ഇന്നും പതിവുപോലെ പോസ്റ്റ്മാൻ കത്തുകൊണ്ടുവന്നു... അയാൾ ഈ വീട്ടിലേക്ക് താമസം മാറി വന്നതിൽപിന്നെ മുടങ്ങാതെ എല്ലാമാസവും വന്നുകൊണ്ടിരിക്കുന്നതാണ് ചുവന്ന എൻവലപ്പിലുള്ള ആ കത്തുകൾ.. അതിൽ വളരെ നേർത്ത വയലറ്റ് നുലുകൾ കൊണ്ട് ഒരു കെട്ടുണ്ടാകും എപ്പോഴും.. അരക്ക് ഉരുക്കിയൊഴിച്ച് ആ കെട്ടിൽ സീലുവച്ചിട്ടുണ്ടാകും എല്ലാ കത്തിലും.. സീലിൽ ചെറുതായി പതിഞ്ഞുകാണുന്ന ഒരു മയിൽപ്പീലിയുടെ ചിഹ്നവും...
"" നിരഞ്ജൻ , മാളിയേക്കൽ വീട് , ഒളമറ്റം, തൊടുപുഴ "" എന്നൊരു 'ടു' അഡ്രസ്സ് മാത്രമേയുള്ളൂ അതിൽ... മറുപുറത്ത് "" നിനക്കായ് മാത്രം... ജാനി "" എന്നൊരെഴുത്ത് മാത്രം.. വളരെ വൃത്തിയായി ഉരുട്ടിയെഴുതിയിരിക്കുന്ന മനോഹരമായ അക്ഷരങ്ങൾ... മലയാളം ഇത്രയും ഭംഗിയായി എഴുതാമെന്ന് അത് കണ്ടപ്പോഴാണ് അയാൾക്ക് മനസ്സിലായത്... കയ്യക്ഷരം ഇത്ര മനോഹരമാണെങ്കിൽ അതിൻ്റെ ഉടമ എത്ര സുന്ദരിയായിരിക്കുമെന്ന് കത്തുകൾ വരുമ്പോഴെല്ലാം അയാൾ ഓർക്കാറുള്ളതാണ്...
ഫോണും സോഷ്യൽ മീഡിയയും അരങ്ങുവാഴുന്ന ഇന്നത്തെ കാലത്ത് ഇപ്പോഴും ഇങ്ങനെ കത്തെഴുതുന്ന ഒരാളെപ്പറ്റി അതിശയത്തോടെയാണ് അയാൾ ഓർക്കാറ്... പലപ്പോഴും അതെല്ലാം പൊട്ടിച്ച് വായിച്ചുനോക്കാൻ അയാളുടെ കൈ തരിച്ചിട്ടുള്ളതാണ്.. പക്ഷേ നിരഞ്ജനുവേണ്ടി മാത്രമായ് ജാനി എഴുതുന്ന ആ വാക്കുകൾ വായിക്കാൻ താനർഹനല്ലെന്ന് അയാളുടെ ഉള്ളിൽനിന്നാരോ പറയാറുണ്ടായിരുന്നു...
എന്തായിരിക്കും ആ കത്തുകൾക്കുള്ളിൽ?? പ്രണയം തന്നെയായിരിക്കും.. കത്തിൽ പുരട്ടിയിരിക്കുന്ന കസ്തൂരിയുടെ മണം ആരെയും മത്തുപിടിപ്പിക്കുന്നതുപോലെ നിരഞ്ജനെയും അവരുടേതായ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നിരിക്കണം.. അതോ വിരഹമോ?? ഒരിക്കലും ഒന്നിച്ചുചേരാനാവാതെ പോയിട്ടും ജാനിയുടെ മനസ്സിലെ ഏങ്ങലടികൾ നിരഞ്ജനെ തേടി വരുന്നതായിരിക്കുമോ?? അറിയില്ല...
ഈ വീട്ടിൽ ഒരുപാട് തപ്പിയിട്ടും നിരഞ്ജൻ എന്നൊരു താമസക്കാരൻ്റെ യാതൊരു വിവരവും കിട്ടിയില്ല... അയൽപക്കത്തുള്ളവർക്കെല്ലാം താൻ വരുന്നതിനുമുൻപ് ഇവിടെ ഒരു കൗമാരക്കാരൻ പയ്യനുണ്ടായിരുന്നതായി മാത്രം അറിയാം.. അധികമാരോടും സംസാരിക്കാതെ മുഴുവൻ സമയവും ഒരു റേഡിയോയിൽ പഴയപാട്ടുകളും അതിനൊപ്പം താളത്തിലുയർന്നുപൊന്തുന്ന സിഗരറ്റിൻ്റെ പുകയും മാത്രമേ തൊട്ടപ്പുറത്തെ വർഗീസുചേട്ടൻ കണ്ടിട്ടും കേട്ടിട്ടുമുള്ളത്രേ.. സ്കൂൾ വിട്ടുവരുമ്പോൾ ചിലപ്പോഴെല്ലാം വയലിൻ്റെ മനം മയക്കുന്ന സംഗീതം കേൾക്കാറുണ്ടെന്ന് ജോണിക്കുട്ടി പറഞ്ഞു.. അധികമാരുമറിയാത്തൊരു മനുഷ്യനെത്തിരഞ്ഞ് ഈ കത്തുകൾ മാത്രം പിന്നെങ്ങനെ വരുന്നു???
ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി ഇന്നും ആ കത്ത് വന്നിട്ടുണ്ട്.. ഇതിപ്പൊ അഞ്ചാമത്തെയാണ്.. നിരഞ്ജൻ്റെ അഡ്രസ്സോ ഫോൺ നമ്പറോ ഒന്നും തന്നെ വീടിൻ്റെ ഓണറുടെ കൈയ്യിൽ ഇല്ലത്രേ.. ഡീറ്റൈൽസെല്ലാം എഴുതിവച്ചിരുന്ന ബുക്ക് ഓഫീസിലെ തീപിടുത്തത്തിൽ കരിഞ്ഞുചാമ്പലായി പോയെന്ന്!.. വല്ലാത്തൊരു വിധി!!! അയാളാ കത്തുകൾ വായിക്കരുതെന്ന് ഒടേതമ്പുരാനെന്തോ വാശിയുള്ളതുപോലെ.. തന്നാലാവുന്നവിധം അയാൾ ഒരുപാടന്വേഷിച്ചതാണ്... ഒരുതുമ്പും കിട്ടാഞ്ഞതിനാൽ ആ പാഴ്ശ്രമം അയാളും ഉപേക്ഷിച്ചു..
എപ്പോഴത്തെയും പോലെ അന്നത്തെ കത്തും മറ്റുകത്തുകളുടെ കൂടെ ആ പെട്ടിയിൽ സ്ഥാനം പിടിച്ചു.. അവ തമ്മിൽ തമ്മിൽ പറഞ്ഞുതീരാത്ത കഥകൾ പറഞ്ഞുകൊണ്ടേയിരുന്നു...
അദ്ധ്യായം 2
അയാളുടെ പേര് ശിവ.. ചെറിയൊരു തിരക്കഥാകൃത്താണ്... തന്റെ സ്വപ്ന സിനിമയുടെ കഥയെഴുതി തീർക്കാൻ വേണ്ടി എല്ലാ തിരക്കുകളിൽ നിന്നും മാറി സമാധാനമായിട്ടിരിക്കാൻ തിരഞ്ഞെടുത്ത വീടായിരുന്നു അത്... വന്നിട്ടിപ്പോൾ ഈ കത്തുകൾ കാരണം ഉള്ള സമാധാനം കൂടെ പോയിട്ടിരിപ്പാണ് കക്ഷി..
ആ കത്തുകളുടെ ഉള്ളടക്കം അറിയാതെ അയാൾക്ക് നേരാം വണ്ണം ഉറങ്ങാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.. അതിന്റെ ആക്കം കൂട്ടാനെന്നവണ്ണം പിന്നീട് അങ്ങോട്ട് ഒരു 3 മാസത്തേക്ക് കത്തുകൾ ഒന്നും തന്നെ കണ്ടില്ല!!!
എഴുതികൊണ്ടിരുന്ന കഥ പാതിയിൽ നിന്നു.. എഴുതികൂട്ടിയതെല്ലാം മേശപ്പുറത്ത് പൊടിപിടിച്ച് കിടാക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.. വലിച്ചുകൂട്ടിയ സിഗറെറ്റ്കുറ്റികൾ മാത്രം ഒരു വേസ്റ്റ് ബിൻ നിറച്ചുണ്ടായിരുന്നു..
അടുത്തിനി ആരോടും ചോദിക്കാൻ ബാക്കിയില്ല... ആർക്കും വലിയ പരിചയമില്ലാത്തൊരാളാണ് നിരഞ്ജൻ.. ഇടദിവസങ്ങളിൽ അയാൾ വയലിനും തൂക്കി ബസ്റ്റോപ്പിലേക്ക് പോകുന്നത് കാണാറുണ്ടെന്ന് ഒരാൾ പറഞ്ഞിരുന്നു.. ഏതു ബസ്സിൽ എങ്ങോട്ട് പോയെന്ന് അയാൾക്കും ദൈവത്തിനും മാത്രമറിയാം.. ജാനിയെ തേടി പോകാമെന്നുവച്ചാൽ പോസ്റ്റാഫീസിൽ ആകെയുള്ള രേഖ ഇടുക്കി ഹെഡ്ഡോഫീസിൽ നിന്ന് നേരിട്ട് വരുന്നതാണെന്ന് മാത്രമാണ്... തിരഞ്ഞുചെല്ലുന്ന ഓരോ വഴികളും ചെന്നെത്തി നിൽക്കുന്നത് അടഞ്ഞ വാതിലുകൾക്കുമുൻപിലാണെന്നത് ശിവയെ വല്ലാതെ അരിശം കൊള്ളിച്ചു..
പതിയെ നിരഞ്ജനെയും ജാനിയെയും ചിന്തകളിൽ നിന്ന് മാറ്റി നിർത്തി വീണ്ടും തൻ്റെ കഥയിൽ ശ്രദ്ധചെലുത്താനായി അയാൾ മനസ്സുകൊണ്ട് തയ്യാറെടുക്കുന്ന നേരത്താണ് പതിവില്ലാതെ വീണ്ടുമൊരു കവറുമായി പോസ്റ്റ്മാൻ വന്നത്...
അത് നിരഞ്ജനെ തേടിയുള്ളതുതന്നെയായിരുന്നു... പക്ഷേ ചുവന്ന എൻവലപ്പല്ല.., നൂൽകെട്ടോ സീലോ ഇല്ല.. ഒരു വലിയ വെള്ള കവർ.. എഴുത്തിലെ കയ്യക്ഷരം പക്ഷേ ജാനിയുടേതായിരുന്നു... ശിവയുടെ കണ്ണുകൾ വിടർന്നു!! അയാൾ ആ കവർ തുറന്നു..
നിധി കിട്ടിയ സന്തോഷത്തേടെ ആ കവർ തുറന്നു...
"" വിവാഹക്ഷണപ്പത്രിക
മാന്യമിത്രമേ..
ഞങ്ങളുടെ മകൾ 'ജനനി' വിവാഹിതയാവുകയാണ്...വരൻ.....""
മുഴുവനും വായിച്ചുനോക്കാൻ അയാൾ നിന്നില്ല... ജാനി മറ്റൊരുത്തൻ്റേതാവാൻ പോകുന്നു.!!! രണ്ടുമൂന്നുമാസം കത്തുകൾ ഇല്ലാതിരിക്കാൻ കാരണം അതുതന്നെയാണ്... അയാൾ ആ കവറിനുള്ളിൽ വേറെ വല്ല എഴുത്തുമുണ്ടോയെന്ന് ഒന്നുകൂടെ തപ്പിനോക്കി.. സാധാരണ അങ്ങനെയാണല്ലോ... അയാളുടെ തോന്നലുകൾ ശരിവയ്ക്കും വിധം ഒരെഴുത്ത് അതിലുണ്ടായിരുന്നു...
""നീ അവിടെയുണ്ടോ എന്നോ ഈ കത്ത് വായിക്കുന്നുണ്ടോ എന്നോ എനിക്കറിയില്ല.. എൻ്റെ കാത്തിരിപ്പിൻ്റെ അവസാനമാണിത്.. നീ വരില്ലെന്ന് കരുതുന്നു... വരരുത്...""
ആ കത്തിൻ്റെ അവസാനത്തെ വരികളിൽ മഷി പടർത്തിരുന്നു.. കണ്ണുനീരിറ്റുവീണതാണ്.. അതിൻ്റെ പാടുകളുമുണ്ട്... അത്രയേറെ വേദനയോടെ നിരഞ്ജനുവേണ്ടി കാത്തിരുന്ന ജാനിയെ വകവയ്ക്കാതെ അയാളിതെവിടെ പോയി കിടക്കുകയാണ്!!!
