ ഇനി ചെയ്യേണ്ടേ എന്ന് ഒരെത്തും പിടിയും ഇല്ലാതെ ഇനിയങ്ങോട്ടെന്ത് എന്നൊരു വലിയ ചോദ്യവുമായി അവനങ്ങനെ നിന്നു... മനസ്സിനകത്തും തലയ്ക്കകത്തും കാറ്റുപോയ ബലൂൺ പോലെ ശൂന്യതമാത്രമായിരുന്നു... എപ്പോഴോ വെളിവുവീണപ്പോൾ അവൻ വേഗം ഫോണെടുത്ത് ശ്രീയെ വിളിച്ചു...
"" എടാ നീ ടെൻഷനടിക്കാതിരിക്ക്, നമുക്ക് വഴിയുണ്ടാക്കാം, നീ വേഗം ഇങ്ങോട്ട് വാ... തല്ലാനും കൊല്ലാനും ഒക്കെ നമ്മുടെകയ്യിലും ആൾക്കാരൊക്കെയുണ്ടെന്നേ... നീ ഓക്കെയല്ലേ? വണ്ടിയോടിക്കാൻ വയ്യെങ്കിൽ നീ ബസ്സുകയറിവാ.. ഇവിടെ വന്നിട്ട് ബാക്കി സംസാരിക്കാം.. "" ശ്രീ അവനെ സമാധാനപ്പെടുത്തി... കൂടുതൽ വ്യക്തമായി സംസാരിക്കാനും തീരുമാനങ്ങളെടുക്കാനും നേരെ അവൻ്റടുത്തേക്ക് വണ്ടിയെടുത്തു ഉണ്ണി...
വീട്ടിൽ ചെന്നുകയറുന്നതിനു മുൻപേ ശ്രീ അവനെ കാത്ത് അവരുടെ സ്ഥിരം ഇരിപ്പിടമായ തോട്ടുവക്കിലെ പാലത്തിൽ ഇരിപ്പുണ്ടായിരുന്നു... കൂടെ അവൻ്റെ പെങ്ങൾ അനുവും... ഒരുവയസ്സിന് ഇളയതാണെങ്കിലും പക്വതയിൽ എല്ലാവരെക്കാളും മൂത്തതാണ് അനു.. അതുകൊണ്ടാണ് അവളെയും ശ്രീ കൂടെ കൂട്ടിയത്... ഉണ്ണി പതിയെ വണ്ടിയൊതുക്കി ഇറങ്ങി അവരുടെ അടുത്ത് വന്നിരുന്നു... അവൻ്റെ മുഖത്തെ ആധിയും അന്ധാളിപ്പും ശ്രീയ്ക്കും അനുവിനും വ്യക്തമായി കാണാമായിരുന്നു...
"" എടാ... നീ ഒന്നു സമാധാനപ്പെട്, പ്രേമത്തിൽ ഇതൊക്കെ പറഞ്ഞിട്ടുള്ളതാ... അവൾക്ക് നിന്നോടുള്ളത് ആത്മാർത്ഥമായ പ്രണയമാണെങ്കിൽ ഇതോടുകൂടെ എല്ലാം ശരിയാവും... എന്തായാലും ഇപ്പൊ അവളുടെ വീട്ടിൽ അറിഞ്ഞല്ലോ.. ഇനിയിപ്പോ അവളുടെ നിലപാടുപോലെയിരിക്കും കാര്യങ്ങൾ... വീട്ടീന്ന് അവളുടെ മനസ്സുമാറ്റാനുള്ള സൈക്കോളജിക്കൽ മൂവ് ഒക്കെയുണ്ടാവും ഉറപ്പാ.. പക്ഷേ അവൾക്ക് നിന്നെ വേണമെങ്കിൽ ഇപ്പൊ അതിൽ ഉറച്ചുനിന്നാലെ കാര്യങ്ങൾ നടക്കൂ.., ഇനിയിപ്പോ വീട്ടുകാർ മുട്ടൻ ഉടക്കാണേൽ നമുക്ക് ഇറക്കിക്കൊണ്ടുവരാമെടാ!! അതിനല്ലേ ഞങ്ങളൊക്കെയിവിടെ!!!"" ശ്രീ അവനു ധൈര്യം പകർന്നു...
"" ആ ബെസ്റ്റ്!!! ഇതാ നിങ്ങൾ ആണുങ്ങൾക്ക് എടുത്തുചാട്ടം കൂടുതലാണെന്ന് പറയുന്നത്... ഈ പ്രാന്തൻ്റെ വാക്കുകേട്ട് ഓരോന്ന് ചെയ്തുവക്കല്ലേ ഏട്ടാ... ആദ്യം അവളുടെ വീട്ടിലെ അവസ്ഥയെന്താണെന്നറിയണം... എന്നിട്ടല്ലേ ബാക്കി.. നിങ്ങളാരും വിളിക്കണ്ട അതുപ്രശ്നമാകും.. ഞാൻ വിളിച്ച് സംസാരിക്കാം, പറ്റിയാൽ ഫോണും തരാം..."" അനു ശ്രീയുടെ തലയിൽ ഒരു കൊട്ടുകൊടുത്തുകൊണ്ട് പറഞ്ഞു... അതാണ് ശരിയെന്ന് അവർക്കും തോന്നി... നിത്യയുടെ ഫോണിൽ വിളിച്ചുനോക്കി, സ്വിച്ച് ഓഫ് ആയിരുന്നു... വീട്ടിലെ ലാൻ്റ്ഫോൺ നമ്പറിൽ വിളിച്ചപ്പോൾ അവളുടെ അച്ഛനോ മാമനോ ആയിരുന്നു എടുത്തത്..
""ആരാ? എന്തുവേണം??"" അപ്പുറത്തുനിന്നും നല്ല ചൂടുള്ള കനപ്പിച്ച ശബ്ദം..
"" ഹായ്! അങ്കിളെ ഞാൻ അനുവാണ്, നിത്യയുടെ റൂംമേറ്റ്.. അവളെ തിരിച്ച് റൂമിലെത്തിയതായി കണ്ടില്ല, വിളിച്ചപ്പോൾ ഫോണും സ്വിച്ച്ഓഫ് ആണ്.. അതാ ഇനിയിപ്പോ വീട്ടിലെങ്ങാനും വന്നോ എന്നറിയാൻ വിളിച്ചതാണ്..."" അനു നൈസ്സായിട്ട് പറഞ്ഞു..
""ആ, അവളിടെ വീട്ടിലുണ്ട്, കുറച്ചുദിവസം കഴിഞ്ഞേ വരൂ.. നീ അവിടെ സാറമ്മാരോട് പറഞ്ഞേക്ക്, ഇവിടെ വീട്ടിൽ ചെറിയ ഫങ്ഷനുണ്ട് അതുകൊണ്ടാണെന്ന്... ശരി ബൈ"" വീണ്ടും നല്ല കനത്തിലാണ് മറുപടി...
""അയ്യോ വയ്ക്കല്ലേ! അവൾക്കൊന്ന് ഫോൺ കൊടുക്കാവോ? എൻ്റെ ചില റെക്കോർഡ്ബുക്സും അലമാരയുടെ ചാവിയും എല്ലാം അവളുടെ കയ്യിലായിരുന്നു, അതെവിടെയാ വച്ചിരിക്കുന്നേ എന്നു ചോദിക്കാനാ, രണ്ടുദിവസം കഴിഞ്ഞാൽ സബ്മിറ്റ് ചെയ്യേണ്ടതാണേ.. ഒന്നു ഫോൺ കൊടുക്കാവോ??"" അനു ഒരു നമ്പറിട്ടു... അവളുടെ ഈ ഒഴുക്കത്തിലുള്ള നുണപറച്ചിൽ കേട്ട് വായും പൊളിച്ചിരിക്കുകയാണ് ശ്രീ... 'ബയങ്കരമാന ആള്' എന്ന മട്ടിൽ മുഖം കൊണ്ട് കോപ്രായം കാണിച്ച് അവൻ അനുവിനെ കളിയാക്കി... ക്യാരക്ടറിൽ നിന്ന് വിട്ടുപോകാതെ അവൾ ശ്രീയുടെ കയ്യിലൊരു നുള്ളുവച്ചുകൊടുത്തു... അൽപനേരത്തെ നിശബ്ദതക്കുശേഷം നിത്യ ലൈനിൽ വന്ന് ഹലോ പറഞ്ഞു...
"" നിത്യേ, ഇങ്ങോട്ടതികം ഒന്നും വിട്ടുപറയണ്ട, എല്ലാത്തിനും ഒന്നു മൂളിയാൽ മതി.. ഞാൻ ദേ ഡേവിഡേട്ടനു ഫോൺ കൊടുക്കാം, എന്തെങ്കിലും പറയാനുണ്ടെങ്കിൽ വേഗം പറഞ്ഞോളണേ..."" അനു വേഗം ഫോൺ ഉണ്ണിക്ക് കൊടുത്തു...
""അഞ്ചൂ... നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ.. നിന്നെ മാമനോ അച്ഛനോ മറ്റോ ഉപദ്രവിച്ചോ? ഞാനങ്ങോട്ട് വരണോ?"" ഉണ്ണി ആകെ വെപ്രാളപ്പെട്ട് ഇടറിയ ശബ്ദത്തിൽ ചോദിച്ചു...
"" ഇല്ല.. കുഴപ്പമൊന്നുമില്ല.. ഓക്കെയാണ്... ഇനി ഇങ്ങോട്ട് വിളിക്കണ്ട, ഞാൻ അങ്ങോട്ട് മെസ്സേജയക്കാം..."" നിത്യ ശബ്ദം താഴ്ത്തിപ്പറഞ്ഞു... ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു അവൾ... പെട്ടെന്നുതന്നെ അനു ഫോൺ വാങ്ങി..
"" ആ മതി ഓവറാക്കണ്ട, ഗ്യാപ്പുകിട്ടുമ്പോൾ അപ്ഡേറ്റ് ചെയ്താമതി, പേടിക്കാതിരിക്ക്, എല്ലാം ശരിയാകും.. ഇപ്പൊ ഇതിനു മറുപടി പറ, എൻ്റെ ബുക്കും അലമാരയുടെ ചാവിയുമെല്ലാം എവിടെ വച്ചിരിക്കുവാ? എനിക്കയച്ചുതരാനുള്ള നോട്ട്സിൻ്റെ പിഡിഎഫ് എപ്പോ അയച്ചുതരും??"" അനു ഒരു സംശയത്തിനിടകൊടുക്കാതിരിക്കാൻ പെട്ടെന്ന് സിറ്റുവേഷനിലേക്ക് അവരെ തിരിച്ചുകൊണ്ടുവന്നു...
"" ബുക്കെല്ലാം അലമാരയിലുണ്ട്, ചാവി ഞാൻ ബെഡിനടിയിലാ വച്ചിരിക്കുന്നേ... നോട്ട്സെല്ലാം എൻ്റെ ഫോണിലാണ് പിഡിഎഫ് ആയിട്ട്, ഞാൻ കുറച്ചുകഴിഞ്ഞ് അയച്ചുതരാം... നീ പ്രോജക്ടിൻ്റെ ഫയലെല്ലാം അയക്ക് കേട്ടോ.. ശരിയെന്നാ, ബൈ..."" അനുവിൻ്റെ ഐഡിയ മനസ്സിലാക്കി അവൾ കുറച്ചുറക്കെ തന്നെ എല്ലാവരും കേൾക്കെ പറഞ്ഞു...
ഉണ്ണിയ്ക്ക് കുറച്ചൊന്ന് സമാധാനമായി അവളുടെ ശബ്ദം കേട്ടപ്പോൾ...
""കണ്ടില്ലേ! ഞാനപ്പോഴേ പറഞ്ഞില്ലേ കുഴപ്പമൊന്നുമുണ്ടാകില്ലെന്ന്!! അവൾ വിളിക്കും.. എന്നിട്ട് ബാക്കി നമുക്ക് തീരുമാനിക്കാം.. ചിൽ മാൻ!!"" ശ്രീ അവൻ്റെ പുറത്തുതട്ടി...
"" എന്തോ?? എങ്ങനേ??? ഇപ്പൊത്തന്നെപോയി ചാടിച്ചുകൊണ്ടുവരാൻ ഉപദേശിച്ച ആളാണ്!! ഇപ്പോ മാറ്റിപ്പറയുന്നത് കണ്ടോ!! ഓന്തിൻ്റെ സ്വഭാവം തന്നെ!!! എൻ്റെ പൊന്നോ!!! എൻ്റെ ഡേവിഡേട്ടാ നിങ്ങളിതിൻ്റെ കൂടെ നടന്ന് വട്ടുപിടിക്കാൻ നിക്കല്ലേ!! സമാധാനമായിട്ട് വീട്ടിലേക്ക് ചെല്ല്, അവൾ അവിടെ ഇപ്പോ ആകെ ലോക്കായിരിക്കും വിളിക്കാനൊരു ഗ്യാപ്പൊന്നും കിട്ടിയെന്നുവരില്ല.. അവസരം കിട്ടിയാൽ അവളുവിളിച്ചോളും., ഇതൊക്കെ ഒരു സ്റ്റേജല്ലേ പ്രണയത്തിൻ്റെ... നിങ്ങൾ പൊക്കോ.."" അനു ശ്രീയുടെ ചെവിക്ക്പിടിച്ചുകൊണ്ട് പറഞ്ഞു... ഉണ്ണി പതിയെ അവിടെ നിന്നും വീട്ടിലേക്ക് വിട്ടു... ആകെ മൊത്തത്തിൽ ഡൗണായിരുന്നു അവൻ.. ഭക്ഷണം പോലും നേരാം വണ്ണം കഴിക്കാൻ പറ്റിയില്ല അവന്.. ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല...
''അവളുടെ വീട്ടിൽ സമ്മതിക്കുമോ? അതോ അവളെ പറഞ്ഞു മനസ്സുമാറ്റുമോ? വീട്ടുകാരോടുള്ള സ്നേഹം കൊണ്ട് എന്നെ ഒഴിവാക്കുമോ? അതോ എനിക്കൊപ്പം ഇറങ്ങിവരുമോ? ഇവിടെ അപ്പച്ചനോടൊക്കെ എങ്ങനെ സൂചിപ്പിക്കും... ഇപ്പോഴേ ആരോഗ്യപ്രശ്നങ്ങളൊക്കെയായി മോശം അവസ്ഥയിലാണ്... ഇനിയിപ്പോ ഇതൂടെ... '' അങ്ങനെയങ്ങനെ ചിന്തിച്ച് ചിന്തിച്ച് എപ്പോഴോ അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീണു അവൻ...
അധ്യായം 14
""ട്രിങ് ട്രിങ്...""
രാവിലെയൊരു പത്തര മണിയായപ്പോഴാണ് ഫോണിൻ്റെ ശബ്ദം കേട്ട് ഉണ്ണി ഉണർന്നത്.. നോക്കിയപ്പോൾ നിത്യയാണ്... അവൻ വേഗം ചാടിയെണീറ്റ് ഫോണെടുത്തു..
""അഞ്ചൂ.. കുഴപ്പമൊന്നുമില്ലല്ലോ അവിടെ? എന്താണവിടുത്തെ അവസ്ഥ? അച്ഛനൊക്കെ എന്തുപറഞ്ഞു? നീ എന്തൊക്കെയാ പറഞ്ഞേ? അടുത്ത് ആരേലും ഉണ്ടോ? "" ഒറ്റ ശ്വാസത്തിൽ അവൻ ഒരുപാട് കാര്യങ്ങളാണ് അവളോട് ചോദിച്ചത്...
"" കൂഞ്ച്വോ... ഇവിടെ ആകെ പ്രശ്നമാണ്... അച്ഛനെന്നെ ജീവിതത്തിൽ ആദ്യമായി തല്ലാൻ കയ്യോങ്ങി... അമ്മ പിടിച്ചതുകൊണ്ട് അടി വീണില്ല... ഇവർ.. ഇവിടെ ഞാൻ വിചാരിച്ചപോലെയൊന്നുമല്ല... അച്ഛൻ എൻ്റെ ഇഷ്ടത്തിന് കൂട്ടുനിൽക്കുമെന്ന് ഞാൻ വിചാരിച്ചു.. പക്ഷേ ഇവർ ചത്താലും ഈ ബന്ധത്തിന് സമ്മതിക്കില്ല എന്നൊക്കെയാ പറയുന്നേ... എനിക്ക് വയ്യ... ഞാൻ എൻ്റെ പരമാവധി പറഞ്ഞുനോക്കി... അറ്റ കൈയ്ക്ക് അച്ഛനോടും അമ്മയോടും വരെ ജീവിതത്തിലാദ്യമായി ദേഷ്യപ്പെട്ടു ഞാൻ കുഞ്ചൂനെ മാത്രേ കെട്ടൂ എന്ന് പറഞ്ഞ്... ഇപ്പോ എന്നോട് ആരും മിണ്ടുന്നില്ല ഇവിടെ... ആരും ഭക്ഷണം പോലും കഴിച്ചിട്ടില്ല... എൻ്റെ മുഖത്തുപോലും നോക്കുന്നില്ല അച്ഛൻ... അച്ഛൻ സ്കൂളിൽ പോയ തക്കത്തിന് അമ്മ കാണാതെയാണ് ഞാൻ വിളിച്ചേ... എന്താ നമ്മളിനി ചെയ്യുക... ചത്താൽമതിയെന്ന് തോന്നുവാ..."" അവൾ ശബ്ദം താഴ്ത്തി തേങ്ങിക്കൊണ്ടുപറഞ്ഞു...ഉണ്ണി അൽപ്പനേരം മൂകനായി... എന്തുപറയണമെന്ന് അവനും അറിയില്ലാർന്നു... അവൻ റൂമിൽ നിന്നിറങ്ങി പതിയെ പുറത്തേക്ക് നടന്നു...
