പാലകൾ പൂക്കുന്ന രാത്രി


 ദിക്കേതെന്നും ദിശയേതെന്നുമറിയാതെ ആ കാട്ടിലെ പടുവൃക്ഷങ്ങൾക്കിടയിലൂടെ അയാൾ ഓടാൻ തുടങ്ങിയിട്ട് ഒരുപാടുനേരമായി... കൃഷ്ണപക്ഷത്തിലെ അമാവാസി നാളിൽ യക്ഷിക്കാവിനടുത്തുകൂടെ പോകരുതെന്ന് തറവാട്ടിലെ മൂത്തവർ പറഞ്ഞിട്ടും കേൾക്കാതെ ധിക്കാരം കാണിച്ച് എന്നാലതന്നൊന്നറിയണമല്ലോ എന്നുഭാവിച്ചാണ് പട്ടണത്തിൽ നിന്നും വന്ന അയാൾ ആ രാത്രിയിൽ ഒരു ടോർച്ചിൻ്റെ വെളിച്ചത്തിൻ്റെ അകമ്പടിയോടെ ഇറങ്ങിത്തിരിച്ചത്... ഇറങ്ങിയപ്പോഴുണ്ടായിരുന്ന ധൈര്യമൊക്കെ ചോർന്നൊലിച്ച് പ്രാണരക്ഷാർത്ഥം എങ്ങോട്ടെന്നില്ലാതെ ഓടിക്കൊണ്ടിരുന്ന അയാൾ ഏതോ മരത്തിൻ്റെ വേരിൽ കാൽ തട്ടി താഴെ വീണു തലയിടിച്ചു ബോധം മറഞ്ഞു...

യക്ഷിക്കാവിനെ ലക്ഷ്യമാക്കി നടന്ന അയാളുടെ ദേഹം മുഴുവൻ പതിയെ തണുത്തുകയറുന്നത് അയാൾ ശ്രദ്ധിച്ചിരുന്നു... രാത്രിയല്ലേ, തണുപ്പുണ്ടാകുന്നത് സാധാരണമാണല്ലോ എന്നതുകൊണ്ട് അയാൾ അതുകാര്യമാക്കിയില്ല... പക്ഷേ മുന്നോട്ടു നടക്കുന്തോറും ഇരുട്ടിൻ്റെ കാഠിന്യം കൂടുന്നതും അസ്വാഭാവികമായ കൂമൻ്റെ മൂളലും പട്ടികളുടെ ഓരിയിടലും അയാളിൽ ചെറിയ ഭയമുളവാക്കാൻ തുടങ്ങിയെങ്കിലും ഇക്കാലത്ത് ഭൂതവും പ്രേതവും ഒന്നുമില്ലെന്ന തൻ്റെ വിശ്വാസത്തിൽ അടിയുറച്ച് അയാൾ മുന്നോട്ടുനടന്നു... പണ്ട് നാടുവാഴിത്തമ്പുരാൻ്റെ കാമദാഹത്തിനിരയായി നശിച്ചുപോയ അടിമപ്പെണ്ണിൻ്റെ ദുരാത്മാവിൻ്റെ രക്തധാഹത്തിനിരയായി അന്നാട്ടിലെ ചെറുപ്പക്കാർ മുഴുവർ ചോരചർദ്ദിച്ച് ദുർമരണപ്പെടാൻ തുടങ്ങിയപ്പോഴാണ് വലിയതന്ത്രിയും മന്ത്രവാദികളും കൂടെച്ചേർന്ന് ആ ദുരാത്മാവിനെ ആവാഹിച്ച് യക്ഷിക്കാവിൽ കുടിയിരുത്തിയത്... അന്നുതൊട്ട് രാത്രിയിൽ ആരും ആ വഴി പോകാറില്ല, പോയവർ ആരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നതുതന്നെ കാരണം... സാധാരണ ദിവസങ്ങളിൽ പോലും ആരും രാത്രിയാത്ര ചെയ്യാത്തിടത്തേക്കാണ് ഇന്ന് ഈ അമാവാസിനാളിൽ അതും പാലകൾ പൂക്കുന്ന ഈ രാത്രിയിൽ അയാൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്... പണ്ടേ കൗതുകം ലേശം കൂടുതലുള്ള അയാൾ അന്നത്തെ അവധിക്കാലും ചിലവഴിക്കാൻ പഴയ തറവാട്ടിലേക്കുതന്നെ വരാൻ തീരുമാനിച്ചതും ഈ കഥകൾ കേട്ടിട്ടുതന്നെയായിരുന്നു...

