ഒറ്റനാണയം..



ദുബായിലെ മിനി കേരളമായ കരാമയിലെ തെരുവോരത്തുകൂടെ പുതുതായൊരു ഫുഡ്സ്പോട്ടും തേടി ഇറങ്ങിയതായിരുന്നു അയാൾ.. ഗൂഗിളമ്മാവനോട് ചോദിച്ച് കാണിച്ചുതരുന്ന വഴികളിലൂടെ നടക്കാൻ തുടങ്ങിയിട്ട് കുറച്ചുനേരമായി.. അംബരചുംബികളായ കെട്ടിടങ്ങളും റോഡരികിലെ ആഡംബരവാഹനങ്ങളും നോക്കി വെള്ളമിറക്കി നടക്കുന്നതിനിടയ്ക്കാണ് താഴെ നിന്നും ഒരു കൈ അയാൾക്കുനേരെ നീണ്ടത് അയാളുടെ ശ്രദ്ധയിൽ പെട്ടത്...

മുഴുനീള പർദ്ദ ദരിച്ച് ആ പൊരി വെയിലത്ത് ആകെയുള്ളൊരു ബസ്റ്റോപ്പിൻ്റെ പുറകിലെ തണലിൽ താഴെയിരിക്കുന്ന ഒരു സ്ത്രീ... ദൈവമേ ഇത്രയും ലക്ഷ്വറിയായ ദുബായിലും ഭിക്ഷക്കാരോ!! ഒരു സെക്കൻ്റിൻ്റെ വ്യത്യാസത്തിലാണ് ഫോണിലെ നോട്ടത്തിൽ നിന്നും കണ്ണുതെറ്റി അയാൾ ആ സ്ത്രീയെ കണ്ടത്.. നടത്തത്തിൻ്റെ വേഗതയിൽ അയാൾക്ക് സംഭവം തലയിൽ കത്തിയപ്പോഴേക്കും കുറച്ച് മുൻപോട്ട് പോയിക്കഴിഞ്ഞിരുന്നു അയാൾ... 

നടത്തത്തിൻ്റെ വേഗത പതിയെ കുറഞ്ഞു.. പിന്നിൽ നിന്നാരോ പിടിച്ചുവലിക്കുന്നതുപോലെ... നാട്ടിലായിരുന്നെങ്കിൽ കയ്യിൽ കാശുള്ള നേരത്ത് ആരെങ്കിലും ഇതുപോലെ കൈനീട്ടിയാൽ ഒരു പത്തുരൂപയെങ്കിലും മിനിമം കൊടുക്കാറുള്ളതായിരുന്നു.. ഡിജിറ്റൽ ഇന്ത്യയുടെ വരവോടെ പേഴ്സിൽ കാശില്ലാതായതോടെ അടുത്തകാലത്തായി മനസ്സില്ലാമനസ്സോടെ ഒന്നുമില്ലെന്ന് പറഞ്ഞ് കയ്യൊഴിയാറാണ് പതിവ്.. പിന്നീട് യാത്രകൾ മുഴുവനും ബൈക്കിലായതുകൊണ്ടും വഴിയോരങ്ങളിൽ ഇത്തരം ആളുകളെ കാണാൻ അവസരം ഇല്ലാതായതോടെയും പേഴ്സുതന്നെ എടുക്കാതായതാണ്... ഇന്നിപ്പോൾ പെട്ടെന്നീയൊരു കാഴ്ച്ച അയാളിലെന്തോ ഒരു വല്ലായ്മ സൃഷ്ടിച്ചു..

തെല്ലൊന്ന് നിന്ന് അയാൾ  വെറുതെ തൻ്റെ പേഴ്സൊന്ന് തപ്പിനോക്കി... നോൾ കാർഡും ഇൻഷുറൻസ് കാർഡും എടിഎമ്മും മാത്രമേയുള്ളൂ... ഇവിടെയും കാശ് കയ്യിൽ വക്കാറില്ല... അക്കൗണ്ടിലാകെ 54 ദിർഹം മാത്രമേയുള്ളൂ... എടിഎമ്മിൽ നിന്നെടുക്കാൻ പോലും പറ്റില്ല..

