ചിലങ്ക
വർഷങ്ങൾക്കുമുൻപ് അന്ന് ഇതുപോലൊരു ഡാൻസ് പ്രോഗ്രാമിൻ്റെയന്നാണ് അയാളെ ആദ്യമായി കാണുന്നത്.. കൂട്ടുകാരിയുടെ കസിൻ ബ്രദറാണ്.. ഇക്കണ്ട നാളൊക്കെ അവളുടെ കൂടെ നടന്നിട്ടും ഇന്നാണ് തമ്മിൽ കാണുന്നത്.. "" ഇതാരാ?"" പുള്ളി ആകെ ചോദിച്ചത് ഇത്രമാത്രമാണ്, അതും കൂട്ടുകാരിയോട്... ഇതെൻ്റെ കൂട്ടുകാരിയാണെന്ന് പറഞ്ഞ് അവൾ പരിചയപ്പെടുത്തിക്കൊടുത്തപ്പോൾ കണ്ണിൽ നോക്കി ഒരു പുഞ്ചിരി മാത്രമേ കിട്ടിയുള്ളൂ.. ഒന്നും സംസാരിച്ചില്ലെങ്കിലും പെണ്ണുങ്ങളെ കണ്ടാൽ ഒലിപ്പിച്ചു സംസാരിക്കുന്ന ആണുങ്ങൾക്കിടയിൽ അങ്ങേരുടെ ആ ഒരു മാനറിസം അവളെ പിടിച്ചു കുലുക്കിയിരുന്നു... അന്നത്തെ പരിപാടിക്കിടയിൽ ഒരുപാട് തവണ മുന്നിലൂടെ നടന്നിട്ടും ഇത്രയും ഗ്ലാമറായ തനിക്കുനേരെ ഒരു നോട്ടം പോലും ഇല്ലാതിരുന്നത് അവൾക്കും ആശ്ചര്യമായിരുന്നു.. ഇങ്ങനെയും ആൾക്കാരുണ്ടോ!!
ആ ഒരു കാഴ്ച്ചപ്പാട് അപ്പാടെ മാറ്റിമറച്ചുകൊണ്ട് അന്ന് വീടെത്തിയപ്പോഴും ദേണ്ടെ കെടക്കുന്നു ഫേയ്സ് ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ്!! പകൽ മാന്യൻ എങ്ങാനുമാണോ ദൈവമേ എന്നും വിചാരിച്ചുകൊണ്ടാണ് അവൾ റിക്വസ്റ്റ് അസ്സപ്റ്റ് ചെയ്തത്... പക്ഷേ ഒരു ഹായ് മാത്രമാണ് അന്ന് ഇൻബോക്സിൽ വന്നത്.. ഇതെന്ത് കൂത്ത്!! ഒരുപാട് കൂട്ടുകാരും അവരോടൊക്കെ വള വളായെന്ന് സംസാരിക്കുകയും ചെയ്യുന്ന തൻ്റെ കൂട്ടിലേക്ക് വന്നുകയറിയ പൂച്ചക്കുട്ടിയായിരുന്നു അയാൾ.. പോകെപ്പോകെ ഈ മിണ്ടാട്ടം മുട്ടിയുള്ള ഇരിപ്പിൽ സഹികെട്ടാണ് അവളായിട്ട് ചെന്ന് മിണ്ടിത്തുടങ്ങിയത്.. തനി സിഗ്മ മെയിലിനെപോലെയായിരുന്നു അയാൾ... ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാത്രം മറുപടി തരുന്ന ഒരു കരിങ്കൽ മനസ്സിൻ്റെ ഉടമയായിരുന്ന അയാളിൽ പതുക്കെ മഞ്ഞുരുകുന്നത് അവൾക്ക് മനസ്സിലായിത്തുടങ്ങി.. അധികമാരോടും ഇടപെഴകാത്ത ആളാണെന്ന് കൂട്ടുകാരി പറഞ്ഞിരുന്നെങ്കിലും പതിയെ തന്നോട് ഒരുപാട് അടുക്കുന്നത് അവൾക്കു മനസ്സിലായിത്തുടങ്ങി... കൂടുതൽ അടുത്തറിഞ്ഞപ്പോഴേക്കും അയാളുടെ ശുദ്ധമനസ്സും നിഷ്കളങ്കത്വവും പതിയെ അവളിൽ ഒരു ഇഷ്ടം വിത്തിട്ടിരുന്നു... പഠിക്കുന്ന പ്രായമല്ലേ... പ്രണയത്തിനൊരു ഗ്യപ്പ് കൊടുക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു...