ശിവയുടെ ഉള്ളിലും വിജയിക്കാതെ പോയ ഒരു കാമുകനുണ്ടായിരുന്നതുകൊണ്ടായിരിക്കണം വരരുതെന്ന് പറഞ്ഞത് വരാൻ വേണ്ടിതന്നെയാണെന്ന് മനസ്സിലാക്കാൻ അയാൾക്ക് കൂടുൽ ചിന്തിക്കേണ്ടിയിരുന്നില്ല.. എങ്ങനെയെങ്കിലും നിരഞ്ജനെ കണ്ടുപിടിച്ച് കാര്യങ്ങൾ പറയണമെന്ന് അയാളുടെ മനസ്സ് ദൃഢനിശ്ചയിച്ചു... അയാൾ നേരെ ചെന്ന് ആ തുറക്കാതെ സൂക്ഷിച്ചുവച്ചിരുന്ന കത്തുകൾ കയ്യിലെടുത്തു...
ഒരൽപ്പം മടിച്ചിട്ടാണെങ്കിലും അയാൾ ആദ്യത്തെ കത്ത് പൊട്ടിച്ചു..
ചന്ദനക്കളർ പേപ്പറിൽ അടുക്കോടെ വരച്ചുവച്ചിരിക്കുന്ന മ്യൂസിക്ക് നോട്ട്സ് ആയിരുന്നു അതിൽ മുഴുവൻ!! നിരഞ്ജനെ പറ്റി എന്തെങ്കിലും വിവരം കിട്ടുമോ എന്ന് നോക്കിയാണ് അയാൾ അത് പൊട്ടിച്ചത്.. ഇത് വല്ലാത്തൊരു പ്രാന്ത് തന്നെ!! അയാൾ മനസ്സിൽ വിചാരിച്ചു.. തൊട്ടടുത്ത കത്ത് പൊട്ടിച്ച് വായിച്ചപ്പോഴോ!! അതിലാവട്ടെ എഴുതി നിറച്ചിരിക്കുന്ന കവിതകളും...
"" ഇന്നോളമെന്നിലായ് പെയ്തതില്ലൊരുമാരിയും
അകമേ കുളിർത്തില്ല നീ പെയ്തിറങ്ങിയപോൽ...
ഉയിരിൽ നിറയുന്ന സാന്ത്വനത്തേൻ തുള്ളികൾ
പകരുവാൻ നീയെൻ്റെ അരികിലില്ലിന്നിതാ...""
പ്രണയവും വിരഹവും കൂട്ടിക്കലർത്തിയ മനോഹരമായ വരികൾ... ജാനിയിലെ സ്നേഹം മുഴുവൻ ആ വരികളിൽ പ്രകടമാണ്... ഇത്രയേറെ നിരഞ്ജനെ പ്രാണനായ് കരുതിയിട്ടും എന്തേ അയാൾ അവളിൽ നിന്നും അകന്നുനിൽക്കുന്നു?? തന്നെയാരെങ്കിലും ഇതുപോലെ പ്രണയിച്ചിരുന്നെങ്കിൽ ഇടംവലം നോക്കാതെ പോയി പൊക്കിക്കൊണ്ടുവന്നേനെയെന്ന് ശിവ വെറുതേ കിനാവ് കണ്ടു.. കാരണം വാക്കുകളാൽ പറഞ്ഞറിയിക്കാൻ കഴിയാത്ത മത്തുപിടിപ്പിക്കുന്നതരം എഴുത്താണ് ജാനിയുടേത്.. കൂട്ടത്തിൽ കസ്തൂരിയുടെ മണവും.. ആരായാലും വീണുപോകും ആ കത്തുകളിൽ.. എന്നിട്ടും നിരഞ്ജൻ ഇതെല്ലാം ഇട്ടെറിഞ്ഞ് ഇതെവിടെപ്പോയി??
മറ്റുള്ള കത്തുകളിലും ഇതേപോലെ കവിതകളും മ്യൂസിക് നോട്ട്സുകളുമായിരുന്നു... ഇനിയെന്തുചെയ്യണമെന്ന് ചിന്തിച്ചിരുന്നപ്പോൾ പെട്ടെന്നെന്തോ ബുദ്ധിയുദിച്ചതുപോലെ ശിവ ആ കത്തുകളെല്ലാം പെറുക്കിയെടുത്ത് ഒരു ഷർട്ടും വലിച്ചിട്ട് പുറത്തേക്കോടി...!
അദ്ധ്യായം 3
"" എടാ ഞാൻ നിനക്ക് ചില മ്യൂസിക് നോട്ട്സിൻ്റെ ഫോട്ടാ അയച്ചിട്ടുണ്ട്.. നീ അതൊന്ന് നോക്കിയിട്ട് അതോ അതിനോട് സാമ്യമുള്ളതോ ആയ ട്യൂൺ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ എന്ന് പറ.. പെട്ടെന്ന് വേണം.."" ബൈക്കെടുത്ത് ടൗണിലേക്ക് പോകുന്നതിനുമുൻപ് ശിവ തൻ്റെ കൂട്ടുകാരൻ മ്യുസീഷ്യൻ ആദിയെ വിളിച്ചു പറഞ്ഞു.. ഒരുവിധം പുതിയ പിള്ളേരെല്ലാം ചെയ്യുന്ന മ്യൂസിക് എല്ലാം അവൻ തിരഞ്ഞുപിടിച്ച് കേൾക്കാറുള്ളതാണ്.. ഇനി എങ്ങാനും ഈ ട്യൂണുകൾ മുൻപേ നിരഞ്ജൻ വായിച്ചിട്ടുണ്ടെങ്കിലോ... പൊട്ടിച്ചുനോക്കിയ കത്തുകളിൽ നിന്നും ജാനി ഇന്നും ഇന്നലെയും തുടങ്ങിയ കത്തെഴുതലാണെന്ന് തോന്നുന്നില്ലാത്തതുകൊണ്ടാണ് ഏറ്റവും കുറഞ്ഞ സാധ്യതയാണെങ്കിൽ പോലും ഒന്ന് തപ്പിനോക്കാമെന്നുവിചാരിച്ച് ആദിയോട് പറഞ്ഞത്..
അങ്ങാടിയിലെത്തി നേരെ ചെന്നത് സുധാകരേട്ടൻ്റെ ചായക്കടയിലേക്കാണ്...
""ഹ!! സിനിമാക്കാരോ!! എന്നതാ ഈ വഴി കണ്ടിട്ട് കുറേ നാളായല്ലോ!! നമ്മളെയൊക്കെ മറന്നോ!!"" ചായ അടിച്ചുകൊണ്ടിരുന്ന സുധാകരേട്ടൻ വെറുതെ കുശലം ചോദിച്ചു..
"" ഓ!! മറന്നിട്ടൊന്നുമല്ല ചേട്ടാ.. കുറച്ചു തിരക്കിലായിരുന്നു.. ഒരു കാര്യത്തിൻ്റെ പിറകേ ഓടി ഓടി ഇങ്ങോട്ടിറങ്ങാനൊന്നും നേരം കിട്ടിയില്ല.. പതിവ് സ്പെഷ്യൽ ഒന്നെടുത്തേക്ക് "" ചില്ലുപെട്ടിക്കകത്തെ പരിപ്പുവടയെടുത്ത് ശിവ ബെഞ്ചിലിരുന്നുകൊണ്ട് പറഞ്ഞു.. നിമിഷനേരം കൊണ്ടുതന്നെ നല്ല കടുപ്പത്തിലുള്ള ആവി പറക്കുന്ന കട്ടൻ ടേബിളിലെത്തി..
"' ചേട്ടാ, ഇവിടെ അടുത്തെങ്ങാനും ഈ വയലിനും പാട്ടുമെല്ലാം പഠിപ്പിക്കുന്ന വല്ല സ്ഥലങ്ങളുമുണ്ടോ!!"" ചൂടു ചായ ഊതിക്കുടിക്കുന്നതിനിടയ്ക്ക് അയാൾ ചോദിച്ചു..
"" ഹ ഹ!! കഥയെഴുത്ത് വിട്ടിട്ട് എന്നതാ ഇനി പാട്ടുപഠിക്കാനുള്ള പുറപ്പാടാണോ!! ഇവിടെ അടുത്തൊന്നും അങ്ങനെ ഉള്ളതായി അറിവില്ലെന്നേ... അങ്ങ് തൊടുപുഴ ടൗണിൽ ഒന്നുരണ്ടെണ്ണമുണ്ടെന്ന് കേട്ടിട്ടുണ്ട്.. അവിടെ പോയി ചോദിക്കേണ്ടി വരും..."" പതിവ് തമാശകളോടെ തന്നെ സുധാകരേട്ടൻ പറഞ്ഞു.. പുള്ളി അല്ലെങ്കിലും എപ്പോഴും അങ്ങനെയാണ്, സീരിയസ്സായി വല്ലതും ചോദിച്ചാൽ പോലും ആദ്യം തമാശിച്ചിട്ടേ കാര്യം പറയൂ.. എത്ര ടെൻഷൻ തലയിലുണ്ടെങ്കിലും പുള്ളിയുടെ ചായയുടെ കൂടെയുള്ള അത്തരം സംസാരങ്ങൾ പതിയെ നമ്മളെ റിലാക്സാക്കും.. അതുതന്നെയാണ് എല്ലാവരേയും ഈ പെട്ടിക്കടയിലേക്ക് ആകർഷിക്കുന്നതും..
""എന്നാൽപിന്നെ തൊടുപുഴ വരെ ചെന്നന്വേഷിച്ചിട്ട് വരാം.. നിങ്ങടെ ഹെൽമെറ്റ് ഞാനൊന്നെടുക്കുന്നുണ്ടേ!! പോലീസ് പിടിച്ചാൽ കൊടുക്കാൻ കാശില്ലാത്തോണ്ടാ.."" കടയിലുണ്ടായിരുന്ന ഹെൽമെറ്റെടുത്ത് ശിവ പുറത്തോട്ടിറങ്ങി..
"" അത് ശരി!! ചായക്കാശില്ലെന്ന് പറയാതെ പറഞ്ഞതാണല്ലേ!!! ഇരുനൂറുപേജിൻ്റെ പറ്റ് ബുക്ക് ഒരെണ്ണംകൂടെ വാങ്ങിച്ചിട്ട് വാ വരുമ്പൊ... ഹെൽമെറ്റ് മറന്നുവച്ചേച്ചും വരരുത് ആകെ ഒന്നേയുള്ളൂ.. വൈകീട്ട് തിരിച്ചുപോവുമ്പൊ പോലീസുപിടിച്ചാ കൊടുക്കാൻ എൻ്റേലും കാശില്ല മോനേ!!"" സുധാകരേട്ടൻ ചിരിച്ചു..
വിട്ടടിച്ച് വേഗം തൊടുപുഴ ടൗണിലേക്ക് ചെന്ന് അവിടെയുള്ള ചില്ലറ കടക്കാരോടൊക്കെ അന്വേഷിച്ച് ഒന്നുരണ്ടു മ്യൂസിക് ക്ലാസുകളിലെല്ലാം അന്വേഷിച്ചു.. അവർക്കാർക്കും നിരഞ്ജനെയും ജാനിയെയും അറിയില്ല... ഇനിയും ഒന്നുരണ്ടു ഭാഗത്തുകുടെ നോക്കാനുണ്ട്... വഴിയരികിലെ ഒരു ചായക്കടയിൽ കയറി വീണ്ടുമൊരു ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കാണ് ആദിയുടെ ഫോൺ വന്നത്..
"" അളിയാ നിനക്കിതൊക്കെ എവിടുന്നുകിട്ടി!!! എൻ്റെ മോനേ അസാധ്യം!!! എന്തൊരു ഫീലാണ് ഓരോന്നിനും!! ഇതൊന്നും ഇന്നേവരെ ഞാനെവിടെയും കേട്ടിട്ടില്ല... ഇതൊക്കെ ആരുടെയാ?? ഒന്ന് മുട്ടിച്ചുതാടാ.. ഇതൊക്കെ പ്രോപ്പറായി റെക്കോർഡ് ചെയ്ത് ഇറക്കിയാൽ വേറെ ലെവലാണ്!! പുള്ളിയ്ക്ക് ഒരു പെയ്മെൻ്റും കൊടുത്തേക്കാം... നീ ആളെ പരിചയപ്പെടുത്തി താ..""
ആദി പറയാൻ പോകുന്നത് ഇതുതന്നെയായിരിക്കുമെന്ന് ശിവയ്ക്ക് മുൻപേ തോന്നിയതായിരുന്നു.. നിരഞ്ജനുവേണ്ടി മാത്രം എഴുതിയ വരികളും ചിട്ടപ്പെടുത്തിയ സംഗീതവുമല്ലേ.. ഹൃദയത്തിൽ നിന്നും വന്ന സംഗീതത്തിന് അതിൻ്റേതായ മഹത്വവുമുണ്ടായിരിക്കുമല്ലോ...
