ആത്മാവിൻ്റെ തേടൽ


ഇല്ല.. ഇനി മുൻപിലേക്ക് വഴിയില്ല... ഇതുവരെ കൺമുൻപിലുണ്ടായിരുന്ന കാൽപാദങ്ങളുടെ അടയാളങ്ങൾ കഴിഞ്ഞിരിക്കുന്നു.. തനിയ്ക്കുമുൻപേ വന്നവർ പാതിയിൽ ഉപേക്ഷിച്ച പ്രയാണം.. ഇക്കണ്ട മലയും കാടും കടന്ന് വന്യമൃഗങ്ങളുടെ ആക്രമണവും പ്രതീക്ഷിച്ച് തനിയ്ക്കുമുൻപേ പലരും ഇവിടംവരെ എത്തിയിട്ടുണ്ട്... ഇതിനപ്പുറത്തേക്ക് ഒരടിപോലും ആരും എടുത്തുവച്ചിട്ടില്ല..

ഇനിയങ്ങോട്ട് എന്ത്? ഏത് ദിക്കിലേക്കാണ് ഞാൻ പോകേണ്ടത്?? അറിയില്ല.. പറഞ്ഞുകേട്ടതും കാട് കാണിച്ചുതന്നതുമായ വഴികളിലൂടെ കഴിഞ്ഞ നാലുദിവസമായി അയാൾ നടക്കുകയാണ്... കയ്യിലുള്ള ഭക്ഷണവും വെള്ളവുമെല്ലാം തീരാറായി.. മുൻപ് വന്നവരും ഇതേ കാരണം കൊണ്ടായിരിക്കും തിരിച്ചുപോയത്... യാത്ര തുടങ്ങിയപ്പോൾ പത്തുമുപ്പത് കിലോ ഭാരമുള്ള ട്രാവൽബാഗും അതിനുപുറമേ ക്യാംപിങ് സാമഗ്രഹികൾ കയ്യിലുമായി വന്ന താനിപ്പോൾ കയ്യിൽ ഒരുകുപ്പി വെള്ളവും ഒരു പായ്ക്കറ്റ് ബിസ്കറ്റും മാത്രമായിട്ടാണ് നിൽക്കുന്നതെന്ന് അയാൾ വ്യാകുലപ്പെട്ടു..

തിരിച്ചുപോയാൽ വീണ്ടും ഇതുവരെ എത്താനുള്ളതൊന്നും കയ്യിലില്ല... കൂടുതൽ കരുതലോടെ വേറൊരു ദിവസം വരാൻ ഇനി എന്നാണ് കഴിയുക എന്നും അറിയില്ല.. മുന്നോട്ട് കാൽ വയ്ക്കാൻ മടിച്ചുനിന്നിരുന്ന കാലം കഴിഞ്ഞെന്ന് മനസ്സിലുറപ്പിച്ചതാണയാൾ.. ഒന്നിൽ നിന്നും പിന്തിരിഞ്ഞോടില്ലെന്ന് ശപദം ചെയ്തതാണ്.. അതുകൊണ്ടുതന്നെ അയാൾ ഒരു മരത്തിൽ മാർക്കിങ് കൊത്തിവച്ച് കുറച്ചുകൂടെ മുന്നോട്ട് നടന്നു...

കുറച്ചുനടന്നപ്പോൾ നല്ല കുളിർക്കാറ്റ് വീശുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു... കിളികളുടെ ശബ്ദവും... ഒന്ന് നിന്ന് ചെവികൂർപ്പിച്ചപ്പോൾ അത് പൊന്മാൻ കിളികളുടെ ശ്ബ്ദമാണെന്ന് അയാൾക്കുമനസ്സിലായി... അതെ.. താൻ തേടിയെത്തിയത് ഇവിടടുത്തുതന്നെയുണ്ട്... അയാളുടെ നടത്തത്തിൻ്റെ വേഗത കൂടി.. വളർന്നു പന്തലിച്ചുനിൽക്കുന്ന ചെടികളെ വകഞ്ഞുമാറ്റി അയാൾ ശബ്ദം കേട്ട സ്ഥലത്തേക്ക് കുതിച്ചു...

