പിഴ...


""മോനേ... ഒന്നെഴുന്നേൽക്കാവോ?"" 

അഗാധമായ ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേൽക്കവേ അയാളുടെ ചെവിയിൽ തുളച്ചുകയറിയത് ആ ശബ്ദം മാത്രമായിരുന്നു... ഉറക്കത്തിൽ എന്തൊക്കെ സ്വപ്നങ്ങളാണ് കണ്ടതെന്നുപോലും ഓർക്കാൻ പെട്ടെന്നയാൾക്കുകഴിഞ്ഞില്ല... കണ്ണുതുറന്നുനോക്കിയപ്പോൾ സൂര്യപ്രകാശത്തെ മറഞ്ഞുനിൽക്കുന്ന ഒരു മുഖം തൻ്റെ നേരെ മുകളിൽ നിൽക്കുന്നതാണ് അയാൾ കണ്ടത്... പെട്ടെന്ന് എഴുന്നേറ്റിരുന്ന് കണ്ണുതിരുമ്മി അയാൾ ചുറ്റും നോക്കി.. രാത്രി കണ്ണിൽകണ്ട ബ്രാൻ്റെല്ലാം അടിച്ചുകയറ്റി തലയ്ക്ക് കനം വച്ചപ്പോൾ എവിടെയോ വീണുപോയതാണ്.. വീണിടത്തുതന്നെ കിടന്ന് ഉറങ്ങിപ്പോയി... കണ്ണൊന്ന് നിറം പിടിച്ചുവന്നപ്പോഴാണ് താനൊരു തട്ടുകടയുടെ മുന്നിലാണ് കിടക്കുന്നതെന്ന് അയാൾക്ക് മനസ്സിലായത്...

തന്നെ വിളിച്ചുണർത്തിയ ആൾ തനിയ്ക്കുമുൻപിൽ കുനിഞ്ഞ് നിന്ന് കടയുടെ പൂട്ടുകൾ തുറക്കുന്ന കാഴ്ച്ചയാണ് അയാൾ ആദ്യം തന്നെ കണ്ടത്.. ഒരു അമ്പത്തഞ്ച് അറുപത് വയസ്സിസുള്ളിൽ പ്രായം വരുന്ന ഒരമ്മയായിരുന്നു അത്.. പൂട്ടുതുറക്കുന്നതിനിടയിൽ അയാളെ നോക്കി അവർ തെല്ലൊന്ന് മന്ദഹസിച്ചു.. നെറ്റിയിൽ ചന്ദനക്കുറിയും മുടിയിൽ ഒരു തുളസിക്കതിരും.. അമ്പലത്തിൽ പോയിട്ടുവരുന്ന വഴിയാണെന്ന് അയാൾക്കുമനസ്സിലായി... പതിയെ എഴുന്നേറ്റ് അയാൾ കടത്തിണ്ണയിൽ നിന്ന് എഴുന്നേറ്റ് ഒന്ന് മൂരിനിവർന്നു.. വാച്ചിലേക്ക് നോക്കിയപ്പോൾ സമയം 7 മണി ആകുന്നതേയുള്ളൂ.. ഇത്ര നേരത്തേ തന്നെ വന്ന് കട തുറക്കാൻ അവർ കാണിക്കുന്ന ഉത്സാഹം അയാൾ നോക്കി നിന്നു.. 
"" ഇവിടെ അധികം കടകളൊന്നുമില്ലല്ലോ മോനേ.. പുലർച്ചെ വെടിക്കെട്ട് കാണാൻ വന്നിട്ട് മോനെപ്പോലെ ഇവിടെത്തന്നെ കിടന്നുറങ്ങുന്ന കുറേ പേരുണ്ട്.. അവരൊക്കെ തിരിച്ചുപോകാൻ തുടങ്ങുന്ന നേരമല്ലേ.. നാലുകാശു കിട്ടുന്നത് കളയേണ്ടല്ലോ എന്ന് വിചാരിച്ചിട്ടാ.. മോൻ്റെ ഉറക്കം കളഞ്ഞല്ലേ.."" അവൻ്റെ നോട്ടത്തിൻ്റെ അർത്ഥം മനസ്സിലായപോലെ അവർ തൻ്റെ പ്രവർത്തികൾക്കിടയിൽ അയാളോടായി പറഞ്ഞു...

ശരിയാണ്... വിശ്വവിഖ്യാതമായ നെന്മാറ-വല്ലങ്ങി വെടിക്കെട്ട് കാണാൻ വേണ്ടി കൊല്ലത്തൂന്ന് കൂട്ടുകാരനേയും കൂട്ടി ഇന്നലെ വൈകീട്ട് ബൈക്കെടുത്ത് വിട്ടടിച്ച് വന്നതാണ്... വീട്ടുകാരുടേം നാട്ടുകാരുടേം കുത്തുവാക്കുകളും ഉപദേശങ്ങളും ഭീഷണികളും കേട്ടുമടുത്ത് "വാഴ" എന്നുള്ള വിളിപ്പേരൊന്ന് മാറ്റിയെടുക്കാൻ വേണ്ടി ദുബായിലേക്ക് വണ്ടികയറാൻ ടിക്കറ്റെടുത്ത് നിൽക്കുന്ന നേരത്താണ് പോകുന്നതിനുമുൻപേ കുറച്ച് എൻജോയ്മെൻ്റിനുവേണ്ടി ഇറങ്ങിത്തിരിച്ചത്... ""എവിടെപ്പോയാലും എന്തെങ്കിലും വള്ളിക്കേസും പിടിച്ച് അടിയുണ്ടാക്കി വരുന്ന സ്ഥിരം കലാപരിപാടിയ്ക്ക് നിക്കണ്ട... വെടിക്കെട്ടും കണ്ട് നേരെയിങ്ങു പോന്നേക്കണം "" എന്ന അപ്പൻ്റെ താക്കീതുള്ളതുകൊണ്ട് മാത്രമാണ് അമ്മച്ചി പോകാനനുവദിച്ചത്... എന്തായാലും നാടുവിടുവല്ലേ തടയേണ്ടെന്ന് കരുതി ചേട്ടനും ഒന്നും പറഞ്ഞില്ല... അമ്മച്ചിയുടെ ആദി പിന്നെ പണ്ടേ ഉള്ളതായതുകൊണ്ട് അതിനു വലിയ സ്വീകാര്യത ഇല്ലതാനും..  നാളെ കഴിഞ്ഞ് പറക്കുന്നതിനുമുൻപേ ഒന്നിച്ച് അൽപ്പം നാടുചുറ്റാമെന്നുപറഞ്ഞാണ് അപ്പൻ സൂചിപ്പിച്ച വള്ളിക്കേസുകളിലെ പങ്കാളി അരുണും കൂടെ ചാടിക്കേറിയത്... ""വണ്ടിയും പെട്രോളും ഫുഡ്ഡും എല്ലാം നീ തന്നെ നോക്കിക്കോണം എൻ്റേൽ അഞ്ച് പൈസയില്ല"" എന്ന് പോരുമ്പോഴേ പറഞ്ഞ ലവൻ അപ്പുറത്തെ ഒരു ബെഞ്ചിൽ സുഖ നിദ്രയിലാണ്...

അങ്ങനെയിപ്പൊ നീ മാത്രം സുഖിക്കേണ്ടെന്ന് പറഞ്ഞ് അയാൾ അരുണിൻ്റെ ഇടുപ്പുനോക്കി ഒരു ചവിട്ടങ്ങു വച്ചുകൊടുത്തു.!! ""ഹമ്മേ!!! "" എന്നും പറഞ്ഞ് അരുൺ നിലത്തുവീണ് ഞെട്ടിയെഴുന്നേറ്റു... 
"" മൈ... മൈ ഡിയർ മോനിച്ചാ... ഒരുമാതിരി കോണോത്തിലെ പരിപാടി കാണിക്കരുത്!!! വിളിച്ചെഴുന്നേൽപ്പിച്ചാ പോരായിരുന്നോ ഊളേ!!! യ്യോ!! എൻ്റെ നടു!!"" നടുവിൽ കൈവച്ചുകൊണ്ട് അരുൺ പതിയെ എഴുന്നേറ്റു...ചുറ്റിലും നോക്കി ഒന്നു സംശയിച്ചിട്ട് അരുൺ മോനിച്ചനെ നോക്കി..
""നമ്മളിന്നലെ പോയില്ലായിരുന്നോ!!"" അരുൺ അതിശയത്തോടെ ചോദിച്ചു..
""പോയാൽ പിന്നെ നമ്മളിവിടെ കാണുവോ മലരേ.... ഇന്നലെ അടിച്ച് ഓഫായി വണ്ടീൽ കേറാതെ നിലത്തുവീണതും നാട്ടുകാരുപിടിച്ചെടുത്തിവിടെ കൊണ്ടിട്ടതും ഒന്നും ഓർമ്മയില്ലേ തമ്പുരാന്??? നിനക്കുപകരം വേറെ ഏതോ ഒരു മാരണം വണ്ടിയിൽ ചാടിക്കേറിയിട്ട് അതിനേം വച്ചോണ്ട് കൊറേ ദൂരം പോയപ്പഴാ നിൻ്റെ ഫോണീന്ന് നാട്ടുകാരാരൊക്കെയോ എന്നെ വിളിക്കുന്നേ... തിരിച്ചുവന്ന് നോക്കിയപ്പൊ നീ ഇവിടെ ഫ്ലാറ്റ്.. പിന്നെ ഞാനൊറ്റക്ക് എന്തൊണ്ടാക്കാനാ... ബാക്കിവന്ന സാധനോം അടിച്ച് ഞാനും ഇവിടെ ചുരുണ്ടുകൂടി..."" മോനിച്ചൻ അവൻ്റെ നേരെ ചാടി...
""ഏ!! ആ... എനിക്കൊന്നും ഓർമ്മയില്ല... ഇനിയിപ്പൊ എന്താ പരിപാടി?? വിട്ടടിച്ച് പോകുവല്ലേ? ഇപ്പൊ വിട്ടാൽ ഉച്ച കഴിയുമ്പോ ചെല്ലാം.. നെനക്കിനി വേറെ വെടിയോ കെട്ടോ ഒന്നും കാണാനില്ലല്ലോ ല്ലേ??"" അരുൺ തിരിച്ച് ചോദിച്ചു...
""ആദ്യം ആ വായ ഒന്ന് കഴുകീട്ട് വാ നാറീ... നാറുന്നു"" മോനിച്ചൻ അവനെ തിരിച്ച് കളിയാക്കി...

