വെള്ളാരം കണ്ണുള്ള രാജകുമാരി
""അടുത്തതായി ഒരു ഗാനം ആലപിക്കാനായി എത്തുന്നു പാർവ്വതി അയ്ഷ മറിയ..""
ഓഡിറ്റോറിയത്തിൽ നിന്നുള്ള അനൗൺസ്മെൻ്റ് നേരിയ ശബ്ദത്തിലാണ് ഡ്രസ്സിങ്റൂമിൽ തൻ്റെ മകളെ ഒരുക്കുന്ന തിരക്കിലായിരുന്ന ദേവിയുടെ കാതിൽ പതിഞ്ഞത്.. മനസ്സിൽ പതിഞ്ഞ പേരായിരുന്നതിനാലായിരിക്കണം ആ മുറിക്കകത്തെ കോലാഹലങ്ങൾക്കിടയിലും ആ പേര് മാത്രം അവർ വ്യക്തമായി കേട്ടു.. ഒരുനിമിഷത്തെ ഞെട്ടലിൽ മകളെ ഡാൻസ് ടീച്ചറെ ഏൽപ്പിച്ച് ഓഡിറ്റോറിയത്തിലേക്ക് ആരെയോ തിരയുന്ന കണ്ണുകളോടെ അവർ നടന്നു..
നടത്തത്തിനിടയിൽ തന്നെ മൈക്കിലൂടെ ഒരു കൊച്ചുപെൺകുട്ടിയുടെ മധുരശബ്ദത്തിൽ " വരമഞ്ഞളാടിയ രാവിൻ്റെ മാറിൽ.. " എന്ന പാട്ട് താളത്തിൽ കേൾക്കാൻ തുടങ്ങിയപ്പോൾ അവരുടെ നടത്തിൻ്റെ വേഗത ഒന്നുകൂടെ കൂടി!!! നടക്കുകയായിരുന്നില്ല, അക്ഷരാർത്ഥത്തിൽ ഓടുകയായിരുന്നു അവർ.. മുന്നിൽ നിന്ന ഒന്നുരണ്ടുപേരെ വകഞ്ഞുമാറ്റി ഓഡിറ്റോറിയത്തിൻ്റെ വാതിൽക്കൽനിന്നും അകത്തേക്ക് തലയിട്ട് അവർ ആ ശബ്ദത്തിൻ്റെ ഉടമയെ തേടി.. പരിചയമുള്ള ആരെയോ കാലങ്ങൾക്കുശേഷം കണ്ടതുപോലെ അവരുടെ കണ്ണുകൾ തിളങ്ങി!!!
സ്റ്റേജിൽ ചെമ്പൻമുടികൾ വൃത്തിയായി പിന്നിയിട്ട വെള്ളാരം കണ്ണുകളുള്ള ഒരു പെൺകുട്ടി പാട്ടിൻ്റെ താളത്തിനൊത്ത് തലയാട്ടിക്കൊണ്ട് ആസ്വദിച്ചുപാടുന്നു.. തുടുത്ത കവിളുകളിലെ ചെറിയ നുണക്കുഴികൾ അവളുടെ നിഷ്കളങ്കമായ ചിരിയിൽ തിളങ്ങുന്നുണ്ടായിരുന്നു.. പാട്ടുകഴിയാറായപ്പോഴേക്കും തൻ്റെ മകൾ അവരെ തേടി അങ്ങോട്ടെത്തി..
""അമ്മേ, ഇതാണ് ഞാൻ പറഞ്ഞ പാർവ്വതി ചേച്ചി.. "" കുച്ചിപ്പുടിയുടെ മേക്കപ്പിൽ ആഭരണങ്ങൾ ഒതുക്കിക്കൊണ്ട് മകൾ പറഞ്ഞു.. സ്കൂളിലെ എല്ലാവരുടെയും പ്രിയങ്കരിയായ വെള്ളാരം കണ്ണുള്ള ചെമ്പൻമുടിക്കാരിയെപ്പറ്റി പുതുതായി ഈ സ്കൂളിലേക്ക് വന്ന ആദ്യദിവസം തന്നെ അവൾ ദേവിയോട് പറഞ്ഞിട്ടുണ്ടായിരുന്നു.. നിറഞ്ഞ കരഘോഷത്തോടെ പാട്ടുകഴിഞ്ഞ് ആ കുട്ടി ഇറങ്ങി വന്നപ്പോഴേക്കും കുച്ചിപ്പുടിയ്ക്കായി ദേവിയുടെ മകളെ വിളിച്ചു.. മകളെ സ്റ്റേജിലേക്ക് കയറ്റിവിട്ട് ദേവി നേരെ പോയത് പാർവ്വതിയുടെ അടുത്തേക്കാണ്..