പക്ഷേ ഒരു വർഷത്തിനപ്പുറം അയാൾ വന്ന് ഉള്ളിലെ ഇഷ്ടം തുറഞ്ഞുപറഞ്ഞപ്പോൾ വായപൊത്തിപ്പിടിച്ചിട്ടുപോലും ഉള്ളിൽ നിന്നും അവളുടെ ഇഷ്ടം അറിയാതെ അലറിവിളിച്ചു പുറത്തുചാടി... ""ഞാനും പഠിത്തം കഴിയുന്നതല്ലേ ഉള്ളൂ ഒരു ജോലിയായിട്ട് വന്ന് പെണ്ണ് ചോദിക്കുന്നതുവരെ ഈ ഇഷ്ടം അങ്ങനെ മാത്രം നിൽക്കട്ടെ... നാലാളറിയാതെ മനസ്സിൽ കിടക്കട്ടെ"" എന്ന അയാളുടെ വാക്കുകളിൽ പ്രണയത്തിനപ്പുറം ആരാധനയായിരുന്നു അവളിൽ ഉളവാക്കിയത്... മൂടി വയ്ക്കുവാനല്ല മറിച്ച് പ്രകടിപ്പിക്കുവാനായിരുന്നു അവൾക്ക് താൽപര്യം... വർഷങ്ങൾ പലതും കഴിഞ്ഞു.. മുളയ്ക്കും മുൻപേ കരിഞ്ഞുപോയ ഒരുപാട് പ്രണയകഥകൾക്കിടയിൽ അവരുടെ പ്രണയം മാത്രം തഴച്ചുവളർന്നു.. സംസാരപ്രിയനല്ലായിരുന്നിട്ടുപോലും അവളുടെ കളിചിരികളിലേക്ക് അയാളെ അവൾ പിടിച്ചുകൊണ്ടുവരുകയായിരുന്നു...
പോകെപ്പോകെ അവൾക്ക് ചിന്തകളിൽ മാറ്റങ്ങൾ വന്നുതുടങ്ങി... ചെറുപ്രായത്തിലെ ബുദ്ധിയില്ലായ്മയും എടുത്തുചാട്ടവും ആയിപ്പോയോ എന്ന് തോന്നിത്തുടങ്ങി.. വിവരം വച്ചുതുടങ്ങിയപ്പോഴാണ് അവൾക്ക് കാര്യങ്ങളിൽ വ്യക്തത വന്ന് തുടങ്ങിയത്... താനൊരാളുടെ പ്രയത്നം കൊണ്ടുമാത്രമാണ് ഈ ബന്ധം മുന്നോട്ടുപോകുന്നതെന്ന് അവൾക്ക് തോന്നിത്തുടങ്ങി... താനായിട്ട് എന്തെങ്കിലും പറഞ്ഞുതുടങ്ങിയാൽ മാത്രം സംസാരിക്കുന്നതുപോലെ... സ്നേഹമൊക്കെയുണ്ട്, നല്ല മനുഷ്യനുമാണ്.. പക്ഷേ പ്രകടിപ്പിക്കാതെ ഉള്ളിൽ കൊണ്ടുനടക്കുന്ന സ്നേഹം കൊണ്ട് എന്താണ് പ്രയോജനം?? ആകെപ്പാടെ അയാളുടെ മുൻകൈയെടുക്കൽ ഉണ്ടായിട്ടുള്ളത് അയാളുടെ സ്വകാര്യ സന്തോഷങ്ങൾക്കുവേണ്ടി മാത്രമാണ്... ആ നേരത്തുമാത്രമാണയാളെ അത്യധികം ഉന്മേഷവാനായി കണ്ടിരുന്നത്... കഴുത്തിലൊരു താലിയില്ലെങ്കിലും ഭാര്യാഭർത്താക്കൻമാരെന്നപോലെ ആയിരുന്നതുകൊണ്ട് അയാളുടെ സന്തോഷങ്ങൾക്ക് മനസ്സില്ലാ മനസ്സോടെ നിന്നുകൊടുക്കേണ്ടി വന്നിട്ടുണ്ട്... ഇന്നിപ്പോൾ എല്ലാം മൂന്നാമതൊരാളായി നിന്ന് ചിന്തിച്ചുനോക്കുമ്പോൾ തെറ്റുകൾക്ക് മേലെ തെറ്റുകളാണെന്ന് തോന്നാൻ തുടങ്ങിയിരിക്കുന്നു...
