ഇന്ത്യൻ ആർമി


"" നിങ്ങൾ ജയിലിലിട്ടിരിക്കുന്ന ഞങ്ങളുടെ കൂട്ടാളികളെ മുഴുവൻ വിട്ടയക്കാതെ ഈ തടവുകാരെ ജീവനോടെ നിങ്ങൾക്ക് കാണാൻ കഴിയില്ല.. ഒരു മണിക്കൂറിനകം ഒരു തീരുമാനം അറിയിക്കാത്ത പക്ഷം  ഓരോ മണിക്കൂറിലും ഓരോ മരണവാർത്തയായിരിക്കും നിങ്ങൾ കേൾക്കുക.. "" ഇത്രയും പറഞ്ഞുകൊണ്ട് തീവ്രവാദികളുടെ തലവൻ സ്പൂഫ് ചെയ്ത ഫോൺ കാൾ കട്ട് ചെയ്തു..

ജമ്മുകാശ്മീരിലേക്ക് ടൂറിനുവന്ന നാൽപ്പതോളം കുട്ടികളുടെ ഒരു സ്കൂൾ ബാച്ചിനെയാണ് തോക്കിൻമുനയിൽ നിർത്തിക്കൊണ്ട് ബസ്സോടുകൂടെ തീവ്രവാദികൾ അതിർത്തികടത്തിയത്.. ഒന്നും ചെയ്യാനാവാതെ നോക്കിനിൽക്കാനേ അന്നേരം  പോലീസിനും പട്ടാളത്തിനും കഴിഞ്ഞുള്ളൂ... രാവിലെ തട്ടിക്കൊണ്ടുപോയതിനുശേഷം കുടിക്കാൻ വെള്ളമല്ലാതെ മറ്റൊന്നും തന്നെ ഈ രാത്രി വരെയും കുട്ടികൾക്കോ അധ്യാപകർക്കോ അവർ നൽകിയിരുന്നില്ല...

""നമ്മൾ വിചാരിച്ചതിനേക്കാൾ സമയം നീണ്ടുപോവുകയാണ്... ഇവിടെ ഒത്തിരിനേരം നിൽക്കുന്നത് സേഫല്ല... ആർമി എങ്ങാനും വന്നാൽ..."" കൂട്ടത്തിലൊരാൾ ആശങ്ക പ്രകടിപ്പിച്ചു..

"" എന്ത് ആർമി?? ഈ കൊടും കാടിനു നടുവിൽ ഇങ്ങനൊരു ഹൈഡൗട്ട് ഉള്ളത് സാറ്റലെറ്റിനുപോലും കണ്ടുപിടിക്കാൻ കഴിയില്ല.. അവരിനി തപ്പിയിറങ്ങിയാലും ഏക്കറുകണക്കിനുള്ള കാട് മുഴുവൻ വട്ടമിട്ട് തപ്പിവരുമ്പോഴേക്കും നമ്മുടെ ഇൻഫോമേർസ് വിവരം തരും.. ഈ രാത്രി കൂരിരുട്ടിൽ സെർച്ച് ലൈറ്റുപോലുമില്ലാതെ അവരൊന്നും വരത്തില്ലല്ലോ.. ഒരു മണിക്കൂറുകൂടെ നോക്കാം.. ഇല്ലെങ്കിൽ ഒന്നൊന്നായി ഇതിങ്ങളെ കൊന്ന് തള്ളിയേക്കാനാ മുകളിൽ നിന്നുള്ള ഓർഡർ..""  വിശന്നുവലഞ്ഞ് ഒരു മൂലയിൽ കുനിഞ്ഞുകൂടി ഇരിക്കുന്ന കുട്ടികളെ നോക്കി തലവൻ പുച്ഛിച്ചു..

""ഹ്ഹ ഹാ !! ""

പുറത്തോട്ട് പോകാൻ തുടങ്ങിയ തലവൻ പിറകിൽ നിന്നുള്ള പതിഞ്ഞ ശബ്ദം കേട്ടാണ് നിന്നത്.. ആരോ കളിയാക്കി ചിരിച്ചതുപോലെ.. അയാൾ തിരിഞ്ഞുനിന്ന് കൂട്ടത്തിലേക്ക് സൂക്ഷിച്ചുനോക്കി..

