പായ്ക്കപ്പൽ (നോവൽ)

"" Ladies and Gentlemen, we have started our final descent. In preparation for landIng, please return to your seats, fasten your seatbelts, raise your....""

പെട്ടെന്നുള്ള അനൗൺസ്മെൻ്റ് കേട്ടാണ് അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്... കണ്ണ് തിരുമ്മി ചക്രം കണ്ണടയെടുത്തുവച്ച് പുറത്തേക്ക് നോക്കി... രണ്ടുവർഷത്തിനിപ്പുറം തൻ്റെ കേരളത്തിലേക്ക് ഒരു മടക്കയാത്ര... ചുരുക്കം ചിലരുടെ അനിഷ്ടസംഭവങ്ങളെ തുടർന്നുള്ള പെട്ടെന്നുള്ള മടങ്ങിവരലുകളല്ലാതെ ഒരുപാടുകാലത്തിനുശേഷം പ്രവാസികളെല്ലാം തിരികെ നാട്ടിലേക്ക് വരുന്നത് അത്രയേറെ സന്തോഷത്തോടെയായിരിക്കുമല്ലോ.. കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമെല്ലാം മിഠായികളും സമ്മാനങ്ങളുമൊക്കെയായി തന്നെയാണ് അയാളും അന്ന് തിരുവനന്തപുരത്തേക്ക് വിമാനം കയറിയത്.. പക്ഷേ ഉള്ളിൽ സന്തോഷങ്ങൾക്കിടയിലും ഒരു ചെറിയ കനൽ വിമാനത്തിനകത്തെ ഏസിയിലും അയാളെ ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു..

ഫൈറ്റിറങ്ങിയതും പെട്ടെന്നുതന്നെ ചെക്കൗട്ട് ചെയ്ത് അയാൾ പുറത്തിങ്ങി... സ്വീകരിക്കാനായി വീട്ടുകാരോ നാട്ടുകാരോ ഒന്നും തന്നെ വന്നിട്ടുണ്ടായിരുന്നില്ല... വരേണ്ടെന്ന് പറഞ്ഞതാണ്.. കാരണം അവർക്കറിയില്ലല്ലോ രാത്രി വൈകിയാണ് എത്തുന്നതെന്ന് പറഞ്ഞ് പുലർച്ചെ 5 മണിക്ക് തന്നെ വന്നിറങ്ങാൻ പ്ലാൻ ചെയ്തത്... പുറത്തിറങ്ങിയ അയാൾ നേരെ നേരത്തെ ബുക്ക് ചെയ്ത ടാക്സി പിടിച്ചു..
""കൊച്ചിൻ ഷിപ്യാർഡ് അല്ലേ സാറേ?"" ഡ്രൈവർ ചോദിച്ചു..
"" ഷിപ്യാർഡ് എന്ന് ബുക്കിങ്ങിൽ പറഞ്ഞെന്നേയുള്ളൂ, അതിനടുത്താണ്.. നിങ്ങൾ അവിടെ എത്താറാവുമ്പോൾ പറഞ്ഞാൽ മതി, ഞാൻ ഇത്തിരി നേരം ഒന്നുറങ്ങട്ടെ.."" അയാൾ പതുക്കെ കണ്ണട എടുത്ത് മടക്കിവച്ച് പതിയെ കണ്ണുകളടച്ചു.. ഡ്യൂട്ടികഴിഞ്ഞ് നേരെ വന്നതിനാലുള്ള യാത്രാക്ഷീണം കൊണ്ട് അയാൾ പതിയെ ഉറക്കത്തിലാണ്ടു.... ഓർമകളുടെ നിലയില്ലാക്കയത്തിലയാൾ വഴുതിവീണു..

4 വർഷം മുൻപാണയാൾ അവളെ പരിചയപ്പെടുന്നത്... കണ്ടതും അടുത്തറിഞ്ഞതും സുഹൃത്ത്ബന്ധം പതിയെ പ്രണയത്തിലേക്ക് വഴിമാറിയതുമെല്ലാം പെട്ടെന്നായിരുന്നു.. മസ്ക്കറ്റിൽ തരക്കേടില്ലാത്ത ഒരു ജോലിയും ശമ്പളവും കൊണ്ട് നാട്ടിൽ നല്ലരീതിയിൽ സെറ്റിലാവാൻ പാടുപെടുന്ന ഒരു മിഡ്ഡിൽക്ലാസുകാരൻ്റെ വലിയ വർണപ്പകിട്ടൊന്നുമില്ലാത്ത ഒരു ലോങ്ങ് ഡിസ്റ്റൻ്റ് ലൗ സ്റ്റോറി.. വിവാഹം വരെയും സ്വപ്നം കണ്ട് നടന്ന നേരത്താണ് പെട്ടെന്നൊരു ദിവസം ഒരു ഫോൺകാളിലൂടെ അവൾ ഈ ബന്ധം നടക്കില്ല എന്ന് പറയുന്നത്... വ്യക്തമായ ഒരു കാരണമില്ലാതെ ഒന്നിച്ചൊരു ജീവിതം വരെ സ്വപ്നം കണ്ട ഒരു ബന്ധം വേണ്ടെന്ന് ആരും പറയില്ലല്ലോ... തക്കതായ കാരണങ്ങൾ അവൾ പറയുകയും ചെയ്തതാണ്.. പലപ്പോഴും തൻ്റെ മദ്യപാനം അതിരുകടക്കുന്നതും കള്ളിൻ്റെ പുറത്തുള്ള ചില പെരുമാറ്റങ്ങളും പണ്ടുതൊട്ടേ അവൾക്കിഷ്ടമല്ലെന്ന് എപ്പോഴും പറയാറുള്ളതാണ്.. പുകവലിയും മദ്യപാനവും നിർത്താൻ പലവട്ടം ശ്രമിച്ചതുമാണ് അയാൾ.. പക്ഷേ മനുഷ്യരല്ലേ..! മാറാൻ സമയമെടുക്കില്ലേ... അവളുടെ അച്ഛന് ഇത്യാധി ദുശ്ശീലങ്ങൾ ഇല്ലാത്തതിനാൽ ഭാവി മരുമകനിൽ അവ ഉണ്ടായിരിക്കരുതെന്ന ഒറ്റ നിബന്ധന മാത്രമേ അങ്ങേർക്കുണ്ടായിരുന്നുള്ളൂ.. എല്ലാ ദുശ്ശീലങ്ങളും അറിഞ്ഞിട്ടും തന്നെ പ്രണയിച്ചവൾക്കുവേണ്ടി അൽപ്പമെങ്കിലും മാറാൻ ശ്രമിച്ചില്ലെങ്കിൽ പിന്നെ തനിക്കെന്ത് സ്വീകാര്യതയാണുള്ളതെന്ന ചിന്തയാൽ കഴിഞ്ഞ ഒരു വർഷത്തോളമായി അയാൾ അവൾക്കുവേണ്ടി ഒരുപാട് മാറിക്കഴിഞ്ഞിരുന്നു.. എന്നിട്ടും പെട്ടെന്ന് ഇങ്ങനെ ഒരു ഫുൾസ്റ്റോപ്പ് ഇടാൻ അയാൾക്ക് മനസ്സുവന്നില്ല.. അതുകൊണ്ടാണ് രണ്ടാമതൊന്നാലോചിക്കാതെ പെട്ടെന്നുതന്നെ സർപ്രയ്സായിട്ട് ലീവെടുത്തതും വീട്ടിലേക്ക് പോകും മുൻപേ അവളെ നേരിൽ കണ്ട് സംസാരിക്കാനും തീരുമാനിച്ചത്...

""സർ ഷിപ്യാർഡ് എത്താറായി.. എവിടേക്കാ പോകേണ്ടത്.."" ഡ്രൈവറുടെ ശബ്ദം കേട്ടാണ് അയാൾ ഓർമ്മകളിൽ നിന്നുണർന്നത്.. അവളുടെ ഹോസ്റ്റലിൻ്റെ അഡ്രസ്സ് പറഞ്ഞുകൊടുത്ത് അയാൾ കണ്ണട ഒന്ന് തുടച്ചിട്ട് എടുത്തുവച്ചു.. അവളുടെ ഷിഫ്റ്റ് രാവിലെയായതുകൊണ്ടുതന്നെ ഡ്യുട്ടിക്ക് ഇറങ്ങുന്നതിനുമുൻപേ എത്താൻ വേണ്ടിയാണ് അയാൾ രാവിലെ തന്നെ എത്തിയത്..
ഹോസ്റ്റലിനു മുൻപിൽ എത്തിയിട്ട് അയാൾ അവളെ വിളിച്ചു..
"" ഹലോ.. നീ എവിടെയാ.. ഡ്യൂട്ടിക്ക് ഇറങ്ങിയോ?""

"" ആഹ്.. ഞാൻ ദാ ഹോസ്റ്റലിലാണ്, ഇറങ്ങിയിട്ടില്ല.. എന്തേ""

"" എന്നാ നീയൊന്ന് താഴേക്ക് വാ""

""ഏഹ്!! എന്ത്!! താഴെയോ! നിങ്ങൾ... നിങ്ങൾ വന്നോ!!""

""നീ താഴേക്കിറങ്ങി വാ"" എന്നും പറഞ്ഞ് അയാൾ ഫോൺ കട്ടാക്കി.. അവൾക്കായി പ്രത്യേകം വാങ്ങിയ ചോക്ലേറ്റുകളും പെർഫ്യൂമുകളും സമ്മാനങ്ങളുമെല്ലാം കയ്യിൽ കരുതിക്കൊണ്ട് അയാൾ കാത്തുനിന്നു... ഒരു പത്തുമിനിറ്റ് ആയപ്പോഴേക്കും അവൾ താഴേക്കുവന്നു.. കുളിച്ചൊരുങ്ങി പതിവിലധികം സുന്ദരിയാണവൾ.. പക്ഷേ നഴ്സിങ് യൂണിഫോമിലല്ല...  അവളെ കണ്ടപ്പോൾ തന്നെ അവൻ്റെ ഹൃദയമിടിപ്പ് കൂടി.. ആദ്യമായ് കണ്ടനാളിലെങ്ങനെയായിരുന്നോ അതുപോലെതന്നെ.. പക്ഷേ അവളുടെ മുഖത്ത് ഒരു സന്തോഷം കാണാനില്ല.. ആകെ മൊത്തം ഒരു വെപ്രാളം പോലെ.. വീട്ടിൽ നിന്നുള്ള പ്രഷറും ഇപ്പോഴത്തെ പ്രശ്നങ്ങളുമെല്ലാം കാരണമായിരിക്കാം.. അയാൾ ഊഹിച്ചു.. അതുകൊണ്ടുതന്നെ പഴയ ആ ഒരു അടുപ്പത്തിൻ്റെ ഫ്രീഡമെടുത്ത് കളി ചിരി പറയാനും തമാശിക്കാനും അയാളും തുനിഞ്ഞില്ല.. വന്നത് പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാനും പഴയതിനേക്കാൾ സ്ട്രോങ്ങാവാനുമാണ്.. അതിനവൾക്ക് ലേശം സമയം കൊടുക്കേണ്ടതും അത്യാവശ്യമാണ്...

"" നീയെന്താ ഇന്ന് ഡ്യൂട്ടിക്ക് പോകുന്നില്ലേ"" അയാൾ ചോദിച്ചു..

"" അത്.. പോവാൻ റെഡിയായാതാണ്.. പീരിയഡ്സ് തുടങ്ങി.. നല്ല ബ്ലീഡിങ്ങും പെയ്നും.. ആകെ ക്ഷീണവും തലവേദനയും.. അതിൻ്റെയൊരു ഇതിലിരിക്കുമ്പോഴാ നിങ്ങൾ വിളിച്ചേ.."" അവളുടെ സംസാരത്തിൽ പരിഭ്രമമാണോ അതോ ക്ഷീണമാണോ?? ക്ഷീണം തന്നെയാണ്...

""ആഹ് വെറുതെയല്ല ഒരു വിളർച്ച മുഖത്ത്.. അപ്പൊ പിന്നെ എപ്പോഴത്തേയും പോലെ ഇന്നും ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലേ... വാ ഒരു ചായ കുടിക്കാം.. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.. ഞാനതുകൊണ്ടാ വീട്ടിൽ പോലും പോകാതെ നേരെ ഇങ്ങോട്ടുവന്നത്.."" അയാൾ പറഞ്ഞു..

"" നിങ്ങൾക്കിതെന്തിൻ്റെ കേടാ!! ഇക്കണ്ട കാശും കളഞ്ഞ് നേരെ ഇങ്ങോട്ട് വരാൻ! ഞാൻ ഇവിടെ ഇല്ലായിരുന്നെങ്കിലോ! എല്ലാം വെറുതെയാവില്ലേ.. വീട്ടിൽ പോയി അമ്മയെ കാണാതെ നേരെ ഇങ്ങോട്ട് വന്നേക്കുന്നു... ഹും.."" അവൾ സ്വൽപം കനത്ത സ്വരത്തിലാണ് പറഞ്ഞത്..

"" ഹാ നീ ചൂടാവല്ലേ! നിൻ്റെ റുട്ടീനൊക്കെ എനിക്കറിയാമല്ലോ.. അതുവച്ച് പ്ലാൻ ചെയ്ത് തന്നെയല്ലേ വന്നേക്കുന്നേ.. പിന്നെ നിനക്കുവേണ്ടി ചിലവാക്കുന്നതിനൊന്നും എനിക്ക് യാതൊരു മടിയുമില്ലെന്നറിയാവല്ലോ.. നീ വാ നമുക്ക് വല്ലോം കഴിച്ചിട്ട് സംസാരിക്കാം നല്ല വിശപ്പുണ്ട്.."" അവൻ നേരെ അവൾക്കുവേണ്ടി കൊണ്ടുവന്ന കിറ്റ് കൊടുത്തുകൊണ്ട് രംഗം കൂളാക്കി...

തൊട്ടടുത്തുള്ള ഹോട്ടലിൽ ഇരുന്നുകൊണ്ട് അല്ലറ ചില്ലറ കുശലാന്വേഷണങ്ങൾക്കു ശേഷം അയാൾ നേരെ കാര്യങ്ങളിലേക്ക് കടന്നു...

"" ദേ നമുക്ക് നേരെ കാര്യത്തിലേക്ക് കടക്കാം.. ഇപ്പൊ ഈ ബന്ധം വേണ്ടെന്ന് പറയാൻ എന്താണ് കാരണം? വീട്ടുകാർ സമ്മതിക്കാത്തതും നിന്നെ ഇമോഷണൽ ബ്ലാക്ക്മെയ്ൽ ചെയ്യുന്നതും എല്ലാം സഹിച്ച് നീ എനിക്ക് വേണ്ടി നിന്നതല്ലേ... എപ്പോൾ വേണമെങ്കിലും ഇറങ്ങിവരാം എന്നുവരെ പറഞ്ഞ് നിന്നിട്ട് ഇപ്പോഴെന്താണ് ഇങ്ങനെയൊരു മനം മാറ്റം? ഇനി വേറെ വല്ല ആലോചനയും വീട്ടുകാർ ഉറപ്പിച്ചോ? എന്താണെങ്കിലും നീ പറ പരിഹാരം ഇല്ലാത്ത പ്രശ്നമില്ലല്ലോ.."" അയാൾ പറഞ്ഞു..

"" വീട്ടിലെ പ്രശ്നങ്ങൾ ഞാനിനിയും പറയേണ്ടല്ലോ.. അവരെന്നെ ആൾമോസ്റ്റ് തഴഞ്ഞ മട്ടാണ്... കുറച്ചുകാലങ്ങളായിട്ട് വീട് വീടല്ലല്ലോ ജയിലല്ലേ.. അതൊന്നുമല്ല.. കുറച്ച് ദിവസങ്ങൾക്കുമുൻപ് ഹോസ്റ്റലിലെ സനു ഉണ്ടല്ലോ.. ഞങ്ങളെല്ലാരും ഇങ്ങനെ ട്രൂത്ത് ഓർ ഡെയർ കളിക്കുന്നതിനിടക്കാണ് അവൾ അവളുടെ റിലേഷനെപ്പറ്റി പറയുന്നേ.. അവനവളെ ഓരോന്നിന് നിർബന്ധിക്കാൻ തുടങ്ങിത്രേ..  വളരെ ടോക്സിക്ക് ആയ ഒരുത്തനാണ് അവനെന്ന് മനസ്സിലായപ്പോൾ തന്നെ അവൾക്ക് അവനോട് ഒരു നോ പറഞ്ഞ് റിലേഷനിൽ നിന്ന് ഇറങ്ങിപ്പോരാൻ കഴിഞ്ഞു... അതൊക്കെ കേട്ടപ്പോൾ.. എനിക്ക് എന്തോ എന്നോടുതന്നെ പുച്ഛം തോന്നിപ്പോയി... എന്നേക്കാൾ പ്രായം കുറഞ്ഞ അവൾക്ക് ഇത്രേം ബോൾഡായിട്ട് ഒരു ഡിസിഷൻ എടുക്കാൻ കഴിഞ്ഞിട്ടും എനിക്കെന്തേ അതിനു കഴിഞ്ഞില്ല എന്ന തോന്നൽ എന്നെ വല്ലാണ്ട് ഡിസ്റ്റർബ് ചെയ്യുവാ.. എത്രത്തോളം ക്യാരക്ടർലെസ്സാണ് ഞാനെന്ന്... നിങ്ങൾ ഓരോപ്രാവശ്യവും വെള്ളത്തിൻ്റെ പുറത്ത് പറഞ്ഞതും ചെയ്തതുമെല്ലാം സഹിച്ച്... ഓർക്കുമ്പാൾതന്നെ അറപ്പ് തോന്നുവാ... എനിക്ക് അതൊക്കെ വല്ലാത്തൊരു ട്രോമയാണ് മനസ്സിൽ... ഇഷ്ടമില്ലാഞ്ഞിട്ടുകൂടെ നിങ്ങളുടെ സാറ്റിസ്ഫാക്ഷനുവേണ്ടി നിന്നുതന്നതിനൊക്കെ കുറ്റബോധം തോന്നുന്നു.. അതുകൊണ്ടാണ് ഈ ബന്ധം ഇനി ശരിയാവില്ലെന്ന് ഞാൻ പറഞ്ഞത്..""
 
അവളുടെ മനസ്സിലുള്ളതെല്ലാം പുറത്തുവന്നത് കേട്ടപ്പോൾ വായിലുണ്ടായിരുന്ന മസാലദോശയുടെ കഷ്ണം പോലും അയാൾക്ക് ഇറക്കാൻ കഴിഞ്ഞില്ല..
തൻ്റെ പെരുമാറ്റങ്ങൾ അവളെ ഇത്രത്തോളം ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ടാകുമെന്ന് അയാൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല!! എന്തുപറയണമെന്നറിയാതെ അയാളുടെ ശബ്ദം ഇടറി.. തൊണ്ട വരണ്ടു..

"" ഞാൻ... എന്താ പറയേണ്ടെന്നെനിക്കറിയുന്നില്ല... ശരിയാണ്, അങ്ങനെയായിരുന്നു പണ്ടെല്ലാം.. പക്ഷേ ഇപ്പോഴത്തെ എന്നെ നോക്കിയേ.. കഴിഞ്ഞ ഒരു കൊല്ലത്തോളമായി ഞാൻ എന്നെത്തന്നെ കണ്ട്രോൾ ചെയ്യുന്നില്ലേ... ഒരുപാട് മാറിയില്ലേ ഞാൻ.. ദുശ്ശീലങ്ങളാണ്, അറിയാം, അത് നിനക്ക് വേണ്ടിയല്ലേ.. നമുക്കുവേണ്ടില്ലേ ഞാൻ മാറാൻ ശ്രമിക്കുന്നത്... കഴിഞ്ഞുപോയ കാര്യങ്ങൾ വിട്, അതൊന്നും ഓർക്കേണ്ട.. ഇനിയങ്ങോട്ട് എന്ത് എന്നുള്ളതല്ലേ കാര്യം.. സനുവും അവനും പോലെയല്ലല്ലോ നമ്മൾ.. എല്ലാവരും വ്യത്യസ്ഥരല്ലേ.. അവരുമായി നമ്മുടെ കാര്യം കമ്പയർ ചെയ്യേണ്ട.. ആരോടും പറയുകയും വേണ്ട.. നമ്മുടെ കാര്യം നമുക്കുതന്നെ പരിഹരിക്കാവുന്നതേയുള്ളൂ.. നിയ്യൊന്ന് സമാധാനമായിട്ട് ആലോചിക്ക്.."" അയാൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... 

"" ഇല്ല.. എനിക്കിനിയും എൻ്റെ സെൽഫ് റെസ്പക്റ്റ് കളഞ്ഞ് നിൽക്കാൻ കഴിയില്ല... ഓരോ നിമിഷവും പഴയകാര്യങ്ങളാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്.. ഞാനിതെല്ലാം സനുവിനോടും ശരണ്യയോടും അരുണിനോടും മറ്റും പറഞ്ഞിരുന്നു.. അവരെല്ലാം എന്നെ ഒരുപാട് ചീത്ത പറഞ്ഞു! ഇത്രയൊക്കെ ഉണ്ടായിട്ടും നീ എന്തിനാണ് ഇത്രയും കാലം സഹിച്ച് ക്ഷമിച്ച് നിന്നത് എന്നാണ് അവർ ചോദിക്കുന്നത്! ഇനിയും അയാളാണ് നിൻ്റെ ചോയ്സ് എങ്കിൽ ഞങ്ങളൊന്നും കൂടെ കാണില്ല എന്നുവരെ അവർ പറഞ്ഞു..."" 

തീർന്നു...! വെറുതയല്ല അവളുടെ മനസ്സ് ഇങ്ങനെ മാറിയിരിക്കുന്നത്!! പറഞ്ഞ് പറഞ്ഞ് കുഴപ്പിക്കാൻ ഫ്രണ്ടെന്നും പറഞ്ഞ് ഒരാൾ മതിയല്ലോ... 
"" നീ നമ്മുടെ ഇടയിലെ പ്രശ്നങ്ങൾ മറ്റുള്ളവരോട് ഡിസ്കസ് ചെയ്തത് തന്നെ ഒന്നാമത്തെ തെറ്റ്.. പക്ഷേ ഞാൻ കുറ്റം പറയുന്നില്ല കാരണം തെറ്റെൻ്റെഭാഗത്താണ്... ആം റിയലി റിയലി സോറി... ഒരു ചാൻസ് കൂടെ എനിക്ക് താ... ഞാൻ നിൻ്റെ കാലുപിടിക്കാം..."" അയാൾ പറഞ്ഞതും ടേബിളിനടിയിലൂടെ അയാൾ അവളുടെ കാലുപിടിച്ചതും ഒന്നിച്ചായിരുന്നു.. അവൾ ഒരുനിമിഷം ഞെട്ടിപ്പോയി!!  പെട്ടെന്നവൾക്കും എന്താ പറയേണ്ടേ എന്നറിയാതെയായി..

""ഞാൻ.. എനിക്കൊന്നും പറയാൻ കഴിയുന്നില്ല.. നടന്നതൊന്നും എനിക്ക് പെട്ടെന്ന് മറക്കാൻ കഴിയില്ല... കുറച്ച് സമയം വേണം.. കുറച്ച് ഗ്യാപ്പെടുത്തുനോക്കാം നമുക്ക്.. എനിക്ക് കുറച്ച് സമാധാനത്തോടെ ചിന്തിക്കണം.."" 
അവൾ പറഞ്ഞു...

""മതി, പതുക്കെമതി, ദയവുചെയ്ത് ഫ്രണ്ട്സിനോട് അഭിപ്രായം ചോദിക്കരുത്.. നിനക്കെന്തുതോന്നുന്നോ അത് ചെയ്യുക.. ഞാൻ കൂടെ ഉണ്ട് എന്തിനും.. നീ കൂൾ ആവ്.. ഞാൻ ഇറങ്ങിയേക്കുവാ... നിനക്ക് വേണ്ടുവോളം സമയമെടുത്ത് തീരുമാനിക്ക്, നമ്മളുടെ ഇടയിലെ പ്രശ്നങ്ങളല്ലാതെ നല്ല നിമിഷങ്ങൾ മാത്രം ആലോചിച്ചാൽ മതി.. ഇറങ്ങിപ്പോകാൻ നൂറുകാരണങ്ങൾ കണ്ടെത്തുന്നതിനേക്കാൾ കൂടെ നിൽക്കാൻ ഒരൊറ്റ കാരണം തേടിയാൽ മതി... ആ കാരണം എനിക്കുണ്ട്.. നിൻ്റെ ഉള്ളിലും ഉണ്ട്.. അതിനെ മാത്രം കൂട്ടുപിടിക്കാൻ ശ്രമിക്ക്..""
ഇത്രയും പറഞ്ഞുകൊണ്ട് അയാൾ എഴുനേറ്റ് നടന്നു..

വന്നപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ കലങ്ങിമറിഞ്ഞ കടലിനെപ്പോലെയായി അയാളുടെ മനസ്സ്.. കൊടുങ്കാറ്റിലകപ്പെട്ട് ദിശയറിയാതെ തുഴയുന്ന പായ്ക്കപ്പൽ പോലെ അയാൾ ശാന്തമായ കടലിനുവേണ്ടി കാത്തിരുന്നു...




അദ്ധ്യായം 2

"" Ladies and Gentlemen, we have started our final descent. In preparation for landIng, please return to your seats, fasten your seatbelts, raise your....""

ഫ്ലൈറ്റിലെ അനൗൻസ്മെൻ്റ് കേട്ടാണയാൾ കണ്ണുതുറന്നത്... പെട്ടെന്നുതന്നെ അയാൾക്കോർമ്മവന്നത് രണ്ടുവർഷം മുൻപിലത്തെ ഇതുപോലൊരു വരവാണ്... അന്നത്തെ അതേ ഫ്ലൈറ്റും അതേ കാബിൻക്രൂവും... അന്ന് വരുമ്പോൾ കലങ്ങിമറിഞ്ഞ കടലുപോലെയായിരുന്നു അയാളുടെ മനസ്സ്.. പക്ഷേ ഇന്ന് അയാളുടെ മനസ്സിൽ പിരിമുറുക്കങ്ങളോ ചോദ്യങ്ങളോ  ഒന്നും തന്നെയില്ല.. എല്ലാത്തിനും വ്യക്തതയും ഉത്തരങ്ങളും അയാളുടെ കയ്യിലുണ്ട്.. കാരണം ഇന്നയാൾ വരുന്നത് അവളുടെ കല്യാണത്തിനാണ്!!!..

രണ്ടുവർഷം മുൻമാണ് അവളുമായിട്ടുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനായി അയാൾ ദൃതി പിടിച്ച് നാട്ടിലേക്ക് വന്നതും എറണാകുളം വരെ പോയി അവളെ കണ്ട് കരഞ്ഞുകാലുപിടിച്ചതും എല്ലാം.. അന്നത്തെ ദിവസം അവളെ കണ്ട് തിരിച്ചിറങ്ങി അയാൾ നേരെ വീട്ടിലേക്ക് പോയി... വീട്ടിലെ വിശേഷങ്ങളും ഒത്തുകൂടലുകൾക്കും ആഘോഷങ്ങൾക്കുമിടയിലും അയാൾ അവളുടെ കാര്യത്തിൽ വ്യാകുലനായിരുന്നു... ഒരു മാസത്തോളം നാട്ടിലുണ്ടായിരുന്നിട്ടും പിന്നീടൊരു കൂടിക്കാഴ്ച്ച തരപ്പെട്ടിരുന്നില്ലെങ്കിലും പണ്ടത്തേക്കാൾ കൂടുതൽ അവൾ തനിക്കുവേണ്ടി സമയം കണ്ടെത്തുന്നുണ്ടെന്ന് അയാൾക്ക് തോന്നി.. പതിയെ എല്ലാം കലങ്ങിത്തെളുയുമെന്ന് വിശ്വസിച്ചുകൊണ്ടാണ് അയാൾ തിരിച്ച് പ്രവാസജീവിതത്തിലേക്ക് ചേക്കേറിയതും.. പക്ഷേ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു...

ഗൾഫിൽ തിരിച്ചെത്തി ജോലിയിൽ മുഴുകിയിരിക്കുമ്പോഴാണ് അയാൾക്ക് നാട്ടിലെ ഒരു സുഹൃത്തിൻ്റെ ഫോൺകാൾ വരുന്നത്..

"" എടാ നിങ്ങൾ തമ്മിൽ ബ്രേക്കപ്പായോ? അവളെ പറ്റി നല്ല അഭിപ്രായങ്ങളൊന്നുമല്ലല്ലോ കേൾക്കുന്നേ.. നീയറിഞ്ഞിരുന്നോ?"" കുശലാന്നേഷണങ്ങൾക്കിടയിൽ സുഹൃത്ത്  ചോദിച്ചു..

""ബ്രേക്കപ്പോ!! നീയെന്തൊക്കെയാ ഈ പറയുന്നേ? ഞങ്ങൾ തമ്മിൽ ചുമ്മാ ചില സൗന്ദര്യപ്പിണക്കങ്ങൾ ഉണ്ടെന്നല്ലാതെ യാതൊരു പ്രശ്നങ്ങളുമില്ല.. നിന്നോടിതാരുപറഞ്ഞു? അവളെപ്പറ്റി ആരാ എന്താ പറയുന്നേ?""  അയാൾ ആശ്ചര്യപ്പെട്ടു!!

"ആഹ് എന്നാ നീ അറിയാഞ്ഞിട്ടാ.. അവളാളു ശരിയല്ല.. ആദ്യം നീ, പിന്നെ പാലക്കാട് ഒരു സിജിൻ... ഇപ്പൊ ദാ നാട്ടീന്ന് ഒരു സൂരജ്... നിന്നെ ഇപ്പോഴും പറ്റിച്ചുകൊണ്ടിരിക്കുവാ.. ഇവിടെ നാട്ടിൽ അവൾ മിനിറ്റിനു മിനിറ്റിന് ആളെ മാറ്റിക്കൊണ്ടിരിക്കുവാ.. നീയിതൊന്നും അറിയാത്തത് നീ ഇപ്പോഴും അവള് പറയണത് മാത്രം വിശ്വസിച്ചിരിക്കുന്നതുകൊണ്ടാണ്.."" സുഹൃത്ത് പറഞ്ഞു.. 

അയാൾക്ക് തൻ്റെ കാതുകളെ വിശ്വസിക്കാൻ മനസ്സുവന്നില്ല... നെഞ്ചിനുള്ളിൽ ആറ്റംബോംബ് പൊട്ടിയപോലെയായിപ്പോയി അയാളുടെ അവസ്ഥ!! ഒരു നിമിഷത്തേക്ക് അയാൾ സ്തംഭിച്ചുപോയി... അവൻ മിണ്ടാത്തതുകണ്ടപ്പോൾ ഫോണിൻ്റെ മറുതലക്കൽ നിന്ന് വീണ്ടും ശബ്ദമുയർന്നു..""ടാ നീ ഓക്കെയല്ലേ? എനിക്കറിയാം നീയ്യിത് വിശ്വസിക്കില്ലെന്ന്.. നിനക്ക് വേണ്ട തെളിവുകൾ ഞാൻ അയച്ച് തരാം.. ഈ പാലക്കാടുള്ള സിജിൻ എൻ്റെ ഫ്രണ്ടിൻ്റെ ഫ്രണ്ടാ.. അവനോടിവൾ നീയ്യുമായി ബ്രേക്കപ്പായെന്നും പറഞ്ഞാണ് കഴിഞ്ഞ ഒന്നരക്കൊല്ലമായി റിലേഷനിലാണ്..  പക്ഷേ ഇപ്പോഴുള്ള നാട്ടിലെ സൂരജിൻ്റെ കാര്യം ഫുൾ ക്ളിയറാണ്.. എങ്കേജ്മെൻ്റ് ഈ അടുത്തുണ്ടാകുമെന്നൊക്കെ പറയുന്നത് കേട്ടു.. ഞാനതുകൊണ്ടാ നിന്നെ വിളിച്ചേ... ഇതിനൊക്കെ തെളിവായിട്ട് ഈ സൂരജിൻ്റെ നമ്പറും സിജിൻ്റെ നമ്പറും ഫോട്ടോസും കാര്യങ്ങളുമെല്ലാം ഞാൻ നിനക്ക് അയച്ചിട്ടുണ്ട്, എന്നെ വിശ്വാസമില്ലേൽ നീ വേണേൽ നേരിട്ട് സംസാരിച്ചോ.."" സുഹൃത്ത് പറഞ്ഞു..

തലക്കുള്ളിൽ ഒരു മൂളക്കം മാത്രമേ അയാൾക്ക് തോന്നുന്നുണ്ടായിരുന്നുള്ളു... രണ്ടും കൽപ്പിച്ച് അയാൾ സിജിനെ വിളിച്ചു...
""കേട്ടതെല്ലാം ശരിയാണ്... നിയ്യുമായി ബ്രേക്കപ്പായി എന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ അവളുമായി റിലേഷനിലായത്.. കല്യാണത്തിൻ്റെ വക്കുവരെ ഞാനും എത്തിയതാണ്.. പക്ഷേ നീയുമായി ഇപ്പോഴും കോണ്ടാക്ട് ഉണ്ടെന്നെല്ലാമറിഞ്ഞ് വലിയൊരു വഴക്കായി നിന്നപ്പോഴാണ് ബാക്കിയുള്ളവരുടെ കാര്യങ്ങളെല്ലാം ഓരോന്നായി പുറത്തുവരാൻ തുടങ്ങിയത്.. നമ്മളൊന്നും വിചാരിക്കുന്നതുപോലൊരു പെണ്ണല്ല അവൾ..."" സിജിൻ പറഞ്ഞു..

കൂടുതലൊന്നും കേൾക്കേണ്ടിയിരുന്നില്ല... അവൻ നേരെ അടുത്തത് വിളിച്ചത് സൂരജിനാണ്...
""അതെ, നിങ്ങളുടെ കാര്യങ്ങളെല്ലാം എനിക്കറിയാം.. കൂടുതലൊന്നും എനിക്ക് അറിയണമെന്നില്ല""
സൂരജിൻ്റെ സംസാരം കേട്ടപ്പോൾതന്നെ അയാൾക്ക് മനസ്സിലായി ഇതവൾ ബ്രൈൻവാഷ് ചെയ്ത് വച്ചിരിക്കുകയാണെന്ന്... അറിഞ്ഞുകൊണ്ട് കുഴിയിൽ ചാടാനാണ് ഭാവമെങ്കിൽ ആയിക്കോട്ടേ... അടുത്തതായി അയാൾ നേരെ വിളിച്ചത് അവളെത്തന്നെയാണ്...

""ഞാൻ ചില കാര്യങ്ങൾ കേട്ടു... അത് ശരിയാണോ എന്നെനിക്കറിയണം.."" അയാളുടെ ശബ്ദത്തിലെ വ്യത്യാസം കൊണ്ടുതന്നെ അവൾക്ക് കാര്യം പിടികിട്ടി..

""അത്... ശരിയാണ്... ഞാൻ.. പറ്റിപ്പോയി... നിങ്ങളോടുള്ള പ്രശ്നത്തിൻ്റെ സമയത്ത് ഒരു ആശ്യാസമായിട്ട് ഉണ്ടായിരുന്നത് സിജിനാണ്.. അങ്ങേരു പ്രപോസ് ചെയ്തപ്പോൾ എനിക്ക് നോ പറയാൻ പറ്റിയില്ല.. നോ പറഞ്ഞ് ശീലിച്ചിട്ടില്ലാതതുകൊണ്ട്.. പറ്റിപ്പോയി.. "" അവൾ കരയാൻ തുടങ്ങി... പൂങ്കണ്ണിരിൽ അയാൾ വീണുപോകുമെന്ന് അവൾക്കറിയാമായിരുന്നു.. പക്ഷേ അയാൾ ഇത്തവണ വീഴാൻ ഒരുക്കമായിരുന്നില്ല...

"" നിൻ്റെ കരച്ചിലും പിഴിച്ചിലും അവിടെ നിൽക്കട്ടെ, സൂരജ് ഇതിനിടയിൽ എങ്ങനെവന്നു? അവനെ നീ എന്തുപറഞ്ഞാണ് ചാക്കിട്ടുപിടിച്ചത്? "" അയാൾ വീണ്ടും ചോദിച്ചു.. അതുകൂടെ കേട്ടപ്പോൾ അവൾക്ക് മനസ്സിലായി എല്ലാം അറിഞ്ഞിട്ടുതന്നെയാണ് ഈ വിളിയെന്ന്.. പിന്നീടവളുടെ ശബ്ദം മാറി, കെഞ്ചലും കരച്ചിലും നിന്നു.. 

"" അത്, പിന്നെ... നിങ്ങളെ പൂർണ്ണമായും ഒഴിവാക്കാതെ കോണ്ടാക്ട് വച്ചിരുന്നതറിഞ്ഞ് സിജിൻ ഒരുപാട് ടോർച്ചർ ചെയ്യാൻ തുടങ്ങിയപ്പോ..."" അവളുടെ സ്വരത്തിൽ ഒരു കൂസലില്ലായ്മ അവന് മനസ്സിലായി...

""അപ്പോ അടുത്തയാളെ പിടിച്ചല്ലേ.. നിനക്ക് പിന്നെ ഒരുപാട് ആളുകൾ ക്യൂ നിൽക്കുവാണല്ലോ പണ്ടുതൊട്ടേ നിൻ്റെ പിന്നാലെ.. പണ്ടൊക്കെ കളിക്ക് പറഞ്ഞിരുന്നില്ലേ ഒരു യെസ് പറഞ്ഞാ നിങ്ങളേക്കാൾ നല്ല നൂറുപേരെ കിട്ടും എന്നൊക്ക.. അതൊന്നും തമാശയായിരുന്നില്ലെന്ന് ഇപ്പൊഴാ മനസ്സിലായേ... ഈ സൂരജിനോട് നീ എന്തൊക്കെ നുണകൾ പറഞ്ഞിട്ടുണ്ടെന്നോ എന്തൊക്കെ മറച്ചുവച്ചിട്ടുണ്ടെന്നോ എന്നൊന്നും എനിക്കറിയില്ല.. പക്ഷേ നീ എന്നോടൊപ്പവും സിജിനോടൊപ്പവുമെല്ലാം എങ്ങനെയായിരുന്നു എന്ന് ആരൊക്കെ വന്ന് ചോദിച്ചാലും തെളിവുസഹിതം ഞാൻ വിസ്ഥരിച്ചുകൊടുക്കും... നീ എന്നോട് ചെയ്ത ഈ ചതിക്ക് നിന്നെ കൊന്നിട്ട് ജയിലിൽ പോവുകയാണ് വേണ്ടേ.. കാരണം ഈ കഴിഞ്ഞ നാലുവർഷം നീ എങ്ങനെയൊക്കെ എന്നെ യൂസ് ചെയ്തിട്ടുണ്ടെന്ന് നീ ഒന്നോർത്തുനോക്കിയാ മതി.. നീ കാരണം എനിക്ക് നഷ്ടപ്പെട്ട എൻ്റെ കരിയർ.. ലൈഫ്.. സമയം... ഇതിനൊക്കെ നീ അനുഭവിക്കും... കർമ എന്നുപറയുന്ന ഒരു സാധനം ഉണ്ടെങ്കിൽ നീ നരകിക്കും.. അത് ഞാൻ കാണും... ഇക്കഴിഞ്ഞ ഒന്നരവർഷത്തെ നീ തിന്നതിൻ്റെയും കുടിച്ചതിൻ്റെയുമൊഴികെ നിൻ്റെ റീചാർജ്, ഹോസ്റ്റൽ ഫീ, ഗിഫ്റ്റ്സ്, ഡ്രസ്സ്, അത് ഇത് എന്നുവേണ്ട എൻ്റെ കയ്യിൽ ട്രാൻസാക്ഷൻ ഹിസ്റ്ററിയുള്ള പൈസ മൊത്തം കണക്കുകൂട്ടി അങ്ങൊട്ടയച്ച് തരും, എത്രേം പെട്ടെന്ന് അത് തന്ന് തീർത്താൽ അതോടുകൂടി ഞാൻ നിൻ്റെ ലൈഫിൽ നിന്ന് ഒഴിഞ്ഞ് തരും, പിന്നീടൊരു ഇഷ്യൂവിന് ഞാൻ വരില്ല, നിന്നെപ്പോലുള്ളവരോടൊക്കെ സംസാരിച്ച് നാറാൻ ഞാനില്ല.. എടീ വേശ്യകൾക്ക് പോലും നിന്നെക്കാൾ അന്തസ്സുണ്ടെടീ... അവരേക്കാൾ തരം താഴ്ന്ന് പോയില്ലേ നീ.. പണ്ടാരെടങ്ങാൻ വായിലൊരു തെറി പോലും വരുന്നില്ലല്ലോ ദൈവമേ... നിന്നെ മനസ്സിലാക്കാതെ പോയത് എൻ്റെ തെറ്റ്.. എൻ്റെ വിധി.. അത് ഞാൻ തന്നെ അനുഭവിക്കണമല്ലോ... അത് ഞാൻ ചെയ്തോളാം.. പക്ഷേ എൻ്റെ കണ്ണീരിൻ്റെ ശാപം നിന്നെ ഒരിക്കലും വിട്ട് പോവില്ല.. ഇതൊക്കെകൊണ്ട് നീ ചത്താലും എനിക്കൊരു ചുക്കുമില്ല.."" ഇത്രയും പറഞ്ഞയാൾ ഫോൺ കട്ട് ചെയ്തു... ഇനിയും സംസാരിച്ചാൽ അയാൾ ചിലപ്പോൾ കരഞ്ഞുപോകുമായിരുന്നു.. പക്ഷേ ഇനിയൊരിക്കൽ കൂടി അവൾക്കുവേണ്ടി കണ്ണീരൊഴുക്കാൻ അയാൾക്ക് മനസ്സുണ്ടായിരുന്നില്ല...

അവിടുന്നങ്ങോട്ട് അയാളുടെ അതിജീവനത്തിൻ്റെ നാളുകളായിരുന്നു... കൂടെ നിൽക്കാനും തോളുചായ്ക്കാനും ഒരു കൂട്ടുകാരൻ പോലും അയാൾക്കപ്പോഴവിടെ ഉണ്ടായിരുന്നില്ല... ദിനചര്യകൾ തെറ്റി.. ഭക്ഷണം വേണ്ടാതായി.. ഉറക്കമില്ലാതായി... ശരീരഭാരം കുറഞ്ഞ് മെലിഞ്ഞുണങ്ങി... കൂട്ടുകാരുടെ ഉപദേശങ്ങളും മോട്ടിവേഷനുകളും കൊണ്ട് ഫോൺ നിറഞ്ഞപ്പോഴും രാത്രികളിലെ ഏകാന്തയാമങ്ങൾ അയാളിൽ ഓർമ്മകളുടെ ഭാണ്ഡക്കെട്ടുകൾ അഴിക്കുകയായിരുന്നു.. കണക്കുകൂട്ടിയ 49000 രൂപയും അവളിൽ നിന്ന് തിരിച്ചുകിട്ടിയതും ഒരു വുഡ്എൻഗ്രേവിങ് ആർട്ടിസ്റ്റുകൂടിയായിരുന്ന അയാളുടെ കരവിരുതിൽ തീർന്ന ഏറ്റവും മനോഹരമായ സൃഷ്ടിയായ അവളുടെ ചിത്രങ്ങൾ അയാൾ അഗ്നിക്കിരയാക്കി... അത് കത്തിക്കുന്നതിൻ്റെ വീഡിയോ അവൾക്കയച്ചുകൊണ്ട് അയാൾ അവസാനത്തെ സന്ദേശവും അയച്ചു..

""ഇതോടുകൂടി എൻ്റെ ലൈഫിൽ നീയെന്ന അധ്യായം അവസാനിച്ചു.. ചത്ത ശവത്തിന് തുല്യമാണ് നീയിപ്പോൾ.. ശവത്തിൽ കുത്തുന്ന സ്വഭാവം എനിക്കില്ല... അതുകൊണ്ടുതന്നെ എൻ്റെ ഭാഗത്തുനിന്ന് ഒരു പ്രശ്നം നിനക്കുണ്ടാവില്ല... നന്ദിയുണ്ട്.. കുറച്ചുകാലത്തെ നല്ല ഓർമ്മകൾക്ക്... ആരെയും വിശ്വസിക്കരുതെന്ന പാഠം പഠിപ്പിച്ചതിന്... ആരെയും ഇനിയൊരിക്കലും വിശ്വസിക്കാനാവാത്തവിധം എന്നെ മാറ്റിയെടുത്തതിന്..
എൻ്റെ ഭാഗത്തുനിന്നുണ്ടായ മോശം പ്രവർത്തികൾക്കും മനോവിഷമങ്ങൾക്കും ബുദ്ധിമുട്ടുകൾക്കുമെല്ലാം മാപ്പ്, ക്ഷമിക്കാൻ പറ്റുമെങ്കിൽ ക്ഷമിക്കുക.. ബൈ ഫോറെവർ""


ഫൈറ്റിറങ്ങി ചെക്കൗട്ട് ചെയ്ത് പുറത്തു കാത്തുനിന്ന സുഹൃത്തിൻ്റെ വണ്ടിയിൽ ലഗേജും വച്ച് സീറ്റിൽ കയറിയിരുന്നപ്പോൾ ഫ്രണ്ട് അവനോട് ചോദിച്ചു..""എടാ നീ ഓക്കെയാണോ? നിനക്കുറപ്പാണോ അങ്ങോട്ട് പോകണമെന്ന്?""

അതിന് തിരിച്ച് ഒരു നോട്ടം മാത്രമേ അവനു മറുപടിയായിട്ടുണ്ടായിരുന്നുള്ളൂ.. ആ നോട്ടത്തിൽ അവനുപറയാനുള്ളതെല്ലാം ഉണ്ടായിരുന്നു... രണ്ടുവർഷത്തോളമായി അവളുമായി യാതൊരു കോണ്ടാക്ടുമില്ലെങ്കിലും ഒരു ദിവസം പോലും അവളെക്കുറിച്ചോർക്കാത്ത രാത്രികൾ ഉണ്ടായിരുന്നില്ല അയാൾക്ക്... ആ രാത്രികളൊക്കെയും ഉറക്കമില്ലാതെ അയാൾ ഓർമ്മകളുടെ പടുകുഴിയിൽ ശ്വാസംമുട്ടുകയായിരുന്നു.. ഒരിക്കൽ ഒന്നിച്ചുസ്വപ്നംകണ്ട വിവാഹദിവസം ഇന്നവൾ മറ്റൊരുത്തൻ്റെ കൂടെ നിൽക്കുന്നതുകണ്ടാലെങ്കിലും അയാളുടെ മനസ്സിനെ പറഞ്ഞുമനസ്സിലാക്കാൻ കഴിയുമെന്നയാൾ വ്യാമോഹിച്ചു...
ആത്മാർത്ഥമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തവർക്ക് അത്ര പെട്ടെന്നൊന്നും തിരിച്ചടികളുടെ എഫക്ട് മാറില്ലല്ലോ... 

കല്യാണത്തിൻ്റെ ഓഡിറ്റോറിയത്തിൽ ചെന്ന് വണ്ടിയിറങ്ങിയതും അയാളുടെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി... അതുവരെ സംഭരിച്ചുവച്ചിരുന്ന ധൈര്യമെല്ലാം ചോർന്നുപോകുന്നപോലെ... തൻ്റെ സാന്നിധ്യം ഒരു പ്രശ്നമാകരുതെന്നയാൾക്കുണ്ടായിരുന്നു.. പക്ഷേ ഇത്രയൊക്കെ ചെയ്ത് കൂട്ടിയിട്ട് അവളുമാത്രം അങ്ങനെ ചിരിച്ച്കളിച്ച് പുതിയജീവിതം ഉണ്ടാക്കേണ്ട എന്നും അയാളുടെ മനസ്സിലുണ്ടായിരുന്നു.

""എടാ ഞാൻകൂടി വരാം, വല്ല തല്ലും കിട്ടിയാൽ തടയാൻ ആരെങ്കിലും വേണ്ടേ..."" സുഹൃത്ത് ചിരിച്ചുകൊണ്ടുപറഞ്ഞു...

""എടാ ഞാനായിട്ട് ഒരു പ്രശ്നത്തിനും പോവില്ല.. ഇനി അവരായിട്ട് ഇങ്ങോട്ട് പ്രശ്നത്തിന് വന്നാൽ ഞാനായിട്ട് മിണ്ടാതിരിക്കത്തുമില്ല... അവളുടെ കൊണവധികാരം നാട്ടുകാരെ മൊത്തം അറിയിച്ചിട്ടേ ഞാൻ പോരൂ.. എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ... അതുകൊണ്ട് നീ ഇവിടെ ഇരി.. ഞാനൊറ്റക്ക് പോയിട്ട് വരാം.."" അയാൾ പറഞ്ഞു..

നേരെ കയറിച്ചെന്ന് അയാൾ കസേരകളിട്ടിരിക്കുന്ന ഭാഗത്തുചെന്നുനിന്നു... പരിപാടി തുടങ്ങിയിട്ടില്ല.. അവൻ നിന്നിരുന്നതിൻ്റെ അടുത്തായി അവളുടെ എല്ലാ തോന്യവാസത്തിനും കൂട്ടുനിന്നിരുന്ന ചങ്ക് കൂട്ടുകാർ കുറച്ചുപേരിരുന്നിരുന്നു.. ശരണ്യ,സനൂജ, അരുൺ തുടങ്ങി  അവനെയറിയുന്ന കുറച്ചുപേരും അവിടെയുണ്ടായിരുന്നു ... കണ്ടസ്ഥിതിക്ക് പരിജയഭാവത്തിൽ തെല്ലൊന്നുമന്ദഹസിച്ച് അവൻ അവിടെത്തന്നെ കുറച്ചുനേരം നിന്നു... ഇടക്കൊന്നു ചുറ്റിലും കണ്ണോടിച്ചപ്പോൾ വിവാഹ സാരിയിൽ അവൾ ഒരു സൈഡിൽ ചിരിച്ച്കളിച്ച് നിൽക്കുന്നത് കണ്ടു... തൻ്റെ സന്തോഷവും സമാധാനവും തല്ലിക്കെടുത്തിയിട്ടവൾ നിന്ന് ചിരിക്കുന്നത് കണ്ടപ്പോൾ കരണക്കുറ്റി നോക്കി രണ്ടെണ്ണം പൊട്ടിക്കാനാണവന് തോന്നിയത്... തല്ലിയാൽ വെറുതെ തൻ്റെ കയ്യാണ് നാറുന്നതെന്ന തിരിച്ചറിവ് അവനെ ശാന്തനാക്കി.. നേരെ അവൻ അവളുടെ അടുത്തേക്ക് നടന്നു.. മുന്നിലെത്തിയതും അവൾ അവനെ കണ്ടു, മുഖത്തേക്ക് നോക്കി... ഒരു തരത്തിലുള്ള ഭാവ വ്യത്യാസമോ ചളിപ്പോ ചമ്മലോ ജാള്യതയോ ഒന്നും തന്നെ അവളുടെ മുഖത്ത് അവന് കാണാനായില്ല... ഇത്രേം ഒക്കെ തേച്ച് വിട്ടിട്ടും ഒരു കൂസലുമില്ലാതെ വലിഞ്ഞുകേറി വന്നിരിക്കുന്നു എന്ന തരത്തിലുള്ള പുച്ഛഭാവമായിരുന്നു അത്.. അങ്ങനെയുള്ളൊരുത്തിയോട് ഇനി വല്ലതും സംസാരിക്കാൻ പോയാൽ നാണം കെടുന്നത് താനായിരിക്കുമെന്ന ഉത്തമബോധ്യത്തോടെ അയാൾ അവിടെ നിന്നും തിരിച്ചുനടന്നു...

തിരികെ വണ്ടിയിൽ കയറിയ അയാളുടെ മനസ്സിലെ കടൽ അലയൊഴിഞ്ഞ് ശാന്തമായിരുന്നു... അതിലെ പായ്ക്കപ്പലിന് ലക്ഷ്യത്തിലേക്കിനി വ്യതിചലിക്കാതെ യാത്രചെയ്യാം...




അദ്ധ്യായം 3

അലയടങ്ങിയ കടൽ പോലെ മനസ്സ് ശാന്തമായെന്ന തോന്നലിൽ അയാൾ തിരികെ വണ്ടിയിൽ കയറി വീട്ടിലേക്കുതിരിച്ചു.. പക്ഷേ അത് കൊടുങ്കാറ്റിനുമുൻപുള്ള ശാന്തതയാണെന്ന് അയാൾ അറിഞ്ഞിരുന്നില്ല...

വീടെത്തുന്നതുവരെയും രണ്ടുപേരെയും പൊതുവായറിയാവുന്ന ചില പഴയ സുഹൃത്തുക്കളുടെയും അവളുടെ കൂട്ടുകാരുടേയുമൊക്കെ ഫോൺവിളികളായിരുന്നു അയാളുടെ സ്വസ്ഥതകെടുത്തിയത്... ഒന്നു മനസ്സമാധാനത്തോടെ കണ്ണടച്ചിരിക്കുമ്പോഴേക്കും ഏതെങ്കിലുമൊരാളുടെ ഫോൺ വരും...

""എടാ നീ അറിഞ്ഞോ?!! അവളുടെ കല്യാണമാണെന്ന്!!""

""മ്ം.. അറിഞ്ഞു..""

""എന്താല്ലേ!! നാലുകൊല്ലമൊക്കെ നിങ്ങളുടെ റിലേഷൻ നല്ലരീതിയിൽ പോകുന്നതുകണ്ടപ്പോൾ നിങ്ങൾ തന്നെയേ കെട്ടൂ എന്നൊക്കെ വിചാരിച്ചിരുന്നതാ ഞങ്ങളൊക്കെ... കൂട്ടത്തിൽ ബ്രേക്കപ്പാവാതെ സ്ട്രോങ്ങായി നിന്നിരുന്ന ഒരേയൊരു കപ്പിൾസ് നിങ്ങളായിരുന്നല്ലോ... മറ്റുള്ളോരൊക്കെ ഒരുത്തനോട് ഫ്ലർട്ട് ചെയ്യുന്നതിനേപ്പോലും മോശമെന്ന് പറഞ്ഞ്  എതിർത്തിരുന്നവളാണവൾ.. ആ അവളുടെ ഭാഗത്തുനിന്ന് ഇങ്ങനൊന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.!! എന്നാലും അവൾക്കിതിനൊക്കെ എങ്ങനെ മനസ്സുവന്നെന്നാ!!""

""നിൻ്റെയൊക്കെ ചങ്കായിരുന്നല്ലോ പഠിക്കുന്നകാലത്ത്.. നേരിട്ട് ചോദിച്ചൂടാർന്നോ! നമ്മൾ വിചാരിക്കുന്ന പോലൊന്നുമല്ല മനുഷ്യരുടെ മനസ്സ്.. അതിൻ്റകത്തെന്താണെന്ന് ദൈവത്തിനുപോലും അറിഞ്ഞൂടാ..""

""എത്രകൊല്ലം കൂടെ ക്ലോസ് ഫ്രണ്ട്സാണെന്ന് പറഞ്ഞു നടന്നിരുന്നതാ ഞങ്ങളൊക്കെ... ആ പഴയ ആൾക്കാരുമായി ഇപ്പൊ യാതൊരു കോണ്ടാക്ടുമില്ല!! കല്യാണത്തിനുപോലും വിളിച്ചില്ലെന്നേ..""

"" ആഹ്! എല്ലാവരും അതുതന്നെയാ പറയുന്നേ.. അവളുടെ ഈ കഥകളും സ്വഭാവവും ഒക്കെ അറിഞ്ഞ് കൂടെ നിൽക്കുന്നവര് മാത്രേ ഉള്ളൂ ഓഡിറ്റോറിയത്തിൽ... അല്ലേലും മനുഷ്യർക്ക് അവരുടെ ചിന്താഗതികളുമായി പൊരുത്തപ്പെടുന്നവരെ മാത്രമല്ലേ എപ്പോഴും കൂടെ നിർത്താൻ തോന്നത്തുള്ളൂ...""

""ഏഹ്!! നീ നാട്ടിലെത്തിയോ!! നിന്നെ വിളിച്ചിരുന്നോ കല്യാണത്തിന്!! ""

""ഞാൻ രാവിലെ എത്തി.. അവസാനമായി ഒന്ന് കാണണമെന്നുണ്ടായിരുന്നു... വിളിച്ച് കല്യാണക്കുറി കിട്ടിയിട്ട് വേണ്ടല്ലോ എനിക്കവിടെ പോകാൻ..എൻ്റെ കെട്ട്യോളാണെന്നും പറഞ്ഞ് നടന്നിരുന്നതല്ലേ കൊറേ കാലം... പോയി, കണ്ടു, പോന്നു.. വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുവാ.. നിങ്ങളൊക്കെ ഫ്രീയാവുമ്പോ എറങ്ങ്, നമുക്ക് കാണാം..""

വിളിക്കുന്നവർക്കെല്ലാം ഇതുതന്നെയാണ് പറയാനുള്ളത്.. തിരിച്ച് മറുപടിയും ഇതൊക്കെത്തന്നെ... അതല്ലെങ്കിലും ഒരാളുടെ തളർച്ചയിലായിരിക്കും അവരുടെ കൂടെയുള്ള യഥാർത്ഥ ബന്ധങ്ങളെ തിരിച്ചറിയാൻ കഴിയുക.. വിളിച്ചവരിൽ പലരും ആശ്ചര്യത്തിൻ്റെ പുറത്ത് അയാളുടെ അവസ്ഥയറിയാൻ വിളിച്ചവരായിരുന്നു.. അയാളുടെ മനസ്സറിഞ്ഞ് വിളിച്ചവരാകട്ടേ കല്യാണത്തെപ്പറ്റി ചോദിച്ചതുമില്ല.. അയാൾക്കിപ്പോൾ ആളുകളുടെ പെരുമാറ്റങ്ങളെ കീറിമുറിച്ച് വിശകലനം ചെയ്യാനുള്ള കഴിവുണ്ട്... ആവശ്യത്തിന് കൂടെക്കൂടുന്നവരെയും അറിഞ്ഞ് കൂടെ നിൽക്കുന്നവരേയും തിരിച്ചറിയാനുള്ള കഴിവുണ്ട്... ഒരു ദുരന്തത്തിൽ നിന്ന് കരകയറുമ്പോൾ എല്ലാവരിലും മാറ്റങ്ങൾ ഉണ്ടാകുമല്ലോ.. 

കുറേനേരത്തെ യാത്രയ്ക്കുശേഷം കാറ് അയാളുടെ വീടിനുമുൻപിൽ നിന്നു..

"" ഞാൻ കയറുന്നില്ല.. നീ ചെന്ന് ഒന്ന് ഫ്രീയായിട്ട് വിളിക്ക്.. ഞാൻ ഇറങ്ങാം.. ഒറ്റക്കിരിക്കുമ്പോ ചിലപ്പൊ തൂങ്ങിച്ചാവാനൊക്കെ തോന്നും, എന്നുവച്ച് എന്തെങ്കിലും ഒപ്പിച്ചുവച്ചിട്ട് അങ്ങോട്ടുമില്ലാ ഇങ്ങോട്ടുമില്ലാ എന്നും പറഞ്ഞ് എല്ലാവരേം ബുദ്ധിമുട്ടിച്ച് കെടന്നാ നിന്നെ ഞാൻ വന്ന് കൊല്ലും... കേട്ടല്ലോ??"" സുഹൃത്തിൻ്റെ വാക്കുകൾക്ക് ഒരു വളിഞ്ഞ ചിരി സമ്മാനിച്ച് അയാൾ വീട്ടിലേക്ക് നടന്നു...

വണ്ടി വന്നുനിന്ന ശബ്ദം കേട്ട് അമ്മയും അച്ഛനുമൊക്കെ പുറത്തേക്കുവന്നു.. നിനച്ചിരിക്കാത്ത നേരത്ത് മകനെ കണ്ടതിൻ്റെ സന്തോഷവും ആശ്ചര്യവുമെല്ലാം അവരുടെ മുഖത്തുണ്ടായിരുന്നു.. അതു കണ്ടപ്പോഴാണ് സർപ്രയ്സായിട്ട് പണ്ടുവന്നപ്പോൾ അവളുടെ മുഖത്തുണ്ടായിരുന്ന വെപ്രാളം അയാളുടെ  മനസ്സിലേക്ക് മിന്നൽപ്പിണർപോലെ ഇടിച്ചുകയറി വന്നത്... ഇതിപ്പോൾ പതിവാണ്, ചില സന്ദർഭങ്ങളിൽ അവളുടെ കഴിഞ്ഞകാലത്തെ ഓരോ വാക്കുകളും പ്രവർത്തികളും മുഖഭാവങ്ങളും രണ്ടാമതൊരർത്ഥതലത്തിൽ അയാളുടെ മനസ്സിലേക്ക് ഓടിവരും.. അന്ന് താൻ കരുതിയതും മനസ്സിലാക്കിയതുമല്ലാത്ത അവളുടെ പൊയ്മുഖങ്ങൾക്കുപിന്നിലെ യഥാർഥ്യങ്ങൾ അയാൾക്കിപ്പോൾ ഓരോ ഓർമ്മകളിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നുണ്ട്...

""എടാ!!! ഇതെന്താടാ ഒരു മുന്നറിയിപ്പുമില്ലാതെ!!! വല്യേട്ടൻ വന്നതും ഇങ്ങനെത്തന്നെ!! നിങ്ങളൊക്കെക്കൂടെ പ്ലാൻ ചെയ്തിട്ടുള്ള പരിപാടിയാണല്ലേ!!! ഇങ്ങനൊക്കെ പറയാതെ കയറിവന്നാ വല്ല അറ്റാക്കും വന്ന് ചത്ത് പോകും പറഞ്ഞേക്കാം!!! വല്ലാതങ്ങ് മെലിഞ്ഞുപോയല്ലോടാ!! ഒന്നും തിന്നാൻ കിട്ടുന്നില്ലേ അവിടെ! "" അമ്മയുടെ സന്തോഷത്താൽ മതിമറന്നുള്ള വാക്കുകൾ പതിയെ ഇടറി മുറിഞ്ഞ് കരച്ചിലിലേക്ക് വഴിമാറി... എപ്പോഴൊക്കെ നാട്ടിൽ വന്നാലും ഈ കരച്ചിൽ പതിവുള്ളതാണ്... തിരിച്ചുപോകുമ്പോഴും അങ്ങനെത്തന്നെ... അമ്മമാരെല്ലാം അങ്ങനെത്തന്നെയല്ലേ... അവർ സന്തോഷം വന്നാലും കരയും, സങ്കടം വന്നാലും കരയും... 

""കമ്പനിയിൽ കുഴപ്പമൊന്നുമില്ലല്ലോ? പലരും ജോലി പോയി തിരിച്ചുവരുന്ന കാലമല്ലേ.. എപ്പൊഴാ ഫ്ലൈറ്റിറങ്ങിയേ? ആരാ കൊണ്ടുവരാൻ വന്നേ??"" അച്ഛൻ്റെ വക പതിവ് ഗൗരവം കലർന്ന ചോദ്യങ്ങൾ തന്നെ... ഉള്ളിൽ കുന്നോളം സ്നേഹമുണ്ടെങ്കിലും അച്ഛന്മാരെല്ലാവർക്കും അതിങ്ങനൊക്കെയേ പ്രകടിപ്പിക്കാനറിയൂ എന്ന് തോന്നിപ്പോവും..

കുശലാന്വേഷണങ്ങൾക്കിടയിൽ ഉച്ചയൂണും കഴിച്ച് അയാൾ മുറിയിൽ ഒന്നുമയങ്ങാൻ കിടന്നു.. രാത്രിയിലെ ഉറക്കം നഷ്ടപ്പെട്ടിട്ട് കാലം കുറേയായല്ലോ... കണ്ണുകൾ കനം വന്ന് അടയുമ്പോൾ ഒരൽപ്പനേരം മയങ്ങുന്നതുമാത്രമാണ് ആകെയുള്ള റെസ്റ്റ്.. അതും ഓർമ്മകൾ വന്ന് കുത്തിയെണീപ്പിക്കുന്നതുവരെ മാത്രം....