"" പുള്ളിയല്ല, പുള്ളിക്കാരിയാണ്... പക്ഷേ നീയിത് കണ്ട് വെള്ളമെറക്കണ്ട, ഇതിൻ്റെ അവകാശി ഒരാളേയുള്ളൂ.. അയാളല്ലാതെ മറ്റാരും അത് ഇപ്പൊ തൽക്കാലം കേൾക്കണ്ട.. നിൻ്റെ കുരുട്ടുബുദ്ധി വച്ച് എങ്ങാനും ആ ട്യൂണുകൾ കോപ്പിയടിച്ചാ... നെനക്കെന്നെ അറിയാല്ലോ... സ്റ്റുഡിയോ ഞാൻ കത്തിക്കും... നീ ഇപ്പൊ റഫ് ആയിട്ട് റെക്കോർഡ് ചെയ്ത് വച്ചതൊക്കെ ഡിലീറ്റാക്കിയേക്ക്.. അത് നിനക്കുള്ളതല്ല..."" ശിവ ശബ്ദം കനപ്പിച്ചു..
""ഏ! എന്ത്...!!! ഞാ... ഞാനോ!!! ഞാനെന്ത് റെക്കോർഡ് ചെയ്തെന്നാ!! നീയൊന്ന് പോയേ!! ചുമ്മ!!"" ആദി പരുങ്ങി...
""മോനേ ആദിക്കുട്ടാ... നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങിയതല്ലല്ലോ?? പണ്ട് ഒരുത്തൻ ഫോട്ടോസ്റ്റാറ്റുകടയിൽ കൊടുത്ത ഒരു ട്യൂണിൻ്റെ കുറച്ചുഭാഗം തുണ്ടുപേപ്പറിൽ കണ്ടപ്പൊ നീയത് നിൻ്റേതായ രീതിയിൽ ഒന്ന് മ്യൂസിക് ചെയ്തതിന് കൊണ്ട തല്ലൊന്നും മറന്നിട്ടില്ലല്ലോ ല്ലേ?? ഇതിലെങ്ങാനും നീ തൊട്ടാൽ പൊറത്തൂന്നല്ല അകത്തൂന്ന് തന്നെ നിനക്ക് കിട്ടും.. അതുകൊണ്ട് നീ ഇത് വിട്ട് പിടി കേട്ടോ..."" ശിവ ചിരിച്ചു..
എങ്ങനെയെങ്കിലും ഒന്ന് ഫേമസ്സാവാൻ നടക്കുന്ന ഒരുപാടുപേർക്കിടയിൽ പിടിച്ചുനിൽക്കാൻ ഇങ്ങനെ ചെറിയ കുനിഷ്ട് കാണിക്കാറുണ്ടെന്നേയുള്ളൂ.. ആള് പാവമാണ്.. അതുകൊണ്ട് ഒന്നു പേടിപ്പിച്ചുനിർത്തിയതാണ് ശിവ...
ചായകുടിച്ചൊണ്ടിരിക്കുന്നതിനിടയ്ക്കാണ് അവിടെ അച്ഛനെ സഹായിച്ചുകൊണ്ടിരുന്ന ആ കടക്കാരൻ ചേട്ടൻ്റെ മോൻ ഒരുത്തൻ ശിവയുടെ കയ്യിലെ ചുവന്ന കത്തുകൾ കണ്ട് അടുത്തുവന്ന് അതെടുത്തുനോക്കിയത്...
""ഇത് ജാനിച്ചേച്ചിയുടെയാണോ??"" സംശയത്തോടെ അവൻ ശിവയോട് ചോദിച്ചു...
അദ്ധ്യായം 4
ശിവയുടെ മുഖം വിടർന്നു!! നിരഞ്ജനെ തേടിയിറങ്ങിയിട്ട് ജാനിയെയാണ് കിട്ടിയത്! അപ്പോൾ ജാനിയും ഈ നാട്ടുകാരിയാണോ!! അവൻ കയ്യിലെ കത്തുകൾക്കിടയിൽ പരതിനോക്കി..
ഇല്ല.. തിരക്കിട്ട് ഇറങ്ങിയപ്പോൾ കല്യാണക്ഷണക്കത്ത് വീട്ടിലിട്ടിട്ടാണ് പോന്നത്.. ജാനിയുടെ പേരുമാത്രമേ നേരത്തെ നോക്കിയുള്ളൂ, അഡ്രസ്സ് ശ്രദ്ധിച്ചില്ല... അല്ലെങ്കിലും ധൃതിവച്ച് എപ്പോഴും ഓരോന്ന് മറക്കുന്നത് ശിവയുടെ സ്ഥിരം പരിപാടിയാണ്... ആ പയ്യൻ അപ്പോഴും ശിവയുടെ കയ്യിലെ കത്തുകളിലേക്ക് നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു..
""അതേ!! നിനക്ക് ജാനിയെ അറിയിമോ?""
""ആഹ്!! അറിയാലോ!! ഇവിടെ എപ്പോഴും വരാരുണ്ടായിരുന്നു പണ്ട്.. ദേ , ആ കാണുന്ന മ്യൂസിക് ക്ലാസിലേക്ക് കുറച്ചുമാസം മുൻപ് സ്ഥിരമായി വരുമ്പോ ഇവിടെ കേറി ചായകുടിച്ചേ പോകാറുള്ളൂ... എന്നോട് നല്ല കൂട്ടായിരുന്നു ജാനിച്ചേച്ചി.. ചേച്ചിയുടെ കയ്യിൽ എപ്പോഴും ഉണ്ടാകാറുള്ള ഡയറിയും ഇതേ പോലെയാ.. ചുവപ്പ് കളറിൽ ഇങ്ങനെ നൂലൊക്കെ കെട്ടിയിട്ട്.. എൻ്റെ പടമൊക്കെ ചേച്ചി അതിൽ വരച്ചിട്ടുണ്ടായിരുന്നു.. പെട്ടെന്ന് ഇത് കണ്ടപ്പൊ ചേച്ചിയുടെയാണെന്ന് തോന്നിപ്പോയി..""
അവൻ്റെ കണ്ണുകളിൽ ഒരു തിളക്കം ശിവ കണ്ടു.. മനുഷ്യർക്ക് അത്രത്തോളം സന്തോഷം സമ്മാനിച്ച് കൂടെയുണ്ടായിരുന്നവരെ ഓർക്കുമ്പോൾ എല്ലാവരുടേയും കണ്ണുകളിൽ കാണുന്ന തിളക്കം.. ഗൂഗിളിൽ നോക്കി വന്ന മ്യൂസിക് അകാദമി തൊട്ടടുത്തുതന്നെയാണ്.. അവിടെയും കൂടെയേ ഇനി ഈ ഭാഗത്ത് നോക്കാൻ ബാക്കിയുണ്ടായിരുന്നുള്ളു.. ശിവ പെട്ടെന്നുതന്നെ ചായകുടിച്ചുതീർത്ത് ആ പയ്യൻ്റെ കവിളിൽ നുള്ളിയിട്ട് വേഗം മ്യൂസിക്ക് ക്ലാസിലേക്ക് ഓടി..
നല്ലരീതിയിൽ ഇൻ്റീരിയർ എല്ലാം ചെയ്ത അത്യാവശ്യം വലിയൊരു അകാദമി ആയിരുന്നു അത്..
"" ഇവിടെ കുറച്ചുമാസങ്ങൾക്കുമുൻപ് നിരഞ്ജൻ,ജനനി എന്നുപേരുള്ള രണ്ടുപേർ വയലിൻ ക്ലാസിനു വന്നിരുന്നതായി അറിയാമോ?"" കയറിച്ചെന്ന് നേരെ റിസപ്ഷനിൽ ഉള്ള പെൺകൊച്ചിനോട് ശിവ ചോദിച്ചു..
""നിരഞ്ജൻ.... എനിക്ക് ഓർമ്മയില്ല, ഞാനിവിടെ പുതിയതാണ്.. നിങ്ങൾ സാറിനോട് ഒന്നുചോദിച്ചുനോക്കൂ, അദ്ദേഹമാണ് ഇവിടുത്തെ വയലിൻ ക്ലാസെല്ലാം എടുക്കാറുള്ളത്..."" ആ കൊച്ച് അപ്പുറത്തെ ചില്ലുകൾ കൊണ്ട് മറച്ച റൂമിൽ കുറച്ചുകുട്ടികളെ വയലിൻ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരാളെ ചൂണ്ടിക്കാണിച്ചു... അയാൾ പുറത്തുവരുന്നതും കാത്ത് ശിവ അവിടത്തെ കസേരയിൽ ഇരുന്നു..
അൽപനേരം കഴിഞ്ഞ് കുട്ടികളെല്ലാം ക്ലാസുകഴിഞ്ഞ് ഓരോരുത്തരായി പുറത്തേക്കുവന്നു.. കൂട്ടത്തിൽ ആ സാറും.. കുട്ടികളോട് ഓരോന്ന് സംസാരിച്ച് അവരെ പറഞ്ഞയക്കുന്ന കൂട്ടത്തിൽ അയാൾ ശിവയെ ശ്രദ്ധിച്ചു.. തിരക്കൊഴിഞ്ഞ് അയാൾ ശിവയുടെ അടുത്തേക്ക് വന്നു..
""നമസ്കാരം, ഞാൻ ആനന്ദ്.. എന്തുവേണം??"" അയാൾ കൂപ്പുകൈകളോടെ സ്വയം പരിചയപ്പെടുത്തി..
""സർ, എൻ്റെ പേര് ശിവ.. ഞാൻ ഇവിടെ വയലിൻ പഠിക്കാൻ കുറച്ചുമാസങ്ങൾ മുൻപേ വന്നിരുന്ന നിരഞ്ജനേയും ജനനിയെയും കുറിച്ച് അന്വേഷിച്ചുവന്നതാണ്... നിങ്ങൾക്ക് ഓർമ്മയുണ്ടോ?"" ശിവ കൈ കൊടുത്തുകൊണ്ട് ചോദിച്ചു..
""ഉവ്വ്!! അറിയാം.. അവരെ അത്രപെട്ടെന്നൊന്നും മറക്കാനാവില്ലല്ലോ.. ഇവിടെ വന്നിട്ടുള്ളവരിൽ ഏറ്റവും പാഷനേറ്റായി സംഗീതത്തെ കൊണ്ടുനടന്നിരുന്ന എൻ്റെ ബെസ്റ്റ് സ്റ്റുഡൻ്റ്സായിരുന്നു അവരുരണ്ടുപേരും.. എന്താ നിങ്ങൾക്കറിയേണ്ടേ? വരൂ, അപ്പുറത്തിരുന്നു സംസാരിക്കാം..""അയാൾ ശിവയെ തൻ്റെ ക്യാബിനിലേക്ക് ക്ഷണിച്ചു...
ശിവ എല്ലാ കാര്യങ്ങളും അയാളോട് വിസ്ഥരിച്ചുപറഞ്ഞു.. എല്ലാം കേട്ടിട്ട് അയാൾ ഒരു നെടുവീർപ്പോടെ അയാൾ കണ്ടിട്ടുള്ള നിരഞ്ജനെയും ജാനിയെയും പറ്റി പറഞ്ഞുതുടങ്ങി...
""പണ്ട് ഇവിടെ ബാലഭാസ്ക്കറിൻ്റെ ഒരു 10 ദിവസത്തെ വയലിൻ കോഴ്സ് ഞാൻ സംഘടിപ്പിച്ചിരുന്നു.. അതിലേക്ക് വന്നവരാണ് നിരഞ്ജനും ജനനിയുമെല്ലാം... ഒരുപാടുപേരിൽ നിന്നും അവർ രണ്ടുപേരും മാത്രമാണ് കോഴ്സ് കഴിഞ്ഞിട്ടും ഇവിടെ കുറച്ചുകാലം കൂടെ ഉണ്ടായിരുന്നത്.. നിരഞ്ജൻ ഒരു ദേശാടനപ്പക്ഷിയാണ്... അവൻ ഒരിടത്തും അങ്ങനെ സ്ഥിരതാമസക്കാരനല്ലെന്നാണ് പറഞ്ഞത്.. വയലിനിൽ പുതിയതെന്തെങ്കിലും പഠിയ്ക്കാനും മ്യൂസിക് ചെയ്യാനും ഇങ്ങനെ കറങ്ങിനടക്കുന്ന കൂട്ടത്തിലാണ്... ജനനി എറണാകുളത്തെ വലിയൊരു ബിൽഡറിൻ്റെ മകളും.. അവൾ ഈ കോഴ്സിനുവേണ്ടി മാത്രം ഇവിടെ വന്നുപോകാറായിരുന്നു പതിവ്.. കോഴ്സ് കഴിഞ്ഞും അവൾ ഇവിടെ വന്നുകൊണ്ടിരുന്നതുതന്നെ നിരഞ്ജനെ കാണാനായിരുന്നെന്ന് എനിക്കിപ്പോൾ തോന്നുന്നു... അവർ തമ്മിൽ പക്ഷേ പ്രണയത്തിലായിരുന്നെന്ന് എനിക്ക് തോന്നിയിട്ടില്ല, അവരിവിടെ സംസാരിച്ചിരുന്നതത്രയും സംഗീതത്തെ കുറിച്ചായിരുന്നു..."" ആനന്ദ് പറഞ്ഞുനിർത്തി..
