ഉൽക്ക


എവിടുന്നോ വന്നുവീണ ഉൽക്കയ്ക്കുചുറ്റും ചക്കയിൽ ഈച്ച പൊതിയുന്ന പോലെ പത്രക്കാരും ടീവിക്കാരും വട്ടമിട്ട് പറക്കുന്നതുകണ്ട് ഇവന്മാർക്കൊന്നും വേറെ പണിയില്ലേയെന്നും മനസ്സിൽപറഞ്ഞ് അയാൾ അവിടെനിന്നും നടന്നകന്നത്... രാവിലെ പാലുകൊണ്ടുകൊടുക്കാനിറങ്ങിയിട്ട് ഈ ബഹളം കണ്ട് നിന്നുപോയതാണയാൾ.. ഇനിയും ഒരു വീട്ടിൽകൂടി കൊടുക്കാനുള്ളതുകൊണ്ടാണ് അയാൾ ആ തിരക്കിലേക്ക് ചെല്ലാതെ വിട്ടുനിന്നത്... അല്ലെങ്കിലും പുലർച്ചയ്ക്ക് റബ്ബറുവെട്ടാൻ വേണ്ടി എഴുന്നേറ്റപ്പോൾ താൻ തന്നെയാണല്ലോ എന്തോ ഒന്ന് ഒരു തീഗോളം പോലെ അകലെ വന്നുപതിയ്ക്കുന്നത് ആദ്യം കണ്ടത്... റബ്ബറുവെട്ടിവന്ന് പശുവിനെ കറക്കി വന്നപ്പോഴേക്കും ദേണ്ടിതാ പൂരത്തിനുള്ള ആൾക്കൂട്ടം!!! ഇവരൊന്നും ഇതിനുമുൻപ് ഉൽക്കവീഴുന്നത് കണ്ടിട്ടില്ലേ!!

പത്തുമുപ്പത് വർഷം മുൻപ് അയാൾക്ക് 3 വയസ്സായിരുന്നപ്പോഴാണ് ഇതുപോലൊരു ഉൽക്ക വീണ് അയാളുടെ അച്ഛൻ മരിച്ചത്... പറമ്പിൽ പണിയെടുത്തുകൊണ്ടിരുന്ന അച്ഛൻ്റെ കുറച്ചകലെയാണ് ഉൽക്ക വന്നുപതിച്ചതെങ്കിലും ആ പരിസരത്താകെ 100 അടിയോളം വിസ്താരത്തിൽ ഉണ്ടായിരുന്നതൊക്കെ കരിഞ്ഞുണങ്ങിപ്പോയിരുന്നു... നാളതുവരെ അത്രയും തീവ്രമായ ഒരു ഉൽക്കാപതനം ഉണ്ടായിട്ടില്ലായിരുന്നു... അന്നതിൽ നിന്നും എന്തോ രാസവസ്തു പരന്നിരുന്നെന്നും അതിനാലാണ് അച്ഛന് അന്നുവരെ കണ്ടുപിടിക്കാത്ത എന്തോ അസുഖം വന്ന് തൊലിയെല്ലാം പഴുത്തു കുമിളവന്ന് പൊട്ടിയൊലിച്ച് ശരീരത്തിലെ വെള്ളമെല്ലാം വരണ്ടുണങ്ങി എല്ലും തോലുമായി 12 മണിക്കൂറിനുള്ളിൽ മരിച്ചതെന്നും എല്ലാം പറഞ്ഞുകേട്ട അറിവാണ്... അന്ന് ആ പരിസരത്തുണ്ടായിരുന്നവരാരും പിറ്റേന്നത്തെ സൂര്യോദയം കണ്ടിട്ടില്ലത്രേ!!! അച്ഛന് ഭക്ഷണം കൊടുക്കാൻ അയാളെയും ഒക്കത്തിരുത്തി പറമ്പിലേക്ക് പോയിക്കൊണ്ടിരുന്ന അമ്മ ആരുടെയോ ഭാഗ്യത്തിനാണ് ആ വിപത്തിൽ നിന്നും രക്ഷപ്പെട്ടത്... അന്നുതുടങ്ങിയ ചുമയും ശ്വാസം മുട്ടലും ഇന്നും അതുപോലെ തന്നെയുണ്ട്.. ഇന്നാട്ടിലെ പേരുകേട്ട ഡോക്ടർമാർക്കും വൈദ്യൻമാർക്കും മരുന്നുകൾക്കും അതിലൊരു മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല... കൂടെയുണ്ടായിരുന്ന അയാൾക്കു കിട്ടിയ സമ്മാനമായിരുന്നു നഷ്ടപ്പെട്ട അയാളുടെ ശബ്ദം!!!