""ആരാ? ആരാണത്?? ആർക്കാ ഇത്ര ചിരി?? "" തലവൻ്റെ ശബ്ദം കൊണ്ട് ആ പഴയ ഗോഡൗൺ കുലുങ്ങി... കുട്ടികളെല്ലാം പേടിച്ചുവിറച്ച് ഒന്നുകൂടെ അടുത്തുകൂടിയിരുന്നു... മറുപടി കിട്ടാഞ്ഞപ്പോൾ അയാൾ ദേഷ്യത്തോടെ കയ്യിലെ പിസ്റ്റൾ ലോഡ് ചെയ്ത് കുട്ടികൾക്കുനേരെ ചൂണ്ടിക്കൊണ്ട് അലറി..

""മര്യാദയ്ക്ക് അതാരാണെന്ന് പറയുന്നതാണ് നല്ലത്.. ഇല്ലെങ്കിൽ ഒന്നൊന്നായി എല്ലാത്തിനേം ഞാൻ... ആർക്കാടാ ഇത്രയ്ക്ക് തമാശ ഇവിടെ!?"" അയാളുടെ ശബ്ദം കേട്ട് കുട്ടികളെല്ലാം പേടിച്ച് കരയാൻ തുടങ്ങി..

പതിയെ കൂട്ടത്തിൽ നിന്ന് ഒരു കൈ ഉയർന്നു... ഒരു പയ്യൻ ക്ഷീണത്തോടെ കൂട്ടത്തിൽ നിന്ന് എഴുന്നേറ്റ് നിന്നു...

""ഹ!! നീയാണോ!! നിനക്കെന്താടാ ഇത്രയ്ക്ക് തമാശ?? ഇവിടെ കോമഡി സ്കിറ്റ് വല്ലതുമാണോ നടക്കുന്നേ?? എന്തിനാ നീ ചിരിച്ചേ? പറ, ചിരിക്കാനുള്ളതാണേൽ ഞങ്ങളും കൂടെ ചിരിക്കാം, പറയെടാ!!... "" അയാളുടെ ഉരുക്കൂമുഷ്ടി ആ പയ്യൻ്റെ കവിളത്തുപതിഞ്ഞു... രണ്ടടി മാറിയാണ് അവൻ തെറിച്ചുവീണത്!! കവിളിനകം പൊട്ടി വായിൽ നിന്നും ചോര തെറിച്ചു നിലത്തുവീണു... എന്നിട്ടും അവൻ്റെ കണ്ണിൽ നിന്നും കണ്ണുനീരുപൊടിഞ്ഞില്ല.. പുച്ഛഭാവത്തോടെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അവൻ മുട്ടുകുത്തി എഴുനേറ്റു..

""നീയാളുകൊള്ളാമല്ലോടാ!! നിനക്ക് ഇത്രയ്ക്ക് തൻ്റേടമോ!! അയാൾ ചെറുതായൊന്ന് അതിശയിച്ചു..

""ഹ്ആ!! അങ്കിളേ.. ഞാൻ നിങ്ങളെ കളിയാക്കി ചിരിച്ചതല്ല, ആർക്കോ വേണ്ടി സ്വയം ബലിയാടാവാൻ തയ്യാറായി നിൽക്കുന്ന നിങ്ങളുടെ അവസ്ഥകണ്ട് സഹതാപത്തോടെ നിശ്വസിച്ചതാണ്.. ഞങ്ങളെയൊക്കെ കൊന്നുകളഞ്ഞാലും നിങ്ങളൊന്നും രക്ഷപ്പെടാൻ പോണില്ല.. നിങ്ങളൊക്കെ മരിച്ചുപോയാൽ പോലും ആർക്കുവേണ്ടിയാണോ നിങ്ങൾ ഇതൊക്കെ ചെയ്യുന്നേ അവർക്കൊന്നും ഒരു കൂസലുമുണ്ടാവുകയുമില്ല... എന്നിട്ടും നിങ്ങളുടെ ആത്മവിശ്വാസം കണ്ടിട്ട് അറിയാതെ വായിന്നു വീണശബ്ദമാണ്.."" അവൻ ആവേശത്തോടെ പറഞ്ഞു..