തൻ്റെ ഊഹം ശരിയായിരുന്നെന്ന് ശിവയ്ക്ക് മനസ്സിലായി... നാടോടിയായി നടക്കുന്ന നിരഞ്ജന് ജാനിയുടെ നിറങ്ങൾനിറഞ്ഞ ജീവിതത്തിലേക്ക് കടന്നുചെല്ലാൻ കഴിയില്ലെന്ന് തോന്നിയതുകൊണ്ട് സ്വയം ഒഴിഞ്ഞുമാറിപ്പോയതായിരിക്കാം.. അതല്ലെങ്കിൽ സുസ്ഥിരമായൊരു ഭാവി മുന്നിൽ കാണാൻ കഴിയാത്തതുകൊണ്ട് വെറുതെ ജാനിയെക്കൂടി തൻ്റെകൂടെ കൂട്ടാൻ മനസ്സുവരാഞ്ഞിട്ടാവാം.. അല്ലെങ്കിലും ഒരു പ്രണയം തുടങ്ങിവയ്ക്കാൻ എളുപ്പമാണല്ലോ.. മുന്നോട്ടുള്ള ജീവിതം പലരും ചിന്തിക്കാറില്ല.. അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ പല ബ്രേക്കപ്പുകളും വിവാഹമോചനങ്ങളും ഉണ്ടാവില്ലായിരുന്നല്ലോ... അങ്ങനെ നോക്കുമ്പോൾ നിരഞ്ജൻ ജാനിയ്ക്കിപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന വേദനകൾ ഭാവിയിലെ തകർന്നുപോയേക്കാവുന്ന ജീവിതത്തേക്കാൾ എന്തുകൊണ്ടും നല്ലതാണെന്നയാൾക്കു തോന്നി...
""നിരഞ്ജൻ്റെ ഫോൺ നമ്പറോ യഥാർത്ഥ അഡ്രസ്സോ മറ്റോ ഉണ്ടോ? രജിസ്റ്ററിൽ ഒന്നു നോക്കാമോ?"" ശിവ ചോദിച്ചു.. ആനന്ദ് പഴയ രജിസ്റ്റർ തപ്പിയെടുത്ത് നിരഞ്ജൻ്റെ അഡ്രസ്സ് നോക്കി.. അതിലുള്ളത് താനിപ്പോഴിരിക്കുന്ന വീടിൻ്റെയാണ്.. അതിലൊരു ഫോൺ നമ്പർ കണ്ടപ്പോൾ ശിവയ്ക്ക് വളരെയധികം പ്രതീക്ഷ തോന്നി.. പക്ഷേ പ്രതീക്ഷകൾ തല്ലിക്കെടുത്തിക്കൊണ്ട് "the number you are calling is out of coverage area " എന്ന ശബ്ദമാണ് മറുതലയ്ക്കൽ കേട്ടത്..
മുന്നോട്ടുള്ള വഴിയിൽ പെട്ടെന്നൊരു മരം കടപുഴകി വീണതുപോലെ ശിവയ്ക്ക് തോന്നി.. ഇനിയെന്തെന്ന് ആലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് മറ്റൊരാശയം അയാൾക്ക് മനസ്സിൽ തോന്നിയത്..
""ഇവിടെ അവരുടെ കൂടെ വന്നിരുന്നവരുടെ നമ്പറെല്ലാം ഒന്ന് തരാമോ? ചിലപ്പോൾ ആർക്കെങ്കിലും കൂടുതലെന്തെങ്കിലും അറിയാമെങ്കിലോ?""
പത്തിരുപത്തഞ്ചോളം പേരുടെ നമ്പറും എഴുതിയെടുത്ത് ശിവ ആനന്ദിനോട് യാത്രപറഞ്ഞിറങ്ങി..
നേരം വൈകിത്തുടങ്ങിയിരുന്നു... സുധാകരേട്ടൻ്റെ ഹെൽമെറ്റ് തിരിച്ചുകൊടുക്കാനുള്ളതുകൊണ്ട് കൂടുതൽ നിന്നുതിരിയാതെ ശിവ തിരികേ വീട്ടിലേക്ക് വണ്ടിയെടുത്തു...
അദ്ധ്യായം 5
വീട്ടിലെത്തിയതും ശിവ ഓരോരുത്തരേയും നമ്പറുകൾ നോക്കി വിളിക്കാൻ തുടങ്ങി.. എല്ലാവർക്കും ചെറിയൊരോർമ്മ മാത്രമേ ഉള്ളൂ നിരഞ്ജനെയും ജാനിയെയും കുറിച്ച്.. പത്തുപതിനഞ്ചുപേരെ വിളിച്ചുകഴിഞ്ഞപ്പോഴാണ് നിഖിൽ എന്നൊരുത്തൻ കുറച്ചുകൂടെ വ്യക്തമായൊരു ചിത്രം തന്നത്...
""നിരഞ്ജൻ ഇവിടെ എൻ്റെയടുത്തുള്ളൊരു ആൻ്റിക് ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്, മ്യൂസിക് ക്ലാസ്സുള്ളപ്പോൾ ഒരുമിച്ചാണ് പോയിരുന്നതും.. പൊതുവെ കുറച്ച് അന്തർമുഖനായിരുന്നുവെങ്കിലും വയലിൻ്റെ കാര്യത്തിൽ അവന് നൂറുനാവായിരുന്നു... അവൻ വയലിൻ വായിക്കുന്നതുതന്നെ കാണാൻ എന്ത് രസമാണെന്നോ!! എത്ര പാടുള്ള നോട്ട് ആണെങ്കിലും അവൻ അനായാസം വായിക്കുമായിരുന്നു.. വയലിനിനോട് ഇഴകിച്ചേർന്ന് രണ്ടും ഒന്നാണെന്ന് തോന്നിപ്പോകും.. ബാലഭാസ്കർ സാർ പോകാൻ
നേരത്ത് അവനെ പ്രത്യേകം അഭിനന്ദിക്കുകകൂടി ചെയ്തിരുന്നു... നാളെ നിങ്ങൾ എൻ്റെയടുത്തുവരുകയാണെങ്കിൽ കൂടുതൽ സംസാരിക്കാം, നേരം വൈകി, എനിക്ക് കടയടച്ച് വീട്ടിൽ പോകണം, അതുകൊണ്ടാണ്..."" നിഖിൽ പറഞ്ഞു...
കുറച്ചകലെയെങ്ങോ ഉള്ള ഒരു സൂപ്പർമാർക്കറ്റിൻ്റെ ലൊകേഷനാണ് നിഖിൽ ശിവയ്ക്ക് അയച്ചുകൊടുത്തത്.. നിരഞ്ജനിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണെന്നുള്ള സന്തോഷത്തോടെ അയാൾ കിടന്നുറങ്ങി...
പതിവിലും നേരത്തെതന്നെ അയാൾ ഉണർന്നു.. ഉള്ളിലെ ആകാംക്ഷ ഉറക്കം വരെ തെറ്റിച്ചിരിക്കുന്നു.. എങ്കിലും യാതൊരു പരാതിയുമില്ലാതെ പെട്ടെന്നുതന്നെ റെഡിയായി അയാൾ നിഖീലിനെ കാണാനായി ഇറങ്ങി.. പോകുന്നവഴിയ്ക്ക് സുധാകരേട്ടൻ്റെ ചായകുടിയ്ക്കാനും മറന്നില്ല..
സൂപ്പർമാർക്കറ്റിൻ്റെ ഓണറാണ് നിഖിൽ.. വയലിൻ ഒരു ഹോബിയായി കൊണ്ടുനടക്കുന്നതുകൊണ്ടാണത്രേ ആ കോഴ്സിനുചേർന്നത്.. അയാളുടെ കടയുടെ കുറച്ചപ്പുറത്തുള്ള പുരാവസ്തുക്കൾ വിൽക്കുന്ന കടയിലായിരുന്നു നിരഞ്ജൻ ജോലി ചെയ്തിരുന്നതത്രേ.. ആ കാര്യം ശിവയും അങ്ങോട്ട് ചിന്തിച്ചില്ലായിരുന്നു... വീട്ടുകാരുടെ ചിലവിൽ ജീവിക്കുന്ന ആളല്ലെങ്കിൽ നിത്യജീവനത്തിന് എന്തുചെയ്തിരുന്നിരിക്കും എന്ന് ഒരിക്കൽപോലും ശിവ ആലോചിച്ചിരുന്നില്ല... ശരിക്കും ആ വഴിയ്ക്കല്ലേ ആദ്യം പോയി നോക്കേണ്ടിയിരുന്നത്!! ഈ മന്ദബുദ്ധിയും വച്ച് എന്ന് തിരക്കഥയെഴുതിത്തീർക്കാനാണെന്ന് ശിവ ഒരുനിമിഷത്തേക്ക് ചിന്തിച്ചുനിന്നു...
""നിരഞ്ജനോട് പ്രണയത്തേക്കാളുപരി ഒരുതരം ആരാധനയായിരുന്നു ജനനിയ്ക്ക്.. അവൻ്റെ സംഗീതത്തിൽ അലിഞ്ഞുപോയതുപോലെയായിരുന്നു അവൾ... ക്ലാസുണ്ടായിരുന്നപ്പോഴെല്ലാം അവളവനെത്തന്നെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരിക്കുമായിരുന്നു... നിരഞ്ജൻ പക്ഷേ അവളെ ആ കണ്ണുകൊണ്ടു നോക്കിക്കണ്ടിട്ടില്ലെന്ന് തന്നെ പറയാം, കാരണം മറ്റെല്ലാവർക്കും കൊടുക്കുന്ന അതേ പരിഗണനയും സ്വാതന്ത്ര്യവും മാത്രമേ അവൻ ജനനിയ്ക്കും കൊടുത്തിട്ടുള്ളു.. ജനനിയുടെ പെരുമാറ്റത്തിൽ നിന്ന് അവൾക്കവനോടുള്ള പ്രത്യേക അടുപ്പം എല്ലാവർക്കും എളുപ്പം മനസ്സിലായിരുന്നു.. വെറും പത്തുദിവസംകൊണ്ട് ഒരാൾക്ക് ഒരാളോട് അത്രയും പ്രണയം തോന്നുമോ!! ചിലപ്പോൾ നിരഞ്ജനിലെ സംഗീതത്തെയായിരിക്കാം അവൾ പ്രണയിച്ചത്... കാരണം കാണാൻ വലിയ ഗ്ലാമറൊന്നുമില്ലെങ്കിലും എപ്പോഴും പുഞ്ചിരിച്ച് ശാന്തനായി ഇരിക്കുന്ന ഒരാളായിരുന്നു നിരഞ്ജൻ.. ആരോടും വലിയ കമ്പനിയൊന്നുമില്ലാതെ അടഞ്ഞുകൂടിയിരിക്കുന്ന ഒരാളെ ആർക്കെങ്കിലും പ്രണയിക്കാനാവുമോ!!"" നിഖിലിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു..
പ്രണയിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളാണെന്ന് നിഖിലിനറിയാഞ്ഞിട്ടാണ്... ഒരു നോട്ടത്തിൽ പോലും അടിച്ചുതെന്നി പ്രണയക്കയത്തിൽ വീണുപോകുന്ന എത്രയോപേരുണ്ട്!! ആ സ്ഥിതിക്ക് അൽപ്പം കഴിവുള്ളൊരാളോട് പ്രണയം തോന്നിയതിൽ ജനനിയെ തെറ്റുപറയാനൊക്കില്ല...
"" വേറെയെന്തെങ്കിലും അറിയാമോ അവർ രണ്ടുപേരെയും കുറിച്ച്? നിരഞ്ജനോട് ഇഷ്ടമാണെന്ന തരത്തിൽ ജനനി പെരുമാറുകയോ നിരഞ്ജൻ പ്രതികരിക്കുകയോ മറ്റോ?? അങ്ങനെ വല്ലതും ഉണ്ടായിരുന്നോ? ശിവ ചോദിച്ചു..