ഒന്ന് മൂളാനോ മുരടനക്കാനോ പോലും കഴിയാത്തവിധം അയാളുടെ ശബ്ദം നിലച്ചിട്ട് മുപ്പതുവർഷങ്ങൾ കഴിഞ്ഞു... ഇന്നിപ്പോൾ അയാൾക്ക് സംസാരശേഷി ഇല്ലെന്നത് ഒരു വിഷയമേയല്ലാതെയായി.. കരഞ്ഞാൽ പോലും കേൾക്കാനാളില്ലാത്ത ബാല്യത്തിൽ നിന്ന് ഈ പോത്തുപോലെ വളർന്ന കാലത്തിലേക്ക് അയാളുടെ വിഷമങ്ങളുടേയും സങ്കടങ്ങളുടേയുമൊപ്പം ശബ്ദവും അലിഞ്ഞില്ലാതെയായിപ്പോയിരുന്നു... കൈയ്യിനും കാലിനും യാതൊരു കുഴപ്പവും സംഭവിക്കാതിരുന്നതുകൊണ്ട് ഇന്ന് നല്ലപോലെ അധ്വാനിച്ചുതന്നെയാണ് അയാൾ ജീവിക്കുന്നത്.. റബ്ബറും നെൽകൃഷിയും കവുങ്ങും വാഴയും ഒരുവശത്തും കറവപ്പശുക്കളും ആടും കോഴിയും താറാവും എല്ലാം മറുവശത്തുമായി ആ നാട്ടിലെ തന്നെ അത്യാവശ്യം നല്ലൊരു കർഷകനാണ് അയാളിന്ന്... തൻ്റെ കുറവുകളെ കഠിനപരിശ്രമം കൊണ്ട് തോൽപ്പിച്ചതിൻ്റെ അഹങ്കാരമൊന്നും അയാളിലില്ല,  എന്തിനും ഏതിനും മുന്നിലുണ്ടാവുന്നതുകൊണ്ട് നാട്ടിലെല്ലാവർക്കും വലിയ കാര്യമാണയാളെ.. ഒരു നിമിഷത്തേക്ക് അയാളിലൂടെ പഴയകാര്യങ്ങളെല്ലാം മിന്നിമറിഞ്ഞെങ്കിലും നടന്ന് പാലുകൊടുക്കാൻ ബാക്കിയുള്ള വീടിനടുത്തെത്തിയതിനാൽ ചിന്തകളിൽ നിന്നയാൾ പെട്ടെന്ന് തിരിച്ചുവന്നു...

വീടിൻ്റെ വാതിലിൽ ഒന്നുരണ്ടുതവണ മുട്ടിയിട്ടും ആരും വിളി കേൾക്കാത്തതുകൊണ്ടയാൾ വാതിൽ പതിയെ തള്ളിനോക്കി.. അത് തുറന്നുകിടക്കുകയായിരുന്നു.. അകത്തെന്തോ വ്യത്യാസമുള്ള രൂക്ഷഗന്ധം നിറഞ്ഞിരിക്കുന്നു... മൊത്തത്തിൽ ഒരു പുകമൂടിയപോലെ... വായുവിന് കട്ടികൂടിയപോലെ... ശ്വാസമെടുക്കാനെല്ലാം ഒരു തടസ്സം പോലെ അയാൾക്കുതോന്നി... കണ്ണിൽ ഇരുട്ടു കയറുന്നപോലെയും കണ്ണെരിയുന്ന പോലെയും എല്ലാം അയാൾക്ക് തോന്നാൻ തുടങ്ങി... ആ വീട്ടിലാകെ ഒരു വയസ്സായ അച്ചായനും അമ്മച്ചിയും മാത്രമേയുള്ളൂ.. സാധാരണ വീട്ടിൽ നിന്നും പുറത്തിറങ്ങാത്തവരാണ്, അയാൾ പാലുകൊടുക്കാൻ പോകുന്ന നേരത്താണ് അവർ എണീക്കുന്നതുതന്നെ.. ഇന്നിതാ വാതിൽ തുറന്ന് ആകെ മൊത്തം ഒരു ഭീകരാന്തരീക്ഷം... പതിയെ അയാൾ അകത്തെ കിടപ്പുമുറയിലേക്ക് തപ്പിത്തടഞ്ഞ് ചെന്നു.. കള്ളുകുടിച്ചാൽ തലയ്ക്ക് മത്തുപിടിക്കുന്നതുപോലെ ആയിക്കഴിഞ്ഞിരുന്നു അയാൾ അപ്പോഴേക്കും... മുറിയുടെ വാതിക്കലെത്തി അകത്തേക്കുനോക്കിയപ്പോൾ അയാൾ കണ്ട കാഴ്ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു!!!!!!