""നീ കരയാതിരിക്ക് പെണ്ണേ... ഇതിപ്പോ പെട്ടെന്നറിഞ്ഞതിൻ്റെ ഒരു ഷോക്കാണ് എല്ലാവർക്കും... ഞാൻ അങ്ങോട്ട് വന്ന് അച്ഛനെയും അമ്മയെയും കണ്ട് സംസാരിക്കണോ? ഇന്നുതന്നെ വരാം വേണേൽ..."" അവൻ അവളെ സമാധാനിപ്പിക്കാൻ പറഞ്ഞു...
""അയ്യോ!! ഇങ്ങോട്ടൊന്നും വന്നേക്കല്ലേ!!! കുഞ്ചൂനെ കണ്ടാൽ വെട്ടിനുറുക്കും എന്നൊക്കെയാ ഇന്നലെ പറഞ്ഞെ... ദൈവത്തെയോർത്ത് ഒരു പ്രശ്നമുണ്ടാക്കല്ലേ!!"" അവൾ പേടിച്ചിരുന്നു...
""അതൊന്നും ഉണ്ടാവില്ല.. അതൊക്കെ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാവും.. എന്തായാലും നീ സ്ട്രോങ്ങായിട്ട് പറഞ്ഞല്ലോ എന്നെ മാത്രേ കെട്ടൂ എന്ന്.. അതുതന്നെ വലിയ കാര്യം... നീ അത് ബോൾഡ് ആയിട്ട് പറഞ്ഞുനിന്നിൽ മതി.. അവർ പതിയെ അലിഞ്ഞോളും.. അല്ലാതെ നിൻ്റെ സമ്മതമില്ലാതെ നിന്നെ പിടിച്ച് കെട്ടിയ്ക്കാനൊന്നും പറ്റില്ലല്ലോ... ഇവിടെ കോടതീം നിയമോം ഒക്കെ എന്തിനാ പിന്നെ... നിനക്കും പ്രായപൂർത്തിയായതല്ലേ... നീ കട്ടയ്ക്കുനിന്നാൽ എല്ലാവരും സമ്മതിക്കും.. ഞാനില്ലേ കൂടെ.. നീ ധൈര്യമായിട്ടിരിക്ക്... അമ്മ അവിടെ ഇല്ലേ? നീ ഫോൺ കൊടുക്ക്, ഞാൻ നേരിട്ട് സംസാരിക്കാം.. അതല്ലേ നല്ലത്... "" അവൻ എവിടുന്നോ കിട്ടിയ ധൈര്യത്തിൻ്റെപുറത്ത് പറഞ്ഞു... എന്തും നേരിടാൻ തയ്യാറായിത്തന്നെയായിരുന്നു അവൻ അത് പറഞ്ഞത്...
"" അയ്യോ അത് വേണോ?? എന്തെങ്കിലും പറഞ്ഞ് തെറ്റിയാൽ അത് കൂടുതൽ കുഴപ്പമാവത്തേയുള്ളൂ... ഇത് ഏതുവരെ പോകും എന്ന് നോക്കാം.. അമ്മയോട് സംസാരിക്കണ്ട ഇപ്പൊ.."" അവൾക്കു കൂടുതൽ പേടിയായി...
""ഹ!, നീയിങ്ങനെ പേടിക്കാതെടോ... നിനക്കെന്നെ അറിഞ്ഞൂടെ.. എത്ര കൂളായിട്ടാണ് ഞാൻ സംസാരിക്കാറെന്ന്... എൻ്റെ വായിൽ നിന്ന് ഒരു മോശം വാക്കുപോലും വീഴില്ല.. അമ്മയെന്തെങ്കിലും പറഞ്ഞാലും അത് കേൾക്കാൻ ബാധ്യസ്ഥനാണല്ലോ... നീ പേടിക്കാതെ ഫോൺ കൊടുക്ക്.. ഇത്രേം ഒക്കെയായിട്ടും ഞാൻ ഇതിനെപ്പറ്റി സംസാരിച്ചില്ലേൽ ശരിയല്ലല്ലോ.."" അവൻ അവളോട് പറഞ്ഞു... ഒന്നു മൂളിക്കൊണ്ട് അവൾ അമ്മയുടെ അടുത്തേക്ക് നടന്നു..
""അമ്മേ.. ഞാൻ ഡേവിഡ് ആണ്.. എന്താ പറയേണ്ടേ എന്നെനിക്കറിയില്ല... ഇതിങ്ങനെയൊന്നും ആവണമെന്ന് വിചാരിച്ചിരുന്നതല്ല, കുറച്ചൂടെ കഴിഞ്ഞ് ജോലിയിൽ സ്ഥിരമായി സെറ്റിലായതിനുശേഷം എൻ്റെ വീട്ടുകാരെയും കൂട്ടി നേരിട്ടുവന്ന് പെണ്ണുചോദിക്കാൻ വേണ്ടിയിരുന്നതാണ്... പക്ഷേ... നിങ്ങളുടെയൊന്നും മനസ്സുവേദനിപ്പിക്കേണ്ടെന്നുകരുതിയാണ് മുന്നേ പറയാതിരുന്നത്.. പ്രായത്തിൻ്റെ പക്വതക്കുറവാണെന്ന് കരുതുമോ എന്നുവിചാരിച്ച്... ഞാൻ തന്നെയാണ് അവളോട് പറഞ്ഞിരുന്നത് ഇതിപ്പോഴൊന്നും വീട്ടിലറിയിക്കേണ്ട എന്നൊക്കെ.. കാരണം അവൾക്ക് നിങ്ങളെല്ലാവരെയും എത്രത്തോളം കാര്യമാണെന്ന് എനിക്ക് നല്ലപോലെ അറിയാം... നിങ്ങളുടെ സമ്മതമില്ലാതെ അവളെ വിളിച്ചിറക്കിക്കൊണ്ടുവരണമെന്നുപോലും ഞാൻ കരുതിയിട്ടില്ല, ഒരുപാടു ജീവിതങ്ങൾ കണ്ടിട്ടുള്ളതാണ് ഞാൻ.. പാരെൻ്റ്സിൻ്റെ മനസ്സെന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും... അരുതാത്തതൊന്നും ഞങ്ങൾ ചെയ്തിട്ടില്ല, അവൾ അത്രയും നല്ലകുട്ടിതന്നെയാണ്.. എന്നാലും ചെയ്തത് തെറ്റാണെന്നറിയാം, നിങ്ങളോടായിരുന്നു ആദ്യം വന്നു പറയേണ്ടിയിരുന്നത്.. പക്ഷേ പറ്റിപ്പോയി.. ഇഷ്ടപ്പെട്ടുപോയി... ഞാൻ അങ്ങോട്ട് വന്ന് നേരിൽ സംസാരിക്കാൻ തയ്യാറാണ്, എൻ്റെ വീട്ടുകാരെയും കൂട്ടി വരാം വേണമെങ്കിൽ... എന്താ ചെയ്യേണ്ടത് എന്നുപറഞ്ഞാൽ അതുപോലെ ചെയ്യാം..."" ഉണ്ണി വളരെ ദൃഢമായി ഉറച്ച ശബ്ദത്തിൽ ഒരുവിധം മനസ്സിലുള്ളതെല്ലാം പറഞ്ഞു.. ടെൻഷനും പേടിയും എല്ലാം ഉണ്ടായിരുന്നെങ്കിലും പറഞ്ഞതെല്ലാം തന്നെയാണ് ശെരിയെന്നും അതുതന്നെയാണ് പറയേണ്ടിയിരുന്നതെന്നും അവന് ഉറപ്പായിരുന്നു... മറുപടിക്കായി അവൻ കാതോർത്തു...
""ഞാനിപ്പോ എന്തുപറയാനാണ്... ഇതിപ്പോ ഞങ്ങളുടെ കുറ്റമാണന്നെല്ലെ നാട്ടുകാരുപറയൂ... ഞങ്ങളുടെ ശ്രദ്ധക്കുറവുകൊണ്ടാണെന്ന്... അല്ല, അതുതന്നെയാണെല്ലോ സത്യം.. ഞങ്ങളിവളെപ്പറ്റി ഇങ്ങനെയൊന്നുമല്ല വിചാരിച്ചിരുന്നേ... ഒരുപാടു പ്രതീക്ഷകളുണ്ടായിരുന്നു ഇവളെപ്പറ്റി... അതെല്ലാം... അവളുടെ അച്ഛനാണ് ഏറ്റവും പ്രയാസം, അവളെ അത്രത്തോളം ലാളിച്ച് വളർത്തിയതാണ്... ആ ആദ്ദേഹം ഇന്നലെ ഭക്ഷണം പോലും കഴിച്ചിട്ടില്ല... തെറ്റ് ഞങ്ങളുടെ ഭാഗത്തുതന്നെയാണ്... ഇനിയിപ്പോൾ അവളുടെ അച്ഛൻ്റെ തീരുമാനം പോലെയിരിക്കും... അല്ലാതെ ഇതിൽ എനിക്ക് കൂടുതൽ ഒന്നും പറയാനില്ല.. ഞങ്ങളുടെ കുടുംബക്കാരോടൊക്കെ എന്തു സമാധാനം പറയും എന്നാ... ഇവിടെ ഇവളുടെ വലിയച്ഛൻ ചെറിയച്ഛൻ മക്കളെയെല്ലാം നല്ലനിലയിൽ അന്തസ്സോടെയാണ് കെട്ടിച്ചയച്ചിരിക്കുന്നേ... ഞങ്ങളും അങ്ങനെയാവണമെന്ന് വിചാരിച്ചിരുന്നതാണ്.. ഇന്നലെ രാത്രി സംസാരിച്ചപ്പോൾ ഇവളുടെ അച്ഛൻ പറഞ്ഞത് നിന്നെ വിളിച്ച് കയ്യോടെ കെട്ടിച്ചയക്കാം ആരുമറിയാതെ എന്നാ... പിന്നീട് ഇങ്ങനെയൊരു മകളില്ലെന്ന് വിചാരിച്ചോളാം എന്ന്.. അല്ലാതെ ഈ ബന്ധം നല്ലനിലയ്ക്ക് നടക്കാൻ യാതൊരു വഴിയും ഞാൻ കാണുന്നില്ല... അവൾക്കൊരനിയത്തി കൂടെയുണ്ട്.. ഇതുകാരണം അവളുടെ ഭാവി നശിക്കാൻ പാടില്ല... നീ വീട്ടുകാരെ കൂട്ടി ഇങ്ങോട്ടുവരുകയൊന്നും വേണ്ട, നിന്നെ കാണുകയോ സംസാരിക്കുകയോ വേണ്ടെന്നാണ് അവളുടെ അച്ഛൻ പറഞ്ഞത്... ഇനി എന്താണെന്നുവച്ചാൽ അവളുടെ ഇഷ്ടം പോലെ നടക്കട്ടെ എന്നൊക്കെ... തളർന്നിരിക്കുകയാണ് അദ്ദേഹം.. "" അമ്മ പറഞ്ഞു...
"" അമ്മേ ഞാൻ പറഞ്ഞല്ലോ... ഇതിൽ നിങ്ങളാരും തെറ്റുകാരല്ല, നിത്യയെ ഇതിലേക്ക് വലിച്ചിഴച്ചതുതന്നെ ഞാനാണ്... പിന്നെ നാളെത്തന്നെ അവളെ കെട്ടുക എന്നുപറയുന്നതൊന്നും നടക്കുന്ന കാര്യമല്ല... നല്ല മനസ്സോടെ നിങ്ങൾ കൈപിടിച്ച് തന്നിട്ടല്ലാതെ ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയാൽ ഞങ്ങൾക്കെന്ത് മനസ്സമാധാനമാണ് ഉണ്ടാവുക... ഇതിൻ്റെ പേരിൽ അനിയത്തിയുടെ കാര്യം പ്രശ്നമാകുമെന്നുള്ള ചിന്തയും വേണ്ട, പരസ്പരം ഇഷ്ടപ്പെട്ടവർ തമ്മിലല്ലേ ഒന്നിക്കേണ്ടത്.. അല്ലാതെ ഇപ്പോൾ ഈ ബന്ധം നിർത്തി വേറൊരാളെക്കൊണ്ട് അവളെ കെട്ടിച്ചാൽ അവൾക്ക് സന്തോഷമായിട്ട് ജീവിക്കാൻ കഴിയുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ?? അവളെ നിങ്ങളായിട്ട് കൈ പിടിച്ച് തരുന്നതുവരെ കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്.. നാട്ടുകാരും കുടുംബക്കാരും പറയുന്നതുകേട്ട് സ്വന്തം മോളുടെ ഭാവി നശിപ്പിക്കുന്നത് ശെരിയല്ലല്ലോ... അവളെ നല്ലപോലെ നോക്കാൻ എനിയ്ക്കാവും, അച്ഛനും അമ്മയും നോക്കിയതുപോലെ എന്ന് ഞാനൊരിക്കലും പറയില്ല, അതുപോലെ ആരെക്കൊണ്ടും കഴിയത്തുമില്ല.. പക്ഷേ അവളുടെ കണ്ണുനനയാതെ ഞാൻ നോക്കും.. അതിനെനിക്ക് കുറച്ചൂടെ സമയം വേണം... അതുവരെ നിങ്ങളിനി കാണേണ്ട മിണ്ടേണ്ട എന്നുപറഞ്ഞാലും അതിനു തയ്യാറാണ്.. കാരണം ആത്മാർത്ഥമായിത്തന്നെയാണ് ഞങ്ങൾ സ്നേഹിക്കുന്നത്.. അത് എന്നും അങ്ങനെത്തന്നെ ഉണ്ടാവുകയും ചെയ്യും... ഞാൻ അച്ഛനോട് സംസാരിക്കാം, നേരിൽ തന്നെ..."" അവൻ പറഞ്ഞു... വല്ലാത്തൊരു കോൺഫിഡൻസ് ഉണ്ടായിരുന്നു അവനപ്പോൾ... അവൾക്കുവേണ്ടി എന്തിനും തയ്യാറാണെന്നുള്ള മട്ട്...
""നിങ്ങൾക്കിപ്പോ അങ്ങനെയൊക്കെ പറയാൻ പറ്റും, പ്രായമതല്ലേ... പക്ഷേ അങ്ങനെയൊന്നുമല്ലല്ലോ കാര്യങ്ങൾ ശരിക്കും... ഞാൻ പറഞ്ഞില്ലേ ഇതിപ്പോ എനിക്കുമാത്രം തീരുമാനമെടുക്കാൻ പറ്റുന്ന കാര്യമല്ല, അദ്ദേഹം വന്ന് അദ്ദേഹത്തോടുകൂടെ കാര്യങ്ങൾ പറയട്ടെ നീ വിളിച്ചിരുന്നു എന്നൊക്കെ.. എന്നിട്ട് പറയാം ബാക്കി..."" നിത്യയുടെ അമ്മ അതും പറഞ്ഞ് ഫോൺവച്ചു... കുറച്ചുകഴിഞ്ഞ് നിത്യയുടെ മെസ്സേജ് വന്നു..."" എന്തായി? എന്തൊക്കെയാ പറഞ്ഞേ? കുഴപ്പമായോ?? ഞാനൊന്നും കേട്ടില്ല..."" അവൾക്കവിടെ നിന്ന് പ്രാന്തുപിടിക്കുന്നുണ്ടായിരുന്നു എന്താ സംഭവിച്ചേ എന്നറിയാതെ... അവൻ നടന്നെതെല്ലാം പറഞ്ഞു...
""മ്ം.. ഞാൻ നോക്കട്ടേ അച്ഛൻ വന്നിട്ട് എന്താ സംഭവിക്കാൻ പോകുന്നെന്ന്... ഇറങ്ങിപ്പോവാൻ പറഞ്ഞാൽ ഞാൻ ഇറങ്ങിവരും കേട്ടോ... വന്ന് കൊണ്ടുപൊയ്ക്കോളണം... അല്ലാതെ ഈ അവഗണനയും സഹിച്ച് ഇവിടെ നിന്നാ കെട്ടിത്തൂങ്ങി ചാവാൻ തോന്നും... അല്ല, ഈ കാര്യം കുഞ്ചു അവിടെ വീട്ടിൽ പറഞ്ഞോ? എന്താ അവിടുത്തെ അവസ്ഥ??"" അവൾ ചോദിച്ചു...
"" ഇല്ല , പറഞ്ഞിട്ടില്ല.. ഇനിവേണം പറയാൻ... ഇവിടെ പ്രശ്നമൊന്നുമുണ്ടാവില്ലെന്ന് വിചാരിക്കാം, അമ്മച്ചിയുടെ കാര്യം സീനില്ല, അപ്പച്ചനാണ്... എന്താകുമെന്നറിയില്ല... ഞാനൊന്നവതരിപ്പിക്കട്ടെ... എന്താകുമോ എന്തോ... നീയെന്തായാലും ഇനി ഗ്യാപ്പുകിട്ടുമ്പോൾ മെസ്സേജയച്ചാൽ മതി, വിളിക്കുന്നത് കണ്ടിട്ട് ഇനി പ്രശ്നമാവണ്ട, മെസ്സേജെല്ലാം അപ്പപ്പോ ഡിലീറ്റാക്കിയേക്ക്... എന്തായാലും വലിയൊരു കടമ്പ കടന്നല്ലോ... എല്ലാം ശരിയാകും, നീ ടെൻഷനടിക്കാതെയിരിക്ക്, ഫുഡ്ഡൊക്കെ കഴിക്കണം നേരത്തിന് കേട്ടോ... ബൈ.. ലവ് യൂ..."" ഉണ്ണി പതിയെ അതും പറഞ്ഞ് തീർത്ത് വീട്ടിലേക്ക് കയറി... ഡൈനിങ് ടേബിളിൽ അപ്പച്ചനും അമ്മച്ചിയും ഇരിപ്പുണ്ടായിരുന്നു, ചായയും കുടിച്ചുകൊണ്ട്... അവൻ രണ്ടുപേരുടെയും മുന്നിൽ ചെന്നു നിന്നു...