ഒരു വലിയ കുന്നായിരുന്നു അയാൾക്കുമുൻപിൽ.. വടി കുത്തി സർവ്വശക്തിയുമെടുത്ത് അയാൾ കുറേയധികം മുന്നോട്ട് ചെന്നപ്പോഴേക്കും കയ്യിലെ ബാക്കി വെള്ളവും ദാഹം മൂലം കുടിച്ചുവറ്റിച്ചു... തൻ്റെ കാതുകളിൽ പതിയെ കൂടിക്കൂടി വരുന്ന ശബ്ദങ്ങൾ അയാളുടെ മനസ്സിൽ സന്തോഷം നിറയ്ക്കുകയായിരുന്നു...

ഏന്തിവലിച്ച് കുന്നിൻ്റെ മുകളിൽ എത്തിയതും അയാളുടെ കണ്ണുകൾ വിടർന്നു!!! പല വർഷങ്ങളായി പലരും തിരഞ്ഞുവന്നിട്ടും കാണാതെപോയ ആ കാട്ടിനുള്ളിലെ നീരരുവി!!! പണ്ടാരാണ്ടോ കാട്ടുജാതിക്കാരുടെ വാക്കുകളിൽ നിന്നും പറഞ്ഞുകേട്ടത് എഴുതിയിട്ടത് മാത്രമേ പുറം ലോകത്തിന് ആ അരുവിയെക്കുറിച്ച് അറിവുള്ളൂ... കാടിനുള്ളിൽ വച്ച് ഉത്ഭവിച്ച് കാട്ടിനുള്ളിൽ തന്നെ പാറക്കെട്ടുകൾക്കിടയിൽ മറഞ്ഞുപോകുന്ന അരുവിയുടെ ഒരപൂർവ്വ കാഴ്ച്ച!!!

വലിയ ആഴമൊന്നുമില്ലാതെ മുട്ടറ്റം പോലുംമില്ലാത്ത തെളിനീരിൻ്റെ കഷ്ടിച്ച് രണ്ടുമീറ്റർ വീതിയിലുള്ള ആ അരുവി നേർത്ത ശബ്ദത്തിൽ ആർക്കുമൊരു ശല്യവുമില്ലാതെ ഒഴുകുകയായിരുന്നു.. അടിത്തട്ടിൽ നിറയെ ചെറിയ വെള്ളാരംകല്ലുകളുള്ള കാടിന് അരഞ്ഞാണം കെട്ടിയതുപോലെ വളഞ്ഞുകിടക്കുന്ന വശ്യസുന്ദരിയായ ആ അരുവിയുടെ ഓരത്തുനിന്ന് അയാൾ ആർത്തുവിളിച്ചു....

ക്യാമറയെടുത്ത് പല ആങ്കിളിലും ഫോട്ടോകളും വീഡിയോകളുമെടുത്തു നിറച്ചു... നല്ല തണുത്ത ശുദ്ധജലം മതിവരുവോളം അയാൾ കുടിച്ചു... തൻ്റെ പ്രയാണം ലക്ഷ്യം കണ്ടതിൻ്റെ നിർവൃതിയിൽ അയാൾ നെടുവീർപ്പോടെ ആ അരുവിയിൽ കാൽ നനച്ചുകൊണ്ട് അവിടെ അൽപ്പനേരം ശാന്തനായി ഇരുന്നു...