""ഹ ഹ ഹാ!!! ഇവിടെ നിങ്ങളെ ആര് രക്ഷിക്കാൻ വരുമെന്ന് വിചാരിച്ചിട്ടാ നിൻ്റെ ഈ അഹങ്കാരം??!! ഒരുത്തനും ഇവിടെ വരാൻ പോകുന്നില്ല.. വന്നാലും ജീവനോടെ പോകില്ല... ഈക്കണ്ട ഞങ്ങളൊക്കെ വെറുതെയല്ല ഈ തോക്കും പിടിച്ച് ഇവിടെ നിൽക്കുന്നേ..നിൻ്റെ അഹങ്കാരം ഞാനിന്ന് തീർത്തുതരാം... "" തലവൻ കലികൊണ്ട് തുള്ളി!!! അയാൾ അരയിൽ നിന്നും കത്തിയെടുത്തുകൊണ്ട് അവൻ്റെ അടുത്തുചെന്നു...

"" നിൽക്ക് അങ്കിളേ, പറഞ്ഞുതീർന്നില്ല!! ഇതെൻ്റെ അഹങ്കാരമല്ല, എനിക്ക് എൻ്റെ രാജ്യത്തിൻ്റെ മേലുള്ള വിശ്വാസമാണ്, എൻ്റെ രാജ്യം കാക്കുന്ന പട്ടാളക്കാരുടെ മേലുള്ള വിശ്വാസമാണ്.. അതിഥി ദേവോ ഭവ എന്നുപറഞ്ഞ് എല്ലാവരെയും സ്വീകരിക്കുന്ന  അതേപോലെതന്നെ ശത്രുക്കളെ തുരത്താനും എൻ്റെ നാടിനറിയാം.. ശത്രുക്കൾക്കുമുൻപിൽ തലകുനിച്ച ചരിത്രം എൻ്റെ രാജ്യത്തിനില്ല..

കാരണം അതിൻ്റെ പേര് 'ഇന്ത്യ'യെന്നാണ്... ഞാനും ഒരിന്ത്യക്കാരനാണ്... അതിലുപരി,
എൻ്റെ അച്ഛൻ ഇന്ത്യൻ ആർമിയിലാണ് അങ്കിളേ!!!""

തെല്ലും ഭയമില്ലാതെ അലറിയടുക്കുന്ന ആ തീവ്രവാദിയ്ക്കുമുൻപിൽ നിന്ന് അഭിമാനത്തോടെയുള്ള ആ പയ്യൻ്റെ വാക്കുകൾ കേട്ട് ഒരു നിമിഷം അയാൾ സ്തംഭിച്ചുനിന്നു.. തലകുനിച്ച് മൂലയിൽ ഒതുങ്ങിക്കൂടിയ കുട്ടികളും അധ്യാപകരും തലയുയർത്തി നോക്കി... അവരുടെ കണ്ണുകൾ തിളങ്ങി...

ഞെട്ടിത്തരിച്ച് നിന്ന ആ തീവ്രവാദിയ്ക്കുമുൻപിലേക്കായി ആ പയ്യൻ തൻ്റെ പോക്കറ്റിൽ നിന്നും ഒരു പേനയെടുത്തിട്ടു... അതിൻ്റെ തലപ്പത്ത് ചെറുതായി ഒരു ചുവപ്പ് ലൈറ്റ് പതിയെ മിന്നുന്നുണ്ടായിരുന്നു... അതിൻ്റെ വേഗത കൂടിക്കൂടിവന്നു.. ബോംബ് എങ്ങാനുമാണോ എന്നുവിചാരിച്ച് അയാൾ ഒരടി പുറകിലേക്ക് മാറി.. വേഗത കൂടിക്കൂടി മിന്നിമിന്നി അത് പെട്ടെന്ന് പച്ച ലൈറ്റ് കത്തി.. അന്തം വിട്ട് അയാൾ പയ്യനുനേരെ നോക്കി!!!

