മരണമണികൾ...


നീട്ടിയുള്ള പള്ളിമണി കേട്ടാണ് അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുനേറ്റത്... കണ്ണുതിരുമ്മി അയാൾ പതിയെ എഴുനേറ്റ് ജനലരികിൽ നിന്ന് എത്തിനോക്കി.. കുറച്ചകലെയാണെങ്കിലും മണിയടിക്കുന്നത് എൽദോച്ചായനാണെന്ന് അവനുകണ്ടപ്പോൾ തന്നെ മനസ്സിലായി... മരണമണിയാണ്... ആരായിരിക്കും അതെന്നറിയാൻ അയാൾ പതിയെ മുറ്റത്തേക്കിറങ്ങി... പുറത്തിറങ്ങി ഗേറ്റ് തുറക്കാൻ നേരത്താണ് അയാൾ മാസ്ക് ഇട്ടിട്ടില്ലെന്ന് ഓർത്തത്.. വേഗം അകത്തേക്കോടി അയാൾ മാസ്ക് ഇട്ട് പതിയെ പള്ളിയിലേക്ക് നടന്നു...

കൊറോണ കൊടുംമ്പിരി കൊണ്ടിരിക്കുന്ന കാലമാണ്..   മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയത് ഒന്നുരണ്ടുവട്ടം പെറ്റിയടിച്ച് കിട്ടിയതുകൊണ്ടാണ് അത് മറക്കാതെ എടുത്തിട്ടത്... ഒറ്റത്തടിയായി ജീവിക്കുന്നതുകൊണ്ട് അയാൾക്ക് ആ വാടകവീട്ടിൽ എവിടെയും ശുദ്ധവായു ശ്വസിച്ച് നടക്കാമായിരുന്നു.. കുടുംബവും കുട്ടികളുമൊക്കെ ഉണ്ടായിരുന്നേൽ ഇന്നേരം വീട്ടിൽ പോലും മാസ്കെല്ലാമിട്ട് കുട്ടികളെയൊന്ന് ചുംബിക്കാൻ പോലും കഴിയാത്തവിധം കഷ്ടപ്പെട്ടുപോയേനേ എന്ന് അയാൾ എപ്പോഴും ആലോചിക്കാറുണ്ട്... ബാങ്ക് ജോലിക്കാരനായതുകൊണ്ട് പലതരം ആളുകളുമായും സമ്പർക്കമുള്ളതാണല്ലോ... ഈ പുതിയ അവതാരത്തിൻ്റെ വരവോടെ നേരാം വണ്ണം ശ്വാസമെടുക്കാൻ പോലും വയ്യാതെ ബാങ്കിൽ കിടന്ന് വീർപ്പുമുട്ടുകയാണ് ദിനവും.. പലയിടത്തും മരണങ്ങൾ സംഭവിച്ചുതുടങ്ങിയിരിക്കുന്നു.. ഇനി ഇത് അത് വല്ലതും..?

ചിന്തിച്ച് ചിന്തിച്ച് പള്ളിയുടെ അടുത്തെത്താറായപ്പോഴാണ് സ്ലീവാച്ചൻ്റെ ഭാര്യ ആനിയും ആങ്ങളയും പിന്നെ രണ്ടോ മൂന്നോ അയൽവാസികളും അവിടെ നിൽക്കുന്നതുകണ്ടത്.. മാസ്ക് ദരിച്ചിട്ടുണ്ടെങ്കിലും അവരെയൊന്നും മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല... പള്ളിയ്ക്കുമുൻപിൽ പോലീസുകാരും ആംബുലൻസും ഹെൽത്ത് ഡിപാർട്ട്മെൻ്റിൻ്റെ വണ്ടിയുമെല്ലാം നിൽപ്പുണ്ട്.. ഇതതുതന്നെ... കൊറോണ വന്ന് മരിച്ചതാണ്.. അയാളുടെ നടത്തത്തിൻ്റെ വേഗത കുറഞ്ഞുകുറഞ്ഞുവന്ന് ഒന്നമാന്തിച്ച് അയാൾ നിന്നു..

ആരാണ് മരിച്ചതെന്നറിയാൻ ആകാംക്ഷയുണ്ടയാൾക്ക്... നാട്ടുകാരുമായി അധികം നല്ലസമീപനമൊന്നുമല്ലെങ്കിലും ബാങ്കിലെ ജോലിക്കാരനായതുകൊണ്ട് ഒട്ടുമിക്ക നാട്ടുകാരെയും പരിചയമുണ്ടയാൾക്ക്.. ലോണെടുത്ത് തിരിച്ചടക്കാനുള്ള വല്ലവരുമാണോ എന്നുകൂടെ നോക്കാമല്ലോ എന്നുവിചാരിച്ചാണ്... എന്നാൽ മുന്നോട്ട് പോകാൻ പേടിയുണ്ട് താനും.. എന്തായാലും കുറച്ചകലം പാലിച്ച് നിന്ന് ചോദിക്കാം എന്നുവച്ച് കുറച്ചുകൂടെ അടുത്തേക്കയാൾ നടന്നു... അങ്ങിങ്ങായി നിൽക്കുന്നവർ എന്തൊക്കെയോ പതിഞ്ഞ ശബ്ദത്തിൽ മുറുമുറുക്കുന്നുണ്ട്.. അടുത്തുചെന്ന് എന്താണെന്ന് ചോദിക്കാനുള്ള പേടികാരണം അയാൾ വിട്ടുനിന്ന് കണ്ടവരോട് തലയാട്ടി ഹാജർ വച്ചു..