 കുറേ കാലത്തിനുശേഷം തനിക്കുനേരെ നീണ്ട ഒരു കൈയ്യാണത്.. ഓരോരുത്തർക്കുനേരെ ആ കൈ നീളുമ്പോഴും അവരിൽ നിന്നും ഒരു സഹായം കിട്ടുമെന്നുള്ള പ്രതീക്ഷയോടെയുള്ള ആ കണ്ണുകൾ മാത്രമേ പുറത്തുകാണുന്നുള്ളൂ.. നിരാശകൾ ഏറ്റുവാങ്ങിയുള്ള തൻ്റെ ജീവിതത്തിൽ വല്ലപ്പോഴും ചിലർക്കെങ്കിലും പ്രത്യാശയുടെ വെളിച്ചംപകരാൻ വെമ്പുന്ന മനസ്സുള്ളതുകൊണ്ടുതന്നെ ആ കൈകളെ ശൂന്യമായി മടക്കാൻ അയാൾക്കുമനസ്സുവന്നില്ല.. പക്ഷേ അവസ്ഥ തീർത്തും പരിതാപകരമാണല്ലോ.. ആ മഹാ നഗരത്തിനു നടുവിൽ ആ സ്ത്രീയും താനും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്ന് ഒരു നിമിഷത്തേക്ക് അയാൾക്കുതോന്നിപ്പോയി.. 

നിസ്സഹായനായി അയാൾ വീണ്ടും മുന്നോട്ട് നടന്നു.. എന്തായാലും തുനിഞ്ഞിറങ്ങിയ പരിപാടി നടക്കട്ടെ ആദ്യം എന്നും വച്ച് തിരഞ്ഞിറങ്ങിയ കോഴിക്കോട് സ്റ്റാർ ഹോട്ടൽ തപ്പിക്കണ്ടുപിടിച്ച് അകത്തുകയറി..
നേരത്തെ മനസ്സിലുറപ്പിച്ച കേരള പൊറോട്ടയും നല്ല നാടൻ ബീഫ് വരട്ടിയതും കഴിച്ച് നാട്ടിലെ ഓർമ്മകൾ അയവിറത്തുകൊണ്ടയാൾ സംതൃപ്തിയടഞ്ഞു...

ബില്ലുകൊടുക്കാൻ നേരം ഒന്നുരണ്ടു ദിർഹം കൂടുതൽ ബില്ലടിച്ച് അയാൾ ചില്ലറത്തുട്ടുകൾ കയ്യിൽ വാങ്ങി... മലയാളികൾ ആയതുകൊണ്ട് അങ്ങനെയുള്ള ചില അഡ്ജസ്റ്റുമെറ്റുകളൊക്കെ നടക്കും.. സാധാരണ തുണി അലക്കാൻ കൊടുക്കുന്ന നേരത്ത് ചില്ലറകൾക്കായി സ്ഥിരം ചെയ്യുന്ന പരിപാടി ആണത്.. എന്തെങ്കിലും സാധനം വാങ്ങി ബില്ലിൽ കൂടുതൽ അടിച്ച് ചില്ലറ കൈയ്യിൽ വാങ്ങിന്നത്.. ഇപ്രാവശ്യം പക്ഷേ അവയിലൊന്ന് തിരിച്ചുപോകുമ്പോൾ ആ സ്ത്രീയ്ക്ക് കൊടുക്കാൻ വേണ്ടി കരുതിയതായിരുന്നു...

തിരികെ മെട്രോ കയറാൻ നടന്ന് നേരത്തെ ആ സ്ത്രീ ഇരുന്നിരുന്ന ഭാഗത്തെത്തിയപ്പോൾ അവരെ അവിടെ കാണാനില്ല... ചുറ്റിലും കണ്ണോടിച്ച് നോക്കിയിട്ടും അവിടെയെങ്ങും കണ്ടില്ല... ഭിക്ഷാടനവും ഭിക്ഷ കൊടുക്കുന്നതും നിരോധിച്ചിരിക്കുന്ന സ്ഥലമാണല്ലോ... മുനിസിപ്പിലിറ്റിക്കാർ കണ്ടറിഞ്ഞുവന്ന് അവരെ ഷെൽറ്റർ ഹോമിലേക്ക് മാറ്റിയതായിരിക്കും... അയാൾ ചിന്തിച്ചു..

പക്ഷേ അവർക്കുവേണ്ടി കരുതിയ ആ ഒരു ദിർഹം അതിൻ്റെ ഉദ്ദേശം നിറവേറ്റാനാകാതെ തിരികെ പേഴ്സിലേക്ക് മടങ്ങി.. നാട്ടിലായിരുന്നെങ്കിൽ വല്ല നേർച്ചപ്പെട്ടിയിലോ ഭണ്ഡാരത്തിലോ ഇടാമായിരുന്നു.. ഇവിടെ അതൊന്നും ഇല്ലാത്തതുകാരണം ആ ഒറ്റനാണയം ഇപ്പോഴും അയാളുടെ പേഴ്സിൽ സുഖനിദ്രയിലാണ്.. 

Comments

Popular posts from this blog

പായ്ക്കപ്പൽ (നോവൽ)

ഓർമ്മപ്പൂക്കൾ