സിനിമാ സ്റ്റൈലിൽ കൈവിരൽ തോക്കുപോലെ പിടിച്ച് ലോഡ് ചെയ്ത് അവൻ അയാളുടെ നെറ്റിയ്ക്കുനേരെ ചൂണ്ടി ഒരു സെക്കൻ്റ് നിന്നു.. ശേഷം ഒരുകണ്ണടച്ച് കാണിച്ച് അവൻ കാച്ചിവലിച്ചു!!

""ട്ഷ്യൂംം...!!""

അയാളുടെ നെറ്റിയിൽ വട്ടത്തിൽ കുങ്കുമം തൊട്ടതുപോലെ ഒരു തുള!! കണ്ണുതുറിച്ചുകൊണ്ട് അയാൾ പിന്നിലേക്ക് മറിഞ്ഞുവീണു!!!

എങ്ങുനിന്നോ രണ്ട് സ്മോക്ക് ബോംബുകൾ അവിടെ വീണു.. ആകെ മൊത്തം പുകപടർന്നു!! അതിനിടയിലൂടെ പച്ച ലേസർ ലൈറ്റുകൾ മിന്നുന്നതുമാത്രം കാണാമായിരുന്നു..

പിന്നെ ഒരു മിനുട്ട് നേരത്തേക്ക് സ്നൈപ്പറുകളുടേയും ഗണ്ണുകളുടെയും ശബ്ദം മാത്രമായിരുന്നു!! കുട്ടികളും അധ്യാപകരും പേടിച്ചുകരഞ്ഞ് നിലത്തുകമിഴ്ന്നുകിടന്നു... ഗോഡൗണിൻ്റെ മേൽക്കൂര പൊളിച്ച് ഇന്ത്യൻ ആർമിയുടെ 'പാരാ സ്പെഷ്യൽ ഫോർസും' വാതിലുകൾ തകർത്ത് 'ഗരുഡ് കമാൻ്റോസും' കൃത്യം ഒരു മിനിറ്റിനുള്ളിൽ അതിനകത്തെ തീവ്രവാദികളെയെല്ലാം നിലം പരിശാക്കി.. രക്ഷപ്പെട്ട് കാട്ടിലേക്ക് ഓടാൻ ശ്രമിച്ച ഒരുത്തൻ്റെ കഴുത്തിനുപിന്നിലാണ് പാഞ്ഞുവന്ന ഒരു കത്തി തറച്ചുകയറിയത്...!!

ശബ്ദകോലാഹലവും പുകപടലങ്ങളും ഒന്നടങ്ങിയപ്പോൾ എല്ലാരും പതിയെ എഴുനേറ്റു...

""Boys! are we clear?""

മാസ്ക് ധരിച്ച ഒരു കമാൻ്റോ ഇയർഫോണിലൂടെ ചോദിച്ചു...

""Yes chief! no one leaves the eagle eyes!"" മറുപടി വന്നു.. അദ്ദേഹം തൻ്റെ മാസ്ക് താഴ്ത്തി മുൻപ് സംസാരിച്ച ആ പയ്യൻ്റെ മുൻപിലെത്തി മുട്ടുകുത്തി നിന്നു...

"" എന്താ പപ്പാ ഇത്ര ലേറ്റായേ!! നിങ്ങളിത്ര സ്ലോവാണോ!!"" അവൻ കുസൃതിയോടെ ചോദിച്ചു...

""അത് ശരി!! ഇത്ര റിസ്കെടുത്ത് വന്നതും പോര നേരത്തേ വന്നില്ലെന്ന് കുറ്റം പറയുന്നോ!! കുറച്ചൂടെ വൈകിയിരുന്നേൽ കാണാമായിരുന്നു!! അയാൾ നിന്നെ മീൻ വറുക്കാൻ വരയുന്ന പോലെ വരഞ്ഞെടുത്തേനെ!!"" അദ്ദേഹം അവൻ്റെ മൂക്ക് പിടിച്ചു കുടഞ്ഞു..