അമ്പലത്തിനടുത്തുള്ള റോഡരികിൽ തന്നെയായിരുന്നു അവർ കിടന്നിരുന്നത്... രാവിലത്തെ എഴുന്നള്ളിപ്പിനായി ആനകളെല്ലാം വരാൻ തുടങ്ങിയിരുന്നു.. നേരെ അമ്പലക്കുളത്തിലേക്ക് നടന്ന് കാലും മുഖവും വായുമെല്ലാം കഴുകി രണ്ടാളും തിരിച്ചുകയറി വന്നു... ""ഇന്നലത്തെ കെട്ടൊന്നിറങ്ങാൻ ഓരോ കട്ടൻ അടിച്ചാലോ??"" അരുണിൻ്റെ സോപ്പിടൽ ആണ്... "" ഇതൊരു കട്ടനിൽ ഒന്നും നിക്കില്ലല്ലോ മോനേ... നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തൊടങ്ങീതല്ലല്ലോ... വേണേൽ വല്ലതും തിന്നോ ഇനി ഉച്ചക്കേ വണ്ടി നിർത്തൂ.."" മോനിച്ചൻ നേരെ ആ അമ്മയുടെ തട്ടുകടയിലേക്ക് കയറി... അവർ ഒന്ന് മുഖം കഴുകാൻ പോയ നേരം കൊണ്ട് ആ അമ്മ എന്തൊക്കെയോ കടികൾ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു.. ദോശക്കല്ലിൽ ദോശചുടുന്നതിനിടയ്ക്ക് മോനിച്ചൻ്റെ വരവുകണ്ടപ്പോൾ അവർ ഒന്നു മന്ദഹസിച്ചു...
""കഴിക്കാൻ ദോശയേ ആവുന്നുള്ളൂ... അതെടുത്താലോ?? "" മോനിച്ചൻ്റെയും അരുണിൻ്റെയും മുഖം കണ്ടപ്പോഴേ കഴിക്കാനുള്ള വരവാണെന്ന് അവർക്ക് മനസ്സിലായിക്കഴിഞ്ഞിരുന്നു...
""ഓ ആയിക്കോട്ടേ!! ഒരു ഡബിൾ ബുൾസൈയും രണ്ടു കട്ടനും കൂടി ആയിക്കോട്ടേ!!"" അരുൺ ഒട്ടും കുറച്ചില്ല... മോനിച്ചൻ്റെ തുറിച്ചുനോട്ടം അവൻ വകവച്ചതുകൂടിയില്ല... ഇവനിത് തുടങ്ങിയതേയുള്ളൂ എന്ന് മോനിച്ചനറിയാമായിരുന്നു.. ചെറുപ്പം തൊട്ടേ തൻ്റെ പാത്രത്തിൽ കയ്യിട്ട് വാരിയാണല്ലോ അവൻ ജീവിക്കുന്നത്... അവനതിൻ്റെ യാതൊരു ജാള്യതയും ഇല്ലതാനും... അതുതന്നെയാണല്ലോ ഉയിർ നൻപൻ...

അരുണിൻ്റെ ധൃതി കണ്ട് ഉള്ളിൽ ചിരിച്ചുകൊണ്ടിരുന്നപ്പോളേക്കും രണ്ട് കട്ടൻ എടുത്ത് ആ അമ്മ അവിടുണ്ടായിരുന്ന ഡെസ്കിൽ വച്ചു... കട്ടൻ്റെ മണം തന്നെ ഒന്നു വേറെയായിരുന്നു... മോനിച്ചൻ ഒരു ഗ്ളാസെടുത്ത് പതിയെ ഊതി ഒരു മിടുക്ക് കുടിച്ചു... നല്ല ഏലക്കയിട്ട കിടിലൻ കട്ടൻ!!! ഏലക്ക മാത്രമല്ല വേറെന്തൊക്കെയോ കൂടെ ഉണ്ട് അതിൽ... ഒന്നുരണ്ടു മിടുക്കുകൂടെ അവൻ കുടിച്ചുനോക്കി... രണ്ടാമത്തേത് ശർക്കരയാണ്, പഞ്ചസാരയ്ക്കുപകരം... ബാക്കിയൊന്നും വ്യക്തമല്ല... അവൻ അരുണിനെ നോക്കി... അവന് യാതൊരു പുതുമയുമില്ല മട മടാന്ന് കുടിക്കുകയാണ്...
""ഇതിൽ എന്തൊക്കെയാ ചേർത്തിരിക്കുന്നേ?? ഏലക്കയും ശർക്കരയും ഉണ്ടെന്ന് മനസ്സിലായി... വേറെ??"" മോനിച്ചന് ചോദിക്കാതിരിക്കാൻ തോന്നിയില്ല... 
""ലേശം തേനും പിന്നെ തുളസിയും കൂടെ ഉണ്ട്... ഇതിവിടുത്തെ പതിവാ.."" അമ്മ ചിരിച്ചുകൊണ്ട് ദോശയുണ്ടാക്കുന്നതിനിടയ്ക്ക് പറഞ്ഞു... ശരിയാണ്.. തുളസിയുടെയാണ് ആ പിടികിട്ടാതെപോയ സ്വാദ്... അവൻ വീണ്ടും ആസ്വദിച്ച് കഴിക്കുന്നതിനിടയിൽ തന്നെ രണ്ടു പാത്രത്തിൽ ദോശയും സാമ്പാറും കൊണ്ടുവന്നുവച്ചു അവർ..."" ബുൾസൈ ഇപ്പൊത്തരാം എന്നും പറഞ്ഞ് അവർ വീണ്ടും അടുപ്പിനടുത്തേക്കോടി...

അവരുടെ ആ ദോശയ്ക്കുവരെ എന്തോ പ്രത്യേകത ഉള്ളതായി മോനിച്ചനുതോന്നി... സാമ്പാറാകട്ടേ ഇന്നേവരെ കഴിച്ചതിൽ വച്ച് ഏറ്റവും ബെസ്റ്റ്... ഒറ്റയ്ക്ക് ഇങ്ങനെ കിടന്ന് ഓടിപ്പാഞ്ഞ് ഇക്കണ്ടതെല്ലാം ഉണ്ടാക്കിയെടുക്കാൻ അവർ പാടുപെടുന്നത് മോനിച്ചൻ നോക്കിക്കൊണ്ടിരുന്നു... അടുപ്പത്ത് ഒന്നു വച്ചിട്ട് വെള്ളമെടുക്കാനും കറിക്കരിയാനും ഇളക്കിയിടാനും പാത്രം കഴുകാനും അങ്ങനെയങ്ങനെ നിന്നുതിരിയാവുന്ന കൈയ്യകലത്തിൽ എല്ലാ പണികളും ഒരു റോബോട്ടിനെപ്പോലെ ചെയ്യുന്നുണ്ട് അവർ... പക്ഷേ മുഖത്ത് ഒരു തെല്ലു ക്ഷീണമോ ഇഷ്ടക്കേടോ ഇല്ലതാനും... മറ്റുള്ളവരുടെ വയറുനിറയ്ക്കുക എന്നുള്ളത് അല്ലെങ്കിലും ഒരു ജോലിയല്ലല്ലോ... അവരതങ്ങനെ കാണുന്നില്ലായിരിക്കും... മോനിച്ചൻ സ്വയം ഓരോന്ന് ചിന്തിച്ചുകൂട്ടി... അരുണാകട്ടെ ഫുഡ്ഡിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അവനോടു തന്നെ മത്സരത്തിലാണ്.. 

""ഇനിയെന്തെങ്കിലും വേണോ?? നല്ല ഉണ്ണിയപ്പം ഉണ്ട്, ഇന്നലെ വൈകീട്ട് ഉണ്ടാക്കിയതാണ് , പക്ഷേ കേടുവന്നിട്ടില്ല, ഇതിലും ഒരു കൂട്ട് ഉണ്ട്, നോക്കിയേ"" ആ അമ്മ വളരെ സ്നേഹത്തോടെ ഓരോ ഉണ്ണിയപ്പം രണ്ടാൾക്കും നേരെ നീട്ടി... അരുൺ അതങ്ങനേയെടുത്ത് വായിലാക്കി... മോനിച്ചൻ ഒരെണ്ണം പതിയെ കടിച്ചു... ഒറ്റക്കടിയിൽ അവന് അവൻ്റെ അമ്മച്ചിയെയാണ് ഓർമ്മവന്നത്!!!
"" ഇതെനിക്കറിയാം... മാവരയ്ക്കുന്ന കൂട്ടത്തിൽ പഴവും തേനും ഏലക്കയും നാളികേരവുമല്ലേ!!! എൻ്റെ അമ്മച്ചിയുണ്ടാക്കുന്നക്കുന്ന അതുപോലെ തന്നെയുണ്ട്..."" മോനിച്ചൻ്റെ കണ്ണുകൾ വിടർന്നു... ആ അമ്മ അവനെ നോക്കി ചിരിച്ചു... 