""എനിക്ക് നിങ്ങളോട് രണ്ടാളോടും ഒരു കാര്യം പറയാനുണ്ട്...""
അധ്യായം 15
""എങ്കിൽ ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്...!!!""
കേണൽ കുര്യാക്കോസിൻ്റെ അലർച്ച ആ വീടു മുഴുവൻ മുഴങ്ങി... അമ്മച്ചി ടേബിളിൻ്റെ അടുത്ത് വിറങ്ങിലിച്ച് മാറി നിൽക്കുന്നു... ഉണ്ണിയാകട്ടെ ചുവന്നുതുടുത്ത മുഖവുമായി മറുപുറത്ത് നിൽക്കുകയാണ്... ഉള്ളകാര്യം മുഴുവൻ പറഞ്ഞിട്ടും അപ്പച്ചൻ്റെ നിലപാട് ഈ ബന്ധം നടക്കില്ല എന്നുതന്നെയാണ്.. ആവുന്നത്ര പറഞ്ഞുനോക്കി അവൻ... കാലുവരെ പിടിച്ചുനോക്കി... ജാതിയും മതവും അന്തസ്സും അഭിമാനവും നോക്കി നടക്കുന്ന പഴഞ്ചൻ ആളുകളുടെ കൂട്ടത്തിൽ അവൻ്റെ അപ്പനും ഉണ്ടാകുമെന്ന് അവൻ ഒരിക്കലും വിചാരിച്ചിരുന്നില്ല... പറയത്തക്ക തറവാടികളോ ഇട്ടുമൂടാൻ സ്വത്തുള്ളവരോ ഒന്നുമല്ലായിരുന്നിട്ടും അഹങ്കാരത്തിന് ഒരുകുറവും ഇല്ല അപ്പന്.. ലോകത്തുള്ള എല്ലാ വ്യാധികളും ഉണ്ട് അങ്ങേർക്ക്... നേരാം വണ്ണം ചികിത്സക്കുതന്നെ ഉണ്ണിയുടെ സാലറികൂടെ വേണമെന്നുള്ള അവസ്ഥയിലാണെങ്കിലും ഇങ്ങനെ ഇറങ്ങിപ്പോകാൻ പറഞ്ഞ സ്ഥിതിക്ക് ഇനിയവിടെ നിൽക്കേണ്ടെന്ന് ഉണ്ണിയും തീരുമാനിച്ചു... ""ഇത്രേം വാശി അപ്പനുണ്ടെങ്കിൽ ഈ അപ്പൻ്റെ മോൻ തന്നെയാ ഞാനും... എനിക്കും ഉണ്ട് വാശിയും ദേഷ്യവും ഒക്കെ... ഇറങ്ങിപ്പോകാൻ പറഞ്ഞതല്ലേ, അങ്ങനെതന്നെ ആവട്ടെ... ഇപ്പൊത്തന്നെ ഇറങ്ങിയേക്കാം... പക്ഷേ ഒറ്റക്കാര്യം, ഞാൻ കെട്ടുന്നുണ്ടെങ്കിൽ അത് അവളെമാത്രമേ ഉള്ളൂ.. അതിനി നിങ്ങളൊക്കെ കൂടെയുണ്ടങ്കിലും ഇല്ലെങ്കിലും ശരി.."" ഇതും പറഞ്ഞ് അവൻ മുറിയിലേക്ക് കയറിപ്പോയി... വല്ലാത്തൊരു അവസ്ഥയായിരുന്നു ആ വീട്ടിൽ അപ്പോൾ.... ഒറ്റനിമിഷം കൊണ്ടാണ് എല്ലാം തകിടം മറിഞ്ഞത്... അപ്പൻ്റെയും മകൻ്റെയും വാശിക്കിടയിൽപ്പെട്ട് എന്തുചെയ്യണമെന്നോ ആരുടെയൊപ്പം നിൽക്കണമെന്നോ അറിയാതെ അമ്മച്ചിയാകട്ടെ ആകെ തളർന്നിരിക്കുകയായിരുന്നു... ധൃതിയിൽ ഡ്രസ്സെല്ലാം പായ്ക്കുചെയ്യുന്നതിനിടയിലേക്ക് അമ്മച്ചി കയറിച്ചെന്നു...
""ഉണ്ണീ... എന്തൊക്കെയാടാ ഇവിടെ നടക്കുന്നേ!!.. നീയെന്താ ഈ കാണിക്കുന്നേ... അപ്പച്ചൻ എന്തങ്കിലും പറഞ്ഞെന്നുവച്ച് നീയതും കേട്ട് ഇറങ്ങിപ്പോവാൻ നിക്കുവാണോ!!! വേണ്ടെടാ... പറയുന്നത് കേൾക്ക്... പോവല്ലേടാ..."" അമ്മച്ചി കരഞ്ഞുകൊണ്ട് പറഞ്ഞു...
""ഇല്ലമ്മച്ചീ... അമ്മച്ചിയും കേട്ടതല്ലേ അപ്പൻ പറഞ്ഞതൊക്കെ... എന്നെ വിശ്വസിച്ച് വീട്ടിൽ അത്രയും പ്രശ്നങ്ങൾക്കിടയിലും എനിക്കുവേണ്ടി കാത്തിരിക്കുന്ന ഒരു പെണ്ണുണ്ട് അമ്മച്ചീ... അവളെ ചതിക്കാൻ എനിക്ക് കഴിയില്ല.. അവളെവിളിച്ച് ഇങ്ങോട്ട് കയറിവരാം, നിങ്ങളൊക്കെ കൂടെ നിൽക്കും എന്നുതന്നെയാ വിചാരിച്ചിരുന്നേ... അമ്മച്ചിയുടെ മനസ്സെനിക്കറിയാം... പക്ഷേ ഇപ്പോളിവിടെ നിന്നിറങ്ങിയില്ലെങ്കിൽ അത് അപ്പച്ചൻ്റെ വാക്കിനടിമപ്പെട്ട് നിൽക്കുന്നത് പോലെയായിപ്പോകും... അതെനിക്ക് പറ്റില്ല... അമ്മച്ചി അപ്പനെ പറഞ്ഞ് മനസ്സിലാക്കാൻ നോക്ക്... ഞാൻ ഇറങ്ങുവാ..."" അവൻ ബാഗെടുത്ത് ഇറങ്ങി... അവൻ്റെ പോക്കും നോക്കി അമ്മച്ചി കരഞ്ഞുകൊണ്ട് വാതിൽക്കൽ തന്നെയുണ്ടായിരുന്നു..
"" ആര് ചത്തിട്ടാ നിന്നീ കരയുന്നേ?? എൻ്റെ വാക്കുകേട്ട് ഇവിടെ നിൽക്കാൻ പറ്റാത്തവർ ആരും ഇവിടെ നിൽക്കേണ്ട... നിനക്കും വേണമെങ്കിൽ അവൻ്റെകൂടെ ഇപ്പൊ ഇറങ്ങാം, അല്ലെങ്കിൽ മിണ്ടാതെ ഇവിടെ കഴിഞ്ഞോളണം.."" അപ്പച്ചൻ വിറപ്പിച്ചു... അമ്മച്ചി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി...
വീട്ടിൽനിന്നിറങ്ങി ഉണ്ണി നേരെ വിട്ടത് കമ്പനി സ്റ്റാഫ്സിൻ്റെ മുറിയിലേക്കാണ്...ആകെ അസ്വസ്ഥമായിരുന്നു അവൻ്റെ മനസ്സ്... പ്രതീക്ഷകൾ ഓരോന്നായി കൈവിട്ടുപോകുന്നതുപോലെ... ഈ അവസ്ഥയിൽ എങ്ങനെ നിത്യയുടെ വീട്ടിൽ പോയി സംസാരിക്കും... ഓരോന്നാലോചിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കാണ് അവൻ്റെ ഫോൺ ബെല്ലടിച്ചത്... ശ്രീയായിരുന്നു അത്...
""അമ്മച്ചി വിളിച്ചിരുന്നു... നീയെന്ത് പണിയാടാ ഈ കാണിച്ചേ... വെളിവില്ലാതെ അപ്പച്ചനെന്തെങ്കിലും പറഞ്ഞെന്നുവച്ച് ഉടനെ വീടുവിട്ടിറങ്ങുകയാണോ... നിനക്കൊന്ന് സമാധാനപ്പെടാമായിരുന്നില്ലെ... ഇപ്പോഴത്തെ അവസ്ഥയിൽ ഈ പ്രശ്നംകൂടെ... അമ്മച്ചി നിന്നോട് തിരിച്ചുവരാൻ പറയുന്നുണ്ട്.."" ശ്രീ പറഞ്ഞു..
""ഇല്ലെടാ... നീ കാര്യമറിയാതെയാണ് സംസാരിക്കുന്നേ... അപ്പൻ്റെ മനസ്സ് മാറുമെന്നൊന്നും എനിക്ക് തോന്നുന്നില്ല.. അത്രയ്ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാ... ഇപ്പൊ ഞാൻ തിരിച്ചുപോയാൽ അത് അപ്പൻ ജയിച്ചതുപോലെയാകും.. എനിക്കുമുണ്ടെടാ വാശി... നിത്യയെ മറന്ന് അപ്പൻ പറയുന്ന ആളെ കെട്ടി ജീവിക്കാനാ എന്നോട് പറയുന്നേ.. നീ പറ, ഞാനതുചെയ്യണോ??? നിനക്ക് തോന്നുന്നുണ്ടോ ഞാനത് ചെയ്യുമെന്ന്??? "" ഉണ്ണി വികാരാധീതനായി.... ശ്രീയ്ക്ക് കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല... ഉണ്ണിയുടെ ഭാഗത്തുനിൽക്കാൻ തന്നെയാണ് ശ്രീയ്ക്കും തോന്നിയത്...
""മ്ം... എന്തായാലും ഇനിയിപ്പൊ അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല... നീ അടുത്ത പരിപാടികൾ നോക്ക്... നിത്യയുടെ വീട്ടിൽ എന്താ അവസ്ഥ? അവൾ വിളിച്ചിരുന്നോ??"" ശ്രീ ചോദിച്ചു...
""മ്ം.. വിളിച്ചിരുന്നു, അവൾ വളരെ ബോൾഡായിട്ട് എന്നെ മാത്രമേ കെട്ടൂ എന്ന് പറഞ്ഞ് നിൽക്കുവാ... അതിൻ്റേതായ ബുദ്ധിമുട്ടുകൾ അവൾക്കവിടെയുണ്ട്.. അവളുടെ അമ്മയോട് ഞാൻ സംസാരിച്ചിരുന്നു... കുടുംബക്കാരെയൊക്കെ നല്ലനിലയിൽ കെട്ടിച്ചയച്ചിൻ്റെ കുശുംമ്പും കാര്യങ്ങളുമൊക്കെയുണ്ട് അവർക്കും... അപ്പച്ചനെയും കൂട്ടി അവളുടെ അച്ഛനെ പോയിക്കണ്ട് സംസാരിക്കാം എന്നുവിചാരിച്ചതാ.. അതിപ്പൊ ഇങ്ങനെയുമായി... ഇനിയിപ്പൊ എന്തുചെയ്യുമെന്നാ... ഒരെത്തും പിടിയും കിട്ടുന്നില്ല... "" ഉണ്ണി പറഞ്ഞു..
""അഹാ... അവളത്രേം സ്ട്രോങ്ങായിട്ട് നിൽക്കമ്പോ ഇനിയിപ്പോ എന്തുപേടിക്കാനാ...!! കുറച്ചുകഴിയുമ്പോഴേക്കും അവരൊക്കെ അടങ്ങിക്കോളും.. നീ ടെൻഷനടിക്കേണ്ട, കാശെന്തെങ്കിലും വേണമെങ്കിൽ പറ, നമുക്ക് ശരിയാക്കാം... നീ ജോലിക്കാര്യങ്ങൾ ഒന്നൂടെ സ്ഥിരപ്പെടുത്ത്.. ബാക്കിയെല്ലാം നടന്നോളും.."" ശ്രീ അവനു ധൈര്യം പകർന്നു...
ഫോൺ വച്ച് അവൻ പതിയെ കട്ടിലിൽ കിടന്നു... കറങ്ങുന്ന ഫാനും നോക്കി അവൻ ചിന്തകളിലാണ്ടു... ഒരു സിനിമപോലെ അവൻ്റെ ജീവിതത്തിൽ നടന്നതെല്ലാം അവൻ്റെ കൺമുന്നിലൂടെ ഓടി...
വീണ്ടും അവൻ്റെ ഫോൺ ബൈല്ലടിച്ചു... നിത്യയുടെ മെസ്സേജാണ്...
അധ്യായം 16
"" എൻ്റെ ഗുരുവായൂരപ്പാ!!! ഇതെന്തൊക്കെയാ നടക്കുന്നേ!! കൂടുതൽ കൂടുതൽ കുഴപ്പങ്ങളിലേക്കാണല്ലോ പോകുന്നത്... എനിക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല... നമ്മളിനി എന്താ ചെയ്യുക!! ഇതൊക്കെ ഇവിടെ വീട്ടിലറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ!!! അല്ലെങ്കിലെ ഇവിടെ ഒടുക്കത്തെ പ്രശ്നമാണ്... അച്ഛൻ വന്നപ്പോൾ അമ്മ കുഞ്ചു വിളിച്ചിരുന്ന കാര്യം പറഞ്ഞിരുന്നു... ഞാൻ മറഞ്ഞിരുന്ന് കേട്ടതാണ്... അച്ഛൻ ഇപ്പോഴും ദേഷ്യത്തിൽ തന്നെയാണ്... അനുകൂലസാഹചര്യമൊന്നുമല്ല.. പക്ഷേ ഇന്നേക്ക് കുറച്ച് കുറവുള്ളതുപോലെ... എന്നോട് സംസാരിക്കുന്നില്ല, മുഖം പോലും തരുന്നില്ല... എന്നാലും ചീത്തപറച്ചിലോ ദേഷ്യപ്പെടലോ ഒന്നും ഇല്ല... അമ്മയോട് ആത്മഗതം പറയുന്നത് കേൾക്കാം ഇടയ്ക്ക്... നല്ല വിഷമമുണ്ട് എല്ലാവർക്കും.. വീട്ടിലെ അവസ്ഥ തന്നെ വളരെ മോശമാണ്... എന്നെ ഒരുമാതിരി കുറ്റവാളികളോട് പെരുമാറുന്നപോലെ... ഇടയ്ക്കിടക്ക് എന്നെ ഇങ്ങനെ കുത്തിക്കുത്തി ഓരോന്ന് പറയാറുണ്ട് അമ്മ... ചിലപ്പോൾ കേൾക്കുമ്പോ നല്ലോണം സങ്കടാവും.. ചത്താലോ എന്നുവരെ തോന്നിപ്പോവും... എത്ര കരഞ്ഞു എന്നോ ഞാൻ... എന്നെ വന്ന് കൂട്ടിക്കൊണ്ടുപോവ്വോ കുഞ്ച്വോ..."" അവളുടെ വാക്കുകളിലെ വേദന അവന് വായിക്കുമ്പോൾതന്നെ മനസ്സിലാവുന്നുണ്ടായിരുന്നു... അവൻ്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു...
""അഞ്ചൂ... എനിയ്ക്ക് മനസ്സിലാകും നിൻ്റെ ഇപ്പോഴത്തെ അവസ്ഥ... ഇങ്ങനെയൊക്കെയായിത്തീരുമെന്ന് നമ്മൾ ഒരിക്കലും വിചാരിച്ചതല്ലല്ലോ... നീ തളരരുത്... നിന്നെ കുത്തിപ്പറയുന്നതും അവഗണന കാണിക്കുന്നതുമെല്ലാം അവരുടെ ഇമോഷനൽ ബ്ലാക്ക്മെയിലിൻ്റെ ഭാഗമാണ്... അതിലൊന്നും വീണുപോകരുത്... സ്ട്രോങ്ങായിട്ടിരിക്കണം... ഇപ്പോഴത്തെ അവസ്ഥയിൽ നിന്നെ അവിടെ നിന്ന് ഇറക്കിക്കൊണ്ടുവരലൊന്നും നടക്കില്ല... അത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയേയുള്ളൂ... നിന്നോടെന്തായാലും എന്നോട് പറഞ്ഞപോലെ ഇറങ്ങിപ്പോകാനൊന്നും പറഞ്ഞിട്ടില്ലല്ലോ... കോളേജ് കഴിയാൻ ഇനി കുറച്ചല്ലേയുള്ളൂ.. അവിടെത്തന്നെ നിന്ന് കംപ്ലീറ്റ് ചെയ്യുന്നതാണ് നല്ലത്... പഠിക്കാൻ വിടാത്ത പ്രശ്നമൊന്നുമെന്തായാലും ഇല്ലല്ലോ... നിനക്കും കൂടെ ഒരു ജോലിയൊക്കെയായാൽ വീട്ടിലും കുറച്ചൊക്കെ വിലയുണ്ടാവും നിൻ്റെ വാക്കിന്... അപ്പോഴേക്കും എല്ലാം ശരിയാകുമെന്നേ... നീ ടെൻഷടിക്കാതിരിക്ക്... ഇനീം ചൊറിഞ്ഞ് വന്നാൽ അപ്പൊ നോക്കാം വേണ്ടപോലെ... പാരെൻ്റ്സായിപ്പോയില്ലേ എടുത്ത് കിണറ്റിലിടാനൊന്നും പറ്റില്ലല്ലോ..🤪🤪 "" അവൻ അവളുടെ മൂഡൊക്കെയൊന്ന് മാറ്റാൻ നോക്കി... അസ്ഥാനത്തെ കോമഡിയാണേലും അവളുടെ മൂഡുമാറ്റിയെടുക്കാൻ അതൊക്കെത്തന്നെ ധാരാളമായിരുന്നു അവന്..