നാളിതുവരെ അയാളുടെ ഭാഗത്തുനിന്ന് പിഴവുകൾ ഉണ്ടായിട്ടില്ല... വേറെ പെണ്ണുങ്ങളുടെ പിന്നാലെ പോവുകയോ പഞ്ചാരയടിച്ച് നടക്കുകയോ ചെയ്തിട്ടില്ല... പക്ഷേ തന്നോട് ഈ കാണിക്കുന്നത് ഒരുതരം അവഗണനയായി അവൾക്ക് തോന്നിത്തുടങ്ങി... സന്തോഷത്തിനുവേണ്ടി ഉപയോഗിക്കാനുള്ള ഒരു ഉപകരണത്തെപ്പോലെയാണ് തന്നെ കാണുന്നതെന്ന തോന്നൽ പതിയെ അവളിൽ വളരാൻ തുടങ്ങി... ഒരുപാട് സഹിച്ചതിനുശേഷമാണ് ഇതെല്ലാം അയാളോട് പറയാൻ തീരുമാനിച്ചത്.. ഇതിനെപ്പറ്റി സംസാരിച്ചപ്പോൾ അയാൾ സ്വയം തെറ്റുകൾ മനസ്സിലാക്കി മാറാൻ ശ്രമിച്ചുകൊണ്ടിരുന്നതാണ്, ജോലിത്തിരക്കും മുന്നോട്ടുള്ള ജീവിതം ഭദ്രമാക്കാനുള്ള ഓട്ടത്തിനുമിടയ്ക്ക് അയാൾക്ക് തന്നെ ശ്രദ്ധിക്കാനുള്ള സമയം കിട്ടാത്തതാണെന്നും സ്നേഹക്കുറവില്ലെന്നുമെല്ലാം ആവുന്നത്ര പറഞ്ഞുപഠിപ്പിക്കാൻ ശ്രമിച്ചിട്ടും അവൾക്കതിനുകഴിഞ്ഞില്ല... സ്വന്തമായ അയാളിൽ നിന്നും കിട്ടാത്ത സ്നേഹവും പരിഗണനയും വെറും സുഹൃത്തായ മറ്റൊരാളിൽ നിന്നും കിട്ടിക്കൊണ്ടിരുന്നതുകൊണ്ട് തീർത്തും ആശയക്കുഴപ്പത്തിൽ പെട്ട് വട്ടം കറങ്ങുകയായിരുന്നു അവൾ.. എന്തുവേണം ഏതുവേണം ആരുവേണം എന്താണ് ശരി ഏതാണ് തെറ്റ് എന്ന് തീരുമാനിക്കാൻ കഴിയാതെ അവൾ വീർപ്പുമുട്ടി.. അവൾക്കപ്പോൾ അവളെക്കുറിച്ച് മാത്രമേ ചിന്തിക്കാൻ കഴിഞ്ഞിരുന്നുള്ളൂ... കുറ്റബോധം കൊണ്ടവൾക്കു പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന അവസ്ഥയായപ്പോൾ അവൾ ആ ബന്ധത്തിൽ നിന്നു പിൻമാറാൻ തീരുമാനിച്ചു...
അവർ രണ്ടുപേർക്കും ഉൾക്കൊള്ളാനാവാത്ത കാര്യം തന്നെയായിരുന്നു അത്... ആവുന്നത്ര കരഞ്ഞ് കാലുപിടിച്ചു അയാൾ... അത്രയേറെ സ്നേഹിച്ചതുകൊണ്ടാവാം വീണ്ടുമൊരു വിഫല ശ്രമമെന്ന നിലയ്ക്ക് ഒരിക്കൽകൂടി തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ കുറച്ചുകാലം കൂടി ശ്രമിച്ചു അവർ... പക്ഷേ ഒരിക്കൽ അറ്റുപോയത് കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നത് കൂടുതൽ വഷളാവുകയേയുള്ളൂ എന്ന് കാലം തെളിയിച്ചു... തനിയ്ക്കുവേണ്ടിയിരുന്ന സമയത്ത് കിട്ടാതിരുന്ന സ്നേഹവും പരിഗണനയും ഇപ്പോൾ വാരിക്കോരി തരുന്നത് കണ്ടപ്പോൾ വെറും പ്രഹസനമായാണ് അവൾക്ക് തോന്നിയത്... കഴിഞ്ഞ കുറേ വർഷങ്ങളേക്കാളേറെ അവളെ വീർപ്പുമുട്ടിച്ചത് ഈയൊരു ഏച്ചുകെട്ടലിൻ്റെ കാലയളവാണ്... ഒന്നിലും ശ്രദ്ധിക്കാനാവാതെ, ജീവനേക്കാളേറെ ഇഷ്ടപ്പെട്ട നൃത്തം പോലും ചെയ്യാൻ മനസ്സില്ലാതെയായിരുന്നു അവൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്.. സ്വാഭിമാനമില്ലാതെ എന്തിനോവേണ്ടി കടിച്ചുതൂങ്ങുന്നതുപോലെ അവൾക്കനുഭവപ്പെട്ടു... അവസാനം തൻ്റെ മാത്രം സ്വസ്ഥതയ്ക്കും സമാധാനത്തിനും വേണ്ടി അവൾ എന്നന്നേക്കുമായി അയാളിൽ നിന്നും മുക്തയായി..
ഇതവളുടെ അതിജീവനത്തിൻ്റെ ദിനങ്ങളാണ്... ഒരുപാടുനാളുകൾക്കുശേഷം ഇന്ന് വീണ്ടുമവൾ ചിലങ്കയണിയുകയാണ്... ആൾക്കുട്ടത്തിൽ അയാളുണ്ടാകുമായിരിക്കും.. അവളെ അയാൾ തേപ്പുകാരിയെന്ന് മുദ്രകുത്തിയേക്കാം.. പക്ഷേ ഇതവളുടെ ജീവിതമാണ്... വരണ്ടുണങ്ങിയ തൻ്റെ മനസ്സിലേക്ക് അവളിന്ന് ചിലങ്കയുടെ മുത്തുപൊഴിക്കും... പുതിയ പ്രകാശം പരത്തും... പുതിയ ജീവിതം കെട്ടിപ്പടുക്കും..
Comments
Post a Comment