വയറുനിറയെ ദോശയടിച്ച് ദോശയേക്കാൾ കൂടുതൽ സാമ്പാർ കുടിച്ചുകയറ്റി അരുണിൻ്റെ ഏമ്പക്കം കൂടിയായപ്പോഴാണ് മോനിച്ചന് തൃപ്തിയായത്... ഇല്ലെങ്കിൽ യാത്രക്കിടയിൽ അവിടെ നിർത്ത് ഇവിടെ നിർത്ത് അതുകഴിക്കാംം ഇതുകഴിക്കാം എന്നുപറഞ്ഞ് ചെവിതലകേൾപ്പിക്കത്തില്ല... കഴിക്കലെല്ലാം കഴിഞ്ഞ് പുറത്തുവച്ചിരിക്കുന്ന ബക്കറ്റിൽനിന്ന് കൈകഴുകിക്കൊണ്ടിരുന്നപ്പോഴാണ് ഒരു സ്ത്രീ കൈയ്യിലൊരു 2 വയസ്സ് പ്രായം തോന്നിക്കുന്ന കൊച്ചിനെയും എടുത്തുകൊണ്ട് ശരവേഗത്തിൽ കടയിലേക്ക് ഓടിവന്നത്... അവരുടെ മുഖം ആകെ കരഞ്ഞുകലങ്ങിയതുപോലെയായിരുന്നു... കൊച്ചാണെങ്കിൽ നിർത്താതെ കരയുന്നുമുണ്ട്... അവർ നേരെ വന്ന് ആ അമ്മയോടായി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... അതുവരെ ചിരിച്ചമുഖത്തോടെ നിന്നിരുന്ന ആ അമ്മയുടെ മുഖം ചുളിഞ്ഞു.. അതിൽ ഭീതിയുടെ നിഴൽ വീശുന്നത് അവൻ കണ്ടു...

കൈ കഴുകിക്കഴിഞ്ഞ് തൻ്റെ പേഴ്സ് എടുത്ത് തുറന്നുനോക്കിയ മോനിച്ചൻ ഞെട്ടിപ്പോയി!!! അതിനകത്തുണ്ടായിരുന്ന കാശും ATM കാർഡും ഒന്നും കാണാനില്ല!!!


അധ്യായം 2

ഒരു നിമിഷത്തേക്ക് മോനിച്ചൻ ഒന്ന് ഞെട്ടി! കാശുണ്ടായിരുന്നതായിരുന്നു പേഴ്സിൽ... എവിടെപ്പോയെന്ന് ഒരു പിടിയുമില്ല... വെടിക്കെട്ടിനിടക്ക് ആരെങ്കിലും അടിച്ചുമാറ്റിയതാണോ?? ഏയ്, പോക്കറ്റടിക്കാനാണേൽ പേഴ്സോടെ അടിച്ചോണ്ട് പോവില്ലേ.. ഇത് ബാക്കി എല്ലാമുണ്ട് കാശും കാർഡും മാത്രം ഇല്ല.. എന്നാലും ഇതെവിടെപ്പോയെന്ന് ആലോചിച്ചുകൊണ്ട് അവൻ അരുണിനെ നോക്കി... അവനാകട്ടെ നല്ല കൂളായിട്ട് കൈയ്യെല്ലാം കഴുകി താളം പിടിച്ച് നിൽക്കുവാണ്...

""എടാ നിൻ്റേലു കാശുണ്ടേൽ ചായേടെ കാശുകൊട്... എൻ്റെ പേഴ്സിലെ കാശ് കാണാനില്ല.."" അവൻ അരുണിനോട് പറഞ്ഞു...
""കാണാനില്ലെന്നോ!!! നീ നേരെ ഒന്നൂടെ നോക്ക്.. ഇന്നലെ ATM ൽന്ന് 2000 എടുത്തിട്ട് ഒന്നിച്ച് ചുരുട്ടി വച്ചതല്ലേ നിയ്യ്!! അതീന്ന് ലോക്കലിൽ കുപ്പി വാങ്ങിയതിൻ്റേം... പിന്നെ അല്ലറച്ചില്ലറ എല്ലാം കൂടെ?... ബാക്കി എങ്ങനേം ഒരു 600 കാണും... എല്ലാം കൂടെ ചുരുട്ടിക്കൂട്ടി വക്കാറല്ലേ നിൻ്റെ പതിവ്... അതിനകത്ത് തന്നെ കാണും നീ നേരെ നോക്കിയേ..."" അരുൺ ആകെ ആശ്ചര്യപ്പെട്ടുപോയി... തൻ്റെ പേഴ്സിലെ കാശിൻ്റെ കണക്കുവരെ തന്നേക്കാൾ കറക്റ്റായി അറിയുന്ന ഉയിർ നൻപനെ മോനിച്ചൻ ഒന്ന് അടിമുടി നോക്കി നാവുകടിച്ചു...

""ഇതിനകത്ത് നോക്കാൻ നൂറ് അറകളൊന്നും ഇല്ലല്ലോ.. വേണേൽ നീ തന്നെ നോക്ക്!! എവിടെപ്പോയെന്ന് ഒരു പിടീം ഇല്ല... കണ്ട ചാത്തൻ സാധനങ്ങളൊക്കെ ബ്ലാക്കിൽ വാങ്ങി അടിപ്പിച്ചിട്ട്.... എനിക്കും ബോധമില്ല നിനക്ക് പിന്നെ പണ്ടേ ഇല്ലല്ലോ... നിൻ്റേൽ ഉണ്ടേൽ എടുത്ത് കൊടുക്ക്... രണ്ട് ചായേടേം കടീടേം പൈസയല്ലേ അതെങ്കിലും ഒന്ന് കൊടുക്കെടാ എച്ചീ.."" മോനിച്ചൻ അരുണിനെ സ്നേഹിച്ചു..

""എൻ്റേലെവിടുന്നാ കാശ്!! ദേ ഈ കാണുന്ന പാൻ്റും അകത്തിട്ടിരിക്കുന്ന ജട്ടിയും മാത്രേ എൻ്റേതായിട്ടുള്ളൂ... ബാക്കി എല്ലാം നിന്നെ ഊറ്റിയതാ.. ആ എന്നോട് നീ കാശിൻ്റെ കാര്യം പറയരുതായിരുന്നു മോനേ... പറയരുതായിരുന്നു..."" അരുൺ ചുമ്മാ സെൻ്റിയടിച്ചു... 

"ശരിയാണ്... പോരുമ്പോഴേ അവൻ പറഞ്ഞതാണ് അവനെക്കൂടെ നോക്കിക്കോളണം എന്ന്.. അവനോട് കാശുണ്ടോന്ന് ചോദിക്കാൻ പാടില്ലായിരുന്നു.. എൻ്റെ ഭാഗത്തും തെറ്റുണ്ട്..." മോനിച്ചൻ മനസ്സിൽ പറഞ്ഞു... എന്തായാലും ഗൂഗിൾപേയോ മറ്റോ ഉണ്ടോ എന്ന് ചോദിച്ച് നോക്കാമെന്നും കരുതി അവൻ അമ്മയുടെ അടുത്തേക്ക് നടന്നു...

നേരത്തെ വന്ന സ്ത്രീയും കൊച്ചും അവരുടെ അടുത്തുതന്നെ നിൽപ്പുണ്ടായിരുന്നു... അവരാകട്ടെ തേങ്ങിക്കരയുകയാണ്... അമ്മ അവരെ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ടായിരുന്നു... എന്തോ പ്രശ്നമുണ്ടെന്ന് അവന് മനസ്സിലായി... എന്താണെന്ന് ചോദിക്കാൻ നാവെടുത്തപ്പോഴേക്കും അരുൺ കൈയ്യിൽ പിടുത്തമിട്ട് വേണ്ടെന്ന് തലകൊണ്ട് ആംഗ്യം കാണിച്ചു.. എവിടെപ്പോയാലും എന്തെങ്കിലും വള്ളി ചോദിച്ച് മേടിക്കുന്ന മോനിച്ചൻ്റെ സ്വഭാവം അവന് നല്ലപോലെ അറിയാവുന്നതാണല്ലോ... അരുണിൻ്റെ പിടുത്തം അവനെ ഒരു നിമിഷം ചിന്തിപ്പിച്ചു.. വഴിയേ പോകുന്ന വയ്യാവേലി എടുത്ത് തലയിൽ വയ്ക്കേണ്ടെന്ന് അവനും കരുതി...

""അമ്മേ... ഒരു ചെറിയ പ്രശ്നമുണ്ട്, കയ്യിലെ കാശെല്ലാം എവിടെയോ കളഞ്ഞുപോയി.. ഇന്നലത്തെ തിരക്കിലാണോ എന്തോ അറിഞ്ഞൂട.. ഗൂഗിൾപേയോ അല്ലെങ്കിൽ അക്കൗണ്ട് ഡീറ്റെയ്ൽസോ ഉണ്ടെങ്കിൽ ഇപ്പൊത്തന്നെ അയച്ചുതരാം.."" മോനിച്ചൻ പറഞ്ഞു... മോനിച്ചൻ്റെ ശബ്ദം കേട്ടപ്പോൾ കണ്ണുതുടച്ച് ആ സ്ത്രീ കൊച്ചിനെയും എടുത്ത് അമ്മയുടെ വശത്തേക്ക് മാറി നിന്നു... അവരുടെ കണ്ണെല്ലാം കലങ്ങിയിട്ടുണ്ട്...

""അയ്യോ മോനേ അതൊന്നും കുഴപ്പമില്ലെന്നേ!! പിന്നീടെപ്പോഴെങ്കിലും തന്നാൽ മതി... ഞാനിവിടെ അങ്ങനത്തെ സംഭവങ്ങളൊന്നും വച്ചിട്ടില്ല... ചെറിയ കടയല്ലേ.. മോനിനി വരുമ്പോ തന്നാൽ മതി... "" അമ്മ പറഞ്ഞു.. സന്തോഷത്തോടെയാണ് പറഞ്ഞതെങ്കിലും മുഖത്ത് തെളിച്ചമുണ്ടായിരുന്നില്ല.. എന്തോ ആധി കുടുങ്ങിയിട്ടുണ്ടെന്ന് മോനിച്ചനു തോന്നി..