"" ആഹ് ബെസ്റ്റ്... ഇതിൻ്റെപേരിൽ പഠിപ്പിൽ കൈവച്ചാൽ ഞാൻ വീട് മറിച്ചിടുമെന്ന് അവർക്ക് നല്ലോണം അറിയാം... അന്നുതന്നെ ഇനി പഠിപ്പും കോപ്പുമൊന്നും വേണ്ട എന്നുപറഞ്ഞതിന് ഞാൻ നല്ലോണം പറഞ്ഞിട്ടുണ്ട്... അതോടെ വായടച്ചതാണ് ആ കാര്യത്തിൽ... അതിനി എടുത്തിടില്ല.. ഉറപ്പാണ്... നോക്കാം ഏതുവരെ പോകുമെന്ന്... എന്തായാലും എന്നോട് ഇനി കുഞ്ചൂനെ വിളിക്കാനോ ഈ ബന്ധം തുടരാനോ ഒന്നും നിക്കേണ്ട എന്നാ അമ്മ പറഞ്ഞേക്കുന്നേ... ഞാൻ മൂളിക്കൊടുത്തിടുണ്ട്... ഇനി ഒന്നടങ്ങുമെന്ന് തോന്നുന്നു... "" നിത്യ പറഞ്ഞു..
"" നീയിതെന്ത് പണിയാ ഈ കാണിച്ചേ!! ഇനിയിപ്പോ അവർ അതിൽ പിടിച്ച് തൂങ്ങില്ലേ!!! ഞാനുമായിട്ടിനി ഒരു ബന്ധവുമില്ലെന്നുപറഞ്ഞാൽ പിന്നെ അവർ അതും വിശ്വസിച്ച് വേറെ കല്യാണാലോചനകൾക്ക് മുതിരില്ലേ!! അത് കൂടുതൽ റിസ്കാവത്തല്ലേയുള്ളൂ... മണ്ടത്തരമായിപ്പോയി... ഇനിയിപ്പോ എങ്ങാനും നമ്മൾ സംസാരിക്കുന്നത് കണ്ടുപിടിച്ചാൽ ഇപ്പോഴത്തേതിനേക്കാൾ കൂടുതൽ കുഴപ്പത്തിലേക്കല്ലേ പോവൂ... ശ്ശോ!!"" ഉണ്ണിയ്ക്ക് ടെൻഷനായി...
""പിന്നെ ഞാനെന്താ വേണ്ടിയിരുന്നേ?? ഇല്ല നടക്കില്ലെന്നും പറഞ്ഞ് ഇവിടുത്തെ അവസ്ഥ കൂടുതൽ വഷളാക്കണമായിരുന്നോ!! അവിടിരുന്ന് ചുമ്മാ പറയുന്നപോലെയല്ല, ഇവിടെ കിടന്ന് അനുഭവിക്കുന്നത് ഞാനാണ്... ഇതിപ്പോ ഇങ്ങനെ പറഞ്ഞതുകൊണ്ട് കുറച്ച് സമാധാനമുണ്ട്... വെറുതെ ചൊറിയാനൊന്നും വല്ലാതെ വരുന്നില്ല... പിന്നെ അച്ഛൻ വരുന്നവഴി ജോത്സ്യനെ കണ്ടിരുന്നത്രേ... എനിക്ക് കല്യാണപ്രായമാവാൻ ഇനിയും രണ്ടുകൊല്ലവും എട്ടുമാസവും കഴിയണം എന്നാണത്രേ പറഞ്ഞത്... എന്തോ ദോഷമൊക്കെയുണ്ടെന്ന്... അതുകൊണ്ടെന്തായാലും ഇനി രണ്ടുകൊല്ലത്തേക്ക് കല്യാണക്കാര്യം പറഞ്ഞ് വരില്ല അതുറപ്പാ... ഇത്തരം അന്ധവിശ്വാസങ്ങളൊക്കെ നല്ലപോലെയുള്ള ആൾക്കാരാണ്... അത്രേം കാലം കുറച്ച് സമാധാനത്തോടെ ഇവിടെ നിൽക്കണമെങ്കിൽ ഇങ്ങനെ പറയുന്നത് തന്നെയാണ് നല്ലത്.. അല്ലാതെ ദിവസവും വഴക്കിട്ട് എത്രകാലം മുന്നോട്ട്പോവും.."" അവൾ കുറച്ച് ആശ്വാസത്തോടെ പറഞ്ഞു..
""അങ്ങനെയാണോ!! അതിപ്പോ ലാഭായല്ലോ!! എനിക്ക് ഒന്ന് സ്റ്റേബിളാവാൻ സമയവും കിട്ടും, നിനക്കൊരു ജോലിയൊക്കെ നോക്കാനും പറ്റും.. ജോലിയ്ക്ക് വീടു വിട്ട് നിന്നാൽ തന്നെ കുറച്ച് സമാധാനമാവും.. നീ എറണാകുളത്തേക്ക് പോരെ, നമുക്കിവിടെ വീടൊക്കെയെടുത്ത് അങ്ങുകൂടാമെന്നേ!! അടിപൊളിയാവില്ലേ!!"" ഉണ്ണി ചിരിച്ചുകൊണ്ട് പറഞ്ഞു...
""അയ്യെടാ!! എന്താപൂതി!! ഒന്നിച്ചുള്ള താമസമൊക്കെയേ കഴുത്തിലൊരു താലി കെട്ടിയിട്ടുമതി... അപ്പഴേക്കും ചിന്ത പോകുന്ന പോക്ക് നോക്കിയേ!! കഴുതക്കുഞ്ചു... ഞാനേയ് പോട്ടേ, അതികനേരം ഫോണും കുത്തിയിരിക്കാൻ പറ്റില്ല.. ഇതുപോലെ ഇടക്കിടയ്ക്ക് മെസ്സേജയക്കാം ഗ്യാപ്പ് കിട്ടുമ്പോൾ.. ബൈ... ലബ്യൂ..."" അവളും ഒന്ന് കൂളായി...
അവനും കുറച്ച് സന്തോഷമായി... ഉള്ളപ്രശ്നങ്ങൾക്കിടയിലും തമ്മിൽ താങ്ങായി അവർ രണ്ടുപേരും അത്രത്തോളം ആഴമായി പ്രണയിക്കുന്നുണ്ടായിരുന്നു... എത്രയും പെട്ടെന്ന് നല്ല ജോലി വേറെ നോക്കി ഒരു വീടൊക്കെ വാടകയ്ക്കെടുത്ത് അവളുമൊത്തൊരു ജീവിതം സ്വപ്നം കണ്ട് അവൻ കിടന്നു... മുറിയിൽ ഓടിക്കൊണ്ടിരുന്ന ടിവിയിലെ ന്യൂസ് ചാനലിൽ അപ്പോഴാണ് ഒരു ഫ്ലാഷ് ന്യൂസ് വന്നത്...
""മേരേ പ്യാരേ ദേശ്വാസിയോം...""
അധ്യായം 17
"" ആജ് രാത് 12 ബജേ സേ.. പൂരേ ദേശ് മേ..സംപൂർണ്ണ് ദേശ് മേ.. സംപൂർണ്ണ് ലോക്ഡൗൺ ഹോനേ ജാ രഹാ ഹേ""
ഇടിവെട്ടിയവൻ്റെ തലയിൽ തേങ്ങാവീണ് പറമ്പിൽ കിടന്നപ്പോ പാമ്പുകടിച്ചിട്ട് ആശുപത്രിയിൽ കൊണ്ടുപോവുന്നവഴി ആക്സിഡൻ്റായി എന്നു പറഞ്ഞപോലെ തുടരെ തുടരെ കർത്താവ് എട്ടുമെട്ടും പതിനാറിൻ്റെ പണിയാണല്ലോ തരുന്നേ!!! പെട്ടെന്ന് കേട്ടപ്പോൾ അത് അത്ര വലിയ പ്രശ്നമല്ലെന്ന് തോന്നിയെങ്കിലും അതിൻ്റെ എഫക്ട് പോകെപ്പോകെ എല്ലാവരെയും പോലെത്തന്നെ ഉണ്ണിയേയും ബാധിച്ചു...
കമ്പനി അടച്ചിട്ടതുകൊണ്ട് വരുമാനം മുടങ്ങി... എങ്ങോട്ടും പോകാനോ ആരെയും കാണാനോ പറ്റാതെ മുറിയിൽ തന്നെ കുടുങ്ങിപ്പോയി അവൻ... മാസങ്ങളോളം ലോക്ഡൗണിൻ്റെ ഫലങ്ങൾ അവൻ അനുഭവിച്ചു... പതിയെ കൊറോണയുടെ കനം കുറഞ്ഞ് ജോലി പുനരാരംഭിച്ചപ്പോളേക്കും മാനസികമായി തളർന്നിരുന്നു അവൻ... എല്ലാഭാഗത്തുനിന്നും ഒടുക്കത്തെ പ്രഷർ... നിത്യയെ ചേർത്തുപിടിക്കാൻ അവനവൻ്റെ കഴിവിൻ്റെ പരമാവധി ശ്രമിച്ചു... ഓൺലൈൻ ക്ലാസായപ്പോൾ അവളെ കാണാൻ പോലും കിട്ടാതായി.. വ്യാവസായികമേഖലയിലെ തളർച്ച അവൻ്റെ കമ്പനിയെയും ബാധിച്ചിരുന്നു... നല്ലൊരു ജോലിക്കുവേണ്ടി ശ്രമിച്ചുകൊണ്ടേയിരുന്നു അവൻ.. അവസാനം ടാറ്റാ മോട്ടോർസിൻ്റെ ഗുജറാത്തിലെ പ്ലാൻ്റിൽ നല്ലൊരു പൊസിഷനിൽ നല്ല സാലറിയോടുകൂടി അവനു ജോലി കിട്ടി... നിത്യയുടെ പ്രാർത്ഥനയുടെ ഫലമാണതെന്നുതന്നെ പറയാം അതിനെ.. കാരണം അവൻ്റെ നിലനിൽപ്പിനുവേണ്ടി ഏറ്റവുമധികം ആവലാധിപ്പെട്ടിരുന്നതും അമ്പലങ്ങളായ അമ്പലങ്ങളിലെല്ലാം വഴിപാട് നേർന്നിരുന്നതും അവളായിരുന്നു... അങ്ങനെ അവനു നാടുവിടേണ്ടദിവസമായി... കോളേജിൽ ഫൈനലിയർ എക്സാമിൻ്റെ സമയമായതുകൊണ്ടുതന്നെ നിത്യയ്ക്ക് കള്ളംപറഞ്ഞ് വീട്ടിൽനിന്നിറങ്ങാൻ പറ്റി... അന്നവർ ഒരുപാട് നാളുകൾക്കുശേഷം നേരിൽ വീണ്ടും കണ്ടു..
ഒരുപാട് സംസാരിച്ചു..
"" അപ്പൊ വൈകീട്ട് പോവ്വാണ്... ഇനി അങ്ങുദൂരെയിരുന്നുകൊണ്ട് സ്വപ്നസാക്ഷാത്കാരത്തിനുവേണ്ടിയുള്ള പ്രയത്നങ്ങൾ.. ഒരുപാട് മിസ്സ് ചെയ്യും നിന്നെ... തോന്നുമ്പോഴെല്ലാം വന്നുകാണാൻ പറ്റില്ലല്ലോ എന്നുള്ള സങ്കടം മാത്രേയുള്ളൂ... എന്നാലും ഈ കൊറോണയെല്ലാം ഒന്നടങ്ങിയാൽ എല്ലാമാസവും വരും ഞാൻ നിന്നെക്കാണാൻ... വീട്ടിലിപ്പൊ വലിയ പ്രശ്നങ്ങളൊന്നുമില്ലാത്തതുകൊണ്ട് നിനക്കും കുറച്ച് സമാധാനമുണ്ടല്ലോ... എത്രേം പെട്ടെന്നുതന്നെ ഒരു വീട് വാങ്ങാനുള്ള പരിപാടി നോക്കണം.. അമ്മച്ചിയ്ക്കിപ്പോൾ കുഴപ്പമൊന്നുമില്ല, അപ്പച്ചൻ പക്ഷേ ഇപ്പോഴും ഒടക്കാണ്, കുറച്ച് കുറവുണ്ട് ദേഷ്യം എന്ന് പറഞ്ഞിരുന്നു അമ്മച്ചി... അത് റെഡിയാവും... ഒക്കെ ഭംഗിയാവും എന്ന് മനസ്സ് പറയുന്നു..."" ഉണ്ണി പറഞ്ഞു..
"" മ്ം... ഞാൻ ഇപ്പോൾതന്നെ ജോലി തിരയാൻ തുടങ്ങിയിട്ടുണ്ട്... കൂട്ടത്തിൽ പൈത്തൺ ലാങ്വേജും വേറെയും പ്ലാറ്റ്ഫോമ്സെല്ലാം പഠിക്കുന്നുണ്ട്.. ഇപ്പോഴത്തെ അവസ്ഥയിൽ വർക്ക് ഫ്രം ഹോം ആയിട്ട് ഒരുപാടുപേരെ എടുക്കുന്നുണ്ട് കമ്പനികൾ... കൊറോണസമയത്തും ഡൗണാവാത്ത ഫീൽഡ് ഞങ്ങടെ IT ഫീൽഡ് മാത്രേയുള്ളൂ... കുഞ്ചു നോക്കിക്കോ.. ഞാൻ കൂടെ ജോലിയ്ക്ക് കയറിയാൽ നമ്മടെ കാര്യങ്ങളെല്ലാം ശരിയാകും.. എൻ്റെ സാലറിയിൽ നിന്ന് കുറച്ച് ഭാഗം അമ്മേടേം അച്ഛൻ്റേം പേരിൽ ഫിക്സഡ് ഡപ്പോസിറ്റ് ചെയ്യണം.. നിതിനെക്കൊണ്ട് ഒറ്റയ്ക്ക് കുടുംബം നോക്കേണ്ട അവസ്ഥ ഉണ്ടാക്കേണ്ടല്ലോ... ഇറങ്ങിവന്നാലും എനിക്ക് എൻ്റെ അച്ഛനേം അമ്മേനേം നോക്കാതിരിക്കാൻ പറ്റ്വോ.. പിന്നെ പതുക്കെയെല്ലാം ശരിയായിക്കോളും.. ""
നിത്യ നെടുവീർപ്പിട്ടു...
"" മ്ം.. ഞാനേയ് പോവാൻ നോക്കട്ടേ... പായ്ക്കിങ്ങ് ഒന്നും കഴിഞ്ഞിട്ടില്ല.. പോയിട്ട് വേണം സെറ്റാക്കാൻ.. ഞാൻ വിളിക്കാം നിന്നെ.. ബൈ.."" നെറ്റിയിൽ ഒരു മുത്തം കൊടുത്ത് അവൻ പതിയെ എഴുനേറ്റു... അവൻ്റെ കയ്യിൽപിടിച്ച് നിർത്തി നിത്യ..
""കുഞ്ച്വോ... പോണ്ട..."" അവളുടെ മുഖം വാടി...
"" ഇതാപ്പോ നന്നായേ..ആഗ്രഹമില്ലാഞ്ഞിട്ടല്ല മുത്തേ... നമ്മടെ അവസ്ഥകൾ ഇങ്ങനെയൊക്കെയായില്ലേ.. ഇത് വിട്ടുകളഞ്ഞാൽ പിന്നെ ഇതുപോലൊരു ഓഫർ കിട്ടിയെന്നുവരില്ല... ഞാനെന്നും വിളിക്കാടോ... ഇനിപ്പോ ഇവിടെ നിക്കാനാണേലും എനിക്ക് കുഴപ്പമൊന്നുമില്ല നീ ജോലിക്ക് പോയി കുടുംബം നോക്കിയാൽ മതി.. നിക്കട്ടേ??"" അവൻ ചിരിച്ചുകൊണ്ടുപറഞ്ഞു...
""അയ്യെടാ!! ഒരു മോഡിക്ക്വേണ്ടി പറഞ്ഞതാണ്.. പോയേ പോയേ... ഇറങ്ങുമ്പോ വിളിക്ക്.. ബൈ..""
അവിടെ നിന്നും യാത്രപറഞ്ഞ് അവർ പിരിഞ്ഞു...
പിന്നെയൊരു രണ്ടുവർഷക്കാലം അവരുടെ ജീവിതത്തിലെ നല്ല സമയമായിരുന്നു... ഉണ്ണിയുടെ ജോലിയിലെ മിടുക്ക് കാരണം പെട്ടെന്നുതന്നെ പ്രമോഷനായി.. കമ്പനി വക ഫ്ലാറ്റും കാറും സൗകര്യങ്ങളുമായി... ഒരു ലോൺ തട്ടിക്കൂട്ടി നാട്ടിലൊരു വീടുവയ്ക്കാനുള്ള പരിപാടികൾ തുടങ്ങി... നിത്യയാകട്ടെ കോളേജ് കഴിഞ്ഞതും നല്ലൊരു സ്റ്റാർട്ടപ്പ് കമ്പനിയിൽ ബാക്കെൻ്റ് ഡെവലപ്പറായി ജോലിയ്ക്ക് കയറി എറണാകുളത്ത് ഇൻഫോപാർക്കിൽ... അവിടെ ഹോസ്റ്റലിൽ താമസിച്ച് ജോലിചെയ്യാൻ തുടങ്ങി... ഇടയ്ക്കുണ്ടായ സങ്കടകരമായ കാര്യം ഉണ്ണിയുടെ അപ്പച്ചൻ രോഗാധിക്യം കാരണം മരിച്ചുപോയി എന്നതാണ്.. വാശികാരണം സ്വത്തെല്ലാം അനാധാലയത്തിന് എഴുതി വച്ചതുകൊണ്ട് അമ്മച്ചിയെക്കൂടെ അവന് ഗുജറാത്തിലേക്ക് കൊണ്ടുപോകേണ്ടിവന്നു.. സ്വത്തിലും പണത്തിലുമൊന്നും അവന് താൽപര്യമില്ലാത്തതുകൊണ്ടുതന്നെ അതൊന്നും അവനൊരു പ്രശ്നവുമായിരുന്നില്ല...