അൽപ്പനേരത്തെ മയക്കത്തിൽ നിന്നും ഞെട്ടിയെണീറ്റ് ക്ലോക്ക് നോക്കിയപ്പോൾ സമയം അഞ്ചുമണിയോടടുക്കുന്നു.. പുറത്ത് നല്ല സംസാരം കേൾക്കുന്നുണ്ട്... വല്യമ്മയുടേയും ചേച്ചിമാരുടേയും ശബ്ദമാണ്... കുറച്ചപ്പുറത്തുതന്നെയാണ് വല്യച്ഛനും കുടുംബവും താമസം.. എന്നും വൈകീട്ട് അമ്മയും വല്യമ്മയുമെല്ലാം കൂടെ കൊച്ചുവർത്തമാനം പറഞ്ഞിരിക്കാറുണ്ടെങ്കിലും ഇത് താൻ എത്തിയതറിഞ്ഞുള്ള വരവാണ്.. വല്യേട്ടൻ രണ്ടുദിവസം മുൻപേ എത്തിയിട്ടുണ്ട് കാനഡയിൽ നിന്ന്.. പുള്ളിയുടെ വക ഒരു സർപ്രൈസ് ബോംബ് പൊട്ടിച്ചതിൻ്റെ എഫക്ടിലാണ് നേരത്തെ അമ്മ വന്നിറങ്ങിയപ്പോൾ അങ്ങനെയൊക്കെ പറഞ്ഞത്... ഏട്ടൻ വന്നതുകൊണ്ടുതന്നെ വല്യേച്ചിമാരും കുട്ടികളും ഒക്കെ ഹാജരാണ്... പതിയെ കട്ടിലിൽ നിന്ന് എഴുനേറ്റ് അയാൾ മുഖം കഴുകി കണ്ണാടിയിൽ നോക്കി... ചുവന്ന കണ്ണുകളിൽ നോക്കി അയാൾ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് ഒരു ചിരിയും ഫിറ്റ് ചെയ്ത് ഹാളിലേക്ക് ഇറങ്ങി...

""ഹാ! ഇതെന്ത് ഉറക്കമാടാ! എത്രനേരമായി വന്നിട്ട്!! രണ്ടാളും കൂടെ പ്ലാൻ ചെയ്ത് സർപ്രൈസ് തന്നതാണല്ലേ!! "" വല്യമ്മയാണ് പറഞ്ഞത്..

""പിന്നല്ലാതെ! ഞാൻ വരുമ്പോ വല്യേട്ടൻ ഒണ്ടാവില്ല.. ദാ ഇങ്ങേരുവരുമ്പോ ഞാനും.! എന്നാപ്പിന്നെ ഇപ്രാവശ്യം ഒന്നിച്ചാവാം ലീവെന്ന് കരുതി!! കൊറേയായില്ലേ തമ്മിൽ കണ്ടിട്ട്"" വല്യേട്ടൻ്റെ തോളത്ത് മസ്സാജ് ചെയ്തുകൊണ്ട് അയാൾ പറഞ്ഞു.. അപ്പോഴേക്കും മരുമക്കൾ പടയെല്ലാം ""മാമാ.."" എന്നും വിളിച്ച് അയാളുടെ പിന്നാലെ കൂടി... എല്ലാത്തിനേയും പെറുക്കിയെടുത്ത് മുറിയിൽ കൊണ്ടുപോയി കൊണ്ടുവന്ന മിഠായികളും കളിപ്പാട്ടങ്ങളും എടുത്ത് കയ്യിൽ കൊടുത്തു.. കവിളത്ത് ഓരോ പഞ്ചാരമുത്തവും കൊടുത്ത് പിള്ളേരെല്ലാം മുറ്റത്തേക്കോടി... 

മിഠായി പാക്കറ്റെല്ലാമെടുത്ത് തിരികെ ഹാളിൽ വന്ന് തീൻ മേശയിൽ വച്ച് ചേച്ചിയുടെ പാതി കുടിച്ച ചായഗ്ലാസെടുത്ത് ചുമരിൽ ചാരി നിന്നു.. ടേബിളിനുചുറ്റും ഇരുന്ന് കാര്യമായ വർത്തമാനത്തിലാണ് ചേച്ചിമാരും വല്യേട്ടനും അമ്മമാരുമെല്ലാം..

""എടാ എന്തിനാടാ നിയ്യീ വരുമ്പോ വരുമ്പോ ഇങ്ങനെ മുട്ടായി കൊണ്ടുവരുന്നേ!! ഇവിടെ ആര് തിന്നാനാ!! വെറുതെ കാശ് കളയാനായിട്ട്"" ഒരു മിഠായി എടുത്ത് പൊളിക്കുന്നതിനിടക്ക് വല്യേച്ചിയാണ് അത് പറഞ്ഞത്..

"" ആഹാ! എന്നാ പിന്നെ നിങ്ങൾ തിന്നണ്ട, ഞാൻ കുട്ട്യോൾക്ക് വേണ്ടി വാങ്ങിച്ചതാ"" എന്നും പറഞ്ഞ് അയാൾ ചേച്ചി പൊളിച്ചുകൊണ്ടിരുന്ന മിഠായി തട്ടിപ്പറച്ച് വാങ്ങി വായിലിട്ടു... കോടിയ ചുണ്ടുമായി ചേച്ചി അയാളെ നോക്കിയതും എല്ലാവരും ആർത്തുചിരിച്ചു..

""എന്തായാലും നീ വന്നത് നല്ല സമയത്താ.. അന്ന് നിലമ്പൂര് പോയി നോക്കിയ പെൺകുട്ടിയില്ലേ.. അവർക്ക് ഏകദേശം ഓക്കെയാണ്... അടുത്തയാഴ്ച്ച ഇവനേയും കൂട്ടി ഒന്ന് പോവണം ന്ന് പറഞ്ഞിട്ടുണ്ട്.. കുട്ടിക്ക് ചെക്കനെ നേരിട്ട് കാണണമെന്ന്.. ഇന്നത്തെ കാലത്ത് അതൊരു നിർബന്ധമാണല്ലോ!!! ദൂരം ഇത്രേം ഉള്ളതല്ലേ.. എനിക്കൊന്നും വയ്യ ഇനിയും പോകാൻ.. അന്ന് പോയിവന്നപ്പൊഴേക്കും പാതി ചത്തു ഞാൻ.. നിയ്യും കണ്ടിട്ടില്ലല്ലോ.. നിങ്ങള് രണ്ടാളും കൂടെ പോയാ മതി ഇനി.. ഈശ്വരാ ഇതെങ്കിലും നടന്നാൽ മതിയാർന്നു.. എത്ര കൊല്ലമായി പെണ്ണ് തിരഞ്ഞ് നടക്കുന്നതാ! നടന്ന് നടന്ന് ചെരുപ്പ് നാല് തേഞ്ഞു.."" വല്യമ്മ വല്യേട്ടനെ കാണിച്ചുകൊണ്ട് അയാളോടായി പറഞ്ഞു.. വല്യേട്ടൻ്റെ മുഖത്തെ നാണം കണ്ട് അയാൾ ചിരിച്ചുപോയി...

""ഹാ.. അതെന്തായാലും ശരിയാവും , നല്ല കൂട്ടരാ.. അവർക്കും നമ്മളെ നല്ലോണം ബോധിച്ചിട്ടുണ്ടെന്നാ വിച്ചുവേട്ടൻ പറഞ്ഞേ.. ഇത് നടക്കും , നോക്കിക്കോ.. ഇനിയിപ്പൊ ദാ ഇവനേം കൂടെ പിടിച്ച് കെട്ടിച്ചാ ശുഭം.."" ചെറിയേച്ചിയാണ് പറഞ്ഞത്... എല്ലാവരുടേയും കണ്ണുകൾ അയാൾക്കുനേരെ തിരിഞ്ഞു...

"" ആഹ്! അവനിനിയിപ്പൊ വേറെ തിരയാനൊന്നും വേണ്ടല്ലോ... ആൾറെഡി ഒന്നിനെ സെറ്റാക്കി വച്ചിരിക്കുവല്ലേ!! വേണേൽ രണ്ടും കൂടെ ഒന്നിച്ച് ഒരു പന്തലിൽ തന്നെയങ്ങ് നടത്തിയേക്കാം!! അവള് എപ്പൊ വേണേലും ഇറങ്ങിവരാൻ റെഡിയായിട്ട് നിക്കുവാ.. അല്ലേടാ!!!"" പൊട്ടിച്ചിരിച്ചുകൊണ്ട് വല്യേച്ചിയാണ് അത് പറഞ്ഞത്...

""ച്ഛിലും!!""

ഇരച്ചുകയറിയ അരിശംകൊണ്ട് ഒരുനിമിഷത്തെ ദേഷ്യം മുഴുവൻ അയാൾ കയ്യിലിരുന്ന കുപ്പിഗ്ലാസ് നിലത്തെറിഞ്ഞ് പൊട്ടിച്ചുകൊണ്ട് കണ്ണുതുറിച്ച് ചേച്ചിയെ നോക്കി..
"" ദേ... എല്ലാരോടും കൂടെ ഒരു കാര്യം പറഞ്ഞേക്കാം.. ഇനി മേലാൽ... അവളുടെ പേരും പറഞ്ഞ് തമാശിക്കാൻ വന്നേക്കരുത്... അവള് പോയി.. വേറൊരുത്തനെ കെട്ടി പോയി.. ഏത് നേരത്താണാവോ നിങ്ങളോടൊക്കെ പറയാനും അവളെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാനും തോന്നിയത്.. അന്ന് തൊടങ്ങിയതാണ് എന്തുപറഞ്ഞാലും കറങ്ങിത്തിരിഞ്ഞ് ഞങ്ങടെ പേരിൽ വന്ന് നിക്കാൻ... ഞാനും എഞ്ചോയ് ചെയ്തിട്ടുണ്ട് , പണ്ട്... ഇനി മേലാൽ... അവളുടെ പേര് ഈ വീട്ടിൽ കേട്ട് പോവരുത്..."" കലി തുള്ളിക്കൊണ്ട് അയാൾ ബൈക്കിൻ്റെ ചാവിയുമെടുത്ത് വീട്ടിൽ നിന്നിറങ്ങി.. സർവ്വ ശക്തിയിൽ ആക്സിലറേറ്ററും കൊടുത്ത് അയാൾ പുറത്തേക്ക് പറന്നുപോയി..

ബുള്ളറ്റിൻ്റെ ശബ്ദം അകന്നകന്നില്ലാതാകുന്നവരെയും ആ വീട് നിശബ്ദമായിരുന്നു.. എല്ലാവരും ആശ്ചര്യപ്പെട്ട് മുഖത്തോട് മുഖം നോക്കി മിണ്ടാതെ നിന്നു...




അദ്ധ്യായം 4

ആരോടെന്നില്ലാത്ത കലിയുംകൊണ്ട് നൂറേ നൂറ്റിപ്പത്തിൽ വീട്ടിൽനിന്നിറങ്ങി രണ്ടാമത്തെ വളവ് കഴിഞ്ഞതും പതിയെ വണ്ടിയുടെ വേഗം കുറയാൻ തുടങ്ങി.. ആക്സിലറേറ്ററിൽ നിന്ന് കയ്യെടുത്ത് അയാൾ കാറ്റിൻ്റെ ഒഴുക്കിൽ അലിഞ്ഞുചേർന്നു.. അതിനോടകം തന്നെ കണ്ണിൽ നിന്നും ഇറ്റുവീണ കണ്ണുനീർത്തുള്ളികൾ കവിൾത്തടം നനച്ച് കാറ്റിൽ മാഞ്ഞുപോയിരുന്നു...

സന്തോഷം വന്നാലും സങ്കടം വന്നാലും ചെന്നിരിക്കാറുള്ള അമ്പലക്കടവിലെ ആലിൻ്റെ ചുവട്ടിൽ ചെന്ന് ആകാശം കാൺകെ അയാൾ ആലിൻ്റെ കെട്ടുമതിലിൽ ചാരിയിരുന്നു... ഉള്ളിലൊന്നും ചിന്തിച്ചുകൂട്ടാതെ തഴുകിയകലുന്ന കാറ്റിലങ്ങനെ സ്വയം മറന്ന് കണ്ണുകളടച്ച് അൽപ്പനേരം അയാൾ തനിച്ചിരുന്നു... തോളത്ത് ഒരു കൈ വന്ന് വീണതറിഞ്ഞാണ് അയാൾ കണ്ണ് തുറന്ന് നോക്കിയത്... അത് വല്യേട്ടനായിരുന്നു...

""എന്താടാ പറ്റ്യേ? രണ്ട് കൊല്ലത്തോളമായില്ലേ... ഇനിയും നിയ്യതീന്ന് പുറത്ത് വന്നില്ലേ?""

എല്ലാം പങ്കുവയ്ക്കാറുള്ളതുകൊണ്ടുതന്നെ അവൻ്റെ ഇപ്പോഴത്തെ അവസ്ഥയും കാര്യങ്ങളും വല്യേട്ടന് പറയാതെ തന്നെ അറിയാമായിരുന്നു...

"" മറന്നുതുടങ്ങിയതാണ്... പക്ഷേ.. ഇന്നത്തെ ദിവസം.. അതിൻ്റെ ഇടയ്ക്ക് വല്യേച്ചിയുടെ തമാശയും.. എൻ്റെ കയ്യീന്ന് പോയി..""

"" ആ ഇതൊക്കെ കൊണ്ടുതന്നെയാ ഞാൻ നിന്നോട് ഈ കല്യാണം കാണാനായിട്ട് ഇന്നുതന്നെ ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞത്.. അപ്പൊ നിനക്ക് കണ്ടേ പറ്റൂ... എന്നിട്ടിപ്പൊ അതിൻ്റെ കറുവുമൊത്തം വീട്ടിൽ കാണിച്ചിട്ട് എന്താ ഗുണമുണ്ടായേ? ആ ചേച്ചിപ്പെണ്ണ് അവിടെ കിടന്ന് കരയുന്നുണ്ട്... ഞാനും അവരുമെല്ലാം നീയിങ്ങനെ ദേഷ്യപ്പെട്ട് കാണുന്നത് ഇതാദ്യമല്ലേ.. കാര്യങ്ങളറിയാവുന്നതുകൊണ്ട് എനിയ്ക്ക് മനസ്സിലാവും, അല്ലെങ്കിലേ എന്ത് എവിടെ എങ്ങനെ പറയണം എന്നറിയാത്ത പെണ്ണല്ലേ നിൻ്റെ ചേച്ചി... ഇതിപ്പൊ അവളുകാരണമാണ് നിയ്യ് ചൂടായതെന്നും പറഞ്ഞ് തേങ്ങി തേങ്ങി കരയുവാ... എന്തൊക്കെ പ്രശ്നമുണ്ടേലും ചിരിച്ചോണ്ട് നിക്കുന്ന നിന്നെ മാത്രേ എല്ലാരും കണ്ടിട്ടുള്ളൂ... അതങ്ങനെ തന്നെ ഇരിക്കുന്നതല്ലേടാ നല്ലത്... ""

അയാൾക്ക് മറുപടിയുണ്ടായിരുന്നില്ല... ഉള്ളിലൊരായിരം തീക്കനലെരിഞ്ഞാലും എത്രയൊക്കെ ബുദ്ധിമുട്ടിയാലും അതെല്ലാം പടിയ്ക്കൽ വച്ചൊഴിഞ്ഞ് കയറിച്ചെല്ലുന്ന വീടാണത്... ഒരേ വയറ്റിൽ പിറന്നതല്ലെങ്കിലും വല്യേച്ചിക്കും ചെറിയേച്ചിക്കുമെല്ലാം ഏട്ടനേക്കാൾ പ്രിയം അയാളോടാണ്.. ഇന്നേവരെ അവരുടെ കണ്ണുനിറയാൻ അയാൾ കാരണമായിട്ടില്ല.. പക്ഷേ ഇന്ന്.. മനസ്സ് കൈവിട്ടുപോകുന്ന ഒരുനിമിഷത്തെ പ്രവർത്തികൾ കാരണം മറ്റുള്ളവരുടെ മനസ്സാണ് മുറിപ്പെടുന്നതെന്ന തോന്നൽ അയാളിൽ കുറ്റബോധം ഉളവാക്കി.. മിണ്ടാതെ തല താഴ്ത്തിയിരിക്കുന്ന അയാളെ കൂടുതൽ ചേർത്തുപിടിച്ച് വല്യേട്ടൻ വീണ്ടും അയാളെ സമാധാനിപ്പിക്കാൻ തുടങ്ങി...

""വിട്ടുകളയെടാ... ഇന്നലെ നടന്നതൊന്നുമല്ലല്ലോ ഇത്.. അവൾ അവളുടെ പാടും നോക്കി ഹാപ്പിയായിട്ട് ജീവിക്കാൻ തുടങ്ങിയില്ലേ.. ഇനിയും നീ അതിൻ്റെപേരിൽ നിൻ്റെ ജീവിതം ഇങ്ങനെ നശിപ്പിക്കുന്നതെന്തിനാ... അവൾക്ക് നിന്നെ വിധിച്ചിട്ടില്ലെന്ന് കരുതിയാ മതി.. കഴിഞ്ഞത് കഴിഞ്ഞു, ഇനി മുന്നോട്ടുള്ള ജീവിതം നല്ലപോലെ കൊണ്ടുപോകാൻ നോക്കെടാ... അല്ലാതെ ചുമ്മാ ഒരുത്തി തേച്ചിട്ടും പോയെന്നുംപറഞ്ഞ് കരഞ്ഞ് പിഴിഞ്ഞ് ഒരുമാതിരി...."" ഒരു ഓളത്തിലങ്ങനെ പറഞ്ഞുവന്ന വല്യേട്ടൻ്റെ തോളത്തിരുന്ന കൈ എടുത്ത് താഴെവച്ച് അയാൾ ഇടയ്ക്കുകയറി സംസാരം നിറുത്തി...

"" കരഞ്ഞെന്നോ?! ആര് കരഞ്ഞെന്ന്!!!! ഞാൻ കരഞ്ഞ് ഏട്ടൻ കണ്ടിട്ടുണ്ടോ?? ചെറുപ്പത്തിൽ കുരുത്തക്കേടുകാണിച്ചതിന് അച്ഛാച്ചൻ്റെ വക ചന്തിയ്ക്ക് ചൂരൽകഷായം വാങ്ങിച്ച് കരഞ്ഞതല്ലാതെ ബുദ്ധീം ബോധോംമുറച്ച കാലത്തിന് ശേഷം ഇന്നേവരെ ഞാൻ കരഞ്ഞ് നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ?? തലയ്ക്കുമീതെ കടംകയറി തൂങ്ങിച്ചാവേണ്ട നിലയിൽ എത്തിയിട്ടുപോലും എൻ്റെ കണ്ണീന്ന് ഒരുതുള്ളി വെള്ളം വന്നിട്ടില്ല... അവിടുന്ന് ഇന്നീകാണുന്ന നിലയിൽ എത്തുന്നതിനിടയ്ക്ക്  ഒരിക്കലേ എൻ്റെ കണ്ണ് നനഞ്ഞിട്ടുള്ളൂ... ഞാൻ കരഞ്ഞ് കണ്ടിട്ടുള്ളത് അവളൊരുത്തി മാത്രമാണ്... അന്ന് കരഞ്ഞതും അവൾക്കുവേണ്ടിയായിരുന്നു, അതിൻ്റെ കാരണവുമവളായിരുന്നു... സങ്കടമല്ല, ഒരുതരം അറപ്പും വെറുപ്പുമാണ് എനിക്കിപ്പൊ... അതവളോടുള്ളതിനേക്കാൾ കൂടുതൽ എന്നോടാണ്..  ഞാൻ സ്നേഹിക്കാൻ കൊള്ളാത്തവൻ തന്നെയാണ്.. എങ്ങനെ സ്നേഹിക്കണമെന്നും എനിക്കറിഞ്ഞൂട.. അവൾക്കുവേണ്ടിയിരുന്നതുപോലെ ഒരു നല്ല പാർട്ട്ണറാവാൻ എനിക്ക് പറ്റിയിരുന്നില്ല, പണ്ട്.. ഞാനൊന്ന് മാറിത്തുടങ്ങിയപ്പോഴേക്കും അവള് മനസ്സുകൊണ്ടകന്നുകഴിഞ്ഞിരുന്നു... ഒരു കോമാളിയെപ്പോലെ പട്ടിയെ ബിസ്കറ്റ് കാണിച്ച് പിന്നാലെ നടത്തുന്ന പോലെയാ അവള് ഒന്നൊന്നരക്കൊല്ലം എന്നെ ഇട്ട് വട്ടം കറക്കിയത്... നഷ്ടങ്ങളുടെ കണക്കെടുത്താൽ വല്ലാത്ത നഷ്ടമായിപ്പോവും... ""

ഒന്നു നിർത്തി നേരെ വല്യേട്ടനുനേരെ തിരിഞ്ഞിരുന്ന അയാൾ വീണ്ടും തുടർന്നു..
""അതിൻ്റെ ഇടയിൽ ഇതേമാതിരി അവിഞ്ഞ ഉപദേശം കൊണ്ട് എൻ്റടുത്തോട്ട് വന്നേക്കല്ലേ... പിന്നെ കരച്ചിലിൻ്റെ കാര്യം.. ആരാ ഇവിടെ കരഞ്ഞ് പിഴിഞ്ഞതെന്ന് ഞാൻ തന്നെ പറയണോ?!! പണ്ട് നിങ്ങടെ മറ്റേ അശ്വതിചേച്ചി വേറെ കല്യാണം കഴിച്ച് പോയപ്പോ കൂമ്പൻമലേടെ ഉച്ചീല് ചെന്ന് മാനം നോക്കി വാവിട്ടുകരഞ്ഞ ആളല്ലേ നിങ്ങള്.. അന്ന് നിങ്ങളെ അങ്ങോട്ട് ഉപദേശിച്ച് കൂളാക്കിയത് ഈ ഞാനാ.. അത് മറക്കണ്ട... ഇപ്പഴത്തെ അവസ്ഥ എന്താണെന്നും അതിനെ എങ്ങനെ ഹാൻ്റിൽ ചെയ്യണമെന്നും എനിക്ക് നല്ല ബോധമുണ്ട്... ഉപദേശമൊന്നും ഇപ്പൊ തൽക്കാലം ഞാനെടുക്കുന്നില്ല.. ഹ്ം.."" 

ഉപദേശിക്കാൻ വന്നിട്ട് വയറുനിറച്ച് കിട്ടിയതുപോലെയായി വല്യേട്ടന്..
""എടാ... അത് പിന്നെ... അന്ന് ഞാനും നിൻ്റെ പ്രായമല്ലേ... പിന്നെ അതും ഇതും രണ്ടും രണ്ട് അവസ്ഥയല്ലേ... അശ്വതി അവളുടെ നിവർത്തിയില്ലായ്മകൊണ്ട് വേറെ കെട്ടിപ്പോയതാണ്... അല്ലാതെ ചതിച്ചിട്ട് പോയതല്ല.. അന്ന് എനിക്കൊരു ജോലിയും കൂലിയും ഇല്ലാത്തതുകൊണ്ട് ചെന്ന് വിളിച്ചിറക്കി കൊണ്ടുവരാനും എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.. അതിൻ്റെ വാശിക്കാണ് ഇല്ലാത്ത കാശും സംഘടിപ്പിച്ച് കാനഡയ്ക്ക് പോയത്... എല്ലുമുറിയെ പണിയെടുത്തിട്ട് തന്നെയാ ഈ കാണുന്ന നിലയിൽ ഞാനുമെത്തിയത്... എന്തെങ്കിലുമൊരു പണി കിട്ടാൻ വേണ്ടി നടന്ന സമയത്ത് പാത്രം കഴുകാനും കക്കൂസ് കഴുകാനും വരെ ഞാൻ പോയിട്ടുണ്ട്.. പോക്കറ്റിൽ സൂക്ഷിച്ച ബർഗർ ഒരു ടോയ്ലറ്റിൽ ഇരുന്ന് തിന്നേണ്ട അവസ്ഥ വരെ എനിക്കുണ്ടായിട്ടുണ്ട്.. ഇതൊന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല.. എന്തിനാ വെറുതെ വീട്ടിലുള്ളവരെ അറിയിച്ചിട്ട് അവർക്കുകൂടെ വിഷമമാവാൻ... നമ്മളൊക്കെ ചിരിച്ച് കാണുന്നതാണ് വീട്ടിലുള്ളോർക്ക് ഇഷ്ടം.. അവരുടെ സന്തോഷം കാണുന്നത് നമ്മൾക്കും.. ഞാൻ പറഞ്ഞുവന്നത് നമ്മുടെ ഉള്ളിൽ മറ്റുള്ളവരോടുള്ള ദേഷ്യം ഇങ്ങനെ വച്ചോണ്ടിരുന്നാൽ അത് അകത്തിരുന്ന് ചീഞ്ഞ് നാറും.. ആ നാറ്റം നമ്മളെക്കൂടെ നാറ്റിക്കും.. അത് ചുറ്റുമുള്ളവരിലേക്ക് പടരും.. അതുകൊണ്ട് നിനക്ക് സ്വയം ഹാൻ്റിൽ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ പറയണം , ഉള്ളിലുള്ളത് പറഞ്ഞ് തീർത്താൽ അത്രേം നല്ലതല്ലേ.. ഇനിയിപ്പൊ അവളെ രണ്ട് പൊട്ടിച്ചാൽ നീ ഓക്കെയാവുമെങ്കിൽ നീ വാ, ഇപ്പൊ വിട്ടാൽ 3 മണിക്കൂറുകൊണ്ട് അവിടെ ചെല്ലാം.. വിട്ടാലോ??"" കാറിൻ്റെ ചായി തൂക്കിപ്പിടിച്ച് വല്യേട്ടൻ ചോദിച്ചു...

അതു കണ്ട് പെട്ടെന്ന് ചിരിയാണ് അയാൾക്ക് വന്നത്.. അതിൻ്റെ അർത്ഥം മമസ്സിലായിട്ടെന്നോണം വല്യേട്ടൻ അവനെ സീരിയസ്സായിട്ട് നോക്കി..

""കാര്യമായിട്ട് പറഞ്ഞതാടാ!!! നിനക്ക് എന്താ പേടിയുണ്ടോ!! നേരെ ചെല്ലുന്നു, കല്യാണവീടല്ലേ, ആൾക്കാരുണ്ടാവും, അവൻ്റെ ഫ്രണ്ടെന്ന നിലയിൽ കേറിച്ചെന്ന് അവളെ കാണുന്ന മുറയ്ക്ക് പിടിച്ച് നിർത്തി ഒരെണ്ണം പ്ലക്കനേന്ന് കൊടുത്തിട്ട് ഇറങ്ങിപ്പോരാം.. നാട്ടുകാരും വീട്ടുകാരും ബഹളമുണ്ടാക്കും, തല്ലും കിട്ടും ചിലപ്പൊ.. പോലീസും വന്നേക്കാം.. പക്ഷേ അതോടെ നിൻ്റെ കലി അടങ്ങുമെങ്കിൽ അത് ഒരു വിഷയമേ അല്ലെന്നേ... പോയാലോ?"" വല്യേട്ടൻ നല്ല ഉത്സാഹത്തിലാണ്...

"" ഏയ്.. തല്ലാനല്ല, കൊല്ലാനുള്ള ദേഷ്യമുണ്ട്... അത് കൂടിക്കൂടി വരുന്നതല്ലാതെ കുറയുന്നില്ല... തല്ലാനായിരുന്നേൽ ഇന്ന് അവൾടെ കെട്ട് കാണാൻ പോയപ്പൊത്തന്നെ തല്ലിയിട്ട് വരാമായിരുന്നല്ലോ... അവളെ തൊട്ടാൽ പുഴുത്തുപോകുന്നത് എൻ്റെ കയ്യാവും.. അതോണ്ട് ഒന്നും ചെയ്യാതെ വന്നതാ.. ശെരിക്കും തല്ലിക്കൊന്ന് അന്തസ്സോടെ ജയിലിൽ പോയിക്കെടക്കേണ്ട കേസാണ്... വീട്ടുകാരെ ഓർത്ത് മാത്രമാണ് അവൾ ഇപ്പഴും ജീവനോടെ ഇരിക്കുന്നത്... ഞാൻ പിച്ചയായി കൊടുത്ത ജീവൻ കൊണ്ടാണ് അവള് ഇപ്പൊ കെടന്ന് സുഖിക്കുന്നത്..."" 

ചിരിയിൽ നിന്നും പതുക്കെ ഗൗരവത്തിലേക്ക് മാറുന്ന അവൻ്റെ ഭാവങ്ങൾ വല്യേട്ടനേയും ഭയപ്പെടുത്തുന്നുണ്ടായിരുന്നു... പഴയ ആളല്ല അയാളിപ്പോൾ... പെരുമാറ്റത്തിലെല്ലാം വലിയ മാറ്റങ്ങൾ കാണുന്നുണ്ട്.. എന്ത് വന്നാലും ചിരിച്ചുകൊണ്ട് നിന്നിരുന്ന അയാളുടെ മുഖത്തിപ്പോൾ ചിരി കാണാനില്ല..

""ആ, ആണല്ലോ?! എന്നാപ്പിന്നെ നീ ദാനം കൊടുത്ത ജീവിതം അവളെങ്ങനെയെങ്കിലും ജീവിച്ച് തീർത്തോട്ടെയെന്നേ!! അത് കഴിവതും ഓർക്കാതിരിക്കാൻ ശ്രമിക്ക്.. മറക്കാൻ പറ്റില്ലെന്നറിയാം, അതുകൊണ്ടാണ് ഓർക്കാതിരിക്കാൻ പറഞ്ഞത്.. വേറെ എന്തോരം കാര്യങ്ങളുണ്ട്  നല്ലത് ! നീ പഴയ നീയായിട്ടിരിക്കുന്നതാടാ ഭംഗി... ഒരു പെണ്ണൊരുത്തിയ്ക്ക് വന്ന് തല്ലിക്കൊഴിച്ചിട്ട് പോകാൻ മാത്രം ലോലമനസ്സായിട്ട് നിന്ന് കൊടുക്കരുത് നീ.. ആത്മാർത്ഥത കാണിച്ച് തിരിച്ച് ചതിയേറ്റുവാങ്ങിയവരേ എന്നും ലോകത്ത് തകർന്ന് പോയിട്ടുള്ളൂ.. അതിൻ്റെ കൂട്ടത്തിൽ നിൻ്റെ പേരും കൂടെ ചേർക്കാൻ നിക്കരുത്.. നിനക്ക് ഞങ്ങളൊക്കെയില്ലേടാ... നിൻ്റെ കൂട്ടുകാരെത്രപേരുണ്ട്!! എല്ലാവർക്കും നിന്നെ വേണം, ആ പഴയ നീയായിട്ട്.."" തോളത്ത് കയ്യിട്ട് ഒന്ന് കുലുക്കിയിട്ട് വല്യേട്ടൻ പതിയെ എഴുന്നേറ്റു..

"" നിന്നെ വിളിച്ചോണ്ട് ചെല്ലാൻ പറഞ്ഞിട്ടാ നിൻ്റമ്മ ഇങ്ങോട്ട് വിട്ടേ.. പക്ഷെ നീ ഇപ്പൊ വരണ്ട.. കുറച്ച് നേരം കൂടെ ഇരിക്ക് ഇവിടെ.. മൈൻ്റ് ഓക്കെയായെന്ന് തോന്നുമ്പോ ചേച്ചിപ്പെണ്ണിന് രണ്ട് ചോക്കോബാർ വാങ്ങിയിട്ട് വന്നാമതി.. എല്ലാരും കൂളായിക്കോളും.. ആ, പിന്നെ നിൻ്റെ തലതെറിച്ച ആ കൂട്ടുകാരന്മാരില്ലേ, അബ്ദുവും മറ്റവന്മാരുമൊക്കെ.. അവരെ വിളിച്ച് വെള്ളമടി കലാപരിപാടികൾക്ക് നിക്കണ്ട, കഴിക്കാൻ നേരത്തിന് വീട്ടിലെത്തിയേക്കണം, കേട്ടല്ലോ?"" 

ഇതും പറഞ്ഞ് വല്യേട്ടൻ തിരിഞ്ഞതും ബൈക്കിൽ ട്രിപ്പിളടിച്ച് അബ്ദുവും യാഷിയും ആദിയും വന്ന് നിന്നു..
വല്യേട്ടനെ കണ്ടതും കയ്യിലുണ്ടായിരുന്ന കുപ്പി യാഷി പുറകിലേക്ക് പിടിച്ചു.. ഒരു വളിഞ്ഞ ചിരിയും സമ്മാനിച്ച് വല്യേട്ടനെ നോക്കി നിൽക്കുകയായിരുന്നു ബാക്കി രണ്ടുപേരും..

""ഓ!! നൂറായുസ്സാണ് മൂന്നിനും.. ഹ്ം.. ദേ , ഒരു കാര്യം പറഞ്ഞേക്കാം.. ഇന്ന് വന്ന് കേറിയതേ ഉള്ളൂ അവൻ.. വീട്ടിലുള്ളവർക്ക് നേരെ കാണാൻ പോലും കിട്ടിയിട്ടില്ല.. കുടിപ്പിച്ച് കെടത്താനാണ് ഭാവമെങ്കി നിൻ്റെയൊക്കെ വീട്ടിൽ വന്ന് ഉപ്പാനോട് ഞാൻ പറഞ്ഞ് കൊടുക്കും.."" വല്യേട്ടൻ അവരെ ഒന്ന് പേടിപ്പിച്ച് നിർത്തി...

""എന്ത് ! കുടിയോ!! ഞങ്ങളോ!! ശിവ ശിവ!! എന്താ നോം ഈ കേക്കണേ!! കുടിക്ക്യേ!! ഹൈ!! ഇല്ലാവചനം പറയരുത് ട്വോ!!"" തമാശരൂപേണ അത് പറഞ്ഞതും അബ്ദുവിൻ്റെ ചെവിയിൽ വല്യേട്ടൻ്റെ കൈ പിടുത്തമിട്ടതും ഒന്നിച്ചായിരുന്നു..

""നിന്നെ ആണ് ആദ്യം പിടിച്ച് ചവിട്ടേണ്ടത്..! നീയാണ് ഇവന്മാരെക്കൂടെ നശിപ്പിക്കുന്നത്!! ഇക്കൂട്ടത്തിലെ ഏറ്റവും മൂത്തതല്ലേ നീ.. കല്യാണോം കഴിഞ്ഞ് കുട്ടിയായില്ലെ നിനക്ക്.. ഇനിയെങ്കിലും നന്നായിക്കൂടെ.."" വല്യേട്ടൻ്റെ വക അടുത്ത സെറ്റ് ഉപദേശം കേട്ടിട്ട് ഇത് വലിയ പുത്തരിയൊന്നുമല്ല സ്ഥിരം കേൾക്കുന്നതാണെന്ന മട്ടിൽ മൂന്നും കൂസലില്ലാതെ നിന്നു..

""കൂട്ടത്തിൽ കൊറച്ച് ബോധം ഉള്ളത് നിനക്ക് മാത്രാ.. അവനെ വേഗം വീട്ടിലേക്ക് വിട്ടേക്കണം.. ഇന്ന് കുടിപ്പിക്കണ്ട.. പറ്റുമെങ്കി എല്ലാരും കൂടെ ഒന്ന് മനസ്സ് റെഡിയാക്കിയെടുക്ക്.."" ആദിയോട് ഇതും പറഞ്ഞ് വല്യേട്ടൻ പോയി.. അനുസരണയുള്ള കുട്ടിയെപ്പോലെ എലാം കേട്ട് നിൽക്കുകയായിരുന്നു ആദി.. 

വല്യേട്ടൻ പോയതും അബ്ദുവും യാഷിയും പൊട്ടിച്ചിരിക്കാൻ തുടങ്ങി...
""അതല്ലേലും നിൻ്റെ വീട്ടിൽ ചെന്നാലും എൻ്റെ വീട്ടിൽ ചെന്നാലും ഇവനെ മാത്രേ എല്ലാവർക്കും നല്ലകുട്ടിയായിട്ട് കണ്ണിൽ പിടിക്കൂ... ഉള്ളതിൽ ഏറ്റവും പാഴ് ഇവനാണെന്ന് നമ്മക്കല്ലേ അറിയൂ"" ആദിയെ ചൂണ്ടിക്കൊണ്ട് അബ്ദുവാണത് പറഞ്ഞത്.. പിന്നെ അതൊരു കൂട്ടച്ചിരിയായി... മൂവരും നടന്ന് നേരെ അയാളുടെ അടുത്തുവന്നു.. യാഷി കയ്യിലെ കുപ്പി എടുത്ത് അയാളുടെ മുന്നിൽ കാണിച്ചു..

""ഇത് ഞാൻ വാങ്ങിയതല്ലേ!! ഇതെവിടുന്ന് കിട്ടി!!"" അയാൾ ആശ്ചര്യത്തോടെ ചോദിച്ചു..

"" ആഹ്, നീയിത് രാകേഷിൻ്റെ കാറിൽ രാവിലെ മറന്നുവച്ചില്ലേ.. അവൻ അടിക്കാത്തതുകൊണ്ട് ഞങ്ങളെ വിളിച്ച് പറഞ്ഞു.. വേറെ ഓട്ടമുണ്ടെന്ന് പറഞ്ഞ് അവൻ പോയി.. അപ്പൊ എങ്ങനാ? നമ്മക്ക് ഓരോ നാരങ്ങാവെള്ളം അങ്ങ്ട് പൂശിയാലോ?!!"""




അദ്ധ്യായം 5

•°•°•°•°•°•°
""നിനക്ക് ഒരു വിഷ്ണുവിനെ അറിയാമോ?""

""ഏത് വിഷ്ണു?""

""വിഷ്ണു അച്ചുവോ.. വിച്ചുവോ.. ഒരു ഹാഫ് തമിഴൻ?""

"" ആഹ്!.. അറിയാം... എന്തേ?""

""എങ്ങനെ നിനക്ക് പരിജയം? കോളേജിലെ സീനിയർ വല്ലതുമായിരുന്നോ??""

"" ഏയ്.. അല്ല.. വേറെ കോളേജായിരുന്നു.. ഞങ്ങടെ കോളേജിൽ ഒരു പരിപാടിക്ക് വന്നപ്പോൾ കണ്ട് അങ്ങനെ പരിചയപ്പെട്ടതാ... എന്തുപറ്റി?""

""അവൻ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് വന്നിരുന്നോ??"" 

"" ആ!! അതൊരു പാവം പിടിച്ച മനുഷ്യനാണെന്നേ..!! ഇടയ്ക്ക് എന്നെ ഇഷ്ടമാണെന്നൊക്കെ പറഞ്ഞ് വരും... ഞാനപ്പൊ പറ്റില്ല, കമിറ്റഡാണെന്നൊക്കെ പറയുമ്പോ തെറ്റി പോവും.. പിന്നെ വീണ്ടും വരും കൊറേ കാലം കഴിഞ്ഞാൽ... നല്ലപോലെ സംസാരിക്കും, നോർമൽ കാര്യങ്ങളൊക്കെ.. പിന്നെ വീണ്ടും അവസാനം ഇഷ്ടമാണെന്ന് പറഞ്ഞ് വരും.. ഇതിങ്ങനെ റിപ്പീറ്റ്..! അല്ല എന്തേ ചോദിക്കാൻ? നിങ്ങളെ വിളിച്ചിരുന്നോ?""

"" മ്ം.. എന്നോട് നിൻ്റെ ലൗവറാണോ എന്നൊക്കെ ചോദിച്ചു.. എത്ര നാളായി തുടങ്ങിയിട്ട് എന്നൊക്കെ..""

"" ആ.. ഞാൻ പറഞ്ഞിട്ട് വിശ്വാസം വരാത്തതു പോലെയാ എപ്പോഴും.. അപ്പൊ ഞാൻ പറഞ്ഞു സംശയമുണ്ടെങ്കിൽ നേരിട്ട് ചോദിച്ചോ എന്ന്.. നിങ്ങൾ ചൂടായിട്ടൊന്നുമില്ലല്ലോ ല്ലേ!! അതൊരു പാവമാണ്... ലോല ഹൃദയനാണ്.. തകർന്നുപോകും😂""

""നീയെന്തിനാ ഇങ്ങനെയുള്ളവരെ പിന്നേം പിന്നേം അടുപ്പിക്കുന്നത്!! അവൻ്റെ ഉള്ളിൽ ഒരിഷ്ടം കിടക്കുന്നതുകൊണ്ടല്ലേ പിന്നേം പിന്നേം അതേ കാര്യം പറഞ്ഞ് വരുന്നത്.. എന്തിനാ അതിന് വളം വച്ച് കൊടുക്കുന്നത്? ഒറ്റയടിക്ക് ഒഴിവാക്കി വിട്ടൂടേ.. ഇത് നീ സംസാരിക്കാൻ നിന്ന് കൊടുക്കുന്നത് അവന് ഒരു ഹോപ്പ് കൊടുക്കുന്നത് പോലെയാ... അത് അവൻ്റെ മനസ്സ് വിഷമിക്കാൻ കൂടുതൽ ഇടവരുത്തും.. ആണുങ്ങളുടെ മനസ്സറിയാവുന്നതുകൊണ്ട് പറയുവാ.. ഇനി കോണ്ടാക്ട് ഒന്നും വേണ്ട..""

"" ഞാനെന്ത് ഹോപ്പ് കൊടുത്തെന്നാ!! സംസാരത്തിലൊന്നും ഒരു കുഴപ്പവും ഇല്ലെന്നേ!! കുറേ കഴിയുമ്പൊ ഇഷ്ടമാണെന്നും പറഞ്ഞ് വരുമെന്നേയുള്ളൂ.. അപ്പൊ പറ്റില്ലാന്ന് പറയും, അയാളായിട്ട് തന്നെ ബ്ലോക്കാക്കി പോകും, പിന്നെ വീണ്ടും വരും..""

""ഇതുതന്നെയാ പറഞ്ഞേ വേണ്ടെന്ന്... ഉള്ളിലൊരിഷ്ടം വച്ച് നടക്കുന്ന അയാളുടെ കൂട്ടിൻ്റെ ആവശ്യമില്ലല്ലോ നിനക്ക്.. നിൻ്റെ സംസാരം അയാൾക്ക് കൂടുതൽ കൂടുതൽ നിന്നോടടുക്കാനുള്ള തോന്നലുണ്ടാക്കുന്നതുകൊണ്ടാണ് കറങ്ങിത്തിരിഞ്ഞ് ഇഷ്ടമാണെന്നും പറഞ്ഞ് വരുന്നത്.. അയാളുടെ സമയമാണ് ഒരാവശ്യവുമില്ലാതെ നിനക്കുവേണ്ടി കളയുന്നത്.. അത് നല്ലതല്ല.. വെറുതെ അയാൾടെ ഉള്ളിൽ ഒരു നടക്കാത്ത സ്വപ്നം ഉടലെടുക്കാൻ നമ്മൾ കാരണമാവേണ്ട...""

""ഓ... ശരി... നിങ്ങളെന്തായാലും നാട്ടിൽ വരുമ്പോ നമുക്ക് ഒന്നിച്ച് പോയി അയാളെ കാണാം.. എന്നിട്ട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം.. ഫോണിൽ കൂടെ പറയുന്നത് ചിലപ്പോൾ നമ്മളുദ്ദേശിക്കുന്ന പോലെ മനസ്സിലായിക്കൊള്ളണമെന്നില്ല.. മലയാളം ശരിക്ക് അറിയില്ലെന്നേ... നേരിട്ട് ചോദിക്കാലോ ഞാൻ എന്ത് ഹോപ്പാ കൊടുത്തേ എന്ന്..""

"" നീ വെറുതെ എഴുതാപ്പുറം വായിക്കല്ലേ... നീ ഹോപ്പ് കൊടുത്തെന്നോ അയാളോട് ഇഷ്ടമാണെന്ന തരത്തിൽ നിന്നുകൊടുത്തെന്നോ അല്ല, നിൻ്റെ കൂട്ട് അയാൾക്ക് ആ രീതിയിൽ കണക്ടാവുന്നുണ്ടാവാം എന്നാണ് പറഞ്ഞത്.. നമ്മൾ കാരണം വെറുതെ അയാൾക്ക് മറ്റൊരാളിൽ ഇൻവെസ്റ്റ് ചെയ്യേണ്ട  അയാളുടെ നല്ല സമയം നശിപ്പിക്കേണ്ട എന്നാ പറഞ്ഞത്... നാട്ടിൽ വന്നിട്ട് എന്തായാലും കാണാം, നല്ലരീതിയിൽ പറഞ്ഞുമനസ്സിലാക്കാം...""

""മ്ം..""
•°•°•°•°•°•°•

ഫോണിലെ പഴയ ചാറ്റുകളെല്ലാം സ്ക്രോൾ ചെയത് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു അയാൾ... അപ്പൊഴാണ് സൈഡിൽ നിന്ന് ഒരു തട്ടുകിട്ടിയത്..

""ടാ! നീയിതെന്ത് നോക്കിയിരിക്കുവാടാ! ഒരെണ്ണം എടുത്തടിച്ചേ!!"" കയ്യിൽ ഒരു ഗ്ലാസ്സും കൊണ്ട് ആദിയാണ് അത്.. വീട്ടിൽ എല്ലാവരും അമ്മവീട്ടിൽ പോയതുകൊണ്ട് ടെറസ്സിൻ്റെ മുകളിൽ മാനത്തെ നക്ഷത്രങ്ങളുമെണ്ണിക്കൊണ്ടാണ് വെള്ളമടി.. അബ്ദുവും യാഷിയും രണ്ടെണ്ണം ഇപ്പൊഴെ അകത്താക്കിക്കഴിഞ്ഞു...

""വേണ്ടെടാ.. ഞാൻ അടി നിർത്തി...""

കുറച്ച് നേരത്തേക്ക് ശ്മശാനമൂകതയായി അവിടെ പെട്ടെന്ന്!! കുടിച്ചുകൊണ്ടിരുന്ന കള്ള് നെറുകുംതലയിൽ അടിച്ച് കയറി ചുമച്ചോണ്ടിരിക്കുകയാണ് അബ്ദു.. ആ നിശബ്ദത കീറിമുറിച്ചുകൊണ്ട് മൂന്നുപേരുടേയും കൂട്ടച്ചിരിയാണ് പിന്നീടവിടെ മുഴങ്ങി കേട്ടത്...

""എൻ്റെ പൊന്നോ!!! ഈ വർഷത്തെ ഓസ്കാർ കോമഡി!!"""

""സാധാരണ എല്ലാവരും തേപ്പ് കിട്ടിയാൽ വെള്ളമടി തുടങ്ങാറാണ് പതിവ്!! ഇവിടൊരുത്തൻ ദേ വെള്ളമടി നിർത്തിയിരിക്കുന്നു!!! അഭിവാദ്യങ്ങൾ മകനേ!! അഭിവാദ്യങ്ങൾ"" കളിയാക്കിക്കൊണ്ട് യാഷിയാണത് പറഞ്ഞത്.. തിരിച്ച് ചിരിച്ചുകൊടുത്തതേയുള്ളൂ അയാൾ..

""നീ അടിക്കുന്നില്ലെന്ന് ഉറപ്പാണോ??"" കയ്യിലെ ഗ്ലാസ് നീട്ടിക്കൊണ്ട് ആദി വീണ്ടും ചോദിച്ചു...

""നിർബന്ധിക്കല്ലേ അളിയാ!! ഒരാളെ നന്നാവാനും നീ സമ്മതിക്കില്ലേ!! അതിങ്ങ് താ... അമൂല്യമായ ഔഷധം പാഴാക്കാൻ പാടില്ലെന്ന് അമ്മൂമ്മ പറഞ്ഞിട്ടുണ്ട്..."" ആദിയുടെ കയ്യിലെ ഗ്ലാസ് തട്ടിപ്പറച്ച് വാങ്ങിച്ച് കുടിക്കുന്നതിനിടയിൽ അബ്ദു പറഞ്ഞു...

""നീയെന്തുവാ ഈ കുത്തിക്കൊണ്ടിരിക്കുന്നേ?"" വീണ്ടും ഫോണെടുത്ത് ലോക്ക് തുറന്ന അയാളോട് ആദി ചോദിച്ചു..

""ഞാൻ അവളുടെ പഴയ ചാറ്റെല്ലാം നോക്കുവായിരുന്നു... പണ്ട് പറഞ്ഞ പലതിൻ്റെയും അർത്ഥങ്ങളും വ്യാഘ്യാനങ്ങളുമൊക്കെ ഇപ്പൊഴാ തലയിൽ കത്തുന്നത്... അവൾക്ക് അടുപ്പിക്കാൻ താൽപര്യമില്ലാത്തവരൊക്കെ ഇഷ്ടമാണെന്നും പറഞ്ഞ് പിന്നാലെ നടക്കുന്നത് അപ്പോത്തന്നെ ബ്ലോക്ക് ചെയ്തിട്ട് എന്നോട് പറയാറുണ്ടായിരുന്നു പണ്ട്.. പക്ഷേ ഈ സിജിനും സൂരജും ഒന്നും ലിസ്റ്റിലുള്ളകാര്യം ഒന്ന് സൂചന പോലും തന്നിരുന്നില്ല..' i need sombody who can love me in my worst..' എന്ന് അവള് പാടി നടന്നിരുന്നത് എന്തിനായിരുന്നു എന്ന് അപ്പൊ പുരിയലെ.. ഇപ്പൊ പുരിയിത്..."" അയിൾ പറഞ്ഞു..

"" എടാ നീ ഇപ്പൊഴും അതൊക്കെ കയ്യിൽ കൊണ്ടുനടക്കുവാണോ!! ഡിലീറ്റ് ചെയ്ത് കളയെടാ! അത് ഫോണിൽ ഇരിക്കുന്നിടത്തോളം അതൊക്കെ എടുത്ത് നോക്കാൻ തോന്നും.. അത് കൂടുതൽ ഡിപ്രഷനടിക്കാനേ കാരണമാവൂ... നീയതൊക്കെ ഇപ്പൊത്തന്നെ ഡിലീറ്റാക്ക്! മറന്ന് കളയ്"" അബ്ദുവാണ് ഉപദേശിക്കുന്നത്..

""ഇല്ലെടാ.. അതൊക്കെ തെളിവുകളാണ്.. പലർക്കും ഇപ്പോഴും അറിയാത്ത അവളുടെ പൊയ്മുഖങ്ങൾ... ഇനിയിപ്പൊ അതൊക്കെ ഫോണീന്ന് പോയാലും മനസ്സീന്ന് പോവില്ലല്ലോ... കണ്ണടച്ച് വിശ്വസിച്ചിരുന്ന ഓരോ വാക്കുകളും പ്രവർത്തികളും ഇന്നീകാലം വരെയും ഉറക്കത്തിൽ ദുസ്വപ്നം പോലെ വന്ന് കുത്തിയെഴുനേൽപ്പിക്കുകയാണ്... ഒന്ന് നേരെ ഒറങ്ങിയിട്ട് വർഷം രണ്ടായി... കണ്ണടച്ചാൽ അവളുടെ കാപട്യം നിറഞ്ഞ തേനൊലിക്കുന്ന വാക്കുകളാണ് ചെവിയിൽ മുഴങ്ങി കേൾക്കുന്നത്... ഡോക്ടറെ കണ്ടപ്പോഴും പറഞ്ഞത് ഇതുതന്നെയാ.. കുഴപ്പമൊന്നുമില്ല, ഓർമ്മകളെ മറക്കാൻ ശ്രമിക്ക് എന്ന്.. മറക്കാൻ പോയിട്ട് ഓർക്കാതിരിക്കാൻ പോലും പറ്റുന്നില്ല.. അപ്പൊഴാ..."" അവൻ ആരോടെന്നില്ലാതെ പറയുന്നത് കേട്ട് അബ്ദു അവൻ്റെയടുത്തുവന്നിരുന്ന് അവനെ ചേർത്തുപിടിച്ചു..

""എടാ.. ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടെന്ന് നീയെന്തെ പറയാതിരുന്നേ!?""

""പറഞ്ഞാൽ ഇവിടെ കിടന്ന് നിങ്ങളെന്ത് ചെയ്യുമായിരുന്നു? കുറേ മോട്ടിവേഷൻ.. അതെനിക്ക് ഞാൻ തന്നെ ഒരുപാട് കൊടുക്കുന്നുണ്ട്...""

അതിന് മറുപടി പറയാൻ അവർക്കൊന്നുമുണ്ടായിരുന്നില്ല.. കാരണം അയാൾ പറഞ്ഞത് ശരിയായിരുന്നു.. വിളിച്ച് നാലു സമാധാന വാക്കുകൾ പറയാമെന്നല്ലാതെ ഒന്നും തന്നെ ചെയ്യാൻ അവർക്കാവില്ലായിരുന്നു.. അതിനപ്പുറത്തേക്ക് ഒരു ഹാർട്ട്ബ്രേക്ക് സിറ്റുവേഷൻ എങ്ങനെ ഹാൻ്റിൽ ചെയ്യണമെന്നും അവർക്കറിയിലായിരുന്നു.. ഒന്നും മിണ്ടാതെ എല്ലാവരും കൂനിക്കൂടി ഇരിക്കുന്നതിനിടയ്ക്കാണ് യാഷി വാ തുറന്നത്..

""വിടളിയാ... ആത്മാർത്ഥത കാണിക്കുന്നവരൊക്കെ അവസാനം ഇങ്ങനെ മൂഞ്ചിത്തെറ്റി ഇരിക്കത്തേയുള്ളൂ... വൃത്തിക്ക് തേച്ചിട്ട് പോയ അവള് ഹാപ്പിയായിട്ടിരിക്കുന്നില്ലേ ഇപ്പൊ, അങ്ങനെയാവണം നമ്മളൊക്കെ.. വടക്കൻവീരഗാഥയിൽ മമ്മൂക്ക പണ്ടേ പറഞ്ഞിട്ടുള്ളതാ... അവളടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും.. അവർ ശപിച്ചുകൊണ്ട് കൊഞ്ചും.. ചിരിച്ചുകൊണ്ട് കരയും.. മോഹിച്ചുകൊണ്ട് വെറുക്കും... പിന്നെ സ്നേഹിച്ചുകൊണ്ട് കഴുത്തറക്കും..""

""അതില് ലാസ്റ്റ് പറഞ്ഞ ഡയലോഗ് സിനിമയിൽ ഇല്ലല്ലോ?!"" ആദി സംശയത്തോടെ ചോദിച്ചു..

""ഇല്ല.. അത് ഞാൻ കയ്യീന്ന് ഇട്ടതാ.. എന്താണേലും സംഭവം സത്യമല്ലേ!!"" ഇളിഞ്ഞ ചിരിയോടെ യാഷി പറഞ്ഞു...

"" അങ്ങനെ എല്ലാ പെണ്ണുങ്ങളും ഒരുപോലെയൊന്നുമല്ല... എൻ്റെ കെട്ട്യോള് സൂപ്പറല്ലേ!! ഞാനല്ലാണ്ട് ഒരു ലോകം ഇല്ലല്ലോ അവൾക്ക്.. കൊല്ലം പതിനഞ്ചായില്ലേ എൻ്റെ തലേല് കേറീട്ട്.. ഒരു കൊഴപ്പോം ഇല്ലല്ലോ!!"" യാഷിയുടെ വാദത്തെ പൊളിച്ചടുക്കിക്കൊണ്ട് അബ്ദു രംഗത്തുവന്നു..

""ആ, പഠിക്കുന്ന കാലത്തുതന്നെ അവള് നിന്നെ മണിച്ചിത്രത്താഴിട്ട് പൂട്ടിവച്ചതുകൊണ്ട് നീ വഴിതെറ്റിപ്പോയില്ല.. നേരെ മറിച്ച് ദേ ഇവൻ... എല്ലാവർടേം കണ്ണിലെ സൽസ്വഭാവിയായ ഇവൻ്റെ പന്ത്രണ്ടാമത്തെ ആളാണ് ഇപ്പൊ ഓടിക്കൊണ്ടിരിക്കുന്നത്!! ഇവനെ കണ്ട് പഠിക്കണം നീ!! ഒന്ന് പോയ മറ്റൊന്ന്, അത് പോയ വേറൊന്ന്!!"" ഗ്ലാസെടുത്ത് മടമടാന്ന് കുടിച്ചുകൊണ്ടിരുന്ന ആദിയെ ചൂണ്ടി യാഷി പറഞ്ഞു... കുടി നിർത്തിക്കൊണ്ട് അവൻ യാഷിയെ തുറിച്ചുനോക്കി..

""പന്ത്രണ്ടല്ല, പതിമൂന്ന്!"" വലിയ അഭിമാനത്തോടെ വിരലിൽ മൂന്നെന്ന് കാണിച്ച് ആദി തന്നെയാണത് പറഞ്ഞത്..

""ങേ! അപ്പൊ ചിഞ്ചുവിനെ വിട്ടോ?!""

""ചിഞ്ചു പോയി.. ഇപ്പൊ മഞ്ചു.."" ക്ലോസപ്പിൻ്റെ പരസ്യം പോലെ മുപ്പത്തിരണ്ട് പല്ലും കാണിച്ച് വെളുക്കനെ ചിരിക്കുകയാണ് ആദി..

""കണ്ടില്ലേ! ഇത്രയേ ഉള്ളൂ.. അവനാരിലും നിലയൊറപ്പിക്കാതെ ഇങ്ങനെ പാറിപ്പറക്കുന്ന വണ്ടായി നടക്കുന്നത് കണ്ടില്ലേ!!.. ആ ഒരു മെൻ്റാലിറ്റിയിൽ കാര്യങ്ങളെടുക്കാൻ പഠിക്കെടാ.."" അബ്ദുവിൻ്റെ വക അടുത്ത സെറ്റ് ഉപദേശം ഇറങ്ങി..

"" പക്ഷേ വേറൊരു കാര്യമുണ്ട്.. ഞാൻ ചെന്നെത്തുന്ന എല്ലാതിറ്റങ്ങൾക്കും വെറുതേ നേരംപോക്കിനൊരാൾ എന്നേ വേണ്ടുള്ളൂ.. , അല്ലാതെ കെട്ടി കൂടെപ്പൊറുപ്പിക്കാൻ ഞാനില്ലെന്ന് ആദ്യമേ പറഞ്ഞ് വയ്ക്കും.. അവർക്കും അതങ്ങനെതന്നെയായതുകൊണ്ടാണ് ലിസ്റ്റിങ്ങനെ നീണ്ട് പോകുന്നേ.. ഇവന് പക്ഷേ ദിവ്യപ്രേമമായിരുന്നല്ലോ!! കെട്ടി കൂടെകൂട്ടാൻ നീ തിരഞ്ഞെടുത്തവൾക്ക് പക്ഷേ നിന്നെ കെട്ടാൻ അവസാനം താൽപര്യമില്ലാണ്ടായി... നീയിങ്ങനെ മൂഞ്ചിത്തെറ്റിയിരിക്കേണ്ടിയും വന്നു.."" അയാളെ കളിയാക്കിക്കൊണ്ട് ആദി പറഞ്ഞു..

""അതേടാ! കൂടെ കൂട്ടാൻ വേണ്ടി തന്നെയാ പ്രേമിച്ചേ.. അല്ലാതെ നിന്നെപ്പോലെ യൂസ് ആൻ്റ് ത്രോ പരിപാടിക്കല്ല.. ഒരു സമയം ഒരുത്തിയോട് മാത്രമേ ആത്മാർത്ഥത തോന്നൂ.. അങ്ങനേ തോന്നാവൂ.. അതാണ് ഞാൻ കണ്ടിട്ടുള്ള പ്രണയം.. അല്ലിതെ ഇ എന്നിട്ട് ഇവനെ കണ്ട് ഞാൻ പഠിക്കണമെന്നോ!! അതിന് ഇവൻ്റെ തന്ത അരിക്കട രാഘവൻ മുതലാളി അല്ല എൻ്റെ തന്ത!"" ആദിയോട് തർക്കിച്ചുതുടങ്ങിയ അയാൾ നേരെ യാഷിയോട് കയർക്കാൻ തുടങ്ങി... പെട്ടെന്നൊരു ഭാവമാറ്റം കണ്ടപ്പോൾ എല്ലാവരും ഒന്ന് ഭയന്നു.. ഇവനിതെന്ത് പറ്റി എന്ന മട്ടിൽ അന്തം വിട്ട് കണ്ണുതുറിച്ച് നിൽക്കുകയായിരുന്നു എല്ലാവരും... 

""അയ്യേ! നാണമുണ്ടോടാ!! നിൻ്റെ തന്തയ്ക്ക് വിളിച്ചിട്ട് കേട്ടോണ്ട് നിൽക്കാതെ എണീറ്റ് പൊക്കൂടെ നിനക്ക്!!""
സിറ്റുവേഷൻ കൂളാക്കാൻ അബ്ദുതന്നെ ഒരു തമാശ പൊട്ടിച്ചു.. അതും കേട്ട് കുപ്പിയുമെടുത്ത് പോകാൻ വേണ്ടി ആദി എണീറ്റു..

""ഡേയ് ഡേയ്! ആ കുപ്പി അവടെ വച്ചിട്ട് പോടേയ്!! അത് ഞങ്ങളടിച്ച് തീർത്തോളാം"" യാഷി പറഞ്ഞു.. കയ്യിലെ കുപ്പി നോക്കി തിരിച്ചവിടെ തന്നെ വച്ചിട്ട് പോകാൻ തുനിഞ്ഞ ആദി ഒന്ന് നിന്നു..

""അല്ല!! ഞാനെന്തിന് ഇറങ്ങിപ്പോണം!! ഇതെൻ്റെ വീടല്ലേ!!! വേണേൽ നീയൊക്കെ ഇറങ്ങിപ്പോടാ!! ഹല്ലപിന്നെ!"" തിരിച്ച് അവിടെത്തന്നെയിരുന്ന് ഒരെണ്ണമൊഴിച്ച് ഒറ്റവലിക്ക് കുടിച്ച്തീർത്ത് അച്ചാറും തൊട്ട് നാവിലാക്കി ഒന്ന് ഞെരിപിരി കൊണ്ടു ആദി..
ഇതുകണ്ട് എല്ലാവരും കൂട്ടച്ചിരിയായി.. പതിയെ ആ ചിരിയിൽ ആദിയും പങ്കുചേർന്നു..

അതിനിടയിലാണ് അയാളുടെ ഫോൺ ബെല്ലടിച്ചത്..

അത് ശരണ്യയുടെ കോളായിരുന്നു...




അദ്ധ്യായം 6


"" ആരാടാ? വീട്ടീന്നാണോ? നിന്നെ നേരത്തെ പറഞ്ഞുവിട്ടേക്കാൻ പറഞ്ഞിട്ടാ ഏട്ടൻ പോയേ! തെറിപറയാൻ വിളിക്കുന്നതാവും!!"" ആദി ഒന്ന് ഭയന്നു..

""അല്ലെടാ.. ഇത് ശരണ്യയാണ്.. ""

"" ഏത്.. മറ്റേ ലവളുടെ കൂട്ടുകാരിയോ? നീ എടുക്കണ്ടെടാ!! അതിൻ്റെ ആവശ്യമൊന്നുമില്ല! പണ്ട് അവളുടെ മനസ്സ്മാറ്റത്തെപ്പറ്റി സംസാരിക്കാൻ നീ കൊറെ ഇവർടെ പിന്നാലെ നടന്നതല്ലേ! അന്നൊന്നും മൈൻ്റ് ചെയ്തിട്ടില്ലല്ലോ? ഇപ്പൊ നീയും ചെയ്യണ്ട!"" യാഷിയുടെ ഉള്ളിലേ ഈഗോ നുരഞ്ഞുപൊന്തി..