നടന്നുനടന്ന് യക്ഷിക്കാവിലെത്തിയപ്പോഴേക്കും നല്ല പാലപ്പൂവിൻ്റെ മണം അയാളുടെ മൂക്കിലേക്ക് ഇരച്ചുകയറി... കൈയ്യിലെ രോമങ്ങളെല്ലാം എഴുന്നേറ്റ് നിൽക്കുന്നത് അയാളറിഞ്ഞു... വന്ന സ്ഥിതിക്ക് കാവിലെ കൽവിളക്കുകളിൽ ഇട്ടിരിക്കുന്ന കുങ്കുമം അൽപ്പം വാരിക്കൊണ്ട് തിരിച്ചുപോകാം എന്നയാൾ കരുതി.. രാത്രി ഇവിടം വരെ വന്നതിന് തെളിവുവേണ്ടേ... പതിയെ അയാൾ കാവിനകത്തേക്കുകടന്നു... പെട്ടെന്ന് ചീവീടിൻ്റെ ശബ്ദം പോലും നിലച്ച് കനത്ത നിശബ്ദത പരന്നു അവിടമാകെ... മുന്നിൽ കണ്ട കൽവിളക്കിൻ്റെ മീതെനിന്നും കൈകൊണ്ട് ഒരുപിടി കുങ്കുമം വാരിയതും എങ്ങുനിന്നെന്നറിയാതെ പൊടുന്നനെ ശക്തമായ കാറ്റുവീശാൻ തുടങ്ങി... കാറ്റിൽ പറന്ന പൊടിയടിച്ച് അയാളുടെ കണ്ണുകൾ നീറാൻ തുടങ്ങി... കണ്ണുതുറക്കാൻ അയാൾ നന്നേ പാടുപെട്ടു... ചിമ്മിച്ചിമ്മി കണ്ണുതുറന്ന് അയാൾ വട്ടിത്തിരിഞ്ഞപ്പോൾ തീക്ഷമായി ജ്വലിക്കുന്ന രണ്ടു കണ്ണുകൾ പോലെ എന്തോ ഒന്ന് തൻ്റെ നേർക്ക് പാഞ്ഞടുക്കുന്നതാണ് അയാൾ കണ്ടത്!!! ശക്തമായി എന്തോ ഒന്ന് അയാളുടെ മേലെ വന്നു പതിച്ചതും അയാൾ നിലത്തുവീണു... കൈയ്യിലെ ടോർച്ച് നിലത്തുവീണ് പൊട്ടി... കാറ്റിൻ്റെ ശക്തിയും പാലപ്പൂവിൻ്റെ ഗന്ധവൂം കൂടിക്കൂടിവന്നു... മരങ്ങളെല്ലാം ശക്തമായി ഉലയാൻ തുടങ്ങി... എന്തോ വലിയ അലർച്ചപോലെ കനത്ത ശബ്ദങ്ങൾ അയാളെ കാതുകളെ തുളച്ചുകയറി... വീണിടത്തുനിന്ന് അയാൾ തിരിഞ്ഞുനോക്കിയപ്പോൾ ആ രണ്ടുകണ്ണുകൾ പോലുള്ള വെട്ടം മാത്രമാണ് അയാൾ കണ്ടത്... അത് വീണ്ടും തനിക്കുനേരെ പാഞ്ഞടുക്കുന്നതായി അയാൾക്കുതോന്നി... പേടിച്ചുവിറച്ച് അവിടെ നിന്നും എണീറ്റ് എങ്ങോട്ടെന്നില്ലാതെ അപ്പോൾ തൊട്ട് ഓടാൻ തുടങ്ങിയതാണ് അയാൾ... 

ബോധം തെളിഞ്ഞപ്പോൾ അയാൾ ആശുപത്രിയിലായിരുന്നു... രാവിലെ ആ വഴി പോയ ആരൊക്കെയോ ആണ് തലപൊട്ടി ചോരയൊലിച്ച് കീറിപ്പറിഞ്ഞ വസ്ത്രവുമായി വഴിയിൽ കിടന്ന അയാളെ അവിടെ എത്തിച്ചത്... തലയ്ക്കകത്ത് എന്തോ മൂളക്കം പോലെ... നല്ല വേദന... തറവാട്ടിലുള്ളവരെല്ലാം കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു.. സംസാരിക്കാനായി ശ്രമിച്ചപ്പോൾ അയാൾക്കതിനു സാധിക്കുന്നുണ്ടായിരുന്നില്ല.. ഒരുപാട് രക്തംവാർന്നുപോയതുകൊണ്ട് നല്ല ക്ഷീണമുണ്ടായിരുന്നു അയാൾക്ക്... അയാൾ പതിയെ തല ചരിച്ച് തൻ്റെ ഉള്ളംകൈ തുറന്നുനോക്കി...

കാവിലെ കുങ്കുമത്തിനുപകരം അയാളുടെ കയ്യിലുണ്ടായിരുന്നത് ചോരകലർന്ന ഒരു പാലപ്പൂവായിരുന്നു....

Comments

Popular posts from this blog

പായ്ക്കപ്പൽ (നോവൽ)

ഓർമ്മപ്പൂക്കൾ