രണ്ടുപേരും ജോലിക്കാരായപ്പോൾ അവർ തമ്മിലുള്ള സംസാരം ഒരുപാട് കുറവായിരുന്നു അടുത്തകാലത്ത്... മിക്കവാറും ദിവസങ്ങളിൽ നൈറ്റ് ഡ്യൂട്ടിയായിരിക്കും ഉണ്ണിയ്ക്ക്.. 12 മണിക്കൂറോളം ജോലിചെയ്യേണ്ടതുണ്ടാകും ചിലപ്പോഴെല്ലാം.. മാനേജ്മെൻ്റ് മീറ്റിങ്ങുകളും മറ്റുമായി തിരക്കോട് തിരക്കാണ് മിക്കപ്പോഴും.. ചിലപ്പോഴെല്ലാം മറ്റുപ്ലാൻ്റുകളിലേക്ക് ഇൻസ്പെക്ഷന് പോകാനും ഒക്കെ ചുമതല ഉണ്ണിയ്ക്കായിരുന്നു.. കമ്പനിയുടെ മൊത്തം ഭാരം തൻ്റെ തലയിലാണെന്നുവരെ തോന്നാറുണ്ട് അവന് ചിലപ്പോൾ.. നിത്യയുടെ അവസ്ഥയും മറിച്ചായിരുന്നില്ല, പുതിയ ആളായതുകൊണ്ടുതന്നെ വർക്ക് പ്രഷറും ഡെഡ്ലൈനും എല്ലാം കൊണ്ട് തലപുകഞ്ഞ് കിളിപോയ അവസ്ഥയിലായിരിക്കും മിക്കപ്പോഴും അവൾ.. പുലർച്ചെ 2 മണിയ്ക്കൊക്കെയാണ് ചിലപ്പോൾ അവൾ ഉറങ്ങാറ്.. എന്നാലും എത്രയൊക്കെ തിരക്കാണേലും അത് പരസ്പരം മനസ്സിലാക്കി പരാതികളില്ലാതെയാണ് അവർ മുന്നോട്ട് പോയിരുന്നത്.. കാരണം മനസ്സുകൊണ്ട് വെറും പൈങ്കിളിപിള്ളാരെന്ന നിലയിൽനിന്നും മുതിർന്ന ഭാര്യാഭർത്താക്കൻമാരെന്ന നിലയിലേയ്ക്ക് മാറിയിരുന്നു അവർ പണ്ടേ...
കുറേ കാലത്തിനുശേഷം ഉണ്ണി അന്ന് നാട്ടിലേക്ക് തിരികെ വരുകയായിരുന്നു.. എപ്പോൾ വന്നാലും ആദ്യം നിത്യയെക്കാണാനാണ് അവൻ പോകാറ്.. അന്നും അവൻ അവളെ വിളിച്ച് വരുന്ന കാര്യം പറഞ്ഞിരുന്നു.. പക്ഷേ അവൻ്റെ ട്രയിൻ ലേറ്റായതുകൊണ്ട് വൈകീട്ട് ജോലികഴിഞ്ഞ് നിത്യയോട് ഇറങ്ങി നേരെ റയിൽവേസ്റ്റേഷനിലേക്ക് വരാൻ പറഞ്ഞു അവൻ... പണിയെല്ലാം എടിപിടിയെന്ന് തീർത്ത് അവൾ വേഗം ഓഫീസിൽ നിന്നിറങ്ങി ഇൻഫോപാർക്കിൻ്റെ ഗേറ്റ് കടന്ന് ഓട്ടോയ്ക്കായി കാത്തുനിൽക്കുകയായിരുന്നു... പെട്ടെന്നാണ് അത് സംഭവിച്ചത്!!!!
അധ്യായം 18
""ആ........!!!!!!!!!""
കാതടിപ്പിക്കുന്ന ഒരു അലർച്ചയുടെ ശബ്ദമായിരുന്നു കേട്ടത്... അവിടെ കൂടിനിന്നവരുടെയെല്ലാം കണ്ണുകൾ വിടർന്നു.. പലരും എൻ്റെ ദൈവമേയെന്ന് നെഞ്ചത്ത് കൈവച്ചു... എല്ലാവരുടെയും കൺമുന്നിൽ കാണുന്ന കാഴ്ച്ച അമിതവേഗത്തിൽ പാഞ്ഞുവന്ന ഒരു പഴയ കറുത്ത സ്കോർപിയോ ഇടിച്ച് ഒരാൾപൊക്കത്തിൽ ഉയർന്നുപൊങ്ങി കമിഴ്ന്നടിച്ച് റോട്ടിൽ വീഴുന്ന ഒരു പെൺകുട്ടിയെയാണ്... കാറിടിച്ചിട്ട് നിർത്താതെ പോയി... ചുറ്റും നിന്നവരെല്ലാം ഓടിക്കൂടി... അടുത്തുചെന്നപ്പോൾ കണ്ടത് ചോരയിൽകുളിച്ച് നിലത്തുകിടന്ന് പിടയുന്ന ആ പെൺകുട്ടിയെയാണ്... ആരൊക്കെയോ ചേർന്ന് അവളെ ഒരു വണ്ടിയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി...
റയിൽവേസ്റ്റഷനിൽ വണ്ടിയിറങ്ങി കുറച്ചുനേരം കാത്തിരുന്നിട്ടും നിത്യയെ കാണാതെ ഉണ്ണി ഇൻഫോപാർക്കിൻ്റെ പരിസരത്തേക്ക് പോയി... പത്തുമുപ്പതു തവണ വിളിച്ചിട്ടും കിട്ടുന്നില്ല അവളെ... ഫോൺ സ്വിച്ചോഫാണ്... ഓഫീസിലെ അവളുടെ ഓഫീസിലെ കൂട്ടുകാരെ ആരെയും പരിചയപ്പെടുത്തി തന്നിട്ടില്ലായിരുന്നു അവൾ... കാരണം അവളുടെ അമ്മ അന്നുവന്ന് എല്ലാവരേയും നല്ലപോലെ ഗൗനിച്ച് നിത്യയെ നേരെ നോക്കിക്കോണേ എന്നും പറഞ്ഞിട്ട് പോയതാണത്രേ.. അവരാരെങ്കിലും ഇനി ഇക്കാര്യം അമ്മയോട് പറഞ്ഞാലോ എന്നുപേടിച്ച് അവൾ ഇതാരോടും പറഞ്ഞിട്ടുമില്ല... കോളേജിലെ ഒരു കൂട്ടുകാരൻ സഞ്ചു വേറെ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു, അവനോട് അന്വേഷിച്ചപ്പോഴും വിവരമൊന്നുമില്ല.... അവൻ ഇൻഫോപാർക്കിലേക്ക് വണ്ടിയെടുത്ത് വരാമെന്നുപറഞ്ഞതുകൊണ്ടാണ് ഉണ്ണി അങ്ങോട്ട് ചെന്നത്.. ഇനിയിപ്പോ അവളുടെ ഫോൺ ചാർജ് തീർന്നതോ മറ്റോ ആണോ എന്നും അറിയില്ലല്ലോ... കുറച്ച് പരിഭ്രാന്തനായെങ്കിലും അരുതാത്തതൊന്നും സംഭവിച്ചുകാണില്ലെന്ന വിശ്വാസത്തിലായിരുന്നു അവൻ.. ഇൻഫോപാർക്കിൻ്റെ ഗേറ്റിനുമുന്നിലെത്തിയപ്പോൾ അവൻ കണ്ടത് പോലീസ് വണ്ടികളും നോ ക്രോസ്സ് ബാരിക്കേടുകളുമായിരുന്നു... എന്താണ് സംഭവമെന്നറിയാൻ അവൻ അടുത്തുപോയി നോക്കി.. പോലീസ് തെളിവെടുപ്പ് നടത്തുകയായിരുന്നു... റോട്ടിലെല്ലാം അങ്ങിങ്ങായി ചോര തളംകെട്ടിനിൽക്കുന്നു... അപ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്.. ഒരുപോലീസുകാരൻ ഗ്ലൗസുകൊണ്ട് ഒരു ചോരക്കറയുള്ള വാച്ച് എടുത്ത് കവറിലാക്കുന്നു... ആ വാച്ചുകണ്ട് അവൻ ഞെട്ടി!!! അതവൻ നിത്യയുടെ പിറന്നാളിന് ഗിഫ്റ്റുകൊടുത്ത കസ്റ്റമൈസ്ഡ് വാച്ചായിരുന്നു!!!
അതെ... ആ ആക്സിഡൻ്റ് സംഭവിച്ച പെൺകുട്ടി നിത്യയായിരുന്നു... ഉണ്ണി വെപ്രാളപ്പെട്ട് ബാരിക്കേഡിനകത്തേക്ക് ചാടി.. അവിടെയുണ്ടായിരുന്ന പോലീസുകാർ അവനെ തടഞ്ഞു...
""സർ.. അത്... അതെൻ്റെ നിത്യയുടെ ആണ്... എന്താണ് ഇവിടെ സംഭവിച്ചത്... എൻ്റെ നിത്യക്ക് എന്താണ് സംഭവിച്ചത്... എന്നെ അകത്തേക്ക് വിടൂ.."" അവൻ ഒച്ചവച്ചു...
"" ഡോ.. അയാളെ ഇങ്ങോട്ട് വിട്.."" എസ് ഐ ആയിരുന്നു അത്.. അവൻ അദ്ദേഹത്തിൻ്റെ അടുത്തേക്ക് ചെന്നു...
""നിൻ്റെ ആരാണെന്നാ പറഞ്ഞേ?"" അയാൾ ചോദിച്ചു..
""സർ.. ഇത്.. ആ വാച്ച് ഞാൻ എൻ്റെ ലൗവറിന് ഗിഫ്റ്റ് കൊടുത്തതാണ്... അവളെ ഞാൻ കുറേ നേരമായി വിളിക്കുന്നു.. കിട്ടുന്നില്ല.. എന്താ ഉണ്ടായത്.. ഒന്നുപറയൂ...ഉണ്ണി വെപ്രാളത്തോടെ പറഞ്ഞു..
""ഡോ താൻ ടെൻഷനാവാതെ... ഒരാക്സിഡൻ്റ് സംഭവിച്ചതാണ്... താൻ പറയുന്ന ഈ നിത്യയെ ഒരു കാറിടിച്ചിട്ട് നിർത്താതെ പോയി.. ആ കുട്ടിയെ വെസ്റ്റേർൺ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിട്ടുണ്ട്... താൻ വേഗം അങ്ങോട്ട് ചെല്ല്... ആ കുട്ടിയുടെ വീട്ടുകാരെക്കൂടെ വിവരമറിയിക്ക്.."" എസ് ഐ പറഞ്ഞു... ഇത് കേട്ട് ആകെ തളർന്നുപോയി ഉണ്ണി... കണ്ണുകളിൽ നിന്നും കണ്ണീർ പൊടിഞ്ഞു.. അവൻ വേഗം ഹോസ്പിറ്റലിലെത്തി... ഐസിയൂവിൻ്റെ മുന്നിലെ സിസ്റ്ററോട് അവൻ നിത്യയെപ്പറ്റി അന്വേഷിച്ചു...
""ആ കുട്ടി മരിച്ചുപോയല്ലോ... ഇവിടെ എത്തിയപ്പോഴേക്കും മരണം നടന്നിരുന്നു... മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്...""
അവൻ്റെ കണ്ണിൽ ഇരുട്ടുകയറാൻ തുടങ്ങി... ഒരു റിയാക്ഷനും കാണിക്കാൻ പറ്റാത്തവിധം മരവിച്ചുപോയി അവൻ... അവിടെയുള്ള കസേരയിൽ കുനിഞ്ഞിരുന്നതേ അവന് ഓർമ്മയുള്ളൂ... അവളുടെ കൂട്ടുകാർ വന്നു... അച്ഛനുമമ്മയും വന്നു... ആകെ കരച്ചിലും ബഹളവുമായി...
""മതിയായില്ലേടാ നിനക്ക്... ഞങ്ങളുടെ കൊച്ചിനെ ഞങ്ങളിൽനിന്നും അകറ്റിയിട്ട് ഇവിടെ കൊണ്ടുവന്നിട്ട് കൊല്ലിച്ചില്ലേടാ നീ... ഞങ്ങളുടെയടുത്തായിരുന്നേൽ അവൾക്കീഗതി വരുമായിരുന്നോ... ദ്രോഹീ...""അവളുടെ അമ്മ വന്ന് അവൻ്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് കരഞ്ഞു...
അവനൊന്നും പറയാനില്ല... ഇതൊന്നും അവനറിയുന്നില്ല... അവരുടെ മുഖത്തേക്ക് പോലും അവന് നോക്കാനായില്ല... തലയുംതാഴ്ത്തി ഇരിക്കുകയാണ് അവൻ..ആ ഒരൊറ്റ ഇരുപ്പവൻ മണിക്കൂറുകളോളം ഇരുന്നു... ഒരുവരിപോലുമെഴുതാത്ത വരയില്ലാത്ത നോട്ടുബുക്ക് പോലെ ശൂന്യമായിരുന്നു അവൻ്റെ മനസ്സ്... സഞ്ചു അവനെ തട്ടിവിളിച്ചപ്പോഴാണ് അവൻ തലയുയർത്തി നോക്കിയത്...
""ഡാ... നിനക്ക്.. അവളെ അവസാനമായി ഒരു നോക്ക് കാണണ്ടേ... കൊണ്ടുപോകാൻ തുടങ്ങുകയാണ്..."" വിതുമ്പിക്കൊണ്ട് സഞ്ചു പറഞ്ഞു...
""വേണ്ട... ഞാൻ... എനിക്ക് കാണണ്ട... എനിക്ക് കഴിയില്ല അവളിങ്ങനെ... "" അവൻ്റെ വാക്കുകൾ മുറിഞ്ഞ് പോയി... കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവൻ ആശുപത്രിയിൽ നിന്നിറങ്ങി നടന്നു... അവൻ്റെ മാനസികാവസ്ഥ കണ്ടുനിന്നവർക്ക് ഊഹിക്കാൻ കഴിയുമായിരുന്നു... എത്രത്തോളം വേദനിക്കുണ്ടായിരുന്നു അവൻ്റെ മനസ്സ് എന്ന് അവനുമാത്രമേ അറിയൂ... അവൻ നേരെ ചെന്നത് ശ്രീയുടെ വീട്ടിലേക്കാണ്...
കരഞ്ഞുകലങ്ങിയ കണ്ണുമായി വന്ന അവനോട് ശ്രീയൊന്നും ചോദിച്ചില്ല... ശ്രീ എല്ലാം അറിഞ്ഞിരുന്നു... എത്ര വിളിച്ചിട്ടും ഉണ്ണി എടുക്കാതിരുന്നപ്പോൾ ഇങ്ങോട്ട് തന്നെ വരുമെന്ന് അവന് അറിയാമായിരുന്നു.. ഉണ്ണിയൊന്നും മിണ്ടാതെ ശ്രീയുടെ മുറിയിൽ പോയിയിരുന്നു... കുറച്ചുനേരം ആ ഇരുപ്പിരുന്ന് അവൻ പതിയെ എഴുന്നേറ്റ് ശ്രീയുടെ ഷെൽഫ് തുറന്നു... അതിനകത്ത് ഒരു റോയൽ സ്റ്റാഗിൻ്റെ കുപ്പിയിരിപ്പുണ്ടായിരുന്നു... ഉണ്ണിയതെടുത്ത് തുറന്ന് ഒരു ഗ്ലാസിലേക്കൊഴിച്ചു... ആ ഗ്ലാസെടുത്ത് അവൻ ഒറ്റവലിക്ക് കുടിച്ചു... രണ്ടാമതും അതുപോലൊരു ഗ്ലാസൊഴിച്ച് അവൻ കുടിക്കാൻ ഭാവിച്ചപ്പോഴേക്കും ശ്രീ റൂമിലേക്ക് വന്ന് അവനെ തടഞ്ഞു...
""മതി.. നീയിതെന്തുഭാവിച്ചാ?? ഇതിൻ്റെ പേരിൽ ഇനി ഇല്ലാത്ത ശീലങ്ങൾ തുടങ്ങിവയ്ക്കാനാണോ പരിപാടി??? അത് വേണ്ട... എല്ലാം കഴിഞ്ഞില്ലേ... നീ ഇനി കുടിച്ച് നശിക്കാൻ നിക്കേണ്ട..."" ശ്രീ ആ ഗ്ലാസുവാങ്ങിച്ച് അവൻ തന്നെ കുടിച്ചു... ഉണ്ണിയാകട്ടെ ഒന്നും മിണ്ടുന്നില്ല... ഉള്ളിലെ വേദനമുഴുവൻ അവൻ്റെ മുഖത്തുകാണാം... അവൻ പതിയെ പുറത്തോട്ടിറങ്ങി മുറ്റത്തുകൂടെ നടന്നു... അവൻ്റെ മനസ്സു കലങ്ങിയിരിക്കുകയായിരുന്നു... എന്തൊക്കെയോ ചിന്തകൾ അവൻ്റെ ഉള്ളിൽ അലയടിക്കുന്നത് അവൻ്റെ മുഖത്തുനിന്ന് വായിച്ചെടുക്കാം.. അവൻ നടന്ന് നടന്ന് പതിയെ വണ്ടികയറ്റിയിടുന്ന ഷെഡ്ഡിൻ്റെ അടുത്തെത്തി...