"" എന്നുവച്ച് നമ്മളും അത് പോലെ തിരിച്ച് കാണിക്കാൻ നിന്നാൽ പിന്നെ നമ്മളും അവരോമൊക്കെ തമ്മിൽ എന്താ വ്യത്യാസമുള്ളേ?? നീ എടുക്കെടാ, എന്താ കാര്യമെന്ന് നോക്കാമല്ലോ!"" അബ്ദുവാണത് പറഞ്ഞത്.. വെള്ളമടിച്ചാൽ അവന് ലേശം വിവരം വയ്ക്കാറുണ്ട് ഇടക്ക്..

അവൻ അവരോടെല്ലാം മിണ്ടാതിരിക്കാൻ പറഞ്ഞുകൊണ്ട് ഫോൺ എടുത്തു.. സ്പീക്കറിലിടാൻ ആദി ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു... പക്ഷേ അയാളത് ചെയ്തില്ല.. അൽപ്പം മാറി നിന്ന് അയാൾ ഫോണെടുത്ത് ചെവിയിൽ വച്ചു..

""നിങ്ങളുടെ സ്റ്റാറ്റസ്സ് കണ്ടിരുന്നു..   നിങ്ങളോടാരാ പറഞ്ഞേ ഞങ്ങള് ഫ്രണ്ട്സെല്ലാവരും അവളുടെ എല്ലാ തോന്യവാസങ്ങൾക്കും കൂട്ടുനിൽക്കുവാണെന്ന്?! നിങ്ങളെ ഒരുത്തി തേച്ചിട്ട് പോയതിന് ഞങ്ങളെങ്ങനെയാ ഉത്തരവാധികളാകുന്നേ?? "" എടുത്ത വഴിക്ക് മറുതലയ്ക്കൽ നിന്ന് ഇതാണ് ശബ്ദം..


വീട്ടിലേക്ക് വരുന്നതിനിടയ്ക്ക് കൂട്ടുകാരുടെ ഫോൺവിളികളും ചോദ്യങ്ങളും കാരണം എല്ലാവരേയും ഒറ്റയടിയ്ക്ക് കാര്യങ്ങളറിയിക്കാൻ വേണ്ടി അയാൾ ക്ലോസ്ഫ്രണ്ട്സ് ലിസ്റ്റിനെ മാത്രം മെൻഷൻ ചെയ്തുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ  സ്റ്റാറ്റസ്സിട്ടിരുന്നു വണ്ടിയിലിരുന്നുകൊണ്ട്... 

"പ്രിയ സുഹൃത്തുക്കളെ... കഴിഞ്ഞ കുറേ വർഷങ്ങളായി ഞാനൊരു റിലേഷൻഷിപ്പിലായിരുന്നെന്നും കല്യാണത്തിൻ്റെ വക്കുവരെ എത്തിയതായിരുന്നുവെന്നും നിങ്ങളിൽ പലർക്കും അറിയാമായിരിക്കുമല്ലോ.. ഇന്ന് അവളുടെ കല്ല്യാണമായിരുന്നു, വേറൊരാളുമായിട്ട്.. എൻ്റെ മോശം പ്രവർത്തികൾ കാരണം എന്നെ മടുത്ത് അവളെ മനസ്സിലാക്കുന്ന ഒരാളുടെ കൂടെ പുതിയ ജീവിതം തുടങ്ങുകയാണ് ഇന്നുമുതൽ... എന്നാൽ വളരെ വ്യക്തമായ സ്ക്രിപറ്റിങ്ങും പ്ലാനിങ്ങോടും കൂടെ ഒരുവർഷത്തോളം മറ്റൊരാളുമായി റിലേഷൻഷിപ് കൊണ്ടുനടന്നുകൊണ്ട് നടത്തിയ ഒരു തേപ്പായിരുന്നു അതെന്നുകൂടെ നിങ്ങളെ അറിയിക്കുന്നു.. ഇനിയും ഈ കാര്യങ്ങളെപ്പറ്റി ഓരോരുത്തരായി എന്നെ വിളിച്ച് ബുദ്ധിമുട്ടാതിരിക്കാനാണ് ഇതിവിടെ പറയുന്നത്.. കൂടുതൽ എന്തെങ്കിലും അറിയണമെന്നുള്ളവർ അവളുടെ എല്ലാ തോന്യവാസങ്ങൾക്കും കൂട്ടുനിൽക്കുന്ന ഇപ്പൊഴത്തെ കൂട്ടുകാരോട് ചോദിക്കുക.. ഇപ്പോൾ പോയാൽ പട്ടം ശ്രീവിനായക ഓഡിറ്റോറിയത്തിൽ ശരണ്യയും സനൂജയും അരുണുമെല്ലാമടങ്ങുന്ന ഗാങിനോടൊപ്പം അവളോടും നിങ്ങൾക്ക് ചോദിച്ച് മനസ്സിലാക്കാം.."

അപ്പൊഴത്തെ ആവേശത്തിൽ മനസ്സിൽ വന്നതെഴുതിയിട്ടതാണെങ്കിലും അതിൻ്റെ പേരിൽ ഇങ്ങനൊരു ഫോൺകാൾ അയാൾ പ്രതീക്ഷിച്ചിരുന്നില്ല.. ഒരു നിമിഷത്തേക്ക് ചെയ്തത് തെറ്റായിപ്പോയോ എന്നൊരു ചിന്ത അയാളുടെ മനസ്സിലേക്ക് ഓടിയെത്തി.. പക്ഷേ അത് മറ്റുള്ളവർക്ക് ദോഷം വരരുതെന്ന് വിചാരിക്കുന്ന ഉള്ളിലെ പഴയ അയാളുടെ തോന്നലുകൾ മാത്രമാണെന്ന് ഇപ്പൊഴത്തെ സ്വബോധം തലമണ്ടയിൽ ആണിയടിച്ച് പറഞ്ഞുവച്ചു...

""ചുമ്മാ കാര്യങ്ങളറിയാതെ എൻ്റെ പേരെല്ലാം ഇതിൻ്റെ ഇടയിൽ വലിച്ചിഴക്കാൻ നിങ്ങൾക്ക് എന്തധികാരമാണുള്ളത്!! ഇത് അങ്ങനെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.."" വീണ്ടും മറുതലയ്ക്കൽ നിന്ന് ശബ്ദമുയർന്നു.. ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് പിറകിൽ നിന്നും 'എന്താണ്! ഞങ്ങളിടപെടണോ' എന്ന തരത്തിലുള്ള ആംഗ്യങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്... ഒന്നുമില്ലെന്ന് കണ്ണുകാണിച്ച് അയാൾ മറുപടി പറഞ്ഞുതുടങ്ങി...

"" നിങ്ങളൂടെ അറിഞ്ഞിട്ടാണോ നിങ്ങൾക്കന്തൊക്കെ അറിയാമെന്നോ അറിയില്ലെന്നോ എന്നൊന്നും എനിക്കറിഞ്ഞൂടാ.. പക്ഷേ അവള് ഒരുപാട് നുണപറഞ്ഞ ആളാണ്.. നീയും എന്നോട് നുണകൾ പറഞ്ഞിട്ടുണ്ട്.. അതുകൊണ്ട് എനിക്ക് ഇപ്പൊ ഒന്നും, ആരെയും വിശ്വാസമില്ല.."" വളരെ കൂളായി തന്നെ അയാൾ പറഞ്ഞുനിർത്തി..

"" ഞാൻ നിങ്ങളോടെന്ത് നുണ പറഞ്ഞെന്നാ??""

"" നുണ പറഞ്ഞിട്ടില്ലെന്ന് നിനക്ക് ഉറപ്പുണ്ടോ?? പറഞ്ഞിട്ടുണ്ട് എന്നുള്ളതിന് തെളിവ് ഞാൻ ഇപ്പൊ തരാം.."" 

എന്നും പറഞ്ഞ് അയാൾ സ്പീക്കർ ഓണാക്കി തൻ്റെ പഴയ ഫോൺ എടുത്ത് സേവ് ചെയ്ത് വച്ച ഫയലുകൾ തുറന്ന് ചില വോയിസ് നോട്ടുകൾ തപ്പിയെടുത്തു...

""പണ്ട്, രണ്ടു വർഷം മുൻപ്.. നിൻ്റെ ഫ്രണ്ട് എൻ്റെ ഭാഗത്തെ മോശം പ്രവർത്തികൾ കൊണ്ട് അവൾക്ക് സഹിക്കാൻ പറ്റാത്തതുകൊണ്ട് എന്നെ വേണ്ടെന്നും പറഞ്ഞ് അകറ്റിനിർത്തി കുറേ ഡ്രാമകളിച്ചിരുന്ന കാലം നിനക്ക് ഓർമ്മയുണ്ടോ?? അന്ന് നിയ്യടക്കം അവളുടെ കെട്ട്യോൻ സൂരജിനും അരുണിനും എല്ലാം നിരന്തരം ഞാൻ മെസ്സേജയച്ച് കെഞ്ചിയിട്ടുണ്ടായിരുന്നു, എങ്ങനെയെങ്കിലും അവളോട് ഒന്ന് സംസാരിച്ച് പ്രശ്നം പരിഹരിച്ച് തരണം, പണ്ടെന്നോ ചെയ്തുപോയ കാര്യങ്ങളാണ്, കുറച്ചുവർഷങ്ങളായി നല്ലരീതിയിൽ പൊയ്ക്കൊണ്ടിരിക്കുവാണ് , ഒന്ന് സംസാരിക്കണം പ്ലീസ്.. എന്നും പറഞ്ഞ് ലിറ്ററലീ കാലുപിടിക്കാൻ വന്നിട്ടുണ്ട് ഞാൻ.. അന്ന് നീ എൻ്റെ മെസ്സേജുകളെ പറ്റി അവളോട് സംസാരിച്ചത് അവൾതന്നെ എനിക്കയച്ചുതന്ന വോയിസ്സുകളാണ്.. ഇത് കേട്ടിട്ട് നീ പറ..""

എന്നും പറഞ്ഞ് അയാൾ വോയിസ് ഓണാക്കി.. 

"" നീ ആങ്ങേരുടെ മെസ്സേജുകൾക്കൊന്നും റിപ്ലേ കൊടുക്കാൻ പോവണ്ട, ഇനി മെസ്സേജയക്കരുതെന്ന് തറപ്പിച്ച് പറഞ്ഞേക്ക്.. ഒരു കാര്യത്തിൽ ഞാൻ ഗ്യാരണ്ടി തരാം, അങ്ങേര് ഉപദ്രവകാരി ഒന്നുമല്ല...""

""ഉപദ്രവം ആയിട്ടൊന്നുമല്ല, ഇത് ഇങ്ങനെ തുരുതുരാ മെസ്സേജ് അയച്ചോണ്ടിരിക്കുവാ.. എല്ലാത്തിലും പറയുന്നത് ഇതുതന്നെയാ, ഒന്ന് നിന്നോട് സംസാരിക്ക്, നിങ്ങളാണെങ്കിൽ എന്താ പറയുവാ അങ്ങനെ തന്നെ പറഞ്ഞേക്ക് എന്നൊക്കെ.. ഞാൻ മെസ്സേജ് എടുത്ത് നോക്കാറില്ല, നോട്ടിഫികേഷനിൽ ഇങ്ങനെ കാണും വായിക്കും , കൊറേ അയച്ച് മടുത്ത് അങ്ങേര് നിർത്തുമ്പോൾ എടുത്ത് നോക്കി എന്തെങ്കിലും റിപ്ലേ കൊടുക്കും അത്രേ ഉള്ളൂ... ഇത് ഇങ്ങനെ പറഞ്ഞതുതന്നെ പറഞ്ഞോണ്ടിരിക്കുവാ.. ഞാൻ ഇനി അങ്ങേര് പറയുന്നത് സമ്മതിക്കുന്ന തരത്തിൽ എന്തെങ്കിലും പറഞ്ഞ് പോകുവോ എന്നാ പേടി..""

"" ഇനി റിപ്ലേ കൊടുക്കണ്ട, ഞാൻ പറഞ്ഞോളാം..""

ഇത്രയും കേൾപ്പിച്ച് അയാൾ വോയ്സ് നോട്ട് കട്ട് ചെയ്തു...

"" ഇത് നിങ്ങളുടെ സംസാരമല്ലെന്ന് പറയില്ലല്ലോ, അല്ലേ? ഞാനൊരു ഉപദ്രവകാരിയല്ല എൻ്റെ ഭാഗത്തുനിന്ന് കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് വളരെ വ്യക്തമായി എന്നെ മനസ്സിലാക്കി വച്ച് നിൻ്റെ ഫ്രണ്ട് അവിടെ ചതിച്ചുകൊണ്ടിരുന്നപ്പോൾ എങ്ങനെയെങ്കിലും ഈ പ്രശ്നം തീർക്കാൻ വേണ്ടിയാണ് നിങ്ങളുടെയൊക്കെ പിറകെ നടന്നത്.. എന്നിട്ട് മെസ്സേജും കണ്ട് അതിലെ കണ്ടെൻ്റും വായിച്ച് ഒന്നുരണ്ടുദിവസം കഴിഞ്ഞ് നീ എടുത്തുനോക്കിയിട്ട് എന്നോട് പറഞ്ഞതെന്താ? ' ഞാൻ വേറെ തിരക്കിലായിരുന്നു ഡ്യൂട്ടിയിലായിരുന്നു മെസ്സേജ് ശ്രദ്ധിച്ചില്ലെന്ന്!' അന്ന് ഞാനത് വിശ്വസിച്ചു, ഈ വോയിസ് അവളയച്ചുതരുന്നതുവരെ..  എന്നോട് സംസാരിച്ചാൽ നിങ്ങൾ കൂട്ടുകാർ അവളെ കൂട്ടത്തിൽ നിന്നും മാറ്റി നിർത്തും എന്ന് പറഞ്ഞിട്ടുണ്ടെന്ന് വരെ അവൾ പണ്ട് പറഞ്ഞിട്ടുണ്ട്... ഇപ്പൊ നിനക്കൊന്നും ഇതിൽ യാതൊരു പങ്കുമില്ലെന്ന് പറയുന്നത് പോലും എനിക്ക് വിശ്വാസമില്ല... അത് സത്യമാണെങ്കിൽ പോലും വിശ്വസിക്കാൻ ഇനി താൽപര്യവുമില്ല...  ""

അതിന് മറുപടിയൊന്നും കേട്ടില്ല.. പറയാൻ ഒന്നുമില്ലായിരുന്നിരിക്കാം.. ഫോൺ കട്ട് ചെയ്ത് തിരിഞ്ഞ് നോക്കിയപ്പോൾ മൂന്നെണ്ണവും ആകാംഷയോടെ അയാളെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്..

""എന്താടാ? എന്താ കാര്യം? ""

""ഓ! അതൊന്നുമില്ല, സ്റ്റോറി ഇട്ടത് കണ്ടിട്ട് അവരുടെ ഒക്കെ പേരെന്തിനാ ഇട്ടിരിക്കുന്നേ അവർക്കൊന്നും അറിയില്ലെന്ന് പറയാൻ വിളിച്ചതാ..""

""ഓ പിന്നേ!! നീയെന്ത് ചെയ്യമെന്ന് അവരാണോ തീരുമാനിക്കുന്നേ!! നിന്നെ ഇട്ട് വട്ടം കറക്കിയപ്പോഴൊന്നും ഈ സഹതാപം കണ്ടില്ലായിരുന്നല്ലോ!!.. അല്ല, സ്റ്റോറി കണ്ടപ്പൊ ചോദിക്കണമെന്ന് വിചാരിച്ചതാ... നീയെന്ത് തേങ്ങയ്ക്കാണ് നിൻ്റെ മോശം പ്രവർത്തികൾ കൊണ്ട് അവൾ ഇട്ടിട്ട് പോയി എന്നൊക്കെ പറഞ്ഞ് സ്വയം കുറ്റം ഏറ്റുവാങ്ങുന്നത്? നീയെന്ത് ചെയ്തിട്ടാ?? അവള് കൂടെ നിന്ന് ചതിച്ചതിൻ്റെ അത്രയൊന്നും നീ ചെയ്തിട്ടില്ലല്ലോ?? പിന്നെന്തിനാ ഇത്ര അനുകമ്പ?"" യാഷിയാണത് പറഞ്ഞത്...

"" അനുകമ്പയല്ലെടാ.. ഒരുതരം കുറ്റബോധമാണ്.. എത്രയൊക്കെ അവൾ കരുതിക്കൂട്ടി ചതിച്ചതാണെന്ന് മനസ്സിനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴും ഉള്ളിൻ്റെ ഉള്ളിൽ ഒരു കുറ്റബോധം ഇങ്ങനെ കിടപ്പുണ്ട്... അവള് പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ, എൻ്റെ പ്രവർത്തികൾ അവളുടെ മനസ്സ് വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ, താൽപര്യമില്ലാഞ്ഞിട്ടുപോലും എൻ്റെ സ്വാർത്ഥതാൽപര്യങ്ങൾക്കുവേണ്ടി സ്വന്തം സെൽഫ് റെസ്പെക്റ്റ് നോക്കാതെ നിൽക്കേണ്ടിവന്നിട്ടുണ്ടെങ്കിൽ... അതിൻ്റെയൊക്കെ കാരണക്കാരൻ ഞാൻ തന്നെയല്ലേ... ഞാൻ തെറ്റുകാരനല്ലേ.. ഒരുപക്ഷേ ഞാൻ പെർഫെക്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നല്ലോ.. അതിൻ്റെ കുറ്റബോധമാണ്..."" അയാൾ ഇരുട്ടിലേക്ക് നോക്കിക്കൊണ്ടിരുന്നു..

"" മാങ്ങാത്തൊലി!! എടാ ഇത്രേം ഒക്കെ കിട്ടിയിട്ടും നിനക്ക് വിവരം വച്ചില്ലേ!! നീയവളെ പിടിച്ച് റേപ്പ് ചെയ്തിട്ടൊന്നുമില്ലല്ലോ ഇത്രയ്ക്ക് കുറ്റബോധം തോന്നാൻ?? അവൻ്റെയൊരു... എടാ ഇന്നത്തെക്കാലത്ത് കല്യാണത്തിനുമുൻപേ സകല പരിപാടികളും കഴിഞ്ഞിട്ട് ഓരോരുത്തർ ബ്രേക്കപ്പായിട്ട് പോകുന്നു.. നിങ്ങടെ ഇടയിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിലും അതിന് നീ മാത്രം എങ്ങനെയാ ഉത്തരവാദിയാകുന്നത്? കൺസെൻ്റ് എന്ന് പറയുന്ന ഒരു സാധനം ഉണ്ട്, അതില്ലാതെ ഒരുത്തിയും ഒരുത്തനെയും ഒന്ന് തൊടാൻ പോലും അനുവദിക്കില്ല... എന്നിട്ടും നീയെന്തിനാ എല്ല പഴിയും ഒറ്റയ്ക്ക് ഏറ്റുവാങ്ങുന്നത്!"" യാഷിയുടെ ശബ്ദം കനത്തു..

"" കൂടെ കിടക്കുന്നത് മാത്രമാണോ നിൻ്റെയൊക്കെ കണ്ണിൽ കുറ്റബോധം തോന്നാനുള്ള കാരണം? എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കാരണം അവളുടെ മനസ്സ് വേദനിച്ചിട്ടുണ്ടെങ്കിൽ അതെൻ്റെ തെറ്റുതന്നെയാണ്... അവളോട് ചോദിക്കാതെ ഒന്ന് തൊട്ടിട്ട് പോലുമില്ല, ശരിയാണ്... പക്ഷേ അതൊന്നും അവൾക്ക് താൽപര്യമില്ലാതെ നിന്നുതന്നതാണെന്ന് പറയുമ്പോ.. എങ്ങനെ അത് സാരമില്ലെന്ന് കരുതാൻ കഴിയും!! എന്നെക്കൊണ്ട് അതിന് പറ്റില്ല.."" 

""അയ്ശരി!! ഇക്കണക്കിന് നിങ്ങൾ കെട്ടിയിട്ട് കൊച്ചൊക്കെയായിട്ട്   'അതേയ്! ഇക്ക് ഇതിനൊന്നും താൽപര്യമുണ്ടായിരുന്നില്ല, നിങ്ങൾ ഇട്ടിട്ട് പോവണ്ടെന്ന് വിചാരിച്ച് മാത്രം എല്ലാം അനുസരിച്ചതാണ് ' എന്നവള് പറഞ്ഞാ അന്നും കേട്ടിട്ട് അയ്യോ പാവം അവള് എന്തോരം മനസ്സുവിഷമിച്ചിട്ടാണ് കൂടെ കഴിഞ്ഞത് എന്ന് വിചാരിക്കുവോ?!! എടാ ഇതൊക്കെ അവള് അവളുടെ ഭാഗത്ത് തെറ്റില്ലെന്ന് നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി നിൻ്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കിയതാണ്.. നീയൊരു മണ്ടൻ അതും വിശ്വസിച്ച് കുറ്റബോധം കൊണ്ട് നടക്കുന്നു.."" കുറച്ച് എക്സ്പീരിയൻസിൻ്റെ പുറത്ത് അബ്ദുവിൻ്റെ വക നാലുഡയലോഗ് കൂടെ..

"" അതെ അളിയാ.. its not your fault.. she made you feel like its your fault.. "" യാഷിയുടെ നാവ് കുഴയുന്നുണ്ടായിരുന്നു...

""ആദിയേ!! ചെക്കന് തലയ്ക്കുപിടച്ചു കേട്ടോ! ഇനി അവന് ഒഴിക്കണ്ട, കണ്ടില്ലേ ദേ ഇംഗ്ലീഷും തത്വങ്ങളുമൊക്കെ വായേന്ന് വരുന്നു!!"" ആദിയോട് ആകജ്ഞാപിച്ചുകൊണ്ട് അടുത്ത സിപ്പോടുകൂടെ അബ്ദു അന്നത്തെ കോട്ട നിർത്തി... എല്ലാവരും യാഷിയെ നോക്കി ചിരിക്കുകയാണ്... അയാളപ്പോഴും ചിന്തയിൽ തന്നെയാണ്... അതുകണ്ട് ആദി പതിയെ ഇരുന്നിടത്തുനിന്ന് എണീറ്റ് അയാളുടെ അടുത്തുവന്നിരുന്നു.. തോളിൽ കയ്യിട്ട് രണ്ടുപേരും വിദൂരതയിലേക്ക് നോക്കിക്കൊണ്ട് അൽപ്പനേരം മിണ്ടാതെയിരുന്നു...

""വിട്ടുകളയെടാ.. ഈ പ്രേമമൊക്കെ ചെലോൽത് റെഡിയാവും.. ചെലോൽത് റെഡിയാവൂല.. നിൻ്റേത് റെഡിയായില്ല... എൻ്റേതും റെഡിയായില്ല... ആത്മാർത്ഥത കാണിച്ചോരൊക്കെ എന്നും കരഞ്ഞിട്ടേയുള്ളൂ, അത് റിലേഷൻഷിപ്പിലായാലും ഫ്രണ്ട്ഷിപ്പിലായാലും... അനു തേച്ചിട്ട് പോയേൽപിന്നെ ഒരുത്തിയോടും ഒരു സീരിയസ്നെസ്സോ അറ്റാച്ച്മെൻ്റോ തോന്നിയിട്ടില്ല ഇതുവരെ... ഇനിയത് എന്നുതോന്നുമെന്നു എനിക്കറിഞ്ഞൂട.. അതുകൊണ്ടാണിങ്ങനെ നിങ്ങളൊക്കെ പറയുന്നപോലെ പാറിപ്പറന്ന് നടക്കുന്നത്... പക്ഷേ എന്നെപ്പോലെയല്ലല്ലോ നീ.. നീ എന്തായിരുന്നെന്നും നിനക്കവളെങ്ങനെയായിരുന്നെന്നും എനിക്ക് നല്ലപോലെ അറിയാം.. ചിലപ്പൊ നീ പറഞ്ഞപോലെ നിൻ്റെ കയ്യിലിരുപ്പുകൊണ്ടായിരിക്കാം ഇങ്ങനെയൊക്കെ ആയത്.. അതിന് പണ്ട് നീ കൊറേ കരഞ്ഞില്ലേടാ.. ആരെങ്കിലും കണ്ടോ അത്? ആർക്കുവേണ്ടിയാണോ നീ കരഞ്ഞത് അവള് പോലും അത് മൈൻ്റാക്കിയിട്ടില്ല.. അന്നൊക്കെ വേറൊരുത്തൻ്റെ പെണ്ണായിട്ട് അവള് സന്തോഷിക്കുവാർന്നില്ലേ... ഈ ലോകം ഇങ്ങനെയാണ്.. ഇവിടെ ഒരു പെണ്ണിൻ്റെ കണ്ണുനിറഞ്ഞാൽ ആ കണ്ണീരൊപ്പാൻ അങ്ങ് ജപ്പാനീന്ന് വരെ ആൾക്കാർ ഫ്ലൈറ്റ് പിടിച്ച് വരും... ആണൊരുത്തൻ കരഞ്ഞാൽ അവൻ ധൈര്യമില്ലാത്തവൻ, തൻ്റേടമില്ലാത്തവൻ, ആണത്തമില്ലാത്തവൻ... നീ കരഞ്ഞാൽ ആ കണ്ണീരിന് ഇവിടെ ഒരു വിലയുമില്ല... അതുകൊണ്ട് നീ ട്രാക്ക് ഒന്ന് മാറ്റിപ്പിടിക്ക്.. രണ്ടുകൊല്ലമായില്ലേ നീ എന്തെങ്കിലും വുഡ്ക്രാഫ്റ്റ് ചെയ്തിട്ട്.. നീ നിൻ്റെ കഴിവുകളിൽ ശ്രദ്ധ കൊടുക്കെടാ... വെറുതെ ഇരിക്കുന്നതുകൊണ്ടാണ് ഓരോരോ ചിന്തകൾ ഇങ്ങനെ ശല്യം ചെയ്യുന്നത്.. നീ നിനക്ക് സന്തോഷം തരുന്നതെന്തോ അത് ചെയ്യെടാ.. കുറേ കഴിയുമ്പോ അത് പതിയെ മൈൻ്റിൽ ഫിക്സാവും.. പിന്നെ വേണമെന്ന് തോന്നിയാൽ മാത്രം ഒരു കൂട്ടൊക്കെ ആവാം.. കല്യാണം ഒക്കെ കഴിച്ച് മൂവ് ഓണാവാം.. "" ആദി പതിയെ അകലെ നോക്കിക്കൊണ്ടുതന്നെ പറഞ്ഞുകൊണ്ടിരുന്നു...

അയാൾ അപ്പോഴും ചിന്തയിലാണ്... ഈ പറഞ്ഞതൊന്നും അറിയാഞ്ഞിട്ടല്ല, എത്രയൊക്കെ പുറമെ നടിച്ചാലും അവസാനം എല്ലാവരും ഒറ്റക്കായിപ്പോകുന്ന നിമിഷങ്ങളുണ്ട് ജീവിതത്തിൽ.. എത്രയൊക്കെ ചങ്ക് കൂട്ടുകാരുണ്ടെന്ന് പറഞ്ഞാലും അവർക്കൊക്കെ കയ്യുംകെട്ടി നോക്കി നിൽക്കാനേ പറ്റത്തുള്ളൂ ആ സമയത്ത്... രാത്രിമുഴുവനും കൂട്ടുകാരോടൊപ്പം ആടിപ്പാടി ചിരിച്ചുകളിച്ച്നടന്ന എത്രയോപേർ രാവിലെ ആകുമ്പോഴേക്കും ആത്മഹത്യ ചെയ്യുന്നു!! ഒരു നിമിഷത്തെ ചിന്തകളുടെ മലക്കംമറിച്ചിലിൽ താളംതെറ്റിപ്പോകാതെ മനസ്സിനെ പിടിച്ചുനിർത്തുകയെന്നത് വളരെ ശ്രമകരമായ ജോലിയാണ്.. പുറത്തുനിന്ന് മോട്ടിവേഷൻ ക്ലാസെടുക്കുന്നവർക്കൊന്നും മനസ്സിൻ്റെ യാത്രാവഴികൾ പലപ്പോഴും പിടികിട്ടാറില്ല...

"" കല്യാണത്തിൻ്റെ കാര്യം പറഞ്ഞപ്പൊഴാ , അളിയാ!!! നമ്മൾ തമ്മിലൊരു ബെറ്റ് ഉണ്ടായിരുന്നു!!"" പാതി ഫിറ്റായി ഓഫാവാൻ തുടങ്ങിയ യാഷി ആദിയുടെ വർത്തമാനം കേട്ട് പെട്ടെന്ന് എണീറ്റിരുന്ന് പറഞ്ഞു..

""എന്ത് ബെറ്റ്!!"" പുറത്തോട്ട് നോക്കിയിരുന്ന രണ്ടുപേരും പുറം തിരിഞ്ഞ് നോക്കി!..

""എടാ നിങ്ങൾ റിലേഷൻഷിപ്പ് തുടങ്ങിയപ്പൊഴെ ഞാൻ പറഞ്ഞിരുന്നു ഇതൊന്നും അധികകാലം പോവില്ല നിങ്ങൾ കെട്ടാനൊന്നും പോണില്ലെന്ന്! അന്ന് നെനക്ക് ഭയങ്കര കോൺഫിഡൻസ്!! അന്നെന്നെ കൊറെ തെറി പറഞ്ഞില്ലേ നീ... അന്ന് പറഞ്ഞതാ ബെറ്റുണ്ടെങ്കിൽ നീവയ്ക്ക് എന്ന്.. കഷ്ടകാലത്തിന് ജോലീം കൂലീം ഇല്ലാതിരുന്ന സമയമായതുകൊണ്ട് അമ്പതിനായിരം രൂപയായിരുന്നു മനസ്സിൽ വന്നത് പറഞ്ഞത്... അന്നത് വല്യേ തുകയായിരുന്നല്ലോ!! പണ്ടാരം കൊറച്ച് കൂടുതൽ ചോദിച്ചാ മതിയായിരുന്നു... എടുക്ക് എടുക്ക്, നീ കാശെടുക്ക് മോനേ!!"" അടിച്ച കെട്ടൊക്കെ ഇറങ്ങി യാഷി ഫുൾ ഓണായി..

""പണ്ടാരക്കാലാ!! നിനക്കൊക്കെ വെള്ളമടിച്ചാൽ മാത്രം എങ്ങനെയാടാ ആവശ്യമില്ലാത്തതൊക്കെ ഇങ്ങനെ കൃത്യമായി ഓർമ്മവരുന്നേ!!! പുരകത്തുമ്പോൾ തന്നെ നിനക്ക് വാഴ വെട്ടണമല്ലേ!! കാലമാടാ "" അയാൾ തലയിൽ കൈവച്ചുപോയി!!

""പൈസയുടെ കാര്യത്തിൽ നോ കോംപ്രമൈസ് അളിയാ... പുര കത്തിയാലും വാഴ വെട്ടേണ്ട സമയത്ത് തന്നെ വെട്ടേണ്ടേ!! കത്തുന്ന പുരയുടെ കഴുക്കോലെടുത്ത് ബീഡി കത്തിക്കുന്ന എന്നോട് നീ ബെറ്റ് വയ്ക്കരുതായിരുന്നു കുട്ടാ.."" അഭിമാനത്തോടെ യാഷി കോളർ തൂക്കിക്കൊണ്ട് പറഞ്ഞു...

""ആ!! ശരിയാ!! അന്ന് ഞാനുമുണ്ടായിരുന്നല്ലോ!! ഞാനാണ് സാക്ഷി!! നിൻ്റെ തുള്ളലും ഓവർ കോൺഫിഡൻസും കണ്ടിണ്ട് ഞങ്ങൾ രണ്ടുംകൂടെ ആണല്ലോ ബെറ്റ് വച്ചേ!! പാതി എനിക്കാണെന്നും പറഞ്ഞിരുന്നു!! എടുക്കടാ ഇരുപത്തഞ്ച്!!"" അബ്ദുവും കളത്തിലിറങ്ങി...

രക്ഷപ്പെടാൻ വഴിയില്ല!! കൊടുത്തേ മതിയാവൂ.. കാരണം അത്രത്തോളം ആവേശത്തോടെയാണ് ഒരിക്കൽപോലും കയ്യിൽ ഒന്നിച്ചെടുക്കാൻ ഉണ്ടാവാൻ സാധ്യതയില്ലാഞ്ഞിട്ട് പോലും കല്യാണത്തിന് ഇവൻമാരുടെ കയ്യിൽ നിന്നും കുത്തിന്പിടിച്ച് വാങ്ങിച്ചെടുക്കാനുള്ള പ്ലാനിൽ ബെറ്റിന് സമ്മതിച്ചത്... കഴപ്പ്! അല്ലാതെന്താ!!! അയാൾ പതിയെ ഫോണെടുത്ത് ഗൂഗിൾ പേ തുറന്ന് യാഷിക്ക് ഇരുപത്തയ്യായിരം അയച്ചുകൊടുത്തു..

""കിട്ടിയല്ലോ!! സമാധാനമായല്ലോ!!!  "" യാഷിയോടായി അയാൾ പറഞ്ഞു...

""അപ്പൊ എനിക്കോ?!!"" അബ്ദു കൈ നീട്ടി...

""ആ , നിനക്ക്!! നീ നിൻ്റെ ബിസിനസ്സിനെന്നും പറഞ്ഞ് രണ്ടുകൊല്ലം മുന്നേ എന്നെക്കൊണ്ട് ഒരുലക്ഷം രൂപ ലോണടുപ്പിച്ചത് ഓർമ്മയുണ്ടോ?? പലിശ കൃത്യമായി അടച്ചോളാം എന്ന് പറഞ്ഞിട്ട് അതിൻ്റെ പലിശേം മൊതലും ഒക്കെ അടച്ച് തീർത്തത് ഞാൻ തന്നെയാ.. അതുകൊണ്ട് വിഹിതം ചോദിച്ച് വന്നാ നിൻ്റെ ട്രൗസർ കീറും.. വേണോ??"" വളരെ കൂളായി അയാൾ അബ്ദുവിനെ നോക്കി...

"" ഏയ്!! ഒന്നുംവേണ്ടളിയാ, നീ ഹാപ്പിയല്ലേ! അത് മാത്രം മതി.."" എന്നും പറഞ്ഞ് അബ്ദു വായടച്ചു...

അതിനിടയിലാണ് വല്യേട്ടൻ്റെ കോൾ വന്നത്.. ഫോണെടുത്ത് കാണിച്ചതും എല്ലാവരും സ്വിച്ചിട്ടപോലെ സൈലൻ്റായി...

""വരുന്നില്ലേ? ഇവിടെ എല്ലാവരും നിനക്കുവേണ്ടി വെയ്റ്റിങ്ങാണ് കഴിക്കാൻ...""

"" ഇല്ല ഏട്ടാ... ആദിയുടെ വീട്ടിലാണ്.. ഇവൻമാരെ ഈ അവസ്ഥയിൽ ഇട്ടിട്ട് പോന്നാൽ രാവിലെ എല്ലാംകൂടെ ടെറസ്സീന്ന് താഴെക്കിടക്കും.. രാവിലെ വന്നേക്കാം...""

""മ്ം.. നീ അടിച്ചിട്ടുണ്ടോ?""

""ഇല്ലേട്ടാ.. പച്ചയ്ക്കാണ്...""

"" ആ.. വേണേൽ രണ്ടെണ്ണം അടിച്ചിട്ട് കെടന്നോ... ഓവറാവണ്ട.. അമ്മേനോട് ഞാൻ പറഞ്ഞോളാം...""

"" ഓക്കെ..""

ഫോൺ വച്ചതും അടക്കിപ്പിടിച്ച ശ്വാസമെല്ലാം ആശ്വാസമായി പുറത്തേക്കൊഴുകി മൂന്നിൻ്റെയും..

പൊട്ടിച്ചിരികളും തമാശകളും പഴയകാല ഓർമ്മകളുമായി അവർ ആ ടെറസ്സിൽ തന്നെ ആ രാത്രി കഴിച്ചുകൂട്ടി...




അദ്ധ്യായം 7

•°•°•°•°•°•°•
"" ഹാപ്പി ബർത്ത്ഡേ...""

""താങ്ക്യൂ...""

""നമ്മൾ ഇത്ര ഫോർമലായിട്ട് ഒരു ബർത്ത്ഡേ വിഷ് ഇതാദ്യമായിട്ടാ ലേ... ""

"മ്ം...""

""അത് പോട്ടെ ബർത്ത്ഡേ ആയിട്ട് ഇന്നെന്താ പരിപാടി?""

""പ്രത്യേകിച്ച് ഒന്നുമില്ല.. അമ്പലത്തിലൊന്ന് പോണം, ഡ്യൂട്ടിയുണ്ട്...""

""മ്ം.. ഒരു കാര്യം ചോദിച്ചോട്ടേ??""

""മ്ം? എന്തേ?""

"" സിജിൻ്റെ സ്റ്റോറി കണ്ടായിരുന്നു... ബർത്ത്ഡേ വിഷ് ആയിട്ട് ഫോട്ടോ ഇട്ടിട്ടുണ്ട് നിങ്ങൾ രണ്ടാളുംകൂടെ നിൽക്കുന്നത്.. അത് എവിടുന്നെടുത്തതാ? എന്നത്തെയാ??""

""ഓ!! ഇതിനിടയ്ക്ക് അവിടേം പോയി തപ്പി നോക്കിയോ!! നിങ്ങൾക്കിതെന്തിൻ്റെ കേടാ!!""

""അല്ല... അങ്ങനെയല്ല... നീ എന്നെ പിടിച്ച് ബ്ലോക്കാക്കി വച്ചിരിക്കുകയാണല്ലോ എല്ലാത്തിലും... നിൻ്റെ വിവരങ്ങളൊക്കെ അറിയണേൽ ഫ്രണ്ട്സിൻ്റെ സ്റ്റോറി നോക്കേണ്ട അവസ്ഥയല്ലേ... അപ്പൊ നോക്കിയതാ... നമ്പറുണ്ടല്ലോ അവൻ്റെ, അങ്ങനെ കണ്ടതാ..""

""നിങ്ങളോട് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് അങ്ങേരോട് സംസാരിക്കാൻ പോകരുതെന്ന്!! അമ്മയുടെ പെറ്റ് ആണ് അങ്ങേര്.. നിങ്ങടെ കാര്യമൊക്കെ അമ്മ അങ്ങേരോടാണ് ചോദിച്ച് മനസ്സിലാക്കാറുള്ളത് ഇപ്പൊഴും കോൺടാക്ട് ഒക്കെയുണ്ടോ എന്നൊക്കെ..... എപ്പഴും എന്നെ വിളിച്ചില്ലേലും അമ്മയേയും അനിയത്തിയേയും കാണാൻ വേണ്ടി വിളിക്കാറുള്ള മനുഷ്യനാ.. നിങ്ങളെ ഞാൻ പറ്റെ ഒഴിവാക്കി ഇപ്പൊ കൊൺടാക്ട് ഒന്നുമില്ലെന്ന് പറഞ്ഞ് അടക്കി വച്ചിരിക്കുവാ അങ്ങേരെ.. ദയവ്ചെയ്ത് ഓരോന്ന് സംസാരിച്ച് പ്രശ്നങ്ങളുണ്ടാക്കിവയ്ക്കരുത്... എല്ലാരും കൂടെ എന്നെ പ്രാന്ത്പിടിപ്പിക്കരുത്.. കുറച്ച് സ്വസ്ഥത തര്വോ എല്ലാരും!""

""നീ ടെൻഷനാവല്ലേ!! ഞാനൊന്നും സംസാരിച്ചിട്ടില്ല... സ്റ്റാറ്റസ് കണ്ടെന്ന് മാത്രേ ഉള്ളൂ... നീ കൂൾ ആവ്..""

"" ഹും... അത് പണ്ടെങ്ങാണ്ടോ എടുത്ത ഫോട്ടോയാണ്.. കറക്ട് ഓർമ്മയില്ല.. എന്തിനാ ചോദിച്ചേ??""

"" ഏയ്.. അതിലെ ഡ്രസ്സ് പുതിയതാണല്ലോ.. ഈ അടുത്ത് എടുത്തത്.. നീ ഈ അകൽച്ച കാണിക്കാൻ തുടങ്ങിയപ്പൊ എങ്ങാനും കാണാൻ പോയതാണോ എന്ന് തോന്നി.. ""

"" പുതിയതൊന്നുമല്ല.. പണ്ടെന്നോ കോളേജിലേക്ക് പോയപ്പൊ അവിടുന്ന് പുള്ളിയുടെ അടുത്തൂന്ന് കുറച്ച് ബുക്ക് വാങ്ങിക്കാൻ പോയതാ.. നിങ്ങളോട് പറഞ്ഞിട്ടുണ്ടാവും.. നിങ്ങക്ക് ഓർമ്മയില്ലാത്തതാ..""

"" എന്നോട്  പറഞ്ഞിട്ടുണ്ടെങ്കിൽ എനിക്ക് ഓർമ്മയുണ്ടാവും.. ഇത് പറഞ്ഞിട്ടില്ല.. എനിക്ക് ഉറപ്പാ.. ബുക്ക് വാങ്ങാൻ പാർക്കിലാണോ പോകുന്നേ?""

"" അത് പുള്ളീടെ വീടിൻ്റെ അടുത്താണല്ലോ പാർക്ക്.. അപ്പൊ സമയം ഉള്ളോണ്ട് പോയതാ... പഴയ ഫോട്ടോ തന്നെയാ..ഏയ്! അല്ലല്ല! ആഹ്! ഇപ്പൊ ഓർമ്മ വന്നു!! അത് അന്ന് അച്ഛൻ്റെ കൂടെ പോയതാ!""

"' അച്ഛൻ്റെ കൂടെ ബുക്ക് വാങ്ങാൻ പോയിട്ട് അച്ഛനെ കാണാനില്ലല്ലോ ഫോട്ടോയില്!?""

""അങ്ങനെയല്ല! അതെന്താന്നോ! അത് അച്ഛന് എന്തോ മീറ്റിങ്ങ് ഉണ്ടായിരുന്നു അവിടെ അടുത്ത്... അപ്പൊ അവിടെ കോളേജിൽ വിട്ടിട്ട് അച്ഛൻ മീറ്റിങ്ങിന് പോയി ലേറ്റാവുമെന്ന് പറഞ്ഞപ്പൊ പാർക്കിൽ പോയതാ...""

""മ്ം.. എന്തായാലും പോയത് എന്നോട് പറഞ്ഞിട്ടില്ല.. ന്ന്ട്ട് അച്ഛൻ വന്ന് കൂട്ടിയിട്ട് പോയോ?"'

""അല്ലല്ല! അങ്ങനെയല്ല! അച്ഛൻ എന്തോ പർച്ചേസിങ്ങിനുവന്നതാ.. ഞാൻ കോളേജിൽ ലേറ്റായപ്പൊ അച്ഛനോട് പൊക്കോളാൻ പറഞ്ഞു... പിന്നെ സമയം ഉള്ളോണ്ട് ഞാനാ പാർക്കിൽ പോയത്, പുള്ളി ബുക്കുംകൊണ്ട് അങ്ങോട്ട് വന്നു, ഞാൻ ബസ്സിലാ തിരിച്ച് പോന്നേ.. അല്ല എന്താ അതിനിപ്പോ?!! ഒരുമാതിരി ചോദ്യംചെയ്യുന്നപോലെ!!""

""അതിനൊന്നും ഉണ്ടായിട്ടല്ല!! ഞാൻ ഇതിനുമുൻപ് ആ ഫോട്ടോ കണ്ടിട്ടില്ലാത്തതുകൊണ്ട് ചോദിച്ചതാ.. സാധാരണ എവിടെ പോയാലും പറഞ്ഞിട്ട് പോവാറുണ്ടല്ലോ... എല്ലാ ഫോട്ടോയും കാണിക്കാറുമുണ്ട്.. ഇപ്പൊ ഒന്നും അറിയാറില്ലല്ലോ...അതുകൊണ്ടാ..""

""മ്ം... ഞാൻ പോവാ സമയം വഴുകും..""

""ഓക്കെ.. ഫ്രീ ആവുമ്പോ വിളിക്ക്വേ മെസ്സേജയക്കുവേ മറ്റോ ചെയ്യ്.. ബൈ...""

•°•°•°•°•°•°•

ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുനേറ്റ് അയാൾ തന്നെ തട്ടിവിളിക്കുന്ന ആദിയെ നോക്കി.. വല്ലാതെ വിയർത്തുകുളിച്ചിട്ടുണ്ട് അയാൾ... 

""എന്താടാ!! വല്ല ദുസ്വപ്നോം കണ്ട് പേടിച്ചോ!! ആകെ വിയർത്തിരിക്കുന്നല്ലോ!! "" ആദി ചോദിച്ചു..

ഒരു നിമിഷം ചുറ്റും നോക്കി അയാൾ... യാഷിയും അബ്ദുവും കെട്ടിപ്പിടിച്ച് അപ്പുറത്ത് നല്ല ഉറക്കമാണ്... രാത്രി ഉറക്കമില്ലാത്തതുകൊണ്ട് അടിച്ച് ഫിറ്റായ എല്ലാത്തിനെയും സേഫായി ഉറക്കിക്കിടത്തിയിട്ട് എപ്പൊഴാ കിടന്നതെന്ന് ഓർമ്മയില്ല... ആദിയാവട്ടെ നേരത്തെ എണീറ്റിട്ടുണ്ട്! 

"" ദുസ്വപ്നമല്ല.. യക്ഷിപ്പടം...""

""ങേ?! ഏത് പടം?"" ആദി സംശയത്തോടെ ചോദിച്ചു..

""പണ്ടത്തെ അവളുടെ ഓരോ നുണകൾ.. പണ്ട് തേച്ചോണ്ടിരുന്ന സമയത്ത് പഴേ ലൈനിനെ കാണാൻ പോയ സംഭവങ്ങളൊക്കെ... ഇത് ഇപ്പൊ പതിവാണ്.. എങ്ങാനും കണ്ണടച്ചാൽ ഉറക്കത്തിൽ ഇങ്ങനെ ഓരോന്ന് വന്നോണ്ടിരിക്കും..."" അയാൾ പറഞ്ഞു..

"" ഏത് ! മറ്റേ ബുക്ക് കൊടുക്കാൻ അവൻ്റെ വീട്ടിൽ പോയ സംഭവമോ??"" ആദി കളിയാക്കിച്ചിരിച്ചു...

അവൻ ഓർമിപ്പിച്ചപ്പോഴേക്കും അവൾക്കുവേണ്ടി ഏറ്റവുമധികം നാണംകെട്ട് നുണപറയേണ്ടി വന്ന ആ ദിവസത്തിലേക്ക് അയാളുടെ ഓർമ്മകൾ സഞ്ചരിച്ചു...



 തന്നോട് അകൽച്ചപാലിച്ച് സിജിനോടൊപ്പം നടന്നിരുന്ന സമയത്ത് എല്ലായിടത്തും ബ്ലോക്കാക്കി വച്ച് അവളുടെ സമയത്തിനൊത്ത് പട്ടിയ്ക്ക് ബിസ്കറ്റ് ഇട്ടുകൊടുക്കുന്നപോലെ രാവിലെ ഗുഡ്മോർണിങ്ങും രാത്രി ഗുഡ്നൈറ്റും പറഞ്ഞ് ഇല്ലാത്ത പരിപാടികൾ ഉണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിക്കൊണ്ടിരുന്ന സമയത്ത് പതിവില്ലാത്ത സ്നേഹം കാണിച്ച്, ഒരുദിവസം രാവിലെ വന്ന് സിജിന് ഒരു ബുക്ക് കൊടുക്കാൻ പോകുവാണെന്ന് പറഞ്ഞ് ഒരു പോക്ക് പോയിരുന്നു.. 'വേഗം പോയിട്ട് ബുക്ക് കൊടുത്ത് വേഗം തിരിച്ചുവരുന്നു.. അത്രേയുള്ളു.. ബസ്സ് വന്നു, ബൈ..' എന്നും പറഞ്ഞ് ഉച്ചയ്ക്കുമുൻപേ വരുമെന്ന് പറഞ്ഞ ആളുടെ യാതൊരുവിവരവും ഉച്ചകഴിഞ്ഞും കാണാഞ്ഞപ്പോൾ ടെൻഷനടിച്ച് കുറേ വിളിച്ചുനോക്കിയിട്ടും റിങ് ചെയ്യുന്നതല്ലാതെ ഫോണെടുക്കുന്നുണ്ടായിരുന്നില്ല... നമ്മടെ നാട്ടിലെ ബസ്സുകളുടെ മരണപ്പാച്ചിലുകൾ ദിവസവും കേൾക്കുന്നതല്ലേ.. നാട്ടിലായിരുന്നേൽ പോയി നോക്കാമായിരുന്നു, ഇത് ഗൾഫിൽ കിടന്ന് എന്തുചെയ്യാൻ പറ്റുമെന്ന ആധിയിൽ നേരെ വിളിച്ചത് സിജിനെ തന്നെയാണ്... 'നിങ്ങളെ കണ്ട് ഒരു ബുക്ക് തരാനുണ്ടെന്ന് പറഞ്ഞ് പോയതാണ് .. ഈ നേരമായിട്ടും ഒരു വിവരവുമില്ല, അവളവിടുന്ന് പോന്നിരുന്നോ എന്നറിയാൻ വിളിച്ചതാണ്..' എന്ന് പറഞ്ഞപ്പോഴേക്കും 'ആര് പറഞ്ഞു? എപ്പൊപ്പറഞ്ഞു? നിയ്യുമായിട്ട് ബ്രേക്കപ്പായെന്നാണല്ലോ അവള് പറഞ്ഞിരുന്നത്? പിന്നെന്തിനാ വിളിച്ച് ശല്യം ചെയ്യുന്നേ? എൻ്റെ നമ്പറെവിടുന്ന് കിട്ടി? ' എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് തിരിച്ച് കേട്ടത്..

വല്ലാത്തൊരവസ്ഥയായിരുന്നു അയാൾക്കത്!! തിരിച്ചെന്തുപറയണമെന്നറിയാതെ ആകെ പതറിപ്പോയ അയാൾക്ക് നുണപറയാൻ നാവ് വഴങ്ങിയില്ല..

""ബ്രോ.. അത് പണ്ട് അവൾ തന്നെ തന്നതായിരുന്നു നമ്പർ.. നിങ്ങളെ കാണാൻ വരുവാണെന്ന് പറഞ്ഞിട്ടാ രാവിലെ പോന്നത്.. അതുകൊണ്ടാ..""

"" അവളങ്ങനെയല്ലല്ലോ പറയുന്നേ? അവളിവിടെ എൻ്റെ വീട്ടിലുണ്ട്.. നിന്നെ വേണ്ടെന്ന് പറഞ്ഞതല്ലേ അവൾ.. പിന്നേം പിന്നേം ഇങ്ങനെ വിളിച്ച് ശല്യം ചെയ്യുന്നതെന്തിനാ?!!"" 

അതുകൂടെ കേട്ടപ്പോൾ ആകെ തളർന്നുപോയി അയാൾ... ഒരുഭാഗത്ത് തൻ്റെ തെറ്റാണെന്ന് സമ്മതിച്ച് കാലുപിടിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ മറുപുറത്ത് അവളുടെ കൂട്ടുകാരെല്ലാം വളരെ ശക്തമായി സഹായിക്കാതെ എതിർത്തുകൊണ്ടിരിക്കുകയാണ്... ഇതിനിടയിൽ സിജിൻ്റെ കയ്യിൽ നിന്നും ഫോൺവാങ്ങിച്ച് അവളുടെ വക ഒരു ഓസ്കാർ ലെവൽ ആക്ടിങ് ഉണ്ടായിരുന്നു!!

""നിങ്ങളെന്തിനാ എന്നെ ഇങ്ങനെ സ്റ്റോക്കിങ്ങ് ചെയ്യുന്നത്!! എന്നെ ഇനി വിളിക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേ!! മടുത്തു എനിക്ക്.. എല്ലാം പറഞ്ഞ് നിർത്തിയതല്ലേ.. പിന്നേം എന്തിനാ എൻ്റെ പിന്നാലെ ഇങ്ങനെ നടക്കുന്നേ... മേലാൽ എന്നെ വിളിച്ച് പോകരുത്..."" 

നെഞ്ചിനകത്ത് ആറ്റംബോംബ് വീണ അവസ്ഥയായിരുന്നു അയാൾക്ക്!! കുറച്ചുമുൻപ് വരെ ചിരിച്ച്കളിച്ച് സംസാരിച്ച ആൾ ഇപ്പൊ യാതൊരു പരിജയവുമില്ലാത്ത ആളെ പോലെ സംസാരിക്കുന്നു!!! ഒരു മിനിറ്റോളം കഴിഞ്ഞാണ് അയാളുടെ തലയ്ക്കകത്തെ പെരുപ്പം മാറിയത്.. 

""നിൻ്റെ അടുത്ത് സിജിനുണ്ടോ??""

""മ്ം.""

""ഫോൺ സ്പീക്കറിലാണോ?""

"മ്ം..""

തിരിച്ചൊന്നും പറയാതെ അയാൾ വീണ്ടും മൗനമായി.. അവളുടെ ശബ്ദത്തിൽ ഉള്ള ദേഷ്യത്തിൻ്റെ ഇടയിലെ പേടി അയാൾക്ക് മനസ്സിലായിരുന്നു.. സ്വയരക്ഷക്ക് വേണ്ടിയുള്ള നുണയാണത് എന്ന് മനസ്സിലാക്കിയ അയാൾ ഫോൺ സിജിന് കൊടുക്കാൻ പറഞ്ഞു..

"" ബ്രോ.. നിങ്ങളെയും അവളെയും ഒന്നിച്ച് കണ്ടെന്ന് പറഞ്ഞ് അവിടെയുള്ള എൻ്റെയൊരു ഫ്രണ്ട് വിളിച്ചിരുന്നു.. അതുകൊണ്ടാ ഞാൻ... സോറി.. ഇനി വിളിക്കില്ല "" എന്ന് പറഞ്ഞ് കട്ടാക്കി.. നുണപറയേണ്ടിവന്നതിലുള്ള ഫ്രസ്ട്രേഷൻ കാരണം പ്രാന്ത്പിടിച്ചതുപോലെയാണ് അയാൾ നടന്നിരുന്നത്.. രണ്ടുമണിക്കൂർ കഴിഞ്ഞ് അവളുടെ കോൾ വരുന്നതുവരെ... ഫോൺ എടുത്ത് അയാൾ ഒന്നും മിണ്ടില്ല...

""നിങ്ങളിതെന്ത് ഭാവിച്ചാ!! ഞാനെന്താ ചെറിയ കുട്ടിയാണോ? എങ്ങോട്ടെങ്കിലും പോയാൽ തിരിച്ച് വരാൻ എനിക്കറിയില്ലേ!! വിളിച്ചിട്ട് എടുത്തില്ലെങ്കിൽ തിരിച്ച് വിളിക്കില്ലേ!! ഞാൻ ചത്തിട്ടൊന്നുമില്ലല്ലോ!! നിങ്ങളെന്തിനാ അങ്ങേരെ പോയി വിളിച്ചേ!! ബുക്ക് കൊടുത്ത് അങ്ങേരുടെ വീട്ടിലേക്കും ഒന്ന് പോയി, അവിടെ അങ്ങേരുടെ അമ്മയൊക്കെയുണ്ടായിരുന്നു.. അതുകൊണ്ടാ ഫോണെടുക്കാൻ പറ്റാഞ്ഞേ...""

അയാൾ തിരിച്ചൊന്നും പറഞ്ഞില്ല.. അറിഞ്ഞുകൊണ്ട് ഒരുനുണപറയേണ്ടിവന്നതിൽ ഒന്നാമതെ ദേഷ്യം വന്നിരിക്കുന്നതിനിടിൽ വിളിച്ച് ചൂടാവുന്നതും കൂടെ കേട്ടപ്പോൾ ആകെ പ്രാന്ത്പിടിച്ചുപോയി അയാൾക്ക്.. അവനോടൊപ്പം വീട്ടിൽ ഒറ്റക്കക്കാണെന്ന് കരുതിയിരിക്കുമോ എന്ന് ചിന്തിക്കാതിരിക്കാൻ വേണ്ടി മുൻകൂർ ജാമ്യം എടുത്തതുകൂടി കണ്ടപ്പോൾ ഒരുനിമിഷത്തേക്ക് വന്ന കോപം മുഴുവൻ കടിച്ചുപിടിച്ച് ഒന്ന് ശ്വാസം പിടിച്ച് വിട്ടു അയാൾ.. അത് കേട്ടിട്ടെന്നോണം അവൾ വീണ്ടും സംസാരിച്ച് തുടങ്ങി..

""ഞാൻ.. അങ്ങേരോടും നിങ്ങളുമായി യാതൊരു കോൺടാക്ടുമില്ലെന്നാണ് പറഞ്ഞുവച്ചിരിക്കുന്നത്..അയാൾ എങ്ങാനും അമ്മയോട് പറഞ്ഞാൽ പിന്നെ അത് മതി... അതാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്...""

""മ്ം.. എനിക്ക് തോന്നി... നിനക്ക് വേണ്ടിയാണ് ഞാനിന്ന് നുണ പറഞ്ഞത്.. നിനക്കറിയാലോ ഞാൻ നുണ പറയാറില്ലെന്ന്... ഇന്നങ്ങനെ പറയേണ്ടിവന്നതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുവാ... എത്രകാലം ഇങ്ങനെ എല്ലാരോടും നുണകൾ പറഞ്ഞ് മുന്നോട്ട് പോകും?!  ഞാൻ വീണ്ടും പറയുവാ ഇത് ഇങ്ങനെ പോയാൽ കൂടുതൽ വളഷാവത്തേയുള്ളൂ.. ഒന്ന് നീ എന്നോട് പറഞ്ഞ കാര്യങ്ങൾ എല്ലാവരോടും ഉള്ള സത്യം സത്യം പോലെതന്നെ പറയണം, നിനക്ക് എന്നെത്തന്നെയാണ് കെട്ടേണ്ടത്, എന്നോടുള്ള പ്രശ്നങ്ങൾ തീർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നെല്ലാം.. അതല്ലെങ്കിൽ നമുക്കിടയിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പറഞ്ഞ് തീർത്ത് അതിന് എതിർപ്പ് പറയുന്നവരെയെല്ലാം മാറ്റിനിർത്തണം.. എല്ലാവരെയും സാറ്റിസ്ഫൈ ചെയ്ത് നമുക്ക് മുന്നോട്ട്പോകാൻ പറ്റില്ല.. നമുക്ക് നമ്മുടെ സന്തോഷം സമാധാനമല്ലേ വലുത്..""

""മ്ം.. മനസ്സിലായി... ഞാൻ അങ്ങേരോടും പറഞ്ഞ് സമാധാനപ്പെടുത്തിയിട്ടാണ് വന്നത്.. മേലിൽ അങ്ങേരെ വിളിക്കരുത്.. അങ്ങേര് നിങ്ങളെയും വിളിക്കില്ല.. ""

" മ്ം..ഫുഡ്ഡ് കഴിച്ചോ? വീടെത്തിയോ? ""

""ഇല്ല, ബസ്സ് കയറിയതേയുള്ളൂ.. ഞാൻ വിളിക്കാം..""




ഏതോ ചിന്തയിൽ മുഴുകിയിരുന്ന അയാളെ ആദി വീണ്ടും കുലുക്കിവിളിച്ചു...

""ഏയ് , അതല്ല, ഇത് ബുക്ക് വാങ്ങാൻ പോയ ഒരു കഥ... ""

""ആഹാ! അങ്ങനെയൊരു കഥയും ഉണ്ടോ!! നീ പറഞ്ഞില്ലല്ലോ!!""

""അങ്ങനെ എത്രയെത്ര കഥകൾ മോനേ..."" അയാൾ ചിരിച്ചു...

"" ആഹ്... നീയവിടെ ഒന്നുമറിയാതെ കിടന്ന് കഷ്ടപ്പെടുന്നു... അവളിവിടെ ഓരോരുത്തരുടെ കൂടെ വീട്ടിലൊക്കെ അഴിഞ്ഞാടി നടക്കുന്നു!!"""


ടപ്പേ!!! 

എന്നൊരു ശബ്ദമാണ് പിന്നെ കേട്ടത്...!! ആ ശബ്ദം കേട്ട് ഉറക്കത്തിലായിരുന്ന അബ്ദുവും യാഷിയും വരെ ഞെട്ടി എഴുന്നേറ്റു!!

"" ആദീ... എന്താ അവിടെ ശബ്ദം?!!"" താഴെ നിന്നും അമ്മയാണ്...

""ഒന്നുമില്ല അമ്മാ!! ഒരു കൊതുകിനെ കൊന്നതാ!!"" കവിളത്ത് കൈ വച്ച് ഉഴിഞ്ഞുകൊണ്ട് ആദി പറഞ്ഞു...
അയാളുടെ കൈകൊണ്ട്  നല്ലൊരെണ്ണം ആദിയുടെ ചെകിടത്ത് കിട്ടിയതിൻ്റെ ശബ്ദമായിരുന്നു നേരത്തെ കേട്ടത്...

""നീ എന്തർത്തത്തിലാ അത് പറഞ്ഞേ എന്ന് എനിക്ക് മനസ്സിലായി... നീ കണ്ടോടാ മൈ*@"#'@# അവള് അഴിഞ്ഞാടി നടക്കുന്നത്!! മേലാൽ വായിത്തോന്നിയത് ഓരോന്ന് ആധാരമില്ലാണ്ട് പറഞ്ഞോണ്ട് വന്നാ തലമണ്ട അടിച്ച് പൊട്ടിക്കും ഞാൻ..!!"" അയാൾ അലറിവിളിച്ചു!!

രാവിലെത്തന്നെ വായിലെ നാവും വച്ച് കിട്ടേണ്ടത് ചോദിച്ച് മേടിച്ചപ്പൊ സമാധാനമായല്ലോ എന്ന മട്ടിൽ ഒരു നോട്ടം നോക്കിയിട്ട് അബ്ദുവും യാഷിയും വീണ്ടും കെട്ടിപ്പിടിച്ച് കിടന്നു...

""ഓ!! നീ തെളിവില്ലാണ്ട് ഒന്നും വിശ്വസിക്കണ്ടെടാ!! അതുകൊണ്ടാണല്ലോ നൈസായിട്ട് നിന്നെ കളിപ്പിച്ചോണ്ടിരുന്നേ അവള്... നിന്നോട് പച്ചയ്ക്ക് കള്ളങ്ങൾ പറഞ്ഞിട്ടും അഭിനയിച്ചിട്ടും നിനക്ക് മനസ്സിലാക്കാൻ പറ്റിയിട്ടില്ല.. പിന്നെ എന്തൊക്കെ തെളിവ് നിരത്തിയാലും നീ വിശ്വസിക്കാനും പോണില്ല..."" കവിൾ തിരുമ്മിക്കൊണ്ടുതന്നെ ആദിപറഞ്ഞു..

""എന്നുവച്ച്?? തോന്നിയതെന്തും കഥകളായി പടച്ചുവിടാമെന്നാണോ?? എന്തൊക്കെ ചെയ്താലും അവളുടെ ഭാഗത്തൂന്ന് അങ്ങനൊരു പ്രവർത്തി ഉണ്ടാവില്ല.. അതെനിക്ക് നല്ലപോലെ അറിയാം.. അവള് ചെയ്തുകൂട്ടിയതിൽ തെളിവുള്ള കാര്യങ്ങളേ ഞാൻ നിങ്ങളോടും ബാക്കിയുള്ളവരോടും പറഞ്ഞിട്ടുള്ളൂ.. അതല്ലാത്തതൊന്നും നീയായിട്ട് പറഞ്ഞ് പരത്തണ്ട..."" അയാൾ കലിപ്പിലാണ്...

