മരുഭൂമിയിലെ മഴ
ആരോ വന്ന് കാലിൽ പിടിച്ച് വലിക്കുന്നതുപോലെ തോന്നിയപ്പോഴാണ് അവൻ ചിന്തകളിൽ നിന്നുണർന്നത്...
സ്കൂളിൽ പഠിക്കുന്ന കാലത്താണ് ചെറിയതോതിൽ നടത്തിയിരുന്ന ചിട്ടിക്കമ്പനി പൊളിഞ്ഞ് പാളീസായി നാടുമുഴുവൻ കടം കയറി നട്ടംതിരിഞ്ഞിരുന്ന അവൻ്റെ അച്ഛൻ ആരോ പറഞ്ഞ വാക്കും കേട്ട് ജ്വല്ലറി കക്കാനിറങ്ങിയത്... കട്ടമുതലുംകൊണ്ട് നാടുവിട്ടത് അച്ഛനാണെങ്കിലും അതിൻ്റെ പേരിൽ ക്രൂശിക്കപ്പെട്ടതുമുഴുവൻ അമ്മയായിരുന്നു.. ഒടുക്കം സഹികെട്ട് മനം നൊന്ത് അമ്മ ആത്മഹത്യ ചെയ്തപ്പോൾ കൂടെയുണ്ടാവേണ്ടിയുന്ന കുടുംബക്കാർ അവനെ കൊണ്ടുചെന്നാക്കിയത് അനാഥാലയത്തിലും.. നിഹസ്സായവസ്ഥയിൽ അവൻ്റെ കണ്ണീരൊപ്പാൻ കൂടെയുണ്ടായിരുന്നത് അവൻ മാത്രം... പഠിക്കാൻ താൽപര്യമുണ്ടായിരുന്നതുകൊണ്ട് അനാഥാലയത്തിൻ്റെ കീഴിൽ ഡിഗ്രിവരെ പഠിക്കാൻ പറ്റിയെങ്കിലും അവനെപ്പോലെ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്ന ഒരുപാടുകുട്ടികൾക്കുവേണ്ടി അവന് അനാഥാലയത്തിൽ നിന്നും സ്വമനസ്സാലെ ഇറങ്ങിക്കൊടുക്കേണ്ടിവന്നു.. അതല്ലെങ്കിലും ഒരാളുടെ ബുദ്ധിമുട്ടുകളെപ്പറ്റി അത് മുൻപ് അനുഭവിച്ചിട്ടുള്ളവർക്കല്ലെ മനസ്സിലാവൂ...
കള്ളൻ്റെ മകനെന്ന് വിളിച്ച് കളിയാക്കി ബാക്കിയുള്ളവരെല്ലാം അവനെ അകറ്റിനിർത്തിയപ്പോഴും ദിവസവും കൊണ്ടുവരുന്ന ചാമ്പക്കയും പേരക്കയും നെല്ലിക്കയും എല്ലാം കൊടുത്ത് അവനെ സ്കൂളുതൊട്ടെ ചേർത്തു നിർത്തിയത് അവൾ മാത്രമായിരുന്നു.. അവനുണ്ടായിരുന്ന ഏക കൂട്ട്.. ഒരുപാട് ചെറിയ ചെറിയ ജോലികൾ ചെയ്ത് ഒരു കുടുസ്സുമുറിയിൽ അന്നന്നത്തെ കാര്യം നോക്കി പോയിക്കൊണ്ടിരുന്നപ്പോഴും എന്നെങ്കിലും ഒരിക്കൽ സ്വന്തമായൊരു വീടും സ്ഥിരവരുമാനമുള്ള ഒരു ജോലിയും നേടിയെടുത്ത് അവളെ ജീവിതസഖിയായി കൂടെ കൂട്ടണമെന്ന ഒറ്റ ആഗ്രഹം മാത്രമേ അവനുണ്ടായിരുന്നുള്ളൂ... അതിനായിത്തന്നെയാണ് അവൻ പ്രയത്നിച്ചിരുന്നതും.. പക്ഷേ ഏതോ ഒരു ഡോക്ടറുടെ കൂടെ അവളുടെ കല്യാണമുറപ്പിച്ചതും ഇന്നിപ്പോൾ അവളുടെ കഴുത്തിൽ മറ്റൊരുത്തൻ താലി ചാർത്തുന്നത് കാണേണ്ടിവന്നതും എല്ലാം വളരെ പെട്ടെന്നായിരുന്നു... അവൾ ഈ പ്രപ്പോസലിൻ്റെ കാര്യം വന്നു പറഞ്ഞപ്പോൾ തൊട്ട് അവൻ്റെ ഉള്ളുകിടന്ന് നീറിപ്പുകയുകയായിരുന്നു.. പക്ഷേ സാഹചര്യങ്ങളും അവൻ്റെ അവസ്ഥയും എല്ലാം നല്ലപോലെ അറിയുന്ന അവന് അവൻ്റെ പ്രണയം പുറത്തുപറയാൻ തോന്നിയില്ല... പറഞ്ഞാൽ ചിലപ്പോൾ അവൾ അവൻ്റെ പെണ്ണാകുമായിരുന്നോ??? അറിയില്ല... കെട്ടുകഴിഞ്ഞതും അറിയാതെ അവൻ്റെ ഉള്ളിലെ പുകച്ചിൽ ആളിക്കത്താൻ തുടങ്ങിയപ്പോഴാണവൻ പതിയെ പുറത്തിറങ്ങി പതിവു വഴിവക്കിൽ വന്നിരുന്നത്...
""ബൗ ബൗ"" ...പാൻ്റിൻ്റെ താഴെ പിടിച്ച് വലിച്ചത് അവൻ കുറച്ചുനാളായി ബിസ്ക്കറ്റ് ഇട്ടുകൊടുക്കാറുള്ള ആ പട്ടിക്കുട്ടിയായിരുന്നു... വാലാട്ടിയുള്ള അതിൻ്റെ നിൽപ്പും നിഷ്കളങ്കമായ മുഖവുമാണ് അവൻ്റെ മനസ്സിനെ തെല്ലൊന്ന് ശാന്തമാക്കിയത്... പതിയെ അവൻ്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു... പെട്ടെന്നാണ് മഴ പെയ്തത്... മഴയത്ത് നനയാതിരിക്കാൻ ആ പട്ടിക്കുട്ടി അവൻ്റെ കാലുകൾക്കിടയിൽ ഒളിച്ചു...
ആ മഴയത്ത് നനഞ്ഞതും കുതിർന്നതും സന്തോഷം കിളിർത്തതും അവൻ്റെ മനസ്സായിരുന്നു... മരുഭൂമിയിൽ പെയ്ത മഴ... മഴതോർന്നതും അവൻ ആ പട്ടിക്കുട്ടിയെയും എടുത്ത് നടന്നു....
Comments
Post a Comment