""അങ്ങനെയല്ല അമ്മേ... രാവിലെത്തന്നെ, അതും കൈനീട്ടം തന്നെ കടംപറയുന്നത് ശരിയല്ലല്ലോ... അമ്മയ്ക്ക് ഇല്ലെങ്കിലും അമ്മയമടെ മക്കൾക്ക് ആർക്കെങ്കിലും കാണാതിരിക്കില്ലല്ലോ.. ഇത് മോളാണോ? നിങ്ങളുടെ അക്കൗണ്ട് ഡീറ്റൈൽസ് തന്നാലും മതി, കാശ് തരാതെ പോയാൽ എനിക്ക് ഒരു മനസ്സമാധാനവും ഉണ്ടാവില്ല... ഞങ്ങൾ അങ്ങു കൊല്ലത്തൂന്നാ വരുന്നേ.. ഇനിയിങ്ങോട്ടൊക്കെ ഈയടുത്തൊന്നും വരവുണ്ടാകില്ല.. അതുകൊണ്ടാ..."" മോനിച്ചൻ അമ്മയോടും അടുത്തുനിന്ന സ്ത്രീയോടുമായി പറഞ്ഞു... അവരുടെ ഭീതി നിറഞ്ഞ മുഖത്ത് തെല്ലൊരു പുഞ്ചിരി വരുത്തിക്കൊണ്ട് അവർ മോനിച്ചനെ നോക്കി... 

""അത്.. ഒരു കാര്യം ചെയ്യാം.. എൻ്റെ മോൻ്റെ നമ്പറിൽ അങ്ങനെ ഏതാണ്ടോ ഉണ്ടെന്ന് തോന്നുന്നു... അല്ലെ മോളേ?? നമ്പറൊന്ന് പറഞ്ഞുകൊടുത്തേക്ക്.. ഇനി മോൻ്റെ മനസ്സമാധാനം കൂടെ പോവണ്ട..."" അമ്മ ആ സ്ത്രീയോടായി പറഞ്ഞു.. അവർ പറഞ്ഞുകൊടുത്ത നമ്പർ ഗൂഗിൾപേയിൽ അടിച്ചപ്പോൾ അക്കൗണ്ട് ഉണ്ട്...

""ശിവദാസ് എന്നാണോ പേര്? ഇതിൽ അങ്ങനെ കാണിക്കുന്നുണ്ട്..."" അവൻ ഉറപ്പിക്കാനായി ചോദിച്ചു...
""ആ അത് തന്നെ.. എൻ്റെ മോനാണ്.. അതിലേക്ക് അയച്ചോളൂ.. 60 രൂപ... "" അമ്മ പറഞ്ഞു...

പൈസയയച്ചുകൊടുത്ത് ഗൂഗിൾപേ ക്ലോസ് ചെയ്യാൻ നേരത്താണ് അതിലെ പ്രൊഫൈൽ ഫോട്ടോ ലോഡായത്... അത് ചുമ്മാ ഒന്ന് എടുത്തുനോക്കിയതായിരുന്നു മോനിച്ചൻ... എവിടെയോ കണ്ടതുപോലെ ഒരു തോന്നൽ... പെട്ടെന്നൊരു നിമിഷം ഒന്ന് കണ്ണുകളടച്ച് അവൻ ഓർമ്മകളുടെ റീസൈക്കിൾബിൻ ചികഞ്ഞു... ഒടുവിൽ എന്തൊക്കയോ പിടികിട്ടിയതുപോലെ അവൻ കണ്ണുകൾ ഞെട്ടിത്തുറന്നു... 

""അമ്മ കുറച്ചുനേരമായിട്ട് നല്ലതുപോലെ വേവലാധിപ്പെടുന്നുണ്ടല്ലോ?? എന്തെങ്കിലും പ്രശ്നമുണ്ടോ?? "" മോനിച്ചൻ പെട്ടെന്ന് അവരോട് ചോദിച്ചു... ഇതുകണ്ട് അരുൺ അവനെ നോക്കി കണ്ണുരുട്ടി.... 
""ഏയ്.. അതൊന്നുമില്ല... നിങ്ങൾക്കിനി വേറവല്ലതും വേണോ വെള്ളമോ മറ്റോ?"" അതിന് മറുപടി പറയാൻ മടിച്ച് വിഷയം മാറ്റാൻ ശ്രമിച്ചു...

""എന്തോ ഉണ്ട്... നിങ്ങൾ രണ്ടുപേരും വളരെ വെപ്രാളപ്പെട്ടിരിക്കുകയാണ്.. എന്താണെങ്കിലും പറഞ്ഞോളൂ.. ഞങ്ങളെക്കൊണ്ടെന്തെങ്കിലും ചെയ്യാൻ പറ്റുന്നതാണെങ്കിൽ നോക്കാമെന്നേ.. "" മോനിച്ചൻ ഒന്നൂടെ നിർബന്ധിച്ചു...

""അത്.. പിന്നെ... ഇവളെൻ്റെ മരുമോളാണ്, ഞാൻ പറഞ്ഞില്ലെ എൻ്റെ മോൻ ഒരാളുണ്ട്, മോനിപ്പൊ പൈസയയച്ചില്ലെ.. ശിവൻ... അവനൊരു സിവിൽ എഞ്ചിനീയറായിരുന്നേ... ചെറിയ ചില പണികളൊക്കെ കോൺട്രാക്ട് എടുത്ത് ചെയ്യാറുണ്ടായിരുന്നു.. ഒന്നുരണ്ടു വർഷം മുൻപ് ചില കൂട്ടുകാരോടൊപ്പം ചേർന്ന് ഒരു കമ്പനി തുടങ്ങാൻ വേണ്ടി കുറച്ച് കാശൊക്കെ അവിടുന്നും ഇവിടുന്നും എല്ലാം കടം വാങ്ങിച്ച് അവസാനം കൂട്ടുകാര് ചതിച്ചിട്ട് കടം മൊത്തം അവൻ്റെ തലയിലായി... ഏതോ ഒരു പലിശക്കാരൻ്റെ കയ്യിൽ നിന്നായിരുന്നു കൂടുതലും പൈസ എടുത്തിരുന്നത്.. മൊതലും പലിശേം കൂടി ഇന്ന് കൊടുത്ത് തീർക്കണമെന്ന് കുറച്ചുദിവസം മുൻപേ വന്ന് ഭീഷണിപ്പെടുത്തിയിട്ട് പോയതായിരുന്നു കുറേ പേർ... 5-6 ലക്ഷം രൂപയുണ്ടേ... അവനാണേൽ ഈ ചതി ചെയ്ത കൂട്ടുകാരുടെ പിന്നാലെ പോയിട്ട് അവരുടേം ഒരു വിവരോം ഇല്ല ഉണ്ടായിരുന്ന ചെറിയ കടയെല്ലാം വിറ്റ് വീടിൻ്റെ ആധാരവും എല്ലാം വച്ചിട്ടാണ് ഇതിലേക്ക് ഇറങ്ങിത്തിരിച്ചതുതന്നെ... കുറച്ചുദിവസങ്ങളായിട്ട് അവനും വല്ലാത്ത മനോവിഷമത്തിലായിരുന്നു.. നേരാംവണ്ണം ഒന്നും കഴിക്കാനോ കുടിക്കാനോ നിൽക്കാതെ രാവിലെ പോയാൽ വീട്ടിൽ വരുന്നതേ പാതിരാത്രിയ്ക്കാ... ഇന്നലെ ഇപ്പൊ ദാ അവൻ വീട്ടിലും വന്നിട്ടില്ല ഇന്നീ നേരമായിട്ടും അവൻ്റെ ഒരു വിവരോം ഇല്ല... ഫോൺ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നുമില്ല... അതിൻ്റെ ഒരു വെപ്രാളത്തിൽ ഇവളീ കൊച്ചിനേം കൊണ്ട് ഓടിവന്നതാ... അവനെങ്ങും പോവില്ലെന്നേ, അവൻ വന്നോളും, നിങ്ങള് കാര്യമാക്കണ്ട.. അവനിങ്ങനെ ഇടയ്ക്ക് പോവാറുള്ളതാണേ.. "" അമ്മ തെല്ലൊരു വിഷമത്തോടെ പറഞ്ഞു...

""അതെ.. അതാ നല്ലത്.. വാ നമുക്ക് പോകാം.. അമ്മേ ദോശ കിടിലനായിരുന്നു കേട്ടോ... ഇവനേം കൂട്ടി എന്നെങ്കിലും വരാം "" അരുൺ മോനിച്ചനെ കൈപിടിച്ച് വലിച്ചു... മോനിച്ചൻ പക്ഷെ അനങ്ങിയില്ല.. നിന്നിടത്തുനിന്ന് അരുണിനെ ഒരു നോട്ടം നോക്കിയതും അവൻ പിടി വിട്ടു...

""പുള്ളീടെ കൂട്ടുകാരെ ഒന്നും വിളിച്ച് നോക്കിയില്ലേ?? ഒന്ന് മാറി നിൽക്കാൻ വേണ്ടി എങ്ങോട്ടെങ്കിലും പോയതാണെങ്കിലോ??"" അവൻ ആ സ്ത്രീയോടായി ചോദിച്ചു..

""ശിവേട്ടൻ പോകാൻ സാധ്യതയുള്ളിടത്തെല്ലാം വിളിച്ചുനോക്കി... അവടെയൊന്നും ചെന്നിട്ടുമില്ല ആർക്കും ഒരുവിവരോം ഇല്ല.. അതാ... ഞാൻ..."" അവരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു...