""ആ.. നീ എന്ത് പണ്ടാരമെങ്കിലും കാട്ട്.. തെളിവും  സാക്ഷികളും ഒക്കെ കിട്ടിയിട്ട് ഓരോന്ന് വിശ്വസിച്ചാ മതി.. താഴെ എല്ലാവരും വന്നിട്ടുണ്ട്... നീ ഈ സാധനങ്ങളും ബോട്ടിലൊക്കെ മാറ്റി ഇതിനെ രണ്ടിനേം എണീപ്പിച്ച് താഴെ വാ... അമ്മ നിന്നെ അന്വേഷിച്ചു.."" കവിളപ്പോഴും തിരുമ്മിക്കൊണ്ടിരിക്കുകയാണ് ആദി...

""നൊന്തോടാ?"" അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു...

""ഇല്ല പിന്നെ!! 48ൻ്റെ സ്പാനർ പിടിച്ച് തഴമ്പിച്ച കൈ കൊണ്ട് ഒന്ന് കിട്ടിയാൽ പിന്നെ ഉമ്മ വയ്ക്കുന്ന സുഖമല്ലേ!!! കൊണിയാണ്ട് വേഗം താഴെ വാ"" ആദി പരിഭവം പറഞ്ഞു..

""അവരൊക്കെ ഇത്രനേരത്തെ വന്നോ!! ""

""നേരത്തെയോ!! സമയം പത്തുമണി ആയി.!! കഴിച്ചിട്ട് വേഗം റെഡിയായി വന്നേ, ഷാനിലിൻ്റെ നിക്കാഹല്ലേ ഇന്ന്!! ലേറ്റായാ അവൻ എല്ലാവരുടേം തന്തയ്ക്ക് വിളിക്കും..."" താഴേക്കിറങ്ങുന്നതിനിടയിൽ ആദി പറഞ്ഞു...

അത് കേട്ട് ഫോണെടുത്ത് നോക്കിയപ്പോൾ സമയം പത്താവാറായിട്ടുണ്ട്... വീട്ടിൽ നിന്ന് അമ്മയുടെ മിസ്കാളുകളും ഉണ്ട്.. പതിയെ എഴുനേറ്റ് ടെറസ്സിലെ വാഷ്ബേസിനിൽ നിന്ന് മുഖം കഴുകി അബ്ദുവിനെയും യാഷിയേയും ചവിട്ടി എണീപ്പിച്ച് കാലിക്കുപ്പികളും കവറുകളുമെല്ലാം മാറ്റി വൃത്തിയാക്കി മൂവരും താഴേക്കിറങ്ങി... അവരൊന്നും വീട്ടിലെ അതിഥികളല്ലാത്തതുകൊണ്ട് ആർക്കും വലിയ മൈൻ്റൊന്നുമില്ല.. അമ്മ മാത്രം അയാളോട് കുശലാന്വേഷണങ്ങൾ ചോദിച്ചു.. രണ്ടുവർഷം കഴിഞ്ഞ് കാണുന്നതല്ലേ.. 

വർത്തമാനങ്ങൾക്കിടയിൽ ഭക്ഷണവും കഴിച്ച് നിക്കാഹിനുപോകാൻ റെഡിയാവാൻ എല്ലാവരും അവരവരുടെ വീട്ടിലേക്ക് തിരിച്ചു...





അദ്ധ്യായം 8


തിരികെ വീട്ടിലെത്തിയപ്പോൾ വാതിൽക്കൽ തന്നെ വല്യേച്ചി കാത്തുനിൽപ്പുണ്ടായിരുന്നു... പുള്ളിക്കാരിയെ തള്ളിമാറ്റി അകത്തുകയറാൻ നേരം തടഞ്ഞുനിർത്തി ഒന്ന് മണം പിടിച്ചു വല്യേച്ചി.. കള്ളുകുടിച്ചതിൻ്റെ ലക്ഷണമൊന്നും കാണാത്തതുകൊണ്ട് റഫ് ലുക്ക് വിട്ട് ഒന്ന് കൂളായി ചേച്ചി.. ഇളിച്ചുകാണിച്ചുകൊണ്ട് അയാൾ അകത്തേക്ക് കടന്നു... ഇന്നലെ ചൂടായതിൻ്റെ മുഷിപ്പൊന്നുമില്ല മുഖത്ത്.. വല്യേട്ടൻ്റെ ക്ലാസ് കിട്ടിയിട്ടുണ്ടായിരിക്കണം... 

""നീ വല്ലോം കഴിച്ചോ? ദോശയുണ്ട് , എടുത്ത് വക്കണോ?"" റൂമിലോട്ട് പോകാൻ നേരം ചേച്ചി പിറകീന്ന് വിളിച്ച് ചോദിച്ചു..

"" വേണ്ട.. ആ ഓഞ്ഞ ദോശയല്ലേ. ! വേണേൽ രണ്ടെണ്ണം എടുത്ത് തന്നത്താനങ്ങ് തിന്നോ!.."" വല്യേച്ചിയെ വെറുതെ കളിയാക്കിക്കൊണ്ടയാൾ പറഞ്ഞു..

""ഓ! അതിന് ഞാനുണ്ടാക്കിയതല്ല, നിൻ്റമ്മതന്നെ ഉണ്ടാക്കിയതാ.. വേണേൽ തിന്നാമതി.."" ചേച്ചി മുഖം ചുളിച്ചു... മുറിയിൽ ചെന്നപാടെ ഫോൺ ചാർജിൽ കുത്തിയിട്ട് കുളിച്ച് വന്ന് അലമാരയിൽ ഉള്ളതിൽ നല്ലൊരു ഷർട്ടെടുത്തിട്ടു അയാൾ.. കണ്ണാടിയിൽ നോക്കിയപ്പൊഴാണ് തനിക്കുവന്ന മാറ്റം അയാൾ ശ്രദ്ധിക്കുന്നത്.. ഷർട്ടെല്ലാം വളരെ ലൂസായിരിക്കുന്നു.. ഉറക്കമില്ലായ്മയും ഡിപ്രഷനുമെല്ലാം മനസ്സിനെ മാത്രമല്ല ശരീരത്തെയും വല്ലാതെ തളർത്തിയിട്ടുണ്ടെന്ന് അപ്പോഴാണയാൾ തിരിച്ചറിയുന്നത്.. എന്ത് പുല്ലെങ്കിലുമാവട്ടെ ചത്തിട്ടിലല്ലോ എന്ന് സമാധാനിച്ച് അയാൾ വേഗം റെഡിയായി പുറത്തിറങ്ങാൻ തുനിഞ്ഞു... അപ്പോഴാണ് ഫോണിൽ ഒരു മെസ്സേജ് വന്നത്.. അത് സൂരജിൻ്റെ മെസ്സേജായിരുന്നു...

"" ബ്രോയുടെ സ്റ്റാറ്റസ്സ് കണ്ടായിരുന്നു... നാട്ടിൽ എത്തിയിട്ടുണ്ടല്ലേ..."" എപ്പോഴത്തേയും പോലത്തെ മാന്യമായ സംസാരം തന്നെയായതുകൊണ്ട് മറുപടി കൊടുക്കാതിരിക്കാൻ അയാൾക്ക് തോന്നിയില്ല...

"" ആ ബ്രോ.. ഇന്നലെ എത്തി... ഒരുമാസം ലീവുണ്ട്..."" തിരിച്ചു മറുപടി അയച്ച് ബൈക്കിൽ കയറിയപ്പോഴേക്കും അടുത്ത മെസ്സേജ് വന്നു..

"" മ്ം.. തോന്നി.. സ്റ്റാറ്റസ്സ് കണ്ടപ്പോൾ തോന്നിയത് താനിപ്പോഴും പഴയകാലത്തിൻ്റെ ഓർമകളിൽ ജീവിക്കുകയാണെന്നാ... എല്ലാം കഴിഞ്ഞകാര്യങ്ങളല്ലേ ബ്രോ.. try to move on.."" 

"അത് ബ്രോയ്ക്ക് പഴയകാര്യങ്ങളൊന്നും മുഴുവൻ അറിഞ്ഞൂടാത്തതുകൊണ്ടാണ്... അവളുപറഞ്ഞതുമാത്രമല്ലേ കേട്ടിട്ടുള്ളൂ.. ""

"" അറിയണമെന്നില്ല ബ്രോ.. ഞങ്ങൾ ഇപ്പൊ ഹാപ്പിയാണ്... അത് മതി.. പക്ഷേ അവൾക്ക് നിങ്ങളോട് എന്തോ സംസാരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.. പറ്റുമെങ്കിൽ അവൾക്ക് പറയാനുള്ളതുകൂടെ കേൾക്കണം..."" 

അതിന് മറുപടിയൊന്നും അയാൾ പറഞ്ഞില്ല... അവളെ കേൾക്കാൻ ഇനിയും താൽപര്യമില്ലാത്തതുകൊണ്ടും പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടാകാൻ വഴിയില്ലാത്തതുകൊണ്ടും ഇനിയുമൊരുസംഭാഷണം നല്ലതിനാകില്ലെന്നുള്ളതുകൊണ്ടും അയാൾ മൗനം പാലിച്ചു...

അപ്പോഴേക്കും ആദിയുടെ കോൾ വന്നു... 

""നീ ഇനിയും ഇറങ്ങിയില്ലേ!! അവന്മാര് രണ്ടും ഓൺ ദ വേയാണ്.."" 

""പുറപ്പെട്ടു പുറപ്പെട്ടു.. അരമണിക്കൂർ മുന്നേ പുറപ്പെട്ടു.. വേണേൽ ഒരുമണിക്കൂർ മുന്നേ പുറപ്പെടാം.."" 

""പറ്റുമെങ്കിൽ ഒരു പത്ത് മിനിറ്റിൽ ഇങ്ങെത്ത്.. അല്ലേൽ ഒറ്റയ്ക്ക് അങ്ങ് വരേണ്ടിവരും... "" ഇതും പറഞ്ഞ് ആദി ഫോൺ കട്ട് ചെയ്തു... 

വിട്ടടിച്ച് ആദിയുടെ വീട്ടിലെത്തിയിട്ടും അബ്ദുവും യാഷിയും എത്തിയിട്ടില്ല... ഇപ്പൊ എന്തായി എന്നമട്ടിൽ ആദിയെ ഒരു നോട്ടം നോക്കി അയാൾ വീട്ടിലേക്ക് കയറി... ജീപ്പുംകൊണ്ട് വന്ന രാകേഷ് അകത്തിരുന്ന് നല്ല തട്ടാണ്.. നേരെ അടുക്കളയിൽ പോയി അമ്മയുണ്ടാക്കിവയ്ക്കാറുള്ള സ്പെഷ്യൽ അരിമുറുക്കിൻ്റെ ജാറെടുത്ത് തുറന്നു... അത് തുറന്നാലുള്ള മണം മാത്രം മതി, അതിൻ്റെ ടേസ്റ്റിനെപ്പറ്റി കൂടുതൽ പറയേണ്ടതില്ല.. രണ്ടെണ്ണം എടുത്ത് പോക്കറ്റിലിട്ട് തിരിച്ച് വന്നപ്പോഴേക്കും മുറ്റത്ത് അബ്ദുവും യാഷിയും എത്തി...

എല്ലാവരും കൂടെ കല്യാണം കൂടാൻ ജീപ്പിൽ കയറി യാത്രതുടങ്ങി... കൂടുമ്പോൾ പതിവായി പറയാറുള്ളതെല്ലാം പഴയ കഥകളാണ്.. കോളേജിലെ തല്ലുംപിടിയും കോപ്രായങ്ങളും കോമാളിത്തരങ്ങളും തമാശകളുമെല്ലാം തന്നെ വീണ്ടും വീണ്ടും പറഞ്ഞോണ്ടിരുന്നാലും ഒരിക്കലും മറക്കാത്ത, മടുക്കാത്ത ഓർമ്മകളാണെല്ലാം... തമ്മിൽ തമ്മിൽ കളിയാക്കാനുള്ള കാര്യങ്ങളാണെങ്കിൽപോലും പറഞ്ഞുകഴിഞ്ഞാൽ ഒരുതരം മിസ്സിങ്ങാണ് എല്ലാവർക്കും... എത്രകാലം കഴിഞ്ഞാലും, എത്രയൊക്കെ വയസ്സായാലും തിരക്കുകളിൽ പെട്ടാലും ജീവിതസാഹചര്യങ്ങൾ മാറിമറഞ്ഞാലും പഴയ ആ കോളേജ് പിള്ളേരാവാൻ എല്ലാവർക്കും ഒന്നിച്ചുള്ള ഒരു നിമിഷം മതി... അതുതന്നെയാണ് അവരെല്ലാവരുടെയും സന്തോഷനിമിഷങ്ങളും...

പാട്ടുംപാടി താളംപിടിച്ച് തമ്മിൽ തമ്മിൽ ചളി വാരിയെറിഞ്ഞ് അവർ ഷാനിലിൻ്റെ വീട്ടിലെത്തി... ചെറുക്കൻ്റെ കൂടെയിറങ്ങാൻ എത്തിയേക്കാമെന്ന് പറഞ്ഞ കൂട്ടരാണ് ജീപ്പിൽ നല്ല മുട്ട് പാട്ടൊക്കെയിട്ട് ജിൽ ജില്ലായി വന്നിറങ്ങിയത്!! ഒന്നാമതേ സമയം വൈകിയതിൻ്റെ കലിപ്പിൽ നിന്ന ഷാനിലിന് ഇതുകൂടെയായപ്പോൾ വായിലെ നാവ് വെറുതെയിരുന്നില്ല!.. ജീപ്പിൽനിനിറങ്ങുന്നതിനുമുൻപേ അഞ്ചിൻ്റെയും തന്തയ്ക്കുവിളിക്കാൻ ഓടി വന്നു അവൻ... അതും കേട്ട് നിർവൃതിയോടെ വണ്ടിയിൽ നിന്നിറങ്ങി എല്ലാവരും വരിയിൽ നിന്നു...

വെൽക്കം ഡ്രിങ്കായി നല്ല ഫ്രഷ് പേരക്കജ്യൂസ് ലൈവായി അടിക്കുന്നത് കണ്ട് വായിൽ വെള്ളം വന്ന യാഷി ഒരു ഗ്ലാസെടുക്കാൻ അവിടെ നിന്ന് പോകാനൊരുങ്ങിയതും കോളറിൽ ഷാനിലിൻ്റെ പിടിവീണു.!!

"" ഇനി ഇതിൻ്റെ ഇടക്കൂന്ന് എങ്ങോട്ട് പോവ്വാ?? നിക്കട അവിടെ!""

""എടാ ഒന്ന് തൊണ്ട നനക്കട്ടെടാ!! നീ പിടിവിട്ടേ!""

"" ആ അത് വന്നിട്ട് നനയ്ക്കാം.. ഇപ്പൊ അങ്ങോട്ട് പോയാ വല്യുപ്പമാരുടെ വായിലിരിക്കുന്നത് കൂടെ കേക്കേണ്ടി വരും. എല്ലാവരും നിങ്ങൾക്കുവേണ്ടിയാ വെയ്റ്റിങ്ങ്.. നീ വണ്ടിയെടുത്തേ"" ഷാനിൽ യാഷിയെ തൂക്കിയെടുത്ത് വണ്ടിയിലിട്ടു.. കുടുംബക്കാർ വല്യുപ്പമാരുടെ മുഖഭാവം അത്ര നല്ലതല്ലാത്തതുകൊണ്ട് അങ്ങോട്ട് പോകാതിരിക്കുന്നതുതന്നെയാണ് നല്ലതെന്ന് അവർക്കും തോന്നി..

കോളേജുമുതലുള്ള പ്രണയം പൂവണിഞ്ഞതിൻ്റെ ത്രില്ലിലാണ് ഷാനിൽ... രണ്ടുപേരുടെ വീട്ടിൽനിന്നും ഒരുപാട് എതിർപ്പുകൾ ഉണ്ടായിട്ടും ഒരിഞ്ചുപോലും കുലുങ്ങാതെ പൊരുതി നേടിയ വിജയമാണ്!! ഏറെക്കുറേ അയാളുടെ കഥപോലൊക്കെത്തന്നെയായിരുന്നു അവരുടെ കഥയും.. റിൻഷിയയുടെ വീട്ടുകാരുടെ സ്റ്റാറ്റസ്സിന് ചേരില്ലെന്നുപറഞ്ഞ് തഴഞ്ഞിട്ടും കുറേകാലം ആട്ടും തുപ്പും അടിയുംകൊണ്ട് കാത്തിരുന്ന് അവസാനം അവളുടെ ദൃഢനിശ്ചയത്തിനുമുൻപിൽ വീട്ടുകാർ അടിയറവുപറഞ്ഞു.. വീട്ടുകാരെ വെറുപ്പിച്ച് വിളിച്ചിറക്കി കൊണ്ടുവരാൻ കൂടെയുള്ളവന്മാർ എല്ലാവരും പറഞ്ഞപ്പോഴും വീട്ടുകാരുടെ സമ്മതമില്ലാതെ കെട്ടേണ്ടെന്ന അയാളുടെ ഒറ്റ വാക്കിൻ്റെ പുറത്താണ് ഷാനിൽ ഇത്രയും കാത്തിരുന്നത്.. അല്ലേലും പ്രണയിക്കുന്നവർക്കിടയിൽ ഒരിക്കൽപോലും കടന്നുവരാത്ത ടോപ്പിക്കാണല്ലോ മാതാപിതാക്കൾക്കുണ്ടായേക്കാവുന്ന വേദനകൾ... 

""ഇത്രയും കാലം സ്നേഹിച്ച് വളർത്തിയ അവർ നമ്മുടെ നല്ലഭാവിയ്ക്കുവേണ്ടിയായിരിക്കും എതിർപ്പ് കാണിക്കുന്നത്.. നമ്മൾ തിരഞ്ഞെടുക്കുന്ന ഭാവി നല്ലതായിരിക്കുമെന്ന് അവർക്കുകൂടി തോന്നിത്തുടങ്ങുന്നിടത്ത് ഏത് മഞ്ഞുമലയും ഉരുകും.. അല്ലാതെ അവരുടെ മനസ്സുവിഷമിപ്പിച്ചിട്ട് നമുക്കുണ്ടാകുന്ന സന്തോഷങ്ങൾക്കൊന്നും വലിയ ആയുസ്സുണ്ടാവില്ല..."" ഈയൊരു ഐഡിയോളജി കൊണ്ടുനടക്കുന്നതുകൊണ്ടുതന്നെ കൂട്ടത്തിലുള്ളവന്മാരോടെല്ലാം നാഴികയ്ക്ക് നാൽപ്പതുവട്ടം അയാൾ ഇതുതന്നെയാണ് പറയാറുമുള്ളത്..

 പ്രണയം തന്നെ ഒരു വിപ്ലവമാണല്ലോ!! അതിൽ വിജയിക്കുന്നവർക്ക് കിട്ടുന്ന ട്രോഫിയാണ് കല്യാണം.. ചിലർക്ക് ട്രോഫിയോടെ വിപ്ലവം കത്തിത്തീരും.. അതിൻ്റെ ബോണസ് ട്രോഫിയായി ഒരു ഡൈവോഴ്സും കിട്ടും... ചിലർക്ക് ആ ട്രോഫിയോടെ വിപ്ലവം ആളിക്കത്തും.. അതിൻ്റെ ബോണസ്സായി കിട്ടുന്നതോ! മനോഹരമായൊരു ജീവിതവും... വിപ്ലവം  വിജയിക്കാതെ പോയവരാണ് പക്ഷേ ലോകത്ത് കൂടുതലും.. അത് വിപ്ലവത്തിൻ്റെ മാറ്റ് കുറഞ്ഞതുകൊണ്ടല്ല, മറിച്ച് ആ വിപ്ലവം രണ്ടിലൊരാളിൽ അണഞ്ഞുപോവുന്നതുകൊണ്ടാണ്... പണ്ട് അയ്യപ്പൻ പറഞ്ഞതുപോലെ, "രണ്ടിലൊരാളുടെ പ്രാന്ത് ഭേദമാകുമ്പോൾ അവിടെ പ്രണയം മരിക്കുന്നു..."

ചിന്തയിലിരുന്ന അയാളെ കുലുക്കിവിളിച്ചത് അബ്ദുവാണ്... എന്താ ആലോചിക്കുന്നേയെന്ന് കണ്ണുകാണിച്ചതിന് ഒന്നുമില്ലെന്ന് തിരിച്ചും കണ്ണുകാണിച്ച് അയാൾ അവരുടെ കൂടെ വർത്തമാനത്തിൽ മുഴുകി...


ഓഡിറ്റോറിയത്തിൽ ചെന്നെത്തിയതും ആർഭാടത്തോടെയുള്ള വരവേൽപ്പും ആട്ടവും പാട്ടവുമെല്ലാമായി നിക്കാഹ് ഒരു ഓളത്തിൽ അങ്ങ് നടന്നു.. മിന്നിനിൽക്കുന്ന ലൈറ്റുകളേക്കാൾ തിളക്കം  യുവമിധുനങ്ങളുടെ മുഖത്തിനായിരുന്നു... ഒരു സ്വപ്നം പൂവണിയുന്ന നിമിഷം കൺമുന്നിൽ കണ്ടപ്പോൾ അയാളിലും ചെറിയ പുഞ്ചിരി വിടർന്നു... എത്രയൊക്കെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നിട്ടും മറ്റുള്ളവരുടെ സന്തോഷങ്ങളിൽ സന്തോഷിക്കാനുള്ള മനസ്സ് മാത്രം അയാൾക്ക് കൈമോശം വന്നിരുന്നില്ല..
 

നിക്കാഹ് കൂടാൻ കോളേജിൽ കൂടെ പഠിച്ച ഒരുപാട് പേർ വന്നിരുന്നു.. ഒരുപാട് നാളുകൾക്ക് ശേഷം ആ പഴയ ക്ലാസ്മുറിയിൽ ചെന്ന് പെട്ട അവസ്ഥയായിരുന്നു എല്ലാവർക്കും.. എല്ലാവരും ചേർന്ന് ഒന്നിച്ച് ഭക്ഷണം കഴിച്ചും കഥകൾപറഞ്ഞും മറ്റൊന്നും ചിന്തിക്കാതെ അവരുടേതായ ലോകത്ത് മതിമറന്നിരുന്നിരുന്ന സമയത്താണ് അയാൾക്ക് ഒരു നമ്പറിൽ നിന്ന് ഫോൺ വന്നത്..

പരിജയമില്ലാത്ത സേവ് ചെയ്യാത്ത നമ്പറായിരുന്നു.. ചിരികളികൾക്കിടയിൽ അയാൾ ഫോൺ അറ്റൻ്റ് ചെയ്തു...

""ഹലോ.. ഇത് ഞാനാണ്.."" 

ആ ഒരു ശബ്ദത്തിൽ ചുറ്റുമുള്ള ശബ്ദങ്ങളെല്ലാം മങ്ങി മങ്ങി ഇല്ലാതായിപ്പോയി അയാൾക്ക്.. കാലങ്ങൾക്കുശേഷം വീണ്ടും കേട്ട ആ ശബ്ദത്തിൻ്റെ ഉടമയെ മനസ്സിലാക്കാൻ അധികനേരമൊന്നും വേണ്ടിവന്നില്ല... ആകെമൊത്തം കുറച്ചുനിമിഷത്തേക്ക് അയാളുടെ തലയ്ക്കകത്ത് മൊത്തം കറുപ്പുപടർന്നു...

 "" ഏത് ഞാൻ?!""

തിരികെക്കിട്ടിയ സ്വബോധത്തിൽ അയാൾ ശബ്ദത്തിൽ ഗാംഭീര്യം വരുത്തിക്കൊണ്ട് പറഞ്ഞു..

"" നിങ്ങൾക്ക് മനസ്സിലായെന്നെനിക്കറിയാം.. എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്..."" 

അല്ലെങ്കിലും അഭിനയിക്കാൻ അവളോളം മിടുക്ക് അയാൾക്കില്ലെന്ന് അവൾക്ക് അറിയാം... അവളുടെ ശബ്ദം അത്രപെട്ടെന്നൊന്നും അയാൾ മറക്കില്ലെന്നും അവൾക്ക് നന്നായറിയാം...

"" എനിക്കൊന്നും സംസാരിക്കാനില്ല..."" അൽപ്പം ഗൗരവത്തോടെ അയാൾ പറഞ്ഞു..

"" ഇതെന്താ ഒരുമാതിരി ചെറിയ കുട്ടികളെപ്പോലെ.. നമ്മളൊക്കെ വളർന്ന അഡൽട്ട്സല്ലേ.. കാര്യങ്ങൾ സംസാരിച്ച് തീർത്തൂടേ?"" 

അതുകേട്ട് ചിരിയാണ് അയാൾക്ക് വന്നത്.. എന്തൊരു സ്വാർത്ഥരായ മനുഷ്യരാണല്ലേ!! സ്വന്തം കാര്യത്തിനുവേണ്ടി ആരോടും എത്രവേണമെങ്കിലും സംസാരിക്കാൻ എല്ലാവർക്കും ഒരുപാട് സമയമുണ്ട്!! മറ്റുള്ളവരെ കേൾക്കാൻ ആണ് ആളും തരവും നേരവും കാലവും നോക്കേണ്ടിവരുന്നത്... 

"" എനിക്കൊന്നും കേൾക്കണമെന്നില്ല.. സംസാരിക്കേണ്ട സമയത്ത് സംസാരിച്ചിട്ടില്ല.. പിന്നാ ഇപ്പൊ.. വച്ചിട്ട് പോടോ..."" അയാൾ ഫോൺ കട്ടാക്കി..

പക്ഷേ വീണ്ടും വീണ്ടും അവൾ വിളിച്ചുകൊണ്ടിരുന്നു.. കട്ടാക്കിയിട്ടും പിന്നെയും പിന്നെയും കോൾ വരുന്നത് കണ്ട് ആദി ശ്രദ്ധിച്ചു...

""ആരാടാ?""

""അവളാ...""

""ഏ!! എന്താ ഇപ്പൊ നിന്നെ വിളിക്കാൻ?""

"" ആ! എന്തോ സംസാരിക്കണമെന്ന്!""

"" ഹ ഹ!!  നിനക്ക് സംസാരിക്കേണ്ടപ്പൊ അവൾക്ക് സംസാരിക്കാൻ നേരമില്ല, ഇപ്പൊ അവൾക്ക് സംസാരിക്കാൻ തോന്നുമ്പോ നീ നിന്നുകൊടുക്കണമല്ലേ!! സൂപ്പർ..."" ആദി നിന്ന് ചിരിക്കുകയായിരുന്നു... അയാൾ ഫോൺ സൈലൻ്റാക്കി പോക്കറ്റിലിട്ടു...

വീണ്ടും കുറേ കാളുകൾ തുടരെത്തുടരെ വന്നുകൊണ്ടിരുന്നു...  അവസാനം മടുത്തിട്ടായിരിക്കണം പിന്നെ വിളിയൊന്നും കണ്ടില്ല.. പതിയെ കോളിനെപറ്റി അയാളും ശ്രദ്ധിക്കാതെയായി..

കൂട്ടുകാരുടെ കൂടെ അന്നത്തെ ദിവസം മുഴുവൻ അയാൾ ചിലവഴിച്ചു.. അടുത്ത പ്രവാസജീവികാലത്തേക്ക് ഓർത്തിരിക്കാനുള്ള ഒരുപിടി ഓർമ്മകളുമായി എല്ലാവരും പിരിഞ്ഞു..     വൈകീട്ടത്തോടെ തിരികെ വീട്ടിലെത്തിയപ്പോൾ എല്ലാവരും നല്ല ഹാപ്പിയായി ഡ്രസ്സെല്ലാം മാറ്റി നിൽക്കുകയാണ്...

"" ഇതെന്താ എല്ലാവരും കൂടെ വല്ല കല്യാണ റിസപ്ഷനും പോകുവാണോ!!"" ബൈക്കിൽ നിന്നിറങ്ങുന്നതിനിടയിൽ അയാൾ ചോദിച്ചു... 

"" അല്ലെടാ!! ദേ ഇവൻ വന്ന് പറഞ്ഞു ഇന്ന് പുറത്തൂന്ന് കഴിക്കാം കൂട്ടത്തിൽ ഒരു സിനിമക്കും പോകാമെന്ന്!! നിന്നെ കാത്ത് നിൽക്കുവായിരുന്നു.. ഫോൺ വിളിച്ചാൽ എടുത്തൂടേ നിനക്ക്!!  ഇപ്പൊ വന്നില്ലായിരുന്നേൽ ഞങ്ങൾ നിന്നെ കൂട്ടാതെ പോയേനേ!"" വല്യേട്ടനെ ചൂട്ടിക്കാണിച്ചുകൊണ്ട്  അമ്മ പറഞ്ഞു.. എല്ലാവരും വലിയ ഉത്സാഹത്തിലാണ്.. വല്യേച്ചിയും കുട്ടികളും ബാക്കി എല്ലാവരും വണ്ടിയിൽ നേരത്തേ സ്ഥലംപിടിച്ചിട്ടുണ്ട്.. 

""ആഹാ!! എന്നെക്കൂട്ടാതെ നിങ്ങൾ പടത്തിന് പോകുന്നത് എനിക്കൊന്ന് കാണണമല്ലോ!!"" എന്നും പറഞ്ഞ് അയാൾ ഓടിക്കയറി ഡ്രൈവിങ്ങ്സീറ്റിൽ ഇരുന്നു.. അമ്മയും കൂടെ കാറിൽ കയറിയപ്പോഴേക്കും വണ്ടി ഫുള്ളായി! ഇതുകണ്ട് ഞാനിനി എവിടെക്കേറുമെന്ന് കൈകാണിച്ച് അന്തംവിട്ട് നിൽക്കുവാണ് വല്യേട്ടൻ.. ബൈക്കിൻ്റെ കീ എറിഞ്ഞുകൊടുത്തിട്ട് വേണേൽ ബൈക്കിൽ വന്നോ എന്നും പറഞ്ഞ് ടാറ്റ കാണിച്ച് അയാൾ കുടുബത്തോടൊപ്പം സിനിമകാണാൻ പോയി.. 

സിനിമകഴിഞ്ഞ് എല്ലാവരും കൂടെ റസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കാനും പോയി.. കുടുംബത്തിനോടൊപ്പം നല്ലൊരുരാത്രിയും കൂടി ആസ്വദിച്ച് അയാൾ തിരികെ വീട്ടിലെത്തി ഉറങ്ങാൻ കിടന്നു..അന്നത്തെ ആ ദിവസത്തെ എല്ലാ ആഘോഷങ്ങളും ആരവങ്ങളും കെട്ടടങ്ങി.. സ്വിച്ചിട്ടപോലെ വീണ്ടും ഒറ്റപ്പെടലിൻ്റെ പടുകുഴിൽ വീണുപോയ അയാൾ കറങ്ങുന്ന ഫാനും നോക്കി വൈകി വരാറുള്ള ഉറക്കത്തെയും കാത്ത് കിടന്നു...




അദ്ധ്യായം 9


°•°•°•°
"" ഞാൻ... നിൻ്റെ കൈ പിടിച്ചോട്ടേ??""

നടത്തത്തിനിടയിൽ അയാൾ അവളോട് ചോദിച്ചു..

മറുപടിയായി ഉള്ളം കൈ വച്ചുനീട്ടി അവൾ...

വെറും മിനിറ്റുകൾ നേരത്തേക്കാണെങ്കിൽപോലും ആ കൂടിക്കാഴ്ച്ചയ്ക്കുവേണ്ടി അത്രയും ദൂരം എല്ലാ തിരക്കുകളും മാറ്റിവച്ച് വന്നത് ഇനിയൊരവധിക്കാലം വരെയും ഓർമ്മയിൽ സൂക്ഷിക്കാൻ എന്തെങ്കിലുമൊക്കെ നെഞ്ചോട് ചേർക്കാനാണ്.. അവളുടെ ഉള്ളിലെ അകൽച്ച കുറയ്ക്കാൻ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ അയാൾ ഇന്ന് പരിശ്രമിക്കുന്നുണ്ട്...

"" നിനക്ക് നമ്മൾ ഇങ്ങനെ ആദ്യമായിട്ട് കൈ പിടിച്ച് നടന്നത് എന്നാണെന്ന് ഓർമ്മയുണ്ടോ?"" ഇരുട്ടിൽ ആ നടവഴിയിലെ മഞ്ഞ വഴിവിളക്കുകളുടെ വെളിച്ചത്തിൽ അവളുടെ കമ്മൽ തിളങ്ങുന്നതും നോക്കിക്കൊണ്ട് അയാൾ ചോദിച്ചു..

"" മ്ം? ഓർമ്മയില്ലാ...""

""പണ്ട് കൂട്ടുകാരുടെ കൂടെ ട്രിപ്പ് പോയിട്ട് വന്നപ്പൊ ഞാനൊരു ഗിഫ്റ്റ് കൊണ്ടുവന്നായിരുന്നു... ഒരു ബൊമ്മക്കുട്ടി കീ ചെയ്ൻ.. വില കൂടിയത് വലുത് പലതും തിരഞ്ഞ് നടന്നിട്ടും അന്നെൻ്റെ കണ്ണൊടക്കിയത് അതിലായിരുന്നു.. അന്ന് നീ സ്പെഷ്യൽ ക്ലാസിന് പോകാൻ നേരം വഴിയിൽ വച്ച് കണ്ടപ്പോൾ ആ പുഴവക്കത്ത് വച്ച് ഞാൻ അത് തന്നപ്പോൾ അന്ന് നിൻ്റെ മുഖത്ത് കണ്ട സന്തോഷം എനിക്ക് ഇന്നും ഓർമ്മയുണ്ട്... അന്ന് നാട്ടുകാർ കാണുമോ എന്ന പേടി പോലും ഇല്ലാതെ നീയാണ് ഓടിവന്ന് എൻ്റെ കൈ പിടിച്ചത്... ക്ലാസിലെത്തുന്നതുവരെ അത്രേം ആളുകളുടെ ഇടയിൽകൂടെ കൈ കോർത്ത് പിടിച്ച് നടന്നതെല്ലാം ഇന്നും ഇന്നലെ നടന്നതുപോലെ എനിക്കോർമ്മയുണ്ട്... ഉള്ളം കൈയ്യിൻ്റെ ചൂട് ഇപ്പഴും ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്..."" അവളുടെ കൈപിടിച്ച് നടക്കുന്നതിനിടയിൽ അയാൾ പറഞ്ഞു... മറുത്തൊന്നും പറയാതെ അവളും കൂടെ നടന്നു...

""ഓർത്തിരിക്കാൻ ഒരുപാട് നല്ല ഓർമ്മകളുണ്ടെടോ... നീയിങ്ങനെ മോശം കാര്യങ്ങൾ മാത്രം മുന്നിൽ വയ്ക്കാതെ നല്ലതിനെ മാത്രം കൂട്ട് പിടിച്ച് നോക്ക്.. ഇപ്പോഴുള്ള ഈ പിരിമുറുക്കമെല്ലാം കുറഞ്ഞുകിട്ടും.. ഒന്നിച്ച് ഒരുപാട് നിമിഷങ്ങളൊന്നും കിട്ടിയിട്ടില്ലെങ്കിലും ഉള്ളതിലെ നല്ലത് മാത്രം ഓർത്താൽ പോരെടോ?? ലൗവിനിടയിൽ ലസ്റ്റ് വന്നാൽ കുഴപ്പമാണെന്ന് പറഞ്ഞിരുന്ന ഞാൻ തന്നെയാണ് അതിനു വഴിവെട്ടിയത്... അത് തിരുത്താനൊരവസരം കൂടിയേ ചോദിക്കുന്നുള്ളൂ... നീ പഴയതെല്ലാം മറന്ന് ഇനിയങ്ങോട്ട് എങ്ങനെയെന്ന് മാത്രം ചിന്തിച്ചാൽ മതി..."" അവളുടെ മൗനം കണ്ട് അയാൾവീണ്ടും പറഞ്ഞു..

"" മ്ം.. ഞാൻ ശ്രമിക്കുന്നുണ്ട്... എനിക്ക് കുറച്ചൂടെ സമയം വേണം.. ഇതിങ്ങനെ വീണ്ടും വീണ്ടും പറഞ്ഞോണ്ടിരുന്നാൽ പിന്നെയും അതൊക്കെത്തന്നെ മനസ്സിലേക്ക് വരും... അതുകൊണ്ട് കഴിഞ്ഞതൊന്നും പറയേണ്ട... ദേ , ഹോസ്റ്റൽ എത്താറായി... അങ്ങോട്ട് വരേണ്ട.. പൊക്കൊ.."" അതുവരെ പിടിച്ചിരുന്ന കൈ പെട്ടെന്ന് വിടുവിച്ച് അവൾ അകന്ന് നിന്നു.. ഹോസ്റ്റലിലുള്ള കൂട്ടുകാരികൾ എങ്ങാനും കാണുമെന്ന് പേടിച്ചിട്ടായിരിക്കാം... അയാൾ മറുത്തൊന്നും പറഞ്ഞില്ല... തിരികെ നടക്കാൻ നേരം അയാൾ ഒന്ന് തിരിഞ്ഞ് നോക്കി, പക്ഷേ അവളിൽ നിന്നൊരു നോട്ടം ഉണ്ടായില്ല...

°•°•°•°
 ഞെട്ടിയെഴുന്നേറ്റ അയാളുടെ മുൻപിൽ ഇന്നും ആദി ഇരിപ്പുണ്ടായിരുന്നു... ക്ലോക്കിലെ സയം നോക്കിയപ്പോൾ പത്തുമണി... ഫുൾസ്പീഡിൽ കറങ്ങുന്ന ഫാനുണ്ടായിട്ടും അയാൾ വിയർത്തൊലിക്കുന്നുണ്ടായിരുന്നു...

""ഇന്നേതായിരുന്നു എപ്പിസോഡ്? ഹൊററോ ടെററോ??"" അമ്മയുടെ സ്പെഷ്യൽ ഏലക്കാചായ കുടിച്ചുകൊണ്ട് ആദി ചോദിച്ചു...

""നീയിതെപ്പൊ വന്നു?"" ബെഡ്ഡിൽ നിന്നെഴുന്നേറ്റുകൊണ്ട് അയാൾ ചോദിച്ചു...

""ഞാൻ വന്നിട്ട് കുറച്ച് നേരമായി... നീ സ്വപ്നം കണ്ട് ഞെളിപിരി കൊള്ളുന്നത് കണ്ടുകൊണ്ടിരിക്കുവായിരുന്നു... വല്ലാത്തൊരു കേടാണ് കേട്ടോ ഇത്!! ഉറക്കമില്ലാത്തതും ഉറക്കത്തിലിങ്ങനെ ഞെട്ടിയെഴുന്നേൽക്കുന്നതും ഒക്കെ..  ഡോക്ടറെ വല്ലോം കാണണോ??"" ആദി അൽപ്പം സീരിയസ്സായി...

"" അതിന് നീ കരുതുന്നപോലെ എനിക്ക് കുഴപ്പങ്ങളൊന്നുമില്ല... വർഷങ്ങളോളം കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം സത്യമാണോ കള്ളമാണോ എന്നുപോലും തീർച്ചയില്ലാത്തതുകൊണ്ട് ഓരോന്നോരോന്നായി ഉപബോധമനസ്സിൽ ചോദ്യം ചെയ്യപ്പെടുന്നതിൻ്റെ ആഫ്റ്റർ എഫക്റ്റ്സാണ്... ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ അലയടികൾ..."" ബാത്ത്റൂമിൽ കയറി മുഖം കഴുകുന്നതിനിടയിൽ അയാൾ പറഞ്ഞു... ആ പറഞ്ഞതെന്താണ് പോലും മനസ്സിലാവാതെ കിളിപോയപോലെ ആദി ഒരുനിമിഷം അന്തംവിട്ടുനിന്നു...

"" എന്നിട്ട് ഇന്നത്തെ ഉത്തരം കിട്ടാത്ത ചോദ്യമെന്തായിരുന്നു? എന്താ സ്വപ്നം കണ്ടേ?"" ആദി വിടാൻ ഭാവമില്ല...

""ഉത്തരം കിട്ടാത്ത ചോദ്യമല്ല, കൺമുന്നിൽ കണ്ടിട്ടും മനസ്സിലാവാതിരുന്ന ഉത്തരങ്ങളായിരുന്നു.. കഴിഞ്ഞപ്രാവശ്യം നാട്ടിൽ വന്നിട്ട് തിരിച്ചുപോകുന്നതിനുമുൻപ് അവസാനമായി അവളെ കാണാൻ പോയില്ലായിരുന്നോ? അന്നത്തെ ദിവസത്തെ കാര്യങ്ങൾ ഇങ്ങനെ ഓർമ്മയിൽ വന്നതാ..."" അയാൾ മുഖം തുടച്ചുകൊണ്ട് പുറത്തുവന്നു...

""ഏത്, ജോസഫിൻ്റെ കല്യാണത്തിൻ്റെ ഇടയിൽ നിന്ന് ധൃതിയിൽ ഓടിപ്പോയി ബസ്സുംപിടിച്ച് കൊച്ചിയ്ക്ക് പോയിട്ട് വെറും അരമണിക്കൂർ നേരത്തേക്ക് അവളെ കണ്ടിട്ട് വന്നതോ??"" ആദി ചിരിച്ചു...

ആ ചിരിയുടെ പിന്നിലെ കളിയാക്കൽ മനസ്സിലായിട്ടെന്നോണം അയാളും ചിരിച്ചു...

""അന്നൊക്കെ അവളുടെ ഇപ്പഴത്തെ കെട്യോൻ അവളുടെ കൂടെ അവിടെ ഉണ്ടായിരുന്നതല്ലേ? അന്നൊക്കെ എത്രപറഞ്ഞതാ ഞങ്ങളൊക്കെ ഇതത്ര പന്തിയല്ലെന്ന്.. അന്നൊന്നും...""  പറഞ്ഞ് മുഴുമിപ്പിക്കുന്നതിനുമുൻപേ ആദി ഇന്നലെത്തെ അടിയുടെ ചൂട് ഓർത്ത് വായടച്ചു.. അത് മനസ്സിലായിട്ടെന്നോണം അയാൾ ഒന്നൂടെ ചിരിച്ചു..

"" അന്നൊന്നും?? ബാക്കി പറയണില്ലേ?? ""

"" ഓ! ബാക്കി പറഞ്ഞിട്ടെന്തിനാ!! എന്നിട്ട് വേണം നിനക്കത് പിടിക്കാതായിട്ട് വെറുതെ നിൻ്റെ വായിലിരിക്കുന്നത് കേൾക്കാൻ!! എന്തിനാ വെറുതെ രാവിലെത്തന്നെ!!"" ആദി മുഖം ചുളിച്ചു..

"" ആഹ്! അപ്പൊ അറിയാം, അല്ലേ!! ഗുഡ് ബോയ്!!! അല്ല, എന്തേ ഇത്ര രാവിലെത്തന്നെ ഇങ്ങോട്ട്?"" രാവിലത്തെ ബെഡ്കോഫി ചൂടാറിയത് ഇരിപ്പുണ്ടായിരുന്നത് എടുത്ത് കുടിച്ചുകൊണ്ട് അയാൾ ചോദിച്ചു...

"" നിനക്ക് ഇന്ന് പ്രത്യേകിച്ച് പരിപാടി ഒന്നുമില്ലല്ലോ? ഇപ്പൊ വിട്ടാൽ ചിനക്കത്തൂര് കാളവേല കാണാൻ അങ്ങെത്താം, നീ വേഗം കുളിച്ച് റെഡിയായേ... അബ്ദുവും യാഷിയും ഒക്കെ ഇപ്പൊ എത്തും... ഞാനേ അടുക്കളേൽ കാണും, അമ്മ നല്ല പത്തിരി ഉണ്ടാക്കുന്നുണ്ട്... "" ആദി പുറത്തോട്ടിറങ്ങി..

ഉറക്കച്ചടവെല്ലാം മാറ്റി ഫോണടുത്തുനോക്കിയപ്പോൾ ഒരു നമ്പറിൽ നിന്ന് ഒരുപാട് വാട്ട്സപ്പ് മെസ്സേജുകൾ... നോക്കിയപ്പോൾ അവളാണ്... എല്ലാം പത്തുമിനുറ്റോളം ധൈർഘ്യമുള്ള  വോയിസ് നോട്ടുകൾ തുടരെ തുടരെ വന്നുകൊണ്ടേയിരിക്കുന്നു!!! ഒരാളുടെ പോലും മെസ്സേജ് നോക്കാതിരിക്കില്ലെന്ന് അറിയാവുന്നതിനാലായിരിക്കണം ഇങ്ങനെ മെസ്സേജയച്ചത്... എടുത്ത് കേൾക്കാൻ അയാൾക്ക് തോന്നിയില്ല... അതിനുള്ള സമയവും ഉണ്ടായിരുന്നില്ല..

 വേഗം തന്നെ കുളികഴിഞ്ഞ് വന്നപ്പോഴേക്കും മുപ്പതിലതികം വോയിസ് നോട്ടുകളാണ് ആ നമ്പറിൽ നിന്നും വന്ന് കിടക്കുന്നത്!! അയാൾ ആ നമ്പർ എടുത്ത് 'DEVIL' എന്ന് സേവ് ചെയ്ത് ഹാളിലേക്കിറങ്ങി...

ഡൈനിങ് ടേബിളിൽ മൂന്നും കൂടെയിരുന്ന് നല്ല തട്ടാണ്!! ഇന്നലത്തെ ചിക്കൻകറി കൂടെയുള്ളതുകൊണ്ട് പത്തിരിയെല്ലാം ചട്ടിയിൽ നിന്ന് ചാറുതൊട്ട് നേരെ എല്ലാത്തിൻ്റെയും വയറ്റിലേക്കാണ് പറക്കുന്നത്! കൂടെ കഴിക്കാനിരുന്ന വല്യേച്ചിയുടെ നരിന്തുകൾക്ക് പേരിനുപോലും ഒരെണ്ണം പ്ലേറ്റിലേക്ക് വീഴുന്നില്ല!! പറഞ്ഞിട്ട് കാര്യമില്ലെന്ന് ചേച്ചിക്കും നന്നായിട്ടറിയാം, കാരണം അവരേക്കാൾ ആ വീട്ടിൽ അധികാരം കൂട്ടുകാർക്കായിരുന്നു...

ഇടക്കെപ്പോഴോ വീണുകിട്ടിയ രണ്ട് പത്തിരിയും കഴിച്ച് അയാളും കൈ കഴുകി..

"" രാത്രിയ്ക്ക് തിരിച്ചെത്തുമോ?..."" അമ്മയാണ് ചോദിച്ചത്...

""ഉറപ്പില്ലമ്മേ! ഇപ്പൊഴത്തേക്ക് വേലകാണൽ ആണ് മെയ്ൻ ഉദ്ദേശം.. ഇനി അവിടുന്ന് വല്ല പുതിയ പ്ലാനും ഉടലെടുക്കുമോ എന്ന് കണ്ടറിയണം..."" മറുപടി പറഞ്ഞത് യാഷിയാണ്... അത് കേട്ടപ്പോഴേ അമ്മയ്ക്ക് മനസ്സിലായി ഇന്ന് തിരിച്ച് വരവുണ്ടാകില്ലെന്ന്...

കാറിൽ കയറി കുറച്ചുദൂരം പോയപ്പോഴേക്കും ഒരോന്ന് പറഞ്ഞ് പറഞ്ഞ് രാവിലെ സ്വപ്നം കണ്ട് ഞെട്ടി എണീറ്റകാര്യം ആദിയുടെ വായിൽ നിന്നും വീണു...

"" ഏത്? അന്ന് നീ കാലുപിടിക്കാൻ പോയ ദിവസമാണോ? ഡയമണ്ടിൻ്റെ റിങ് എല്ലാം വാങ്ങിക്കൊടുത്തിട്ട് അവസാനം ഒന്നിച്ച് തിരിച്ചുവരാൻ കൂട്ടാക്കാതെ നിന്നെ വേറെ വണ്ടിയ്ക്ക് പറഞ്ഞയച്ചത്!!"" അബ്ദു ചോദിച്ചു...

"" അതല്ല, അത് ആദ്യം, ഇത് അവസാനം.. അന്ന് പോയപ്പൊ തെറ്റെല്ലാം ഏറ്റുപറഞ്ഞ് കാലും പിടിച്ച് ഫുഡ്ഡും കഴിച്ച് കൊണ്ടുവന്ന ഗിഫ്റ്റെല്ലാം കൊടുത്തിട്ട് പോന്നല്ലോ... ഇത് തിരിച്ച് പോകുന്നതിനു മുൻപ് ഒന്നൂടെ കാണാൻ പോയിരുന്നു.. അന്നത്തെ കാര്യം.."" അയാൾ വ്യക്തമാക്കി...

"" ആ!! അത് നിനക്ക് കിട്ടേണ്ടത് തന്നെയായിരുന്നു! എപ്പൊ വന്നാലും അവൾക്ക് മാത്രം സ്പെഷ്യൽ ചോക്കലേറ്റും പെർഫ്യൂമും നമ്മക്ക് മാത്രം പത്തുരൂപേടെ മിട്ടായിയും!! അതും പോരാഞ്ഞ് അകലം കുറക്കാൻ ഡയമണ്ടിൻ്റെ റിങ്ങും വാങ്ങിച്ച് കൊടുത്തിട്ട് വന്നേക്കുന്നു!! എന്തോരം കാശ് അവൾക്ക്വേണ്ടി ചിലവാക്കിയിട്ടുണ്ടെന്ന് നിനക്ക് തന്നെ ഓർമ്മയില്ലല്ലോ!! അവളുടെ ഹോസ്റ്റൽ ഫീസ്, പഠിത്തത്തിൻ്റെ ഫീസ്... എന്നെക്കൊണ്ടൊന്നും പറയിക്കണ്ട... ആ പറഞ്ഞതൊക്കെ ശരിക്കും സത്യമാണെന്ന് വല്ല നിശ്ചയോം ഉണ്ടോ? ഇല്ലല്ലോ!! "" യാഷി ചൊറിയാൻ തുടങ്ങി..

"" നിനക്കൊക്കെ തൊണ്ട നനയ്ക്കാൻ നല്ല ഫോറിൻ സാധനം കൊണ്ടത്തരാരില്ലേ എപ്പഴും!! അതെന്താ കണക്കിൽ കൂട്ടില്ലേ?? ചോക്കലേറ്റ് തിന്നാൻ നീയെന്താ ഇള്ളക്കുട്ടിയോ!! പിന്നെ നിങ്ങൾ എല്ലാത്തിൻ്റെയും അത്യാവശ്യങ്ങൾക്കൊക്കെയുള്ളത് ആവശ്യമുള്ളപ്പൊ തന്നിട്ടൊണ്ട്.. അതിൻ്റെ കണക്കൊന്നും പറയിപ്പിക്കല്ലേ!! പറയാൻ ഒന്നും ഓർത്ത് വച്ചിട്ടും ഇല്ല ഞാൻ... കൂടെ ഉള്ളോർക്ക് വേണ്ടി ചിലവാക്കുന്നതിന് കണക്ക് സൂക്ഷിക്കാൻ മന്നാടിയാർ ചെറ്റയല്ല.. ഹാ!"" അയാളും വിട്ട് കൊടുത്തില്ല!! അതോടെ യാഷിയുടെ വായടഞ്ഞു..

"" എന്തൊക്കെ പറഞ്ഞാലും അവളുടെ ധൈര്യം സമ്മതിക്കണം!! മൂന്നാമത്തെ കാമുകൻ സൂരജിനെ അവളുടെ അടുത്തേക്ക് തന്നെ ജോലിയ്ക്ക് വരുത്തിക്കുന്നു, സൂരജ് അവിടെ തൊട്ടടുത്ത് ഉള്ളപ്പോൾ ഇവൻ്റെയൊപ്പം പൊട്ടിയ കെട്ട് കൂട്ടിയുറപ്പിക്കാനും കാണാനും സംസാരിക്കാനും സമയം കണ്ടെത്തുന്നു, തിരിച്ച് വീക്കെൻ്റിന് വീട്ടിൽ പോകാൻ നേരം ഒരേ ട്രൈനിന് പോരാൻ ഇവനെ സമ്മതിക്കാതെ സിജിൻ്റെ കൂടെ നാട്ടിലേക്ക്, അതിന് പറഞ്ഞ കള്ളമോ!! റയിൽവേസ്റ്റേഷനിൽ അച്ഛൻ കാത്ത് നിൽപ്പുണ്ടാവും നിങ്ങളെ കണ്ടാൽ പ്രശ്നമാവും എന്നൊക്കെ!! നാടെത്തുന്നതിനുമുൻപേ വേറെ കമ്പാർട്ട്മെൻ്റിൽ കയറിക്കോളാം വേറെ സ്റ്റേഷനിൽ ഇറങ്ങിക്കോളാം എന്നൊക്കെ പറഞ്ഞിട്ടും സമ്മതിക്കാതെ എന്നെ ടെൻഷനാക്കരുത് റിസ്കെടുക്കാൻ വയ്യെന്നൊക്കെ പറഞ്ഞ് ഇവനെ മാറ്റി നിർത്താനൊക്കെ കാണിച്ച ധൈര്യം അപാരം തന്നെ!! എല്ലാം കേട്ട് സമ്മതിച്ചുകൊടുത്തിട്ട് ഒറ്റക്ക് വന്ന ഇവൻ അതിലേറെ മണ്ടൻ!!"" ആദി അയാളെ കളിയാക്കിച്ചിരിച്ചു...  ഒന്നുവിടാതെ എല്ലാ സംഭവങ്ങളും വിസ്തരിച്ച് പറയാറുള്ളതുകൊണ്ട് എല്ലാവർക്കും എല്ലാ കഥകളും നല്ലപോലെ അറിയാം.. അതുപറഞ്ഞ് കളിയാക്കലാണല്ലോ ഇപ്പൊ എല്ലാവരുടെയും നേരംപോക്ക്!! താനെത്ര മണ്ടനായിരുന്നെന്ന് ഓർട്ട് ആയാളും കൂടെ ചിരിച്ചു...

"" അല്ലേലും നമ്മളെ ഒരാൾക്ക് എളുപ്പം പറ്റിക്കാൻ പറ്റുന്നത് നമ്മൾ മണ്ടൻമാരായതുകൊണ്ടല്ലെടാ, നമ്മൾ അവർക്കുമേലെ വച്ചിരിക്കുന്ന വിശ്വാസത്തിൻ്റെ ആഴം കൊണ്ടാണ്... ഒരിക്കൽപോലും അവളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിട്ടില്ല എന്നുപറയുമ്പോ അവളെ അത്രമേൽ വിശ്വസിച്ചിരുന്നു എന്നതല്ലേ അർത്ഥം.. ആ വിശ്വാസം പരമാവധി മുതലെടുത്തു അവൾ.. അല്ലെങ്കിൽ ഏതെങ്കിലും ഒരുത്തി രാത്രി പതിനൊന്ന് മണിക്ക് ഗുഡ്നൈറ്റ് പറഞ്ഞ് പോയിട്ടും പിന്നെയും ഓൺലൈനിൽ വന്നിട്ടും ഫോൺ ബിസി എന്ന് കാണിച്ചിട്ടും എന്തായിരുന്നു ബിസി എന്ന് ചോദിക്കുമ്പോൾ വാട്ട്സപ്പ് കാൾ ഹിസ്റ്ററി അയച്ച് തരുമോ തെളിവായിട്ട്?!! അതിൽ സിജിൻ്റെയും സൂരജിൻ്റേയും സൂരജിൻ്റെ പേര് സേവ് ചെയ്യാത്ത നമ്പറിലേക്കുമെല്ലാമുള്ള കാളുകൾ കണ്ടിട്ട് വളരെ കൂളായിട്ട് ജോലി സംബന്ധമായ കാര്യങ്ങൾ സംസാരിക്കാനായിരുന്നു ആ വിളികൾ എന്ന് പറഞ്ഞ് തടിതപ്പുമായിരുന്നോ??"" അയാൾ പറഞ്ഞു..

"" ആ!!  നീ ഒരു പോങ്ങനാണെന്ന് അറിയാവുന്നതുകൊണ്ട് അവൾ അവളുടെ വലയുടെ വലുപ്പം കൂട്ടി, അത്രേയുള്ളൂ... ചതിയും വഞ്ചനയും ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവർക്ക് ഇതൊക്കെ വളരെ സിമ്പിൾ ആണ്... എല്ലാ കള്ളിയും വെളിച്ചത്തായപ്പോൾ താങ്ങായിട്ട് ആരുണ്ടായിരുന്നോ അവരുടെ തലയിൽ കേറി.. അത്രേയുള്ളൂ... എല്ലാ പെണ്ണുങ്ങൾക്കും അവരുടെ ലൈഫിലെ 404 സ്റ്റേജ് കഴിഞ്ഞാൽ സെറ്റിലാവാൻ ഒരു സൽസ്വഭാവിയായ പയ്യനെയാണ് വേണ്ടത്.. അത് നീയായില്ലെന്നുള്ളതിൽ അഭിമാനിക്കൂ മകനേ... അഭിമാനിക്കൂ!"" ഡ്രൈവിങ്ങിനിടയിലും അബ്ദുവിൻ്റെ വക മോട്ടിവേഷന് പഞ്ഞമൊന്നുമില്ല...

""ഈ ലാസ്റ്റ് ഡയലോഗ് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ!!"" ആദി തല ചൊറിഞ്ഞു...

"" ഇൻസ്റ്റാഗ്രാം റീലിൽ നിന്ന് ചുരണ്ടിയതാണ്!!"" അബ്ദുവിൻ്റെ തലയിൽ കിഴുക്കിക്കൊണ്ട് അയാൾ പറഞ്ഞു..

""എവിടെ നിന്നായാലും പറഞ്ഞത് സത്യമല്ലേ!! പണ്ടത്തെ മഹാന്മാക്കളേക്കാൾ കൂടുതൽ യാഥസ്ഥിതികമായ സത്യങ്ങൾ വിളിച്ചുപറയുന്നത് ഇപ്പൊ സോഷ്യൽമീഡിയയിലുള്ള അനുഭവസ്ഥരാണ്!! അതിൻ്റെയൊക്കെ കമൻ്റ് വായിച്ചാലറിയാം ഈ ലോകത്ത് ഒരേപോലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരുപാടാളുകളുണ്ടെന്ന്!!... പലരും തളർന്ന് പോയരവരാവും, തളർച്ചയിൽനിന്നുയർത്തെഴുനേറ്റവർ അതിലേറെയും... ഞാനെടക്ക് ഇരുന്ന് വായിച്ച് നോക്കാറുണ്ട്!! നല്ല രസമാ!!!"" അബ്ദു ചിരിച്ചു...

"" അല്ലേലും ആരാൻ്റമ്മയ്ക്ക് പ്രാന്ത് പിടിച്ചാ കാണാൻ നല്ല ചേലാണല്ലോ!! സ്വയം ആ അവസ്ഥയിലൂടെ കടന്ന് പോകുമ്പോഴേ മനസ്സിലാവൂ.."" ആദി പറഞ്ഞു...

"" അവൻ രസമാണെന്ന് പറഞ്ഞത് ആ അർത്ഥത്തിലല്ല, പല അവിഹിത കഥകളും ഇങ്ങനെ കമൻ്റിൽ വായിക്കാൻ പറ്റും.. അത് വായിക്കാൻവേണ്ടി മാത്രമാണ് അവൻ നോക്കാറുള്ളത്..."" യാഷി ആദിയെ തിരുത്തി...

""ശ്ശേ!! അവിഹിതം എന്ന് പറഞ്ഞ് തരം താഴ്ത്തല്ലേ!! അതിന് അവർക്ക് പറയാനുള്ള പേര് നിസ്സഹായത എന്നാണ്!!! എല്ലാവർക്കും അവരുടെ നിസ്സഹായവസ്ഥയിൽ പറ്റിപ്പോകുന്ന തെറ്റുകളാണ് അതിൻ്റെ ഫലം അനുഭവിക്കുന്നവർക്ക് തേപ്പായിട്ടും ചതി ആയിട്ടും ഒക്കെ തോന്നുന്നത്!! എല്ലാവരും പാവങ്ങളല്ലേടാ!! തെറ്റുചെയ്യാത്തവരായി ആരുണ്ട് ഗോപൂ!!!"" അബ്ദു വീണ്ടും തിരുത്തി...

തമാശകളും കളിചിരികളുമായി അവർ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു... ഇടയ്ക്ക് ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് അയാളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്...


"Arun" has started following you...

പുച്ഛം നിറഞ്ഞ ഒരു ചിരി അയാളുടെ മുഖത്ത് വിരിഞ്ഞു...




അദ്ധ്യായം 10


"" എന്താടാ നീ ചിരിക്കുന്നേ?? വല്ല ചുറ്റിക്കളിയും സെറ്റാക്കിയോ അതിൻ്റെയിടയ്ക്ക്!!"" അബ്ദു ചിരിച്ചുകൊണ്ട് ചോദിച്ചു..
""ചുറ്റിക്കളിയല്ല, ദേ നോക്ക്!!"" അയാൾ നോട്ടിഫിക്കേഷൻ എടുത്ത് കാണിച്ചുകൊടുത്തു...

""ഇത് മറ്റവനല്ലേ!!, അവളുടെ പൊന്നാങ്ങള കളിച്ച് നിന്നെ തെറിപറഞ്ഞവൻ!!??"" യാഷി സംശയിച്ചു... അയാൾ ആ പഴയ സംഭവം ഒന്നുകൂടെ ഓർത്തു..

•°•°•°•
പണ്ട് അവൾ ബ്രേക്കപ്പെന്നും അതിൻ്റെ കാരണം അയാളുടെ സ്വഭാവമാണെന്നും പറഞ്ഞ് നടന്ന സമയത്ത് പ്രശ്നം പരിഹരിക്കാൻ തുടരെ തുടരെ അവളെയും കൂട്ടുകാരെയുമൊക്കെ വിളിച്ചിരുന്ന കൂട്ടത്തിൽ അരുണിനേയും സമീപിച്ചിരുന്നു അയാൾ... അന്ന് ''മേലാൽ അവളെ വിളിക്കുകയോ മെസ്സേജയക്കുകയോ ചെയ്യരുത് '' എന്ന് ഇങ്ങോട്ട് പറഞ്ഞ് വന്നിരുന്നു അരുൺ.. പക്ഷേ കൂട്ടുകാരോട് അയാളെ വേണ്ടെന്നുപറയുമ്പോഴും,പല പല കാരണങ്ങൾ പറയുമ്പോഴും,  ഇവിടെവന്ന് അയാളോട് അയാളെ  മാത്രമേ കെട്ടൂ എന്ന് പറഞ്ഞ് നടക്കുമ്പോൾ അയാൾക്കെങ്ങനെ അരുണിൻ്റെ വാക്കുകളെ വിലയ്ക്കെടുക്കാനാവും!!! 

''അതിന് ബ്രോ അല്ലല്ലോ, അവളല്ലേ പറയേണ്ടത്, അവളിപ്പോഴും എന്നെ ഇഷ്ടമാണ് എന്നെ മാത്രമേ കെട്ടൂ, കുറച്ച് സമയം വേണം ഓക്കെയാവാൻ എന്നാണ് എന്നോട് പറയുന്നത് , വേണമെങ്കിൽ അവളോട് തന്നെ ചോദിച്ച് നോക്ക്'' എന്നാണയാൾ മറുപടി പറഞ്ഞത്.. 

അരുൺ അവളോട് ചോദിച്ചിരുന്നോ, അവളെന്ത് നുണ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നോ എന്നറിയില്ല, എടുത്തവഴിയ്ക്ക് '' ടാ മൈ*"#₹@'#... നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ലേ! അവൾടെ ബ്രോ തന്നെയാ ഞാൻ.. ഞാൻ പറഞ്ഞാൽ മതി, അവൾക്ക് നിന്നെ വേണ്ട, അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്..'' എന്നാണ് മറുപടി വന്നത്!!!