ആനി ആകെ കരഞ്ഞുതളർന്നിരിക്കുകയാണ്.. അവളുടെ ആങ്ങളയുടെ കൈയ്യിൽ ചാഞ്ഞ് ആകെ കുഴഞ്ഞുകിടക്കുന്നു.. ഇനി അവരുടെ വീട്ടിലെ വയസ്സായ അമ്മച്ചിയെങ്ങാനുമാണോ?? പുള്ളിക്കാരി തൊണ്ണൂറ് നോട്ടൗട്ടായിട്ട് ഇരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി... അവരാണ് മരിച്ചതെങ്കിൽ ഇത്രയ്ക്ക് വിഷമം കാണേണ്ടതല്ല... ഇനി ദുബായിൽ കിടക്കുന്ന സ്ലീവാച്ചനെങ്ങാനും??? കാര്യം കാണാൻ കുറച്ച് തണ്ടും തടിയുമൊക്കെ ഉണ്ടെങ്കിലും ആരോഗ്യം നന്നേ കുറവാണ് അയാൾക്ക്... കഴിഞ്ഞ ലീവിന് നാട്ടിൽ വന്ന് ഒരു ചാറ്റൽമഴ കൊണ്ടപ്പോഴേക്കും പനിപിടിച്ച് ഒരാഴ്ച്ച കിടപ്പിലായ കക്ഷിയാ... അയാളാണോ ഇനി???

ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നപ്പോഴാണ് ആംബുലൻസിൽ നിന്നും പിപിഇ കിറ്റ് ദരിച്ച് കണ്ണും വായുമെല്ലാം മൂടി രണ്ടുപേർ പുറത്തിറങ്ങിയത്.. പതിയെ അവർ സ്ട്രച്ചർ വലിച്ച് പുറത്തേക്കെടുത്തു... വെള്ളപുതച്ച ആ ശരീരം അവർ അനായാസം എടുത്ത് പുറത്ത് നിന്ന ആനിയുടെ കുറച്ചടുത്തേക്കായി നീട്ടി കാണിച്ചുകൊടുത്തു...

ഏഞ്ചൽ!!!!

""കർത്താവേ!!!! "" എന്നുംവിളിച്ച് അയാൾ നെഞ്ചത്ത് കൈവച്ചുപോയി!!! ആനിയുടെ മുന്നുവയസ്സുമാത്രം പ്രായമുള്ള കൊച്ച്!!!

അയാളുടെ കൈകാലുകൾ മരവിച്ചപോലെ... കാലടിയിൽ നിന്ന് തണുപ്പ് ഇരച്ചുകയറുന്നത് അയാൾ അറിഞ്ഞു... അയാളുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ താഴെവീണുപോയി...

ആനിയുടെ നിലവിളി ആ നാട്ടുകാരെ മുഴുവൻ വിളിച്ചുണർത്തിയിട്ടുണ്ടാകും... ""കാത്തുകാത്തിരുന്ന് ഞങ്ങൾക്കു തന്നതല്ലേ ഞങ്ങടെ മുത്തിനെ..  ഇത്ര പെട്ടെന്ന് തിരിച്ചെടുക്കാനാണെങ്കിൽ എന്തിനായിരുന്നു കർത്താവേ..."" എന്ന ആനിയുടെ ചോദ്യം രൂപക്കൂട്ടിലിരിക്കുന്ന പുണ്യാളൻ്റെ ഉള്ളൊന്ന് കുലുക്കിയിട്ടുണ്ടാവണം... ദേ മഴ ചാറാൻ തുടങ്ങിയിരിക്കുന്നു...

മഴ കൊള്ളാതെ തിരിച്ച് വീട്ടിലേക്കോടുന്നതിനിടക്ക് തിരിഞ്ഞുനോക്കിയപ്പോൾ കുഞ്ഞിൻ്റെ മുഖം അവസാനത്തേക്കായൊന്നു കാണുവാൻ പോലീസുകാരുടെ കാലുപിടിക്കുന്ന ആനിയെയാണ് കണ്ടത്...

വീട്ടിലേക്കുകയറി കുളിക്കാൻ വേണ്ടി നിന്നപ്പോഴും ഓർമ്മകളിലുള്ള ഏഞ്ചലിൻ്റെ കുസൃതിനിറഞ്ഞ മുഖവും കുഞ്ഞിപ്പല്ലുകാട്ടിയുള്ള ചിരിയുമെല്ലാമായിരുന്നു... കുളിച്ചുവന്ന് കർത്താവിൻ്റെ മുൻപിൽ തിരി കത്തിക്കാൻ നേരം അയാൾ കർത്താവിനെ കുറച്ചുനേരം നോക്കിനിന്നു... നാളിതുവരെ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കാത്ത അയാൾ അന്ന് ഏഞ്ചലിൻ്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിച്ചു...

പിന്നീടങ്ങോട്ട് കുറേ ദിവസങ്ങൾ അയാൾ ഉറക്കമുണർന്നത് അതുപോലുള്ള മരണമണികൾ കേട്ടുകൊണ്ടായിരുന്നു...


Comments

Popular posts from this blog

പായ്ക്കപ്പൽ (നോവൽ)

ഓർമ്മപ്പൂക്കൾ