കുറേ കാലങ്ങളായി അയാളിൽ നിന്നും കുടിയിറങ്ങിയ സന്തോഷവും സമാധാനവുമെല്ലാം എവിടെനിന്നോ അയാളിൽ വന്നുനിറഞ്ഞു... സാധാരണ മിഡിൽക്ലാസുകാരൻ ചെറുപ്പക്കാരുടെ പതിവ് പ്രാരാബ്ധങ്ങളും എല്ലായിടത്തുനിന്നും ഏറ്റുവാങ്ങിക്കൊണ്ടിരുന്ന അവഗണനകളും തിരസ്കാരങ്ങളും കുറ്റപ്പെടുത്തലുകളും ഭാവിയെക്കുറിച്ചുള്ള അന്ത്യമില്ലാത്ത വ്യാകുലതകളും എല്ലാം കൊണ്ട് ഒന്നുചിരിയ്ക്കാൻ പോലും അയാൾ മറന്നിട്ട് വർഷങ്ങളേറെയായി... പഠിയ്ക്കുന്ന കാലം വരെ കൂട്ടുകാരുമൊത്ത് പോകാത്ത യാത്രകളില്ല, കയറാത്ത കുന്നും മലകളുമില്ല... അച്ഛൻ കിടപ്പിലായപ്പത്തോൾ തൊട്ട് ആരോടും പറയാതെ സ്വയം ഒതുങ്ങിക്കുടിയതും കുടുബഭാരം ചുമലിലേറ്റിയതും അയാളുടെ തന്നെ തീരുമാനമായിരുന്നു... മുന്നോട്ടിനിയെന്ത് എന്ന ചോദ്യചിഹ്നവുമായി മേലോട്ട് നോക്കിനിന്നപ്പോൾ കൂട്ടുകാരിലെ ചില കൂടപ്പിറപ്പുകളുടെ കൈപിടിച്ചുകയറ്റൽ ഒന്നുകൊണ്ടാണ് ഇപ്പോഴുള്ള പോലെയെങ്കിലും ഓടിക്കൊണ്ടിരിക്കുന്നത്...

ഓട്ടത്തിനിടയിൽ സ്വയം ജീവിക്കാൻ മറന്നെന്ന് അയാൾക്കുതന്നെ തോന്നിത്തുടങ്ങിയത് തലയിൽ നര കയറിത്തുടങ്ങിയപ്പോഴാണ്... ദിനവും ജോലി,വീട്,ലോൺ,കടങ്ങൾ എന്നിങ്ങനെ വട്ടംകറങ്ങിക്കൊണ്ടിരുന്ന അയാളുടെ ആത്മാവിനെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങൾക്കായുള്ള തുടക്കമായിരുന്നു കുറച്ചുദിവസങ്ങൾക്കുമുൻപെടുത്ത ദൃഡപ്രതിജ്ഞകൾ... അതിലൊന്നാണ് "തനിയ്ക്കുവേണ്ടിയും കുറച്ച് ജീവിക്കുക" എന്നത്...

തനിയ്ക്കെന്താണ് വേണ്ടതെന്നുള്ള ചോദ്യത്തിന് അയാൾക്കുത്തരമില്ലായിരുന്നു... മനസ്സുമുരടിച്ചുപോയൊരാൾക്ക് കുറച്ചുനേരത്തെ ശാന്തമായൊരുറക്കം തന്നെ ധാരാളമെന്നിരിക്കെ അയാൾ അതിനപ്പുറത്തേക്കെന്ത് എന്ന് തന്നോട് തന്നെ ദിനംപ്രതി ചോദിച്ചുകൊണ്ടിരുന്നതിനിടയ്ക്കാണ് പഴയൊരാർട്ടിക്കിളിൽ ഈ ആരും കാണാത്തൊരു അരുവിയെപ്പറ്റി വായിച്ചത്... ചോർന്നുപോയ പഴയ വീര്യം വീണ്ടെടുത്ത് അയാൾ ആ അരുവിയെ തേടിയിറങ്ങി... കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിച്ച് പലരെയും കണ്ടും കേട്ടും അറിഞ്ഞതെല്ലാം വച്ച് തേടിയിറങ്ങിയ ആ പ്രകൃതിയുടെ കരവിരുത് ഇപ്പോൾ അയാളുടെ കാൽക്കീഴിലുണ്ട്...

മനസ്സും കണ്ണും നിറഞ്ഞ് കുപ്പിയിൽ ആ ശുദ്ധജലവും നിറച്ച് തിരിച്ചുപോകാൻ തുടങ്ങവേ അയാൾ ഒന്ന് ദീർഘനിശ്വാസത്തോടെ തിരിഞ്ഞുനോക്കി...

തേടിവന്നത് അരുവിയായിരുന്നില്ല, അത് വഴിയിലെങ്ങോ നഷ്ടപ്പെട്ട തന്നെത്തന്നെയാണെന്ന് മനസ്സിലാക്കാൻ അയാൾക്ക് ആ ഒരു നോട്ടം മതിയായിരുന്നു....


Comments

Popular posts from this blog

പായ്ക്കപ്പൽ (നോവൽ)

ഓർമ്മപ്പൂക്കൾ