ഒന്നാമതേ തെറിപറയുന്നത് ഇഷ്ടമല്ലാത്ത അയാളെ അധികം പരിജയമില്ലാത്തൊരുത്തൻ വന്ന് തെറി പറഞ്ഞാൽ എങ്ങനെ ഇരിക്കും!!! അരുണിൻ്റെ വായടപ്പിക്കാൻ അതിലും വലിയ തെറി തിരിച്ചുപറയാൻ അറിയാഞ്ഞിട്ടല്ല, അവളെ ഭാവിയിൽ കല്യാണം കഴിക്കുമ്പോൾ ഇവനെയൊക്കെ വീണ്ടും കാണേണ്ടവരില്ലേ, അന്ന് മുഖത്ത്നോക്കാൻ മടിയാവരുതല്ലോ, അവളുടെ കൂട്ടുകാരല്ലേ എന്നൊരൊറ്റ കാരണം കൊണ്ടാണ് അയാളന്ന് തിരിച്ചൊന്നും പറയാതിരുന്നത്... ഇങ്ങോട്ട് മാന്യമായിട്ടാണെങ്കിലേ അങ്ങോട്ടും അതുള്ളൂ എന്ന പോളിസി അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരനാണെന്ന ഒറ്റ കാരണം കൊണ്ട് അയാൾ മറന്നു...

''എന്താണ് ബ്രോ തെറിയൊക്കെ പറയുന്നേ... നമ്മൾ നാളെയും കാണേണ്ടവരല്ലേ...'' ചെപ്പക്കുറ്റി നോക്കി രണ്ടെണ്ണം പൊട്ടിക്കാൻ  കൈ തരിച്ചിട്ടും അയാൾ ദേഷ്യം അടക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു.. പണ്ട് ഏതോ ഒരു സൗദി നമ്പറിൽ നിന്നും ഒരുപറ്റം പയ്യന്മാരുടെ അശ്ളീല മെസ്സേജുകൾ വന്നുകൊണ്ടിരുന്നത് ഒറ്റ രാത്രികൊണ്ട് ഇതിലും വലിയ തെറികൾ പറഞ്ഞ് നിർത്തിച്ചിട്ടുള്ളതാണയാൾ... മണിക്കൂറുകളോളം നീണ്ട വാഗ്വാദങ്ങൾക്കൊടുവിൽ ആ പയ്യന്മാർ അടിയറവുപറഞ്ഞിട്ടുണ്ടെങ്കിൽ ഈ പറഞ്ഞ തെറിയ്ക്കുള്ള മറുപടി എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ!! 

'' അതുകൊണ്ടുതന്നെയാ പറഞ്ഞത്.. മേലാൽ അവളുടെ പിന്നാലെ വരരുത്, അവൾക്ക് ഇനി നിന്നെ അസപ്റ്റ് ചെയ്യാൻ പറ്റില്ല.. അതെനിക്കറിയാം. അതുകൊണ്ട് ഇവിടെവച്ച് നിർത്തിക്കോ നീ..."" അരുൺ കലിപ്പിലാണ്... അവനോട് സംസാരിച്ചിട്ട് വെറുതെ തരംതാഴേണ്ടെന്നുകരുതി അയാൾ നേരെ അവളെ വിളിച്ച് കാര്യം പറഞ്ഞു..

"" അത് എന്നോടുള്ള കെയറിങ് കൊണ്ട് സംസാരിച്ചതാണ് അരുണേട്ടൻ.. ഞാനിവിടെ കിടന്ന് മനസ്സ് നീറുന്നത് കണ്ടിട്ടാണ് അങ്ങേരായിട്ട് വന്ന് സംസാരിച്ചത്, അല്ലാതെ ഞാൻ പറഞ്ഞിട്ടല്ല.. പക്ഷേ തെറി വിളിച്ചത് ശരിയായില്ല, അത് ഞാൻ അരുണേട്ടനോട് പറഞ്ഞോളാം.."" അവളുടെ മറുപടി ഇതായിരുന്നു.. 

"" നീ തന്നെ പറയണം, ഞാൻ ഇത് സംസാരിച്ചാൽ വഷളാവത്തേയുള്ളൂ.. തിരിച്ച് പറയാൻ അറിയാഞ്ഞിട്ടല്ല, നിൻ്റെ ഇപ്പൊഴത്തെ ചങ്കല്ലേ എന്ന് വിചാരിച്ചിട്ട് മാത്രമാണ്..."" ദേഷ്യത്തോടുകൂടിത്തന്നെയാണ് അയാൾ അത് പറഞ്ഞത്..

ഇന്നിപ്പോൾ അരുൺ പറഞ്ഞിരുന്ന കാരണങ്ങൾ ചിലപ്പോൾ സൂരജുമായുള്ള റിലേഷനായിരുന്നിരിക്കുമോ എന്നുവരെ അയാൾക്ക് സംശയമുണ്ട്... ബ്രേക്കപ്പെന്നുപറഞ്ഞതിൻ്റെ മൂന്നാംപക്കം ഈ പറഞ്ഞ അരുണും സൂരജും ശരണ്യയും സനൂജയും അവളുമെല്ലാമടങ്ങുന്ന അവളുടെ ഗ്യാങ് ബീച്ചിൽ പോയി കാറ്റുകൊണ്ട് ഉല്ലസിച്ചുവന്നതാണ്... കൂട്ടുകാരല്ലേ, അവളുടെ മനസ്സ് ഒന്ന് ഓക്കെയാക്കാൻ പോയതായിരിക്കുമെന്നും കരുതി "നന്നായി, ഇങ്ങനെ പുറത്തൊക്കെ പോ ഇടയ്ക്ക് കൂട്ടുകാരോടൊപ്പം , റിലാക്സായിട്ടിരിക്ക് എപ്പോഴും "" എന്നൊക്കെ പറഞ്ഞ് മോട്ടിവേഷൻ വരെ കൊടുത്തു അന്നയാൾ... അതിൻ്റെയെല്ലാം പിന്നിലെ അജണ്ഡ എന്തായിരുന്നുവെന്ന് പോലും അയാൾക്കിപ്പോൾ സംശയമാണ്.... സംശയിക്കാനാണെങ്കിൽ എന്തും ഏതും ചോദ്യമുനയിൽ നിൽക്കുന്ന സംഭവങ്ങൾതന്നെയാണ്.. ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾക്കിടയിൽ അവയും അയാളുടെ മനസ്സിൽ കിടപ്പുണ്ട്...

•°•°•°

"" അവനിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ അന്നേ വിചാരിച്ചതാ... നീ അവന് വിളിച്ച് നല്ല നാലു തെറി തിരിച്ചങ്ങുപറ, അല്ലേൽ വേണ്ട ഫോണെനിക്ക് താ ഞാൻ പറയാം..."" ആദിയുടെ ചോര തിളച്ചു...

"" ഒന്ന് പോയേടാ! അരുണിനോടും ബാക്കി എല്ലാവരോടും എൻ്റെ കാര്യത്തിൽ പല കള്ളങ്ങൾ പറഞ്ഞ് നടന്നിരുന്നതാണെന്ന് ഞാൻ അവളുടെ തേപ്പ് കിട്ടിയപ്പോൾതന്നെ പറഞ്ഞതാണ്... അന്ന് അവൻ പറഞ്ഞത് സിജിൻ്റെ കാര്യമൊന്നും എനിക്കറിയില്ലായിരുന്നു, ഇതിനെപ്പറ്റി നമ്മൾ തമ്മിൽ ഒരു സംസാരം വേണ്ട എന്നാ... തിരിച്ച് തെറി പറഞ്ഞാൽ പിന്നെ ഞാനും അവനും തമ്മിൽ എന്താ വ്യത്യാസം!! അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ... വിട്ട് കള... ഇത് ചിലപ്പോ അന്ന് തെറി വിളിച്ചതിൻ്റെ കുറ്റബോധം കൊണ്ട് ഇങ്ങോട്ട് തിരഞ്ഞ് വന്നതാണെങ്കിലോ?!..."" അയാൾ ചായകുടിച്ചുകൊണ്ട് പറഞ്ഞു..

"" മാങ്ങാത്തൊലി!!! നീയിപ്പഴും എല്ലാവരുടേയും പെരുമാറ്റം നല്ലരീതിക്ക് മാത്രം എടുക്കാൻ നിക്കുവാണോ!!! എടാ ഈ ലോകത്ത് പലരും നമ്മളെ ഉപയോഗിക്കാൻ വേണ്ടി മാത്രം അടുത്തുകൂടുന്നവരാണ്... അവനെ അവളും സൂരജും എല്ലാം കൂടെ നിൻ്റെ കാര്യങ്ങളറിയാൻ ചാരപ്പണിക്ക് വിട്ടതാണെങ്കിലോ??! അങ്ങനെ ആയിക്കൂടാ എന്നില്ലല്ലോ!! നിൻ്റെ ഈ എല്ലാവരും നല്ലവരാണെന്ന മൈൻ്റ് ആണ് നിനക്ക് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നേ.. നീ എല്ലാവരോടും നല്ലരീതീയ്ക്കാണെന്നുവച്ച്  എല്ലാവരും തിരിച്ച് നിന്നോടും അങ്ങനെയാകുമെന്ന് കരുതരുത്, അടിയോടെ മൂഞ്ചിച്ചോണ്ട് പോവും, പറഞ്ഞേക്കാം..."" യാഷിയുടെ വകയാണ് ഉപദേശം... അയാൾ പക്ഷേ മറുത്തൊന്നും പറഞ്ഞില്ല...

"" ആ പറഞ്ഞത് കറക്ട്!!! മറ്റുള്ളോർക്ക് വേണ്ടി കൊറേ സാക്രിഫൈസ് ചെയ്തിട്ടുണ്ടല്ലോ നീയ്യ്... ഒരു തരി സഹതാപം പോലും നിന്നോട് കാണിക്കാതിരുന്നിട്ട് പോലും നിൻ്റെ കരിയറും പ്രമോഷനും വരെ നീ അവൾക്കും സൂരജിനും വേണ്ടി തൊലച്ചതല്ലേ!!! ഇനി മതി നിൻ്റെ ഈ നന്മമരം കളി..."" ആദിയും വിട്ടുകൊടുത്തില്ല! 

""ഏ?!!! എന്ത് പ്രമോഷൻ?!! അത് ഞാനറിഞ്ഞില്ലല്ലോ!!! അതെന്താ സംഭവം?!!! "" അബ്ദുവിന് കാര്യം പിടികിട്ടിയില്ല...

""നേരിട്ട് തന്നെ അങ്ങോട്ട് ചോദിച്ച് നോക്ക്! അന്ന് നീ നിൻ്റെ കെട്യോളെക്കൊണ്ട് ഹോസ്പിറ്റലിലോ കല്യാണത്തിനോ മറ്റോ പോയിരിക്കുവായിരുന്നു... അവളവൻ്റെ ജീവിതം തന്നെ തൊലച്ചുവെന്ന് പറയുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംഭവം ആണ് മോനേ... അവൻ്റെ വായിൽ നിന്ന് തന്നെ കേട്ടോ..."" ആദി അബ്ദുവിനോടായി പറഞ്ഞു...

"" തെളിച്ച് പറയെടാ... എന്താ സംഭവം?"" അബ്ദു അയാളെ പിടിച്ച് കുലുക്കി... വലിച്ചുകുടിക്കുന്ന ചൂടുചായയോടോപ്പം അയാളുടെ ഓർമ്മയുടെ താളുകൾ പുറകോട്ട് മറിഞ്ഞു... 

"" അതൊരു വലിയ കഥയാ.. ഞാൻ ചുരുക്കിപ്പറയാം.. പണ്ട് എന്നോട് ബ്രേക്കപ്പെന്നും പറഞ്ഞ് സിജിൻ്റെ പെണ്ണായിട്ട് നടന്നിരുന്നപ്പോ സൂരജിനെയും അവൾ ചൂണ്ടയിൽ കൊളുത്തിവച്ചിരുന്നല്ലോ... ആ സമയത്തെ സംഭവമാണ്... അവളുടെ ജോലിസ്ഥലത്തെ പലരെയും എനിക്ക് പരിജയമുണ്ട്, നമ്മുടെ ജുനൈസും നിഖിലയുമെല്ലാം അവിടെയാണല്ലോ! അവരൊക്കെ എപ്പോഴും പറയാറുണ്ട് അവളെപ്പറ്റി പല റൂമറുകളും അവിടെ പറഞ്ഞുകേൾക്കാറുണ്ടെന്ന്... അന്നൊരുദിവസം അവളെയും ഈ സൂരജിനേയും ഒരു ഹോട്ടലിൽ ഇരുന്ന് സംസാരിക്കുന്നത് കൂട്ടുകാരനൊരുത്തൻ കണ്ടു, അവരുടെ ഇരുത്തം അത്ര പന്തിയല്ല എന്നും പറഞ്ഞ് വന്നിരുന്നു... എൻ്റെ കാര്യത്തിൽ ആകെ മനസ്സുമടുത്തിരിക്കുവല്ലേ , ഒന്നു സംസാരിക്കാനും ആശ്വസിപ്പിക്കാനും വേണ്ടിയായിരിക്കും ആ കൂടിക്കാഴ്ച്ച എന്ന് വിചാരിച്ചിച്ച് ഞാൻ അത് കാര്യമായി എടുത്തില്ല... അല്ലെങ്കിലും ഒരു ഹോട്ടലിൽ ഇരുന്ന് സംസാരിക്കുന്നതിൽ എന്ത് പന്തികേടുണ്ടാകാനാണ്!!! അതിൻ്റെ ഇടയിലാണ് അവളും മൂഡോഫായി വന്ന് ഹോസ്പിറ്റലിൽ എല്ലാവരും ഭയങ്കര റൂമറുകളാണ് എന്നെപ്പറ്റി എന്നും പറഞ്ഞ് വന്നത്... സാധാരണ കൊടുക്കാറുള്ളതുപോലെ അതൊന്നും കാര്യമാക്കണ്ട, നിനക്ക് നിന്നെ അറിയാല്ലോ, നിൻ്റെ ഭാഗത്തെ ശരികൾ ആരേം ബോധിപ്പിക്കേണ്ട, പറയുന്നോർ എന്തെങ്കിലും പറഞ്ഞോട്ടേ എന്നൊക്കെ പറഞ്ഞ് മോട്ടിവേഷൻ കൊടുത്തുകൊണ്ടിരുന്നപ്പോൾ അറിയാതെ എൻ്റെ നാവീന്ന് ആ കാര്യം വീണു... " വിട്ട് കളയെടോ!! പറയുന്നോർ എന്തും പറഞ്ഞോട്ടേ, അവരുടെ കണ്ണിൻ്റെ പ്രശ്നമാണ്, നിന്നേം സൂരജിനേം ഹോട്ടലിൽ ഇരിക്കുന്നത് കണ്ടിട്ട് ആ ഇരുപ്പത്ര ശരിയല്ലെന്നും പറഞ്ഞ് ഒരുത്തൻ ഇന്നലെ വന്നാർന്നു.. എനിക്ക് നിന്നെ അറിയാവുന്നതുകൊണ്ട് ഞാനത് കാര്യമാക്കി എടുത്തില്ല... അതുപോലെ റൂമറുകളെ ഒക്കെ ഒരു ചെവിയിൽക്കൂടെ കേട്ട് മറ്റേ ചെവിയിൽക്കൂടെ കളഞ്ഞേക്കണം..."  ഒരു മോട്ടിവേഷൻ ആയിക്കോട്ടേ എന്ന രീതിയിലാണ് പറഞ്ഞത്, പക്ഷേ അത് കേട്ടതും അവളാകെ വൈലൻ്റായി!!! "ആരാ അത് പറഞ്ഞത്!! അയാളാരാ ഞങ്ങളുടെ ഇരുത്തം ജഡ്ജ് ചെയ്യാൻ!!! ഞാനെന്താ സൂരജിൻ്റെ മടിയിൽ കയറിയാണോ ഇരുന്നത്!!! ഒരാണിനും പെണ്ണിനും ഒന്നിച്ചിരുന്ന് വർത്തമാനം പറഞ്ഞുടേ ഈ നാട്ടിൽ!!! ഒരു കോഫി ഷോപ്പിൽ ഓപ്പോസിറ്റ് ഇരുന്നല്ലേ ആൾക്കാർ വർത്തമാനം പറയുവാ, അതും കണ്ണിൽക്കടിയാണോ ആൾകാർക്ക്!! എനിക്കിപ്പൊ അറിയണം അതാരാണ് പറഞ്ഞതെന്ന്!!!"" എന്നും പറഞ്ഞ് ഒരേ കലിപ്പ്!!!

ഇതിനും മാത്രം കലിപ്പാവാൻ എന്താ ഉണ്ടേയേ എന്ന് എനിക്കിപ്പോഴും അറിഞ്ഞൂടാ! "എടോ അവൻ്റെ കണ്ണിൽ തോന്നിയകാര്യം അല്ലേ പറഞ്ഞേ, അതിന് നീയെന്തിനാ ചൂടാവണേ!! അത് വിടെന്നേ!!! ഇതിലും വലിയ റൂമറുകൾ അല്ലേ അവിടെ കേൾക്കുന്നേ!! "" എന്നൊക്കെ പറഞ്ഞ് ഞാനും അവളെ കൊറേ സമാധാനിപ്പിക്കാൻ ശ്രമിച്ചു... അവൾ പൊടിയ്ക്ക് അടങ്ങുന്നില്ല, അവൾക്കതാരാ പറഞ്ഞേ എന്ന് അപ്പൊ അറിഞ്ഞേ പറ്റൂ.. " ഇപ്പൊ പറയണം, ഇല്ലേൽ എനിക്ക് ഒറങ്ങാൻ പറ്റില്ല... ഇങ്ങനെ തോന്നിയത് പറഞ്ഞ് നടക്കുന്നതാരാണെങ്കിലും ഒന്ന് ചെന്ന് ചോദിക്കണമല്ലോ എന്താണയാളുടെ പ്രശ്നമെന്ന്.." എന്നൊക്കെ പറഞ്ഞ് എന്തൊരഭിനയം ആർന്നെന്നോ!!! അന്ന് നൈറ്റ് ഡ്യൂട്ടിക്ക് പോകാൻ നിൽക്കുവായിരുന്നു ഞാൻ... ഡ്യൂട്ടിക്ക് കേറുന്നതിൻ്റെ തൊട്ടുമുന്നേവരെ പറഞ്ഞതാണ് ഞാനവളോട്, ഡ്യൂട്ടിക്ക് കേറട്ടെ, നീ സമാധാനമായിട്ട് കിടന്നുറങ്ങ്, നാളെ രാവിലെ സംസാരിക്കാം എന്ന്... പക്ഷേ ഒരു പൊടിക്ക് അടങ്ങുന്നില്ല അവൾ.. ജോലിസ്ഥലത്ത് അകത്തേക്ക് ഫോൺ കൊണ്ടുപോകാൻ പാടില്ലെങ്കിലും അന്ന് ഞാൻ ഫോൺ പോക്കറ്റിലിട്ടു... ചെന്നതും അവിടെ നല്ല പണിയായിരുന്നു, പണിക്കുവന്ന വണ്ടി, നാളെ ഡെലിവറിയുള്ളതിൻ്റെ ഡോർഗാർഡ് കൂടെയുള്ള പുതിയ പയ്യൻ ലോക്കഴിച്ച് വച്ചേക്കുന്നു!! വിൻ്റ് ഷീൽഡിൻ്റെ മോട്ടർ അഴിച്ചപ്പോ അതിൻ്റെ കേബിൾ പറിഞ്ഞ് കയ്യിൽ പോന്നു!!! വണ്ടിയേതാന്നോ! ലംബോർഗിനിയുടെ ഹൂറിക്കൈൻ!!! പണ്ടാരെടങ്ങാൻ ഇന്നത്തെ ദിവസം മൊത്തം അതിൻ്റെ പിന്നാലെ പോകുമെന്ന് വിചാരിച്ചിരിക്കുമ്പോ അവളാണെങ്കിൽ കെടന്ന് കയറുപൊട്ടിക്കുവാ തുരുതുരാ മെസ്സേജയച്ചുകൊണ്ട് വൻ സീൻ!! അവിടെ പ്ലാൻ്റിൽ നിന്ന് ആരും കാണാതെ ഫോണെടുത്ത് തിരക്കുപിടിച്ച പണിയാണെന്നും പറഞ്ഞ് ഫോട്ടോ അയച്ചുകൊടുത്തിട്ടുപോലും അവൾ ഒരു പൊടിക്ക് അടങ്ങുന്നില്ല... എൻ്റെ നല്ല സമയത്തിന് ഫോണെടുത്തത് സൂപ്പർവൈസറും കണ്ടു!! പുള്ളി പിന്നെ നല്ല കമ്പനിയായതുകൊണ്ട്  ഒന്നും പറഞ്ഞില്ല..  അവസാനം വണ്ടിയും വേണ്ട ഒരു കു... കുന്തോം വേണ്ടെന്ന് പറഞ്ഞ് ഞാൻ നേരെ പാൻ്ട്രിയിൽ പോയി ഫുഡ്ഡ് കഴിക്കാനുള്ള ബ്രേക്കങ്ങ് എടുത്തു.. ജോലിക്ക് കയറിയതേ ഉള്ളൂ എന്നോർക്കണം!! ഫുഡ് കഴിക്കാൻ അരമണിക്കൂറേയുള്ളൂ, ഞാനന്ന് ഒരു മണിക്കൂർ അവിടെ ഇരുന്ന് അവളെ സമാധാനിപ്പിക്കാൻ നോക്കി... അമ്പിനും വില്ലിനും അടുക്കുന്നില്ല! അവൾക്കതാരാണ് പറഞ്ഞതെന്ന് അറിഞ്ഞേ പറ്റൂ... " അയ്യോ എനിക്ക് ശ്വാസം മുട്ടുന്നേ!! ഞാനിപ്പൊ ചാകുവേ!!!"" എന്നൊക്കെ പറഞ്ഞ് ഇമൊഷണൽ ബ്ലാക്ക്മെയ്ലിങ്!! അവളെപ്പോലെ കൂട്ടുകാരെ ഒറ്റുന്ന സ്വഭാവം എനിക്കില്ലാത്തതുകൊണ്ട് ഞാൻ  ഒരുപാട് കെഞ്ചി... ജോലി പോകും എന്ന് പറഞ്ഞിട്ടുവരെ അവൾക്ക് കൂസലില്ല!! 

ഇതേ സമയം ഓൺലൈനിൽ സൂരജും കൂടെ ഉണ്ടായിരുന്നു!! അവൻ്റെ രണ്ട് നമ്പറും ഉള്ളതുകൊണ്ട് അവളുടെ ഓരോ മെസ്സേജിനും ഇടയിലുള്ള ഗ്യാപ്പിൽ അവൾ അപ്പുറത്ത് സൂരജിനോട് സംസാരിക്കുവാണെന്ന് മനസ്സിലാകാതിരിക്കാൻ മാത്രം പൊട്ടനല്ലല്ലോ ഞാൻ...  "സൂരജ് ഉണ്ടോ അപ്പുറത്ത്? അവനാണോ ഇതാരാണ് പറഞ്ഞേ എന്നറിയാൻ ഇത്ര വ്യഗ്രത" എന്ന് ചോദിച്ചപ്പോ വളരെ കൂളായിട്ട് പറഞ്ഞു "പുള്ളിയുണ്ട്, പക്ഷേ പുള്ളിയ്ക്കല്ല എനിക്കാണ് അറിയേണ്ടത് " എന്ന്... കുറേ ചോദിച്ചിട്ടും ഞാൻ പറയാതെയായപ്പോ പിന്നെ സെൻ്റി മോഡ് ഓൺ ആക്കി.. പഴയ കാര്യങ്ങളൊക്കെ വലിച്ചിട്ട് പറഞ്ഞ് പറഞ്ഞ് വിക്റ്റിം പ്ലേ ഇറക്കിയപ്പോൾ എനിക്ക് പിടിച്ച് നിൽക്കാനായില്ല... സെൻ്റിമെൻ്റ്സിൽ വീണ് പോകുമെന്ന് നന്നായി അറിയാവുന്നതുകൊണ്ട് എൻ്റെയുള്ളിലെ കുറ്റബോധത്തെ തോണ്ടി പുറത്തിട്ടപ്പോ അവളെ സമാധാനിപ്പിക്കാൻ ഞാൻ അതാരാണ് ആ കൂട്ടുകാരൻ എന്ന് പറഞ്ഞുകൊടുത്തു... സമയം നാട്ടിലെ ഒരുമണിയോടടുത്തിട്ടുണ്ടെന്നോർക്കണം!! അത്രയും നേരം ആ പേര് കിട്ടാൻ വേണ്ടി വാശിപിടിച്ചിരുന്ന അവൾ ആ പേര് കിട്ടിയതും " ആ, ഇത് ഞാൻ അയാളോട് നേരിട്ട് ചോദിച്ചോളാം എന്താ ഞങ്ങളുടെ ഇരുത്തത്തിന് കുഴപ്പമെന്ന്... ഞാൻ പോവ്വാ, നേരം കുറേയി" എന്നും പറഞ്ഞ് ഒരൊറ്റ പോക്ക്!! 

അത്രേം നേരം ഇപ്പൊ ശ്വാസംമുട്ടി ചാവുമെന്ന് പറഞ്ഞിരുന്ന അവൾക്ക് അപ്പൊ യാതൊരു കുഴപ്പവുമില്ല.. കുഴപ്പം മുഴുവൻ പറ്റിയത് എനിക്കായിരുന്നു... തിരിച്ചുചെന്ന് വണ്ടി പണി തീർത്തപ്പോഴേക്കും രാവിലെയായി.. മാനേജർ വന്ന് മീറ്റിങിൽ സംഭവം പറഞ്ഞപ്പോൾ ആരുടെ ഭാഗത്തെ തെറ്റാണെന്നറിയാൻ CCTV നോക്കി.. അഴിച്ചത് പുതിയ പയ്യനാണെന്ന് കണ്ടപ്പോൾ അവന് DA കൊടുത്തു, കൂട്ടത്തിൽ അവിടെ ഒരു കുഴപ്പം നടക്കുമ്പോ മാറി നിന്ന് ഫോണിൽ നോക്കി നിന്നതിനും ഉത്തരവാദിത്വമില്ലാതെ ബ്രേക്കെടുത്ത് സമയം കളഞ്ഞതിനും എനിക്കും കിട്ടി ഒരു DA... ഒരു DA അല്ലേ, പോട്ട് പുല്ലെന്നും വിചാരിച്ചിരുന്നപ്പോഴാണ് അടുത്ത ആഴ്ച്ച ഓഫീസിലെ ചേട്ടൻ വന്നിട്ട് പറയുന്നത് "എടാ നിൻ്റെ DA കാരണം നിനക്ക് കിട്ടേണ്ടിയിരുന്ന പ്രമോഷൻ ഹോൾഡ് ആക്കി" എന്ന്... ഈ സംഭവത്തിൻ്റെ രണ്ടാഴ്ച്ച മുൻപേ ഒരു പ്രമോഷനൽ പോസ്റ്റിന് വേണ്ടി ഇൻ്റേർണൽ ഇൻ്റർവ്യൂ കഴിഞ്ഞ് ഇരിക്കുവാർന്നു ഞാൻ... സർവ്വീസ് എഞ്ചിനീയർ പോസ്റ്റിലേക്ക്... നല്ല പ്രതീക്ഷ ഉണ്ടായിരുന്നു ഇൻ്റർവ്യൂവിൽ... അത് കിട്ടിയിരുന്നെങ്കിൽ ഈ ബാധ്യതകളും കഷ്ടപ്പാടുകളുമൊക്കെ എന്നേ തീരുമായിരുന്നു!!! ഈ ഒരൊറ്റ സംഭവം കൊണ്ട് അത് അങ്ങ് പോയിക്കിട്ടി... "" അയാൾ പറഞ്ഞ് ചിരിച്ചു... അബ്ദു തലയ്ക്ക് കയ്യും കൊടുത്ത് നിൽക്കുവാണ്!! 

""എന്തേ നിർത്തിയേ!! ബാക്കി കൂടി പറഞ്ഞുകൊടുക്ക്!! ഈ പുല്ലൻ എന്നിട്ട് ഈ കാര്യം ഇന്നേവരെ അവളോട് പറഞ്ഞിട്ടില്ല, വേറെ ആരോടും പറഞ്ഞിട്ടില്ല... " എന്തിനാ വെറുതെ ഇതും കൂടെ പറഞ്ഞ് അവളെ വിഷമിപ്പിക്കുന്നേ! ഇതിൻ്റെ പേരിൽ അവൾക്കിനി കുറ്റബോധം തോന്നി കൂടുതൽ മനസ്സ് വിഷമിപ്പിക്കേണ്ട" എന്നും പറഞ്ഞ് ഇവൻ അത് കൂളായി വിട്ടിരിക്കുന്നു!! കൊല്ലണ്ടേ ഈ പന്നിയെ!! ആദി മുഷ്ടി ചുരുട്ടി ഇടിക്കാനോങ്ങി!! 

"അല്ലേലും നിനക്കിത് കിട്ടണം! ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതാ നിൻ്റെ ഈ പോക്ക് നാശത്തിലേക്കാണെന്ന്! അവൾക്ക് നല്ലൊരു ഭാവി ഉണ്ടാക്കിക്കൊടുക്കാനും ചിറക് വിരിച്ച് പറക്കാനും എന്തിനും ഏതിനും സപ്പോർട്ട് ചെയ്ത് കൂടെ നിന്നിട്ട് അവസാനം നിൻ്റെ ചിറക് തന്നെ അരിഞ്ഞിട്ട് അവള് പറന്ന് പോയി... അനുഭവിച്ചോ... "" യാഷി അയാളെ ചൊടിപ്പിച്ചു.. അയാളിനൊരു പുഞ്ചിരി മാത്രമാണ് മറുപടി പറഞ്ഞത്...

പറഞ്ഞത് ശരിയാണെന്ന് അയാൾക്കും തോന്നിയിരുന്നു.. എല്ലാവരെയും കയ്യഴിഞ്ഞ് സഹായിക്കാനും അവരിലെ നല്ലത് മാത്രം കണ്ട് ചേർത്ത് നിർത്താനും തളർന്നിരിക്കുമ്പോൾ നല്ലവാക്കുകൾകൊണ്ട് ഉന്മേഷം പകരാനും അയാൾ എപ്പോഴും ശ്രമിക്കാറുണ്ട്.. അവളെ അവളുടെ ഇഷ്ടങ്ങൾക്ക് വിട്ട് അവളെ അവളായിത്തന്നെ ഉൾക്കൊള്ളാനായിരുന്നു അയാൾ ശ്രമിച്ചിരുന്നത്.. അവളുടെ എന്ത് തീരുമാനത്തിനും എന്താവശ്യങ്ങൾക്കും അയാൾ കൂട്ടുനിന്നിരുന്നു... മോട്ടിവേറ്റ് ചെയ്യാനും സപ്പോർട്ട് ചെയ്യാനും ധൈര്യം കൊടുക്കാനും കൂടെ നിന്നിട്ട് പതിയെ അവൾ മാറിപ്പോയത് മാത്രം അയാൾ മനസ്സിലാക്കിയില്ല... കൊടുത്തത് തിരിച്ചുകിട്ടിയില്ലെന്ന് വാശിപിടിക്കാൻ നമുക്കവകാശമില്ലെന്ന് അയാൾക്ക് നല്ലതുപോലെ അറിയാം...

"അല്ലെടാ, നീ ഇതിൻ്റിടയ്ക്ക് പറഞ്ഞില്ലേ അവളെപ്പോലെ കൂട്ടുകാരെ ഒറ്റുന്നവനല്ല നീയെന്ന്, അവളേത് കൂട്ടുകാരെയാ ഒറ്റിയിട്ടുള്ളത്?! "" അവർക്കിടയിലെ മൗനം ഭേദിച്ചുകൊണ്ട് അബ്ദു ചോദിച്ചു..

""ഓ!!! അതിൻ്റെയിടയ്ക്കുംഅവൻ്റെ ഗോസിപ്പ് ചുരണ്ടാനുള്ള ത്വര!! വല്ലോർടേം സീക്രട്ട് കേൾക്കാൻ എന്ത് സുഗാണ് ലേ!! തെണ്ടി!!"" യാഷി അബ്ദുവിനെ കളിയാക്കി..

"" കണ്ടോ! ബാക്കി ഒന്നും കേട്ടില്ലേലും അത് മാത്രം അവൻ കേട്ടു! സമ്മതിച്ചു മോനെ നിന്നെ!!"" ആദിയും കൂടെ കൂടി.. എനാലും മൂന്നിൻ്റെയും കണ്ണ് അയാളുടെ മേലെയാണ്... അതെന്താണെന്ന് അറിയാൻ മൂന്നുപേർക്കും ഒരേപോലെ ആഗ്രഹമുണ്ട്!!

""ഓ! അതൊന്നുമില്ല, കൂടെ പഠിച്ചിരുന്ന പലരുടേയും, കൂടെ ജോലി ചെയ്തിരുന്ന പലരുടേയും ഒക്കെ സ്വഭാവദൂഷ്യങ്ങളും അവരെപ്പറ്റിയുള്ള അവളുടെ മോശം അഭിപ്രായങ്ങളും അവരെപ്പറ്റിയുള്ള ഗോസിപ്പികളും കഥകളും ഒക്കെയാ... ഇതിലെ കോമഡി എന്താണെന്ന് വച്ചാൽ ഈ പറഞ്ഞവരൊക്കെയും ഇപ്പോഴും അവളുടെ ഈ കുത്തിത്തിരിപ്പും സ്വഭാവവും അറിയാതെ, അല്ലെങ്കിൽ അറിഞ്ഞിട്ടും ഇപ്പോഴും അവളുടെ വാക്കുകളിൽ വീണ് മയങ്ങി നല്ല സുഹൃത്തുക്കളായിട്ടിരിക്കുന്നുണ്ട് എന്നുള്ളതാണ്!! പലരെ പറ്റിയും അവൾ ഓരോന്ന് പറഞ്ഞിട്ടുണ്ട്... പക്ഷേ ഇപ്പോൾ തോന്നുന്നു അതെല്ലാം അവൾ അവളുടെ തന്നെ ചെയ്തികളും കഥകളും സ്വഭാവദൂഷ്യങ്ങളുമെല്ലാം മറ്റുള്ളവരുടെ പേരിൽ പറഞ്ഞുവച്ചതാണെന്ന്... അത്തരക്കാരോടുള്ള എൻ്റെ കാഴ്ച്ചപ്പാട് എന്താണെന്ന് നോക്കാനായിരിക്കാം.. ഞാനതിനൊന്നും വലിയ ശ്രദ്ധകൊടുത്തിരുന്നില്ല.. നമ്മളുടെ സ്വന്തമല്ലാത്തവരുടെ സ്വഭാവം എങ്ങനെയായാലും നമുക്കൊന്നുമില്ലല്ലോ!! പക്ഷേ ഇപ്പോൾ തോന്നുന്നു അതെല്ലാം ചിലപ്പോൾ അവളുടെ തന്നെ പ്രതിബിംബങ്ങളായിരിക്കാം... അല്ലെങ്കിൽ കൂടെനിൽക്കുന്നവരുടെ സീക്രട്ടുകൾ പറഞ്ഞുനടക്കുന്ന ടിപ്പിക്കൽ ഗേളിഷ് തിങ്... എന്തോ, ആ പറഞ്ഞതിൽ ഒക്കെ എന്തെങ്കിലോം സത്യങ്ങളുണ്ടോ എന്നുവരെ ഇപ്പോൾ സംശയമാണ്... ആറുവർഷത്തിനിടയ്ക്ക് പറഞ്ഞ ഓരോ കാര്യങ്ങളും ഇപ്പോൾ ചോദ്യത്തിൻ്റെ കുന്തമുനയിലാണ്... അതുതന്നെയാണ് എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നതും..."" അയാൾ വിധൂരതയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു... 

"" നീ എന്തായാലും ഈ അരുണിന് മെസ്സേജയച്ചുനോക്ക്, എന്താ ഇപ്പൊ ഈ തിരഞ്ഞുവരവിൻ്റെ ഉദ്ദേശം എന്ന്... ""അയാളുടെ മനസ്സ് കാടുകയറുന്നെന്ന് തോന്നിയപ്പോൾ വിഷയം മാറ്റാനായി യാഷി പറഞ്ഞു...

""എന്തിന്!!! അവനെന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ അവൻ ചോദിക്കട്ടേ, അങ്ങോട്ട് പോയി കാര്യങ്ങൾ തിരക്കാൻ എൻ്റെ കുഞ്ഞമ്മേടെ മോനൊന്നുമല്ലല്ലോ! ചിലപ്പോ നീ പറഞ്ഞതുപോലെ ചാരപ്പണിക്ക് വന്നതുതന്നെ ആണെങ്കിലോ! അവന് വേണ്ടതെന്താന്നുവച്ചാ അവൻ ചെയ്യട്ടേ, ഇങ്ങോട്ട് വർത്തമാനം പറഞ്ഞുവന്നാൽ അതിനനുസരിച്ച് അപ്പൊ നോക്കാം... നീ ചുമ്മാ അതിൻ്റെ പിന്നാലെ പോകാതെ കാശുകൊടുത്തിട്ട് വാ, സമയം പോയി.. വേലകൾ ഇറങ്ങിയിട്ട് മുഴുവൻ കാണാൻ പറ്റിയില്ലെങ്കി ഇത്രേം ദൂരം പോകുന്നത് വെറുതെയാവും..."" അയാൾ പറഞ്ഞു...

""ഞാനെന്ത് കൊടുക്കാൻ!! ഞങ്ങടെ വേൾഡ് ബാങ്ക് നീയല്ലേ!! ഞങ്ങളാരും പേഴ്സ് എടുത്തിട്ടില്ല!! നിൻ്റെ ലീവ്, നിൻ്റെ ചെലവ്!!"" യാഷി കൈ മലർത്തി!! 

അല്ലേലും ലീവിന് വന്നാൽ പിന്നെ അയാളുടെ പേഴ്സിന് പോക്കറ്റിലിരിക്കാൻ നേരം കാണില്ല! അതിലയാൾക്ക് പരിഭവവുമില്ല... പണം കൊണ്ടളക്കാൻ കഴിയുന്നതല്ല ബന്ധങ്ങളെന്നാണ് അയാളുടെ വിശ്വാസം... 

ചായകുടി കഴിഞ്ഞ് എല്ലാവരും കാറിൽ കയറി... തമ്മിൽ തമ്മിൽ കളിയാക്കിയും പാട്ട് പാടിയും അവർ ചിനക്കത്തൂർക്ക് വച്ച് പിടിച്ചു..

പ്രോ ഡ്രൈവർ അബ്ദുവിൻ്റെ ഷൂമാക്കറിനെ പോലും വെല്ലുന്ന തരത്തിലുള്ള ഡ്രൈവിങ്ങിൽ ജീവൻ കൈയ്യിൽപിടിച്ചുകൊണ്ട് അവർ സമയത്തുതന്നെ ചിനക്കത്തൂരെത്തി...

നിറഞ്ഞുകവിഞ്ഞ ആൾക്കൂട്ടത്തിനും ആരവങ്ങൾക്കുമിടയിൽ അയാളും അലിഞ്ഞുചേർന്നു... വർണാഭമായ കാളകളും കുതിരകളും ആടിക്കഴിഞ്ഞപ്പോഴേക്കും പൂരപ്പറമ്പിൽ ഗജവീരന്മാർ നിരന്നു... രാമനും കർണ്ണനും രാജനും ശിവരാജുവും അയ്യപ്പനും ശിവസുന്ദറും എല്ലാം അണിനിരന്ന് കണ്ണിന് കുളിർമ്മയേകുന്ന ഒരൊന്നൊന്നര കാഴ്ച്ച തന്നെയായിരുന്നു അത്..!

 മേളവാദ്യഘോഷത്തിൻ്റെ അകമ്പടിയിൽ അയാൾ അയാളെത്തന്നെ മറന്നു.. ഉള്ളിലെ സങ്കടങ്ങളും പ്രശ്നങ്ങളുമെല്ലാം മാറ്റിവച്ച് അയാൾ ആ പുരുഷാരവത്തിൻ്റെ കൂടെ മതിമറന്നാഘോഷിച്ചു... ജീവിതത്തിൽ നഷ്ടപ്പെട്ടുവെന്ന് തോന്നിത്തുടങ്ങിയ സന്തോഷങ്ങളെല്ലാം തിരികെ കിട്ടുന്നതുപോലെ അയാൾക്ക് തോന്നി... 

മേളം മുറുകി... പൂരപ്പറപ്പിലെ ഉയർന്നുതാഴുന്ന കൈകൾക്കും തോർത്തുമുണ്ടുകൾക്കുമൊപ്പം കൂടെയുള്ള മൂന്നിനേയും ചേർത്തുപിടിച്ച് അയാളും ഒഴുകിയങ്ങനെ കുതിച്ചുചാടി!! വിയർപ്പിൽ കുതിർന്ന ഷർട്ടിലെല്ലാം  ഇരച്ചുപൊന്തിയ പൂഴിമണ്ണ് പറ്റിപ്പിടിച്ചു... 

ചെണ്ടയിൽ അവസാനത്തെ കോലും വീണ് ആരവമൊഴിഞ്ഞു.. കരിവീരന്മാർ പിൻവാങ്ങി... സൂര്യനസ്തമിച്ച്  ഇരുൾ പടരാൻ തുടങ്ങിയിരുന്നു.. നല്ല തട്ടുദോശയും കഴിച്ച് അകലെ മാറി പാടത്ത് വെടിക്കെട്ട് കാണിൻ മാനം നോക്കി അവർ നാലുപേരും കിടന്നു... 

രാത്രിയോടെ വെടിക്കെട്ടും കഴിഞ്ഞ് തിരിച്ചുപോകാൻ ഒരെണ്ണത്തിനും വെളിവില്ല!! പൂരം കളറാവാൻ കഴിച്ച കളറുവെള്ളത്തിൻ്റെ എഫക്ടിൽ മൂന്നെണ്ണവും കാറിൽ ചരിഞ്ഞു... ക്ഷീണം കാരണം അയാളും കണ്ണുകളടച്ചു...




അദ്ധ്യായം 11

•°•°•°•°•°

"" ഇന്ന് ഹോസ്പിറ്റലിൽ നിന്ന് എപ്പൊഴാ ഇറങ്ങിയേ? ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലേ?? ""

"" ഞാൻ ഉച്ചയ്ക്കേ ഇറങ്ങി... വീട്ടിലെത്തിയിട്ടാ കഴിച്ചേ...""

"" ഇന്ന് അപ്പൊ ഉച്ചവരെ നീ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നല്ലേ... പക്ഷേ ശ്രീഹരി നിന്നെ അവിടെയൊന്നും കണ്ടില്ലെന്ന് പറഞ്ഞല്ലോ?""

"" അത്... പുള്ളി വേറെ ബ്ലോക്കല്ലേ... അതാവും...""

"" മ്ം... നീ എൻ്റെടുത്തുനിന്ന് എന്തെങ്കിലും ഒളിക്കുന്നുണ്ടോ??""

"" എന്ത് ഒളിക്കാൻ? ഒന്നുമില്ലല്ലോ?!..""

"" മ്ം... പിന്നെ സൂരജിൻ്റെ കൂടെ ബൈക്കിൽ ദൂരെ ഡ്രസ്സെടുക്കാൻ എപ്പൊഴാ പോയത് അപ്പൊ?""

"" എങ്ങനെ അറിഞ്ഞു? ദർശൻ പറഞ്ഞോ??""

"" നീയെന്തിനാ കള്ളം പറഞ്ഞേ എന്നോട്?""

"" അത് ജസ്റ്റ് ഡ്രസ്സെടുക്കാൻ പോയി, വന്നു... അത്രേ ഉള്ളൂ... അതിനിപ്പൊ എന്താ? ആരാ പറഞ്ഞേ? ദർശനാണോ?""

""മ്ം..""

""ആ.. അവൻ ഞങ്ങൾ ബൈക്കിൽ പോവുന്നത് കണ്ടിരുന്നു എന്ന് പറഞ്ഞ് മെസ്സേജയച്ചിരുന്നു... പറഞ്ഞുവന്നപ്പൊ അവന് സൂരജേട്ടനെ അറിയാം... ഇയ്യെന്താ അവൻ്റെ ഭാര്യയാണോ എന്ന് അവൻ ചോദിച്ചു.. i know the way he talks..""

"" എന്തുകൊണ്ട് എന്നോട് അത് പറഞ്ഞില്ല? വല്ലവരും പറഞ്ഞിട്ട് വേണോ ഞാൻ അറിയാൻ? എന്തിനാ നുണ പറഞ്ഞേ?""

"" അത് നിങ്ങൾക്ക് ഒന്നാമതേ സൂരജേട്ടൻ്റെ കാര്യത്തിൽ സംശയമുണ്ടല്ലോ... അങ്ങേരുടെ പെരുമാറ്റത്തിൽ എന്നോടൊരിഷ്ടം ഉണ്ടെന്നൊക്കെയല്ലേ പറഞ്ഞിരുന്നേ... അതുകൊണ്ട് ഒരു കൺഫ്യൂഷൻ ഉണ്ടാകെണ്ടെന്ന് വച്ച് പറഞ്ഞയാതിരുന്നതാ... നിങ്ങളെ അൺകംഫോർട്ടബിൾ ആക്കേണ്ടെന്ന് കരുതി..""

""നീ റിഷിയുടെ കൂടെ പത്തമ്പത് കിലോമീറ്റർ ദൂരെ പോയി അവിൽമിൽക്ക് കുടിക്കാൻ പോയതൊക്കെ എന്നോട് പറഞ്ഞിട്ടുണ്ടല്ലോ, അപ്പൊ ഇല്ലാത്ത എന്ത് കൺഫ്യൂഷനാണ് എനിക്ക് ഇപ്പൊ ഉണ്ടാവാൻ ഉള്ളത്?? നമ്മളിവിടെ നമുക്കിടയിലെ പ്രശ്നം തീർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ നീ വീണ്ടും വീണ്ടും നുണകൾ പറഞ്ഞുകൊണ്ടിരുന്നാൽ പിന്നെങ്ങനെ ഞാൻ നിന്നെ വിശ്വസിക്കും!! ""

"" സത്യമായിട്ടും ഞാൻ നിങ്ങൾക്ക് ഒരു പ്രശ്നം തോന്നേണ്ടെന്നുവിചാരിച്ച് പറയാതിരുന്നതാണ്... അത് അപ്പൊ പെട്ടെന്ന് ഉണ്ടായ ഒരു തീരുമാനമായിരുന്നു, അതാ പുള്ളിയുടെ കൂടെ പോയത്.. പറയാൻ മാത്രം വലിയ കാര്യമായി തോന്നിയില്ല...""

"" മതിയായെടോ... ഇന്നേക്ക് 37 ദിവസമായി... എന്നെ മൊത്തത്തിൽ അങ്ങ് മാറ്റി നിർത്തിയിട്ട് ഞാനെത്രയൊക്കെ അടുത്തുകൂടാൻ ശ്രമിക്കുമ്പോഴും ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയിട്ട്.. ഇപ്പൊ ദാ കല്ലുവച്ച നുണകളും... എങ്ങനെ ഞാൻ നിന്നെ വിശ്വസിക്കും...""

"" മ്ം... സോറി... ഞാൻ കള്ളത്തരം കാണിച്ചതല്ല... ഉള്ള പ്രശ്നങ്ങളുടെ കൂടെ ഇതും കൂടെ ഒരു പ്രശ്നമാവേണ്ടെന്ന് കരുതിയാ... ഒന്ന് വിശ്വസിക്ക്.. പ്ലീസ്...""

"" എന്നാ പറ, എന്തൊക്കെയാ ഇന്ന് ഉണ്ടായത്?""

"" രാവിലെ ഇറങ്ങാൻ വൈകിയപ്പൊ അച്ഛനാണ് ബസ്റ്റാൻ്റ് വരെ കൊണ്ടാക്കിയത്... ""

""എപ്പോ?""

"" ഒമ്പത് മണിയായിക്കാണും...""

"" ഞാൻ നിന്നെ വിളിച്ചത് 8.50 നാ, അപ്പൊ വണ്ടിയുടെ ശബ്ദമൊന്നും കേട്ടില്ലല്ലോ?""

"" അത് അച്ഛൻ അമ്പലക്കമ്മിറ്റിയുടെ ബുക്കെല്ലാം കൊടുക്കാൻ അമ്പലത്തിൽ കയറി.. ആ നേരം നോക്കിയാ വിളിച്ചേ...""

"" എന്നിട്ട്? ""

""എന്നിട്ട് ബസ്സ് കയറി ഹോസ്പിറ്റലിൽ ചെന്നു... ഇന്ന് പഞ്ച് ചെയ്യുന്നില്ല എന്ന് പറഞ്ഞപ്പോ സനുവും ശരണ്യയും എല്ലാം ഞങ്ങളും പഞ്ച് ചെയ്യുന്നില്ല നമുക്ക് ഇന്ന് കേറേണ്ട, ഡ്രസ്സെടുക്കാൻ പോകാം എന്ന് പറഞ്ഞിരുന്നു.. അവിടെ ചെന്നപ്പോ അവരെല്ലാം പഞ്ച് ചെയ്തു, ഇനി ഇറങ്ങുന്നില്ലെന്ന് പറഞ്ഞു... എന്തായാലും ഇറങ്ങിയതല്ലേ ഒറ്റയ്ക്ക് പോയി ഡ്രസ്സെടുക്കാം എന്ന് വിചാരിച്ച് ബസ്സിൽ കയറി...""

"" നിർത്ത് നിർത്ത്, എന്നോട് ആദ്യം പറഞ്ഞിരുന്നത് ഉച്ചവരെ OT ചെയ്യണം, ഉച്ചയ്ക്ക് ഇറങ്ങും എന്നല്ലേ? 
അപ്പൊ നിങ്ങളെല്ലാം നേരത്തേ തീരുമാനിച്ചതായിരുന്നോ ഡ്രസ്സെടുക്കാൻ പോകാൻ?!!""

""നേരത്തേ ന്ന് പറഞ്ഞാ അപ്പൊ രാവിലെ തീരുമാനമായതാ... ലേറ്റായപ്പൊ കേറേണ്ടെന്ന് വച്ചു...""

""എന്നിട്ട് നീ 9 മണിക്ക് എന്നോട് എന്താ പറഞ്ഞേ? സമയമായി ഞാൻ ജോലിക്ക് കയറട്ടേ എന്ന്!! എത്ര സിമ്പിൾ ആയിട്ടാ ആ നുണ പറഞ്ഞേ നീ!! കേറുന്നില്ല, ഡ്രസ്സെടുത്തിട്ട് തിരിച്ചുപോരും എന്ന് പറഞ്ഞാലെന്തായിരുന്നു?""

""അത്.. അപ്പൊ തോന്നിയില്ല പറയാൻ...""

 ""മ്ം... ബാക്കി പറ... ബസ്സിൽ കയറിയിട്ട്??""

"" ബസ്സിൽ കയറിയപ്പൊ സൂരജേട്ടൻ മെസ്സേജയക്കുന്നുണ്ടായിരുന്നു, ഈ നേരമായിട്ടും ഡ്യൂട്ടിക്ക് കേറാത്തതെന്താണെന്നെല്ലാം ചോദിച്ചിട്ട്... പുള്ളി ഏതോ പൂരത്തിന് പോയിട്ട് വരുന്ന വഴിയാ... അതിൻ്റെ കാര്യം ഒക്കെ സംസാരിച്ചുകൊണ്ടിരിക്കുവായിരുന്നു... അപ്പൊ ഡ്രസ്സെടുക്കാൻ പോകുവാണെന്ന് പറഞ്ഞപ്പോ ഞാനും ഉണ്ട് അവിടെ ഏടത്തിയമ്മയുടെ അടുത്ത് എന്തോ മെഡിക്കൽ ബിൽ കൊടുക്കാനൊക്കെയുണ്ടെന്ന് പറഞ്ഞു...""

"" നാട്ടിൽ കട ഇല്ലാഞ്ഞിട്ടാണോ നീ മുപ്പത് കിലോമീറ്റർ ദൂരെ പോയിട്ട് ഡ്രസ്സെടുക്കാൻ പോയേ?? അതെന്തിനായിരുന്നു?!""

"" അത്, സനുവിൻ്റെ അമ്മ വീട് അവിടെയാണ്, അവിടെ തയ്ക്കാൻ കൊടുക്കാൻ, അവളും കുറേ ഡ്രസ്സെടുക്കാൻ ലിസ്റ്റ് തന്നിരുന്നു... അപ്പൊ ഹോസ്പിറ്റലിൻ്റെ അഡ്രസ്സിൽ എനിക്ക് വന്ന കുർത്ത സനു വാങ്ങിച്ച് വച്ചത് രാവിലെ അവൾടെ കയ്യിൽ നിന്നും വാങ്ങി ലിസ്റ്റും വാങ്ങി കുർത്തയ്ക്ക് പാൻ്റും എടുത്ത് അവൾടെ ഡ്രസ്സും എടുത്ത് അടിക്കാൻ കൊടുക്കാൻ വേണ്ടിയാ അത്ര ദൂരം പോയേ... അല്ലാതെ നാട്ടിൽ നിന്നെടുക്കാൻ എനിക്ക് സൂരജേട്ടൻ്റെ കൂടെ പോവേണ്ടതുണ്ടോ??""

"" നീ പറയുന്നതൊന്നും അങ്ങോട്ട് വിശ്വാസം വരുന്നില്ലല്ലോ!! ആകെ മൊത്തം മിസ്മാച്ചിങ്ങ്... നിങ്ങൾ മെസ്സേജയച്ചതാണെന്നല്ലേ പറഞ്ഞത്, അപ്പൊ പെട്ടെന്ന് ഉണ്ടായ തീരുമാനം, അതിൻ്റെ സ്ക്രീൻഷോട്ട് അയക്ക്... ഈ ഒരു സംശയം ഇവിടെ വച്ച് തീർത്തിട്ട് പോകാം.. എനിക്കിനിയും നിൻ്റെ വാക്കുകൾ വിശ്വസിക്കാൻ ഈ ഒരു പ്രൂഫ് മാത്രം മതി...""

"" എന്തായിത്!! ഇത് ഭയങ്കര ടോക്സിക് ആണ്!! ചാറ്റ് കാണിച്ച് തന്ന് പ്രൂവ് ചെയ്യേണ്ടതൊക്കെയുണ്ടോ?!! This is too much!!""

"" ഞാനിന്നേവരെ ഒരു പേഴ്സണൽ മെസ്സേജും ചോദിച്ചിട്ടില്ലല്ലോ!.. ഇത് വളരെ സിമ്പിൾ ആയ ഒരു കാര്യം, അതിനെന്തിനാ ഇങ്ങനെ പ്രഷർ കേറ്റുന്നേ!! ജസ്സ് ഇന്ന് രാവിലെ നീ ഈ പറഞ്ഞ പോലെ പൂരത്തിനുപോയ കാര്യം സംസാരിക്കുന്നതിനിടയ്ക്ക് പെട്ടെന്ന് ഒന്നിച്ച് പോകാം എന്ന് പറഞ്ഞത് മാത്രം അയച്ചാൽ മതി... അതോടെ തീരും എൻ്റെ ഉള്ളിലെ കല്ലുകടി.. അതിനുവേണ്ടിയാ...""

"" ചാറ്റ് അല്ല, ഫോൺ കാൾ ആയിരുന്നു...""

"" എന്നാ കാൾ ഹിസ്റ്ററി അയക്ക്... രാവിലെത്തെ മാത്രം മതി..""

"" അത് വാട്ട്സപ്പിലാണ് വിളിച്ചത്... ""

""അതിലും സമയമുണ്ടാവുമല്ലോ... അയക്ക്...""

""മ്ം..""

"" ഇതെന്താടോ ഇത്!! രാത്രിയിലെ മാത്രേയുള്ളൂവല്ലോ... അതും രാത്രി പതിനൊന്ന് മണിക്കെല്ലാം വീഡിയോകാൾ!! അതും സൂരജുമായിട്ടും സിജിനുമായിട്ടുമെല്ലാം!!""

""അതിനെന്താ? സൂരജേട്ടൻ പൂരത്തിൻ്റെ അവിടുന്ന് വിളിച്ചതാ.. സിജിനേട്ടനും സൂരജേട്ടനുമെല്ലാം അനിയത്തിയുമായി നല്ല കമ്പനിയാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ... അങ്ങനെ വിളിക്കുന്നതാ.. സിജിനെല്ലാം ദിവസവും മിനിമം രണ്ടുതവണയെങ്കിലും വിളിക്കും... അതിനെന്താ കുഴപ്പം?""

"" എന്നോട് തലവേദനയാണ്, വയറുവേദനയാണ്, പീരിയഡ്സ് ആണ്, നല്ല ക്ഷീണമുണ്ട് , ഉറങ്ങട്ടെ എന്നെല്ലാം പറഞ്ഞ് പത്തുമണിയ്ക്ക് എന്നോട് ബൈ പറഞ്ഞ് പോയതിന് ശേഷമാണ് ഇതൊക്കെ... ഹ്ം... അത് വിട്.. എന്നോടല്ലേ സംസാരിക്കാൻ താൽപര്യമില്ലാത്തതുള്ളൂ.. പക്ഷേ ഇതിൽ നിങ്ങടെ രാവിലത്തെ കാൾ കാണാനില്ലല്ലോ?

"" അത് ഡിലീറ്റായി പോയതാവും... ഞാൻ ഇടയ്ക്ക് ഡിലീറ്റാക്കാറുണ്ട് ചാറ്റെല്ലാം, ഇവിടെ ഹോസ്പിറ്റൽ സിസ്റ്റത്തിൽ ഇരിക്കുമ്പോ വാട്ട്സപ്പ് വെബ് കണക്ട് ചെയ്യും.. ഇവിടെ സ്ക്രീൻ മോണിറ്ററിങ് ഉണ്ട്... അതുകൊണ്ട് ഗേൾസെല്ലാം ചാറ്റ് കളയാറുണ്ട്... വേണേൽ ഇവിടെ ആരോട് വേണേലും ചോദിച്ച് നോക്കിക്കോ...""

"" ശരി, വിശ്വസിച്ചു... നീ ഡിലീറ്റാക്കിയത് ഓക്കെ.. അതുപോലെ സൂരജ് ഡിലീറ്റാക്കിയിട്ടുണ്ടാവില്ലല്ലോ... അവനോട് ചോദിക്ക്, രാവിലെ വിളിച്ചതിൻ്റെ സ്ക്രീൻഷോട്ട് അയക്കാൻ പറ.. ഇനി അവനും അത് ഡിലീറ്റാക്കിയെന്ന് പറയരുത്... അതും കൂടെ വിശ്വസിക്കാൻ പാടാണ്..""

""അങ്ങേര് ഡിലീറ്റാക്കിയിട്ടുണ്ടാവില്ല, പക്ഷേ ഞാൻ ചോദിക്കില്ല.. അതിൻ്റെ ആവശ്യം എന്താ!! അങ്ങേരും സനുവും ശരണ്യയും അരുണുമെല്ലാം എന്നോട് നിങ്ങളുമായി കുറച്ച് ബ്രേക്കെടുത്ത് നല്ലപോലെ ചിന്തിച്ച് വിണ്ടും തീരുമാനിക്ക് എന്നൊക്കെ പറഞ്ഞിട്ടിരിക്കുവാ.. അതിൻ്റിടയ്ക്ക് ഈ കാര്യവും പറഞ്ഞ് ചെല്ലാൻ എനിക്ക് പറ്റില്ല.. എന്തിനാ? ആർക്കാ? അപ്പൊ ഞങ്ങൾ പറഞ്ഞതൊന്നും തലയിൽ കേറിയില്ലേ എന്നൊക്കെ ചോദിച്ചാലോ.. വേണമെങ്കി നിങ്ങൾ തന്നെ നേരിട്ട് ചോദിച്ചോ...""

"" അവനോട് നിൻ്റെ കാര്യം പറഞ്ഞ് സംസാരിക്കേണ്ടെന്ന് അവൻ പറഞ്ഞിട്ടുള്ളതാണ്.. ഒരു സ്ക്രീൻഷോട്ട് അല്ലേ, ചോദിച്ചാലെന്താ?""

"" അതിൻ്റെ ആവശ്യമെന്താ ന്ന്??!!! അങ്ങനെ പ്രൂവ് ചെയ്തിട്ട് എനിക്കിവിടെ നിക്കേണ്ട!!! എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട്..""

"" കണ്ടോ!! നിൻ്റെ ഭാഗം ക്ലിയറാക്കാനും എൻ്റെ ഉള്ളിലെ സംശയങ്ങൾ തീർക്കാനുമാണ് പറയുന്നേ, നീയിങ്ങനെ ചൂടാവുന്നതെന്തിനാ! ചോദിച്ച് വാങ്ങിച്ച് കാണിച്ചാൽ ഈ പ്രശ്നം ഇതോടെ തീർന്നില്ലേ.. പിന്നെ ഒരു തലനാരിഴയ്ക്കുപോലും നിന്നെ സംശയിക്കാൻ എനിക്ക് തോന്നില്ല... ഒന്നാമതേ നീ കാണിക്കുന്ന അകൽച്ച എന്നെ ഒരുപാട് ബാധിക്കുന്നുണ്ട്... അതിൻ്റെയിടയിൽ സംശയങ്ങൾ കൂടെ കെട്ടിക്കിടന്നാൽ എനിക്കും പ്രാന്ത്പിടിക്കും... അതുകൊണ്ടാ ചോദിക്കുന്നേ...""

"" എന്നെകൊണ്ട് പറ്റില്ല... അത് അങ്ങേരുടെ വാക്കിന് ഞാൻ വില കൊടുക്കാതെ ഇപ്പോഴും നിങ്ങളോട് സംസാരിക്കുന്നുണ്ടെന്ന് പറയേണ്ടിവരും.. ആകെയുള്ള നല്ല കൂട്ടാണ് അവരെല്ലാവരും... അവരെ പിണക്കാൻ പറ്റില്ല... ഒന്ന് വിശ്വസിക്ക് എന്നെ... എന്തിനാ എന്നെ ഇങ്ങനെ ടോർച്ചർ ചെയ്യുന്നേ!! എങ്ങനേ ഇതൊന്ന് അവസാനിക്കുവാ?? ഞാൻ ചത്താൽ തീരുമോ എല്ലാം?? അല്ലെങ്കിൽ ഞാൻ എൻ്റെ അമ്മയെ വിളിച്ച് തരാം... നിങ്ങൾ നമ്മടെ ഇടയിലെ കാര്യങ്ങളെല്ലാം പറയ്.. അതോടെ തീർന്ന് കിട്ടുവല്ലോ എല്ലാം!!""