അവിടെയതാ ഒരു പഴയ കറുത്ത സ്കോർപിയോ കിടക്കുന്നു... നമ്പർപ്ലേറ്റ് തുരമ്പിച്ച് മനസ്സിലാകാത്തവിധം നശിച്ചുപോയിട്ടുണ്ട്... വണ്ടിയുടെ മുൻവശത്തെ ഇടതുഭാഗം ചളുങ്ങിയിട്ടുണ്ട് കുറച്ച്... മുൻപിലും ബാക്കിലെ ഇടതു വീൽകപ്പിലും അങ്ങിങ്ങായി ഉണങ്ങിപ്പിടിച്ച ചോരക്കറ!!!!
അധ്യായം 19
(ചെറിയൊരു ഫ്ലാഷ്ബാക്ക്...)
രാവിലെ പതിവില്ലാതെ പഴയ സ്കൂളിലെ കൂട്ടുകാരി ആനിയുടെ മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ടാണ് ഉണ്ണി ഫോണെടുത്തുനോക്കിയത്...
"" എടാ, നീ അന്നൊരിക്കൽ നിനക്കൊരു ലൗവർ ഉണ്ടെന്നും പേരെന്തോ നിത്യ എന്നോ മറ്റോ ആണെന്നും അവൾ ഇൻഫോപാർക്കിലാണ് വർക്ക് ചെയ്യുന്നേ എന്നും പറഞ്ഞില്ലാർന്നോ? നിത്യ എന്നുതന്നെയാണോ പേര് അതോ??...."" അവൾ നല്ല കാര്യത്തിലാണ് ചോദിക്കുന്നത്...
""ഏഹ്, അതേ.. അതുതന്നെ.. എന്തേ ചോദിക്കാൻ?"" അവൻ തിരിച്ചയച്ചു..
""നിങ്ങളുതമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? ബ്രേക്കപ്പ് വല്ലോം ആയോ??"" അവൾ വീണ്ടും ചോദിച്ചു...
""ഏയ്!! എന്ത് പ്രശ്നം?! ഞങ്ങളിപ്പോഴും നല്ലരീതിക്കാണല്ലോ പോകുന്നേ... നീയിതെന്തൊക്കെയാ ചോദിക്കുന്നേ? എന്താ സംഭവം?"" ഉണ്ണിയ്ക്ക് ആ ചോദ്യം അത്രപിടിച്ചില്ല... നല്ലപോലെ പോകുന്ന പ്രണയബന്ധങ്ങൾ കാണുമ്പോൾ എല്ലാവർക്കുമുള്ളതാണല്ലോ ഒരു കണ്ണുകടി...
""ആഹാ! എന്നാ നീയേയ്.. നീ ഇനി അവളെ മനസ്സിലിട്ടോണ്ട് നടക്കണ്ട... അവള് നിൻ്റെ കയ്യീന്ന് പോയി മോനേ... ഞാനിതാ ഇവിടെ പുതിയ കമ്പനിയിലേക്ക് മാറിയിട്ട് ഇപ്പോ ഒരാഴ്ച്ചയായി, അവളും ഈ കമ്പനിയിൽ തന്നെയാണ്... ഇവിടെ അവൾ വേറൊരുത്തൻ്റെ കൂടെയാ.... ഇവിടെയുള്ളവർക്കൊക്കെയറിയാവുന്ന കാര്യമാണത്... അവള് നിന്നെ തേക്കാനുള്ള സിമൻ്റ് കൂട്ടുകയാണെന്നാ എനിക്ക് തോന്നുന്നേ..."" ആനിയുടെ ഈ മറുപടി കേട്ടതോടെ അവൻ ആകെ ദേഷ്യംപിടിച്ചു.. അപ്പോൾതന്നെ അവൻ അവളെ വിളിച്ചു...
"" നീ ഈ രാവിലെത്തന്നെ മനുഷ്യനെ വട്ടുപിടിപ്പിക്കാനായിട്ട് ഓരോന്ന് പറയല്ലേ പെണ്ണേ... നിനക്ക് ആളുമാറിപ്പോയതായിരിക്കും... എൻ്റെ നിത്യ അങ്ങനെത്തെ ഒരാളല്ല... ദാ ഇപ്പോകൂടെ മെസ്സേജയച്ച് വച്ചതേയുള്ളൂ ഡ്യൂട്ടിയുണ്ട് പോകാൻ ഇറങ്ങുവാണെന്നും പറഞ്ഞ്... നിനക്ക് ഞാൻ ഞങ്ങളുടെ ഫോട്ടോ അയച്ച്തരാം, നീ പറയുന്ന നിത്യ ഇവളായിരിക്കില്ല..."" അവൻ അവൾക്ക് ഫോട്ടോ അയച്ചുകൊടുത്തു...
""ആഹ്! സൂപ്പർ... ഇപ്പോ എനിക്കായോ കുറ്റം!! കൂട്ടുകാരനെ ഒരു കുഴിയിൽനിന്ന് കരകയറ്റാമെന്നുവച്ചപ്പോ!!! എൻ്റെടാ ഈ ലവളുതന്നെയാണ് എൻ്റെ ഓഫീസിലുള്ളത്... ഇവിടെ അവളുടെ ലൗവർ ആയിട്ട് ഒരുത്തനുണ്ട്, അർജുൻ എന്ന് പറഞ്ഞിട്ട്.. അവർ അത്രയും ക്ലോസ്സെന്നുപറഞ്ഞാൽ അത്രേം ക്ലോസാണ്... ഒരുമിച്ച് ഒരുബൈക്കിൽ വരവ്, പോക്ക്, കറങ്ങാൻ പോക്ക്, തോളത്ത് കയ്യിട്ട് നടപ്പ് ഇരിപ്പ്.... ഞാൻ കൂടുതലൊന്നും പറയുന്നില്ല... ഇവിടെ അവൾക്ക് മുൻപ് ഒരു ലൗവർ ഉണ്ടായിരുന്നെന്നുപോലും ആർക്കും അറിയില്ല... നിന്നെ ഇവിടെ ആരെയെങ്കിലും അവൾ പരിചയപ്പെടുത്തിതന്നിട്ടുണ്ടോ?? ആരുടെയെങ്കിലും ഫോൺനമ്പറെങ്കിലും ഉണ്ടോ? ഉണ്ടാവാൻ വഴിയില്ല, കാരണം അവളുടെ കൂടെത്തന്നെ ഒരു വീട്ടിലാണ് ഞാനും താമസം.. ഈ ഒരാഴ്ച്ചയായിട്ട് ഞാൻ ഇന്നുവരെ നിങ്ങൾ തമ്മിൽ വീഡിയോകോൾ വിളിക്കുന്നതുപോലും കണ്ടിട്ടില്ല... എന്നാൽ മറ്റവനെയാണേൽ ഇവൾ ഏതുനേരവും വിളിയും കൊഞ്ചലും കുഴയലും... ഇനീം നിനക്ക് ഞാൻ പറയുന്നത് വിശ്വാസമില്ലെങ്കിൽ നിനക്ക് ഞാൻ അവരുടെ ഫോട്ടോ അയച്ചിട്ടുണ്ട് ,നീ നോക്ക്.. ഇനി അതും പോരെങ്കിൽ നീ ഇപ്പൊ വിളിച്ച് നോക്ക് അവളെ, എനിക്കുറപ്പാണ് അവൾ ഫോണെടുക്കില്ല, മെസ്സേജയക്കുവായിരിക്കും വർക്കിലാണെന്നും പറഞ്ഞ്... കാരണം ഇന്ന് ഞങ്ങൾക്ക് ഓഫീസില്ലാത്തതുകൊണ്ട് അവൻ്റെയൊപ്പം കറങ്ങാനായിട്ട് ദാ ഇപ്പൊ ഇറങ്ങിയതെയുള്ളൂ ഇവിടെനിന്ന്... അവള് പഠിച്ച കോളേജിനെപ്പറ്റിയും ബാക്കി ഡീറ്റൈൽസുമെല്ലാം കൂടുതൽ അടുത്തപ്പോ ഇങ്ങനെ അറിഞ്ഞുവന്നപ്പോഴാണ് എനിക്കൊരു ഡൗട്ടടിച്ചത്... അപ്പോ നിങ്ങൾ ബ്രേക്കപ്പായിട്ട് തുടങ്ങിയതാണോ ഇത് എന്നറിയാനാ ഞാൻ ചോദിച്ചത്...
കുറച്ചുനേരത്തേക്ക് അഗാധമായ നിശബ്ദത പരന്നു അവർക്കിടയിൽ... തോളത്ത് കയ്യിട്ട് ചിരിച്ച് നിൽക്കുന്ന അവരുടെ ഫോട്ടോ ആനി അയച്ചുകൊടുത്തതിലേക്കുതന്നെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു അവൻ...
""ഡാ... നീ ഓക്കെയാണോ?? എന്താ ഒന്നും മിണ്ടാത്തെ?? ഇത് പെട്ടെന്നറിഞ്ഞതിൻ്റെ ഷോക്കിലാണോ?? അത് വിട്ടേക്കെടാ... ഇമ്മാതിരി സ്വഭാവമുള്ള ഒരുത്തിയാണെന്ന് ഇപ്പഴേ അറിഞ്ഞത് നന്നായി എന്നുവിചാരിച്ചാൽമതി.. ഇതിൻ്റെ പേരിൽ ഇനി കെട്ടിത്തൂങ്ങാനൊന്നും നിക്കരുത് കേട്ടോ😂😂😂"" ആനി ചുമ്മാ തമാശയിട്ടു... അവളെപ്പോഴും അങ്ങനെയാണ്.. പറയാനുള്ളതെല്ലാം മുഖത്ത്നോക്കി കൂളായിട്ട് പറയും തമാശരൂപേണ...
""ഏ???.. ആഹ്... ഷോക്കൊക്കെത്തന്നെയാണ്... എനിക്കിത് ഇപ്പഴും വിശ്വസിക്കാൻ പറ്റുന്നില്ല... ഞങ്ങളുടെ ഇടയിൽ അല്ലറച്ചില്ലറ പ്രശ്നങ്ങളൊക്കെയുണ്ടായിട്ടുണ്ടെങ്കിലും അതൊന്നും ഒരു ദിവസത്തിനപ്പുറം പോയിട്ടില്ലെടോ... ഇപ്പൊ ജോലിക്ക് കയറിയപ്പൊത്തൊട്ട് വിളിയൊക്കെ കുറവാണ്, ഭയങ്കര ബിസിയാണ് ജോലിത്തിരക്കാണ് എന്നൊക്കെപ്പറയുമ്പോ വിശ്വസിച്ച് പോയി... നമ്മളും വർക്ക് ചെയ്യുന്നതല്ലേ തുടക്കക്കാർക്ക് എന്തോരം സ്ട്രെസ്സുണ്ടാവുമെന്ന് ഞാനും അനുഭവിച്ചിട്ടുള്ളതല്ലേ... ഇത് ഇപ്പൊ ഏറ്റവും അടുത്ത് ഉണ്ടായ വഴക്ക് ഞങ്ങൾക്കിടയിൽ പണ്ടുനടന്ന സംഭവങ്ങളെപ്പറ്റിയൊക്കെപ്പറഞ്ഞാണ്, അതും പക്ഷേ എന്നെ ഇഷ്ടമല്ല എന്നെ വേണ്ട എന്നുള്ള തരത്തിലൊന്നുമായിരുന്നില്ലെന്നേ... ഞങ്ങളിങ്ങനെ വഴക്കിട്ട് പിന്നെ വീണ്ടും കൂടിയൊക്കെയങ്ങനെ പോകുവാർന്നു... ഒരകൽച്ച എനിക്ക് ഫീൽ ചെയ്തിരുന്നു.. പക്ഷേ അതിതുകൊണ്ടാവുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല... കാരണം ഞാനവളോട് തുടക്കംമുതലേ തന്നെ നാഴികയ്ക്ക് നാൽപ്പതുവട്ടം പറയാറുള്ള കാര്യമാണ് ഈ ഇഷ്ടമൊക്കെ ചിലപ്പോൾ ഭാവിയിൽ കുറഞ്ഞേക്കാം എന്നെക്കാൾ ബെറ്ററായിട്ട് വേറെയാളെ കണ്ടേക്കാം മടുത്തേയ്ക്കാം കാരണം മനുഷ്യരാണ് മാറ്റങളുണ്ടാവും പക്ഷേ എന്തങ്കിലുമുണ്ടെങ്കിൽ ഓപ്പണായിട്ട് പറഞ്ഞാൽ മതി ഞാനായിട്ടുതന്നെ ഒഴിഞ്ഞ് തന്നേക്കാം, ഇഷ്ടമില്ലാത്തിടത്ത് ഒന്നിച്ച്കഴിയുക എന്നത് ബുദ്ധിമുട്ടാണ് എന്നൊക്കെ വ്യക്തമായി എൻ്റെ നിലപാടുകളൊക്കെ പറഞ്ഞിട്ടുള്ളതാണ്... എൻ്റെ പ്രശ്നങ്ങളെല്ലാം അറിഞ്ഞിട്ടും എൻ്റെകൂടെ കൂടിയിട്ട് ഒടുക്കം ഇങ്ങനെ ചതിക്കാനെങ്ങനെ തോന്നി അവൾക്ക്... എനിക്ക് മനസ്സിലാവുന്നില്ല ഈ പെണ്ണുങ്ങളുടെ മനസ്സൊക്കെ എന്താ ഇങ്ങനെയെന്ന്... വല്ലാത്തൊരടിയായിപ്പോയി..."" ഉണ്ണിയുടെ ശബ്ദമിടറുന്നുണ്ടായിരുന്നു...
""ഡാ നീ ഇമോഷണലാവാതെ...നീയത്രയും ആത്മാർത്ഥമായിട്ട് സ്നേഹിച്ചിരുന്നതുകൊണ്ടാണ് നിനക്കിത്രയ്ക്ക് പ്രോബ്ലം.. അവളിവിടെ യാതൊരു കൂസലുമില്ലാതെ ഒരേസമയം നിന്നെയും അവനെയും കൊണ്ടുനടക്കുകയായിരുന്നെങ്കിൽ പിന്നെ അതോർത്ത് നീയെന്തിനാ വിഷമിക്കുന്നേ... പോയത് നന്നായി എന്ന് വിചാരിച്ച് വിളിച്ച് നാലുതെറിപറഞ്ഞ് ഒഴിവാക്കിവിടാൻ നോക്ക്... പിന്നെ നീ പറഞ്ഞപോലെ പെണ്ണുങ്ങളുടെ മാത്രം കുത്തകയൊന്നുമല്ല ഈ തേപ്പ്, ആണുങ്ങളുടെ മനസ്സും മനസ്സിലാക്കാൻ പാടാണ്... എല്ലാവരും പുറമേ ഒന്ന് ഉള്ളിൽ വേറൊന്ന് വച്ച് നടക്കുന്നവരാണ് ഇക്കാലത്ത്.. നിന്നെപ്പോലെ ലോലഹൃദയനായി നടന്നാൽ ഇതുപോലെ കണ്ടവളുമാരുവന്ന് കയറിയിറങ്ങി ഇമോഷണൽ ഡാമേജാക്കിക്കളയും... അത് വിട്ടേക്കെടാ.. നിനക്ക് പറ്റിയ സ്വഭാവമല്ല അവളുടേത്, അവൾ അവൾക്കുവേണ്ടപോലെ ജീവിച്ചോട്ടേ..."" ആനി അവനെ ആശ്വസിപ്പിച്ചു...
""ഏയ്.. തെറിപറയാനൊന്നും എന്നെക്കിട്ടില്ല.. അവളുടെപോലെ തരം താഴണോ ഞാൻ?? വിളിച്ച് ഇതെല്ലാം എന്തിന് എന്ന് ചോദിക്കണം എന്തായാലും... നീ ഇപ്പൊ എന്നെ പരിചയമുണ്ടെന്നകാര്യം അവളോട് പറയണ്ട... ഒരു ചാരത്തിയായി നീ അവിടെയുള്ളത് നല്ലതാ.. നീ കൂടുതൽ ഡീറ്റൈൽസ് ചോർത്തിത്താ എന്തായാലും..ഞാനേയ് ഓഫീസിലേക്കിറങ്ങട്ടെ... ലേറ്റായി... ബൈ"" അവൻ പെട്ടെന്ന് ഫോൺ വച്ചു...