കൂട്ടുകാരുടെ കൂടെ സംസാരിച്ചുനിന്നിരുന്ന പാർവ്വതിയെ ദേവി പിറകിൽ നിന്നും തട്ടിവിളിച്ചു..
തിരിഞ്ഞുനോക്കിയ പാർവ്വതിയെ കണ്ട് ഒരുനിമിഷം എന്തുപറയണമെന്നറിയാതെ അവർ സ്തംഭിച്ചുനിന്നുപോയി..
""എന്താ ആൻ്റി? "" നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് പാർവ്വതി ചോദിച്ചു.. അവൾക്കുമുൻപിൽ മുട്ടുകുത്തിയിരുന്ന് ദേവി അവളുടെ മുടിയിഴകളിൽ തലോടി..
""പാട്ട് ഗംഭീരമായിന്നു ട്ടോ.. മോൾടെ പേരെന്താ?""വെള്ളാരം കണ്ണുകളിലേക്കുതന്നെ നോക്കിയിരുന്ന ദേവി സന്തോഷവും സങ്കടവും കലർന്ന ശബ്ദത്തോടെ ചോദിച്ചു..
""പാർവ്വതി അയ്ഷ മറിയ.."" അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..
""അതെന്താ ഇങ്ങനെ വെറൈറ്റിയായൊരു പേര്! അമ്മ ഇട്ടതാണോ!!""
""അല്ല, എൻ്റെ അച്ഛനിട്ടതാ.. അച്ഛൻ പറയാറുള്ളത് എൻ്റെ ജാതിയും മതവുമൊന്നും വച്ച് എന്നെ ആരും വിലയിരുത്താൻ പാടില്ല, അതുകൊണ്ടാ ഇങ്ങനൊരു പേരിട്ടതെന്നാ! ""
"" കൊള്ളാം! എന്നിട്ട് മോൾടെ അച്ഛനും അമ്മയും ഒക്കെ എവിടെ!?""
""എനിക്ക് അമ്മയില്ല ആൻ്റി.. എൻ്റെ അച്ഛനും അമ്മയും എല്ലാം അച്ഛൻ തന്നെയാ.. അച്ഛനു ജോലിത്തിരക്കുണ്ട്, എത്താൻ വൈകും.. ആൻ്റിയുടെ പേരെന്താ??"" വളരെ സാധാരണമട്ടിൽ തന്നെയാണ് അമ്മയില്ലെന്നവൾ പറഞ്ഞത്.. അമ്മയില്ലാത്തതിൻ്റെ കുറവൊന്നും അവളെ ഇന്നേവരെ അറിയിച്ചിട്ടില്ലെന്ന് ദേവിക്ക് അവളുടെ ലാഘവത്തിൽ നിന്നുതന്നെ മനസ്സിലായി..
""എൻ്റെ പേര് ദേവി..."" ഹാൻ്റ് ബാഗിൽ നിന്ന് ഒരു ചോക്കലേറ്റ് എടുത്തുകൊടുത്തുകൊണ്ട് അവർ പറഞ്ഞു..
"" നല്ല പേരാണല്ലോ! ആൻ്റിയെ കാണാനും നല്ല ചന്തമുണ്ട് "" ദേവിയുടെ കവിളിൽ പിടിച്ചുകൊണ്ടവൾ പറഞ്ഞു..
"" മോൾടെ അമ്മയ്ക്ക് എന്തുപറ്റിയതാ?"" ദേവി വീണ്ടും ചോദിച്ചു..
"" ഒരാക്സിഡൻ്റിൽ മരിച്ചുപോയി.. പക്ഷേ അച്ഛൻ പറയാറുള്ളത് എന്നെ ആകാശത്തൂന്ന് ഏയ്ഞ്ജൽ കൊണ്ടുവന്നതാണെന്നാ!!"" പാർവ്വതി കുണുങ്ങിച്ചിരിച്ചു..
"" അതെന്താ അങ്ങനെ!""