""നീയെന്തിനാണ് ഇങ്ങനെ ഓവർറിയാക്ട് ചെയ്യുന്നേ!! നീ പറഞ്ഞതെല്ലാം സത്യമാണെന്ന് പ്രൂവ് ചെയ്യാൻ ഒരു പ്രൂഫേ ചോദിച്ചുള്ളൂ... കുറച്ച് ദിവസം മുന്നേ ഹോസ്പിറ്റലിൽ നീയും ജിഷയും തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് വഴക്കായപ്പോ അതിനെപ്പറ്റി ഞാൻ ജിഷയോട് ചോദിച്ചതും അവള് പറഞ്ഞ മറുപടികളും ഞാൻ വാക്കാൽ പറഞ്ഞത് വിശ്വസിക്കാതെ വള്ളിപുള്ളി തെറ്റാതെ സ്ക്രീൻഷോട്ടെടുത്ത് അയച്ചുതരാൻ നീ പറഞ്ഞിട്ട് ഞാൻ ചെയ്തില്ലേ?!! അവിടെ എനിക്ക് മറയ്ക്കാനൊന്നും ഇല്ലായിരുന്നു.. എനിക്കെൻ്റെ ഭാഗം ക്ലിയറാക്കണമായിരുന്നു.. അതുപോലെത്തന്നെ നീ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ബോധിപ്പിക്കാൻ ഒരു ചെറിയ കാര്യം മാത്രേ ചോദിക്കുന്നുള്ളൂ... ഇതിൻ്റെ പേരിൽ സൂരജിന് നിന്നോടുള്ള കൂട്ട് വിട്ടുപോയാൽ പോട്ടെന്ന് വയ്ക്കണം!! കാരണം നീ എന്നെ കെട്ടി എൻ്റെ കൂടെ താമസിക്കാൻ തീരുമാനിച്ചവളാണ്... നിൻ്റെ തീരുമാനത്തെ മാനിക്കാത്തവരെങ്ങനെ നിൻ്റെ നല്ല കൂട്ടുകാരാവും? അങ്ങനെയുള്ളവർ പോയാലും ഒരു കുഴപ്പവുമില്ല...""

""ഹും!! ശരി, ഞാൻ ചോദിച്ച് വാങ്ങിച്ച് തരാം.. പക്ഷേ അതോടുകൂടെ തീരും എല്ലാം... പിന്നൊരു നിമിഷം ഞാൻ നിങ്ങളോട് പാച്ചപ്പാവാൻ ശ്രമിക്കില്ല...  വിശ്വസിക്കണമെങ്കിൽ ഇത് വിശ്വസിക്കുക, അല്ലെങ്കിൽ ഇതോടെ തീർന്നു എല്ലാം.. അങ്ങേരോട് നാളെ നേരിട്ട് സംസാരിച്ച് ഞാൻ വാങ്ങിത്തരാം..  നാളെ ഉച്ചയ്ക്ക് 12.30 ന് ഹോസ്പിറ്റലിൻ്റെ താഴെ ഹോട്ടലിൽ വരാം എന്ന് പറഞ്ഞിട്ടുണ്ട് ഇപ്പൊ.. അങ്ങേരുടെ കയ്യും കാലും പിടിച്ചിട്ടാണെങ്കിലും ഞാൻ വാങ്ങിച്ച് തരാം.. അത് കണ്ടാൽ നിങ്ങൾക്ക് വിശ്വാസമാവുമല്ലോ.. we will end this then..""

"" വേണ്ട.. ഒന്നും വേണ്ട.. നിന്നെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് , എനിക്കെന്നെ തന്നെ പറഞ്ഞ് വിശ്വസിപ്പിക്കാൻ വേണ്ടിയാണ്.. ഇതിൻ്റെ പേരിൽ എന്നെ ഇട്ടിട്ട് പോകാനാണെങ്കിൽ എനിക്കതിൻ്റെ ആവശ്യമില്ല...""

"" നോ... ഞാൻ വാങ്ങിത്തരാം.. അതോടെ നിങ്ങൾക്ക് സമാധാനം ആകുമല്ലോ!! കാരണം ഇവിടെ ഞാനല്ലേ തെറ്റ് ചെയ്തിരിക്കോന്നത്!! നിങ്ങളോട് കള്ളം പറഞ്ഞു എന്നത്!! നിങ്ങൾ എന്നോട് ചെയതതിനേക്കാളെല്ലാം വലുതാണല്ലോ ഇത്! ഞാൻ വാങ്ങിത്തരാം.. എൻ്റെ ആവശ്യമാണല്ലോ ഇവിടെ തുടരേണ്ടത്... I should f**king stay here no.. i have no other option... I am the culprit.."" 

"" വേണ്ട, ഒന്നും ചെയ്യണ്ട.. അത് വിട്.. എൻ്റെ കാര്യം നോക്കണ്ട, നീ കൂളാവ്, ഓക്കെയായിട്ടിരിക്ക്... ഇനി ഇതിനെപ്പറ്റി സംസാരിക്കണ്ട.. സോറീ.. കിടന്നുറങ്ങിക്കോ... ബൈ...""

•°•°•°•°•°•°•


വണ്ടിയിൽ കിടന്നിരുന്ന അയാൾ ഞെട്ടി എഴുന്നേറ്റു!! കാറിൻ്റെ ഉള്ളിലായിരുന്നതുകൊണ്ട് ബാക്കി മൂന്നുപേരുംകൂടി ശബ്ദവും കുലുക്കവും കാരണം എഴുനേറ്റു... കണ്ണുമിഴിച്ച് കോട്ടുവായിട്ട് ഓരോരുത്തരായി സ്വബോധത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്... അയാളുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞിട്ടുണ്ട്...

"" ആ! ഇന്നും സ്വപ്നം കണ്ട് ഞെട്ടി അല്ലേ!!"" ആദി ചോദിച്ചു..

"" എന്താടാ? എന്തുപറ്റി? ആകെ വിയർത്തുകുളിച്ചിരിക്കുന്നല്ലോ!!"" അബ്ദു കണ്ണുതിരുമ്മിക്കൊണ്ട് ചോദിച്ചു..

""ഓ!! ഒന്നുമില്ലെന്നേ! തേച്ചിട്ട് പോയിട്ടും അവളിപ്പോഴും സ്വപ്നത്തിൽ വന്ന് അവൻ്റെ ചോരകുടിയ്ക്കുന്നതാ... പഴയ കാര്യങ്ങളൊക്കെ സ്വപ്നം കണ്ട് ഞെട്ടുന്നതാ! ഞാനിത് മൂന്നാമത്തെ പ്രാവശ്യമാ കാണുന്നേ!! "" ആദി ചിരിച്ചു..

"" പേടിക്കാൻ മാത്രം എന്താ നീ കണ്ടേ!!"" യാഷിയും ചിരിച്ചു...

"" ഓ!! ഇന്നലെ അവളെയും സൂരജിനേയും ഹോട്ടലിൽ ഒന്നിച്ച് കണ്ടെന്നുംപറഞ്ഞുണ്ടായ പൊല്ലാപ്പിൻ്റെ കാര്യം പറഞ്ഞില്ലായിരുന്നോ, അവർ ഹോട്ടലിൽ എത്താനുണ്ടായ കാരണം സ്വപ്നത്തിൽ വന്നതാ... അന്ന് അവൻ്റെ കൂടെ ഡ്രസ്സെടുക്കാൻ ബൈക്കിൽ പോയിട്ട് ഉണ്ടായ സംസാരങ്ങളൊക്കെ ഇങ്ങനെ സിനിമ പോലെ തലയ്ക്കകത്ത് ഓടുവായിരുന്നു... പൊട്ടും പൊടിയുമായി  മെയിൻ സീനുകൾ മാത്രമിങ്ങനെ..."" അയാൾ കുപ്പിയിലെ വെള്ളമെടുത്ത് കുടിച്ചു...

"" ഓ! അതിൻ്റെ ബാക്കിയായിരുന്നല്ലേ ഇത്!! എന്നാലുമെൻ്റളിയാ!! അന്ന് ബൈക്കിൽ കറങ്ങാൻ പോയതിനെപ്പറ്റി അത്രയൊക്കെ നുണകൾ മാറി മാറി പറഞ്ഞിട്ടും, അതൊക്കെ നുണയാണെന്ന് നിനക്ക് പോലും മനസ്സിലായിട്ടും നിനക്ക് ഇട്ടിട്ട് പോരാൻ തോന്നിയില്ലല്ലോ എന്നാലോചിക്കുമ്പോഴാ!!! ഞാനൊക്കെയാരുന്നേൽ അവളുടെ മോന്ത പിടിച്ച് ഭിത്തിയിൽ ഒരച്ചേനേ!! എത്ര ക്ലവർ ആയിട്ടാ അവളന്ന് പ്ലേറ്റ് മറിച്ച് സ്കൂട്ടായത്!! ബ്രില്ല്യൻ്റ്!!"" യാഷി കയടിച്ചുകൊണ്ട്  അവളെ പൊക്കിപ്പറയാൻ തുടങ്ങി... അതുകണ്ട് അബ്ദു കണ്ണുരുട്ടിക്കാണിച്ചു...

"" അത് തന്നെയായിരുന്നു അവൾക്ക് വേണ്ടതും!! ഇവനായിട്ട് നിർത്തി പോകണം, ഇവനെക്കൊണ്ട് തന്നെ ഇനി വയ്യ , ഇത് നിർത്താം എന്ന് പറയിക്കണം.. അപ്പൊഴല്ലേ വിക്റ്റിം കാർഡ് ഇറക്കി ബാക്കി ഉള്ളവരുടെ സിംപതി പിടിച്ചെടുക്കാൻ പറ്റൂ!! ഇവൻ പക്ഷേ ഉടുമ്പ് പിടിച്ചതുപോലെ എല്ലാം സഹിച്ച് ക്ഷമിച്ച് വീണ്ടും വീണ്ടും അവളെ വിശ്വസിച്ചുകൊണ്ടേയിരുന്നു... അല്ലേലും ഒരാളെ നമ്മൾ വിശ്വസിച്ചുകൊണ്ടിരിക്കുന്നിടത്തോളം അയാളെ മാറ്റിനിർത്താൻ നമുക്ക് തോന്നാറില്ലല്ലോ.. "" ആദിയും വിട്ടുകൊടുത്തില്ല..

ശരിയാണ്... അവളുടെ ചെയ്ത തെറ്റുകളെല്ലാം വളരെ പ്ലാൻചെയ്ത് നടപ്പിലാക്കിയതുതന്നെയാണ്.. എന്നിരുന്നാലും അതിൻ്റെയെല്ലാം തുടക്കം തൻ്റെ ഭാഗത്തെ മോശമെന്നവൾക്ക് തോന്നിയിരുന്ന പെരുമാറ്റങ്ങളായിരുന്നു എന്ന കുറ്റബോധമാണ് അയാളെ എത്രയൊക്കെ അവഗണനയും നുണകളുംഏറ്റുവാങ്ങിയിട്ടും അവളിൽ നിന്ന് അടർന്നുപോരാൻ അനുവധിക്കാതിരുന്നത്... അത്  കേൾക്കുന്നവർക്ക് ചെറിയ കാര്യമായിത്തോന്നിയേക്കാം... പക്ഷേ അയാൾക്കത് അത്രയേറെ മനസ്സുലയ്ക്കുന്ന കാര്യം തന്നെയായിരുന്നു... വിശ്വാസത്തേക്കാളുപരി താൻ കാരണം വേദനിക്കുന്ന അവൾക്ക് കഴിയുന്നത്ര ആശ്വാസമേകി കൂടെ നിൽക്കാനാണയാൾ ശ്രമിച്ചിരുന്നത്... എന്നെങ്കിലും പ്രശ്നങ്ങൾ തീർന്ന് ഒന്നിക്കുമെന്ന അവളുടെ കള്ളങ്ങളെ അയാൾ അത്രയേറെ പ്രതീക്ഷയോടെയായിരുന്നു നോക്കിക്കണ്ടത്...

"" നീയത് വിട്ടേ, വെറുതേ കത്തിത്തീർന്ന വിളക്കിൽ എണ്ണയൊഴിക്കാനായിട്ട്!! നീ നമ്മുടെ കാര്യങ്ങൾ പറ, എന്താ അടുത്ത പരിപാടികൾ??"" അയാൾ പതിയെ ടോപ്പിക്ക് മാറ്റി..

"" ഇനിയെന്താ! വല്ലതും കഴിക്കണം, വൈകീട്ടത്തേക്ക് നാടുപിടിക്കണം.. നാളെ ആഷിഫിൻ്റെ പെണ്ണിനെ കൂട്ടിക്കൊണ്ടുവരലല്ലേ! വൈകീട്ട് അവിടെ പോയി രണ്ടെണ്ണം അടിക്കണം , ഫുഡ്ഡ് കഴിക്കണം , കിടന്നുറങ്ങണം.. സിമ്പിൾ..!!"" അബ്ദു ഇളിച്ചുകൊണ്ട് പറഞ്ഞു...

"" ഫുഡ്ഡും വെള്ളോം മാത്രേ ഉള്ളൂ ഇവൻ്റെ തലയിൽ... എന്ത് ജന്മമാടേയ്!! ഇപ്പൊത്തന്നെ പോയിട്ട് കാര്യമൊന്നുമില്ലല്ലോ, നമുക്ക് നേരെ നെല്ലിയാമ്പതി വിട്ടാലോ!!"" ആദി പ്ലാൻ പറഞ്ഞു...

"" എങ്ങോട്ടാണേലും ഞാൻ റെഡി... നേരത്തിന് ഫുഡ്ഡ് വാങ്ങിച്ച് തന്നാ മതി.."" അബ്ദു ഫുൾ ഓണാണ്!!

"" എന്നാ വണ്ടി ചായക്കടയിലേക്ക് പോട്ടേ!! പ്രാതൽ കഴിഞ്ഞ് ഓപ്പറേഷൻ നെല്ലിയാമ്പതി!!"" യാഷി നിവർന്നിരുന്നു...

ചായകുടി കഴിഞ്ഞ്  പൂരപ്പറമ്പിൽ നിന്ന് ചേച്ചിമാരുടെ കുട്ടികൾക്കും ഒപ്പം അബ്ദുവിൻ്റെ കുട്ടികൾക്കുമെല്ലാം കളിക്കോപ്പുകളും വളയും മാലയുമെല്ലാം വാങ്ങാൻ അൽപ്പനേരം കറങ്ങി അവർ... തൂക്കിയിട്ടിരുന്ന കമ്മലുകളിലേക്ക് അയാളുടെ കണ്ണുകൾ ഉടക്കിനിന്നു അൽപ്പസമയം.. വാങ്ങിക്കൊടുത്ത കമ്മലുകൾക്കൊപ്പം പകർന്നുനൽകിയ സ്നേഹത്തിനുമാത്രം കമ്മലിനേക്കാൾ വിലയില്ലാതായിപ്പോയത് അയാളിൽ ഒരു നഷ്ടബോധം ഉളവാക്കി... കൂടുതൽ മനസ്സുകൈവിട്ടുപോകാതിരിക്കാൻ പെട്ടന്നുപന്നെ അവിടെനിന്നും ഇറങ്ങി  നേരെ നെല്ലിയാമ്പതി വച്ചുപിടിച്ചു അവർ... ഒരുപാട് ദൂരമുണ്ടെങ്കിലും യാത്രകൾ തന്നെയാണല്ലോ  മനോഹരം... അവിടുത്തെ സ്ഥലങ്ങൾ കണ്ടും ഓറഞ്ച് പറിച്ചും തണുപ്പുകൊണ്ടുകൊണ്ടവർ ഒരുപാടുസമയം ചിലവഴിച്ചു... വൈകീട്ടത്തോടെ തിരികെ തിരിച്ച് നേരെ ആഷിഫിൻ്റെ വീട്ടിൽ പോയി അവനെയും കണ്ട് കുറേ സംസാരിച്ചിരുന്ന് എല്ലാവരും പിരിഞ്ഞു...

വീട്ടിലെത്തിയ അയാളെ അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു.. ചേച്ചിമാരും കുട്ടികളുമെല്ലാം പോയി... ഇനി അവരെ അവിടെ പോയി കാണണം!! അല്ലെങ്കി അത് മതി പിണങ്ങാൻ... തിരക്കെല്ലാമൊഴിഞ്ഞ് ഇനി അമ്മയെയും അച്ഛനെയുമെല്ലാം കൂട്ടി ബന്ധുവീട്ടുകളിലേക്കുള്ള പ്രയാണങ്ങളായിരിക്കും അടുത്ത പരിപാടികൾ... അത് പ്രവാസികളുടെ പതിവാണല്ലോ!! പലരും ആർഭാടം കാണിക്കാനുള്ള അവസരമായി അതിനെ കാണുമ്പോഴും അയാൾക്കത് എപ്പോഴും സ്വന്തബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനുള്ള നിമിഷങ്ങളായിരുന്നു... എല്ലാ വീട്ടിലും അയാളെ കാത്ത് ഒരു കൊച്ചുകുട്ടിയെങ്കിലും ഉണ്ടാവും... വലിയവരേക്കാൾ അയാൾക്കെപ്പോഴും സ്വീകാര്യത കുട്ടികൾക്കിടയിലായിരുന്നു.. കുട്ടികൾക്കൊപ്പം അയാളും ഒരു കുട്ടിയായി മാറുമായിരുന്നു..

നാളത്തെ കല്യാണത്തിന് പോകാൻ അലാറം വച്ച് അയാൾ കറങ്ങുന്ന ഫാനും നോക്കി കിടന്നു...





അദ്ധ്യായം 12


•°•°•°•°•°•

"" എവിടെത്തി? ""

""ദാ , ബസ്സ് സ്റ്റാൻ്റിലേക്ക് കയറുന്നു..."" 

അയാൾ ഫോൺ കട്ടുചെയ്ത് സ്റ്റാൻ്റിലേക്ക് കയറുന്ന ബസ്സിൽ അവളെ തിരഞ്ഞു.. നല്ല തിരക്കുണ്ടായിരുന്നതുകൊണ്ട് അകത്തേക്ക് കണ്ണെത്തിയില്ലെങ്കിലും ബസ്സിൽ നിന്നിറങ്ങുന്ന ഓരോരുത്തരിലും അയാൾ അവളെ തിരഞ്ഞു... 

തമ്മിൽ കാണാനും സംസാരിക്കാനും തീരെ അവസരങ്ങളില്ലാതിരുന്ന പണ്ടത്തെ സമയത്ത് ആദ്യമായി വീണുകിട്ടിയ ഒരവസരമായിരുന്നു ആ ദിവസം.. ഡാൻസ് പ്രാക്ടീസിന് ദൂരെയുള്ള ടീച്ചറുടെ വീട്ടിലേക്ക് പോകുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അയാളും കൂടെച്ചെല്ലാം എന്നുപറഞ്ഞു.. പൊതുവെ നാട്ടുകാര് കാണുമോ അറിയുന്നവർ കാണുമോ എന്നുള്ള പേടിയിൽ ഒന്നിച്ചുള്ള യാത്രകളിൽ നിന്ന് ഒഴിഞ്ഞുമാറാറുള്ള അവൾ ഇപ്രാവശ്യം എടുത്തവഴിക്ക് 'ആഹ് , വാ.. പോവാം ' എന്നാണ് പറഞ്ഞത്! വലിയ ആവേശത്തിലായിരുന്നെങ്കിലും സ്വന്തം നാടല്ലേ, ആരെങ്കിലും കണ്ട് അതുപിന്നെ അവളുടെ അച്ഛൻ്റെ കാതിലെത്തിയിട്ട് തുടക്കത്തിലേ തിരശ്ശീലവീണ നാടകം പോലെയാവുമോ എന്ന പേടി അയാൾക്കുമുണ്ടായിരുന്നു... ബസ്സിൽ നിന്നും അവൾ ഇറങ്ങിയത് കണ്ടപ്പോൾതന്നെ അയാളുടെ നെഞ്ചിടിപ്പ് കൂടി!!

തോളത്തൊരു ബാഗും തൂക്കി അവൾ അയാളുടെ അടുത്തേക്ക് നടന്നുവന്നു...

"" ആഹാ! നമ്മൾ രണ്ടാളും ഇന്ന് നീലയാണല്ലോ!!! നമ്മളിന്നലെ ഇതിനെപ്പറ്റി പറഞ്ഞതുപോലുമില്ലല്ലേ!!"" അവൾ അയാളെ കണ്ടതും ആശ്ചര്യത്തോടെ പറഞ്ഞു...

ശരിയാണ്!! ഇന്നലെ രാത്രിയിലെ ഗംഭീര പ്ലാനിങ്ങിനിടയിലും ഏതുകളർ ഡ്രസ്സാണിടുന്നതെന്ന് മാത്രം പറഞ്ഞിരുന്നില്ല.. പക്ഷേ തമ്മിൽ മനസ്സുവായിച്ചിട്ടെന്നപോലെ അവൾ ഒരു നീല ചുരിദാറും അയാൾ ഒരു നീല ഷർട്ടുമായിരുന്നു വേഷം...

"" അതാണ് മനപ്പൊരുത്തം!!"" അയാളും ചിരിച്ചു..

കൂടുതൽ ഒന്നും സംസാരിക്കാൻ രണ്ടുപേർക്കും കഴിയുന്നുണ്ടായിരുന്നില്ല... ഉള്ളിലെ പേടി പുറത്തുചാടാതിരിക്കാൻ അയാൾ ആവുന്നതും ശ്രമിച്ചു... ആരെങ്കിലും കണ്ടാലും ഇപ്പൊ ഇവിടെ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടിയ രണ്ടു പരിചയക്കാരാണെന്ന തരത്തിൽ നിൽക്കാമെന്നൊക്കെ ഇന്നലെ പറഞ്ഞുപ്പിച്ചതാണെങ്കിലും രണ്ടാളുടെ മുഖത്തും ടെൻഷനുണ്ടായിരുന്നു.. അയാൾക്കായിരുന്നു അതിൽ കൂടുതലും..

അവൾക്കുപോകേണ്ട സ്ഥലത്തേക്കുള്ള ബസ്സ് വരുന്നതും കാത്ത് ഒന്നും രണ്ടും സീരിയസ്സായി പറഞ്ഞുകൊണ്ട് നിൽക്കുന്നതിനിടയ്ക്കാണ് അയാൾ ദൂരെനിന്നും നടന്നുവരുന്ന സച്ചിയേട്ടനെ കണ്ടത്!!!

""ദൈവമെ! പെട്ടു!! ദേ സച്ചിയേട്ടൻ!!"" അയാളുടെ കണ്ണുതള്ളി! സച്ചിയേട്ടൻ അയാളെ കണ്ടിട്ടുണ്ട്... അതെ, അയാളുടെ അടുത്തേക്ക് തന്നെയാണ് വരുന്നത്!!

""ആരാ അത്?!""

"" വീടിനടുത്തുള്ള ചേട്ടനാ! ക്രിക്കറ്റ് കളിക്കാനൊക്കെ കൂടെ ഉണ്ടാവുന്നതാ... തീർന്നു! ഇന്നത്തോടെ നാട്ടിൽ പാട്ടാവും!!"" അയാളുടെ നെറ്റിയിൽനിന്നും വിയർപ്പൊഴുകാൻ തുടങ്ങി!! അവൾക്ക് ഒന്ന് മാറി നിൽക്കാൻ പോലും സമയം കിട്ടുന്നതിനുമുൻപേ സച്ചിയേട്ടൻ അടുത്തെത്തി...

"" എങ്ങോട്ടാടാ? "" സച്ചിയേട്ടൻ ചോദിച്ചു..

"" ഞാ.. ഞാൻ ... ചുമ്മ... ഇങ്ങനെ..."" അയാളുടെ വാക്കുകൾ മുറിഞ്ഞു.. ഉള്ളം കൈ വിയർത്തു!! ആകെപ്പാടെ ഒരു ഉരുണ്ടുകളി കണ്ടപ്പോൾ തന്നെ സച്ചിയേട്ടന് കാര്യം മനസ്സിലായി..

"" ഇതാരാ ഇത് കൂടെ?"" സച്ചിയേട്ടൻ അവളെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു... അയാൾ നോക്കിയപ്പോൾ അവൾ അയാളെത്തന്നെ നോക്കിക്കൊണ്ട് 'മറുപടി പറ' എന്ന മട്ടിൽ നിൽക്കുകയാണ്...

അവളുടെ നോട്ടത്തിൽ നിന്ന് ഒരുനിമിഷത്തേക്ക് എവിടെനിന്നോ ഒരു ധൈര്യം അയാൾക്ക് കിട്ടിയതുപോലെ... സ്വന്തം പെണ്ണിനെ നാലാളുടെ മുന്നിൽ തൻ്റേടത്തോടെ " ഇതാണ് എൻ്റെ പെണ്ണ്" എന്ന് വിളിച്ചുപറയാൻ ധൈര്യമില്ലാത്തവനെ ആരെങ്കിലും വിലവയ്ക്കുമോ!! അങ്ങനെ പറയുന്നവരെയാണ് ഏതൊരാൾക്കും ആവശ്യം... അവളുടെ നോട്ടത്തിലും അതയാൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു..

"" ഇതാണ്... നമ്മടെ ആള്..."" അയാൾ ഒറ്റ വാക്കിൽ പറഞ്ഞുനിർത്തി!! അതുകേട്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു!! ഒരു വീരപരീവേഷത്തോടെ യുദ്ധം ജയിച്ച യോദ്ധാവിനെപ്പോലെ അയാൾ അവിടെ തലയുയർത്തിപ്പിടിച്ച് നിന്നു... അന്നുതൊട്ടാണ് അയാൾക്ക് എന്തിനും ഏതിനും നാട്ടുകാരെ പേടിക്കാതെ അവളെ എവിടെയും വച്ച് കാണാനും സംസാരിക്കാനുമുള്ള ധൈര്യം വന്നത്...

അല്ലെങ്കിലും നാട്ടുകാർക്കെന്താണ് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കേണ്ടകാര്യം! ഒരാണിനേയും പെണ്ണിനേയും ഒന്നിച്ചുകണ്ടാൽ സദാചാരബോധം ഉടലെടുക്കുന്ന ചൊറിയന്മാരുടെ മുൻപിലൊന്നും തപ്പിത്തടയേണ്ടതില്ലെന്ന് അന്നുമുതലാണ് അയാളുടെ മനസ്സിൽ നട്ടുപിടിപ്പിച്ചത്... പക്ഷേ സദാചാരക്കാരെപ്പോലെയല്ല സച്ചിയേട്ടൻ എന്നയാൾക്കറിയാമായിരുന്നതുകൊണ്ടാണ് പെട്ടെന്ന് കള്ളം പറയാൻ തോന്നാതിരുന്നതും..

""ആഹാ! അത് കൊള്ളാല്ലോ!! മ്ം.. മ്ം..!! രണ്ടാളും നല്ല ചേർച്ചയുണ്ട് ട്ടോ!! എങ്ങോട്ടാ രണ്ടാളും കൂടെ! "" സച്ചിയേട്ടൻ എപ്പൊഴത്തെയുംപോലെ കൂളാണ്..

"" ചുമ്മാ ഇങ്ങനെ.. കാണാൻ... അല്ല, നിങ്ങളെങ്ങോട്ടാ!!"" അയാൾ പതിയെ വിഷയംമാറ്റി...

""പണിയുണ്ടെടാ.. ലേറ്റായി.. ഞാൻ പോട്ടേ, ദേ ബസ്സുവന്നു..."" സച്ചിയേട്ടൻ ധൃതിയിൽ അവിടേക്കുവന്ന ഒരു ബസ്സിൻ്റെ പുറകെ പോയി...

സച്ചിയേട്ടൻ പോയതും അയാൾക്ക് പാതി ആശ്വാസമായി... അവളെ നോക്കിയപ്പോൾ അവൾ അയാളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു... അവളുടെ കണ്ണുകളിൽ ഒരു തിളക്കം അയാൾ ശ്രദ്ധിച്ചു...

""കൊഴപ്പാവോ?!"" അവൾ ചോദിച്ചു...

"" ഏയ്!! ആവില്ലായിരിക്കും... ഇനിയിപ്പൊ അങ്ങേര് പറഞ്ഞാലും അത് കളിക്കാൻ വരുന്നവർക്കിടയിലേ പറയൂ, അത് അവിടംവിട്ട് പുറത്ത് പോകാൻ ചാൻസ് കുറവാണ്..."" അയാൾക്കും സംശയമില്ലാതില്ല..

"" അപ്പൊ നാട്ടാരുടെ മുന്നിൽ ഉള്ളത്പറയാനൊക്കെ ധൈര്യമുണ്ടല്ലേ!! "" അവൾ ചിരിച്ചു...

"" പിന്നെ ധൈര്യമില്ലാതെയാണോ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞേ!! ഇന്നല്ലെങ്കി നാളെ എല്ലാവരും അറിയും.. അപ്പഴും പിടിച്ച് നിക്കണ്ടേ!! ഇപ്പൊ ഒരു കള്ളം പറഞ്ഞാൽ അത് നാളെ വലിയ ബുദ്ധിമുട്ടാവും... അതിലും നല്ലത് ഉള്ളത് പറഞ്ഞ് സമാധാനത്തോടെ ഇരിക്കുന്നതല്ലേ!""

ഓരോന്ന് സംസാരിച്ച് അവൾക്കുപോകേണ്ട ബസ്സ് വന്നു... രണ്ടുപേരും കയറി ഒന്നിച്ച് ഒരിടത്തുതന്നെയിരുന്നു... ആദ്യമായാണ് അടുത്തിരുന്ന് ഒരു യാത്ര... പറഞ്ഞറിയിക്കാൻ പറ്റാത്തൊരനുഭൂതിതന്നെയായിരുന്നു അയാൾക്കത്.. ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോയും അന്നുതന്നെയായിരുന്നു... അപ്പുറത്തെല്ലാമിരിക്കുന്ന ആൻ്റിമാരുടെയും മറ്റും ചൂഴ്ന്നുനോട്ടങ്ങളെ വകവയ്ക്കാതെ അവൾക്കിറങ്ങാനുള്ള സ്ഥലം വരെയും അവർ ഒന്നിച്ച് യാത്രചെയ്തു... ഒന്ന് കൈ പിടിക്കുകയോ തൊടുകയോ പോലും ചെയ്യാതെതന്നെ അയാളുടെ മനസ്സുനിറഞ്ഞിരുന്നു... ഫാൻ്റസി കഥകളിലേതുപോലെ ഉള്ളുകൊണ്ടറിയുന്ന, കണ്ണുകൾകൊണ്ട് പറയുന്ന, മനസ്സ് മനസ്സിനെയറിയുന്ന പ്രണയത്തിൻ്റെ ആദ്യാനുഭവങ്ങൾ...

ബസ്സിറങ്ങി ടീച്ചറുടെ വീട്ടിലേക്ക് നടക്കാൻ നേരം അവൾ ഒന്ന് തിരിഞ്ഞുനോക്കി... ആ നോട്ടം മതിയായിരുന്നു അയാൾക്ക് മനം കുളിരാൻ...

പ്രാക്ടീസ് കഴിഞ്ഞ് അയാളുടെ കൂട്ടുകാരിയുടെ കല്ല്യാണം കൂടാൻ അവളെയും ക്ഷണിച്ചിരുന്നു... കുറച്ചു വൈകിയാണെങ്കിലും അവൾ അവിടേക്കുവന്നു... കൂട്ടുകാർക്കെല്ലാം പരിജയപ്പെടുത്തിക്കൊടുക്കുമ്പോഴും ഇവളാണെൻ്റെ പെണ്ണ് എന്ന് പറയുമ്പാഴും അയാൾക്ക് വളരെയധികം അഭിമാനവും സന്തോഷവുമായിരുന്നു... കൂടുതൽ സമയം അവിടെ നിൽക്കാതെതന്നെ അവൾ അവിടെനിന്നും ഇറങ്ങി... ബസ്റ്റോപ്പിലേക്ക് അവളെ കൊണ്ടുവിട്ട് തിരികെ വന്ന് കല്ല്യാണം അടിച്ചുപൊളിക്കുമ്പോഴും അയാൾ ഓർത്തില്ല, ഒരുപാടങ്ങ് സന്തോഷിച്ചാൽ ദൈവത്തിന് കണ്ണുകടി കൂടിയിട്ട് ഉടനെത്തന്നെ ഒരു പണിതരുമെന്ന്... അന്നത്തെ ദിവസത്തെ എല്ലാ നല്ല നിമിഷങ്ങൾക്കും സന്തോഷങ്ങൾക്കും മേലെ ഇടുത്തീപോലെ രാത്രി അവളുടെ മെസ്സേജ് വന്നു... 

"" നമ്മൾ ബൈക്കിൽ പോകുന്നത് ആരോ കണ്ടെന്ന് വല്യച്ഛനോട് പറഞ്ഞുകൊടുത്തു!! വല്യച്ഛൻ വീട്ടിൽ വന്ന് ഒരേ സീൻ... അച്ഛൻ അത് കേട്ട് ഇന്ന് ആദ്യമായി എന്നോട് ചൂടായി... ഇത്രേം ഒച്ചയെടുത്തിട്ട് ആദ്യമായിട്ടാ വീട്ടിൽ എല്ലാരും കാണുന്നേ!!! അമ്മ മിണ്ടുന്നില്ല... ആകെ സീൻ ആണ്... ഞാൻ കുറച്ചുദിവസത്തേക്ക് ഫോണൊക്കെ ഒഴിവാക്കി വയ്ക്കുവാ... ഇവിടെ ഒന്ന് ഓക്കെയായിട്ട് ഞാൻ പറയാം.."" 

ഈ ഒരു മെസ്സേജിനുശേഷം രണ്ടുദിവസത്തേക്ക് ഒരു വിവരവുമില്ല!! ആ രണ്ടുദിവസം അയാൾ തിന്ന തീയ്ക്ക് കണക്കില്ല!! എന്നായാലും എല്ലാവരും അറിയും എന്ന് അയാൾക്കും അറിയാമായിരുന്നു, പക്ഷേ ഇതൊരുപാട് നേരത്തേയായിപ്പോയി!!! അയാളുടെ പ്ലാനിങുകൾ എല്ലാം തെറ്റി!! പഠിത്തം കഴിഞ്ഞ് ഒരു ജോലിക്ക് വേഗം കയറിയതേയുള്ളൂ, അത് പോലും അവളുടെ വീട്ടിൽ ഒഫീഷ്യലി ചെന്ന് പെണ്ണുചോദിക്കാൻ വേണ്ടിയായിരുന്നു... പക്ഷേ അതിനുമുൻപേ ബോംബ് പൊട്ടി... അതിൻ്റെ ആഘാതം തന്നേക്കാളേറെ അവളായിരിക്കും അനുഭവിക്കുന്നുണ്ടാവുക എന്നതായിരുന്നു അയാൾക്ക് ഏറ്റവും മനോവിഷമം ഉണ്ടാക്കിയത്...

അവളുടെ വീട്ടിലെ അവസ്ഥ എന്താണെന്നറിയാൻ പലരെക്കൊണ്ടും വിളിപ്പിച്ചുനോക്കി... നോ രക്ഷ! അവളുടെ അമ്മയായിരിക്കും ഫോണെടുക്കുക.. അവൾക്ക് തല്ലുകിട്ടിയോ, അച്ഛൻ ടെററായോ അമ്മ റിബലായോ എന്നൊന്നും അറിയാതെ രണ്ടുദിവസം അയാൾ ഒന്നുറങ്ങാൻ പോലും പാടുപെട്ടു... രണ്ടുദിവസം കഴിഞ്ഞ് അവളുടെ മെസ്സേജ് വന്നു, അമ്മയുടെ ഫോണിൽ നിന്ന്..

"" ഞാൻ ഓക്കെയാണ്... കുഴപ്പമൊന്നുമില്ല... അച്ഛൻ തല്ലിയൊന്നുമില്ല, പക്ഷേ തല്ലാൻ കൈ ഓങ്ങി...പഴയ വീടിൻ്റെ അന്തരീക്ഷമല്ല ഇപ്പൊ.. കളിചിരിയെല്ലാം നിന്നു... അച്ഛൻ മുഖം തരുന്നില്ല.. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നില്ല... അമ്മ ഓരോന്ന് പറഞ്ഞ് കൊറേ കുറ്റപ്പെടുത്തും.. പിന്നെ കൊറേ ബ്രയിൻവാഷ് ചെയ്യാൻ നോക്കും... ഞാൻ എല്ലാത്തിനും തലയാട്ടിക്കൊടുത്ത് നിൽക്കുവാ... ആകെ സീൻ ആണ്.. പുറത്ത് കാണിക്കുന്നില്ലെന്നേയുള്ളൂ...""

""ഞാൻ കാരണം... നിങ്ങടെ വീട്ടിലെ അവസ്ഥ തന്നെ മാറിയല്ലേ... ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ...? ""

""സത്യം പറഞ്ഞാൽ തോന്നുന്നുണ്ട്... പണ്ടാരെടങ്ങാൻ ഏത് കാലമാടനാണാവോ ഇതൊക്കെ വലിയച്ഛൻ്റെടുത്ത് പറഞ്ഞ് കൊടുത്തത്!!! കല്യാണത്തിന് വരുന്നില്ലെന്ന് ഞാൻ നൂറുവട്ടം പറഞ്ഞതല്ലേ!! അവിടെ വലിയച്ഛൻ്റെ കൂട്ടുകാർ മാമൻമാരെയൊക്കെ കണ്ടിരുന്നു ഞാൻ... അവരാരെങ്കിലും ആണോ എന്ന് സംശയമുണ്ട്... ആരാണെങ്കിലും അവനൊക്കെ പുഴുത്ത് ചാവത്തേയുള്ളൂ...""

"" മ്ം... ഞാൻ... വന്ന് സംസാരിക്കണോ നിൻ്റെ വീട്ടിൽ?""

"" അയ്യോ വേണ്ടായേ!!! ഇപ്പൊ ഉള്ള പുകിലൊന്നും പോരാഞ്ഞിട്ടാണോ ഇനി ഇതും കൂടെ!! അച്ഛൻ്റെ കയ്യിലെങ്ങാനും നിങ്ങളെ കിട്ടിയാൽ നിങ്ങളെ വെട്ടിനുറുക്കും എന്നാ പറഞ്ഞേ!! കയ്യിലൊന്നും ചെന്ന് പെട്ടേക്കല്ലേ!! എല്ലൂരി കത്തിയ്ക്ക് പിടിയിടും അച്ഛൻ!!""

"" ഉവ്വ!! ഒന്ന് പോയേ!! ഇത് വെള്ളരിക്കാപട്ടണമൊന്നുമല്ലല്ലോ!! സംസാരിച്ച് നോക്കാമെന്നേ! ഞാൻ അച്ഛനെയും ഏട്ടനെയുമെല്ലാം കൂട്ടി വരാം... അതാവുമ്പോ അടി പൊട്ടാൻ ചാൻസ് കുറവാ...""

""എന്തായാലും ഇപ്പൊ വേണ്ട.. എത്രത്തോളം പോകുമെന്ന് നോക്കട്ടെ... ഞാൻ പറയാം... എപ്പഴും ഇങ്ങനെ വരാൻ പറ്റില്ല കേട്ടോ... അമ്മ അമ്പലത്തിൽ പോയ തക്കത്തിന് മെസ്സേജയച്ചതാ... ഇതിലേക്ക് ഒന്നും അയക്കല്ലേ!! ഞാൻ ഗ്യാപ്പ് കിട്ടുമ്പൊ അങ്ങോട്ടയക്കാം... ഫോൺ വാങ്ങി വച്ചിട്ടൊന്നുമില്ല, എന്നാലും ഞാൻ ഇപ്പൊ എടുക്കുന്നില്ല.. ഈ പുകിലൊക്കെയൊന്നടങ്ങട്ടെ...""

"" അമ്മയൊക്കെ നല്ലോണം ബ്രയിൻവാഷ് ചെയ്യാൻ നോക്കും കേട്ടോ!! അതിലൊന്നും വീഴാതെ പിടിച്ച് നിക്കണം... തിരിച്ച് ചൂടാവാനൊന്നും നിക്കണ്ട, കേട്ട് ഒരു തഞ്ചത്തിൽ നിന്നോ... എന്തെങ്കിലും ഉണ്ടെങ്കിൽ പിള്ളേരോട് സൂചിപ്പിച്ചാൽ മതി, ഞാൻ അറിയും... പൊക്കൊ എന്നാ...""

""മ്ം... ബൈ...""

""പിന്നേയ്....""

""മ്ം....""

"" I miss u...""

""Love u.. bye..""

അന്ന് തുടങ്ങിയതാണ് അവരുടെ ബന്ധത്തിലെ തിരയിളക്കങ്ങൾ.. അല്ലെങ്കിലേ സംസാരം കുറവായിരുന്ന അവർക്കിടയിൽ ഇതും കൂടെയായപ്പോൾ കാണലും മിണ്ടലുമെല്ലാം തീരെ കുറഞ്ഞുപോയി... എന്നാലും അവൾ കഴിയുന്നതുപോലെയെല്ലാം അവനെ കാണാനും മിണ്ടാനുമെല്ലാം ശ്രമിച്ചുകൊണ്ടിരുന്നു...  വീട്ടുകാർ പറയുന്നതുപോലെ അയാളുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പുകൊടുത്തുകൊണ്ട് പതിയെ വീട്ടിലെ നിശബ്ദത മാറ്റിയെടുക്കാൻ അവൾ ശ്രമിച്ചു.. അവസ്ഥകൾക്ക് കുറച്ച് മാറ്റം വന്നപ്പോൾ വിളിയും മെസ്സേജുമെല്ലാം പതിയെ പഴയപടിയായി... അപ്പോഴേക്കും അവളുടെ പഠിത്തവും കഴിഞ്ഞപ്പോൾ ജോലിയുടെ പേരിൽ വീട്ടിൽ നിന്നും വിട്ടുനിൽക്കാനും അവൾക്കായി... പതിയെ പതിയെ എല്ലാ പ്രശ്നങ്ങളും മറന്ന് പഴയതിനേക്കാൾ നല്ലരീതിയിൽ പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിലാണ് വീണ്ടും അവരുടെ മെസ്സേജുകൾ അമ്മ പിടിച്ച് രണ്ടാമത്തെ ബോംബ് പൊട്ടിയത്... 

ഇനിയും വൈകിക്കേണ്ടെന്ന് വച്ച് അയാൾ തൻ്റെ അച്ഛനെയും കൂട്ടി അവളുടെ വീട്ടിൽ ചെന്ന് സംസാരിച്ചു.. അവരേക്കാൾ താഴ്ന്ന സ്റ്റാറ്റസിൽ ഉള്ളവരായിരുന്നതുകൊണ്ടുതന്നെ അവളുടെ അച്ഛന് തീരെ താൽപര്യമില്ലാത്തതുപോലെയായിരുന്നു സംസാരം... താൻ ഇത്രയും സൗകര്യങ്ങൾ കൊടുത്ത് പൊന്നുപോലെ നോക്കിവളർത്തിയ മകളെ വെറും ഇഷ്ടത്തിൻ്റെ പേരിൽ ലൈഫിൽ സെറ്റിലായിട്ടില്ലാത്തൊരാൾക്ക് കെട്ടിച്ചുകൊടുക്കാൻ ഏതച്ഛനാണ് മനസ്സുണ്ടാവുക!! ആ അച്ഛൻ്റെ മനസ്സ് മനസ്സിലാവുന്നതുകൊണ്ടുതന്നെ കൂടുതലൊന്നും പറയാനില്ലാതെ തല താഴ്ത്തി മടങ്ങാനേ അയാൾക്ക് കഴിഞ്ഞുള്ളൂ... അന്ന് തീരുമാനിച്ചതാണ് അയാൾ എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് കുറച്ച് കാശുണ്ടാക്കി ബാധ്യതകൾ തീർത്ത് തിരിച്ചുവന്ന് വീണ്ടും അവളുടെ അച്ഛൻ്റെ മുൻപിൽ തലയുയർത്തിപ്പിടിച്ച് നിന്ന് ഒരിക്കൽകൂടെ അവളെ കെട്ടിച്ചുതരുമോ എന്ന് ചോദിക്കണമെന്ന്.. അതിൻ്റെ ഭാഗമായാണ് കൂട്ടുകാരൻ്റെ സഹായത്തോടെ മസ്കറ്റിൽ ജോലിതരപ്പെടുത്തിയത്... ഇത്രയും പ്രശ്നങ്ങൾക്കിടയിലും അവളെ തനിയെ വിട്ടിട്ട് പോകാൻ അയാൾക്കും താൽപര്യമില്ലായിരുന്നെങ്കിലും വേറെ വഴി കാണാത്തതുകൊണ്ടുതന്നെ അയാൾ ആദ്യത്തെ ഫൈറ്റ് കയറാൻ ഇറങ്ങി...

ഫൈറ്റ് ടേക്കോഫ് ചെയ്യുന്നതിനു തൊട്ടുമുൻപ് അവർ തമ്മിൽ സംസാരിച്ചത് അയാൾക്കിന്നും ഓർമ്മയുണ്ട്...

"" ദേ , അവര് ഫോൺ എടുത്തുവയ്ക്കാൻ പറയുന്നു... ഞാൻ അവിടെ എത്തിയിട്ട് മെസ്സേജയക്കാം ട്ടോ...""

"" മ്ം.....""

"" മ്ം....??? എന്താടോ??""

"" കുഞ്ച്വോ.... പോണോ....?""

"" പോണ്ടേ...??? ""

"" വേണ്ട....""

"" വേണ്ടേ....?? "" 

"" മ്ം... പൊക്കോ... വേഗം വന്നാ മതി...""

"" ജോലി തരപ്പെട്ടാൽ എത്രയും പെട്ടെന്ന് തന്നെ വരാടോ... നമ്മക്ക് ദിവസവും കാണാലോ... ""

"" മ്ം....""

"" പിന്നേയ്.....""

"" മ്ം....?? ""

"" I love u...""

"" Love u tooo....""

•°•°•°•°•°•

ഉറക്കത്തിൽ നിന്നും തട്ടിവിളിച്ചത് അമ്മയായിരുന്നു... ആകെ വിയർത്തുകുളിച്ചിരിക്കുന്ന അവനെ കണ്ട് അമ്മയും ഒന്ന് അന്താളിച്ചു..

"" എന്താടാ വിയർത്തിരിക്കുന്നേ! പനി വല്ലതുമുണ്ടോ?"" അമ്മ തൊട്ടുനോക്കി..

"" ഏയ്! പനിയൊന്നുമില്ല.. നേരമിതെത്രയായെന്നാ! ആദി വിളിച്ചിരുന്നു കുറേ പ്രാവശ്യം.. നിന്നോട് നേരെ ആഷിഫിൻ്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു... അവരെല്ലാവരും കുടുംബസമേധമാണ് പോയിരിക്കുന്നേ... ഇവിടേം വിളിച്ചതാണല്ലോ അവൻ,  എല്ലാവരോടും വരണമെന്ന് പറഞ്ഞതാ... എനിക്കൊന്നും വയ്യ ഇനി അത്രേം ദൂരം വണ്ടിയിലിരിക്കാൻ... അച്ഛനെക്കൊണ്ട് ചെക്കപ്പിന് പോവേണ്ടതിന്നാ, എനിക്കും കണ്ണുഡോക്ടറെ ഒന്ന് കാണണം.. ഞങ്ങളില്ല, നീ പോയിട്ട് വാ.. "" അമ്മ റൂമിലെ അലക്കാനുള്ള ഡ്രസ്സെല്ലാമെടുത്ത് കൊണ്ടുപോകുന്നതിനിടയിൽ പറഞ്ഞു...

ഫോണെടുത്ത് നോക്കിയപ്പോൾ കുറേ മിസ്കാളുകളുണ്ട്.. ആദിയും യാഷിയുമെല്ലാം വിളിച്ചിട്ടുണ്ട്.. അയാൾ വേഗം കുളിച്ചൊരുങ്ങി ബൈക്കെടുത്തിറങ്ങി...

ആഷിഫിൻ്റെ വീട്ടിലെത്തി, പരിപാടികളെല്ലാം കഴിഞ്ഞു.. ഭക്ഷണവും കഴിച്ച് കുറേനേരം വർത്തമാനവും പറഞ്ഞ് എല്ലാവരും പിരിഞ്ഞു... ഇനിയങ്ങോട്ട് കുറച്ചുദിവസത്തേക്ക് അയാൾ ഒറ്റയ്ക്കായിരിക്കും.. അയാളുടെ വരവ് പ്രമാണിച്ച് കുറച്ചുദിവസം ലീവെടുത്തതാണ് ആദിയും അബ്ദുവും യാഷിയുമെല്ലാം.. ഇനി എല്ലാവരും ജോലിയും തിരക്കുമായി അവരവരുടെ വഴിക്ക് പോകും... ദിവസവും വീട്ടിലെത്താൻ ആദിയ്ക്കുമാത്രമേ നാട്ടിൽ ജോലിയുള്ളൂ, അവനാണെങ്കിൽ രാത്രി പത്തുമണിയാകാതെ വീടെത്തില്ല... അബ്ദു എറണാകുളത്തും യാഷി തൃശ്ശൂരുമാണ്.. മൂന്നിനേയും ഒന്നിച്ചുകിട്ടാൻ ഇനി ഒരാഴ്ച്ചയാകും.. അതുവരെ അയാളും ഓർമ്മകളും മാത്രം വീട്ടിൽ തനിച്ച്... കുടുംബക്കാരെ മുഖം കാണിക്കാൻ എല്ലാംകൂടെ ഒരാഴ്ച്ച പോയാൽ പിന്നെയും ഏകനായി ദിവസങ്ങൾ തള്ളിനീക്കേണ്ടതോർത്തപ്പോൾ അയാൾ തലചൊറിഞ്ഞു... 

അല്ലെങ്കിലും ഒരു ഘട്ടം കഴിഞ്ഞാൽ ജീവിതത്തിൽ കൂട്ടുകാരും കൂടപ്പിറപ്പുകളുമെല്ലാം എല്ലായിപ്പോഴും കൂടെക്കാണില്ല.. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കുള്ള ഓട്ടത്തിനിടയ്ക്ക് വല്ലപ്പോഴും തമ്മിൽ കണ്ടാലായി.. പ്രവാസികൾ നാട്ടിലെത്തിയാൽ കൂട്ടിനൊരാളില്ലെങ്കിൽ ഒറ്റക്കായിപ്പോവുമെന്ന് പണ്ടാരാണ്ടോ പറഞ്ഞതിൻ്റെ പൊരുൾ അയാൾക്ക് ഇപ്പോഴാണ് മനസ്സിലായത്... തിരികെ ബൈക്കിൽ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിൽ വഴിയരികൽ വലിയൊരു തണൽമരം കണ്ട് അയാൾ വണ്ടി നിർത്തി.. ഇളം കാറ്റിൽ ആ മരത്തിൻ്റെ ചുവട്ടിൽ സെൻ്റർസ്റ്റാൻ്റിട്ട് അയാൾ ബൈക്കിൻ്റെ മുകളിൽ കിടന്നു... ഹെഡ്സെറ്റെടുത്ത് ചെവിയിൽ തിരുകി അയാൾ ഫോണെടുത്തു...

വാട്ട്സപ്പ് തുറന്ന് ' DEVIL ' എന്ന് സേവ് ചെയ്ത അവളുടെ നമ്പറെടുത്ത് വന്നുകിടക്കുന്ന വലിയ വലിയ വോയിസ് ക്ലിപ്പുകൾ ഓരോന്നായി പ്ലേ ചെയ്ത് കണ്ണുകളടച്ച് അയാൾ കിടന്നു...




അദ്ധ്യായം 13

ശാന്തമായ കടൽ പോലെ മനസ്സിനെ പാകപ്പെടുത്തിക്കൊണ്ട് അയാൾ ആദ്യത്തെ വോയ്സ് പ്ലേയാക്കി..

"" നിങ്ങൾ ഇട്ട പോസ്റ്റൊക്കെ കണ്ടു.. ഒരു കാര്യം പറയണമെന്നുണ്ടായിരുന്നു, അതിനാണ് വിളിച്ച് ശല്യം ചെയ്തത്.. ഇനി ഒരിക്കലും അബദ്ധത്തിൽ പോലും നിങ്ങളെ കോണ്ടാക്ട് ചെയ്യരുതെന്നൊക്കെ വിചാരിച്ചതാണ്.. പക്ഷേ നിങ്ങളതിൽ എൻ്റെ ഫ്രണ്ട്സിൻ്റെ പേരൊക്കെ ഓപ്പണായിട്ട് എഴുതിയിട്ടിരിക്കുന്നതുകൊണ്ടാണ് ഇപ്പൊ ഇത് പറയാൻ വേണ്ടി വന്നത്, അവർക്കാർക്കും ഒന്നും അറിയില്ല, നിങ്ങളെ വേണ്ട എന്നുള്ള എൻ്റെ തീരുമാനത്തിൽ അവർക്ക് യാതൊരു പങ്കുമില്ല, നിങ്ങൾ എന്നെക്കുറിച്ച് എന്തുവേണമെങ്കിലും എഴുതിക്കോളൂ, പറഞ്ഞോളൂ.. എനിക്കതൊരു പ്രശ്നമല്ല.. ഒന്നാമതേ നാട്ടിലൊക്കെ നല്ലരീതിയിൽ പേര് മോശപ്പെട്ടുകഴിഞ്ഞു... ഇനിയും കൂറേക്കൂടെ മോശക്കാരിയാക്കി കാണിക്കാനാണെങ്കിൽ ആയിക്കോളൂ, അതൊന്നും എന്നെ ഇനി ബാധിക്കില്ല, പക്ഷേ എൻ്റെ പിള്ളേരുടെ പേര് വെറുതേ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്.. അവരൊക്കെ ഒരു ലൈഫ് തുടങ്ങുന്നതേയുള്ളൂ.. എങ്കേജ്മെൻ്റ് ഒക്കെ കഴിഞ്ഞിരിക്കുവാ അവർടെ.. അതൊക്കെ അവർക്ക് ഒരു ടെൻഷനാവും.. അവർക്കൊന്നും എൻ്റെ തീരുമാനത്തിൽ പങ്കില്ല.. അങ്ങനെ ആരങ്കിലും പറഞ്ഞാൽ അത് കേട്ട് തീരുമാനം എടുക്കുന്ന ആളല്ല ഞാൻ എന്ന് നിങ്ങൾക്കും അറിയാമല്ലോ... അതുകൊണ്ട് ദയവുചെയ്ത് അവരുടെ പേര് അതിൽ നിന്നും എടുത്ത് മാറ്റണം.. പോസ്റ്റ് കളയണമെന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷേ അവരുടെ പേര് അതിൽനിന്നും കളയണം.. ഇതൊരപേക്ഷയായി കാണണം.. പ്ലീസ്...""

അയാൾ അറിയാതെ ചിരിച്ചുപോയി! എത്ര സിമ്പിളായിട്ടാണ് ഓരോരുത്തർ അവർക്കിഷ്ടമുള്ളപോലെ കഥകൾ മെനയുന്നതും കള്ളങ്ങൾ പറയുന്നതും!! പണ്ട് ഇതേ കൂട്ടുകാർ തലങ്ങും വിലങ്ങും നിന്ന് അവളോട് "അയാൾ ചെയ്തതൊക്കെയും സഹിച്ച് ഇനിയും നീ അയാളുടെ കൂടെ നിൽക്കണോ , ഇനിയും നീ അയാളോട് കൂടാൻ പോയാൽ ഞങ്ങൾ കൂടെയുണ്ടാവില്ല" എന്നൊക്കെ പറഞ്ഞിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നത്... ഇപ്പോഴിതാ അവർക്കൊന്നും അറിഞ്ഞൂടെന്ന്! ഇതിൽ ഏത് വിശ്വസിക്കും!! അവളുടെ കൂട്ടുകാരെ പിരിയാതിരിക്കാൻ വേണ്ടി തന്നോട് അകൽച്ച കാണിച്ചാലും കുഴപ്പമില്ലെന്ന് പറഞ്ഞ അയാൾ അപ്പോൾ ആരായി!! ബ്രേക്കപ്പിനുള്ള തിരി കത്തിയതുതന്നെ ആ കൂട്ടുകാർക്കിടയിൽ നിന്നിയിരുന്നല്ലോ... 

അവൾ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ, അന്നൊരു ഫെബ്രുവരി 26 ന് അവളും കൂട്ടുകാരായ സനുവും ശരണ്യയുമെല്ലാം കൂടി ഇരുന്ന് truth or dare കളിച്ചുകൊണ്ടിരുന്നതിൻ്റെ ഇടയിൽ വന്ന സംസാരമാണ് പ്രണയത്തിനിടയിലെ പേഴ്സണൽ കാര്യങ്ങൾ... സനുവിന് പഴയ ലൗവ്വറിൻ്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൻ്റെ പേരും പറഞ്ഞ് അവളുടെ മനസ്സിളകിയതും അവൾ അവർക്കിടയിലെ വളരെ പേഴ്സണലായ കാര്യങ്ങൾ കൂട്ടുകാരോട് ഷെയർ ചെയ്തതുമെല്ലാം തികച്ചും യാദൃശ്ചികമായേ അയാൾക്കന്ന് തോന്നിയിരുന്നുള്ളൂ... പണ്ടത്തെ കാര്യങ്ങളല്ലേ അതെല്ലാം, ഇപ്പൊ നമുക്കിടയിലില്ലാത്ത സംഭവങ്ങളെക്കുറിച്ചോർത്ത് ബ്രേക്കപ്പെന്നൊന്നും പറയല്ലേ, ഒന്നൊറങ്ങി നാളെ രാവിലെ നല്ലരീതിയിൽ ആലോചിച്ച് പരിഹാരമുണ്ടാക്കാമെന്നൊക്കെ പറഞ്ഞതെല്ലാം ഇന്നലെയെന്നപോലെ അയാൾക്കിപ്പോഴും ഓർമ്മയുണ്ട് ... അതുവരെ യാതൊരു പ്രശ്നവുമില്ലാതെ നല്ലരീതിയിൽ പൊയ്ക്കൊണ്ടിരുന്ന ബന്ധം അവിടം തൊട്ടാണ് കൊടുങ്കാറ്റിലകപ്പെട്ട പായ്ക്കപ്പൽ പോലെ തകരാൻ തുടങ്ങിയതെന്നിരിക്കെ, അവരുടെ കൈകൾ അതിനുപിന്നിൽ ഇല്ല എന്നെങ്ങനെ വിചാരിക്കും!! എ.ആർ റഹ്മാൻ്റെ ലൈവ് കോൺസേർട്ട് കണ്ടുകൊണ്ടിരുന്നതിനിടയ്ക്കാണ് വിളിച്ചിട്ട് "നമുക്ക് ഇത് ഇവിടെ വച്ച് നിർത്താം, i hate u.. i hate myself.."" എന്നൊക്കെപ്പറഞ്ഞ് അവൾ സീൻ കോൺട്രയാക്കിയത്... പുറത്ത് എ.ആർ റഹ്മാനും അങ്ങേരുടെ സംഗീതവും തിമിർത്തുപെയ്തപ്പോഴും  അയാളുടെ ഉള്ളിൽ ചാമുണ്ടിത്തെയ്യത്തിനുകൊട്ടുന്ന പെരുമ്പറ മുഴക്കം മാത്രമായിരുന്നു അലയടിച്ചത്... ഇന്നും അവൾകാരണമുണ്ടായ നഷ്ടങ്ങളിൽ  പ്രമോഷനെക്കാളും, ഉറക്കത്തേക്കാളും, മനസ്സമാധാനത്തേക്കാളുമെല്ലാം വലിയ നഷ്ടമായി അയാൾക്കുതോന്നുന്നതും ആ കോൺസേർട്ട് മനസ്സുനിറഞ്ഞൊന്നാസ്വദിക്കാൻ പറ്റിയില്ലല്ലോ എന്നുള്ളതാണ്... 

ചിലപ്പോൾ ശരിയായിരിക്കാം.. നല്ല സുഹൃത്തുക്കൾ എന്ന നിലയിൽ പണ്ടുണ്ടായ ചില മോശം സംഭവങ്ങളെക്കുറിച്ച് അവൾ പറഞ്ഞിരിക്കാം, അവരുടെ ഉള്ളിലെ അഭിപ്രായം അവർ തിരിച്ചും പറഞ്ഞിരിക്കാം, അവളെ അവളുടെ തീരുമാനങ്ങൾക്ക് വിട്ടിരിക്കാം, പക്ഷേ അതിനിടയിൽ  "ഞാനായിരുന്നെങ്കിൽ അതിന് നിൽക്കില്ലായിരുന്നു, എന്നേ ഇട്ടെറിഞ്ഞ് പോന്നിരുന്നു, നീയെങ്ങനെ ഇത്രകാലം സഹിച്ചു!!" എന്നൊക്കെയുള്ള വാക്കുകൾകൊണ്ട് അവളുടെ തീരുമാനങ്ങളെ സ്വാധീക്കേണ്ട കാര്യമുണ്ടായിരുന്നോ!! തെറ്റുതിരുത്തി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന അയാൾക്ക് അയാളുടെ മാറ്റങ്ങളെ പോലും വിലകൽപ്പിക്കാത്തതുപോലെയായിരുന്നു ആ വാക്കുകളെല്ലാം... എന്നിട്ടും ഇതെല്ലാം കേട്ട് ആ കൂട്ടുകാരോട് കാലുപിടിക്കാൻ ചെന്നപ്പോൾ പോലും അവരാരും പറഞ്ഞില്ല അവർക്കതിനെപ്പറ്റി ഒന്നും അറിയില്ലെന്ന്... അപ്പോൾ അന്ന് പറഞ്ഞതാണോ ഇന്നു പറഞ്ഞതാണോ ശരി!! ഏതാണ് വിശ്വസിക്കേണ്ടത്?? ആരെയാണ് വിശ്വസിക്കേണ്ടത്?? അയാളുടെ ഉള്ളിൽ ചോദ്യങ്ങളുടെ ശരമാരിയായിരുന്നു...