""ഉവ്വ!! ട്രാക്കർ മിന്നാൻ തുടങ്ങിയതുകൊണ്ടല്ലേ ഞാനിത്ര ദൈര്യത്തോടെ ഡയലോഗടിച്ചത്!! പപ്പ അല്ലായിരുന്നേൽ വേറെ ആരെങ്കിലും കുറച്ചൂടെ നേരത്തേ വെടി വച്ചേനെ!!"" അവൻ കൈ തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു..

""ഹ്മം.. എന്നുവച്ച് എപ്പോഴും ഓവറായി അഹങ്കരിക്കാൻ നിക്കണ്ട.. നിൻ്റെ സംസാരംകൊണ്ട് വേറെ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ!! ഞാൻ എപ്പോഴും ഉണ്ടായിരിക്കണമെന്നില്ലല്ലോ...""

""അതിന് പപ്പയെ ആര് പ്രതീക്ഷിക്കുന്നു!! എനിക്കേ എൻ്റെ ഇന്ത്യൻ ആർമിയിൽ നല്ല വിശ്വാസമാണ്, പപ്പയില്ലേൽ പപ്പയേക്കാൾ ബെറ്ററായ നൂറുപേരുവരും രക്ഷിക്കാൻ!! ഇന്ത്യർ ആർമി എന്നാ സുമ്മാവാ!!"" അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു... അദ്ദേഹം ചിരിച്ചുകൊണ്ട് അവൻ്റെ കവിളത്ത് നുള്ളി..
""ആഹ് "" എന്നവൻ വേദനിച്ചു കരഞ്ഞു..

""അയ്യടാ!! ഈ വേദന അയാൾ തല്ലിയപ്പൊ കണ്ടില്ലല്ലോ!! വെറുതെ അഭിനയിക്കല്ലേ!!""

""വേദനയൊക്കെ ഉണ്ടായിരുന്നു.. അപ്പൊ കരഞ്ഞാ വെയ്റ്റ് പോവില്ലേ!! അതോണ്ടാ... അല്ല!! എനിക്ക് തല്ലുകിട്ടുന്നതും നോക്കി നിൽക്കുവായിരുന്നല്ലേ!! ദുഷ്ടൻ !!"" അവൻ ചിണുങ്ങി..

""അത് പിന്നെ നിനക്കല്ലേലും രണ്ടുതല്ലിൻ്റെ കുറവുണ്ടെന്ന് ടീച്ചർമാരെപ്പോഴും പറയാറുള്ളതല്ലേ, ഞാനായിട്ട് നിന്നെ തല്ലാറില്ലല്ലോ.. എന്നാപ്പിന്നെ ഒന്നു കൊണ്ടോട്ടേ എന്നുവച്ചു.."" അദ്ദേഹം ചിരിച്ചു.. അവൻ ദേഷ്യപ്പെട്ട് മാറി നിന്നു..

""ഹ!! പെണങ്ങല്ലേ!! വേദന മാറാൻ നല്ല ഗ്രിൽഡ് ചിക്കൻ വാങ്ങിത്തരാം.. വാ..""

"" ഫുള്ളും ഞാൻ തന്നെ തിന്നും പപ്പയ്ക്ക് തരില്ല.. ഹും!!"" അവൻ ദേഷ്യപ്പെട്ടു.. ചിരിച്ചുകൊണ്ട് അദ്ദേഹം അവനെ വാരിയെടുത്തു..

""Boys!!! lets wrap it up! lets fly back to INDIA!""

താഴ്ന്നിറങ്ങിയ ഹെലികോപ്റ്ററുകൾ നിമിഷനേരംകൊണ്ട് എല്ലാവരെയും കൊണ്ട് തിരിച്ചുപറന്നു..


Comments

Popular posts from this blog

പായ്ക്കപ്പൽ (നോവൽ)

ഓർമ്മപ്പൂക്കൾ