""ഞാനെൻ്റെ അമ്മയെ കണ്ടിട്ടില്ല.. കണ്ട ഓർമ്മയില്ല, വീട്ടിൽ ഒരു ഫോട്ടോ പോലുമില്ല... അച്ഛനോട് അമ്മയെപ്പറ്റി ചോദിക്കുമ്പോൾ അച്ഛൻ ഒരു കഥപറയും.. നക്ഷത്രക്കണ്ണുള്ള ഒരു ഏയ്ഞ്ജലിനെ പറ്റി.. ആകാശത്തൂന്ന് ഒരു ഏയ്ഞ്ജൽ അച്ഛൻ്റടുത്ത് വന്നത്രേ.. എന്നിട്ട് അവര് കല്യാണം കഴിച്ചു.. പക്ഷേ ഏയ്ഞ്ജലിൻ്റെ കർത്താവിന് അത് ഇഷ്ടപ്പെടാത്തതുകൊണ്ട് കർത്താവ് വന്ന് ഏയ്ഞ്ജലിനെ കൂട്ടിക്കൊണ്ടുപോയി.. പോകാൻ നേരത്ത് ഒരു പള്ളിയുടെ മുന്നിൽ വച്ച് അച്ഛൻ്റെ കയ്യിൽ കൊടുത്തിട്ട് പോയതാണത്രേ എന്നെ! "" പാർവ്വതിയുടെ തിളങ്ങുന്ന കണ്ണുകൾ കൂടുതൽ വിടർന്നു...
""പാർവ്വതീ.. നീ ഇവിടെ നിൽക്കുവാണോ! ദേ , നിൻ്റെ അച്ഛൻ വന്നിട്ടുണ്ട്.. അങ്ങോട്ട് ചെല്ല്..."" അവളുടെ ക്ലാസ് ടീച്ചർ വന്ന് പാർവ്വതിയോട് പറഞ്ഞു.. കേട്ടപാതി കേൾക്കാത്ത പാതി പാർവ്വതി തുള്ളിച്ചാടിക്കൊണ്ട് അച്ഛൻ്റെയടുത്തേക്ക് ഓടി... ഓട്ടത്തിനിടയിൽ അവൾ ഒന്ന് തിരിഞ്ഞുനോക്കിക്കൊണ്ട് ദേവിയെ നോക്കി..
""അതേയ്! ആൻ്റിയെ കാണാൻ എൻ്റെ അച്ഛൻ പറയാറുള്ള കഥയിലെ ഏയ്ഞ്ജലിനെപ്പോലെ തന്നെയുണ്ട് കേട്ടോ!! അതേ നക്ഷത്രക്കണ്ണുകൾ..."" കുണുങ്ങിച്ചിരിച്ചുകൊണ്ട് അവൾ ഓടി.. പിറകെ പോയ ടീച്ചറോട് ദേവി പാർവ്വതിയെക്കുറിച്ച് അന്വേഷിക്കാനായി ചെന്നു.. പുറത്തേക്കുള്ള പടികളിലെത്തിയപ്പോഴേക്കും മുന്നിലെ കാഴ്ച്ചകണ്ട് അവർ പെട്ടെന്ന് ഒരു തൂണിൻ്റെ മറവിലേക്ക് മാറി നിന്നു...
കയ്യിലൊരു ഊന്നുവടിയും പിടിച്ച് പാർവ്വതിയെ വാരിപ്പുണർന്ന് സന്തോഷം പ്രകടിപ്പിക്കുന്ന ഒരാൾ.. നല്ല സുഹൃത്തുക്കളേപ്പോലെ കൊഞ്ചിച്ചും പൊട്ടിച്ചിരിച്ചും രണ്ടുപേരും കൂടെ കാറിൽ കയറി പോകുന്നത് ദേവി തൂണിൻ്റെ മറവിൽ നിന്നുകൊണ്ട് നോക്കുന്നുണ്ടായിരുന്നു... അത് കണ്ടിട്ടെന്നോണം പാർവ്വതിയുടെ ടീച്ചർ അടുത്തേക്കുവന്നു..
""കാണുന്നവർക്കെല്ലാവർക്കും വലിയ ആശ്ചര്യമാണ് ആ അച്ഛനും മകളും.. അമ്മയില്ലാതെ ഒരു പെൺകുട്ടിയെ ഇത്രയും നന്നായി വളർത്തുക എന്നത് ചില്ലറകാര്യമല്ലല്ലോ...""
""ശരിക്കും എന്തുപറ്റിയതാ അവർക്ക്.. "" ഇടറുന്ന ശബ്ദത്തോടെ അവർ ചോദിച്ചു..