"" നിങ്ങളെ എനിക്ക് വേണ്ട എന്ന് തോന്നിത്തുടങ്ങിയത് എന്നുമുതലാണെന്നോ എന്ന് തൊട്ടാണെന്നോ ഞാൻ പറഞ്ഞിട്ടില്ല ഇതുവരെ... എന്ന് നിങ്ങൾക്കുമുൻപിൽ എനിക്കെന്നെത്തന്നെ കാഴ്ച്ചവയ്ക്കേണ്ടിവന്നോ...., അന്ന് തൊട്ടെനിക്ക് എന്നോടുതന്നെ വെറുപ്പാണ്... നിങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾക്കുവേണ്ടി ഞാനെൻ്റെ മനസാക്ഷിയെ അടിയറവുവച്ചു... വേണ്ടെന്ന് പലവട്ടം പറഞ്ഞിട്ടും നിങ്ങളുടെ കെഞ്ചലുകൾക്കുമുൻപിൽ ഞാൻ എന്നെത്തന്നെ പണയം വച്ചു... അന്നുതൊട്ടെനിക്ക് അതെല്ലാം മനസ്സിനെ മുറിപ്പെടുത്തുന്ന ഓർമ്മകളാണ്... താൽപര്യമില്ലാതെ ചെയ്യേണ്ടിവന്നതെല്ലാം... എല്ലാം എനിക്ക് എന്നെത്തന്നെ കൊന്നുകളയാൻ പാകത്തിനുള്ള ട്രോമയാണ്... എൻ്റെ അനിയത്തി ഫോണെടുത്ത് മുറിയിലേക്ക് പോകുന്നത് കാണുമ്പോൾ എനിക്കിപ്പോ ഭയമാണ്... നെഞ്ചിൽ തീയാണ്... നിങ്ങളെന്നെ ഇട്ടിട്ട് പോകുമോ എന്നുള്ള ചിന്തയിൽ നിങ്ങൾക്ക് വഴങ്ങേണ്ടിവന്നതിൽ ഞാൻ ഇന്നും എന്നെ ശപിക്കുന്നുണ്ട്... ഓർക്കാൻ ഇഷ്ടമല്ലാത്ത ദിവസങ്ങൾ... നിങ്ങളുടെ ആവശ്യങ്ങൾ നിങ്ങൾക്ക് സുഖമുള്ളവയായിരുന്നു... എനിക്കങ്ങനെയായിരുന്നില്ല... മസ്ക്കറ്റിൽ പോയതിനുശേഷം പോലും നിങ്ങളുടെ ആവശ്യങ്ങൾക്ക് അറുതിവന്നില്ല... എത്രയൊക്കെ സെക്യൂരിറ്റി പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞിട്ടും അതിനൊക്കെ പരിഹാരം തപ്പിക്കണ്ടുപിടിച്ച് വന്ന നിങ്ങൾ ഒരിക്കൽ പോലും എൻ്റെ ഭാഗത്തുനിന്ന് ചിന്തിച്ചിട്ടില്ല... നിങ്ങളെ എനിക്ക് മടുത്തുതുടങ്ങിയത് അന്നുമുതലാണ്.. ""

ആ വോയിസ് അയാളുടെ ചിരി മായ്ച്ചു... ശരിയാണ്... പണ്ട് കൗമാരം കൊടുമ്പിരികൊണ്ടുനിന്നിരുന്ന കാലത്തെ ചപലമോഹങ്ങൾ അവൾക്കെത്രത്തോളം ബാധിക്കപ്പെട്ടിട്ടുണ്ടാവുമെന്ന് അയാൾക്കിപ്പോൾ നല്ലതുപോലെയറിയാം... ഇതൊന്നും വേണ്ട, ശരിയല്ല എന്നെല്ലാം പലവട്ടം പറഞ്ഞപ്പോഴും കെഞ്ചി കെഞ്ചി അവളെക്കൊണ്ട് ചെയ്യിച്ചത് എല്ലാം അവളെപ്പോലെത്തന്നെ അയാൾക്കും ഇന്ന് ഒരു ട്രോമയാണ്... ശാരീരികമായി അവർക്കിടയിൽ ഒന്നും നടന്നിട്ടില്ലെങ്കിൽ പോലും വാക്കുകൾകൊണ്ടും നോക്കുകൾകൊണ്ടും അവൾക്കേറ്റ മുറിവുകൾക്ക് അയാളുടെ പക്കൽ മരുന്നില്ലായിരുന്നു... ഇതെല്ലാം അവളെ എത്രത്തോളം അലട്ടുന്നുണ്ടെന്ന് സധൈര്യം അവനോട് പറയാൻ രണ്ടുവർഷം വേണ്ടിവന്നു അവൾക്ക്... ആ രണ്ടുവർഷത്തിനിടയ്ക്ക് കാണിച്ചുകൂട്ടിയതെല്ലാം അവളേക്കാളുപരി അയാളെയാണ് കുന്തമുനയിൽ നിർത്തിയത്... സ്വയം ഒരു വ്യക്തിത്വമില്ലാത്തവനായിപ്പോയെന്ന തോന്നൽ അയാളെ ഇല്ലാതാക്കി... ഭൂമി പിളർന്ന് താഴ്ന്നുപോയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയ ആ നിമിഷത്തിലാണ് അയാൾ ആദ്യമായി അവൾക്കുമുൻപിൽ കരഞ്ഞത്... 'അവളൊന്നുറക്കെ കരഞ്ഞിരുന്നെൽ... ഒന്നൊച്ചവച്ചിരുന്നെങ്കിൽ... ഞാനുണർന്നേനെ..' എന്ന ഹിറ്റ്ലർ പടത്തിലെ ഡയലോഗുപോലെ അയാൾ ഒരു പാപിയാണെന്ന തോന്നലിൽ അവൾക്കുമുൻപിൽ വാക്കുകളിടറിപ്പോയി... ഇന്നും, അയാളുടെ ഉറക്കം കളയുന്നത് അന്നയാൾ ചെയ്തുകൂട്ടിയതെല്ലാം ഒരാളുടെ മനസ്സുതകർത്തല്ലോ എന്ന കുറ്റബോധമാണ്... ഒരുപക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്നവൾ തന്നോടൊപ്പം ഉണ്ടായിരുന്നേനെ എന്ന നഷ്ടബോധവും...

"" അങ്ങനെയിരുന്നപ്പോഴാണ് സിജിൻ ഏട്ടനുമായി അടുക്കുന്നത്.. പുള്ളി ആദ്യമായിട്ട് പരിജയപ്പെട്ടപ്പോൾ തന്നെ എന്നെ പ്രപ്പോസ് ചെയ്തതായിരുന്നു.. അന്ന് നിങ്ങളുള്ള കാര്യം പറഞ്ഞതിൽ പിന്നെ നല്ല കൂട്ടുകാരായി പൊയ്ക്കൊണ്ടിരുന്നതാണ്.. നല്ല കമ്പനിയായിരുന്നു, വീട്ടിലെ എല്ലാവരുമായിട്ടും നല്ല കൂട്ട്.. അമ്മയ്ക്കൊക്കെ ഭയങ്കര കാര്യം.. കുറേ കഴിഞ്ഞ് പിന്നെപ്പൊഴോ വീണ്ടും എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് വന്നു.. അന്ന് പറ്റില്ലെന്ന് പറഞ്ഞപ്പൊ ദേഷ്യപ്പെട്ട് പോയിട്ട് കുറേ കഴിഞ്ഞ് സോറി പറഞ്ഞ് വീണ്ടും വന്നു.. വർക്കിൻ്റെ കാര്യത്തിൽ സഹായിക്കാനൊക്കെയായിട്ട് നല്ല ഫ്രണ്ടായിട്ട് തന്നെയായിരുന്നു പൊയ്ക്കൊണ്ടിരുന്നത്.. ഇപ്പൊ ഉള്ള ജോലി കിട്ടാനൊക്കെ ഒരുപാട് ഹെൽപ്പ് ചെയ്തിരുന്നു പുള്ളി... അതിനിടയ്ക്ക് നിങ്ങളോടുള്ള മടുപ്പ് തോന്നിത്തുടങ്ങിയ സമയത്ത് അങ്ങേര് പിന്നെയും ഇഷ്ടമാണെന്ന് പറഞ്ഞ് വന്നു.. അന്ന് പക്ഷെ പുള്ളി യെസ് ഓർ നോ എന്നൊരു തീരുമാനം ഇപ്പൊ അറിയണം, ഫ്രണ്ടെന്നരീതിയിൽ പോകാൻ വയ്യ, നോ ആണെങ്കിൽ ഇനി കൂടെ ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞപ്പൊ... പറ്റിപ്പോയി... ഓക്കെ പറഞ്ഞുപോയി.... അത് പക്ഷേ നിങ്ങളോട് പറയാൻ പറ്റിയില്ല... കാരണം നിങ്ങൾ ഇത്രയും ഫാമിലി പ്രോബ്ലംസും അതിൻ്റെയിടയിൽ സ്വഭാവം മാറ്റാനുമെല്ലാം ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇതും പറഞ്ഞ് ഇട്ടിട്ട് പോകാൻ തോന്നിയില്ല... പതിയെ പറഞ്ഞ് മനസ്സിലാക്കാം എന്ന് വിചാരിച്ചു.. അതാണ് ഞാൻ ചെയ്ത തെറ്റ്... അന്നേ പറയണമായിരുന്നു... ""

ഇതുകേട്ട അയാൾക്ക് ദേഷ്യമാണ് വന്നത്... സാഹചര്യംകൊണ്ട് മറ്റൊരാളെ ഇഷ്ടപ്പെട്ടുപോയത്രേ!! മനുഷ്യരാണ്, പലരോടും ഇഷ്ടം തോന്നാം, ആ തോന്നലിന് പക്ഷെ എവിടെ കടിഞ്ഞാണിടമെന്ന് അറിയില്ലെന്ന് പറഞ്ഞാൽ!! അയാൾക്ക് ഇതുപോലെ മറ്റുപെൺകുട്ടിളോട് ഇടപെഴകാൻ കഴിയാതിരുന്നതുകൊണ്ടല്ല, മറിച്ച് തൻ്റെ കെട്ട്യോളാണെന്ന് പറഞ്ഞ് ഒരുത്തി ഉള്ളപ്പോൾ വേറൊരാളെയും അടുപ്പിക്കേണ്ടതില്ലെന്ന ഉത്തമബോധ്യത്തിൻ്റെ പുറത്താണ്... ആ ഒരു ചിന്ത അവൾക്കില്ലാതെപോകാൻ കാരണമെന്താണ്? ഇന്നവർക്കിടയിലില്ലാത്ത, പണ്ടെങ്ങോ ചെയ്തുപോയ കാര്യങ്ങലെച്ചൊല്ലി അവൾക്കുതോന്നിയ മടുപ്പോ! അതോ അയാളെക്കാൾ നല്ലൊരാളെ കണ്ടപ്പോഴുള്ള ചാഞ്ചാട്ടമോ? 

ഈ പറഞ്ഞ സിജിൻ്റെ ടിക്ടോക്ക് വീഡിയോകളെല്ലാം വളരെ ആവേശത്തോടെ അയാൾക്ക് കാണിച്ചുകൊടുക്കാറുണ്ടായിരുന്നു അവൾ പണ്ട്.. ആ ആവേശത്തിൻ്റെ പിറകിൽ ഒരു അട്രാക്ഷൻ കൂടെയുണ്ടായിരുന്നോ എന്ന്പോലും ഇപ്പോൾ അയാൾക്ക് സംശയമാണ്... സ്വന്തം കെട്ടിയോനാണെന്ന് പറഞ്ഞുനടന്ന ഒരുത്തൻ ഇപ്പോഴും ആ വാക്ക് വിശ്വസിച്ച് അപ്പുറത്തിരിക്കുമ്പോൾ മറ്റൊരാളോട് ഇഷ്ടമാണെന്ന് പറയാൻ അവൾക്കുകഴിഞ്ഞെങ്കിൽ അതിനെ  'പറ്റിപ്പോയി ' എന്ന് വർണിക്കാനാകുമോ??  കമിറ്റ്മെൻ്റ് എന്നൊരൊറ്റ വാക്കിൻ്റെ പുറത്ത് മറ്റൊരു പെണ്ണിനെ നോക്കാറുപോലുമില്ലാത്ത അയാളോടാണ് 'പറ്റിപ്പോയി' എന്ന് പറയുന്നത്!!

ഇന്നത്തെക്കാലത്ത് ഇതെല്ലാം സർവ്വസാധാരണമാണെങ്കിലും മനുഷ്യത്തം എന്നുപറയുന്ന ഒന്നില്ലേ!! ഒരു ബന്ധം വേണ്ടെന്ന് തോന്നിത്തുടങ്ങോമ്പോൾ തന്നെ അത് തമ്മിൽ പറഞ്ഞ് തിരുത്തി മുന്നോട്ട് പോകാൻ ശ്രമിക്കേണ്ടേ! അതല്ലെങ്കിൽ രണ്ടുപേർക്കും ഒരുപോലെ മനസ്സിലാക്കി പിരിഞ്ഞുപോകാനുള്ള സമയം കണ്ടെത്തേണ്ടേ! അതല്ലാതെ ഒരാൾക്ക് ആശയും മോഹവും കൊടുത്തുകൊണ്ട് മറ്റൊരാളുടെ കൂടെ പോകുന്നത് കുടുംബത്തിൽ പിറന്നവർ ചെയ്യുന്നതാണോ!! കുടുംബത്തിൽ പിറന്നില്ലെങ്കിലും, മനുഷ്യരായി പിറന്നവർ ചെയ്യാവുന്നതാണോ!! ചതിയും വഞ്ജനയും സ്വാർത്ഥതയുമാണ് ഈ ലോകം ഭരിക്കുന്നതെങ്കിലും മറ്റൊരാളുടെ ജീവിതം തുലച്ചുകൊണ്ട് നമ്മൾ മാത്രം സുഖിക്കുന്നതിൽ എന്തർത്ഥമാണുള്ളത്!! 

അയാളുടെ മനസ്സിൽ രോക്ഷം നുരഞ്ഞുപൊന്തി... അവൾക്കുപറ്റിയ ആളല്ല താനെന്നും, എന്നെങ്കിലും മടുത്തെന്ന് തോന്നിയാൽ തുറന്നുപറയണമെന്നുമെല്ലാം ബന്ധം തുടങ്ങുന്നതിൻ്റെ അന്നുതൊട്ട് നാഴികയ്ക്ക് നാൽപ്പതുവട്ടം അയാൾ പറയാറുള്ളതാണ്... എന്നിട്ടും മറ്റൊരാളിൽ കൂടുതൽ സമാധാനം കിട്ടിയപ്പോൾ അങ്ങോട്ട് പോയിരിക്കുന്നു! അതിന് പറയുന്ന ഞ്യായം പറ്റിപ്പോയെന്ന്!! ഒന്ന് ദീർഘമായി നിശ്വസിച്ചുകൊണ്ട് അയാൾ അടുത്ത വോയ്സ് പ്ലേ ചെയ്തു...

"" അങ്ങനെ സിജിനേട്ടനോട് പതിയെ അടുത്തുതുടങ്ങി... നല്ല കെയറിങ്ങായിരുന്നു, എപ്പോഴും വിളിച്ച് സംസാരിക്കും, ഡ്യൂട്ടിയുടെ ഇടയിലാണെങ്കിൽ പോലും വിളിക്കും.. പക്ഷെ പോകെപ്പോകെ അങ്ങേരുടെ ഭാഗത്തുനിന്നും നിങ്ങളുടേതുപോലുള്ള ആവശ്യങ്ങൾ ഉയരാൻ തുടങ്ങി!! നിങ്ങൾ ആണുങ്ങൾക്കൊക്കെ പെണ്ണുങ്ങളുടെ കയ്യിൽ നിന്നും സുഖിക്കാനുള്ള വക മാത്രമാണോ വേണ്ടത്!! വെറും ശരീരം മാത്രമാണോ എല്ലാലരുടേയും ആവശ്യം?!! സ്നേഹിക്കാനറിയില്ലേ ആർക്കും! അങ്ങേരെ പക്ഷേ ഞാൻ ഒരുതരത്തിലും ഒന്നിനും സമ്മതിച്ചില്ല... അതിൻ്റെ കലിപ്പ് അങ്ങേർക്കുണ്ടായിരുന്നു... ആയിടയ്ക്കാണ് സൂരജേട്ടനെ പരിജയപ്പെടുന്നത്.. നിങ്ങളാരെയും പോലെയല്ല സൂരജേട്ടൻ.. he is a gem... വളരെ കൂളായിട്ടുള്ള, എന്ത് കാര്യത്തിനും ഓടിച്ചെല്ലാവുന്ന ഒരു മെൻ്ററെ പോലെ ഒരാൾ... അങ്ങേരുടെ ക്വാളിറ്റിയൊന്നും വാക്കുകൊണ്ട് പറഞ്ഞാൽ തീരില്ല...""

അയാളുടെ മുഖം ചുളിഞ്ഞു... അയാൾക്ക് അവളെ എപ്പോഴും വിളിക്കാനും സംസാരിക്കാനും കഴിയുമായിരുന്നില്ല, കാരണം വീട്ടിലായിരുന്നു അവൾ മിക്കവാറും, വീട്ടിൽ അയാൾക്ക് ആരെയും പരിചയവുമില്ല... വീട്ടിലെ എല്ലാവരേയും കമ്പനിയാക്കാൻ കൂടെ പഠിച്ചതോ ജോലിചെയ്യുന്നതോ ആയ ആളുമായിരുന്നില്ലല്ലോ അയാൾ.. കൂട്ടത്തിൽ ജോലിയും ബാധ്യതകളും നല്ലൊരു നാളേയ്ക്കുവേണ്ടി ജീവിതം കെട്ടിപ്പടുക്കാൻ കാശുണ്ടാക്കാനുള്ള ഓട്ടത്തിനിടയ്ക്ക് അയാൾ സ്നേഹിക്കാൻ മറന്നിരുന്നു... ശരിയാണ്... അതയാളുടെ പോരായ്മയാണ്, കൂടെയുള്ളവൾക്കുവേണ്ട സ്നേഹം വാക്കാലെങ്കിലും കൊടുക്കാൻ അയാൾ ശ്രമിക്കണമായിരുന്നു... അതുകൊണ്ടാകാം അവൾക്കുവേണ്ടി സമയം കണ്ടെത്തിയിരുന്നവർക്കുപിന്നാലെ അവൾ പോയത്... 

എല്ലാവർക്കും റിലേഷൻഷിപ്പിൽ നിന്നും വേണ്ടത് ഒന്നുതന്നെയായിരിക്കില്ല പലപ്പോഴും.. അതറിഞ്ഞ് പെരുമാറിയില്ലെങ്കിൽ എല്ലാം തവിടുപൊടിയാകും... തൻ്റെ സ്വന്തം കെട്യോളാണെന്ന ചിന്തയിലാണ് അയാളുടെ ആവശ്യങ്ങൾ കാടുകയറിപ്പോയത്... അത് തെറ്റായിരുന്നെന്ന് ഇപ്പോൾ അയാൾക്കും തോന്നുന്നുണ്ട്... പുറത്ത് നിൽക്കുന്ന ഒരു ഫ്രണ്ട് പെരുമാറുന്നതിനേക്കാൾ അടുത്തിടപെഴകാൻ ഒരു പ്രണയത്തിൽ ഇടമുണ്ടെന്ന അയാളുടെ തോന്നൽ തെറ്റായിരുന്നെന്ന് അയാൾക്കിപ്പോൾ ബോധ്യമുണ്ട്... ആണുങ്ങളെല്ലാം സ്ത്രീകളെ വെറും ഉപയോഗവസ്ഥുവായി കാണുന്നവരല്ല, ബന്ധങ്ങൾക്ക് അതിൻ്റേതായ സ്ഥാനവും ബഹുമാനവും കൊടുക്കാൻ ഒരുവിധം ആണുങ്ങൾക്കെല്ലാം അറിയാം.. അമ്മപെങ്ങമ്മാരെ തിരിച്ചറിയാനുമറിയാം.. അങ്ങനെയുള്ളവരാരും ഫ്രണ്ടായിട്ട് കൂടെ നിൽക്കുമ്പോൾ അതിരുകടക്കില്ല.. അതയാളും പരിജയപ്പെട്ട സമയത്ത് ചെയ്തിരുന്നില്ല, സിജിനും ചെയ്തിരുന്നില്ല, സൂരജും ചെയ്യില്ല... തൻ്റേതാണെന്ന് അത്രയും ഉറപ്പുള്ള തൻ്റെ കെട്യോളോട് പെരുമാറുന്നപോലെ സുഹൃത്തുക്കളോടാരും പെരുമാറാറില്ലല്ലോ.. സ്വന്തമാണെന്ന തോന്നലിൽ ഇരുന്നിരുന്ന കാലത്ത് അവൾക്കും യാതൊന്നും പ്രശ്നമല്ലായിരുന്നു.. മടുത്തുതുടങ്ങിയപ്പോഴാണ് എല്ലാം വലിയ പ്രശ്നങ്ങളായി മാറിയത്.. അല്ലെങ്കിലും കൂടെയുള്ളവരുടെ കുറ്റങ്ങളും കുറവുകളും ഒരു കുറവായി തോന്നുന്നത് അവരിൽനിന്നും മാറി നിൽക്കുമ്പോഴാണല്ലോ... മനസ്സുകൊണ്ടകന്നാൽതന്നെ ചെറിയ വിള്ളലുകൾ വലിയ വിടവുകളായിപ്പോകുന്ന കാലത്താണ് മനസ്സുകൊണ്ട് വെറുത്തുപോയവരുടെ കാര്യം!! അയാൾ അടുത്ത വോയ്സ് പ്ലേ ചെയ്തു..

"" സിജിനേട്ടൻ്റെ ഭാഗത്തുനിന്നും നിരന്തരം ചൂഷണം ചെയ്യാനുള്ള ത്വര കണ്ടുതുടങ്ങിയപ്പോൾ അവിടെയും എനിയ്ക്ക് നിൽക്കാൻ പറ്റാതായി... അപ്പോഴും സൂരജേട്ടൻ ഒരു നല്ല സുഹൃത്തായിത്തന്നെ കൂടെയുണ്ടായിരുന്നു... എനിയ്ക്ക് ഇതെല്ലാം കൂടെ പിടിച്ച് നിൽക്കാൻ പറ്റാതായപ്പോൾ എൻ്റെ മനസ്സ് സൂരജേട്ടനിലേക്കും ചായ്ഞ്ഞു... ഇതിൽ നിന്നൊന്ന് കരകയറാൻ ഒരു വഴി കാണിച്ച് തരണമെന്ന് സകല ദൈവങ്ങളോടും ഞാൻ പ്രാർത്ഥിച്ചതാണ്... ഒരു ക്രിസ്ത്യൻ പള്ളിയിൽ പോയി നൂൽ ജപിച്ച് കെട്ടുകവരെ ചെയ്തു.. അപ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ടുപോയി... നിങ്ങളും സിജിനേട്ടനുമെല്ലാം കാര്യങ്ങൾ അറിഞ്ഞു... നിങ്ങൾ വലിയ ഒച്ചയും ബഹളവുമുണ്ടാക്കാതെ ഒഴിഞ്ഞുപോയി, പക്ഷേ സിജിനേട്ടൻ ആകെ സീനാക്കി.. വീട്ടിലെല്ലാം വിളിച്ചുപറഞ്ഞു, തെറിവിളിയും കൊലവിളിയുമൊക്കെയായി... അതിനിടയിൽ നിങ്ങൾ നാട്ടിലെ കൂട്ടുകാരെയെല്ലാം വിളിച്ച് പറഞ്ഞ് നാണംകെടുത്താനും തുടങ്ങി... ഇതിൻ്റെ ഇടയിൽ പെട്ട് ചത്തുകളഞ്ഞാലോ എന്നുവരെ തോന്നിപ്പോയിരുന്നു.. ഒരാശ്വാസത്തിന് സൂരജേട്ടനോട് എല്ലാം പറഞ്ഞു..  പക്ഷേ പുള്ളി അപ്പോഴും ഇതിലൊന്നും ഇടപെട്ടില്ല, നീ ഉണ്ടാക്കിയ പ്രശ്നങ്ങൾ നീയായിട്ട് തന്നെ തീർക്ക്, എന്നിട്ട് വാ, അതിൽ ഞാനിടപെട്ടാൽ ശരിയാവില്ല.. ഞാനിവിടെ തന്നെ ഉണ്ടാകും എന്നാണ് പുള്ളി പറഞ്ഞിട്ട് പോയത്.. പിന്നെ കുറച്ചുകാലത്തേക്ക് സൂരജേട്ടൻ്റെയും സംസാരം കുറഞ്ഞു... എനിക്കെന്ത് ചെയ്യണമെന്ന് ഒരുപിടിയുമില്ലായിരുന്നു... ""

ഒരേ സമയം ഒരുപാടുപേരുടെ ജീവിതം വച്ച് കളിച്ചാൽ എന്നെങ്കിലും ഒരു തിരിച്ചടികിട്ടുമല്ലോ! അതിന് ഏത് പള്ളിയിൽ പോയിട്ടും എത്ര പൂജ ചെയ്തിട്ടും കാര്യമില്ല, പണ്ട് അവളുടെ മുൻപിൽ കുമ്പസരിച്ചതിനുശേഷം മസ്കറ്റിലെ ഒരു പള്ളിയിൽ പോയി അയാളും പ്രാർത്ഥിച്ചിരുന്നു.. അയാളുടെ തെറ്റ് പൊറുക്കാനല്ല, മറിച്ച് അവളുടെ മനസ്സിൻ്റെ മുറിവുണക്കാൻ വേണ്ടിയായിരുന്നു അയാളുടെ പ്രാർത്ഥന... അയാളുടെ ഭാഗത്തുനിന്നുമുണ്ടായ ചെയ്തികളാൽ അവൾക്കുണ്ടായ വിഷമങ്ങൾക്ക് ഏതു ദൈവത്തിൻ്റെ കാൽക്കൽ വീണാലും ഏത് ഗംഗയിൽ പോയി കുളിച്ചാലും പരിഹാരമാവില്ലെന്ന് അയാൾക്ക് നല്ലതുപോലെ അറിയാമായിരുന്നു.. അതിന് അവൾ മനസ്സറിഞ്ഞ് ക്ഷമിക്കണം.. മനുഷ്യർക്ക് മനുഷ്യർ ചെയ്യുന്ന ദ്രോഹങ്ങൾക്ക് ആ മനുഷ്യർക്കല്ലാതെ മറ്റാർക്കും പരിഹാരം ചെയ്യാനാവില്ല.. ഉള്ളുതൊട്ടുള്ള ഏറ്റുപറച്ചിലും കുറ്റബോധവും കണ്ണീരും കൊണ്ടവരുടെ കാലുകഴുകിയാലും അവരുടെ ഉള്ളലിഞ്ഞൊരു മാപ്പുകിട്ടാതെ ഒരാളുടേയും തെറ്റുകൾ പൊരുത്തപ്പെടുകയില്ല...  അതയാൾ അവളോടും പറഞ്ഞിട്ടുണ്ട്.. ഇത്രയൊക്കെ അയാളോട് ചെയ്തിട്ടും തിരിച്ചൊന്നും ചെയ്യാതെ അയാൾ മാറിനിന്നത് മറ്റൊന്നുംകൊണ്ടല്ല, ഉള്ളിലെ കലിതീർക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ അത് തെറിവിളിച്ചാലല്ല, അവളുടെ കഴുത്തറത്ത് ആ ചോരകുടിച്ചാലേ തീരൂ എന്നറിയാവുന്നതുകൊണ്ടാണ്... കൂടെ നിന്ന് ചതിക്കുന്നവർക്കൊന്നും മാപ്പുകൊടുത്ത ശീലം അയാൾക്കില്ലാത്തതാണ്.. അപ്പോഴാണ് സ്വന്തമാണെന്നുപറഞ്ഞ് വഞ്ചിച്ചവൾക്ക്!! 

"" നിങ്ങളിൽ നിന്നും വേറെ ശല്യമൊന്നുമുണ്ടായില്ല... പക്ഷേ സിജിനേട്ടൻ്റെ ടോർച്ചർ കൂടിക്കൂടിവന്നു... പലപ്പോഴും വെള്ളമടിച്ച് വിളിച്ച് തെറിപറയും... ഞാനത് കേട്ടുകൊണ്ട് നിൽക്കും... അത് ഞാൻ കേൾക്കേണ്ടതുതന്നെയാണ് എന്നായിരുന്നു എൻ്റെ ചിന്ത... നിങ്ങൾ ഇനി തിരിച്ചുവരില്ല, സൂരജേട്ടനാണെങ്കിൽ ഇത്രയും വൃത്തികെട്ട എന്നെ ഇനി സ്വീകരിക്കില്ല എന്ന തോന്നലും.. അതുകൊണ്ടിനി സിജിനേട്ടൻ്റെ കൂടെ എല്ലാം സഹിച്ച് കഴിയുകയേ നിവർത്തിയുള്ളൂ എന്ന് കരുതി കൂറേ സഹിച്ചു... അവസാനം വീട്ടിൽ അമ്മയെ വിളിച്ച് എന്നെക്കുറിച്ച് വളരെ വളരെ മോശമായി പലതും പറഞ്ഞതിൻ്റെയന്ന് എനിക്ക് അമ്മയുടെ മുഖത്തുപോലും നോക്കാൻ പറ്റാതെയായി... എൻ്റെ പിറന്നാളായിരുന്നു അന്ന്... അന്ന് രാത്രി സൂയിസൈഡ് ചെയ്താലോ എന്നുവരെ ഞാൻ ചിന്തിച്ചുപോയി... അപ്പോഴാണ് കുറേ കാലത്തിനുശേഷം സൂരജേട്ടൻ ബർത്ത്ഡേ വിഷ് ചെയ്ത് മെസ്സേജയച്ചത്... അന്ന് രാത്രി ഞങ്ങൾ ഒരുപാട് സംസാരിച്ചു.. എന്നെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിച്ചത് അങ്ങേരുടെ വാക്കുകളാണ്... അന്ന് ഞാൻ സിജിനേട്ടനെ തിരിച്ച് വിളിച്ച് സകല ദേഷ്യവും വച്ച് സ്ട്രിക്റ്റായിട്ടുതന്നെ പറഞ്ഞു, "ഇനി മേലാൽ എന്നെ വിളിച്ച് ശല്യം ചെയ്തേക്കരുത്, എൻ്റെ അമ്മയോടാണ് നിങ്ങൾ വായിൽ തോന്നിയതും ഇല്ലാത്തതുമായതൊക്കെ വിളിച്ചുപറഞ്ഞത്.. എനിക്ക് മാത്രമല്ല, നിങ്ങൾക്കുമുണ്ട് ഒരമ്മ, ഞാനും പലതും പറയും, അത് മറക്കരുത് "എന്ന്... അതിൽ പിന്നെ പുള്ളിയുടെ ഭാഗത്തുനിന്ന് ഒരു സംസാരം ഉണ്ടായിട്ടില്ല.. പുള്ളിയ്ക്കും തോന്നിക്കാണും പറഞ്ഞത് കൂടിപ്പോയെന്ന്... പിന്നെ പതിയെ പതിയെ ഞാനും സൂരജേട്ടനും കൂടുതൽ കൂടുതൽ അടുത്തു... എനിക്ക് പറ്റിയ പാർട്ട്ണർ അങ്ങേരാണെന്ന് ഞാനുറപ്പിച്ചു...""

അല്ലെങ്കിലും ഒരാപത്തുസമയത്ത് കൂടെ നിൽക്കുന്നവരോട് അടുത്തുപോകുന്നത് സ്വാഭാവികമാണ്... അയാളിൽ നിന്നും അവൾ സിജിനിലേക്ക് പോയതും, അവിടെനിന്ന് സൂരജിലേക്ക് പോയതുമെല്ലാം തൻ്റെ മാത്രം സ്വസ്ഥത കണക്കിലെടുത്തുകൊണ്ടാണ്... സ്വന്തം മനസ്സമാധാനം മാത്രം നോക്കിക്കൊണ്ട്... കുറ്റം പറയാൻ പറ്റില്ല, ഇന്നയാളും തൻ്റെ മാത്രം മനസ്സമാധാനവും സന്തോഷവും കണക്കിലെടുത്താണ് ജീവിക്കുന്നത്.. അത് പക്ഷേ അവളെപ്പോലെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് തമ്മിലാരാണ് ഭേദമെന്ന് നോക്കി ചാടിക്കളിച്ചുകൊണ്ടല്ല, മറിച്ച് എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി തനിച്ചിരുകൊണ്ടാണ്... മനുഷ്യർ എത്ര വിചിത്രരാണല്ലേ!! ഒരുഭാഗത്ത് കാണുന്നവരിലെല്ലാം സ്നേഹം തേടിപ്പോകുന്നവർ... മറുഭാഗത്ത് തന്നിൽതന്നെ സ്വയം സ്നേഹം തിരയുന്നവർ...  അയാൾ അടുത്ത വോയ്സ് തുറന്നു...

""സൂരജേട്ടൻ നിങ്ങളാരെയും പോലെയല്ല.. നമുക്ക് എന്ത് കാര്യം പറഞ്ഞുവേണമെങ്കിലും ചെല്ലാം, എല്ലാത്തിനേം വളരെ കൂളായി കേട്ടിട്ട് സിമ്പിൾ സൊല്യൂഷൻസ് പറഞ്ഞുതരും... വളരെ ഓപ്പണായിട്ട് ഒരു ജഡ്ജ്മെൻ്റുമില്ലാതെ കേട്ടിരിക്കാൻ പറ്റിയ ഒരു കൂട്ട്...""

അയാൾ പതിയെ ചിരിച്ചു... ഈ പറഞ്ഞതൊക്കെത്തന്നെയായിരുന്നല്ലോ അയാളും ഒരുകാലത്ത്... ഇതുപോലെത്തന്നെ കേട്ടിരിക്കാനുള്ള ഒരു നല്ല കൂട്ട്... ആ കൂട്ടിനെ ജീവിതപങ്കാളിയെന്നും പറഞ്ഞ് കൂടെ കൂട്ടിയപ്പോഴാണ് കഥമാറിയത്, അവൾക്ക് ജീവിതവും യാഥാർത്ഥ്യങ്ങളും മനസ്സിലായിത്തുടങ്ങിയത്... ഒരു നല്ല കൂട്ട് എന്ന അതിർവരമ്പിൽ നിൽക്കുന്നവർക്ക് എല്ലാവർക്കും ഒരേ ച്ഛായയാണ്, എല്ലാവരും നമ്മളെ ഏതറ്റംവരെയും കേട്ടിരിക്കാനും കൂട്ടിരിക്കാനും വഴിനടത്താനും കൂടെയുണ്ടാകും.. അത് നല്ലൊരു കൂട്ടുകെട്ടിൻ്റെ അടിസ്ഥാന ഗുണവുമാണ്... എല്ലാ കൂട്ടുകെട്ടിൻ്റെയും അടിത്തറയായി തമ്മിൽ തമ്മിലുള്ള സ്നേഹവും കാണും.. ആ സ്നേഹത്തെ എവിടെ നിർത്തണമെന്നറിയാത്ത മനസ്സുകൾക്ക് അവരോട് സ്നേഹത്തിൽ കവിഞ്ഞ മറ്റെന്തോ ഒന്നുകൂടെ തോന്നിപ്പോകും... അത് മനുഷ്യസഹജമാണ്, ആരെയും കുറ്റം പറയാൻ പറ്റില്ലല്ലോ!! തോന്നലുകളെല്ലാം സ്വന്തമായിവേണമെന്ന് വാശിപിടിക്കുന്ന കുട്ടികളേപ്പോലെയായാൽ ആ വാശിക്കപ്പുറം പിടഞ്ഞുമരിക്കുന്ന പലരെയും നമുക്ക് സൃഷ്ടിക്കേണ്ടിവരും.. അവരുടെ മരണവിളികൾ കാതിൽ മുഴങ്ങാതിരിക്കാൻ ചെവി കൊട്ടിയടക്കേണ്ടിവരും, മനസ്സ് കല്ലാക്കേണ്ടിവരും.. അവൾക്കതിനുകഴിഞ്ഞു, അവൾ ഞൊടിയിടയിൽ മാറി.. പക്ഷേ അയാൾ മാത്രം  കൊടുങ്കാറ്റിലകപ്പെട്ട പായ്ക്കപ്പൽ പോലെ ദിശയറിയാതെ വട്ടംകറങ്ങിക്കൊണ്ടിരുന്നു...

"" സൂരജേട്ടൻ എന്നെയൊരു കൊച്ചുകുട്ടിയെ പോലെയാണ് നോക്കുന്നത്... ഞാനിപ്പോൾ വളരെ വളരെ ഹാപ്പിയാണ്... ഈ നിമിഷം മരിച്ചുപോയാൽ പോലും ഞാൻ ഹാപ്പിയാണ്.. അത്രയും സ്നേഹം വളരെ ചുരുങ്ങിയ കാലത്തിനിടയ്ക്ക് പുള്ളി എനിയ്ക്ക് തന്നിട്ടുണ്ട്... അങ്ങേരെ ചൊടിപ്പിക്കാനാണ് നിങ്ങളീ നാടുനീളെ പറഞ്ഞുകൊണ്ട് നടക്കുന്നതെങ്കിൽ അതൊന്നും അങ്ങേർക്ക് രോമത്തിൽ പോലും ഏൽക്കില്ല.. പുള്ളി വേറെ വൈബാണ്.. ഞാൻ മറ്റൊരാണിനോട് സംസാരിക്കാൻ പോയാൽ പുള്ളിയ്ക്ക് അതൊരു വിഷയമേ ആവില്ല, അതെനിക്കാവും തീരാനഷ്ടം.. പക്ഷേ എനിക്കങ്ങനെയല്ല, അങ്ങേരെ വേറൊരു പെണ്ണ് നോക്കിയാൽ പോലും എനിക്ക് കുശുമ്പ് കേറും.. അത്രയ്ക്കതികം ഞാൻ പുള്ളിയെ സ്നേഹിക്കുന്നുണ്ട്... അതിനേക്കാളേറെ സ്നേഹം ഞങ്ങൾക്ക് കുഞ്ഞുങ്ങളായാൽ അവർക്കും കൊടുക്കാനായി കാത്തുവച്ചിട്ടുണ്ട്.. കെട്ട് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് തന്നെ ഞങ്ങൾക്കൊരു കുഞ്ഞ് ആവുമെന്ന് എല്ലാവരോടും തമാശയ്ക്ക് പറയാറുമുണ്ട്, ഒമ്പതുമാസത്തിൽ കുട്ടിയായാൽ കളിയാക്കാനൊന്നും നിൽക്കരുതെന്ന്.. കാരണം എനിക്കിപ്പൊ ഇത്രയേ വേണ്ടൂ, എല്ലാ സ്നേഹവും അങ്ങേർക്കും കുട്ടിയ്ക്കും കൊടുത്ത് ഒരു കൊച്ച് ഹാപ്പി ഫാമിലി... ഇതിൽ കുറഞ്ഞ ഒന്നിലും സെറ്റിലാവാൻ ഞാൻ തയ്യാറല്ല ഏട്ടാ..."" 

അയാളുടെ ചുണ്ടിൽ വീണ്ടുമൊരു പുച്ഛം കലർന്ന ചിരി വിരിഞ്ഞു.. പണ്ട് അവൾ ഇതേപോലെയുള്ള സ്വപ്നങ്ങൾ അയാളോടൊപ്പം നെയ്തുകൂട്ടിയ ഒരു സമയമുണ്ടായിരുന്നു, കുടുംബവും കുട്ടികളും അവരുടെ പേരും നാളും ജാതകവും പേരിടലും പിറന്നാളും അങ്ങനെ അങ്ങനെ കുട്ടികളുടെ കല്യാണവും അവരുടെ കുട്ടികളുടെ കല്യാണവും എല്ലാം കഴിഞ്ഞ് ആർക്കുമൊരു ഭാരമാവാതെ വല്ല വൃദ്ധസദനത്തിലും പോയി ശിഷ്ടകാലം കഴിച്ചുകൂട്ടുന്നതുവരെയടക്കം അവർ ഒന്നിച്ച് സ്വപ്നം കണ്ടിരുന്നു.. ഇന്ന് ആ സ്വപ്നത്തിലെല്ലാം അവൾക്കൊപ്പം മറ്റൊരാളാണ്... അപ്പോൾ അയാൾക്കവൾ വച്ചുനീട്ടിയ മോഹങ്ങൾക്കും ആശകൾക്കും എന്തായിരുന്നു വില?! എത്രയും പെട്ടെന്ന് കുട്ടികളാവുമത്രേ!  അപ്പോൾ അവർക്കിടയിലെ അവൾ തെറ്റെന്നുപറഞ്ഞ സംഭവങ്ങളല്ല പ്രശ്നം, അതിൻ്റെ സമയവും സന്ദർഭങ്ങളുമായിരുന്നു... പണ്ട് നാണംകുണുങ്ങി നിന്നവൾക്കിന്ന് വന്ന മാറ്റങ്ങൾക്കെല്ലാം അയാൾ തന്നെയാണ് കാരണമെന്നോർത്തപ്പോൾ അയാളുടെ ചുണ്ടിലെ ചിരി കനത്തു...

"നിങ്ങൾ ഇപ്പൊഴും പഴയ കാര്യങ്ങളിൽ നിന്നും ഒരു മോചനം കിട്ടാതെ സ്വയം തരംതാഴാനും വിലകളയാനും ഇങ്ങനെ ഓരോന്ന് ചെയ്തുകൊണ്ടിരുന്നാൽ ഇല്ലാതാവുന്നത് നിങ്ങളുടെ ഭാവിയാണ്... അതൊന്ന് പറഞ്ഞ്മനസ്സിലാക്കി കൂടെ നിൽക്കാൻ പോലും നിങ്ങൾക്കൊരു നല്ല സുഹൃത്തില്ലല്ലോ എന്നാലോചിക്കുമ്പോ എനിക്ക് സത്യം പറഞ്ഞാൽ സഹതാപമാണ്... എന്നോടുള്ള വെറുപ്പ് ഉള്ളിലിട്ട് ഇങ്ങനെ ഊതിവീർപ്പിച്ചാൽ അത് നിങ്ങൾക്കുതന്നെയാണ് ദോഷം ചെയ്യുക, എന്നെ അതൊന്നും ബാധിക്കുന്ന പ്രശ്നമേയല്ല... എന്തായാലും ഞാനിപ്പൊ ഹാപ്പിയാണ്, നിങ്ങൾക്കും നിങ്ങൾക്ക് വേണ്ടതുപോലുള്ള ഒരു പെണ്ണിനെ കിട്ടട്ടെ, ഹാപ്പിയിയിട്ട് ഇരിക്കാൻ പറ്റട്ടെ.. ദയവുചെയ്ത് എൻ്റെ പിള്ളേരുടെ പേര് എടുത്തുകളയണം.. കാലുപിടിക്കുകയാണെന്ന് കരുതണം, പ്ലീസ്... അതുപറയാൻ വേണ്ടി മാത്രം വന്നതാണ്, പിന്നെ ഇതൊക്കെ പറയണം എന്നുതോന്നി.. ഈ റിക്വസ്റ്റ് കൺസിഡർ ചെയ്യുമെന്ന് വിചാരിക്കുന്നു... ഇനി മെസ്സേജയക്കില്ല.. ബൈ...""


കൂടെയുണ്ടായിരുന്ന കൂട്ടുകാരെയൊക്കെ ആളും തരവും നോക്കി മാറ്റിനിർത്തുകയും സൗകര്യപൂർവ്വം മറന്നുകളയുകയും ചെയ്യുന്നവളാണ് നല്ല കൂട്ടുകാരെക്കുറിച്ച് പറയുന്നത്!! അയാൾക്കുള്ള കൂട്ടുകാരിലാരും അവളെപ്പോലെ കുതികാലുവെട്ടാനും മാറി നിന്ന് കുറ്റം പറയാനും നിൽക്കുന്നവരല്ലെന്ന് അവൾക്കറിയില്ലല്ലോ!! പറഞ്ഞുമനസ്സിലാക്കിത്തരാനും കൂടെ നിൽക്കാനും ഒരുപാടുപേരുണ്ടെങ്കിലും മനസ്സിലാവാത്തത് മനസ്സിനാണ്... സ്വിച്ചിട്ടപോലെ മാറാനും മറക്കാനും അവൾക്കുകഴിയുന്നപോലെ എല്ലാവർക്കും കഴിയണമെന്നില്ലല്ലോ!.. 

എല്ലാം കേട്ടുകഴിഞ്ഞ് അയാൾ ബൈക്കിൽ നിവർന്നിരുന്നു... തിരിച്ചൊന്നും പറയുന്നില്ലെന്ന് കരുതിയതാണയാൾ, പക്ഷേ ഇത്രയും പറഞ്ഞ സ്ഥിതിക്ക് മറുപടി പറഞ്ഞില്ലെങ്കിൽ ശരിയാവില്ലെന്ന് തോന്നി അയാൾ തിരിച്ച് സംസാരിക്കാനായി റെക്കോർഡ് ചെയ്യാൻ തുടങ്ങി...




അദ്ധ്യായം 14


റെക്കോർഡിങ് ഓണാക്കിക്കൊണ്ട് അയാൾ പറഞ്ഞുതുടങ്ങി...

"" നീ ഈ പറഞ്ഞതൊന്നും ഞാൻ വിശ്വസിച്ചിട്ടില്ല.. എല്ലാം അങ്ങ് വെള്ളം തൊടാതെ വിഴുങ്ങാൻ ഞാൻ അത്ര പൊട്ടനൊന്നുമല്ല.. ഈ പറഞ്ഞതെല്ലാം നിനക്ക് നിൻ്റെ കൂടെയുള്ളവരെ പറഞ്ഞ് വിശ്വസിപ്പിക്കാനും സഹതാപം പിടിച്ചുപറ്റാനും വേണ്ടിയുള്ളതാണെന്ന് നിനക്കും എനിക്കും നല്ലതുപോലെ അറിയാം.. ഇതിൽ പറഞ്ഞ ഒന്നുമാത്രം 100% ശരിയാണ്, ഇതിൽ കുറഞ്ഞ ഒന്നിലും സെറ്റിലാവാൻ നീ തയ്യാറായിരുന്നില്ല എന്നത്.. അത് ഓപ്പണായി പറഞ്ഞിരുന്നെങ്കിൽ എന്നേ നമുക്കിത് രണ്ടുപേർക്കും കേടില്ലാത്ത രീതിയിൽ പരിഹരിക്കാമായിരുന്നു.. പക്ഷേ u choose to cheat.. നീ ഈ ഘോരഘോരം പ്രസംഗിച്ചതുമുഴുവൻ നിൻ്റെ vertion of story ആണ്.. ഇനി ഞാൻ എൻ്റെ വേർഷൻ പറയാം, അതുകൂടെ നീ ഒന്ന് കേൾക്ക്...""

ഒന്നു നിർത്തിക്കൊണ്ട് അയാൾ വീണ്ടും തുടർന്നു..

"" നിൻ്റെ കൂട്ടുകാരുടെ കാര്യം അവിടെ നിക്കട്ടെ, അതിലേക്ക് പിന്നെ വരാം... നീ പറഞ്ഞല്ലോ നീ നിന്നെത്തന്നെ എനിക്കുമുൻപിൽ കാഴ്ച്ചവച്ചെന്ന്... അതിൻ്റെ പുറകിൽ നീ മനപ്പൂർവ്വം മറന്നുകളയുന്ന ഒരു കാര്യമുണ്ട്.. ശരിയാണ്, ഞാൻ നിരന്തരം കെഞ്ചിയതിൻ്റെ പുറത്താണ് എല്ലാം സംഭവിച്ചത്, പക്ഷേ ഒരിക്കൽ പോലും നിന്നെ ഞാൻ ഭീഷണിപ്പെടുത്തിയോ തോക്കിൻ്റെ മുൻപിൽ നിർത്തി ചെയ്യിച്ചതോ അല്ല ഒന്നും... വെറും പൈങ്കിളി ലൗവ്വേഴ്സിനെപ്പോലെയല്ലാതെ എൻ്റെ സുഖത്തിലും ദുഃഖത്തിലും കൂടെ നിൽക്കുന്ന എൻ്റെ കെട്യോളാണെന്ന ഉറപ്പിൻ്റെ പുറത്ത് ഉണ്ടായതാണെല്ലാം, നിനക്കും അതങ്ങനെത്തന്നെ ആയിരുന്നു എന്നാണ് നീ പറഞ്ഞിട്ടുണ്ടായിരുന്നത്.. നിനക്കെപ്പോഴൊക്കെ പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ടോ അന്നെല്ലാം ഞാൻ അത് മനസ്സിലാക്കി മാറി നിന്നിട്ടുമുണ്ട്, കാരണം ഒന്നോ രണ്ടോ തവണയല്ല, രണ്ടുവർഷക്കാലത്തിലധികം നമുക്കിടയിൽ നിരന്തരം നടന്നുകൊണ്ടിരുന്ന നമ്മുടെ മാത്രം പേഴ്സണൽ കാര്യങ്ങളാണ് എല്ലാം.. even when it happened for the very first time i asked you are u feeling guilty for what we did എന്ന്... അന്ന് നീ പറഞ്ഞത്  "ഏയ്.. എനിക്ക് തോന്നിയതുകൊണ്ടാണ് ഞാൻ ചെയ്തത്, ഓക്കെയാണെന്ന് തോന്നിയതുകൊണ്ട്.. അല്ലായിരുന്നെങ്കിൽ ചെയ്യില്ലായിരുന്നു "" എന്ന്... ആ വാക്ക് ഞാൻ വിശ്വസിച്ചുപോയി.. നിനക്കതിന് കുഴപ്പമില്ലെന്ന തോന്നലിൽ അതങ്ങനെ ശീലമായിപ്പോയി നമുക്കിടയിൽ.. അതാണ് ഞാൻ ചെയ്ത തെറ്റ്... സ്വന്തം കെട്ട്യോനാണെന്ന് നീ പറഞ്ഞതെല്ലാം വെറുംവാക്കായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു.. വാക്കുകൾ വിശ്വസിച്ചുപോയതാണ് ഞാൻ ചെയ്ത തെറ്റ്.. ആ വിശ്വാസത്തിൻ്റെ പുറത്തുണ്ടായതെല്ലാം അതിനേക്കാൾ വലിയ തെറ്റുകളായി മാറി..  അന്നു പറഞ്ഞ ആ വാക്ക് വർഷങ്ങൾക്കിപ്പുറം നുണയായിരുന്നു, അതങ്ങനെയല്ലായിരുന്നു എന്നു പറയുമ്പോൾ ആ വാക്ക് വിശ്വസിച്ച് എല്ലാം ചെയ്തുകൂട്ടിയ എനിക്ക് എത്രത്തോളം കുറ്റബോധമുണ്ട് എന്നെപ്പൊഴെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോ?? ഉണ്ടാവില്ല.. കാരണം നീ ഓക്കെയല്ലായിരുന്നു എന്നു പറഞ്ഞതുപോലും കള്ളമായിരുന്നു എന്നാണ് നിൻ്റെ ചതിയും വഞ്ചനയുമെല്ലാം ചെയ്തികളുമെല്ലാം മനസ്സിലാക്കിത്തരുന്നത്... ""

വഴിയെ പോയ ഒരു ലോറിയുടെ നിർത്താതെയുള്ള ഹോണടിയിൽ തലപെരുത്ത് അയാൾ മനസ്സിൽ ലോറിക്കാരനെ തെറിവിളിച്ചുകൊണ്ട് വീണ്ടും തുടർന്നു...


"" ഒരു റിലേഷനിലായിരിക്കുമ്പോൾ അതിലെന്തൊക്കെ നടന്നാലും അതിന് രണ്ടുപേരും ഒരുപോലെ ഉത്തരവാദികളാണ്... നിൻ്റെ കൺസേർൺ ഇല്ലാതെ നമുക്കിടയിൽ ഒന്നും തന്നെ നടന്നിട്ടില്ല.. നിന്നെ ഒന്നു തൊടാൻ പോലും ഞാൻ അനുവാദം ചോദിക്കാറുണ്ടായിരുന്നു പണ്ട്, അടുപ്പം കൂടിയതിനനുസരിച്ച് അകൽച്ചകുറഞ്ഞെന്ന തോന്നലിലാണ് പതിയെ  കുറച്ചധികാരത്തോടെ പെരുമാറാൻ തുടങ്ങിയത്.. ആ പെരുമാറ്റങ്ങൾ നിനക്ക് ബുദ്ധിമുട്ടുണ്ടാക്കുകയായിരുന്നെന്ന് നീ പറയുന്നതുവരെയും എനിക്ക് തോന്നിയിരുന്നില്ല എന്നതാണ് സത്യം.. കാരണം നിൻ്റെ വാക്കുകളായിരുന്നു എൻ്റെ വിശ്വാസം.. എന്നിട്ട് അതൊക്കെ തെറ്റായിപ്പോയെന്ന് തോന്നിയിട്ട് ഞാനായിട്ട് തന്നെ എൻ്റെ വികാരങ്ങളെ കൺട്രോൾ ചെയ്ത് അടങ്ങിയിരുന്നപ്പോൾ പോലും നീയായിട്ട് ഇങ്ങോട്ട് വന്ന് പറഞ്ഞ് നമുക്കിടയിൽ പലപ്പോഴും പലതും നടന്നിട്ടുണ്ട്... അന്നത്തെ എൻ്റെ കുമ്പസാരത്തിനുശേഷം പോലും നീ പറഞ്ഞിട്ടുണ്ട് ''അന്ന് അങ്ങനെയൊക്കെ ഹാർഷായിട്ട് പറഞ്ഞതൊക്കെ അപ്പൊഴത്തെ ദേഷ്യത്തിൻ്റെ പുറത്ത് പറഞ്ഞതാണ്.. ഇത്രേയുള്ളൂ, അതിനുമാത്രം നിർബന്ധിക്കരുത്, ബാക്കി everything is okey '' എന്ന്.. എന്നിട്ടുപോലും എൻ്റെ ഭാഗത്തുനിന്ന് അത്തരത്തിലൊരു പെരുമാറ്റം പിന്നീട് ഉണ്ടായിട്ടില്ല.. ഈ പറയുന്ന നേരത്ത് നിനക്ക് വയസ്സ് 22 ആണ്, ഇതേ സമയത്ത് നീ സിജിനുമായി റിലേഷനിലാണെന്നും നീ ഓർക്കണം..  നിനക്കോർമ്മയില്ലെങ്കിൽ ഞാൻ ഓർമിപ്പിച്ചുതരാം, 5000ത്തിലധികം ഫോട്ടോകളും വോയിസ്സുകളും 8-9 ലക്ഷത്തിലധികം ചാറ്റുകളും ഇപ്പോഴും എൻ്റെ ഡ്രൈവിലുണ്ട് തെളിവുകളായിട്ട്... ഞാൻ മാത്രമല്ല ഇതിൽ കുറ്റക്കാരനെന്ന് എനിക്ക് സ്വയം വിശ്വസിക്കാൻ അതെല്ലാം തന്നെ ധാരാളം.. എന്നിട്ടും.., എന്നിട്ടും എല്ലാം എൻ്റെ തെറ്റ് മാത്രമാണെന്ന് സ്വയം ഏറ്റെടുത്ത് നിന്നെ സമാധാനിപ്പിക്കാൻ വേണ്ടി നിന്നിൽനിന്ന് അകന്നു നിന്നിരുന്നു ഞാൻ.. ആ  ആറുമാസക്കാലത്തിനിടയിൽ മാത്രം നീ എനിക്ക് തന്ന മെൻ്റൽ ട്രോമയുണ്ടല്ലോ.... ഞാൻ കാരണം നിനക്കുണ്ടായതെന്ന് നീ പറയുന്നതിനേക്കാൾ എത്രയോ മടങ്ങ് വരും അതെല്ലാം... അതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല... ആത്മാർത്ഥത നഷ്ടപ്പെട്ടുകഴിഞ്ഞ നിനക്ക് അതിൻ്റെ വില ഇനി ഒരിക്കലും മനസ്സിലാവത്തുമില്ല.... ""

"" പിന്നെ നീ എന്താ പറഞ്ഞേ,? അങ്ങനെയെല്ലാം സംഭവിച്ചുപോയത് ഞാൻ നിന്നെ ഉപേക്ഷിച്ചുപോകുമെന്ന പേടി കൊണ്ടായിരുന്നെന്നോ!! ഹ ഹാ!! നല്ല കോമഡിയായിട്ടുണ്ട്... എൻ്റെ കുടുംബത്തിലെ പ്രശ്നങ്ങളും പ്രാരാബ്ദങ്ങളും കൊണ്ട് ഒരു നല്ല ഭാവി ഉണ്ടാകാൻ സമയമെടുക്കുമെന്ന് തോന്നിയപ്പോൾ അന്നൊരിക്കൽ ഞാൻ തന്നെ നമുക്കീ ബന്ധം നിർത്താമെന്ന് പറഞ്ഞ ഒരു സമയമുണ്ടായിരുന്നു... പക്ഷേ 12 മണിക്കൂറുപോലും നിന്നെ പിരിഞ്ഞിരിക്കാൻ വയ്യാതെ പട്ടിയെപ്പോലെ നിൻ്റടുത്തേക്ക് വീണ്ടും വന്നതാണ് ഞാൻ... അന്നുതൊട്ട് നീ നമ്മുടെ ബന്ധത്തിനിടുന്ന എഫേർട്ട് കുറവായിരുന്നു... അത് നീ തന്നെ പറഞ്ഞിട്ടുമുണ്ട്.. എൻ്റെ ഭാഗത്തെ തെറ്റുകൊണ്ടാണെന്ന് അറിയാവുന്നതുകൊണ്ടുതന്നെ പതിവിലധികം ഞാനെൻ്റെ കഴിവിൻ്റെ പരമാവധി ഈ ബന്ധത്തിനുവേണ്ടി എഫേർട്ട് ഇട്ടിരുന്നു... പക്ഷേ അപ്പോഴേക്കും, ഒരു 12 മണിക്കൂറിൻ്റെ ഇടയിൽ നീ സിജിനിലേക്ക് ചായ്ഞ്ഞു... ഇതെല്ലാം സാഹചര്യം കൊണ്ട് പറ്റിപ്പോയതാണെന്ന് ഇനിയും ഞാൻ വിശ്വസിക്കണമല്ലേ!! എത്രയും പെട്ടെന്ന് കുട്ടികളാവണമെന്നല്ലേ നിൻ്റെ പ്ലാൻ ഇപ്പൊ, നാളെ കുട്ടികളെല്ലാമായിട്ട് കുറേ കാലം കഴിഞ്ഞ് സൂരജ് നിൻ്റടുത്ത് വന്ന്  ""എനിക്ക് കുട്ടികൾ വേണമെന്നൊന്നും ഉണ്ടായിരുന്നില്ല, കല്യാണമേ വേണമെന്നുണ്ടായിരുന്നില്ല, നിന്നെ നഷ്ടപ്പെടുമോ എന്ന് പേടിച്ച് നിൻ്റെ ആവശ്യങ്ങൾക്കും ഇഷ്ടങ്ങൾക്കും കൂട്ടുനിന്നതായിരുന്നു"" എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും എന്നാലോചിച്ച് നോക്ക്!! ചെയ്തുപോയതെല്ലാം നിങ്ങൾക്ക് മായ്ച്ചുകളയാൻ പറ്റുമോ? ഉണ്ടായ കുട്ടിയെ കൊന്നുകളയാൻ പറ്റുമോ?? ചിന്തിച്ച് നോക്ക്..""

അയാളുടെ ശബ്ദത്തിന് കനം കൂടിക്കൂടി വന്നു..

"" നിനക്ക്  വേണ്ടവരെയെല്ലാം നീ ഒരു ചോയ്സ് ആയിട്ട്  ഒഴിവാക്കാതെ ഒരു കയ്യകലത്തിൽ എപ്പോഴും കൊണ്ടുനടന്നിരുന്നു.. സിജിനും സൂരജുമെല്ലാം ആ കൂട്ടത്തിൽ പെടും.. നിനക്ക് പറ്റില്ലെന്ന് തോന്നിയവരെയെല്ലാം ഒറ്റവാക്കിൽ പറഞ്ഞുനിർത്തി അവർക്കുമുൻപിൽ വാതിൽ കൊട്ടിയടയ്ക്കും.. അവരെപറ്റിയെല്ലാം നീ എന്നോട് തമാശയായി പറയാറുമുണ്ടായിരുന്നു.. സ്കൂളിലെ സീനിയർ ഒരു പയ്യൻ, ആദ്യ കോളേജിലെ ലാറ്ററൽ എൻ്ട്രിയായി വന്ന ഒരുത്തൻ, രണ്ടാമത്തെ കോളേജിലെ സീനിയറായിരുന്ന ഇപ്പൊഴത്തെ ഒരു കമ്പനി മുതലാളി, അങ്ങനെ കുറേപേർ.. പക്ഷെ സിജിൻ നിന്നെ പ്രപ്പോസ് ചെയ്തതും തമിഴൻ വിഷ്ണു നിന്നെ പ്രപ്പോസ് ചെയ്തതും സൂരജിനോടുള്ള അടുപ്പവും ഒന്നും നീ എന്നോട് പറഞ്ഞില്ല, സൗകര്യപൂർവ്വം ഒളിച്ചുവച്ചു...  കാരണം അന്നേ നിൻ്റെ മനസ്സിൽ ഞാനൊരു ചോദ്യച്ഛിഹ്നമായി മാറിക്കഴിഞ്ഞിരുന്നു.. നിനക്കറിയാമായിരുന്നു ഞാൻ നിനക്ക് നല്ലൊരു ചേർച്ചയല്ലെന്ന്... കൗമാരത്തിലേക്കുകടന്ന നിൻ്റെ മാറ്റങ്ങൾ നിനക്കുതന്നെ സ്വയം അഹങ്കരിക്കാൻ പാകത്തിനുള്ളവയായിരുന്നു, സൗന്ദര്യം കൂടി, എവിടെ ചെന്നാലും പിന്നാലെ വരാൻ ആളുകൾ കൂടി, അതിനിടയിൽ ഒരാവേശത്തിൻ്റെ പുറത്ത് എടുത്ത് തലയിൽ വച്ച ഞാൻ ഒരു ഒഴിയാബാധയായി മാറി... അതിൻ്റെയിടയിലേക്ക് പ്രാരാബ്ദങ്ങൾ കൂടെ കയറിവന്നപ്പോൾ എന്നെ ഇട്ടിട്ട് പോയാൽ നാട്ടുകാരും കൂട്ടുകാരും അവസരവാധിയെന്ന് നിന്നെ വിളിച്ചാലോ എന്ന തോന്നൽകൊണ്ട് മാത്രമാണ് നീ എന്നെ ഒഴിവാക്കാൻ പറ്റാതെ കൊണ്ടുനടന്നത്.. ഒരാപത്തുസമയത്ത് കയ്യൊഴിഞ്ഞവൾ എന്ന് ആരും പറയാതിരിക്കാൻ വേണ്ടി നിൻ്റെ പരിപൂർണ്ണ സമ്മതത്തോടെ നടന്ന പഴയകാര്യങ്ങൾ എടുത്തിട്ട് എന്നെ ഇമോഷണലി ബ്ലാക്ക്മെയിൽ ചെയ്ത് ഞാനായിട്ട് ഒഴിഞ്ഞുപോകാൻ വേണ്ടി നീ കളിച്ച ഡ്രാമയായിരുന്നു എല്ലാം..""

 ""രണ്ടുകൊല്ലം നിനക്ക് കുഴപ്പമില്ലാതിരുന്ന കാര്യങ്ങൾ കുഴപ്പമായിത്തുടങ്ങിയത് ഞാൻ കല്യാണക്കാര്യത്തിലേക്ക് കടന്നപ്പോഴായിരുന്നു, ഫിനാൻഷ്യലി സെറ്റിലാവാത്ത എന്നെ കെട്ടാൻ നിനക്ക് കഴിയില്ലായിരുന്നു.. അതാണ് നീ  ഇപ്പോഴുള്ളതിൽ കുറഞ്ഞതൊന്നിലും സെറ്റിലാവാൻ ഒരുക്കമല്ലായിരുന്നു എന്ന് പറഞ്ഞതിൻ്റെ അർത്ഥം... നിനക്ക് എന്നെ വേണ്ടെന്ന് നീ മുഖത്തുനോക്കി പറഞ്ഞിട്ടില്ലെന്നേയുള്ളൂ, പക്ഷേ പറയാതെ പറഞ്ഞിട്ടുണ്ട് പലപ്പോഴും.. അതും നിനക്ക് ഓർമ്മയില്ലെങ്കിൽ ഞാൻ പറഞ്ഞുതരാം...""

ഉള്ളിൽ നുരഞ്ഞുപൊന്തിയതെല്ലാം അയാൾ തുറന്നടിച്ചു...