ആടിൻ്റെ പോലെ കൂർത്ത മുഖത്തിന് നടുവിലായി വലിയ ഒറ്റക്കണ്ണും വിറകുകൊള്ളിപോലെ മെലിഞ്ഞ ശരീരത്തിൽ മൂന്നുവിരൽ മാത്രമുള്ള നീണ്ട കൈകളും വിരലുകളില്ലാതെ കുളമ്പുമാത്രമുള്ളതുപോലുള്ള കാലുകളുമായി ഒരാൾ പൊക്കത്തിൽ ഒരു ഭീകര രൂപം കിടക്കയിൽ കിടക്കുന്ന അച്ചായൻ്റെയും അമ്മച്ചിയുടെയും അടുത്തായി നിൽക്കുന്നു!! കാഴ്ച്ച വ്യക്തമല്ലെങ്കിലും ആ നിൽക്കുന്നത് മനുഷ്യനല്ലെന്ന് അയാൾക്ക് വ്യക്തമായിരുന്നു.. കണ്ണുതുറിച്ചയാൾ നോക്കി നിന്നതല്ലാതെ ഒന്നുറക്കെ വിളിച്ചുകൂവാൻ അയാൾക്ക് കഴിയില്ലല്ലോ... ആകെ വിയർത്തൊലിച്ച് അയാൾ കൈയ്യിൽ കിട്ടിയ എന്തോ ഒന്നെടുത്ത് ആ രൂപത്തിനുനേരെ എറിഞ്ഞു!! പത്തടി അകലെ നിന്നിരുന്ന ആ രുപം തലയുയർത്തി അയാളെ നോക്കിയതും കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട് കൊടുങ്കാറ്റിൻ്റെ വേഗത്തിൽ അയാൾക്കുമുന്നിൽ നേർക്കുനേർവന്നു നിന്നു!! നിന്ന നിൽപ്പിൽ നിന്നനങ്ങാനാവാത്ത വിധം മരവിച്ചുപോയി അയാൾ!!! നേർക്കുനേർ നിന്ന് കണ്ണോടുകണ്ണിൽ നോക്കി ഒരു നിമിഷം നിന്നിട്ട് ആ രൂപം തൻ്റെ വിരലുകൊണ്ടയാളുടെ നെറ്റിയിൽ തൊട്ടു... കൂരിരുട്ടത്ത് വെള്ളിടിവെട്ടിയപോലെ ആയാളുടെ തലയ്ക്കകത്തുകൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു...കണ്ണിൽ നിറഞ്ഞിരുന്ന ഇരുട്ട് ഒരു നിമിഷത്തേക്ക് കണ്ണഞ്ചുന്ന വെളിച്ചമായിമാറി... നെറ്റിയിൽ നിന്നും ആ രൂപം കയ്യെടുത്തതും വെട്ടിയിട്ടപോലെ അയാൾ നിലത്തുവീണു!!!

വീഴുന്നതിനിടയ്ക്ക് അയാളുടെ ""അമ്മേ....!!!!!""" എന്ന ഉച്ചത്തിലുള്ള നിളവിളി ആ പരിസരമാകെ മുഴങ്ങിക്കേട്ടു...

Comments

Popular posts from this blog

പായ്ക്കപ്പൽ (നോവൽ)

ഓർമ്മപ്പൂക്കൾ