"" അങ്ങനെ... പറയത്തക്കതായി അവർ തമ്മിൽ സംസാരിച്ചതായി അറിവില്ല.. പക്ഷേ ജനനിയുടെ കണ്ണുകളിലെ പ്രണയം അതവിടെ എല്ലാവർക്കും മനസ്സിലായിട്ടുള്ള കാര്യമാണ്.. ചിലതൊന്നും നമ്മൾ പറയാതെതന്നെ നമ്മുടെ കണ്ണുകൾ കാണിച്ചുതരുമല്ലോ... ആഹ്! പിന്നെ, ജനനിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതാണെന്ന് ആരോ പറയുന്നത് കേട്ടായിരുന്നു... അന്നെല്ലാവരും കൂടിയിരുന്ന് സംസാരിക്കുന്ന കൂട്ടത്തിലാണ്, ഏതോ വലിയ കൊമ്പത്തെ ചെറുക്കനാണെന്നും, അതിനെപ്പറ്റി ആരോ ജനനിയോട് ചോദിച്ചപ്പോൾ ചിരിച്ചുകളിച്ചിരിക്കാറുള്ള അവളുടെ മുഖം പെട്ടെന്ന് മാറിയെന്നും ഒന്നും മിണ്ടിയില്ലെന്നുമൊക്കെ ആരോ പറഞ്ഞുകേട്ടതായി ഒരോർമ്മയുണ്ട്.. അതുകൊണ്ടുകൂടിയായിരിക്കാം, നിരഞ്ജൻ അവളെ കുറച്ചകൽച്ചയിൽ തന്നെയാണ് കൺസിഡർ ചെയ്തിരുന്നത്.. എല്ലാവർക്കും മനസ്സിലായിരുന്ന പോലെ അവനും അവളുടെ മനസ്സിലെ ഇഷ്ടം പറയാതെതന്നെ അറിയാൻ കഴിഞ്ഞിരിക്കും... ഒരു പ്രണയബന്ധം ശരിയാവില്ലെന്ന് സ്വയം തീരുമാനിച്ചതുപോലെയായിരുന്നു അവൻ്റെ അവളോടുള്ള പെരുമാറ്റം.. അടുത്തുകൂടാൻ വന്നപ്പോഴൊക്കെ അവളിൽ നിന്നും ഓരോന്നുപറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു.. ""
ശരിയായിരിക്കും... ഈ നാട്ടിൽ പൊതുവെ നടന്നുവരുന്ന സംഭവമാണല്ലോ കാശുള്ളവർ മക്കളെ സ്റ്റാറ്റസിനും ബിസിനസ്സിനും വേണ്ടി കോൺട്രാക്ടെഴുതി കെട്ടിച്ചുകൊടുക്കുന്നത്... ജാനിയെ മനസ്സിലാക്കാൻ വീട്ടുകാർ ശ്രമിച്ചുകാണില്ല... അവളുടെ സമാധാനം സംഗീതമായിരുന്നിരിക്കാം.. അതുതേടിയാണല്ലോ എറണാകുളത്തുനിന്നും ഇതുവരെയും വന്നത്.. നിരഞ്ജൻ താനുദ്ദേശിച്ചതുപോലെത്തന്നെ അയാളുടെ അവസ്ഥകൾ മനസ്സിലാക്കി പെരുമാറിയതായിരിക്കും.. പക്ഷേ നിരഞ്ജനെ ഇനിയും കണ്ടുകിട്ടിയില്ലല്ലോ...?
"" നിങ്ങൾക്ക് നിരഞ്ജനെപ്പറ്റി കൂടുതൽ എന്തെങ്കിലും അറിയാമോ? ശരിക്കുമുള്ള വീടെവിടെയാണെന്നോ, എങ്ങോട്ടെങ്കിലും പോകുന്നതിനെപ്പറ്റിയോ മറ്റോ?? "" ശിവ ചോദിച്ചു...
""വീടും വീട്ടുകാരെയും പറ്റിയൊന്നും അറിഞ്ഞുകൂടാ.. അങ്ങനെ ഓപ്പണായി സംസാരിക്കുന്ന കൂട്ടത്തിലല്ലായിരുന്നു അവൻ.. കോഴ്സ് കഴിഞ്ഞതിൽ പിന്നെ ഇടയ്ക്കെപ്പോഴെങ്കിലും ഇവിടുന്ന് കാണാറുണ്ടായിരുന്നെന്നേ ഉള്ളൂ... അവസാനമായി കണ്ടപ്പൊ ബാഗെല്ലാമെടുത്ത് ബസ്സുകയാറാൻ നിൽക്കുവായിരുന്നു ഇവിടുന്ന്.. വീട്ടിലോട്ടാണോന്ന് ചോദിച്ചപ്പോൾ വീടല്ല, വീടുപോലെത്തന്നെയാ, ഏതോ പള്ളിയിലോ ഓർഫണേജിലോ എന്തോ പരിപാടിയുണ്ടെന്നും പറഞ്ഞ് പോയതാ.. പിന്നെ കണ്ടിട്ടില്ല...""
അടുത്ത പിടിവള്ളിയാണ്!! ഇതിൽപിടിച്ചുപോയാൽ എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല!! ശിവയുടെ ഉള്ളിലെ ഷെർലക് ഹോംസ് ഉണർന്നു..
""ഒന്ന് ഓർത്ത് നോക്കൂ.. ഏതാ പള്ളിയെന്നോ ഓർഫണേജെന്നോ മറ്റോ പറഞ്ഞിരുന്നോ??"" ശിവ നിഖിലിനെ വിടുന്ന മട്ടില്ല..
""അത്... ഏതോ.... സെൻ്റ് ആൻ്റണി..., അല്ല, അലോഷ്യസ്!! അതെ, സെൻ്റ് അലോഷ്യസ് ഓർഫണേജ്!! അതുതന്നെ! എങ്ങോട്ടാണെന്നുചോദിച്ചപ്പോൾ ഇടുക്കിയിലേക്കാണെന്നാ പറഞ്ഞത്... വീട്ടിലോട്ടാണോ എന്ന് ചോദിച്ചപ്പോൾ 'ആഹ് വീടുപോലെത്തന്നെയാ, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഓർഫണേജുണ്ട്, ഇടക്കൊക്കെ അവിടെ പോകാറുള്ളതാ, അവിടുത്തെ കുട്ടികളുടെ ഒരു പരിപാടിയുണ്ട്, പോയേക്കുവാ' എന്നാണ് പറഞ്ഞത്... എപ്പൊ വരുമെന്നോ ഒന്നും പറഞ്ഞതുമില്ല..."" നിഖിൽ പറഞ്ഞു...
പരിപാടിക്കായി പോയ ആളാണെങ്കിൽ ഇതിനോടകം തിരിച്ചുവരേണ്ടതല്ലേ.. ഇനിയിപ്പോൾ ജാനിയിൽ നിന്നും എന്നന്നേക്കുമായി ഒളിച്ചോടിയതാണോ?? തൻ്റെ സാമീപ്യം അവളുടെ ജീവിതത്തെ ബാധിക്കുമെന്ന് കരുതി?? ആയിരിക്കാം.. ഇനിയതല്ല മകളുടെ പ്രണയം അറിഞ്ഞ് ജാനിയുടെ അച്ഛൻ്റെ ഗുണ്ടകൾ നിരഞ്ജനെ അപായപ്പെടുത്തിക്കാണുമോ!!! സിനിമാക്കഥ പോലെ ആലോചിച്ചാൽ അങ്ങനെയും ആവാമല്ലോ!! ഏയ്, അങ്ങനെയാണെങ്കിൽ ജാനിയുടെ കത്തുകളിൽ അതിനെപ്പറ്റി കാണുമായിരുന്നല്ലോ... ഇത് അയാൾ മനപ്പൂർവ്വം മാറി നിൽക്കുന്നതുതന്നെയായിരിക്കും... ശിവയുടെ ഉള്ളിൽ ഓരോരോ ചിന്തകൾ കുമിഞ്ഞുകൂടി...
അയാൾ വേഗം ഗൂഗിൾ എടുത്ത് തിരഞ്ഞു.. പീരുമേട് ആണ് സ്ഥലം.. രണ്ടരമണിക്കൂർ യാത്രയുണ്ട്.. അയാൾ എന്തോ ഓർത്തുകൊണ്ട് പെട്ടെന്ന് ഒരു നമ്പറിലേക്ക് വിളിച്ചു...
""അളിയാ, നിൻ്റെ ബൈക്കൊന്നുവേണം, ഹിൽസ്റ്റേഷനിലേക്ക് ഒരു ലോങ്ങ് ഡ്രൈവുണ്ട്... ഹ! നിനക്ക് ഓഫീസിൽ പോവാനല്ലേ വേണ്ടുള്ളു, എൻ്റെ ബൈക്കിൻ്റെ ടയർ തേഞ്ഞിരിക്കുവാ, നീ കിടന്നുകാറാതെ!! കഴിഞ്ഞപ്രാവശ്യത്തെപ്പോലെ മണ്ണും ചളിയുമൊന്നുമാക്കാനാല്ല, ഒരിടം വരെ പോയി വരാനാണ്, വണ്ടി ഞാൻ വാട്ടർ സർവീസ് ചെയ്ത് കൊണ്ടത്തരാം പോരെ?""
നിഖിലിനോട് യാത്രപറഞ്ഞ് അയാൾ വേഗം വീട്ടിൽ തിരിച്ചെത്തി ബാഗിൽ അത്യാവശ്യം വേണ്ടുന്ന സിഗരറ്റുകളും പവർബാങ്കും ഹെഡ്സെറ്റും ചെറിയ റെകോർഡറും ചാർജറും ഒരുദിവസത്തെ ഡ്രസ്സുമെല്ലാമെടുത്ത് മലകയറാൻ ഒരുങ്ങി...
അദ്ധ്യായം 6
ഹെഡ്സെറ്റും വച്ച് പാട്ടും കേട്ട് കൂട്ടുകാരൻ്റെ ഹിമാലയൻ ബൈക്കുമായി ശിവ പീരുമേട് ലക്ഷ്യമാക്കി യാത്ര തിരിച്ചു... പിന്നിട്ട ഓരോ വഴികളും നിരഞ്ജനിലേക്കുള്ള അകലം കുറച്ചുകൊണ്ടിരിക്കുന്നതായി അയാൾക്കുതോന്നി...
പോകുന്നവഴിയിൽ ചെറിയ ചായക്കടകൾ എക്സ്പ്ലോർ ചെയ്യാനും ശിവ മറന്നില്ല... ഉച്ചയോടെ അയാൾ മാപ്പ് നോക്കി സെൻ്റ് അലോഷ്യസ് ഓർഫണേജിലെത്തി.. ബൈക്കൊതുക്കി അകത്തേക്കു കടക്കാൻ തുടങ്ങിയപ്പോഴേക്കും അകത്തുനിന്ന് ആരോ വയലിൻ വായിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.. ശിവ നേരെ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു...
പ്രതീക്ഷ തെറ്റിച്ചുകൊണ്ട് അവിടെ ഒരു ഹാളിൽ ഒരു കുട്ടിയാണ് വയലിൻ വായിച്ചുകൊണ്ടിരുന്നത്.. കേൾക്കാൻ മറ്റുകുറച്ചുകുട്ടികളുമുണ്ടായിരുന്നു, ഒരു സിസ്റ്റർ ആയിരുന്നു അവരെ പഠിപ്പിച്ചുകൊണ്ടിരുന്നത്.. നിരഞ്ജനെ പ്രതീക്ഷിച്ച് ഓടി വന്ന ശിവയെ നിരാശ പിടിച്ചുവലിച്ചു..
""ആരാ? എവിടുന്നാ?""
പിന്നിൽ നിന്നും ഉള്ള ചോദ്യം കേട്ടാണ് ശിവ തിരിഞ്ഞു നോക്കിയത്... ഒരു പ്രായമുള്ള സിസ്റ്ററായിരുന്നു അത്.. ശിവ വന്ന കാര്യം പറഞ്ഞു.. അവരുടെ മുഖത്ത് ഒരു വിഷാദം നിഴലിക്കുന്നതുപോലെ ശിവയ്ക്കു തോന്നി..
"" നിരഞ്ജൻ ഇവിടുത്തെ കുട്ടി തന്നെയായിരുന്നു... 2009 ലെ തേക്കടി ബോട്ടപകടത്തെ പറ്റി ഓർമ്മയുണ്ടോ?? 45ഓളം പേർ മരിച്ച കേരളത്തെ നടുക്കിയ ആ അപകടത്തിൽ നിന്നും കർത്താവിൻ്റെ കൃപകൊണ്ട് രക്ഷപ്പെട്ടുവന്ന ചിലരിൽ ഒരാളായിരുന്നു അവൻ.. അവൻ്റെ അച്ഛനും അമ്മയും കുഞ്ഞനിയത്തിയുമെല്ലാം... ദുരന്തത്തിൻ്റെ ഷോക്കിൽ നിന്നും കരകയറാൻ വേണ്ടി ഇവിടെ ഞങ്ങളുടെ അടുത്താക്കിയതായിരുന്നു അവനെ.. കുറേക്കാലം ഇവിടെത്തന്നെയായിരുന്നു... ഇവിടുത്തെ കുട്ടികളുടെ കൂടെയാണ് അവനും വളർന്നത്.. വലുതായതിൽ പിന്നെ അവൻ അവൻ്റേതായ വഴികൾ തേടി പതിയെ പുറത്തോട്ടിറങ്ങി.. എവിടെ പോയാലും അവൻ ഇടയ്ക്ക് ഇവിടെ വരാരുണ്ട്.. സിസ്റ്റർ മറിയയുടെ കൂടെയായിരുന്നു അവൻ എപ്പോഴും, അവരാണ് അവനെ വയലിൻ പഠിപ്പിച്ചതെല്ലാം..""
