അമ്മ
റയിൽവേസ്റ്റേഷനിൽ ഇരുന്ന് ഉറക്കത്തിലാണ്ടുപോയ അയാൾ ആരോ തുടയിൽ തോണ്ടി വിളിക്കുന്നത് കേട്ടാണ് പെട്ടെന്ന് ഞെട്ടി എണീറ്റത്... ഒന്ന് കണ്ണുചിമ്മിത്തുറന്ന് അയാൾ ചുറ്റും നോക്കി.. ആരാണ് തൻ്റെ ഉറക്കം കളഞ്ഞതെന്ന് പരതിയ അയാൾ കണ്ടത് തൻ്റെ മുന്നിൽ നിൽക്കുന്ന ഒരു പത്തുവയസ്സുകാരൻ പയ്യനെയും അവൻ്റെ തോളിൽ കിടക്കുന്ന ഒരു വയസ്സോളം പ്രായമുള്ള ഒരു കുഞ്ഞിനെയുമാണ്... മുഷിഞ്ഞ് കീറിയ വസ്ത്രങ്ങളും നീണ്ട് പാറുന്ന മുടികളും ഒക്കെയായി രണ്ടുപേർ..
""അണ്ണാ പസിക്കിത് അണ്ണാ.. രണ്ടു നാളാ എതുവും സാപ്പിടലെ... എതാവത് കൊടുങ്കണ്ണാ..."" ആ പയ്യൻ അയാൾക്ക് നേരെ കൈ നീട്ടി...
എല്ലാ മിഡ്ഡിൽക്ലാസ് മക്കളെയും പോലെത്തന്നെ പ്രാരാബ്ദങ്ങളുടെ ഭാണ്ടക്കെട്ടും പേറി പലപല ജോലികളും പലപല നാടുകളും കടന്ന് അവസാനം ചെന്നൈയിൽ എത്തിയതാണ് അയാൾ... ചെറുപ്പത്തിലേ തന്നെ ബാധ്യതകൾ മാത്രം ബാക്കിയാക്കി മരിച്ച അച്ഛനും രോഗിയായ അമ്മയും ഒക്കെയായി സാധാരണ ക്ലീഷേ ഫാമിലിയിൽ നിന്നും വന്ന അയാൾ ചെയ്യാത്ത ജോലികൾ ഇല്ലായിരുന്നു..
കക്കൂസു കഴുകിയും പ്ലേറ്റ് കഴുകിയും തൂത്തും തുടച്ചും കിട്ടുന്ന നക്കാപ്പിച്ചയെല്ലാം അന്നന്നത്തെ ചിലവിനും വീട്ടിലേക്കയക്കാനും മാത്രമേ തികയുന്നുണ്ടായിരുന്നുള്ളൂ... അതിനിടയിലാണ് അമ്മയ്ക്ക് തീരെ വയ്യാതായെന്നും പറഞ്ഞ് നാട്ടിൽ ഹോസ്പ്പിറ്റലിൽ ആക്കിയതും നുള്ളിപ്പെറുക്കി കയ്യിലുള്ളതെല്ലാം അയച്ചുകൊടുത്തതും ഒടുവിൽ ഒരു ചെറുത്തുനിൽപ്പിനുപോലും നിൽക്കാതെ അമ്മ മരണത്തിന് കീഴടങ്ങിയതും... അവസാനമായി ഒരു നോക്ക് കാണാനും സംസ്കാരച്ചടങ്ങുകൾക്കും വേണ്ടി ഓടിപ്പിടിച്ച് ട്രയിൻ കേറാൻ വന്നതായിരുന്നു അയാൾ...
ഈ ജീവിതത്തിൽ അയാൾ തനിക്കുവേണ്ടിയല്ല തൻ്റെ അമ്മയ്ക്ക് വേണ്ടിയായിരുന്നു ജീവിച്ചിരുന്നത്.. ഒരുപാട് പേരുടെ കുത്തുവാക്കുകളും അവഗണനയും പരിഹാസവും പേറി ചെറുപ്പം തൊട്ടേ അയാളെ വളർത്താൻ ഒരുപാട് കഷ്ടപ്പെട്ട് പണിയെടുത്തിരുന്നു ആ അമ്മ... ഒരിക്കൽ പോലും ക്ഷീണിച്ചുവെന്ന് പരാതിപറയാതെ ആ അമ്മ ജോലിക്കിടയിലും അയാളെ സ്നേഹിക്കാൻ മറക്കന്നിരുന്നില്ല.. പഠിക്കാൻ തീരെ കഴിവില്ലാതിരുന്നതുകൊണ്ട് പത്താംക്ലാസ് പോലും പാതിയിൽ നിർത്തി പണിക്കിറങ്ങിയതാണ് അയാൾ... ഇല്ലായ്മകൾക്കിടയിലും തളരാതെ ചിരിച്ചുകൊണ്ട് അത്രമേലയാളെ സ്നേഹിച്ചിരുന്നത് അയാളുടെ അമ്മ മാത്രമായിരുന്നു..
അയാൾ ആ കാശിലേക്ക് വീണ്ടും ഒന്നുകൂടെ നോക്കി... രണ്ടാമതൊന്ന് ആലോചിക്കാതെ അയാൾ ആ കാശ് ആ കുട്ടിക്ക് കൊടുത്തു.. ആ കുട്ടികളെപ്പറ്റി ചോദിക്കാതെക്കാതെ തന്നെ അയാൾക്ക് അവരുടെ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു.. ഒരിക്കൽ അവരെപ്പോലെ തന്നെ അയാളും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കൈ നീട്ടി നിന്നിട്ടുണ്ട്... അന്നയാളെ കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വാങ്ങി കൊടുത്ത് ഒരു ജോലി ശരിയാക്കിക്കൊടുത്ത റഹീം ഇക്കയെ അയാൾ ഓർത്തു.. ഒരു നിമിഷത്തേക്ക് അയാളുടെ കണ്ണ് നിറഞ്ഞു...
ആ കാശു വാങ്ങിയപ്പോൾ ആ കുട്ടികളുടെ മുഖം വിടർന്നു... ആ പത്തുരൂപ നോട്ടിൻ്റെ മൂല്യം ആ കുട്ടിയുടെ തെളിഞ്ഞ മുഖത്തിൽ നിന്നും അയാൾക്ക് കാണാമായിരുന്നു.. അത് കോടികൾ കൊടുത്താലും വാങ്ങിക്കാൻ കഴിയാത്തത്രയും ആത്മസംതൃപ്തി അയാൾക്കു നൽകി... വീട്ടിലേക്ക് നടന്നുപോകേണ്ടി വന്നാലും അമ്മയുടെ ചടങ്ങുകൾ അൽപ്പം വൈകിയാലും ആ അമ്മയുടെ ആത്മാവ് തന്നെ അനുഗ്രഹിക്കുന്നുണ്ടാകും എന്നയാൾക്ക് അറിയാമായിരുന്നു...
കാരണം "" നിനക്കൊരുനേരം വിശന്നിരുന്നുകൊണ്ട് മറ്റൊരാളുടെ വിശപ്പകറ്റാൻ കഴിഞ്ഞാൽ അതായിരിക്കും നിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ത്യാഗവും ഏറ്റവും വലിയ പ്രവർത്തിയും "" എന്ന് അയാളെ പറഞ്ഞുപഠിപ്പിച്ചതും ആ അമ്മതന്നെയായിരുന്നു...
Comments
Post a Comment