ചാറ്റൽമഴ
പെട്ടെന്ന് പെയ്ത മഴയത്ത് അടുത്തുകണ്ട ബസ് വെയ്റ്റിങ് ഷെഡിലേക്ക് ബൈക്ക് ഒതുക്കി ഓടിക്കയറിയതായിരുന്നു അവൻ... മുഴുവൻ നനഞ്ഞിട്ടും എന്തിനെന്നില്ലാതെ തലയ്ക്കുമീതെ കൈ വച്ച് ധൃതിയിൽ ഓടിക്കയറിയപ്പോൾ ഷെഡിലെ വെള്ളത്തിൽ ചവിട്ടി കാലുവഴുതി ദാ കിടക്കുന്നു പൊത്തോന്ന് നിലത്ത്!!!
"""ഹ ഹ ഹാ!!!""
മഴത്തുള്ളി പൊഴിയും പോലുള്ള ആ മധുര ശബ്ദം കേട്ടാണ് അവൻ തലയുയർത്തിനോക്കിയത്... തൂവെള്ള ചുരിദാറിട്ട ഒരു പെൺകുട്ടി വായ് പൊത്തി നിലത്തുകിടക്കുന്ന അവനെ നോക്കി ചിരിക്കുകയാണ്.. അവനാകെ ചമ്മി ചൂളിപ്പോയി... നൈസായിട്ട് അവിടുന്ന് എഴുന്നേറ്റ് പാൻ്റിലെയും ഷർട്ടിലെയും വെള്ളമൊക്കെ തൂത്തുകൊണ്ട് അവൻ ഒരു സൈഡിലേക്ക് മാറി നിന്നു... ആ പെൺകുട്ടി അപ്പോഴും ചിരിയടക്കാൻ പാടുപെടുകയാണ്...അവനെ നോക്കുന്നില്ലെങ്കിലും അവൻ വീണ ആ രംഗം ഓർത്തോർത്ത് ചിരിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടവൾ... അവൻ ഒന്നും മിണ്ടിയില്ല.. ഇടം കണ്ണിട്ട് അവൻ പതിയെ അവളെ ശ്രദ്ധിക്കാൻ തുടങ്ങി..
കാതിലെ കുഞ്ഞു ഫാൻസി സ്റ്റഡ്ഡും കയ്യിലെ കരിവളയും നെറ്റിയിലെ കറുത്ത പൊട്ടും എല്ലാം അവൻ ശ്രദ്ധിച്ചു... അവളുടെ തലമുടിയിലും മഴത്തുള്ളികൾ തങ്ങിനിൽപ്പുണ്ട്... മഴ പെയ്തുതുടങ്ങിയപ്പോൾ കയറിയതായിരിക്കണം, അധികം നനഞ്ഞിട്ടില്ല.. കയ്യിലെന്തോ കവറുണ്ട്.. അതിങ്ങനെ ചുറ്റി രണ്ടുകൈകൊണ്ടും ചേർത്ത് പിടിച്ചിരിക്കുകയാണ്... കറുപ്പിനേഴഴകാണെന്ന് പറയുന്നത് സത്യമാണെന്ന് അവനന്നാണ് മനസ്സിലായത്.. വെള്ളപൂശി നടക്കുന്ന സുന്ദരിമാർക്കിടയിലെ കറുത്തമുത്തെന്നാണ് അവളുടെ എണ്ണമെഴുക്കുള്ള ആ ഇരുണ്ട മുഖം അവനെ തോന്നിപ്പിച്ചത്.. മഴ കുറയുന്നതുവരെ അവളുടെ കവിളിലെ ആ നുണക്കുഴിയിലേക്ക് മുടിയിൽ നിന്നും ഒരു മഴത്തുള്ളി ഊർന്നുവീഴുന്നതും നോക്കി അവൻ നിന്നു... മഴയൊന്ന് തോർന്നപ്പോൾ അവൾ പതിയെ ഷെഡിൽനിന്നും ഇറങ്ങി നടന്നു... കവർ കൂട്ടിപ്പിടിച്ച ആ രണ്ടുകൈയ്യും വിടാതെ അതുപോലെത്തന്നെ നടന്നുനീങ്ങിയ അവളുടെ പിന്നാലെ കണ്ണുകളയച്ച് അവൻ പതിയെ പുറത്തിറങ്ങ നിന്നു... കുറച്ചു നടന്നകന്നെങ്കിലും അവൾ നടന്നുകൊണ്ടുതന്നെ ഒന്ന് തിരിഞ്ഞുനോക്കി... ആ നോട്ടം പ്രതീക്ഷിച്ച് അവൻ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു... അവൾ നോക്കിയത് അവൻ കണ്ടെന്ന് കണ്ടപ്പോൾ ഒരു കള്ളച്ചിരിയോടെ അവൾ പെട്ടെന്ന് മുഖം തിരിച്ചു...
പെയ്തുതീർന്ന ആ ചാറ്റൽമഴയുടെ ബാക്കിപത്രം അവൻ്റെ നെഞ്ചിൽ പെയ്യാൻ തുടങ്ങിയിരുന്നു...
Comments
Post a Comment