സിസ്സറിൻ്റെ കൂടെ പതിയെ നടന്ന് ശിവ ഓർഫണേജെല്ലാം കണ്ടു.. അധികവും കുട്ടികളാണ്.. ചെറുപ്രായത്തിലേ ഉറ്റവരും ഉടയവരുമില്ലാതെ തനിച്ചായിപ്പോയവർ... സ്വാർത്ഥതയുടെ പേരിൽ ഉപേക്ഷിക്കപ്പെട്ടവർ... അവരുടെ നിഷ്കളങ്കമായ ചിരികൾ കാണുമ്പോൾ നമ്മുടെയൊക്കെ പ്രശ്നങ്ങൾക്കെന്ത് പ്രസക്തിയെന്ന് തോന്നിപ്പോയി ശിവയ്ക്ക്... അവൻ സിസ്റ്ററോട് ജാനിയെ പറ്റി പറഞ്ഞു..
""അവനെന്നോട് പറഞ്ഞിരുന്നു.. അന്നവൻ ഇവിടുത്തെ കുട്ടികളുടെ ചെറിയ കലാപരിപാടികളൊക്കെയുണ്ടായിരുന്ന ദിവസം വന്നിട്ട് ഇവിടെ വന്ന് ഒറ്റയ്ക്കിരിപ്പുണ്ടായിരുന്നു.."" പൂന്തോട്ടത്തിലെ മരത്തിൻ്റെ ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് സിസ്റ്റർ പറഞ്ഞു.. അവർ തമ്മിൽ സംസാരിച്ച കാര്യങ്ങളെല്ലാം ശിവയുടയ മനസ്സിൽ ഒരു സീൻ പോലെ തെളിഞ്ഞുവന്നു..
""എന്നതാടാ കൊച്ചനേ ഒറ്റക്കിരുന്ന് കിനാവ് കാണുന്നേ!!""
""ഒന്നൂല്ല മേരിയമ്മേ...""
""ആ ഒന്നൂല്ലായിൽ എന്തോ ഉണ്ടല്ലോ! നിൻ്റെ ഉള്ളിലെന്തോ കിടന്ന് പുകയുന്നുണ്ട്.. മേരിയമ്മയോട് പറഞ്ഞൂടായോ??""
"" അത്... ഞാനിപ്പൊ നിൽക്കുന്നിടത്ത് ജാനി എന്നൊരു കുട്ടിയുണ്ട്.. ജനനി... ഒരു പൊട്ടിത്തെറി പെണ്ണാണ്... പക്ഷേ നന്നായി വയലിൻ വായിക്കുമേ... അവളെന്നോട് വന്നിട്ട് പറയുവാ ''എനിക്ക് നിന്നെ ഇഷ്ടമാണ് , എന്നെ കെട്ടി കൂടെ കൂട്ടുവോ "" ന്ന്!! ഞാനാകെ വല്ലാണ്ടായിപ്പോയി!!""
""അത് ശരി!! അപ്പൊ അതാണ് കാര്യം!! ഒരു പെങ്കൊച്ച് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴേക്കും നിനക്കങ്ങ് മേലാണ്ടായോ!! അത്രയേ ഉള്ളോ നീ!!""
"" ശ്ശെ!! അങ്ങനല്ല മേരിയമ്മേ!! ചുമ്മാതങ്ങനെ പറഞ്ഞതല്ല.. അവൾ സീരിയസ്സാണ്... അതവളുടെ സംസാരത്തിൽ നിന്നും തന്നെ മനസ്സിലാവും.. കണ്ണുകളിലൊക്കെ വല്ലാത്തൊരു തിളക്കമാണ്... എന്നെയൊക്കെ എന്ത് കണ്ടിട്ട് ഇഷ്ടപ്പെടാനാ!!""
""അതിനിടയ്ക്ക് നീ കണ്ണുകളൊക്കെ ശ്രദ്ധിക്കാൻ പോയോ!! കൊള്ളാവല്ലോ!! അല്ല, അല്ലേലും നിനക്കെന്താ ഒരു കൊഴപ്പമുള്ളേ?? ഇവിടുത്തെ ഹൃദ്ധിക് റോഷനല്ലേ നീ!! ആരായാലും വീണു പോവില്ലേ!! ആ കുട്ടിയെങ്ങനെ, കാണാൻ കൊള്ളാവോ?""
""ഹ! കളിയാക്കല്ലേ മേരിയമ്മേ... സീരിയസ്സായിട്ട് ഒരു കാര്യം പറയുമ്പം...""
""എന്നാപ്പിന്നെ സീരിയസ്സായിട്ട് തന്നെ പറഞ്ഞേക്കാം, ആ കുട്ടിയ്ക്ക് നിന്നോട് ഒരിഷ്ടം തോന്നിയെന്നത് അത്ര വലിയ കുറ്റമൊന്നുമല്ലല്ലോ... വിഷയം നീയതിനെന്തിനാണിങ്ങനെ വേവലാതിപ്പെടുന്നേയെന്നാ.. നീയതുപറ...""
""ഞാൻ പറഞ്ഞില്ലേ മേരിയമ്മേ... എന്തുകണ്ടിട്ടാ എന്നെയൊക്കെ എന്തുകണ്ടിട്ടാ ഇഷ്ടപ്പെടാൻ... അവളേതോ വലിയ കാശുള്ള വീട്ടിലെ കൊച്ചാ... പോരാത്തതിന് അവളുടെ കല്യാണവും ഉറപ്പിച്ചിരിക്കുവാ..""
""അതിന്?""
""അതിന് ഒന്നൂല്ലേ?? മറ്റൊരാളുടെ ഭാര്യയാവാൻ പോകുന്നൊരുത്തി എന്നോട് വന്ന് കെട്ടുവോ എന്നൊക്കെ ചോദിച്ചാ?""
""ചോദിച്ചാ?""
""ഹ!! എന്താ മേരിയമ്മേ ഒരുമാതിരി... ഞാൻ പോവാ..""
"" പോവല്ലേ... ഇരിക്കെടാ.. പറയട്ടെ... അവളുടെ കല്യാണം ഉറപ്പിച്ചിട്ടുപോലും അവൾ നിന്നോട് വന്ന് ഇഷ്ടമാണെന്ന് പറയണമെങ്കിൽ അവൾക്കതിൻ്റേതായ കാരണം കാണില്ലേ?? നീയതവളോട് ചോദിച്ചിരുന്നോ?? ഇല്ലല്ലോ?? ... എടാ ഈ ലോകത്ത് ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നാൻ അങ്ങനെ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട.. വെറുമൊരു പുഞ്ചിരിയിൽ മൂക്കുകുത്തി വീഴുന്ന മനുഷ്യരുള്ള കാലമാണ്... പക്ഷേ ആ ഇഷ്ടം പൂത്തുതളിർക്കണമെങ്കിൽ അപ്പുറത്തുനിൽക്കുന്ന ആൾക്കുകൂടെ തോന്നണം.. ഇവിടെ നിൻ്റെ ഉള്ളിലെന്താണെന്നതാണ് ചോദ്യം..""
""അത്... ഞാൻ... എനിക്കറിഞ്ഞുടാ... പറയത്തക്ക സ്ഥിരവരുമാനമില്ലാതെ ഊരുതെണ്ടി നടക്കുന്ന എനിക്കൊക്കെ ഒരാളോട് ഇഷ്ടം തോന്നാൻ പാടുണ്ടോ?? അവർക്ക് അവരുടേതായ സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും ആവശ്യങ്ങളുമൊക്കെയുണ്ടാവില്ലേ... ഇഷ്ടം മാത്രമല്ലല്ലോ... മുന്നോട്ടൊരു ജീവിതം കൂടിയില്ലേ...""
""ആഹാ!! അങ്ങനെ പറ...അപ്പൊ അതാണ് കാര്യം... നിനക്കപ്പോൾ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ലല്ലേ... ഹമ്പടാ...""
""ഹ!! മേരിയമ്മേ.... അങ്ങനെയല്ല!! ഞാനാകെ കൺഫ്യൂഷനിലാണ്...""
""എടാ കൊച്ചനേ... നീയിങ്ങനെ ഒറ്റത്തടിയായി നടക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായില്ലേ... ഞാൻ തന്നെ നിന്നോട് ഒരു കല്യാണമൊക്കെ കഴിച്ച് സർക്കീട്ടൊക്കെ നിർത്തി അടങ്ങിയൊതുങ്ങി ജീവിക്കാൻ പറയണമെന്നു വിചാരിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി... ജീവിതം ഇങ്ങനെ ദിശയില്ലാതെ ഒഴുകാനുള്ളതല്ല...""
""അതിനെന്താ! എനിക്ക് നിങ്ങളൊക്കെയില്ലേ...""
""ഞങ്ങളുമാത്രം പോരല്ലോ... നീ നിൻ്റെയാ അടച്ചുപൂട്ടിയിട്ടിരിക്കുന്ന വീടൊക്കെ ഒന്ന് പൊടിതട്ടി വൃത്തിയാക്കിയിട്.. എന്നിട്ടൊരു സ്ഥിരം ജോലി തരപ്പെടുത്ത്... നമ്മുടെ സ്കൂളിൽ മ്യൂസിക് ടീച്ചറായിട്ട് കേറിക്കോ, അല്ലെങ്കിൽ ഡിഗ്രിയൊക്കെയുള്ളതല്ലേ നല്ല ജോലി നോക്ക്, ഓട്ടം നിർത്തി ഒന്ന് നേരെ നിൽക്കുമ്പൊ ഒരു കൂട്ടൊക്കെ വേണമെന്ന് തോന്നും.. ആ കൂട്ട് ഈ കുട്ടിയാവണോ വേണ്ടയോ എന്ന് നീ തന്നെ ഇരുന്ന് ചിന്തിക്ക്... പിന്നെ, അവൾക്ക് നിന്നെക്കുറിച്ച് ഒന്നും അറിയാതെ തന്നെ നിന്നോടിഷ്ടം തോന്നിയെങ്കിൽ, അത് നിൻ്റെ കൂടെ എങ്ങനെ ഭാവിയിൽ ജീവിക്കും എന്നുള്ള ചിന്തയോടെയായിരിക്കില്ല, നിൻ്റെ കൂടെ അവൾ എത്ര സന്തോഷവതിയായിരിക്കും എന്നുള്ള ചിന്തയിലായിരിക്കും.. ആ സന്തോഷം നിനക്കു നൽകാൻ പറ്റുമോ എന്ന് ആലോചിക്ക്.. ചില ഇഷ്ടങ്ങളൊന്നും അങ്ങനെ മൂടിവച്ചൂടാ.. അതിനെയിങ്ങനെ സ്വതന്ത്രമാക്കിവിടണം.. അതങ്ങനെ പടർന്നുപന്തലിച്ച് അതിൽ സന്തോഷമിങ്ങനെ പൂത്തുലഞ്ഞു നിൽക്കും..""
സംസാരത്തിനു ശേഷം നിരഞ്ജനെ ഒറ്റയ്ക്കുവിട്ടിട്ട് സിസ്റ്റർ മുറിയിലേക്കുപോയത്രേ... ഒറ്റക്കിരുന്ന് ചിന്തിച്ച് ഒരു തീരുമാനത്തിലെത്തിയിരുന്നിരിക്കണം അയാൾ... ഉള്ളിൽ ജാനിയോട് ഇഷ്ടമുണ്ടായിട്ടും പിന്നെന്തേ അയാൾ തിരിച്ച് വന്നില്ല?? അയാളുടെ അപകർഷതാബോധം അയാളെ കടിഞ്ഞാണിട്ടു നിർത്തിക്കാണുമോ?? അതായിരിക്കുമോ അയാൾ തിരിച്ചുപോകാതിരുന്നത്??
""സിസ്റ്റർ.. നിരഞ്ജൻ ഇപ്പോൾ എവിടെയുണ്ടെന്ന് അറിയാമോ?? ഒന്ന് കാണാൻ?"" ശിവ ചോദിച്ചു..
""ഇവിടെത്തന്നെയുണ്ട്.. വരൂ.. കാണിച്ചുതരാം..""
ഇത്രയും നാളത്തെ തേടൽ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു!!! ജാനി നിരഞ്ജനുവേണ്ടി മാത്രമെഴുതിയ കത്തുകൾ ഇനി അയാൾ വായിച്ചുകേൾക്കണം... ആകാംക്ഷയോടെ ശിവ സിസ്റ്ററിൻ്റെ പിന്നാലെ നടന്നു...