""എന്തായാലും അമ്മ ഒന്ന് പോലീസ് സ്റ്റേഷനിൽ പറഞ്ഞേക്കൂ.. ഇങ്ങനെ പ്രശ്നങ്ങളൊക്കെയുള്ളതല്ലേ.. എപ്പോഴത്തേയും പോലെ വിചാരിക്കണ്ട.. എൻ്റെ ഒരു കൂട്ടുകാരനുണ്ട് പോലീസിലാ.. അവനെ വിളിച്ചിട്ട് ഞാനൊന്ന് പറയാം.. ടെൻഷനടിക്കണ്ട കേട്ടോ.. നിങ്ങൾ കൊച്ചിനേംകൊണ്ട് വീട്ടിലേക്ക് പൊക്കോളൂ... "" മോനിച്ചൻ ഒന്ന് മാറി നിന്ന് കൂട്ടുകാരൻ അബ്ദുവിനെ വിളിച്ചു.. എന്തൊക്കെയോ പറഞ്ഞതിനുശേഷം ഫോൺ അമ്മയുടെ കയ്യിൽ കൊടുത്തിട്ട് അഡ്രസ്സും ഫോൺ നമ്പറും എല്ലാം പറഞ്ഞുകൊടുക്കാൻ പറഞ്ഞു... അവൻ്റെ മുഖത്തും അൽപ്പം ഗൗരവം അരുൺ ശ്രദ്ധിച്ചു...

""എന്നാൽ ശരി അമ്മേ.. വീണ്ടും കാണാം.. അമ്മയുടെ സ്പെഷൽ ചായ കുടിക്കാൻ ഇനിയും വരും..."" അമ്മയോട് യാത്രപറഞ്ഞ് രണ്ടുപേരും കൂടെ ബൈക്കിൽ കയറി അവിടെ നിന്നും നീങ്ങി..



""നിനക്കിതെന്തിൻ്റെ കേടാടാ.. വല്ലവൻ്റേം കുടുംബകാര്യത്തിൽ കേറി എടപെടാൻ!! നീയ്യാരാ ഗീവർഗ്ഗീസ് പുണ്യാളനോ!! അങ്ങോട്ട് ചെന്ന് ചോദിച്ച് സഹായം ചെയ്യൻ നിന്നെ കർത്താവ് ഏർപ്പാടാക്കിയതാണോ... വള്ളിക്കെട്ട് കേസും പിടിച്ച് ആ കൊല്ലത്ത് കിടക്കണ ഉവൈസിനും കൂടെ പണികൊടുത്തിട്ട്... വെറുതെയല്ല നിന്നെ ഇവിടുന്ന് കെട്ടുകെട്ടിക്കാൻ നിൻ്റപ്പന് ഇത്രേം ധൃതി..."" അരുൺ അവനോട് കയർത്തു...

""അങ്ങനെ വല്ലവനും അല്ല അയാൾ... പുണ്യാളൻ ആയില്ലേലും യൂദാസ് ആവാതിരിക്കാൻ വേണ്ടിയാ..."" മോനിച്ചൻ പറഞ്ഞു...



അധ്യായം 3


""എന്ത്?! നീയെന്തൊക്കെയാ ഈ പറയുന്നേ!! എനിക്കൊന്നും മനസ്സിലാകുന്നില്ല.. തെളിച്ച് പറ!"" അരുൺ ഒന്നും മനസ്സിലാവാതെ ചോദിച്ചു...

""എടാ ഇന്നലെ രാത്രി നടന്നതെന്തൊക്കെയാ എന്നറിയോ? ഇന്നലെ വെടിക്കെട്ട് കഴിഞ്ഞ് പോകാൻ നേരം നിന്നോട് വന്ന് വണ്ടിയിൽ കേറാൻ പറഞ്ഞില്ലേ? നീയാണേൽ കേറുന്നതിനു മുൻപേ ഓഫായി നെലത്തുവീണു... നിനക്കുപകരം വയ്ണ്ടിയിൽ ചാടിക്കേറിയത് വേറൊരുത്തനാണെന്ന് പറഞ്ഞില്ലേ... അത് ആ അമ്മയുടെ മോനാണ്.. ഞാനാണേൽ അത് നീയാണെന്നും വിചാരിച്ച് വണ്ടി വിട്ടു, തിരക്കെല്ലാം വിട്ട് കുറേയങ്ങുചെന്നപ്പോഴാണ് നിൻ്റെ നമ്പറിൽ നിന്ന് മറ്റേ നാട്ടുകാരാരോ നീയവിടെ കിടക്കുന്നെന്നും പറഞ്ഞ് വിളിച്ചത്.. വണ്ടി നിർത്തി ബാക്കിലേക്ക് നോക്കിയപ്പൊ ബാക്കിലിരിക്കുന്നത് അയാൾ.. അയാളാണേൽ വണ്ടിയിൽ നിന്നെറങ്ങാൻ പറഞ്ഞിട്ട് എറങ്ങുന്നുമില്ല.. കുറച്ചൂടെ അപ്പുറത്ത് വണ്ടികിട്ടുന്നിടത്ത് എറക്കിവിടുവോ എന്നും ചോദിച്ച് ഒരേ കെഞ്ചൽ... അയാളും ആകെ പേടിച്ചപോലെയായിരുന്നു.. പിന്നെ അവസാനം ദേഷ്യപ്പെട്ടപ്പോഴാണ് അങ്ങേര് വണ്ടിയിൽനിന്നിറങ്ങിയത്... അപ്പോഴതാ അടുത്ത കുരിശ്... കാശെന്തെങ്കിലും ഉണ്ടെങ്കിൽ തരുമോ എന്നും ചോദിച്ച്... അപ്പോഴത്തെ ദേഷ്യത്തിന് പേഴ്സിലുണ്ടായിരുന്നതെല്ലാം എടുത്ത് അയാൾക്ക് കൊടുത്താണ് ഞാൻ തിരിച്ചുവന്നേ... "" മോനിച്ചൻ പറഞ്ഞു...

""അതിനിപ്പൊ എന്താ? അയാളെങ്ങോട്ടെങ്കിലും നാടുവിട്ടിട്ടുണ്ടാവും.. അതിന് നീയെങ്ങനാ കാരണക്കാരൻ ആവുന്നേ? നീ ചുമ്മാ എല്ലാം നിൻ്റെ തെറ്റാണെന്ന് വിചാരിക്കല്ലേ..."" അരുൺ അവനെ സമാധാനപ്പെടുത്തി...

""അതുമാത്രമല്ലെടാ.. തിരിച്ച് വരുന്ന വഴിക്ക് കുറച്ചുപേർ ഒരു ജീപ്പിൽ ബൈക്കിന് വട്ടം വച്ചു.. വായേൽ തോന്നിയ തെറിയെല്ലാം വിളിച്ചപ്പോ അതീന്ന് ഒരുത്തൻ ഇറങ്ങിവന്ന് നിൻ്റെ കൂടെയുണ്ടായിരുന്നവൻ എവിടെ എന്ന് ചോദിച്ചു.. അയാളെ ഇറക്കിവിട്ട സ്ഥലം പറഞ്ഞുകൊടുത്ത് ഞാനിങ്ങുപോന്നു... ഇപ്പൊ തോന്നുന്നു ആ വന്നവർ അമ്മ പറഞ്ഞതുപോലെ ആ പലിശക്കാരൻ്റെ ആൾക്കാരാണെന്ന്... "" മോനിച്ചൻ അൽപ്പം കുറ്റബോധത്തോടെ പറഞ്ഞു...

""ശരി, ഇനിയിപ്പൊ അതവര് തന്നെയാണന്ന് വയ്ക്ക്, നീയിതെന്ത് ഭാവിച്ചാ?? അവരായി അവരുടെ പാടായി, പോലീസിലറിയിച്ചിട്ടുണ്ടല്ലോ, അവര് നോക്കിക്കോളും.. നീ വീട്ടിലേക്ക് വിട്ടേ"" അരുൺ തിരക്കുകൂട്ടി.. ഓടിക്കൊണ്ടിരുന്ന വണ്ടി പതിയെ സൈഡാക്കി നിർത്തിയിട്ട് സൈഡ് മിററിലൂടെ അരുണിനെ നോക്കി..

"" അയാളുടെ സ്ഥാനത്ത് നീയായിരുന്നെങ്കിൽ ഞാൻ വിട്ടിട് പോവുമായിരുന്നോ?? "" 

മോനിച്ചൻ്റെ ആ ഒരു ചോദ്യത്തിന് അരുൺ ഉത്തരമൊന്നും പറഞ്ഞില്ല.. അവന് കാര്യം പിടികിട്ടിയെന്ന് മനസ്സിലായപ്പോൾ അവൻ പിന്നെയും വണ്ടിയെടുത്തു... ഇന്നലത്തെ ഓർമ്മവച്ച് അയാളെ ഇറക്കിവിട്ട സ്ഥലത്തെത്തി അവൻ വണ്ടിനിർത്തി... 
അവിടെ ചുറ്റിലും ഒന്ന് കണ്ണോടിച്ചപ്പോൾ ഒരു ഒറ്റച്ചെരുപ്പ് അവിടെ റോഡരികിൽ കിടക്കുന്നതുകണ്ടു... അതയാളുടേതായിരിക്കാം എന്നവനുതോന്നി.. വീണ്ടും അവൻ പരിസരമാകെ ഒന്ന് വീക്ഷിച്ചപ്പോൾ ഒരു കടയുടെ മുൻപിൽ CCTV ഉള്ളത് അവൻ്റെ ശ്രദ്ധയിൽപെട്ടു.. ആ കടയുടെ മുൻപിൽ ചെന്ന് നോക്കിയപ്പോൾ അത് പൂട്ടിയിരിക്കുകയായിരുന്നു... 