"" നമ്മുടെ റിലേഷൻഷിപ്പ് വീട്ടിൽ പിടിച്ചു എന്ന് നീ പറയുന്നത് ഞാൻ എൻ്റെ പ്രാരാബ്ദങ്ങളുടെ കെട്ടഴിച്ചതിനുശേഷമാണ്... നാട്ടുകാര് പറഞ്ഞതാണോ അതോ ഇനി നീ തന്നെ പറഞ്ഞതാണോ എന്നെനിക്കിപ്പോൾ നല്ല സംശയമുണ്ട്, വീട്ടിൽ സമ്മതിക്കുന്നില്ലെന്നും പറഞ്ഞ് എളുപ്പത്തിൽ ഒഴിഞ്ഞുമാറാമല്ലോ!! പക്ഷേ നിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഞാൻ വീട്ടിൽ വന്ന് പെണ്ണാലോചിച്ചു.. കയ്യിൽ അഞ്ചിൻ്റെ പൈസയില്ലാതിരുന്നിട്ടും നല്ലൊരുജോലി കിട്ടിയിട്ട് കല്യാണത്തെപ്പറ്റി സംസാരിക്കാം എന്ന് നിൻ്റെ അച്ഛൻ്റെടുത്ത് പറഞ്ഞിട്ട് വരുമ്പോൾ പോലും നിൻ്റെ തെറ്റല്ല ഒന്നും ഞാനിയിട്ട് അവളെ ഇങ്ങനൊരു റിലേഷനിൽ പിടിച്ചിട്ടതാണെന്നും പറഞ്ഞ് നിന്നെ സേഫാക്കാൻ ശ്രമിച്ചിരുന്നു ഞാൻ... അതിൽ പിന്നെ അമ്മയുടെ വക ബ്രയിൻവാഷിങ് എന്നും പറഞ്ഞ് നീ പറഞ്ഞതെന്തൊക്കെയാണെന്ന് ഓർമ്മയുണ്ടോ??  "അവന് താടിയും മീശയും പോലും മുളച്ചിട്ടില്ല, തണ്ടും തടിയും ഇല്ലാത്ത അവനൊക്കെ നിന്നെ ആരെങ്കിലും പിടിച്ചോണ്ട് പോകാൻ വന്നാൽ എന്ത് ചെയ്യും, സ്വന്തമായി വീടില്ല, സ്ഥലമില്ല, കാറില്ല, ബൈക്കില്ല, നല്ലൊരു ജോലിയില്ല, ബാങ്ക് ബാലൻസില്ല, അവൻ്റെ അച്ഛന് അംഗവൈകല്യം ഉള്ളതാണ്, അത് പാരമ്പര്യമായിട്ട് അവനും കിട്ടും.. എന്തിനേറെ, അവന് കുട്ടികൾ പോലും ഉണ്ടാവില്ല" എന്നുവരെ നിൻ്റെ അമ്മ പറഞ്ഞു എന്ന് നീ എന്നോട് പറഞ്ഞിട്ടുണ്ട്... അതെല്ലാം നിൻ്റെ അമ്മയുടെ തന്നെ വാക്കുകളാണോ അതോ നിൻ്റെ ഉള്ളിലെ തോന്നലുകളാണോ എന്നെനിക്കിപ്പോഴും സംശയമാണ്... കാരണം നിനക്കെന്നെ വേണ്ടെന്നുതോന്നാനുള്ള യഥാർത്ഥ കാരണങ്ങൾ ചിലപ്പോൾ ഇതൊക്കെയായിരിക്കാം.. ചിലപ്പോൾ... അത് പക്ഷേ നീയായിട്ട് പറഞ്ഞാൽ ശരിയല്ലല്ലോ എന്നുള്ളതുകൊണ്ട് അമ്മ പറഞ്ഞെന്നുംപറഞ്ഞ് പറഞ്ഞതുമായിരിക്കാം.. സത്യാവസ്ഥ ഒടേതമ്പുരാന് മാത്രമേ അറിയൂ.."" 

ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞുവച്ച് അയാൾ ബൈക്കിൽ സൂക്ഷിക്കാറുള്ള വാട്ടർബോട്ടിലിൽ നിന്ന് അൽപ്പം വെള്ളമെടുത്ത് കുടിച്ചു... പിന്നെ വീണ്ടും തുടർന്നു..

"" നാടുവിട്ട് പുറത്തുപോകാത്ത നീ കോളേജിൽ പോയിത്തുടങ്ങിയപ്പോഴാണ് നിൻ്റെ പിന്നാലെ നടക്കാൻ ഒരുപാടുപേരുണ്ടെന്ന് മനസ്സിലാക്കുന്നത്.. അന്നവിടെ കോളേജിൽ ഒരു ഡാർക്ക് റൂമുണ്ടെന്നും അവിടെ കപ്പിൾസിൻ്റെ കലാപരിപാടികളാണെപ്പോഴും എന്നൊക്കെ നീ പറഞ്ഞത് ആരെക്കുറിച്ചാണെന്ന് എനിക്കിപ്പൊ സംശയമാണ്.. കൂടെയുള്ളവർക്കുപോലും നിൻ്റെ ഉള്ളിലിരിപ്പ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല, പിന്നെയാ ദൂരെ കിടക്കുന്ന എനിക്ക്.. എൻ്റെ പെങ്ങളെ മറ്റൊരുത്തൻ്റെയൊപ്പം ബൈക്കിൽ കോളേജിൽ പോകുന്നത് കണ്ടെന്നും പറഞ്ഞ് വന്നിരുന്നു നീ.. അത് നീയായിരുന്നോ എന്നെനിക്ക് ഇപ്പോൾ സംശയമാണ്... വേറെയും പലരെ പറ്റിയും നീ ഓരോരോ കഥകൾ പറഞ്ഞിരുന്നു, കൂടെ ജോലിചെയ്തിരുന്നവരെക്കുറിച്ചും ഒരേ ബെഞ്ചിൽ ഒന്നിച്ചിരുന്ന് പഠിച്ച കൂട്ടുകാരികളെ കുറിച്ചുപോലും സ്വഭാവംശരിയല്ലെന്ന് നീ പറഞ്ഞിട്ടുണ്ട്, അവർ ചെയ്തതെന്നും പറഞ്ഞ് നീ എന്നോട് പറഞ്ഞവയെല്ലാം നീ തന്നെ ചെയ്തവയാണോ എന്നെനിക്ക് ഇപ്പോൾ സംശയമാണ്... നിൻ്റെ ചങ്ക് നിവേദിത പണ്ട് ഓൺലൈനിൽ പരിചയപ്പെട്ട നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത കുറച്ച് പയ്യന്മാരുടെ കൂടെ റൂമെടുത്ത് രാത്രി അന്താക്ഷരി കളിച്ചിരുന്നിട്ടുണ്ടെന്ന് നീ പറഞ്ഞിട്ടുണ്ട്... അത് നീ തന്നെ ചെയ്ത കാര്യത്തിൽ എൻ്റെ അഭിപ്രായമെന്താണെന്നറിയാൻ പറഞ്ഞതാണോ എന്നെനിക്ക് ഇപ്പോൾ സംശയമാണ്... എന്തിന്, സ്വന്തം അമ്മയെപ്പറ്റി വരെ നീ ഓരോ കഥകൾ പറഞ്ഞിട്ടുണ്ട് എന്നോട്, പഴയ മുസ്ലീം കാമുകൻ്റെ പേര് വേറെ പേരിൽ സേവ് ചെയ്ത് ഇപ്പോഴും മെസ്സേജയക്കുന്നുണ്ടെന്ന്... പഴയ ബന്ധം പുതുക്കാനല്ലെങ്കിലും അമ്മ അങ്ങനെയൊക്കെ ചെയ്തിട്ട് നമ്മുടെ റിലേഷന് എതിരുനിൽക്കുന്നു എന്നൊക്കെ നീ പറഞ്ഞത് നീ നിൻ്റെ ചെയ്തികൾ പറഞ്ഞതാണോ എന്നും എനിക്ക് സംശയമാണ്, കാരണം സിജിൻ്റെയും സൂരജിൻ്റെയുമെല്ലാം പേര് പലരീതിയിൽ ആണല്ലോ നീ സേവ് ചെയ്തിട്ടുണ്ടായിരുന്നത്!! എൻ്റെ പേര് 'Jaan' എന്ന് സേവ് ചെയ്തതിനു താഴെ 'soothuu' എന്നൊരു പേര് കണ്ടപ്പോൾ അതാരാണെന്ന് ചോദിച്ചപ്പോൾ യാതൊരു മടിയും കൂടാതെ അത് സിജിനാണെന്ന് പറഞ്ഞിട്ടുണ്ട് നീ... അതെന്താ അങ്ങനെ എന്ന് ചോദിച്ചപ്പോൾ ചുമ്മാ സിജിൻ നിക്ക്നെയിം വച്ച് സേവ് ചെയ്യാൻ നിർബന്ധം പിടിച്ചതുകൊണ്ടാണ്, ഒരു പേരല്ലേ അതിനിപ്പൊ എന്താ എന്ന് വരെ നീ യാതൊരു കൂസലുമില്ലാതെ പറഞ്ഞതാണ്... നീ പറഞ്ഞതിൽ ഏതാണ് ശരി ഏതാണ് കള്ളമെന്നറിയാതെ ഒരു നൂറായിരം ചോദ്യങ്ങൾ ഇപ്പൊഴും എൻ്റെ ഉള്ളിൽ കിടന്ന് തിളയ്ക്കുന്നുണ്ട്... പലരെയും കാണാൻ പോയെന്ന് പറഞ്ഞത്, കോളേജിൽ പോകുവാണെന്ന് പറഞ്ഞത്, കൂട്ടുകാരിയുടെ വീട്ടിൽ പോകുവാണെന്ന് പറഞ്ഞത്, ജോലിയിലാണെന്ന് പറഞ്ഞത്, അച്ഛൻ്റെയൊപ്പം ബൈക്കിലാണെന്ന് പറഞ്ഞത്, പലരാത്രികളിലും തലവേദനയെന്നും പറഞ്ഞ് പോയത്... അങ്ങനെ വർഷങ്ങളായി നീ പറഞ്ഞതൊക്കെയും, ഒക്കെയും എൻ്റെ സമനില തെറ്റിക്കുന്ന ചോദ്യച്ഛിഹ്നങ്ങളാണ്... എൻ്റെ ഉറക്കം കളയുന്ന ദുസ്വപ്നങ്ങൾ...""

"" സുഹൃത്ത്ബന്ധങ്ങളായാലും പ്രണയബന്ധങ്ങളായാലും തമ്മിലുള്ള വിശ്വാസത്തിൻ്റെ പുറത്താണ് മനുഷ്യർ ജീവിക്കുന്നത്.. ആ വിശ്വാസം നീയായിട്ട് തകർത്തിട്ടും സിജിൻ്റെ കൂടെ അവൻ്റെ വീട്ടിൽ പോയ കാര്യത്തിലും സൂരജിൻ്റെ കൂടെ കറങ്ങാൻ പോയ കാര്യത്തിലും വീണ്ടും നിന്നെ വിശ്വസിക്ക് എന്നും പറഞ്ഞ് നീ കാണിച്ച അഭിനയത്തിൽ വീണ് വീണ്ടും വീണ്ടും പലവട്ടം നിന്നെ ഞാൻ വിശ്വസിച്ചു...സിജിൻ്റെ പെണ്ണാണെന്നും പറഞ്ഞ് അവനോടൊപ്പം കറങ്ങി നടന്നിരുന്ന, സൂരജിനോട് അടുത്തുകൊണ്ടിരുന്ന അതേ സമയത്ത് ഒരുളുപ്പുമില്ലാതെ എൻ്റെ പെണ്ണാണെന്ന് അഭിനയിച്ച് നീ കൂടെ നിന്നിട്ടുണ്ട്.. അന്നൊന്നും നിനക്ക് എൻ്റൊപ്പം നാട്ടിൽ കറങ്ങാൻ വയ്യ, നിൻ്റെ കോളേജിൻ്റെ ഭാഗത്തേക്കും പോകാൻ വയ്യ.. കാരണം ആയിട്ട് നീ പറഞ്ഞെതെന്താ! അച്ഛനെ അറിയുന്നവരുണ്ടാവും, അവർ കണ്ട് പറഞ്ഞുകൊടുക്കുമെന്ന്!! പക്ഷേ സത്യം അതായിരുന്നില്ലല്ലോ!! നാട്ടിൽ നിന്നാൽ ചിലപ്പോൾ സൂരജ് കാണും.., കോളേജിൻ്റെ ഭാഗത്തേക്ക് പോയാൽ സിജിനും അവൻ്റെ കൂട്ടുകാരും കാണും, സിജിൻ കണ്ടാൽ അമ്മയോട് പറഞ്ഞുകൊടുക്കുമെന്ന് എന്നെ പറഞ്ഞ് പറ്റിച്ച് വിശ്വസിപ്പിച്ചു നീ.. . സിജിനെ കൂട്ടി  നാട്ടിലേക്കും നീ വരില്ല, കാരണം നാട്ടിൽ വന്നാൽ സൂരജ് കാണുമല്ലോ!.. കള്ളി വെളിച്ചത്താവാതിരിക്കാൻ വല്ലാതെ കഷ്ടപ്പെട്ടിരുന്നു നീ.. മനപ്പൂർവ്വം ചെയ്തുകൂട്ടിയ ചതികളെല്ലാം കൺമുന്നിൽ കണ്ടിട്ടും, ബുദ്ധി അവൾ നിന്നെ ചതിയ്ക്കുവാണെന്ന് പലവട്ടം പറഞ്ഞിട്ടും മനസ്സിനത് മനസ്സിലാക്കാൻ പാടായിരുന്നു..""

"" എന്നിട്ട് നീ  പറഞ്ഞതോ! " അത്, അവസാനം കല്യാണം കഴിക്കേണ്ട സമയമാവുമ്പോ ആരെയെങ്കിലും ഒരാളെ ചൂസ് ചെയ്യേണ്ടിവരുമല്ലോ, അപ്പൊ ബാക്കിയുള്ളവരെ പറഞ്ഞ് മനസ്സിലാക്കാം എന്ന് വിചാരിച്ചിട്ടായിരുന്നു"" എന്ന്!! നല്ല തന്തയ്ക്ക് പിറന്നവർ പറയുന്ന കാര്യമാണോ അത്!! അല്ലെങ്കിലും അച്ഛനമ്മമാരെ പഴി പറഞ്ഞിട്ട് കാര്യമില്ലല്ലോ... നീ ചെയ്ത തെണ്ടിത്തരങ്ങൾക്ക് അവരല്ലല്ലോ കാരണക്കാർ, അത് നിൻ്റെ മാത്രം തലയിലുദിച്ച ബുദ്ധികളാണ്.. അതൊരു പരിധിവരെ നല്ലപോലെ വർക്കൗട്ടാക്കാനും അഭിനയിക്കാനും നിനക്ക് കഴിഞ്ഞു..  ആണുങ്ങളെന്താ നിനക്ക് തോന്നുമ്പോ തോന്നുമ്പോ എടുത്തുടുക്കാനും ഊരിയെറിയാനുമുള്ള വസ്ത്രങ്ങളാണോ!! തോന്നുമ്പൊ കൊഞ്ചിക്കാനും തോന്നുമ്പൊ എറിഞ്ഞുപൊട്ടിക്കാനും ജീവനില്ലാത്ത കളിപ്പാട്ടങ്ങളല്ല മനുഷ്യർ... ഒരിക്കൽ ഉടഞ്ഞുപോയാൽ എത്രയൊക്കെ സെല്ലോട്ടേപ്പ് വച്ചൊട്ടിച്ചാലും പഴയതുപോലെയാവാത്ത ഹൃദയങ്ങളുണ്ട് പലർക്കും.. നീ തേച്ചിട്ടുപോയ ബാക്കിയുള്ളവരുടെ കാര്യം എങ്ങനെയാണെന്നെനിക്കറിയില്ല, ചിലപ്പോൾ അവർക്ക് നീയൊരു നേരംപോക്കായിരുന്നിരിക്കാം, നിൻ്റെ ചതിയും വഞ്ചനയും അവരെ അത്രകണ്ട് ബാധിച്ചിരുന്നില്ലായിരിക്കാം.. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം നീ ഇല്ലാതാക്കിയത് എൻ്റെ പ്രതീക്ഷകളാണ്, ജീവിക്കാനുള്ള തോന്നലുകളാണ്, മനുഷ്യരുടെ മേലുള്ള വിശ്വാസമാണ്... കൂടെ കൂടുന്നവരെയെല്ലാം സംശയത്തിൻ്റെ കണ്ണിലൂടെയേ ഇപ്പൊ എനിക്ക് നോക്കിക്കാണാൻ കഴിയുന്നുള്ളൂ... ആരെന്ത് പറഞ്ഞാലും അത് സത്യമാണോ എന്ന് നൂറുവട്ടം ചിന്തിച്ചുപോവുകയാണ് മനസ്സിൽ... അങ്ങനെ ചിന്തിച്ചുപോകുന്നതുകൊണ്ട് ബന്ധങ്ങൾക്കിടയിൽ വരുന്ന വിള്ളലുകൾ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല.. വിശ്വാസമില്ലാതെ മനുഷ്യർക്ക് ജീവിക്കാൻ പാടാണെടോ.. ആ അവസ്ഥയൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല.. അതിന് സ്വാർത്ഥതയില്ലാത്തൊരു മനസ്സ് വേണം.. അത് നിനക്കില്ല...""

അയാൾ അൽപ്പം സെൻ്റി മൂഡിലേക്ക് മാറുന്നതുപോലെ തോന്നിയപ്പോൾ ഒന്ന് നിർത്തിക്കൊണ്ട് അൽപ്പനിമിഷങ്ങൾക്കുശേഷം അടുത്ത വോയിസ്സ് റെക്കോർഡ് ചെയ്യാൻ തുടങ്ങി...

"" നീ കാരണം എനിക്ക് ഉണ്ടായ നഷ്ടങ്ങൾ ഒരുപാടാണ്.. കാശും പണവും പോട്ടെ, അതൊക്കെ വീണ്ടും ഉണ്ടാക്കാവുന്നതേയുള്ളൂ.. നഷ്ടങ്ങളിൽ ഏറ്റവും വലുത് എൻ്റെ സ്വപ്നങ്ങളും കൂട്ടുകാരോടൊപ്പം കിട്ടേണ്ടിയിരുന്ന സമയങ്ങളുമാണ്.. നിന്നെ കാണാനും നിന്നോട് മിണ്ടാനുമായി ഞാൻ കൂട്ടുകാരോടൊപ്പം ചിലവഴിക്കാൻ കിട്ടിയ സന്ദർഭങ്ങൾ പലതും ഒഴിവാക്കിയിട്ടുണ്ട്. കോളേജിൽ നാലുവർഷത്തിനിടയിൽ ആരുടേയും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു ഫ്രണ്ടായിമാറാൻ കഴിയാതിരുന്നതും അത്തരം നിമിഷങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നിന്നതുകൊണ്ടാണ്.. നിനക്കുവേണ്ടി സന്തോഷപൂർവ്വം ഞാൻ മാറ്റിനിർത്തിയ സൗഹൃദങ്ങളാണ് ഇന്നെനിക്ക് ഏറ്റവും വലിയ നഷ്ടങ്ങളായിമാറിയത്... എൻ്റെ ഏറ്റവും വലിയ സ്വപ്നമെന്തായിരുന്നു എന്ന് എപ്പോഴെങ്കിലും നീ ചോദിച്ചിട്ടുണ്ടോ?? I wanted to serve in the Indian defence force.. പഠിച്ചുകൊണ്ടിരുന്ന കാലത്ത് അഞ്ചോളം പ്രാവശ്യം സെലക്ഷൻ ടെസ്റ്റുകൾക്കെല്ലാം പോയിട്ടുള്ളതാണെന്നും നിനക്കറിയാമല്ലോ.. അന്ന് 5 ദിവസത്തെ പുറം ലോകം കാണാതെയുള്ള ആർമി SSB ടെസ്റ്റിൻ്റെ ഇടയിൽ ഫോൺ പോലും യൂസ് ചെയ്യാൻ പറ്റാടെ മൂന്നു ദിവസം നിന്നെ കാണാതെ, കേൾക്കാതെ ഒന്ന് വിളിച്ച് പറയാൻ പോലും പറ്റാതെ നമ്പർ തിരഞ്ഞുകണ്ടുപിടിച്ച് മൂന്നാം ദിവസം വിളിച്ചപ്പോൾ പോലും നിനക്ക് കാണാത്തതിൻ്റെയോ വിവരങ്ങളറിയാത്തതിൻ്റെയോ യാതൊരു കൂസലുമുണ്ടായിരുന്നില്ല.. അന്നുപോലും ഞാനതത്ര കാര്യമായി എടുത്തിരുന്നില്ല.. നിനക്കെന്നോടുള്ള ഇഷ്ടത്തിൻ്റെ ആഴം അത്രയേ ഉണ്ടായിരുന്നുള്ളൂ പണ്ടും എന്നത് ഇപ്പോൾ ആലോചിക്കുമ്പോഴാണ് മനസ്സിലാകുന്നത്...""

"" വീട്ടിലെ പ്രാരാബ്ദങ്ങൾ കാരണം ഇനിയും ആർമി മോഹവും വച്ച് അതിനു തയ്യാറെടുത്തുകൊണ്ടിരുന്നാൽ ശരിയാവില്ലെന്നും , എത്രയും പെട്ടെന്നൊരു ജോലി ആയാലേ നിനക്കൊരാലോചനയുമായി നിൻ്റെ വീട്ടിൽ വരാൻ കഴിയൂ എന്നും തോന്നിയതുകൊണ്ട് സ്വയം ഞാൻ തന്നെ എൻ്റെ സ്വപ്നങ്ങളെ കുഴിച്ചുമൂടിയതാണ്.. പകരം നിന്നോടൊത്തുള്ള ഒരു കൊച്ചുജീവിതം മാത്രമായി നമ്മൾ രണ്ടുപേരുടേയും ഒന്നിച്ചുള്ള സ്വപ്നം.. അത് പക്ഷെ നിൻ്റെ വെറും വാക്കും എൻ്റെ മാത്രം ആവശ്യവുമായിരുന്നെന്ന് മനസ്സിലാക്കാൻ എനിക്ക് വർഷങ്ങൾ വേണ്ടിവന്നു... 'കാശും പണവും വലിയ വീടുമൊന്നും വേണ്ട, ഒരു കൊച്ചോലപ്പുരയിലാണെങ്കിലും നമ്മൾ സന്തോഷമായിട്ട് കഴിയും' എന്നൊക്കെ വലിയ വായിൽ ഡയലോഗടിച്ചിരുന്ന നീ പക്ഷേ യാഥാർത്ഥ്യത്തോടടുത്തപ്പോൾ അതിവിദഗ്ധമായി കാലുമാറി, സ്വന്തം ലൈഫ് സെറ്റിലാക്കാൻ എൻ്റെ കാലുവാരി.. ഇത്രേം ഒക്കെ ചെയ്തിട്ടും നീ ഇപ്പൊഴും ഇരയാണെന്ന് കൂട്ടുകാരുടെ മുൻപിൽ അഭിനയിച്ചുതകർക്കുമ്പോൾ ഒരിക്കൽപ്പോലും മനസ്സാക്ഷിക്കോത്ത് തോന്നാറില്ലേ എന്നാണ് എനിക്ക് അത്ഭുതം!! തോന്നിയിട്ടുണ്ടാവില്ല, എന്നെങ്കിലും മറ്റുള്ളവരെപ്പറ്റി ചിന്തിച്ചിട്ടുണ്ടെങ്കിലല്ലേ!!""

മനസ്സിനുള്ളിലെ എല്ലാം പുറത്തെടുത്ത് തുറന്നടിച്ചപ്പോൾ അയാൾക്ക് അൽപ്പം ആശ്വാസം തോന്നി...

"" ഇനി നിൻ്റെ കൂട്ടുകാരുടെ പേരിൻ്റെ കാര്യം, അത് ഞാൻ എപ്പോഴേ എടുത്തുകളഞ്ഞതാണ്.. അവരാരെയും മാനസികമായി ബുദ്ധിമുട്ടിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല, അങ്ങനെ ചെയ്യാൻ നിന്നെപ്പോലെയല്ല ഞാൻ.. നിൻ്റെ തന്തമാരിലാരുമല്ല എൻ്റെ തന്ത.. പിന്നെ, അവർക്കാർക്കും നീയും സൂരജുമായുള്ള റിലേഷൻ അറിയില്ലായിരുന്നു എന്നും, നിൻ്റെ തേപ്പുകലാപരിപാടികൾക്ക് പങ്കില്ലാ എന്നും, എനിക്കിപ്പോഴും വിശ്വാസമില്ല.. ഇനിയിപ്പൊ അതെല്ലാം സത്യമാണെങ്കിൽ പോലും അത് നിൻ്റെ നാവിൽ നിന്ന് വന്നതായതുകൊണ്ട് അതിന് വിശ്വാസ്യത വട്ടപ്പൂജ്യമാണ്.. എന്നെപ്പോലുള്ള പല ആണുങ്ങളുടേയും ജീവിതവും പ്രതീക്ഷകളും തൊലച്ചിട്ട് നിനക്കൊക്കെ സന്തോഷമായിട്ട് കുടുംബം നടത്താൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങളൊക്കെ അങ്ങ്ട് സന്തോഷിക്കെന്നേ!! ചെയ്ത തെണ്ടിത്തരങ്ങളെല്ലാം സൗകര്യപൂർവ്വം മറന്നുകൊണ്ട് നിങ്ങളൊക്കെ അങ്ങ്ട് ആഘോഷിക്ക്!! മേളിലിരുന്ന് ഒരാൾ ഇതൊക്കെ കാണുന്നുണ്ടെങ്കിൽ ഞാൻ നിന്നോട് ചെയ്തതിനും നീ എന്നോട് ചെയ്തതിനുമെല്ലാം നമ്മൾ അനുഭവിക്കും.. ഞാനത് കഴിഞ്ഞ രണ്ടുവർഷമായിട്ട് അനുഭവിക്കുന്നുണ്ട്, നീയും അനുഭവിച്ചിട്ടുണ്ടാവാം, ചിലപ്പോൾ ഇനി അനുഭവിക്കാൻ കെടക്കുന്നതേ ഉള്ളായിരിക്കാം.. ഇത്രേം പറഞ്ഞത് നിൻ്റെ വോയിസ്സിലെ അഹങ്കാരം കണ്ടതുകൊണ്ട് മാത്രമാണ്.. ചെറ്റത്തരം കാണിച്ചിട്ട് ഒരു കൂസലുമില്ലാതെ യാതൊരുളുപ്പുമില്ലാതെ പിന്നെയും പിന്നെയും നിന്ന് ന്യായീകരിക്കാൻ നിനക്കിപ്പൊ കഴിയുന്നുണ്ട്, ഒരുപാട് മാറിയിട്ടുണ്ട്.. അത് നല്ലതിനാവട്ടെ, ബൈ..""

ഇനിയൊന്നും പറയാനില്ലെന്നുറപ്പിച്ച് അയാൾ അവസാനത്തെ വോയിസ്സും അയച്ച് ഫോൺ എടുത്ത് പോക്കറ്റിലിട്ട് വീട്ടിലേക്ക് തിരിച്ചു...




അദ്ധ്യായം 15


വീട്ടിലേക്കുള്ള വഴിയിൽ പണ്ടത്തെ ചില കൂട്ടുകാരുടെ അടുത്തെല്ലാം പോയി വൈകിയാണ് അയാൾ വീട്ടിലെത്തിയത്.. പരിചയം പുതുക്കാൻ നാട്ടിൽ വരുമ്പോൾ പറ്റാവുന്നവരെയെല്ലാം കാണാൻ പോകാറുള്ളത് പതിവാണ്.. പഴയ കാര്യങ്ങളെല്ലാം പറഞ്ഞ് പഴയ കൂട്ടുകാരായി അൽപ്പനേരം ഓർമ്മകൾ പൊടിതട്ടിയെടുത്ത് ഒരു ഒത്തുകൂടൽ..  നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.. വീട്ടിലേക്കുകയറിയതും ദേ ഇരിക്കുന്നു സിറ്റൗട്ടിൽ തന്നെ ആദിയും അബ്ദുവും യാഷിയും.. അമ്മയുടെ സ്പെഷ്യൽ ചായയും മോന്തിക്കൊണ്ട് അയാളെയും കാത്താണ് ഇരുപ്പ്!!

""നീയിതെവടെ പോയി കിടക്കുവായിരുന്നെടാ! എത്രനേരമായി വിളിക്കുന്നു! "" ആദി ചൂടായി..

"" ഫോൺ സൈലൻ്റായിരുന്നു.. അല്ല, എന്താ എല്ലാം കൂടെ ഇങ്ങോട്ട് കെട്ടിയെടുത്തേ?? എല്ലാം കുടുംബസമേധമായിരുന്നല്ലോ ഇന്ന് മുഴുവൻ? എന്തേ ഒന്നിനേം വീട്ടിൽ കേറ്റിയില്ലേ??"" അയാൾ ചിരിച്ചുകൊണ്ട് ഷൂ അഴിച്ചുവച്ച് അകത്തേക്ക് കയറി..

"" നിന്നെ ഒറ്റയ്ക്കാക്കിയതിൻ്റെ പരിഭവം നിനക്കുണ്ടെങ്കിൽ അതൊന്ന് മാറ്റിയേക്കാം എന്നുകരുതി വന്നതാ കുട്ടാ!!"" അബ്ദു അയാളെ കൊഞ്ചിക്കാൻ വേണ്ടി താടിയിൽ പിടിച്ചു..

"" ഓ പിന്നേ!! നിയ്യൊക്കെ ഒറ്റക്കാക്കി പോയാൽ അറക്കൽ മാധവനുണ്ണിയുടെ രോമം, ഒരു രോമത്തിൽ ഏൽക്കില്ല!! ഒന്ന് പോയേടാ!"" അയാൾ കൈ തട്ടി മാറ്റിക്കൊണ്ട് സിറ്റൗട്ടിൽ തന്നെ ഇരുന്നു.. അപ്പോഴേക്കും അമ്മ ചായ കൊണ്ടുവന്നു...

"" ഒന്നുമല്ല, നാളെത്തൊട്ട് എല്ലാത്തിനും ജോലിക്ക് പോണം, ഇന്നൂടെയേ ഫ്രീയായിട്ട് കിട്ടൂ.. അതോണ്ട് വന്നതാ.., നീ വാ, നമ്മക്ക് ഷാപ്പിൽ പോവാം.."" യാഷി പറഞ്ഞു.. 

ഇതുകേട്ട് ചായ കൊടുത്ത് തിരിച്ച് അകത്തേക്ക് കയറിയ അമ്മ റിവേഴ്സ് ഗിയറിട്ടുകൊണ്ട് വാതിൽക്കൽനിന്ന് തല പുറത്തേക്കിട്ട് യാഷിയെ ഒന്നു തറപ്പിച്ച് നോക്കി.. അത് കണ്ട് യാഷി അയ്യത്തടാ! എന്നായി!!

"" അയ്യേ!! അമ്മ വിചാരിക്കും പോലെ ഒന്നുമില്ല!! ഷാപ്പിലെ കൊള്ളിയും മീൻകറിയും ബീഫ് വരട്ടിയതും ഒക്കെ കഴിച്ച് വയറുഫുള്ളാക്കാൻ വേണ്ടിയാ!! അല്ലാതെ ഞങ്ങളൊക്കെ കള്ള് കൈ കൊണ്ട് പോലും തൊടാറില്ല!!!"" യാഷി തടി തപ്പാൻ നോക്കി.. 

""ഉവ്വ!! കൊറേ കേട്ടിട്ടുണ്ട്... നാറ്റമടിച്ച് നാലുകാലിൽ കേറിവന്നാൽ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും നാലിൻ്റേം! പറഞ്ഞേക്കാം.. ഹാ..."" അമ്മ നാലിനേം തുറിച്ചുനോക്കിക്കൊണ്ട് അകത്തേക്ക് പോയി.. വല്ല കാര്യോം ഒണ്ടായിരുന്നോ എന്ന മട്ടിൽ ആദി യാഷിയെ നോക്കി...

ഇതിനിടയ്ക്ക് അയാൾ ഫോണെടുത്ത് സൈലൻ്റിൽ നിന്നും മാറ്റി വച്ചിരുന്നു.. അടുത്തുവച്ചിരുന്ന ഫോണിൽ ഒന്നുരണ്ടു മെസ്സേജിൻ്റെ ശബ്ദം കേട്ട് അയാൾ ഫോണെടുത്ത് നോക്കി.. പെട്ടെന്ന് തൊട്ടടുത്തിരുന്ന അബ്ദു ഫോൺ തട്ടിപ്പറച്ച് വാങ്ങി..

"" ഇതാരാടാ ഈ ഡെവിൾ?""

"" എൻ്റെ ജീവിതത്തിൽ ആകെപ്പാടെ ഒരൊറ്റ പിശാച് അല്ലേ ഉണ്ടായിട്ടുള്ളൂ! ആ മൊതലുതന്നെ!""

"" ഇവൾക്കിനിയും നിൻ്റെ ചോര ഊറ്റിക്കുടിച്ച് മതിയായില്ലേ!! എന്ത് തേങ്ങയ്ക്കാ അവളിപ്പൊഴും മെസ്സേജ് അയക്കുന്നേ!! കെട്ടിയ കെട്ട്യോനെ മതിയായോ ഇത്ര പെട്ടെന്ന്! പഴയ ബന്ധം പുതുക്കാൻ വന്നതാണോടാ!!"" അബ്ദു കലിപ്പിച്ച് നോക്കി..

"" തേങ്ങാക്കൊല!! ബന്ധം പുതുക്കാൻ വന്നാൽ അവളുടെ പതിനാറടിയന്തരം ആവുമെന്ന് അവൾക്ക് നല്ലപോലെ അറിയാം.. ഇത് മറ്റേ ആ ശരണ്യേടേം മറ്റും പേരെഴുതിയിട്ടത് ഒഴിവാക്കണം എന്നും പറഞ്ഞ് റിക്വസ്റ്റ് ആയിട്ട് വന്നതാ.. കൂട്ടത്തിൽ കുറേ മെനഞ്ഞെടുത്ത കഥകളും വിസ്താരങ്ങളും..""

""ആയ്ശെരി!! അപ്പൊ അവളുടെ കൂട്ടുകാരെ പറഞ്ഞപ്പൊ അവൾക്ക് നൊന്തു!! അവൾക്കിഷ്ടമില്ലാത്തവരെ പറ്റി അവൾക്കെന്തും പറയാമല്ലേ! ഇത് ഞാൻ ഇന്നത്തോടെ തീർത്ത് തരാം.."" അബ്ദു മെസ്സേജ് തുറന്ന് നോക്കാൻ തുനിഞ്ഞു.. പെട്ടെന്നുതന്നെ അയാൾ തട്ടിപ്പറിച്ച് ഫോൺ തിരികെ വാങ്ങിച്ചു..

"" ഇതിൽ നിങ്ങളാരും ഇടപെടണ്ട.. അവളുടെ കുറച്ച് ഫ്രണ്ട്സ് ഇടപെട്ടതിൻ്റെയാണ് ഇതിങ്ങനെ വലിയ പ്രശ്നമായിപ്പോയത്.. ഇന്നേവരെ നിങ്ങളെ ആരെയും ഞങ്ങടെ പ്രശ്നങ്ങളിൽ ഇടപെടുത്തിയിട്ടില്ലല്ലോ, ഇതും ഞാൻ തന്നെ തീർത്തോളാം.."" അയാൾ പറഞ്ഞു.

"" എന്നാ നീ അത് വായിക്ക്, എന്താ അവള് പറയുന്നേ എന്ന് ഞങ്ങളൂടെ കേൾക്കട്ടെ,"" യാഷിയാണ് പറഞ്ഞത്..

അയാൾ മെസ്സേജ് തുറന്ന് വന്ന വോയ്സുകൾ പ്ലേ ചെയ്തു.

""നിങ്ങളീ ധരിച്ചുവച്ചിരിക്കുന്നതൊന്നുമല്ല സത്യം.. സത്യമെന്താണെന്ന് ഞാൻ പറഞ്ഞു കഴിഞ്ഞു.. നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കാം.. പിന്നെ, ഞാൻ ലാസ്റ്റ് ചെക്ക് ചെയ്തപ്പോഴും അവരുടെ പേര് നിങ്ങളുടെ പോസ്റ്റിൽ കണ്ടിരുന്നു.. പിന്നീട് നോക്കിയതുമില്ല, അതുകൊണ്ടാണ് മെസ്സേജെല്ലാം അയച്ചത്.. പേര് ഒഴിവാക്കിയെങ്കിൽ എനിക്ക് വേറെ ഒന്നും പറയാനില്ല.. പേര് കളഞ്ഞില്ലായിരുന്നെങ്കിൽ ശരണ്യയുടെ ബ്രദേഴ്സ് നിങ്ങളോട് സംസാരിക്കാനൊക്കെ ഇരിക്കുവായിരുന്നു എന്നാണ് അവൾ പറഞ്ഞത്.. നിങ്ങൾ അത്അ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ എനിക്ക് വേറൊന്നുംമില്ല.. അപ്പൊ ശരി, ഗുഡ് ബൈ...""

ഇത് കേട്ടതും അയാൾക്ക് കലി കയറി! ഉടനെത്തന്നെ അയാൾ ഫോണെടുത്ത് മറുപടി അയച്ചു..

"" എന്നാപ്പിന്നെ അവളുടെ ബ്രദേഴ്സ് വന്ന് സംസാരിക്കട്ടെ, കളഞ്ഞ പേര് ഞാൻ ഇപ്പൊത്തന്നെ തിരിച്ചിട്ടേക്കാം, അവര് തീരുമാനിച്ച സ്ഥിതിയ്ക്ക് ഞാനായിട്ട് അത് മുടക്കുന്നില്ല.. ബാക്കി അപ്പൊ നോക്കാം.."" അയാളുടെ ശബ്ദത്തിൽ വാശിയും ദേഷ്യവുമെല്ലാം ഉണ്ടായിരുന്നു.. വെറിപിടിച്ച് അയാൾ ആ പോസ്റ്റിൽ വീണ്ടും അവരുടെയെല്ലാം പേര് എഴുതിച്ചേർത്തു!  മദം പൊട്ടിയ ആനയെ പോലെ അയാളിൽ പക നുരഞ്ഞുപൊന്തുന്നത് കണ്ട് മൂന്നുപേരും അന്തംവിട്ടു!! ഉടനെതന്നെ അവളുടെ റിപ്ലേ വന്നു..

""അയ്യോ! അതങ്ങനെയല്ല!! നിങ്ങളോട് നല്ല രീതിയിൽ ഒന്ന് സംസാരിച്ചുനോക്കാണം എന്ന രീതിയിലാണ് പറഞ്ഞത്, അല്ലാതെ വേറൊന്നുമല്ല, നിങ്ങളിനിയത് വേറെ രീതിയിൽ എടുത്ത് കളഞ്ഞത് വീണ്ടും ഇടല്ലേ!! ഇനി വീണ്ടും ഒന്നേന്ന് തുടങ്ങരുത്... പ്ലീസ്, ഞാൻ കാലുപിടിയ്ക്കുവാണെന്ന് കരുതണം..""

"" നല്ലരീതിയിൽ ആണെങ്കിലും അല്ലെങ്കിലും അവർ തീരുമാനിച്ച സ്ഥിതിയ്ക്ക് അവർക്ക് പറയാനുള്ളത് കേട്ടിട്ടേ ഉള്ളൂ ബാക്കി കാര്യം.. ഇനി മേലാൽ ഈ കാര്യം പറഞ്ഞ് എനിക്ക് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്തേക്കരുത്.. ഞാനിനി അത് തിരുത്താൻ ഉദ്ദേശിക്കുന്നില്ല, ഇതിവിടെ വച്ച് നിർത്തിക്കോണം.."" എന്നും പറഞ്ഞ് അയാൾ ഫോൺ ബലമായി തേഴേക്ക് വച്ചു.. അയാളുടെ ശ്വാസോച്ഛാസത്തിൻ്റെ വേഗത കൂടിയിരുന്നു.. പെട്ടെന്നുതന്നെ ഫോൺ വീണ്ടുമെടുത്ത് അയാൾ അവളുടെ നമ്പർ ബ്ലോക്കും ചെയ്ത് ഡിലീറ്റാക്കി കളഞ്ഞു.. തിരികെ ഫോൺ വച്ച് വീണ്ടും കലിപ്പ് തീരാത്തതുപോലെ താഴെ നോക്കി ഇരിക്കുകയാണയാൾ...

അയാളിൽ ഉറങ്ങിക്കിടന്ന ഒരു നാഗവല്ലൻ ഉയർത്തെഴുന്നേറ്റതുപോലെയാണ് കൂട്ടുകാർക്ക് തോന്നിയത്... ആരെന്തുപറഞ്ഞാലും ദേഷ്യപ്പെടാതെ ചിരിച്ചുകൊണ്ട് പെരുമാറുന്ന അയാളെ മാത്രമേ ഇതുവരെ അവർ കണ്ടിട്ടുള്ളൂ!! തെല്ലുനേരത്തെ നിശബ്ദതയ്ക്കുശേഷം അയാൾ ഏതോ ലോകത്തുനിന്ന് തിരിച്ചുവന്നതുപോലെ അവരെ നോക്കി..

""ഞാനൊന്ന് ടോയ്ലറ്റിൽ പോയിട്ട് വരാം, എന്നിട്ട് ഫുഡ്ഡ് കഴിക്കാൻ പോകാം.. നിങ്ങളിരിക്ക്"" അയാൾ അകത്തേക്ക് പോകാൻ എഴുന്നേറ്റു... കിളി പോയതുപോലെ മൂന്നുപേരും പരസ്പരം നോക്കി ഇരിക്കുകയാണ്! 

അയാൾ അകത്തേക്ക് പോയതിനുപിന്നാലെ ആദി പതിയെ എഴുനേറ്റ് അയാളുടെ റൂമിലേക്ക് പോയി... അവിടെ അലമാര തിരഞ്ഞ് തോർത്ത് എടുക്കുകയായിരുന്നു അയാൾ.. ആദി മെല്ലെ അയാളോട് സംസാരിച്ചുതുടങ്ങി..

"" എടാ""

""എന്തേ?""

""എന്തിനുവേണ്ടിയാടാ ഈ പക? ആർക്കുവേണ്ടിയാ ഈ കലി?? നീയിപ്പൊ പഴയതുപോലെയേയല്ല.. ഒരുപാട് മാറി.. അവളെ നീ മനസ്സിലിട്ട് ഒരായിരംവട്ടം ഇപ്പോൾ തന്നെ കൊന്നുകഴിഞ്ഞില്ലേ.. ഇനി മതി.. നിന്നെ നീയല്ലാതാക്കുന്ന ഒന്നും നിൻ്റെ ഉള്ളിൽ കൊണ്ടുനടക്കേണ്ട.. ഈ ദേഷ്യവും വാശിയും ഒന്നും നമുക്ക് നല്ലതിനല്ല.. നിനക്ക് ഓക്കെയാവാൻ ഈ രണ്ടുവർഷക്കാലം മതിയായില്ലെങ്കിൽ ഇനിയും നീ സമയമെടുത്തോ, പക്ഷെ ഉള്ളിലിട്ട് ഇതിങ്ങനെ കനല് ചിക്കുന്നപോലെ ചികയാൻ നിക്കരുത്.. അത് നിന്നെത്തന്നെ ദഹിപ്പിച്ചുകളയും.. അവളൊരുജീവിതം തുടങ്ങി, കോടാനുകോടി മനുഷ്യർക്കിടയിലെ ഒരാളെന്നപോലെ സൗകര്യപൂർവ്വം മറന്നുകളയേണ്ട ഒരാള് മാത്രമാണ് അവളിപ്പൊ.. നിനക്ക് നിന്നെ നഷ്ടപ്പെടാതെ നീ നോക്കിക്കോ.. നിന്നെ ഉപദേശിക്കാൻ ആരെക്കൊണ്ടും കഴിയില്ല, പക്ഷെ ഇപ്പൊഴത്തെ നിന്നെ നീ സ്വയം ഒന്ന് വിലയിരുത്തി നോക്കണം.. ആലോചിക്ക്, എന്നിട്ട് നിനക്ക് ശരിയെന്ന് തോന്നുന്നത് നീ ചെയ്തോ... ആ പഴയ നിന്നെ തിരികെ കിട്ടുമെങ്കിൽ കൊല്ലാനാണേലും ചാവാനാണേലും ഞങ്ങളുണ്ട് കൂടെ.. "" ആദിയെ പതിയെ പറഞ്ഞുകൊണ്ട് അവിടെ ഇരുന്നു..

"" അതിന് ഞാൻ ഓക്കെയാണെടാ.. ഇങ്ങോട്ട് ചൊറിയുമ്പൊ അങ്ങോട്ട് മാന്തിയെന്നേയുള്ളൂ.. എല്ലാം ചെയ്തുകൂട്ടിയത് ഒരു കൂസലുമില്ലാതെ നമ്മടെ മുൻപിൽ വന്ന് അഹങ്കാരത്തോടെ ഓരോന്ന് പറയുമ്പൊ ചുമ്മാതങ്ങ് കേട്ടിട്ട് പോയാ ശരിയാവില്ലല്ലോ! നീ ചെല്ല്, ഞാൻ ദേ വന്നു... ഉച്ചയ്ക്കലത്തെ ബീഫ് കുറച്ചധികമായെന്ന് തോന്നുന്നു.."" വയറുഴിഞ്ഞുകൊണ്ട് അയാൾ പറഞ്ഞു.. ചിരിച്ചുകൊണ്ട് ആദിയും മുറിയിൽ നിന്നിറങ്ങിപ്പോയി.. അയാൾ നേരെ ബാത്ത്റൂമിൽ കയറി വാതിലടച്ചു..

തോർത്ത് ഹാങ്ങറിലിട്ട് അയാൾ കണ്ണാടിയിലേക്ക് നോക്കിക്കൊണ്ട് അൽപ്പസമയം നിന്നു.. പതിയെ കണ്ണാടിയിൽ നിൽക്കുന്ന അയാൾക്കുള്ളിലെ മൃഗത്തെ അയാൾക്ക് കാണാറായി... തലയിൽ ചുവന്ന കൊമ്പുള്ള, നാവിൽ നിന്നും ചോരയൊലിക്കുന്ന തനിയ്ക്കുള്ളിലെ മൃഗം.. ആ മൃഗം ചെയ്തുകൂട്ടിയ വൃത്തികേടുകളും പാപങ്ങളുമെല്ലാം കണ്ണാടിയിൽ ഒരു സിനിമപോലെ തെളിഞ്ഞുവന്നു.. 

അയാൾ അവളോട് ചെയ്തുകൂട്ടിയതെല്ലാം വളരെ മോശം പ്രവർത്തികളായിരുന്നു.. ഒരാൾക്കും പൊറുക്കാൻ കഴിയാത്തവ.. അയാളുടെ നിമിഷസുഖത്തിനുവേണ്ടി അപ്പുറത്തുനിന്നവളുടെ മനസ്സറിയാതെ നിർബന്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.. സ്നേഹമെന്താണെന്നറിയാതെ, അതവൾക്കുകൂടി വേണ്ടുന്നതരത്തിൽ പ്രകടിപ്പിക്കാനാകാറിയാതെ കഴിച്ചുകൂട്ടിയ കാലമത്രയും നടന്ന ഓരോ സംഭവങ്ങളും അയാൾക്കുമുൻപിൽ തെളിഞ്ഞു.. അയാളോടുതന്നെ അയാൾക്കറപ്പുതോന്നി... തെറ്റാണ്, പൊറുക്കാനാവാത്ത തെറ്റ്.. അയാളുടെ ഭാഗത്തുനിന്നുണ്ടായിരുന്ന സംസാരങ്ങളിലധികവും ചെന്നെത്തിനിന്നത് ധ്വയാർത്ഥങ്ങളിലായിരുന്നു... ഒന്നുകാണാനുള്ള സന്ദർഭങ്ങൾപോലും വഴിമാറിപ്പോയത് അനാവശ്യങ്ങളിലേക്കായിരുന്നു.. 


അതെ, അവളുടെ ഭാഗത്തുനിന്നുനോക്കിയാൽ അനാവശ്യങ്ങളായിരുന്നു എല്ലാം... സ്വന്തം ഭാര്യയാണെങ്കിൽ പോലും മിനിമം കൊടുക്കേണ്ട സ്നേഹവും പരിഗണനയും പോലും പലപ്പോഴും അയാളിൽ നിന്നും ഉണ്ടായിരുന്നില്ല.. അവയെല്ലാം അനാവശ്യങ്ങളിലേക്കുള്ള വഴികൾ മാത്രമായിരുന്നു.. അൽപ്പനേരത്തെ കെയറിങ്ങും സ്നേഹത്തോടെയുള്ള നോട്ടങ്ങളും തലോടലുകളും സംസാരങ്ങളും മാത്രമായിരുന്നു അവളുടെ ആവശ്യങ്ങളെന്ന് മനസ്സിലാക്കാൻ അയാൾ വൈകിപ്പോയിരുന്നു.. അപ്പോഴേക്കും ചെയ്തുകൂട്ടിയവയെല്ലാം വലിയ വലിയ തെറ്റുകളായിമാറി... തിരുത്താൻ കഴിയാത്ത തെറ്റുകൾ...പരിഹാരമില്ല, പശ്ചാത്താപത്തിന് മാപ്പുമില്ല..പെണ്ണിൻ്റെ മനസ്സുവേദനിച്ചാൽ അതിനപ്പുറം ഒരാണിൻ്റെ ചങ്കിലെ തീയ്ക്ക് വിലയുമില്ല.. മാപ്പർഹിക്കാത്ത തെറ്റൊന്നുമല്ലായെങ്കിൽ പോലും, അവൾക്ക് മാപ്പാക്കാൻ കഴിയാത്തിടത്തോളം അയാൾ ചെയ്തെല്ലാം തെറ്റായിത്തന്നെ തുടരും.. 

തിരിച്ച് അയാളുടെ ഭാഗത്തുനിന്നുനോക്കിയാൽ അവൾ ചെയ്ത തെറ്റ് തുറന്നുപറച്ചിലുകൾ വൈകിയെന്നതും ചതിയും വഞ്ചനയും കരുതിക്കൂട്ടി ചെയ്തു എന്നതുമാണ്.. അതയാളെ പിടിച്ചുകുലുക്കിയതിന് അവളോട് ക്ഷമിക്കാൻ അയാൾക്കും കഴിയില്ല.. ത്രാസിലിട്ട് തൂക്കി നോക്കിയാൽ ആരാണ് കൂടുതൽ ബാധിക്കപ്പെട്ടതെന്ന് പറയാൻ പാടാണ്.. പക്ഷേ അയാളിൽ എപ്പോഴും കുറ്റബോധത്തിൻ്റെ കരിനിഴൽ പടർന്നിരിക്കുന്നതുകൊണ്ടുതന്നെ ഏറ്റവുമൊടുവിൽ അയാൾക്ക് അയാൾതന്നെയാണ് അയാളുടെ കഥയിലെ വില്ലൻ... ഏതുകാര്യത്തിലും മൂന്നുവശങ്ങളുണ്ടായിരിക്കുമല്ലോ.. ഒന്നയാളുടെ ഭാഗം, ഒന്നവളുടെ ഭാഗം.. മറ്റൊന്ന് ശരിയുടെ ഭാഗം..

ആദിയുടെ വാക്കുകൾ അയാളുടെ ഉള്ളിൽ അലയടിക്കുകയായിരുന്നു.. കൊടുങ്കാറ്റിൽ പെട്ട പായ്ക്കപ്പലിനെപ്പോലെ ഉത്തരമില്ലാത്ത ചുഴികളിൽപെട്ട് താണുയർന്നുകൊണ്ടിരുന്ന മനസ്സിന് കടിഞ്ഞാണിടാൻ അയാൾ കണ്ണാടിയിൽ നിൽക്കുന്ന മൃഗത്തിനോട് കണ്ണിൽ നോക്കി സംസാരിക്കാൻ തുടങ്ങി

"എന്തിനുവേണ്ടി? ആർക്കുവേണ്ടിയാണ് ഈ വൈരാഗ്യം?"

"നമുക്കുവേണ്ടി.. നമ്മുടെ സമാധാനത്തിനുവേണ്ടി.."

"മറ്റുള്ളവരിൽ വെറുപ്പും വിധ്വേഷവും നിറച്ചുകൊണ്ടുവേണോ നമ്മുടെ സമാധാനം?"

"ഈ പറഞ്ഞ മറ്റുള്ളവരുടെ സമാധാനത്തിനുവേണ്ടി നമ്മുടെ സമാധാനം കളഞ്ഞത് നെറികേടല്ലേ? അവരുടെ സ്വാർത്ഥതയ്ക്കുവേണ്ടി നമ്മുടെ ജീവിതം തുലച്ചത് ശരിയാണെന്നാണോ പറയുന്നത്? കരുതിക്കൂട്ടി പ്ലാൻ ചെയ്ത് നടപ്പാക്കിയ ചതികളൊക്കെയും സാരമില്ലെന്ന് പറഞ്ഞ് ഒഴിവാക്കാനാകുമോ? കൊല്ലണ്ടേ അവരെ?"

"എന്നുവച്ച് നമ്മളും അവരെപ്പോലെയാവണോ? നെറികെട്ട ഈ ലോകത്ത് നമ്മുടേതുപോലെ മറ്റുള്ളവരിലും കരുണ പ്രതീക്ഷിച്ചത് നമ്മുടെ മാത്രം തെറ്റല്ലേ?"

"തെറ്റും ശരിയും എല്ലാവർക്കും അവരവരുടെ കാഴ്ച്ചപ്പാടുകളിൽ പലതാണ്.. നമുക്ക് ശരിയെന്ന് തോന്നിയവ നമ്മൾ ചെയ്തു.. അത് തെറ്റായിരുന്നെന്ന് ഇനിയെന്തിനുകരുതണം?"

"ശരിയാണ്, തെറ്റുകൾക്കും ശരികൾക്കും ഒരൊറ്റ നിർവചനമേയുള്ളൂ, അവരവരുടെ കാഴ്ച്ചപ്പാടുകളിൽ എല്ലാം ശരിയായിരിക്കാം.. പക്ഷേ അത് മറ്റൊരാളുടെ കണ്ണീരുകണ്ടുകൊണ്ടാവരുത്.."

"അപ്പോൾ അവളുടെ കണ്ണീരിനു മാത്രമാണോ വില? നമ്മുടെ കണ്ണീരെല്ലാം കല്ലായിരുന്നോ?"

"കാരണക്കാർ നമ്മളായിരുന്നില്ലേ? എല്ലാം തുടങ്ങിവച്ചത് നമ്മളല്ലേ? ചെയ്തുകൂട്ടിയതിന് കിട്ടിയ തിരിച്ചടിയായിരുന്നില്ലേ നമ്മുടെ കണ്ണീരും തകർന്ന ഹൃദയവും?"

"എന്നുവച്ച്? അവൾ ചെയ്ത ചതിയും വഞ്ചനയും ഇല്ലാതാകുമോ? അവൾകാരണം നമ്മൾ അനുഭവിച്ചതെല്ലാം മറക്കാൻ കഴിയുമോ മരണം വരെ?"

"തിരിച്ചവൾക്കും അങ്ങനെ തന്നെയാവില്ലേ? നമ്മുടെ പ്രവർത്തികളൊന്നും അവൾക്കും മറക്കാൻ കഴിയുന്നില്ലെങ്കിലോ? "

"നമ്മളാരെയും ചതിച്ചിട്ടില്ല, വഞ്ചിച്ചിട്ടില്ല, പറ്റിച്ചിട്ടുമില്ല ഉപേക്ഷിച്ചിട്ടുമില്ല. ഇതെല്ലാം ചെയ്തതവളാണ്, അതെല്ലാം മറക്കാൻ കഴിയുന്നവയാണോ?"

" മറന്നുകളയാൻ ശ്രമിച്ചുനോക്കാമെടോ.. മനസ്സിൻ്റെ ഒരറ്റത്ത് കുഴിച്ചുമൂടാം.. മറന്നില്ലെങ്കിലും ഓർക്കാതിരിക്കാമല്ലോ.. "

" ഇങ്ങോട്ട് കിട്ടിയതിൻ്റെ പത്തിരട്ടി തിരിച്ചുകൊടുക്കാതെ മനസ്സ് ശാന്തമാവില്ല..  അടക്കിവച്ചാലാണ് അതിൻ്റെ വീര്യം കൂടുക.. അതിങ്ങനെ മനസ്സിനെ കാൻസർ പോലെ കാർന്നുതിന്ന് പടർന്നുപന്തലിക്കും.. പക, അത് വീട്ടാനുള്ളതാണ്.." 

"അതുകൊണ്ടുതന്നെയാ പറഞ്ഞത്  മനസ്സിനെ മുഴുവൻ കാർന്നുതിന്നുന്നതിനുമുൻപേ എല്ലാം അവസാനിപ്പിക്കാമെന്ന്.. പക വീട്ടുന്നതിനേക്കാൾ അത് നമുക്കുണ്ടാക്കുന്ന മാറ്റങ്ങളെയാണ് നമ്മൾ ഭയക്കേണ്ടത്.. "

"കഴിയില്ല, ഇതങ്ങനെയൊന്നും തീരുന്നതല്ല.. അത്രയേറെ നമ്മളെ ഇല്ലാതാക്കിയവരോട് ക്ഷമിക്കാനും എല്ലാം മറക്കാനും ഒരിക്കലും കഴിയില്ല..""


"ശ്രമിച്ചുനോക്കാമെന്നേ! മനുഷ്യരല്ലേ.. മാറും, മറക്കും, മരിക്കും.. അതിനിടയിൽ എന്തിനാണ്  ഈ പകയും വിധ്വേഷവും.. ഇക്കണ്ടകാലം വരെ ഒരാളോടുപോലും വഴക്കിനുപോകാത്ത, ഒരാളുടെ കണ്ണിലും കരടാകാത്ത, ഒരാളോടും മോശമായി പെരുമാറാത്ത ഒരു നമ്മളുണ്ടായിരുന്നില്ലേ.. ആ നമ്മളെ നമുക്ക് കൈമോശം വന്നാൽ പിന്നെ നമ്മളും ഈ നശിച്ച ലോകത്തിൻ്റെ അടിയാളരായിപ്പോവും.. ചെയ്യാൻ എന്തെല്ലാം നല്ലതുകിടക്കുന്നു... മുന്നോട്ടെത്ര നല്ലനിമിഷങ്ങൾ കിടക്കുന്നു.. അതെല്ലാം അനുഭവിക്കാനും ആസ്വദിക്കാനും നല്ല തെളിഞ്ഞ മനസ്സ് വേണം.. അതുകൊണ്ട് എല്ലാം ഇവിടെ വച്ച് നിർത്താം.. കഴിഞ്ഞതിൻ്റെ പുറകെ പോയി ഇനിയും നമ്മൾ നമ്മളല്ലാതാവേണ്ട.."

"ഒന്നുകൂടെ ആലോചിച്ച് നോക്ക്.. ആജീവനാന്തം നിന്നെവിട്ടുപോകാത്തത്രയും വലിയ വിശ്വാസവഞ്ചനയാണ് ഉള്ളിൽ കിടക്കുന്നത്.. എത്ര കുഴിച്ചൂമൂടാൻ ശ്രമിച്ചാലും അത് കുഴിതോണ്ടി പുറത്തുവരും.."

"വന്നാൽ വീണ്ടും കുഴിച്ചുമൂടാമെടോ.. തളർന്നുപോകാനും തോറ്റുകൊടുക്കാനും മനസ്സില്ലാത്തതുകൊണ്ടല്ലേ ഒറ്റയ്ക്ക് വഴിവെട്ടി ഇതുവരെ വന്നത്.. ഇനിയും അതങ്ങനെതന്നെ ആയിരിക്കും.. അതിനിടയിൽ ഒരു സാത്താൻ്റെ കുപ്പായം കൂടി എടുത്തണിയേണ്ട.. അവള് ജീവിക്കട്ടേ.. ദൈവം എന്നൊരാൾ മേളിലിരുന്ന് എല്ലാം കാണുന്നുണ്ടെങ്കിൽ, അങ്ങേരുടെ കണക്കുപുസ്തകത്തിൽ എഴുതിച്ചേർക്കപ്പെടാത്ത തെറ്റുകളൊന്നും തന്നെയുണ്ടാകില്ല.. കർമ്മഫലം അനുഭവിക്കാതെ നമ്മളാരും മണ്ണടിയില്ല.. let the karma do the thing.."

പതിയെ കണ്ണാടിയിലെ പ്രതിബിംബത്തിലെ കൊമ്പുകൾ മാഞ്ഞു.. നാവിലെ ചോരയും മാഞ്ഞു.. ഒരു കുമ്പിൾ വെള്ളമെടുത്ത് അയാൾ മുഖം കഴുകി.. കണ്ണാടിയിൽ നോക്കി മുഖം തുടച്ചുകൊണ്ട് ദീർഘമായി നിശ്വസിച്ചു.. മുഷിഞ്ഞ ഷർട്ടും മാറ്റി പുറത്തിറങ്ങി അയാൾ കൂട്ടുകാരുടെ  അടുത്തേക്ക് ചെന്നു.. ഉള്ളിനൊന്നുമൊളിപ്പിക്കാതെ, കൂടെനിന്ന് കുതികാലുവെട്ടാത്ത ഇങ്ങനെയും കുറച്ചുപേർ തനിക്കുചുറ്റും ഇപ്പോഴുമുണ്ടെന്ന് അയാൾ ആശ്വസിച്ചു..  കൂട്ടുകാരോടൊപ്പം അയാൾ പഴയ ആ അയാളാവാൻ ശ്രമിച്ചകൊണ്ടിരുന്നു.. പലപ്പോഴും കണ്ണാടിയിൽ നോക്കുമ്പോൾ തിരികെ തുറിച്ചുനോക്കുന്ന ഉള്ളിലെ ചെകുത്താൻ്റെ രൂപത്തെ അയാൾ  ചെറുപുഞ്ചിരിയോടെ അവഗണിക്കാൻ പഠിച്ചു..  ഇന്നലെകളിലെ നൊമ്പരങ്ങളും നാളെയിലെ പ്രത്യാശകളും മറന്നുകൊണ്ട്, ഇന്ന്, ഇപ്പോൾ, ഈ നിമിഷത്തിൽ മാത്രം ജീവിച്ചുകൊണ്ട് അയാൾ മുന്നോട്ടുപോകാൻ തീരുമാനിച്ചു..

അയാളുടെ മനസ്സിലെ അലയടികൾ പതിയെ നിലച്ചു.. അയാൾക്കുള്ളിലെ പായ്ക്കപ്പൽ വീണ്ടും ലക്ഷ്യത്തിലേക്ക് കുതിച്ചു...


ശുഭം.




വാൽക്കഷ്ണം: ഇതിലെ അയാളും അവളുമെല്ലാം ചിലപ്പോൾ നിങ്ങൾ കണ്ടുമറന്ന മുഖങ്ങളായിരിക്കാം, ചിലപ്പോൾ നിങ്ങൾ തന്നെയായിരിക്കാം.. എങ്കിൽ നിങ്ങൾ സ്വയം ഒന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു.. അയാളുടെ സ്ഥാനത്ത് അവളായിരുന്നെങ്കിലും തിരിച്ചവളുടെ സ്ഥാനത്ത് അയാളായിരുന്നെങ്കിലുമെല്ലാം അവസ്ഥകൾക്ക് ഒരുപാടുമാറ്റങ്ങളുണ്ടായിയേക്കാം..  തെറ്റുകൾക്കും ശരികൾക്കുമെല്ലാം പല നിർവചനങ്ങളാണ്, അവയിൽ എല്ലാവർക്കും ഒരൊറ്റ ന്യായമേയുള്ളൂ.. കൂട്ടുകെട്ടിലായാലും പ്രണയബന്ധങ്ങളിലായാലും നമുക്കാരും കൂച്ചുവിലങ്ങിട്ടിട്ടില്ലെന്നും നമുക്ക് സ്വീകാര്യമല്ലാത്തവയെ സധൈര്യം തള്ളിപ്പറയാൻ ആരെയും ഭയക്കേണ്ടതില്ലെന്നും ഓർക്കണം.. ചെയ്തുകൂട്ടുന്നവയിലൊന്നും മറ്റൊരാളുടെ മനസ്സു വേദനിയ്ക്കുന്നില്ലെന്നോർക്കണം.. മനുഷ്യകുലത്തിൽ മാത്രമേയുള്ളൂ സ്വാർത്ഥതയുടെ പേരിൽ ചാവാനും കൊല്ലാനും നടക്കുന്ന കൂട്ടർ.. അത് നിങ്ങളാണോ എന്ന് ഇടക്കെങ്കിലും ചിന്തിക്കണം.. ഈ ലോകത്ത് നല്ലവരുമുണ്ടെന്നേ.. കണ്ണുതുറന്ന് നോക്കണം.. നല്ലത് കാണണം.. നല്ലതുചെയ്യണം... ഒരു ചെറുപുഞ്ചിരിയുടെ രൂപത്തിലെങ്കിലും അത് നമുക്ക് തിരിച്ചുകിട്ടും.. ഇങ്ങനെയൊക്കെയല്ലേ നമ്മളിവിടം വരെയൊക്കെ എത്തിയത്.. ഇനിയങ്ങോട്ടും അങ്ങനെതന്നെ ആവട്ടെ!! 

ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം തിരികെ കൊടുക്കാമെടോ❣️

Comments

Popular posts from this blog

ഓർമ്മപ്പൂക്കൾ