അവസാന ഭാഗം
വലിയൊരു സമ്മാനം കിട്ടാൻ പോകുന്ന കൊച്ചുകുട്ടിയുടെ മാനസികാവസ്ഥയായിരുന്നു ശിവയ്ക്ക്... ഇത്രയും നാൾ തേടിക്കൊണ്ടിരുന്ന നിരഞ്ജനെ നേരിൽ കാണാൻ പോകുന്നതിൻ്റെ ആവേശത്തോടെ അയാൾ സിസ്റ്ററിനുപുറകേ നടന്നു.. പൂന്തോട്ടവും കടന്ന് പുറത്തേക്കാണ് അവർ പോയത്.. പോകുന്ന വഴിയെ എതിരെ ഒരു കുട്ടി നടന്നുവരുന്നുണ്ടായിരുന്നു...
""ആഹാ! നീയിവിടെ ഉണ്ടായിരുന്നോ!! എന്താ നിരഞ്ജൻ ചേട്ടനെ കാണാൻ വന്നതാണോ!! ഇന്നെന്താ വിശേഷിച്ച്?!"" സിസ്റ്റർ മേരി അവനോട് കുശലം ചോദിച്ചു...
"" ഇന്നെൻ്റെ പിറന്നാളാണ് സിസ്റ്ററമ്മേ... നിരഞ്ജൻ ചേട്ടനോട് പറയാൻ വന്നതാ..."" അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.. കയ്യിലെ മിഠായി പായ്ക്കറ്റിൽ നിന്ന് മിഠായിയെടുത്ത് അവൻ സിസ്റ്റർക്കും ശിവയ്ക്കും നൽകി.. മേരി സിസ്റ്റർ അവനെ തലയിൽ കൈവച്ച് പറഞ്ഞയച്ചു..
""ഓടാതെ, വീഴും ... ശ്രദ്ധിച്ച് പോ, അമ്മയോട് ഞാനന്വേഷിച്ചൂന്ന് പറയണം ട്ടോ"" സിസ്റ്റർ അവനെ പറഞ്ഞയച്ചു.. വീണ്ടും അവർ മുന്നോട്ട് നടന്നു..
കല്ലുപതിച്ച പടികൾ ഇറങ്ങി ഇരുവശത്തും പുല്ലുനിറഞ്ഞ ചെറിയ മൺവഴിയിലേക്കിറങ്ങി സിസ്റ്റർ സെമിത്തേരിയിലേക്കാണ് തിരിഞ്ഞത്... അവിടെ ഒരു കല്ലറയ്ക്കുമുൻപിൽ അവർ നിശബ്ദം നിന്നു...
ഒരുപിടി മിഠായികളും റോസാപ്പൂകളുമൊക്കെ വച്ചിരിക്കുന്ന ഒരു കല്ലറയായിരുന്നു അത്... അതിൽ ഭംഗിയിൽ കൊത്തിവച്ചിരിക്കുന്ന വരികൾ ശിവ നടുക്കത്തോടെ വായിച്ചു...
"" IN LOVING MEMMORY OF NIRANJAN... ""
ഒരു നിമിഷത്തേക്ക് ശിവയുടെ കാതെല്ലാം കൊട്ടിയടച്ചതുപോലെ മുഴക്കം മാത്രമായിരുന്നു... തരിച്ചുനിന്ന ശിവയ്ക്ക് ആ ഷോക്കിൽ നിന്ന് തിരിച്ചുവരാൻ അൽപ്പം സമയമെടുത്തു... ജാനി കാത്തിരിക്കുന്ന നിരഞ്ജൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു!!!
"" അന്ന് രാത്രി മുഴുവൻ അവൻ ആലോചനയിലായിരുന്നെന്ന് തോന്നും, രാവിലെ ഞാനെഴുന്നേൽക്കും മുൻപേതന്നെ അവനെന്നെ വന്നു വിളിച്ചു.. ചുവന്ന കണ്ണുകളുമായി വളരെയധികം സന്തോഷത്തോടെ അവൻ എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞത്
"മേരിയമ്മേ സ്കൂളിലെ ജോലി പറഞ്ഞുവച്ചേക്ക്, തൂക്കാൻ വരാരുള്ള ത്രേസ്യാമ്മച്ചിയെ വീട്ടിലോട്ട് പറഞ്ഞയച്ചേക്കണേ... ഒന്നു പൊടിതട്ടിവൃത്തിയാക്കാൻ പറയണം... ജാനിയ്ക്കിനി പൊടി അലർജ്ജിയാണെങ്കിലോ!'' എന്നാ... ചിരിച്ചുകൊണ്ട് ഓർഫണെജിൻ്റെ പടിയിറങ്ങിയ അവൻ തിരിച്ചുവന്നത്....""
ഒന്നു നിർത്തി ഒരു ദീർഘനിശ്വാസത്തോടെ സിസ്റ്റർ തുടർന്നു...
"" നമ്മളിങ്ങോട്ടു വന്നപ്പോൾ ഇവിടെ നിന്നും പോയ ആ പയ്യനില്ലേ... നിരഞ്ജൻ ബസ്സുകാത്തു നിന്നപ്പോൾ അമ്മയുടെ കയ്യും വിട്ട് ഓടി റോട്ടിലേക്ക് കയറിയതാണ്... പാഞ്ഞുവന്ന ലോറിയുടെ മുൻപിൽ പകച്ചുനിന്ന അവനെ ഓടി വന്ന് തട്ടിമാറ്റാനേ നിരഞ്ജനായുള്ളൂ.... വണ്ടി തട്ടിയത് നിരഞ്ജനെയും... ഹോസ്പിറ്റലിലെത്തിച്ചെങ്കിലും വൈകിപ്പോയി... പിന്നെ പറയത്തക്ക ബന്ധുക്കളൊന്നുമില്ലാത്തതുകൊണ്ട് ഞങ്ങളുടെ കൂടെ ഇവിടെത്തന്നെ..."" സിസ്റ്ററുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.. കണ്ണുനീരു ശിവ കാണാതിരിക്കാനെന്നോണം അവർ പതിയെ അവിടെ നിന്നും തിരിച്ചുനടന്നു...
നിന്ന നിൽപ്പിൽ കുറേ നേരം ശിവ ആ കല്ലറയിലേക്കുതന്നെ നോക്കിക്കൊണ്ടുനിന്നു.. ദൈവം എത്ര ക്രൂരനാണെന്നയാൾ ചിന്തിച്ചു.. പുതിയൊരു ജീവിതം സ്വപ്നം കണ്ട് സന്തോഷത്തിൻ്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ അവിടെനിന്നും തള്ളി താഴെയിട്ട് നോക്കിച്ചിരിക്കുന്ന ക്രൂരൻ... ദൈവമെന്നൊന്നില്ലെങ്കിലോ? രംഗബോധമില്ലാത്ത കോമാളിയാണ് മരണമെന്ന് പറയുന്നത് എത്ര ശരിയാണ്!! ഇനി അതല്ലെങ്കിൽ പണ്ടേതോ തമിഴ് കവി പാടിയ പോലെ പ്രണയത്തിൻ്റെ ഏഴാം ഭാവം മരണമെന്നതുപോലെ, മരണത്തിലൂടെയല്ലാതെ പ്രണയം പൂർണ്ണത കൈവരിക്കുന്നില്ലല്ലോ.. ഉള്ളിലെ പ്രണയം മൊട്ടിട്ടതും കൊഴിഞ്ഞുവീണ പൂവായി നിരഞ്ജൻ മാറിയപ്പോൾ ഇനിയും നനയാത്തൊരു മഴയ്ക്കായ് കാത്തിരിക്കുന്ന ജാനിയുടെ ഉള്ളിലെ പ്രണയവും ഒരുനാൾ തളിർക്കാതെ കരിഞ്ഞുപോകും..
തലയ്ക്കുള്ളിലൂടെ മിന്നിമറഞ്ഞ ഒരുപാടു ചിന്തകൾക്കൊടുവിൽ അയാൾ ഫോണെടുത്ത് ആദിയെ വിളിച്ചു...
""എടാ നീ ആ മ്യൂസിക് എല്ലാം എൻ്റെ ഫോണിലേക്ക് അയയ്ക്ക്.. നീ അത് ഡിലീറ്റ് ചെയ്തിട്ടുണ്ടാവില്ലെന്നെനിക്കറിയാം.. വേഗം വേണം..""
ജാനിയുടെ മനസ്സിലെ ആ സംഗീതം തൻ്റെ ഫോണിൽ പ്ലേ ചെയ്ത് ജാനിയുടെ കത്തുകളോടൊപ്പം കല്ലറയ്ക്കുമുകളിൽ വച്ച് ശിവ കുറച്ചുനേരം മാറിയിരുന്നു... എങ്ങുനിന്നോ ഒരു കുളിർതെന്നൽ ശിവയുടെ മുടിയിഴകളെ തഴുകിക്കൊണ്ട് കടന്നുപോയി... നിരഞ്ജൻ്റെ കൈവിരലുകൾ തലോടിയതുപോലെ...
സിസ്റ്ററോട് യാത്രപറഞ്ഞ് തിരുപോകുമ്പോൾ വരുമ്പോഴുണ്ടായിരുന്ന ആവേശമെല്ലാം കെട്ടടങ്ങി നെഞ്ചിലൊരു പാറക്കല്ലെടുത്തുവച്ചതുപോലെയായിരുന്നു ശിവയുടെ ഉള്ളം... ജാനിയുടെ കത്തുകൾ തിരിച്ചെടുത്തുകൊണ്ടാണ് അയാൾ മടങ്ങിയത്... നാഥനില്ലാതെ അവ മണ്ണിലലിയുന്നതിലും നല്ലത് നിരഞ്ജനിനിയില്ലെന്ന തിരിച്ചറിവോടെ തിരികെ ജാനിയിൽ അലിയുന്നതാണെന്ന് ശിവയ്ക്കുതോന്നി...
തിരികെ മുറിയിലെത്തിയ ശിവ ആദ്യം എടുത്ത് നോക്കിയത് ജാനിയുടെ കല്യാണക്കത്താണ്...
നാളെയാണ് കല്യാണം.. ജാനിയെ കണ്ട് നിരഞ്ജൻ ജീവിച്ചിരിപ്പില്ലെന്ന് അറിയിക്കണമെന്ന് ശിവയ്ക്ക് തോന്നി.. ഒരുപക്ഷേ നിരഞ്ജനുവേണ്ടിയുള്ള കാത്തിരിപ്പിൽ അവളുടെ മുന്നോട്ടുള്ള ജീവിതം തകർന്നുപോയാലോ..
രാവിലെ നേരത്തെ തന്നെ കുളിച്ചൊരുങ്ങി ജാനിയുടെ കത്തുകളുമെടുത്ത് പത്രികയിലെ അഡ്രസ്സും നോക്കി ശിവ പുറപ്പെട്ടു... വലിയ ആർഭാടത്തോടെ ഒരു വമ്പൻ സെറ്റപ്പാണയാൾ അവിടെ കണ്ടത്.. ഹാളിൽ കയറി അയാൾ കല്യാണപ്പെണ്ണിനായി ചുറ്റിലും കണ്ണോടിച്ചു... അവിടെയെങ്ങും കാണാത്തതുകൊണ്ട് ഡ്രസ്സിങ്ങ് റൂം തപ്പി നടക്കുന്നതിനിടയ്ക്കാണ് ശിവയുടെ കയ്യിലെ കത്തുകൾ കണ്ട് ഒരാൾ അയാളെ തടഞ്ഞുനിർത്തിയത്..
"" ഹേയ്! നിങ്ങളാരാ? ഈ കത്തുകൾ... നിങ്ങൾക്കിതെവിടുന്നു കിട്ടി?"" ഒരു പെൺകുട്ടിയാണ്.. ജാനിയുടെ കൂട്ടുകാരിയാണെന്ന് തോന്നും കണ്ടാൽ.. ശിവ കാര്യങ്ങളെല്ലാം അവളോട് പറഞ്ഞു... എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവൾ ശിവയെ വിളിച്ചുകൊണ്ട് കുറച്ചപ്പുറത്തേക്ക് മാറി നിന്നു...
""ഞാൻ ദിയ.. ജാനിയുടെ കൂട്ടുകാരിയാണ്.. ഈ കത്തുകളെല്ലാം ജാനി പറഞ്ഞതനുസരിച്ച് ഞാനാണ് പോസ്റ്റുചെയ്തത്... നിരഞ്ജൻ... എനിയ്ക്ക് വിശ്വസിക്കാൻ കഴിയുന്നില്ല!!! ഈ നേരത്ത് ഇതിപ്പൊ അവളോട് പറയാതിരിക്കുന്നതാണ് നല്ലത്... അവൾ ഒരു വിധത്തിലാണ് ഇപ്പൊ ഈ കല്യാണത്തിന് സമ്മതിച്ചതുതന്നെ... "" ദിയ പറഞ്ഞു...