""എന്താ നിൻ്റെ പ്ലാൻ?"" അരുൺചോദിച്ചു.. അതിനവൻ CCTV ചൂണ്ടിക്കാണിച്ചു.. പിന്നെ കടയുടെ മുൻപിൽ ചെന്ന് രണ്ടുപേരും അത് തുറക്കുന്നതുവരെ കാത്തിരുന്നു... മോനിച്ചൻ്റെ മുഖത്തുനിന്നും അവനെന്തൊക്കെയോ നിശ്ചയിച്ചുറപ്പിച്ചതുപോലെ അരുണിന് തോന്നി... എന്തെങ്കിലും തീരുമാനിച്ചാൽ പിന്നെ അവനെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് അവന് നല്ലപോലെ അറിയാം.. അതുകൊണ്ട് അവൻ്റെ കൂടെ നിൽക്കുകയല്ലാതെ അരുണിന് വേറെ വഴിയില്ല... കുറച്ചുനേരം അവിടെ കാത്തിരുന്നപ്പോഴേക്കും ആ കടക്കാരൻ വന്നു.. പതിവില്ലാതെ തൻ്റെ കടയ്ക്കുമുൻപിൽ രണ്ടാൾക്കാരെ കണ്ട് അയാൾ ഒന്ന് സംശയിച്ചു.. അതൊരു മെഡിക്കൽ ഷോപ്പായിരുന്നു..

""ചേട്ടാ, ഒരു ചെറിയ ഹെൽപ്പ് വേണമായിരുന്നു.. ഇന്നലെ വെടിക്കെട്ട് കാണാൻ വന്നതായിരുന്നു ഞങ്ങൾ.. ഇവൻ്റെ ബൈക്ക് ആരോ അടിച്ചോണ്ട് പോയി... പോലീസിൽ പറഞ്ഞിട്ടുണ്ട്, അവര് വരുന്നതുവരെ ഞങ്ങളായിട്ട് ഒന്ന് തെരഞ്ഞുനോക്കാമെന്ന് വച്ചിട്ടാ.. CCTV ഉള്ളത് കണ്ടായിരുന്നു, വിരോധമില്ലെങ്കിൽ ഞങ്ങളൊന്ന് നോക്കിക്കോട്ടേ?? "" മോനിച്ചൻ അദ്ദേഹത്തോട് വളരെ താഴ്മയായി ചോദിച്ചു.. അവൻ്റെ അഭിനയം കണ്ടിട്ടാണോ എന്തോ അദ്ദേഹത്തിന് മറുത്തൊന്നും പറയാൻ തോന്നിയില്ല.. 

അവർ ആ വീഡിയോകൾ തിരഞ്ഞുകൊണ്ടിരുന്നു.. കുറച്ചുനേരത്തെ തിരച്ചിലിനൊടുവിൽ ഇന്നലെ അവൻ ശിവദാസിനെ അവിടെ ഇറക്കിവിടുന്നതും കുറച്ചുനേരത്തിനുശേഷം ഒരു ജീപ്പ് അവിടെ വന്ന് നിൽക്കുന്നതും പിന്നെ പോകുന്നതും കണ്ടു.. അതിനിടയിൽ അവിടെത്തന്നെ നിന്ന് വരുന്ന വണ്ടികൾക്കെല്ലാം കൈകാണിച്ചുകൊണ്ടിരുന്ന ശിവദാസിനെ ആ ജീപ്പിൻ്റെ മറവിൽ പിന്നീട് കാണുന്നുമില്ല.. ചെറുതായിട്ടാണെങ്കിലും അതിലെ ജീപ്പിൻ്റെ നമ്പർ കാണുന്നുണ്ടായിരുന്നു, മോനിച്ചൻ അത് പെട്ടെന്ന് നോട്ട് ചെയ്തു.. വീണ്ടും കുറച്ചൂടെ നോക്കിയതിനുശേഷം ഈ വഴി വന്നിട്ടില്ലെന്നും പറഞ്ഞ് ആ കടക്കാരനോട് നന്ദി പറഞ്ഞ് അവർ അവിടെ നിന്നും ഇറങ്ങി...

""ഇനിയെന്താ അടുത്ത പ്ലാൻ? ഈ വണ്ടിനമ്പറും അബ്ദുവിന് അയച്ചുകൊടുക്കണോ??"" അരുണിന് ദേഷ്യം വരുന്നുണ്ടായിരുന്നു...

""ഈ ചെറിയ കാര്യത്തിന് അവനെ ബുദ്ധിമുട്ടിക്കണോ... MVD യുടെ സൈറ്റിൽ കേറിയാൽ അഡ്രസ്സ് കിട്ടുമല്ലോ... നീ വാട്ട്സപ്പ് എടുത്ത് നോക്ക്, അബ്ദു അയാളുടെ ഫോൺ നമ്പറിൻ്റെ ലാസ്റ്റ് ലൊക്കേഷൻ അയച്ചിട്ടുണ്ടാവും.. അത് നോക്കിയേ""
മോനിച്ചൻ ഫോണെടുത്ത് അഡ്രസ്സ് തപ്പി...

സഹദേവൻ, ഇരുക്കോട്ടിൽ ഹൗസ്, കൊല്ലങ്ങോട് PO.

അഡ്രസ്സ് നോക്കിയെടുത്ത് മോനിച്ചൻ അരുണിനെ നോക്കി.. അവനപ്പോഴേക്കും അബ്ദു അയച്ച ലൊക്കേഷനിലേക്ക് റുട്ട്മാപ്പ് ഇട്ടിരുന്നു...
അതും കൊല്ലങ്ങോട് ആണ് കാണിച്ചിരുന്നത്.. 

രണ്ടുപേരും കൂടെ കൊല്ലങ്ങോട്ടേക്ക് യാത്രതിരിച്ചു..


അധ്യായം 4, അവസാന ഭാഗം


കൊല്ലങ്ങോട് ടൗണിൽ എത്തിയതും ഇനിയെന്ത് എന്നൊരു ചോദ്യം മാത്രമാണ് രണ്ടുപേരുടേയും ഉള്ളിലുണ്ടായിരുന്നത്... ഏതെങ്കിലും കടയിൽ അന്വേഷിക്കാമെന്ന് വച്ച് വണ്ടി ഒതുക്കി അവർ അടുത്തുകണ്ട ഒരു ചായക്കടയിൽ കയറി.. 

""ചേട്ടാ രണ്ട് ചായ"" കടയിലേക്ക് കയറിയതും അരുണിൻ്റെ വകയാണ് ആദ്യ ഓർഡർ.. ചായപറഞ്ഞ് അവൻ്റെ കൈ നേരെ പോയത് ചില്ലുപെട്ടിയിലെ പരിപ്പുവടയിലേക്കാണ്.. ഓരു പരിപ്പുവടയെടുത്ത് കടിച്ചുകൊണ്ടിരുന്നപ്പോഴാണ് അവൻ മോനിച്ചനെ നോക്കിയത്.. അവൻ അരുണിനെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.. അവൻ ചിരിച്ചുകൊണ്ട് മോനിച്ചന് പരിപ്പുവട വച്ചുനീട്ടി... അവനത് വാങ്ങിയില്ല... അവിടെ ബെഞ്ചിൽ ഇരുന്നുകൊണ്ട് വന്ന ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്ക് മോനിച്ചൻ കടക്കാരനോട് കുശലം ചോദിക്കാൻ തുടങ്ങി..

""ചേട്ടാ ഇവിടെ ഈ സഹദേവൻ എന്ന് പറയുന്ന ഒരാളെ അറിയാമോ? ഈ... പലിശക്കുകൊടുക്കുന്ന... ഇരുക്കോട്ടിൽ സഹദേവൻ... "" അവൻ പതിയെ ചോദിച്ചു...

""ആഹ് സഹദേവൻ മുതലാളിയെക്കുറിച്ചാണോ? കാശ് കടം വാങ്ങാൻ വന്നതാ?? മക്കളേ പലിശ കുറച്ച് കൂടുതലാണേ... നോക്കീം കണ്ടും ഒക്കെ മതി... പലിശമുടങ്ങിയാൽ പിന്നെ മുതലാളീടേ കിങ്കരന്മാർ ഇറങ്ങും.. വെടക്ക്കെട്ട പിള്ളേരാ... എന്താ ചെയ്യുകാ എന്നൊന്നും പറയാൻ പറ്റില്ല.. നിങ്ങൾ ആ പൊട്ടിക്കിടക്കുന്ന ജനാല കണ്ടോ?? കഴിഞ്ഞ ആഴ്ച്ച ഞാൻ കൊടുക്കാനുള്ള കാശ് രണ്ടാഴ്ച്ച വൈകിയെന്നും പറഞ്ഞ് ആ പിള്ളേര് വന്ന് തല്ലിപ്പൊളിച്ചിട്ട് പോയതാ... അത് നേരെയാക്കാൻ ഇനി വേറെ കാശുണ്ടാക്കണം.."" സൈഡിലെ പൊട്ടിയ ജനൽ കാണിച്ചുകൊടുത്തുകൊണ്ട് ആ കടക്കാരൻ പറഞ്ഞു... വന്ന് പെട്ടിരിക്കുന്നത് ചില്ലറക്കാരെ തേടിയല്ല എന്നറിഞ്ഞപ്പോൾ കടിച്ചുകൊണ്ടിരുന്ന പരിപ്പുവട താഴെവീഴുന്നതരത്തിൽ അരുൺ ഞെട്ടിപ്പോയി...

""അത്.. കുറച്ച് അത്യാവശ്യം ഉള്ളതുകൊണ്ടാ... പുള്ളിക്കാരനെ എവിടെ കാണാൻ പറ്റും?? "" മോനിച്ചൻ ചോദിച്ചു... അതിന് ആ കടക്കാരൻ കുറച്ചപ്പുറത്തുള്ള ഇരുക്കോട്ടിൽ മിൽസിലേക്ക് കൈ ചൂണ്ടിക്കാണിച്ചു...
ചായ കുടിച്ചതിൻ്റെ കാശുകൊടുത്ത് രണ്ടുപേരും മിൽ ലക്ഷ്യമാക്കി നടന്നു..

അവിടെ ചെന്ന് സെക്യൂരിറ്റിയോട് ചോദിച്ചപ്പോൾ ആൾ അവിടെ എത്തിയിട്ടില്ല.. ചിലപ്പോൾ ഫൈനാൻസ് കമ്പനിയിൽ ഉണ്ടായിരിക്കും എന്ന് പറഞ്ഞപ്പോൾ അതിൻ്റെ അഡ്രസ്സും വാങ്ങി രണ്ടുപേരും കൂടെ അങ്ങോട്ട് വച്ചുപിടിച്ചു..