അന്ന് മുഴുവൻ അവൻ്റെ മനസ്സിൽ ഒരു കടൽ ഇളകിമറിയുകയായിരുന്നു... കഴിഞ്ഞ കുറച്ച് അവളവൻ്റെയൊപ്പം എന്തൊക്കെ നുണ പറഞ്ഞിരുന്നു എങ്ങനെയൊക്കെ അഭിനയിച്ചിരുന്നു എന്നതൊക്കെ ഒരു സിനിമപോലെ അവൻ്റെ തലയ്ക്കകത്ത് ഓടുകയായിരുന്നു... എങ്ങനെയൊക്കെയോ ജോലി തീർത്ത് അവൻ തിരികെ വീട്ടിലെത്തി... അമ്മച്ചിയോട് കാര്യങ്ങളെല്ലാം പറഞ്ഞു... അമ്മച്ചിയും ആകെ അതിശയിച്ചുപോയി!! ഇങ്ങനെയൊരു പ്രവർത്തി ആരും സ്വപ്നത്തിൽപോലും അവളുടെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ചിരുന്നില്ല... ഒരുപാട് ചിന്തകളുമായി അവൻ ഉറങ്ങാൻ കിടന്നു... അവൻ്റെ മനസ്സിലെ തിരയിളക്കം അവസാനിച്ചിട്ടുണ്ടായിരുന്നില്ല... അവൻ്റെയുള്ളിലെ വേദന, അത് ആർക്കും പറഞ്ഞാലും മനസ്സിലാകുന്ന ഒന്നായിരുന്നില്ല... കാരണം അവനവളോടൊപ്പം സ്വപ്നം കണ്ട ജീവിതത്തിൻ്റെ ആഴം അത് വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയുന്ന ഒന്നല്ല.. നിശബ്ദമായ ആ രാത്രിയിൽ അവൻ്റെ മനസ്സ് തേങ്ങുന്നതുമാത്രം അലയടിച്ചു...
അധ്യായം 20
മഞ്ഞുവീഴുന്ന ആ രാത്രിയിൽ ഉറങ്ങാതെ അവൻ ചിന്തിച്ചുകൊണ്ടേയിരുന്നു... ചീവീടുകളുടെ ശബ്ദം മാത്രം അലയടിക്കുന്ന, അഗാധമായ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ജനലഴികളിലൂടെ ഇരച്ചുകയറുന്ന നിലാവെളിച്ചം തൂവുന്ന തണുത്ത ആ രാത്രിയിൽ അയാൾ അകലങ്ങളിലേക്ക് കണ്ണുംനട്ടിരിപ്പാണ്... ആ കണ്ണുകളിൽ നോക്കിയാൽ കാണാൻ കഴിയും ഈറനണിയിക്കുന്ന ഓർമകൾ... ഒരുകാലത്ത് ജീവിക്കാൻ തന്നെ പ്രേരണയായ ആ ഓർമ്മകൾ ഇന്നവനിൽ എരിഞ്ഞുതീരാത്ത ചിതയാണ്... ആ തീയിൽ വെന്തുരുകുന്ന മനസ്സിന് സ്വസ്ഥമായി ഒന്നുറങ്ങുവാൻ പോലും കഴിയാത്തവണ്ണം അവൻ തകർന്നുപോയിരുന്നു... ഓരോനിമിഷം കഴിയുന്തോറും അവളോടുള്ള ദേഷ്യവും വെറുപ്പും പകയും കൂടിക്കൂടി വരുകയായിരുന്നു അവനിൽ... ഇതാരോടെങ്കിലും പറഞ്ഞില്ലെങ്കിൽ വീർപ്പുമുട്ടി ചത്തുപോകുമെന്നുള്ള അവസ്ഥയായപ്പോൾ അവൻ ആ രാത്രിതന്നെ ശ്രീയെ വിളിച്ചു... ഉറക്കപ്പിച്ചിലാണ് ഫോണെടുത്തതെങ്കിലും അവൻ എല്ലാം ശ്രദ്ധയോടെ കേട്ടു...
""മൈ*@#$... എന്ത് തന്തയില്ലാത്തരമാണ് അവളീകാണിച്ചത്!!! ഇത്രത്തോളം ഒക്കെ കൊണ്ടെത്തിച്ചിട്ട് ഇപ്പൊ വേറൊരുത്തനെ കിട്ടിയപ്പൊ നൈസായിട്ട് നിന്നെ സൈഡാക്കിയല്ലെ... അവൾക്കുവേണ്ടിയല്ലെ നീ ഈ നാടും വീടും വിട്ട് പോയത്.. നിൻ്റെ വീട്ടിലെ സന്തോഷം സമാധാനം ഒക്കെ കളഞ്ഞത്... നീ നിൻ്റപ്പനെ വയ്യാത്തൊരവസ്ഥയിൽ ഇട്ടിട്ട് പോരാൻ വരെ കാരണക്കാരിയായിട്ട്... അപ്പൻ്റെ അവസാന നിമിഷങ്ങളിൽ പോലും കൂടെയുണ്ടാവാൻ പറ്റാത്ത അവസ്ഥയിലെത്തിച്ചിട്ട്... ഇതൊക്കെ അറിഞ്ഞുവച്ചിട്ട് എങ്ങനെ അവൾക്ക് മറ്റൊരുത്തൻ്റെകൂടെ അഴിഞ്ഞാടി നടക്കാൻ കഴിയുന്നു.. അപാര തൊലിക്കട്ടി തന്നെ... ഇവളുടെയൊക്കെ ഉള്ളിൽ എന്താണോ എന്തോ... നീ തന്നെ എന്നോട് പറഞ്ഞിട്ടുള്ളതല്ലെ പലപ്രാവശ്യം അവളോട് മാന്യമായിട്ട് പറഞ്ഞിട്ടുണ്ട് മടുത്തുതുടങ്ങിയാൽ പറയണം എന്നൊക്കെ... ഇത് നിന്നെ യൂസ് ചെയ്യുവായിരുന്നു അവൾ ഇത്രയും കാലം ക്ലെവറായിട്ട്... ഇവളുമാരെയൊക്കെയുണ്ടല്ലോ.... നടുറോട്ടിലിട്ട് വെട്ടിക്കൊല്ലണം... മേലിലൊരുപെണ്ണും ഒരാണിനോടും ഇങ്ങനെയൊരു ചതി കാണിക്കരുത്... കോപ്പ്!!"" ശ്രീയ്ക്ക് ദേഷ്യം വന്ന് കിടക്കയിൽനിന്ന് ചാടിയെഴുന്നേറ്റു... കുറച്ചുനേരത്തേക്ക് ഉണ്ണി ഒന്നും മിണ്ടിയില്ല... അവനും ചിന്തയിലായിരുന്നു...
""ശരിയാണ്... കൊല്ലണം അവളെ... എൻ്റെ ജീവിതം നശിപ്പിച്ചിട്ട്... എന്നോടിത്ര വലിയ ചതി ചെയ്തിട്ട്... അവളുമാത്രം അങ്ങനെ സുഖിച്ച് ജീവിക്കണ്ട... അവളെ കൊന്നിട്ട് ജയിലിൽ പോയാലും അഭിമാനത്തോടെ മനസ്സമാധാനത്തോടെ കിടക്കാം അതിനകത്ത്... അവളിനി ജീവിച്ചിരിക്കണ്ട... കൊല്ലണം...."" ഉണ്ണിയുടെ വാക്കുകൾ കോപംകൊണ്ട് ജ്വലിക്കുകയായിരുന്നു... അത്രത്തോളം അവന് മനസ്സുമടുത്തുപോയി... ഇനിയൊരിക്കലും ഒരു പെണ്ണിനെ വിശ്വസിക്കാനാകാത്ത വിധം അവനെ തളർത്തിയിട്ട് അവളവിടെ ഒരുത്തനുമായി സുഖമായിട്ട് ജീവിക്കുന്നത് ആലോചിച്ചിട്ട് സഹിക്കുന്നുണ്ടായിരുന്നില്ല അവന്..
""അതിന് നീയെന്തിനാ ജയിലിൽ പോയി കിടക്കുന്നേ?? നിൻ്റെ അമ്മച്ചിയെക്കുറിച്ച് ഓർത്തോ നീ?? ഇത് ഞാൻ നോക്കിക്കോളാം, ആക്സിഡൻ്റായിട്ട് തോന്നിപ്പിക്കുന്ന തരത്തിൽ പണി തീർക്കാനറിയുന്ന ആളുകൾ എൻ്റെകയ്യിലുണ്ട്... നീ ഒന്നും അറിയേണ്ട... ഇത് എനിക്ക് വിട്ടേക്ക്... "" ശ്രീ പറഞ്ഞു... അവൻ വളരെ കൂളായിട്ടാണ് പറഞ്ഞത്... കാരണം അവൻ്റെ അറിവിൽ അതിനുപറ്റിയ ആളുകൾ ഉണ്ടായിരുന്നു...
"" ഇല്ലെടാ... വേറെയാരും വേണ്ട... ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം... എൻ്റെ കൈകൊണ്ട് അവൾ ചാവണം... കൂലിക്ക് ആളെവച്ച് ചെയ്യേണ്ട കാര്യമൊന്നുമില്ല... അത് ഞാൻ തന്നെ ചെയ്യും..."" ഉണ്ണിയുടെ വാക്കുകളിൽ പകയെരിയുകയായിരുന്നു...
"" ഇവനിത്...!! എടാ കോപ്പേ നീ ഒരുമാതിരി തലയ്ക്കുവെളിവില്ലാത്തവരെപ്പോലെ സംസാരിക്കല്ലെ... നീ രാവിലെ വിളിയ്ക്ക് , ഒരു പ്ലാനുണ്ട്.. നിനക്ക്തന്നെ കൊല്ലാം, അതിനുള്ള വഴിയുണ്ടാക്കാം.. നീ കിടന്നൊറങ്ങ് ഇപ്പോ... ബൈ..."" ശ്രീ ഫോൺ വച്ചു..
ഉണ്ണിയ്ക്ക് അന്നുമുഴുവൻ ഉറങ്ങാനെ സാധിച്ചില്ല... രാവിലെ നേരം വെളുത്തപ്പോൾ തന്നെ അവൻ ശ്രീയെ വിളിച്ചു...
""എടാ നീയത് കാര്യമായിട്ടെടുത്തോ!!! ഞാനതപ്പോഴത്തെ വെള്ളത്തിൻ്റെ പുറത്ത് പറഞ്ഞതാണ്!!! ഇതൊക്കെ റിസ്ക് ഉള്ളപരിപാടിയാണ്... പിടിക്കപ്പെട്ടാൽ പിന്നെ പുറംലോകം കാണാൻപറ്റില്ല... ഒരാവേശത്തിൻ്റെ പുറത്ത് എടുത്തുചാടണോ?? അമ്മച്ചിയ്ക്ക് നീയല്ലാതെ വേറെയാരാ ഉള്ളേ... അവൾക്കുള്ളത് ദൈവം കൊടുത്തോളും, ഇമ്മാതിരി സ്വഭാവം വച്ച് അവൾ അവനെയും എന്തായാലും തേയ്ക്കും.. അപ്പൊ അവനെന്തെങ്കിലും ചെയ്യുവാണേൽ ചെയ്തോട്ടെ, അതല്ല ഒരു മ്യൂച്വൽ അണ്ടർസ്റ്റാൻ്റിങിലുള്ള എടപാടാണെങ്കിൽ അങ്ങനെ പിഴച്ച് ജീവിച്ചോട്ടെ അവളെന്നേ!! നിൻ്റെ തലയിൽ കേറിയില്ലല്ലോ... നമുക്ക് വേണേൽ നേരെച്ചെന്ന് അവളുടെ കരണക്കുറ്റിനോക്കി രണ്ടെണ്ണം പൊട്ടിച്ചിട്ട് രണ്ട് ബിയറും അടിച്ച് ഹാപ്പിയായിട്ട് പോരാം... അത് പോരെ??"" കെട്ടെറങ്ങിയപ്പോഴാണ് ശ്രീയ്ക്ക് ബോധം വന്നത്...
"" എടാ മൈ@₹*@_... ഒരുമാതിരി കോണോത്തിലെ പരിപാടി കാണിക്കരുത്... നിനക്ക് കൂടെ നിൽക്കാൻ പറ്റുമെങ്കി പറ, നീയുണ്ടേലും ഇല്ലേലും ഞാനിത് ചെയ്യും... ഓരോ സെക്കൻ്റ് കഴിയുന്തോറും എൻ്റെ പിടിവിട്ട് പോവുകയാണ്... അവള് ചെയ്തതും പറഞ്ഞതും ചതിച്ചതും അഭിനയിച്ചതും എല്ലാമെല്ലാം ഇങ്ങനെ തികട്ടി തികട്ടി വരുകയാണ് മനസ്സിലും തലയ്ക്കകത്തും... ഇവിടെയുള്ള സകലമാന സാധനങ്ങളും ദേഷ്യംവന്നിട്ട് എറിഞ്ഞുപൊട്ടിച്ചു ഞാൻ... ഇങ്ങനെപോയാൽ ഞാനെന്തങ്കിലും കടുംകൈ ചെയ്തുപോകും.. ഞാനെന്നെത്തന്നെ കൊല്ലുന്നതിലും നല്ലത് അവളെ കൊല്ലുന്നതുതന്നെയാണ്... അല്ലെങ്കിൽ എൻ്റെ മരണം വരെ ഇതൊന്നും എൻ്റെ മനസ്സീന്ന് പോവില്ല... എനിക്കൊന്നിലും കോൺസൺട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല... തലയ്ക്ക് പ്രാന്ത് പിടിക്കുകയാണ്... ഇമ്മാതിരി ചെറ്റത്തരം കാണിക്കുന്നവളുമാർക്കൊന്നും ജീവിച്ചിരിക്കാൻ അർഹതയില്ല... നിനക്ക് പേടിയാണെങ്കിൽ മിണ്ടാതെ മാറിനിന്നോ... ഞാനിതിലൊരു തീരുമാനമുണ്ടാക്കാതെ പിന്നോട്ടില്ല... ബാക്കി വരുന്നിടത്തുവച്ച് കാണാം.."" ഉണ്ണി പൊട്ടിത്തെറിച്ചു!!! ശ്രീ ആകെ അന്തംവിട്ടുപോയി!!! അവൻ ആദ്യമായാണ് ഉണ്ണിയുടെ വായിൽ നിന്നും ഒരു തെറി കേൾക്കുന്നത്!!! അവൻ സ്തംഭിച്ചുപോയി... ഈ അവസ്ഥയിൽ അവനെ ഒറ്റയ്ക്കുവിട്ടാൽ അവൻ വല്ല കുഴപ്പത്തിലും ചാടുമെന്ന് ശ്രീയ്ക്ക് ഉറപ്പായിരുന്നു...
"" എൻ്റെടാ നിയ്യൊന്നടങ്ങ്!! ഞാൻ ഉള്ളകാര്യം പറഞ്ഞെന്നേയുള്ളു... കൊല്ലാനാണേലും ചാവാനാണേലും ഞാനുണ്ട് നിൻ്റെകൂടെ.. നിനക്ക് നിൻ്റെ കൈകൊണ്ട്തന്നെ അവളെ തീർക്കണമെന്നല്ലേ പറഞ്ഞേ... ഇതങ്ങനെ എടിപിടീന്ന് ചെയ്യേണ്ടകാര്യമല്ല... വ്യക്തമായ പ്ലാനിങുവേണം... ഞാൻ പറയാം... ഒരു വഴിയുണ്ട്... നീയെന്തായാലും ഇതറിഞ്ഞതായി ഭാവിക്കണ്ട അവളുടെ മുന്നിൽ.. അവളഭിനയിക്കട്ടെ നല്ല വെടിപ്പായിട്ട്... "" ശ്രീ പറഞ്ഞു...
അവസാന അധ്യായം
ഒരോ ദിവസം കഴിയുന്തോറും ഉണ്ണിയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാകുകയായിരുന്നു... എല്ലാം അറിഞ്ഞിട്ടും നിത്യയുടെ ഓസ്കാർ അഭിനയം കാണുമ്പോൾ അവൻ്റെ സകലമാന കണ്ട്രോളും വിട്ടുപോകുന്നുണ്ടായിരുന്നു... എങ്കിലും ശ്രീയുടെ വാക്കുകൾ കേട്ട് അവൻ അവസരത്തിനായി കാത്തിരുന്നു... ഇന്നീ രാവിലെ 6 മണിയായിട്ടും ഒരുപോള കണ്ണടയ്ക്കാൻ അവനുപറ്റിയിരുന്നില്ല... എല്ലാദിവസവും ഇതുതന്നെയാണ് അവസ്ഥ... ഒന്നുറങ്ങിയിട്ട് നാളുകളായി അവൻ.. അപ്പോഴാണ് അവന് ശ്രീയുടെ കാൾ വന്നത്..
""എടാ, വണ്ടി റെഡിയായിട്ടുണ്ട്... നാളെത്തന്നെ വേണേൽ പരിപാടി തീർക്കാം... ഞാനൊന്നൂടെ ചോദിക്കുവാണ് ഇത് വേണോ?? അവളെവിടേങ്കിലും പോയി ജീവിച്ചോട്ടേ എന്ന് വിചാരിച്ചൂടെ?? "" ശ്രീ ചോദിച്ചു...
""നമ്മളീകാര്യം സംസാരിച്ചുകഴിഞ്ഞതാണ്... ഇനിയും നീ അതുംപറഞ്ഞുകൊണ്ട് വരാൻ നിക്കേണ്ട... ഞാൻ വന്നിട്ട് മതി എല്ലാം.. അവളുടെ മരണം, അതെനിക്ക് നേരിൽ കാണണം.. ഇങ്ങനെയുള്ളവളുമാരൊന്നും ജീവിച്ചിരിക്കാൻ പാടില്ല... ഞാൻ മറ്റന്നാൾ വൈകീട്ട് 5 മണിക്ക് എത്താം, ഇപ്പോൾതന്നെ ഇറങ്ങുവാണ് ഇവിടുന്ന്... അവളോട് നേരത്തെ ഇറങ്ങാൻ പറയാം മറ്റന്നാൾ.., ഇറങ്ങുമ്പോൾ നിന്നെ അറിയിക്കുകയും ചെയ്യാം, നീ പിഴവില്ലാതെ പ്ലാൻ ചെയ്തപോലെ അങ്ങ് ചെയ്താൽമതി... എന്നിട്ടും അവൾ ചത്തില്ലെങ്കിൽ അതവളുടെ ഭാഗ്യംകൊണ്ടാണെന്നുകരുതി സമാധാനിച്ചോളാം..."" ഉണ്ണിയുടെ വാക്കുകളിൽ പക നിറഞ്ഞിരിപ്പുണ്ടായിരുന്നു....