ശരിയാണ്... എല്ലാം മറന്ന് കല്യാണത്തിനു മനസ്സിനെ പാകപ്പെടുത്തിയിരിക്കുകയായെങ്കിൽ വീണ്ടും ഒരു ദുഃഖവാർത്തയോടെ ജാനിയിൽ നിരഞ്ജൻ്റെ ഓർമകളെ ഉണർത്തുന്നത് ശരിയല്ല... അവൾ പുതുജീവിതം തുടങ്ങട്ടെ.. അല്ലെങ്കിലും പെണ്ണുങ്ങൾക്ക് എല്ലാം പെട്ടെന്ന് മറക്കാനും മാറാനും പ്രത്യേക കഴിവാണല്ലോ... കുറച്ചുനാളത്തെ പരിജയത്തിൻ്റെ പുറത്തുതോന്നിയ ഒരു കാതലില്ലാത്ത പ്രണയം മാത്രമായിരുന്നിരിക്കാം ചിലപ്പോൾ... ഓരോന്നാലോചിച്ച് ശിവ അവിടെത്തന്നെ നിന്നു..
""നിങ്ങളെന്താണാലോചിക്കുന്നതെന്നെനിക്ക് മനസ്സിലായി... വെറും ദിവസങ്ങളുടെ ഇഷ്ടത്തിൻ്റെ പേരിൽ അവളുടെ നല്ലൊരു ജീവിതം തല്ലിക്കെടുത്താതിരിക്കാൻ വേണ്ടി ഞാൻ സ്വാർത്ഥത പറയുന്നതാണെന്നല്ലേ??.. സ്വാർത്ഥത തന്നെയാണ്, ജാനിയ്ക്കുവേണ്ടി.. കാരണം അവളെയെനിയ്ക്ക് നല്ലപോലെ അറിയാം... ഇത്രയും നാളായി നിരഞ്ജൻ്റെ ഒരുവിവരവും ഇല്ലാത്തതുകൊണ്ട് മനസ്സില്ലാമനസ്സോടെയാണവൾ ഇപ്പോഴും നിൽക്കുന്നത്.. അവസാനനിമിഷമെങ്കിലും നിരഞ്ജൻ വരുമെന്ന പ്രതീക്ഷയിൽ... വന്നില്ലെങ്കിൽ തന്നെ വേണ്ടാത്തൊരാളെ ഇനി തനിക്കും വേണ്ടെന്നവൾ തീരുമാനിക്കും, മനസ്സുമാറ്റി മുന്നോട്ടുപോകും... കാരണം ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ചുനിൽക്കുന്നവളാണ് ജാനി... അവനുവേണ്ടി അവളുടെ അച്ഛനോടുവരെ വാശി കാണിച്ച് സമരം ചെയ്ത് വീട്ടുതടങ്കലിലായിരുന്നു ഇന്നലെവരെയും... അങ്ങനെയുള്ളവളോട് നിരഞ്ജൻ്റെ മരണവാർത്ത പറഞ്ഞാൽ.... ഇനിയുള്ള കാലം മുഴുവൻ അവൻ്റെ വിധവയെപ്പോലെ അവൾ കഴിയും.. കാരണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ജാനിയ്ക്ക് നിരഞ്ജനോടുള്ള പ്രണയം..."" ദിയ പറഞ്ഞു..
പരിജയത്തിലാരോ അവരുടെ അടുത്തുകൂടെ വന്നപ്പോൾ സംസാരം നിർത്തി അവൾ പതിയെ ഒരു സൈഡിലേക്ക് മാറി നിന്നു..
" നിങ്ങൾ കേട്ടതിനപ്പുറം കേൾക്കാത്ത ചില കഥകളുണ്ട്.. അത് നിരഞ്ജനുപോലും അറിയില്ലായിരുന്നു.. അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ നേരത്തേ തന്നെ അവർ ഒന്നിച്ചേനേ.."" ഒന്നു നിർത്തിക്കൊണ്ട് ദിയ വീണ്ടും തുടർന്നു...
"" ജാനിയുടെ കുട്ടിക്കാലത്ത് അവളുടെ കുടുംബം എറണാകുളത്തേക്ക് മാറുന്നതുവരെ പീരുമേടായിരുന്നു താമസം... ചെറുപ്പം തൊട്ടേയുള്ള കൂട്ടായിരുന്നും നിരഞ്ജനും ജാനിയും.. ഒന്നിച്ച് ഒരേ ക്ലാസിൽ പഠിച്ചുവന്നവർ.. അവളുടെ വീട്ടിൽ തന്നെയായിരുന്നു നിരഞ്ജൻ എപ്പോഴും.. എല്ലാവർക്കും വലിയ കാര്യവുമായിരുന്നു... എറണാകുളത്തേക്ക് പറിച്ചുനട്ടതിൽ പിന്നെ ഉറ്റ സുഹൃത്തുക്കളായി വളർന്നുവന്ന അവർക്കിടയിലനുഭവപ്പെട്ട ദൂരം ജാനിയ്ക്ക് അവൻ ഒരു സുഹൃത്തിനേക്കാളുപരി മറ്റെന്തോ ആണെന്ന തിരിച്ചറിവുണ്ടാക്കി... തമ്മിൽ കാണാതായതോടെ അവൻ്റെ ഓർമ്മകൾ അവൾക്കാ തോന്നലിൻ്റെ ആഴം കൂട്ടി.. ആ തോന്നൽ പ്രണയമാണെന്ന തിരിച്ചറിവുണ്ടാവാൻ അവൾക്ക് +2 വരെ കാത്തിരിക്കേണ്ടി വന്നു.. അതിനിടയിൽ അവളുടെ അച്ഛൻ്റെ സ്റ്റാറ്റസും വളർന്നതുകൊണ്ട് തേടിപ്പിടിച്ച് അവൾ നിരഞ്ജനുള്ള കോളേജിൽ തന്നെ അഡ്മിഷനും എടുത്തു.. പക്ഷേ അവൻ്റെ മുൻപിൽ ചെന്നുനിൽക്കാനോ ഇഷ്ടമാണെന്ന് പറയാനോ പേടിയായിരുന്നു അവൾക്ക്... അവളുടെ പ്രണയം അവൻ മനസ്സിലാക്കിയില്ലെങ്കിലോ, ഒരു പഴയ കൂട്ടുകാരിയെ തിരിച്ചുകിട്ടിയെന്നു മാത്രമായി പോയെങ്കിലോ എന്നുള്ള തോന്നലാണ് അവൻ്റെ മുൻപിൽ ചെന്നുനിൽക്കാൻ അവളെ തടഞ്ഞത്.. മറഞ്ഞുനിന്ന് അവനെ കണ്ടറിഞ്ഞിരുന്ന ഓരോ നിമിഷവും അവൾക്കെത്രത്തോളം പ്രിയപ്പെട്ടതായിരുന്നെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്... ഭ്രാന്തമായ സ്നേഹമാണ് നിരഞ്ജനോടവൾക്ക്... ഒരാളെ തമ്മിലൊന്നുകാണാതെയും മിണ്ടാതെയും ഇത്രത്തോളം പ്രണയിക്കാനാവുമോ എന്ന് ഞാൻ പലപ്പോഴും അതിശയിച്ചിട്ടുണ്ട്.. എറണാകുളത്ത് വന്നനാൾ തൊട്ട് അവളുടെ കൂടെയുള്ളതാ ഞാൻ.. അവളെ എനിക്ക് നല്ലപോലെ അറിയാം... അവളിപ്പോൾ ഈ കല്യാണത്തിൽ നിന്ന് ഇറങ്ങിപ്പോയാൽ നിരഞ്ജൻ്റെ ഓർമകളിൽ കിടന്ന് ഉരുകുന്ന ഒരു ഭ്രാന്തിയായി മാറും അവൾ.. അവൾക്കവനോടുള്ള പ്രണയം വെറും വാക്കുകളിൽ പറയാൻ കഴിയുന്നതല്ല... അതങ്ങനെ ആർക്കും മനസ്സിലാക്കാനും കഴിയില്ല.. അതുകൊണ്ട് നിങ്ങളായിട്ടിനി അവളെ ഒന്നും അറിയിക്കരുത്.. മരിച്ചുമണ്ണിലലിഞ്ഞ നിരഞ്ജനും അതുതന്നെയായിരിക്കും ആഗ്രഹിക്കുന്നുണ്ടാവുക..""
ശിവയ്ക്ക് തിരിച്ചൊന്നും പറയാനുണ്ടായിരുന്നില്ല... ദിയ പറഞ്ഞതിലും കാര്യമുണ്ട്... സഹനത്തിൻ്റെ ആൾരൂപമാണല്ലോ സ്ത്രീകൾ... തൻ്റെ പ്രണയം മനസ്സിലാക്കാതെ തിരിഞ്ഞുനടന്നെന്ന പേരിൽ നിരഞ്ജനെ മനസ്സിൽ നിന്നെടുത്തുകളയാൻ ജാനിയ്ക്കുകഴിയുമെങ്കിൽ അതല്ലേ നല്ലത്... ഇനിയൊരിക്കലും പൂർണ്ണമാകാത്തൊരു പ്രണയത്തിനായി കാത്തിരിക്കുന്നതിലും നല്ലത് പുതിയൊരു ജീവിതം തുടങ്ങുന്നതുതന്നെയാണ്.. പതിയെയാണെങ്കിലും ജാനി മാറിത്തുടങ്ങും, അത് പ്രകൃതി നിയമമാണല്ലോ...
ദിയയോട് മറുത്തൊന്നും പറയാതെ ശിവ തിരികെ ഹാളിൽ വന്നിരുന്നു... ചെറുക്കനും കൂട്ടരും വന്നിരുന്നിട്ടുണ്ട്.. കുറച്ചുകഴിഞ്ഞപ്പോൾ ദിയയുടേയും മറ്റുള്ളവരുടേയും കൂടെ കയ്യിൽ ഒരു തളികയിൽ പഴങ്ങളും പട്ടും ചെറിയവിളക്കും ചന്ദനത്തിരിയുമെല്ലാം പിടിച്ച് ചുവപ്പുമന്ത്രകോടിപ്പട്ടുടുത്ത് ജാനി സ്റ്റേജിലേക്കുവന്നു... നിറയെ ആഭരണങ്ങളെല്ലാം അണിഞ്ഞ് അതിസുന്ദരിയായിരുന്നു അവൾ.. കത്തിച്ചുവച്ചിരുന്ന വിളക്കിൻ്റെ വെട്ടത്തിനുപോലും പക്ഷേ അവളുടെ മുഖത്തിന് തിളക്കം നൽകാൻ കഴിഞ്ഞിരുന്നില്ല... ആളുകളെ കാണിക്കാൻ വേണ്ടിയുള്ള ചെറുപുഞ്ചിരികൾക്കുപോലും ഇരുട്ടിൻ്റെ നിഴലായിരുന്നു...
തല ചെറുതായി കുനിച്ച് ഏതോ ലോകത്തിലെന്നപോലെ ഇമവെട്ടാതെ എന്തോ ചിന്തയിലാണ്ടിരിക്കുകയാണവൾ... കെട്ടിമേളം തുടങ്ങി... ചെറുക്കൻ താലിയെടുത്ത് ജാനിയുടെ കഴുത്തിനു നേരെ പിടിച്ചു...
ഒരു നിമിഷത്തേക്ക് കണ്ണുകളടച്ച് അവൾ ഒന്നു ദീർഘമായി നിശ്വസിച്ചു... അവളുടെ കണ്ണുകളിൽ നിന്നും ഊർന്നിറങ്ങിയ ഒരു തുള്ളി കണ്ണുനീർ കവിളിലൂടെ ഒഴുകുന്നതിനിടയിൽ നിലവിളക്കിൻ്റെ പ്രഭയിൽ ഒന്നു തിളങ്ങിയത് ശിവ മാത്രം കണ്ടു... ആ കണ്ണുനീരിൽ അലിഞ്ഞില്ലാതെയായത് അവളുടെ ഉള്ളിലെ പ്രണയമായിരിക്കണം... അതല്ലെങ്കിൽ ഹൃദയത്തിലേതോ കോണിൽ കുഴികുത്തിമൂടിയ ഇഷ്ടങ്ങളെല്ലാം ഞെരിഞ്ഞമർന്ന് വാർന്നൊലിക്കുന്നതാവാം...
തിരികെ വീട്ടിലെത്തിയ ശിവ തൻ്റെ എഴുതാനിരിക്കുന്ന കസേരയിൽ ഇരുന്ന് ഒരു സിഗരറ്റ് കത്തിച്ചുവലിച്ചു.. എഴുതിവച്ചിരുന്ന പേപ്പറുകളെല്ലാം ചുരുട്ടിയെറിഞ്ഞ് അയാൾ പുതിയൊരു പേപ്പറിൽ എഴുതിത്തുടങ്ങി,
""നിനക്കായ് മാത്രം... ജാനി""
ശുഭം.
Comments
Post a Comment