കടലമ്മ



കയ്യിലെ ഉണങ്ങിപ്പിടിച്ച ചോരക്കറയിലേക്ക് നോക്കി അയാൾ ആ കടപ്പുറത്തിരിക്കാൻ തുടങ്ങിയിട്ട് നേരമൊരുപാടായി... മനസ്സ് കൈവിട്ട് പോയിരിക്കുന്നു... തൻ്റെ ഭൂതകാലം അയാളെ വേട്ടയാടുന്നതുപോലെ അയാൾക്ക് തോന്നി... അലയടിക്കുന്ന കടൽ പോലെ അയാളുടെ മനസ്സും ക്ഷുഭിതമായിരുന്നു... നാളിതുവരെ പണത്തിനുവേണ്ടി തൻ്റെ കൈ കൊണ്ട് കൊന്നുതള്ളിയവരുടെ മുഖമെല്ലാം അയാളുടെ മുന്നിൽ മിന്നിമറഞ്ഞു... ആ ലിസ്റ്റിൽ അവസാനം വന്ന് നിന്നത് അയാളുടെ കൈയിലെ ചോരക്കറയുടെ ഉടമസ്ഥനായ ആ നാലുവയസ്സുകാരൻ്റെ മുഖമായിരുന്നു...

പാർട്ടിയുടെ കൊമ്പത്തുള്ളവൻ വിളിച്ചുപറഞ്ഞതനുസരിച്ച് ഏറ്റെടുത്ത ക്വട്ടേഷനായിരുന്നു... സ്കെച്ചിട്ട് പ്ളാൻ ചെയ്ത് രാത്രി ബൈക്കിൽ വന്നവനെ ആളില്ലാത്ത വളവിലിട്ട് വെട്ടിക്കൊല്ലുമ്പോൾ കൂടെ ആയാളുടെ ചെറിയ മകനുമുണ്ടാവുമെന്ന് ആരും പറഞ്ഞിരുന്നില്ല... പണി കഴിഞ്ഞ് വിളിച്ചപ്പോൾ ഏമാമ്മാരുപറഞ്ഞത് ആ കൊച്ചിനെക്കൂടെ കൊല്ലാനാണ്... റെയിൽവേപാളത്തിൽ കൊണ്ടിടാൻ പിറകെ വണ്ടിവരുന്നതുകൊണ്ട് തെളിവൊന്നും അവശേഷിപ്പിക്കേണ്ടെന്ന്!!! അച്ഛൻ്റെ മൃതദേഹത്തിനുമുന്നിൽ കരഞ്ഞിരിക്കുന്ന ആ കൊച്ചിൻ്റെ നേരെ വാളുയർത്തിയപ്പോൾ അയാളൊരു നിമിഷം ഒന്നു നിശ്ചലനായിപ്പോയി... പക്ഷേ ഏൽപ്പിച്ച ജോലി തീർക്കാതിരുന്നാൽ നാളത്തെയന്നത്തിന് തെണ്ടേണ്ടിവരുമെന്നതിൽ അയാൾ കണ്ണുകൾ ഒരുനിമിഷം ചിമ്മി.. ഉയർന്നുതാഴ്ന്ന വാളിനോടൊപ്പം ആ കൊച്ചിൻ്റെ കരച്ചിലും നിന്നു... പിന്നാലെവന്നവർ ബോഡിയെടുത്ത് വണ്ടിയിലാക്കിയിട്ട് പട്ടിയ്ക്ക് എല്ലിൻകഷ്ണമെന്നപോലെ അയാൾക്ക് എറിഞ്ഞുകൊടുത്തിട്ടുപോയ നോട്ടുകെട്ടുകളും പിടിച്ച് അയാൾ അവിടെ അൽപനേരം ഒരേനിൽപ്പുനിന്നു...

എന്നത്തേയും പോലെ ചെറുതിലേ തൊട്ട് അയാളുടെ സ്വന്തമെന്നുപറയാനായി ആകെയുള്ള ആ കടൽതീരത്തിരുന്ന് അയാൾ നെടുവീർപ്പിട്ടു... ആരോ തെരുവിൽ ഉപേക്ഷിച്ചുപോയ അയാളുടെ അമ്മതന്നെയായിരുന്നു ആ കടൽ... വിശന്നപ്പോഴൊക്കെ അയാളെ മാടിവിളിച്ചതും മടിത്തട്ടിലെ മീൻ കൊടുത്ത് വിശപ്പുമാറ്റിയതും എല്ലാം ആ അമ്മയായിരുന്നു.. ഒന്നുമറിയാത്ത ഒരു പാവം കൊച്ചിൻ്റെ ജീവനെടുത്തിട്ട് തൻ്റെ മുന്നിൽ വന്നുനിന്നതിന് ആ കടലമ്മപോലും അയാളോട് കോപതിലായിരുന്നെന്ന് അയാൾക്ക് മനസ്സിലായി... കുറ്റബോധംകൊണ്ട് നീറിപ്പുകയുന്ന അയാൾ പതിയെ എഴുന്നേറ്റ് കടലിലേക്ക് നടന്നു, ഏതോ മായാവലയത്തിൽപെട്ട് ആരോ കയറുകെട്ടിവലിക്കുന്നതുപോലെ ആർത്തിരമ്പുന്ന ആ കടലിലേക്ക് അയാൾ നടന്നുകയറി...

അലയടിയ്ക്കുന്ന അയാളുടെ മനസ്സിനെ കടലമ്മ തൻ്റെ അന്തരാത്മാവിൻ്റെ ആഴങ്ങളിൽ ലയിപ്പിച്ചു... 

Comments

Popular posts from this blog

പായ്ക്കപ്പൽ (നോവൽ)

ഓർമ്മപ്പൂക്കൾ