"" അമീർ എന്നാ അദ്ദേഹത്തിൻ്റെ പേര്.. ഇവിടെ മകളെ ചേർക്കാൻ വന്നപ്പോൾ അമ്മയുടെ കൂടെ ഡീറ്റൈൽസ് വേണമെന്ന് പറഞ്ഞതിന് അമ്മയില്ല എന്നായിരുന്നു മറുപടി.. വേറെ മതത്തിലെ ഒരു പെൺകുട്ടിയെ സ്നേഹിച്ച് രജിസ്റ്റർ മാര്യേജ് ചെയ്തതിന് അവളുടെ വീട്ടുകാർ വന്ന് അയാളെ തല്ലിക്കൊല്ലാറാക്കിയിട്ട് അവളെയും കൊണ്ടുപോയി.. കുറേ കാലം കോമയിലായിരുന്നു.. അടിച്ച അടിയിൽ ഒരു കാലിൻ്റെ ചലനശേഷിയും പോയി.. പിന്നെ അതിൽ നിന്നെല്ലാം റിക്കവർ ആയപ്പോൾ ഒരു പള്ളിവക ഓർഫണേജിൽ നിന്ന് ദത്തെടുത്തുവളർത്തിയതാണ് പാർവ്വതിയെ എന്നാണ് പറഞ്ഞത്... അതിൻ്റെ ഡോക്യുമെൻ്റ്സും കാണിച്ചിരുന്നു.. പക്ഷേ ആളുകൾ പറയുന്നത് അത് അയാളുടെ തന്നെ മകളാണെന്നാണ്.. കല്യാണസമയത്ത് അവൾ പ്രഗ്നൻ്റായിരുന്നെന്നും, കൊച്ചിനെ നശിപ്പിക്കാൻ അവൾ സമ്മതിച്ചില്ലെന്നോ എന്തോ കോംപ്ലിക്കേഷൻസ് കൊണ്ട് അബോർഷൻ ചെയ്യാൻ പറ്റാഞ്ഞതാണെന്നോ കൊച്ച് പ്രസവത്തോടെ മരിച്ചെന്നോ മരിച്ചെന്നുപറഞ്ഞ് ഓർഫണേജിനു മുന്നിൽ കൊണ്ടിട്ടെന്നോ അയാൾ തിരഞ്ഞുകണ്ടുപിടിച്ചെന്നോ ഒക്കെ പറഞ്ഞുകേൾക്കുന്നുണ്ട്.. എന്തൊക്കെയാണെങ്കിലും അദ്ദേഹം നല്ല മനുഷ്യനാണ്.. പാർവ്വതിയെ പൊന്നുപോലെയാണ് നോക്കുന്നത്.. ഞങ്ങളുടെ അയൽപക്കമാണ്..."" ടീച്ചർ പറഞ്ഞുനിർത്തി..
ദേവി നിന്നനിൽപ്പിൽ കൈകാലുകൾ കുഴഞ്ഞ് താഴെ ഇരുന്നുപോയി!! അവളുടെ കണ്ണുകൾ നിറഞ്ഞു!! ദേഹമാകെ വിറയ്ക്കാൻ തുടങ്ങി... ഇതുകണ്ട് ടീച്ചർ പെട്ടെന്ന് കുറച്ച് വെള്ളമൊക്കെ എടുത്തുകൊണ്ടുവന്ന് കുടിക്കാൻ കൊടുത്തു...
"" ഓക്കെയാണോ? ഹോസ്പിറ്റലിൽ പോണോ?""
""കു.. കുഴപ്പമില്ല.. BP കൂടിയതിൻ്റെയാ... ഞാൻ ഓക്കെയാണ്.."" ടീച്ചറെയും താങ്ങി ദേവി പതിയെ എഴുനേറ്റ് നേരെ റെസ്റ്റ് റൂമിലേക്ക് പോയി... അവിടെ ചെന്ന് മുഖമെല്ലാം കഴുകി അവർ കണ്ണാടിയിലേക്ക് നോക്കി നിന്നു..
സാരിത്തുമ്പ് പതിയെ മാറ്റി വയറിലെ സിസേറിയൻ ചെയ്ത പാട് ഒരിക്കൽകൂടി നോക്കിക്കൊണ്ട് ഒരുതുള്ളി കണ്ണുനീർ കൂടെ ആ നക്ഷത്രക്കണ്ണുകളിൽ നിന്നും ഉതിർന്നുവീണു...
Comments
Post a Comment