"" അതു നീ പേടിക്കേണ്ട... എൻ്റെ കൂടെയുള്ളത് ഈ പണിയിൽ ഡോക്ടറേറ്റ് ഉള്ള ആളാണ്... പുള്ളി നല്ല വെടിപ്പായിട്ട് ചെയ്തോളും.. നീ അവളുടെ നാളത്തെ ഫോട്ടോ ഒന്നയച്ചുതന്നാൽ മതി.. ഞങ്ങളവിടെ ഉണ്ടാകും.."" ശ്രീ പറഞ്ഞു...
ഫോൺ വച്ചതിനുശേഷം ഉണ്ണി അൽപ്പനേരം കണ്ണടച്ചിരുന്നു...അവൻ്റെ കഴിഞ്ഞ കുറച്ചുവർഷങ്ങൾ അവൻ്റെ മനസ്സിൽ നിറഞ്ഞു... നിത്യയെ ആദ്യമായി കണ്ടതും.. അവളോടിഷ്ടം തോന്നിയതും... ഇഷ്ടം പറഞ്ഞതും... വഴക്കിട്ടുനടന്നതും.. അവളോടൊപ്പം ചിലവിട്ട നിമിഷങ്ങളും... വീടുകളിലുണ്ടായ കോലാഹലങ്ങളും... ഒടുക്കം മറ്റൊരുത്തനെ കണ്ടപ്പോൾ യാതൊരു കൂസലുമില്ലാതെ അവനോടൊപ്പം അവൾ പോയതും... ഒരു തെല്ലു കുറ്റബോധം പോലുമില്ലാതെ തൻ്റെ മുന്നിൽ അഭിനയിച്ചുനടന്നതുമെല്ലാം എല്ലാം അവൻ്റെയുള്ളിൽ തെളിഞ്ഞുവന്നു... ഒരിറ്റുകണ്ണുനീർ പൊഴിഞ്ഞു അവൻ്റെ കണ്ണുകളിൽ നിന്ന്...ചുവന്നു കലങ്ങിയ അവൻ്റെ കണ്ണുകളിൽ മുഴുവൻ അവൻ്റെ വേദനിക്കുന്ന ഹൃദയം നിറഞ്ഞുകാണാമായിരുന്നു... ഈ ലോകത്ത് ആത്മാർത്ഥത കാണിക്കുന്നവർക്ക് കിട്ടുന്ന പ്രതിഫലമാണ് തകർന്നുപോയ മനസ്സ് എന്നവൻ ചിന്തിച്ചു... സത്യസന്ധതയ്ക്ക് കിട്ടുന്ന പ്രതിഫലം ചതിയും വഞ്ചനയും... പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്...
""ഓയ്!! എന്തെടുക്കുവാ കുഞ്ചൂ?? ഞാനേയ് ഇപ്പൊ എണീറ്റതേയുള്ളൂ.. ലേറ്റായി... വേഗം പോകാൻ നോക്കട്ടേ.. വൈകീട്ട് മെസ്സേജയക്കാം, ഒരുപാട് പെൻ്റിങ് വർക്കുണ്ട്... ഇന്നും പാതിരാത്രിയാകും വരാൻ എന്നാ തോന്നുന്നേ.. ബൈ ട്ടോ.."" നിത്യയുടെ മെസ്സേജാണ്... ഇപ്പോൾ കുറച്ചുകാലമായിട്ട് ഇങ്ങനെയാണ്... ഇത്രയൊക്കെയേ ഉള്ളൂ അവളുടെ സംസാരം... ഉണ്ണിയുടെ കൂടെ സമയം ചിലവിടാൻ അവളെ കിട്ടാറില്ല.... ഇരുപത്തിനാലു മണിക്കൂറും അവൾ തിരക്കിലാണ്... ആദ്യമായി ജോലിക്കുകയറിയതിൻ്റെയാണെന്ന് പണ്ടൊക്കെ ഉണ്ണി വിചാരിക്കാറുണ്ടായിരുന്നു.. പക്ഷേ ശരിക്കുമുള്ള തിരക്കുകൾ ഇപ്പോഴാണല്ലോ മനസ്സിലായത്... അവൻ പുച്ഛത്തോടെ ചിരിച്ചു...
"" ആഹ്... നിൻ്റെ തിരക്കൊക്കെ ഞാനെന്നും കാണുന്നതല്ലേ.. നടക്കട്ടേ... ഞാൻ നാളെ നാട്ടിലേക്ക് വരുന്നുണ്ട്... മറ്റന്നാൾ വൈകീട്ട് എറണാകുളത്തെത്തും.. നീ വൈകീട്ട് എറങ്ങാൻ നോക്ക് നേരത്തെ... നേരെ റയിൽവേസ്റ്റേഷനിലേക്ക് വാ... അവിടുന്ന് ഒന്നിച്ച് കറങ്ങാൻ പോകാം..."" ഉണ്ണി തിരിച്ചയച്ചു..
""ഏഹ്!! എന്താ പെട്ടെന്ന്!! എന്തെങ്കിലും പ്രശ്നമുണ്ടോ?? ഞാൻ ഇവിടെ ഒടുക്കത്തെ തിരക്കിലാണ്... ഇവിടുന്ന് അങ്ങനെ ഇറങ്ങാനൊന്നും പറ്റില്ല... ഇവിടെ ഉള്ളവരൊക്കെ ഡെഡ്ലൈൻ മീറ്റ് ചെയ്യാൻ കിടന്ന് ചാവുമ്പോൾ ഞാനെങ്ങനെ നേരത്തെ ഇറങ്ങാനാ!! ഞാൻ ഇറങ്ങിയിട്ട് പറയാം അപ്പോൾ വന്നാൽ മതി ഇവിടേക്ക്..."" അവൾ തിരിച്ചയച്ചു..
""പ്രശ്നമൊന്നുമല്ല, ശ്രീയ്ക്ക് ഒരു പെണ്ണ് ശരിയായിട്ടുണ്ട്.. അവൻ്റെ നിശ്ചയമാണ്... പിന്നെ നിന്നെ കണ്ടിട്ടും കുറേയായില്ലെ... എന്നുമൊന്നുമില്ലല്ലോ, ഒരു ദിവസമൊക്കെ നേരത്തെ ഇറങ്ങാം, എനിക്ക് രാത്രിതന്നെ നാട്ടിൽ പോകുകയും വേണം.. അതുകൊണ്ടാ.."" ഉണ്ണി പറഞ്ഞു...
""മ്ം... ഞാൻ നോക്കാം.. ശരി ബൈ ഞാൻ പോയി.. വൈകീട്ട് എന്താണ് അവസ്ഥ എന്നുനോക്കിയിട്ട് ഞാൻ പറയാം.. അവസാനം ഇറങ്ങാൻ പറ്റിയില്ലെങ്കിൽ അതും പറഞ്ഞ് വഴക്കുണ്ടാക്കരുത്, ഞാൻ മാക്സിമം നോക്കാം... ബൈ ട്ടോ... ലവ് യൂ..."" അവൾ പതിവ് കടംകഴിക്കൽ തീർത്ത് പോയി... ഒരു ഫീലിങുമില്ലാതെ വെറുതെ പറഞ്ഞ ആ ലവ് യൂ അവൻ്റെ കോപം ഇരട്ടിപ്പിച്ചു... 'അറിഞ്ഞുകൊണ്ട് ഒരാളെ ഇങ്ങനെ വലിച്ചിഴച്ച് വട്ടുപിടിപ്പിച്ചിട്ട് ഇവളുമാർക്കൊക്കെ എന്ത് മനസ്സുഖമാണ് കിട്ടുന്നത്!!! കുറച്ച് തൊലിവെളുപ്പും വായേൽനാക്കും ഉണ്ടെങ്കിൽ സാധാരണക്കാരായ ആണുങ്ങളെയെല്ലാം വാലിൻ്റെ തുമ്പിൽ കെട്ടിയിട്ട് നടക്കാമെന്നാണോ വിചാരം!!! യാതൊരു ഉളുപ്പുമില്ലാതെ മറ്റൊരുത്തൻ്റെ കൂടെ നടക്കുമ്പോഴും എന്നോട് ഇഷ്ടമാണെന്നതരത്തിൽ സംസാരിക്കാൻ എങ്ങനെ കഴിയുന്നു അവൾക്ക്!!! ഇതൊക്കെ ഒരാൾക്ക് എങ്ങനെ ചെയ്യാൻ സാധിക്കുന്നു... ' ഉണ്ണിയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങളുയർന്നു...
പിറ്റേന്ന് രാവിലെ തന്നെ ഉണ്ണി ട്രെയിൻ കയറി... ഒരു ദിവസത്തെ യാത്രയുണ്ട് നാട്ടിലേക്ക്... നാട്ടിലേക്കുള്ള മടക്കയാത്ര എന്നത്തേയും പോലെ സുഖമുള്ളതായിരുന്നില്ല അവന്... ഉറങ്ങാതെ അവനാ രാത്രി വെളുപ്പിച്ചു.. വൈകുന്നേരമായപ്പോഴേക്കും അവൻ എറണാകുളം എത്താറായി.. പറഞ്ഞപോലെ ശ്രീയും ഡ്രൈവറും പ്രത്യേകം പിടിപ്പിച്ച ബമ്പർ ഗാർഡ് ഉള്ള വണ്ടിയുമായി ഇൻഫോപാർക്കിനുപുറത്ത് കുറച്ചകലെയായി കാത്തുനിൽക്കുന്നുണ്ടായിരുന്നു... ഉണ്ണി എത്താറായെന്ന് നിത്യയെ വിളിച്ച് പറഞ്ഞു... അവൾ ഇറങ്ങിയെന്നു പറഞ്ഞപ്പോൾതന്നെ അവനത് ശ്രീയെ അറിയിച്ചു... അവർ വണ്ടി സ്റ്റാർട്ടാക്കി നിർത്തി... കുറച്ചുകഴിഞ്ഞപ്പോൾ ഗേറ്റുകടന്ന് നിത്യ പുറത്തേക്ക് വരുന്നത് ശ്രീ ബൈനോക്കുളറിലൂടെ കണ്ടു... വണ്ടി ഗിയറുമാറ്റി അവർ മുന്നോട്ടെടുത്തു.. പെട്ടെന്നുതന്നെ ഓവർസ്പീടിലേക്ക് കുതിച്ച വണ്ടി കൺചിമ്മുന്നനേരം കൊണ്ട് നിത്യയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ കടന്നുപോയി... ഇതെല്ലാം വീഡിയോകോളിലൂടെ ഉണ്ണി കാണുന്നുണ്ടായിരുന്നു... അവൻ ഒരു നിമിഷത്തേക്ക് കണ്ണുകളടച്ചു...
""ഡാ... മതി നിന്ന് സ്വപനം കണ്ടത്... ഇനിയെങ്കിലും ഒന്ന് നോർമൽ ലൈഫിലേക്ക് വാ നീ..."" ശ്രീയുടെ വിളി കേട്ടാണ് ഉണ്ണി കണ്ണുതുറന്നത്.... അത്രയും നേരം അവൻ ചിന്തിച്ചുകൂട്ടിയതൊക്കെയും അവിടെ എരിഞ്ഞടങ്ങി അവൻ്റെയുള്ളിൽ... ഇനി അതിലേക്കൊരു തിരിഞ്ഞുനോട്ടം വേണ്ടെന്ന് അവൻ തീരുമാനിച്ചു... കഴിഞ്ഞതെല്ലാം കഴിഞ്ഞു... നഷ്ടങ്ങളുടെ കണക്കെടുക്കാൻ നിന്നാൽ അതൊന്നും തിരിച്ചുകിട്ടില്ലല്ലോ....
""അല്ല, ഈ വണ്ടി ഇവിടെ കിടന്നാൽ അത് പ്രശ്നമാവില്ലേ?? ഇതിനി എന്തുചെയ്യും??"" ഉണ്ണി സംശയത്തോടെ ചോദിച്ചു...
""അത് രാത്രി വന്ന് പൊളിക്കാൻ കൊണ്ടുപൊക്കോളും.. നീ അതൊന്നും ആലോചിച്ച് തലപുണ്ണാക്കേണ്ട.. ആ വണ്ടിയില്ലാതെ പോലീസിനൊന്നും ചെയ്യാൻ കഴിയില്ല.. അത് രാത്രിയോടെ പൊടിയായിക്കോളും.. നീ പറഞ്ഞപോലെ നിൻ്റെ മനസ്സമാധാനത്തിനാണ് ഇതൊക്കെ ചെയ്ത് കൂട്ടിയത്... ഇനി മേലാൽ പഴയ കാര്യങ്ങളോർത്ത് നീ കിടന്ന് മോങ്ങാനോ സെൻ്റിയടിക്കാനോ നിന്നാൽ നിന്നേം ഇതേപോലെ തട്ടിക്കളയും ഞാൻ... നിനക്ക് ഒരു ലൈഫുണ്ട്, അമ്മച്ചിയെ സ്വന്തം അമ്മയെപ്പോലെ നോക്കുന്ന ഒരുത്തി ഇനിയും നിൻ്റെ ജീവിതത്തിലേക്ക് കടന്നുവരും... എല്ലാവരും ഇവളെപ്പോലെയൊന്നുമല്ലെടാ... നല്ല പിള്ളേരും ഉണ്ട് ഈ നാട്ടിൽ... നിൻ്റെ പെണ്ണിനെ ദൈവം മുന്നിൽ കൊണ്ടുവന്ന് നിർത്തിത്തരും... ഇതൊക്കെ ഒരു പാഠമായിട്ടെടുത്താൽമതി..."" ശ്രീ അവൻ്റെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു...
""എൻ്റെ പൊന്നോ വേണ്ടായേ!!! ഇനി പെണ്ണുമില്ല പിടക്കോഴിയുമില്ല... ഇനിയും ഒരാളെ വിശ്വസിക്കാനൊന്നും എന്നെക്കൊണ്ടാവില്ല മോനേ... സിങ്കിൾ പസങ്കയായിട്ട് നടക്കുന്നതാ നല്ലത്... ആരേം ബോധിപ്പിക്കേണ്ട... ആരോടും സമാധാനം പറയേണ്ട... കുറഞ്ഞത് മനസ്സമാധാനമെങ്കിലും ഉണ്ടാവുമല്ലോ... നീയൊക്കെയുണ്ടല്ലോ നല്ല കൂട്ടുകാരായിട്ട്... അത് മതിയെന്നേ"" ഉണ്ണി ചിരിച്ചു...
""ആഹ് നീയിത് പറയുമെന്നെനിക്കറിയാമായിരുന്നു... ഇതൊക്കെ ഇപ്പോഴത്തെ അവസ്ഥ നിന്നെക്കൊണ്ട് പറയിക്കുന്നതാ... അതൊക്കെ കുറച്ചുകഴിയുമ്പോ മാറിക്കോളും... നീ അകത്തേക്ക് വാ... വേണേൽ ഒരു പെഗ് കൂടെ തരാം... ഇന്നത്തേക്ക് മാത്രം.. ശീലമാക്കാൻ നിന്നാൽ വിവരമറിയും നീ.. അടിച്ചിട്ട് എവടേലും ചുരുണ്ടുകൂടി കിടന്നോണം..."" ശ്രീ അവനെ കൂട്ടി അകത്തേക്ക് പോയി...
ഒരു മഴ പെയ്തുതീർന്ന അനുഭൂതിയോടെ ഉണ്ണി അകത്തേക്കുനടന്നു... ഏതുസാഹചര്യത്തിനോടും പൊരുത്തപ്പെടാൻ അനുഭവങ്ങൾ അവൻ്റെ മനസ്സിനെ നല്ലപോലെ പാകപ്പെടുത്തിയിരുന്നു... ഈ ലോകത്ത് ഒന്നും, ആരും ആർക്കും സ്വന്തമല്ലെന്ന് അവൻ മനസ്സിലാക്കിയിരുന്നു... ഏകാന്തതയിൽ ഒറ്റപ്പെട്ടുപോകാൻ സമ്മതിക്കാത്ത കുറച്ചുപേർ ചുറ്റിലുമുണ്ടെങ്കിൽ അതുതന്നെയാണ് ഏറ്റവും വലിയ സന്തോഷം... തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, വഴിയിൽ ഇട്ടിട്ട് പോകാതെ, സന്തോഷത്തിലും സങ്കടത്തിലും ഉയർച്ചയിലും താഴ്ച്ചയിലും കൂടെയുണ്ടാകുന്ന ആ ചിലർ മാത്രം മതി മുന്നോട്ടുള്ള ജീവിതത്തിന് നിറം പകരാൻ...കഴിഞ്ഞുപോയ കാലങ്ങളും പിന്നിട്ട വഴികളും കാലിൽ തറച്ച മുള്ളുകളും അന്നാരാത്രിയിൽ മനസ്സിൻ്റെയുള്ളിൽ ഒരു ചിതകൂട്ടി അതിൽ എരിച്ചുകളഞ്ഞു അവൻ... ഇനിയൊരാളെയും വിശ്വസിക്കാനാവുമോ എന്ന് അവനുപോലും അറിയില്ല... എന്നാലും കാലത്തിൻ്റെ കണക്കുപുസ്തകത്തിൽ എല്ലാത്തിനും അളന്നുമുറിച്ച പ്രതിവിധികളുണ്ട്... പ്രതിഫലങ്ങളുണ്ട്... മറുമരുന്നുകളുണ്ട്...
മാറാനും മറക്കാനും കഴിയുന്ന മരിയ്ക്കാത്ത മനസ്സ്...
ശുഭം..
Comments
Post a Comment