""നീയെന്താ നേരെ അവിടെപ്പോയി അങ്ങേരോട് ചോദിക്കാൻ പോകുവാണോ? ചോദിച്ചാ ഉടനെ അയാളെ വിട്ടയക്കുമെന്ന് തോന്നുന്നുണ്ടോ?? "" അരുൺ ചോദിച്ചു..
""അറിയില്ല.. ചോദിച്ച് നോക്കാം.. മനുഷ്യരല്ലേ പറഞ്ഞാൽ മനസ്സിലാവാതിരിക്കില്ലല്ലോ.. നോക്കാം"" മോനിച്ചൻ ഒരു പ്രതീക്ഷയോടെ പറഞ്ഞു...

കുറച്ചുനേരത്തെ യാത്രയ്ക്കുശേഷം അവർ ഇരുക്കോട്ടിൽ ഫൈനാൻസെന്ന സ്ഥാപനത്തിലെത്തി..
അവിടെ അന്വേഷിച്ചപ്പോൾ ആളെത്തിയിട്ടില്ലെന്ന് വിവരം കിട്ടി... അയാൾ വരുന്നതുവരെ കാത്തിരിക്കാം എന്നുവിചാരിച്ച് അവർ പുറത്തിറങ്ങിനിന്നു... അങ്ങനെ നിൽക്കുമ്പോഴാണ് അവരുടെ മുൻപിൽ അവരന്വേഷിച്ചുവന്ന ജീപ്പ് അവിടെ വന്നുനിന്നത്.. അതിൽനിന്നും രണ്ടുപേർ ഒരു ബാഗ് എടുത്തുകൊണ്ട് ഓഫീസിലേക്ക് കയറിപ്പോയി.. 

""എടാ ഇവരാണ് ഇന്നലെ ശിവദാസിനെ പൊക്കിയതെന്ന് തോന്നുന്നു.. വണ്ടി നമ്പർ കണ്ടിലേ അതുതന്നെയാ.. ഇവന്മാരോട് ചോദിച്ചാലോ?? അരുൺ പറഞ്ഞു...
"" ആഹ് നേരെ ചെന്ന് ചോദിക്ക് ഇപ്പൊ പറഞ്ഞുതരും... എടാ ഇവരാരും ആ കാശിൻ്റെ കാര്യത്തിൽ ഒരു തീരുമാനം അറിയാതെ അയാളെ വിടാനൊന്നും പോണില്ല.. നമുക്ക് ഇവന്മാരുടെ പുറകെ പോയിനോക്കാം.. വല്ല തുമ്പും കിട്ടുവോന്ന്..."" ഇതും പറഞ്ഞ് ഓഫീസിൽ നിന്നും പുറത്തുവന്നവന്മാരുടെ പിന്നാലെ കൂടി.. അവർ ജീപ്പെടുത്ത് പോയതിനുപുറകെ രണ്ടുപേരും ബൈക്കെടുത്ത് വിട്ടു... 

കുറേനേരം പോയപ്പോൾ ജീപ്പ് ഒരു പഴയ തുണിമില്ലിലേക്ക് കടന്നു.. അതും 'ഇരുക്കോട്ടിൽ' കാരുടെയാണ്... കുറച്ചുകാലമായി അടഞ്ഞുകിടക്കുന്നതാണെന്ന് തോന്നുന്നു.. അകത്ത് വേറെയും ഒന്നുരണ്ടു വണ്ടികൾ കിടക്കുന്നുണ്ട്.. അവർ ബൈക്ക് സൈഡാക്കി പതിയെ അകത്തേക്ക് നടന്നു.. അവിടെ അകത്ത് ശിവദാസിനെ ഒരു കസേരയിൽ ഇരുത്തിയിട്ടുണ്ട്.. അയാളുടെ മുഖം ആകെ പരിഭ്രമിച്ചിരിക്കുന്നുണ്ടായിരുന്നു... അങ്ങോട്ട് ചെന്നപ്പോൾ സിനിമയിലെയൊക്കെ പോലെ അയാളെ കെട്ടിവച്ച് തല്ലിച്ചതച്ച് ചോരയൊക്കെ ഒലിപ്പിച്ച് ആകെ സീനായിരിക്കുമെന്നായിരുന്നു അരുണിൻ്റെ മനസ്സിൽ... ഇത് ചുമ്മാ അയാളെ ഫ്രീയായിട്ട് അവിടെ ഇരുത്തിയിട്ടുണ്ട്, കുറച്ചുപേർ അങ്ങിങ്ങായി എന്തൊക്കെയോ പണിയിലാണ്.. കൂട്ടത്തിൽ അൽപ്പം പോർഷ് ലുക്കിൽ ജുബ്ബയും കസവുകരമുണ്ടും സ്വർണ്ണമാലയും മോതിരവുമെല്ലാമായി ഒരാൾ കസേരയിൽ ഇരുന്ന് ഫോണിൽ ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു... അദ്ദേഹമായിരിക്കണം സഹദേവൻ മുതലാളി... 

""ആരാ?? എന്താ?? നിങ്ങളെന്താ ഇവിടെ? "" അകത്തേക്ക് വന്ന അരുണിനെയും മോനിച്ചനേയും കണ്ട് ഒരുത്തൻ ചോദിച്ചു.. 
""മുതലാളിയെ ഒന്ന് കാണാൻ വന്നതാ.. ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു... മോനിച്ചനാണ് പറഞ്ഞത്.. അവരുടെ സംസാരം കേട്ട് ഫോണിലായിരുന്ന മുതലാളി കൈ കൊണ്ട് ആംഗ്യംകാണിച്ച് അവരെ അകത്തേക്ക് കയറ്റിവിടാൻ പറഞ്ഞു... അദ്ദേഹത്തിൻ്റെ അടുത്തെത്തിയപ്പോഴേക്കും അയാൾ ഫോൺ കട്ടാക്കി താഴെ വച്ചു...

""മുതലാളി.. ഞങ്ങൾ ശിവദാസിനെ തിരഞ്ഞുവന്നതാണ്... കുറച്ച് കാശ് തരാനുണ്ടെന്നുവച്ച് ആളെ പിടിച്ചുകൊണ്ട് വരുന്നതൊക്കെ തെറ്റല്ലേ... അയാളെ ഇവിടെ പിടിച്ചിരുത്തിയാൽ കാശ് കിട്ടില്ലല്ലോ.. ഒരു കുടുംബവും കുട്ടിയുമൊക്കെയുള്ളതല്ലേ.. "" മോനിച്ചനാണ് സംസാരിച്ചത്... പതിവില്ലാതെ വളരെ വിനയത്തോടെ സംസാരിക്കുന്ന മോനിച്ചനെ കണ്ട് ഇതെന്ത് കൂത്ത് എന്ന് അരുൺ ആശ്ചര്യപ്പെട്ടു.. 

""അയ്യോ ഇവനെ ഇവിടെ പിടിച്ചിരുത്തിയിട്ട് എനിക്കൊന്നും കിട്ടാൻ പോകുന്നില്ലെന്ന് എനിക്ക് നല്ലതുപോലെ അറിയാം... കുറച്ചാണേണും കാശ് കാശുതന്നെയല്ലേ... ഫോൺ വിളിച്ചാൽ എടുക്കില്ല, തിരഞ്ഞുചെന്നാൽ ആളെ കാണില്ല... ഇതിലെന്തെങ്കിലും ഒരു തീരുമാനമുണ്ടാവണമല്ലോ... അതുകൊണ്ടാ കണ്ടുകിട്ടിയാൽ എൻ്റടുത്തൊന്ന് കൊണ്ടുവരാൻ പറഞ്ഞേ... മുതലും പലിശേം ചേർത്ത് എന്നുതിരിച്ചുതരും എന്ന് എഴുതി ഒപ്പിട്ടിട്ട് പോകാൻ പറയും, അത്രേയുള്ളൂ... ഇതിപ്പൊ ഇവൻ്റെകയ്യിൽ ഈടുവയ്ക്കാൻ ഒന്നും ഇല്ലാത്തതുകൊണ്ടാ.. അല്ലേൽ എപ്പൊഴേ വസൂലാക്കാമായിരുന്നല്ലോ... ഇതിനുമുൻപും ഒരുതവണ വീട്ടിൽ ചെന്ന് സമയം നീട്ടിക്കൊടുത്തതാണ് ഇവൻ്റെ തള്ളേനേം കൊച്ചിനേം ഒക്കെവിചാരിച്ചിട്ട്... എന്നാലോ! അതിൻ്റെ യാതൊരു കൂസലുമില്ലാതെ കണ്ണുവെട്ടിച്ച് നടന്നാൽ ശരിയാവില്ലല്ലോ... അല്ലേലും കൈനീട്ടി കാശുവാങ്ങിക്കാൻ എല്ലാവർക്കും നല്ല ഉഷാറാണ്.. തിരിച്ച് ചോദിക്കാൻ ചെല്ലുമ്പോ നമ്മൾ കുറ്റക്കാര്.. നിങ്ങളാരാ ഇവൻ്റെ കൂട്ടുകാരാണോ? നിങ്ങൾ പറഞ്ഞാലും മതി കാശെപ്പൊകിട്ടുമെന്ന്.. ഇവനെ ഇവിടെ പിടിച്ചുനിർത്തി വെറുതെ തീറ്റിപ്പോറ്റാൻ എനിക്കും താൽപര്യമില്ല.. കാശ്, അത് എപ്പൊക്കിട്ടുമെന്ന് ഇപ്പൊ ഒരു തീരുമാനം പറയണം.."" 

ഇവരുടെ സംസാരം കേട്ട് ശിവദാസൻ തലയുയർത്തി മോനിച്ചനെ നോക്കി.. ഇന്നലെ ഇരുട്ടത്ത് കണ്ട ഒരു പരിചയം അവന് തോന്നി... മോനിച്ചൻ തിരിച്ച് അവനെയും ഒന്ന് നോക്കിയിട്ട് ദീർഘമായി ഒന്ന് നിശ്വസിച്ചിട്ട് മുതലാളിക്കുനേരെ തിരിഞ്ഞു...

""കാര്യമൊക്കെ ശരിയാണ്.. അയാളെ ഇപ്പോൾ പറഞ്ഞുവിടൂ.. മാസാമാസം കിട്ടുന്ന സാലറിവച്ച് അയാൾ തന്നുതീർത്തോളും.. അതെൻ്റെ വാക്ക്.. നിങ്ങൾക്കെന്നെ വിശ്വസിക്കാം.."" 

""ഇത് നല്ല കൂത്ത്!! പണിയില്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്നതുകൊണ്ടാണല്ലോ ഇവൻ ഇതുവരെ കാശൊന്നും തിരിച്ചടക്കാതിരുന്നത്.. പിന്നിവൻ എങ്ങനെ തിരിച്ചടക്കുമെന്നാ!!"" മുതലാളി ചിരിച്ചു.. അതിനുമറുപടിയെന്നോണം മോനിച്ചൻ എഴുന്നേറ്റ് ശിവദാസൻ്റെ അടുത്തേക്ക് നടന്നു.. പേഴ്സിൽ നിന്നും ഒരു വിസിറ്റിങ് കാർഡ് എടുത്ത് അയാളുടെ നേരെ നീട്ടി...

""ഇത് എൻ്റെ ചേട്ടൻ്റെ കൺസ്ട്രക്ഷൻ കമ്പനിയാണ്... ഇവിടെ തനിക്ക് സിവിൽ എഞ്ചിനീയറായിട്ട് ജോലിയ്ക്ക് കയറാം... ഒരുവർഷത്തെ സാലറി ഒന്നിച്ച് ചെക്കെഴുതിത്തരും, ബാക്കി മാസാമാസം അടച്ചോണം... തന്നെയോർത്തല്ല, തൻ്റെ കൊച്ചിനെ ഓർത്താണ്.. "" 

""ഈവാ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും, അതിൻ്റെ അനന്തരവാകാശിയാണ് ആ നിൽക്കുന്നത്.. അവൻ്റെ വാക്ക് പോരാ എന്നുണ്ടോ? അതോ മുദ്രപ്പത്രത്തിൽ ഒപ്പിട്ട് തരണോ??"" അരുൺ തെല്ലു പുച്ഛത്തോടെ മുതലാളിയോട് പറഞ്ഞു... അയാളുടെ കണ്ണുകൾ വിടർന്നു!! കേരളത്തിലെ അറിയപ്പെടുന്ന വലിയ ടീമാണ് ഈവാ ഗ്രൂപ്പ്.. അവരുടെ പാലക്കാട്ടെ പുതിയ ഷോപ്പിങ് കോപ്ലക്സിൽ ഒരു  ജ്വല്ലറിതുടങ്ങാൻ വേണ്ടി അവരുടെ തന്നെ പാർട്ട്ണർഷിപ്പിന് വേണ്ടി ഈ പറഞ്ഞ സഹദേവൻ 'മുതലാളി' കുറച്ചുകാലമായി അവരുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്... തേടിയവള്ളി കാലിൽചുറ്റിയെന്നുപറഞ്ഞപോലെ സന്തോഷംകൊണ്ട് തുള്ളിച്ചാടുകയായിരുന്നു മുതലാളി മനസ്സിൽ...

""അയ്യോ! ഞാൻ.. ആളറിയാതെ... ഒന്നും വേണ്ട ദാ അയാളെ ഇപ്പൊത്തന്നെ വിട്ടു!! എടാ നോക്കി നിൽക്കാതെ രണ്ട് കസേരയെടുക്കെടാ!! അവനെ തിരിച്ച് വീട്ടിൽ കൊണ്ടുവിട് ഇപ്പോൾതന്നെ... നിങ്ങൾ ഇരിക്കൂ!! "" ആകെപ്പാടെ വെപ്രാളമായിപ്പോയി മുതലാളിക്ക്... ചുറ്റും ഉണ്ടായിരുന്നവർ കസേരയ്ക്ക് വേണ്ടി പരക്കംപാഞ്ഞു...

""ഓ!! അതൊന്നും വേണ്ട മുതലാളീ... ഇയാളെ പെട്ടെന്ന് തിരിച്ചെത്തിച്ചാൽ മതി.. ഇയാളെ കാത്ത് വീട്ടിലൊരു കൊച്ചിരിപ്പുള്ളതാണേ... കാശൊക്കെ കടം കൊടുക്കുന്നത് നല്ലതാ.. പക്ഷേ ഈ പിള്ളാരോട് പറയണം കുറച്ച് മയത്തിലൊക്കെ പെരുമാറാൻ... മനുഷ്യരല്ലേ മുതലാളി നമ്മളൊക്കെ... എന്നാപ്പിന്നെ അങ്ങനാവട്ടെ, ഞങ്ങൾ ഇറങ്ങിയേക്കുവാ..."" മുതലാളിയ്ക്ക് പിന്നെ ഒന്നും ചോദിക്കാൻ അവസരം കൊടുക്കാതെ മോനിച്ചൻ തിരിഞ്ഞുനടന്നു... ശിവദാസിൻ്റെ മുഖത്ത് പ്രതീക്ഷയുടെ ഒരു വെട്ടം തെളിഞ്ഞുനിൽപ്പുണ്ടായിരുന്നു.. അവൻ അടുത്തേക്ക് വന്ന് ഇന്നലെ വാങ്ങിച്ച കാശ് തിരിച്ച് കൊടുക്കാനായി നീട്ടി... അതിൻ്റെ കൂട്ടത്തിൽ അവൻ്റെ ATM കാർഡുമുണ്ടായിരുന്നു... കാർഡ് മാത്രം വാങ്ങിച്ച് കാശ് തിരികെ അവൻ്റെ പോക്കറ്റിൽ തന്നെ ഇട്ടുകൊടുത്തു മോനിച്ചൻ..

""ഇത് താൻ തന്നെ വച്ചോ, കുട്ടിയ്ക്ക് എന്തെങ്കിലും വാങ്ങിച്ചുകൊടുക്ക്.. പ്രശ്നങ്ങളെല്ലാം എല്ലാവരുടേം ലൈഫിലുണ്ടാകും, അതിൽനിന്ന് ഓടിയൊളിക്കാൻ നോക്കിയാൽ പിന്നെ അതിനേ നേരം കാണൂ... ഇതുപോലെ ഒരു പിടിവള്ളി എവിടുന്നെങ്കിലും ഒക്കെ കിട്ടുമെന്നേ.. അതിൽ പിടിച്ച് കേറാൻ നോക്കണം.. ചേട്ടനോട് ഞാൻ പറഞ്ഞേക്കാം, എത്രേം പെട്ടെന്ന് തന്നെ ജോയിൻ ചെയ്യാൻ നോക്ക്.. വെറുതെ വച്ചുനീട്ടിയതല്ല, തനിയ്ക്ക് അതിനുള്ള കഴിവുണ്ടെന്ന് തോന്നിയിട്ടുതന്നെയാ... എൻ്റെ വെല കളയരുത് കേട്ടോ.. "" ചിരിച്ചുകൊണ്ട് അയാളുടെ തോളിൽ തട്ടിക്കൊണ്ട് മോനിച്ചൻ പറഞ്ഞു.. അവിടെനിന്നും ഒരു ഫൈറ്റെല്ലാം കഴിഞ്ഞ് മാസ്സ് ബിജിഎമ്മിട്ട് സ്ലോമോഷനിൽ കൂളിങ്ഗ്ലാസെല്ലാം വച്ച് നടന്നുവരുന്ന ഫീലായിരുന്നു അരുണിന്... 

""എന്നാലുമെൻ്റെ പൊന്നുമോനിച്ചാ നിനക്ക് ഇത്രേം നന്മയൊക്കെ എങ്ങനെ വരുന്നെടാ മോനേ!!""
തിരികെ പോയിക്കൊണ്ടിരിക്കുന്നതിനിടയിൽ പിറകിലിരുന്ന് അരുൺ ചുമ്മാ അവനെ പൊക്കിയടിക്കാൻ നോക്കി...

""ഞാൻ കാണിച്ചുകൊടുത്തതുകൊണ്ടല്ലേ അവരയാളെ പൊക്കിയത്... അതിനൊരു പ്രായശ്ചിത്തം എന്ന് കൂട്ടിയാൽ മതി.. പിന്നെ ആ അമ്മയുടെ സ്നേഹത്തിനും കൈപ്പുണ്യത്തിനും തിരിച്ചെന്ത് ചെയ്താലും പകരമാവില്ലല്ലോ... എൻ്റമ്മച്ചിയെപ്പോലെ തോന്നിപ്പോയി എനിക്ക്.. എന്ത് പ്രശ്നം ഉണ്ടാക്കിയിട്ട് വന്നാലും അതിൻ്റെ പഴികേട്ട് അപ്പൻ്റെടുത്തൂന്ന് രക്ഷിക്കാറില്ലേ അമ്മച്ചി.. അതിൻ്റെ പിഴയൊടുക്കിയതാണെന്ന് കൂട്ടിക്കോ.. ആ അമ്മയുടെ മുഖത്തുണ്ടാകാൻ പോകുന്ന സമാധാനവും സന്തോഷവും.. അതു പോരേ മോനേ ദിനേശാ""

പതിയെ ചാറാൻ തുടങ്ങിയ മഴത്തുള്ളികൾ മോനിച്ചൻ്റെ മനസ്സും നിറയ്ക്കുന്നുണ്ടായിരുന്നു...


ശുഭം...



Comments

Popular posts from this blog

പായ്ക്കപ്പൽ (നോവൽ)

ഓർമ്മപ്പൂക്കൾ